നബിചരിത്രത്തിന്റെ ഓരത്ത് -79

//നബിചരിത്രത്തിന്റെ ഓരത്ത് -79
//നബിചരിത്രത്തിന്റെ ഓരത്ത് -79
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -79

ചരിത്രാസ്വാദനം

ബിഅ്ർമഊന

ബദ്‌റില്‍, ഉത്ബയുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഉബയ്ദ മരണമടഞ്ഞശേഷം അയാളുടെ രോഗാതുരയും ദുർബലഗാത്രയുമായ ഇണ, ആമിര്‍ ഗോത്രജയായ സെയ്‌നബ് ബിന്‍ത് ഖുസയ്മ വിധവയായിത്തന്നെ കഴിഞ്ഞു. ഉദാരമനസ്‌കയായിരുന്നു സെയ്‌നബ്; ഇസ്‌ലാം ആശ്ലേഷിക്കുന്നതിനു മുമ്പുതന്നെ ‘പാവങ്ങളുടെ മാതാവ്’ എന്ന വിളിപ്പേരിലാണവള്‍ പരിചിതവൃത്തങ്ങളിലറിയപ്പെട്ടത്. വിധവയുടെ ഏകാകിത മുറ്റിയ ജീവിതത്തിന്റെ അടക്കിപ്പിടിച്ച ഉല്‍ക്കണ്ഠകളിലും അരിഷ്ടതകളിലും വേവലാതിപ്പെട്ടതുകൊണ്ടാകണം, താനുമായി വിവാഹത്തിനു സമ്മതമാണോ എന്ന് പ്രവാചകന്‍ അന്വേഷിപ്പിച്ചപ്പോള്‍ ക്ഷണനേരത്തെ ആലോചനപോലുമില്ലാതെ സന്തോഷപൂര്‍വ്വം സെയ്‌നബ് നിര്‍ദേശം സ്വീകരിച്ചത്. പള്ളിയുടെ അനുബന്ധമായി നാലാമതൊരു മുറി സെയ്‌നബിനു വേണ്ടി പണികഴിപ്പിക്കപ്പെട്ടു.

വിവാഹശേഷം, സെയ്‌നബ് അംഗമായിരുന്ന ആമിര്‍ ഗോത്രത്തിന്റെ പ്രായംചെന്ന തലയാള്‍ അബൂബറാഅ് ബന്ധുവായിക്കഴിഞ്ഞ പ്രവാചകന്റെ അതിഥിയായി മദീനയിലെത്തി. ഇസ്‌ലാമിന്റെ സന്ദേശം വയോധികന്റെ മുമ്പില്‍ നബി നിവര്‍ത്തിവച്ചു. തനിക്ക് പുതിയ മതത്തോട് വിരോധമോ വിപ്രതിപത്തിയോ ഇല്ലെന്നയാള്‍ അറീച്ചെങ്കിലും ഇസ്‌ലാമിനെ ആശ്ലേഷിച്ചില്ല. എന്നാല്‍, തന്റെ ഗോത്രക്കാരെയൊന്നടങ്കം ദൈവീക മതത്തെക്കുറിച്ച് പഠിപ്പിക്കുവാനായി ഏതാനും അനുചരരെ നജ്ദിലേക്കയക്കണമെന്നയാള്‍ നബിയോടാവശ്യപ്പെട്ടു. റജീഇലെ ദുരനുഭവം മുന്‍നിര്‍ത്തിയാകണം, അദ്ദേഹം പറഞ്ഞു, ‘നജ്ദീ ഗോത്രങ്ങള്‍ അവരെ ആക്രമിക്കുമെന്നെനിക്ക് ഭയമുണ്ട്.’

ഹവാസിന്‍ ഗോത്രത്തിന്റെ ഉപശാഖയാണ് ബനൂആമിര്‍. സുലയ്ം അടക്കമുള്ള ഗത്ഫാന്‍ ഗോത്രങ്ങളുടെ ആവാസകേന്ദ്രങ്ങള്‍ക്കു തെക്കായാണ് ഹവാസിനുകള്‍ അധിവസിക്കുന്നത്. ഗത്ഫാന്‍ ഗോത്രത്തിനും യസ്‌രിബിനുമിടയില്‍ കാലങ്ങളായുള്ള ശാത്രവം ഇടക്കൊക്കെ ആറിയും ചിലപ്പോള്‍ ഏറിയും ഉടനീളം നിലനിന്നിട്ടുമുണ്ട്. ബനൂആമിറിന്റെ മൂപ്പനെന്ന നിലയില്‍ താനേകുന്ന സംരക്ഷണ വലയം ഭേദിക്കാന്‍ ആര്‍ക്കുമാവില്ലെന്ന അബുല്‍ബറാഅ് നല്‍കിയ ഉറപ്പില്‍, അറിവിനാലും ഭക്തിയാലും മികച്ചുനില്‍ക്കുന്ന എഴുപതുപേരെ തന്റെ അനുചരന്മാരില്‍നിന്ന് നബി തിരഞ്ഞെടുത്തു. ഖസ്‌റജുകാരനായ മുന്‍ദിര്‍ ബിന്‍ അംറിനായിരിക്കും സംഘത്തിന്റെ നേതൃത്വം. മദീനയിലേക്കുള്ള പലായന വേളയില്‍ പ്രവാചകനെയും അബൂബക്‌റിനെയും അനുഗമിച്ചിരുന്ന മൂന്നാമന്‍, അബൂബക്‌റിന്റെ വിമുക്ത അടിമ, ആമിര്‍ ബിന്‍ ഫുഹയ്‌റും സംഘത്തിലുണ്ട്.

അബൂബറാഇന്റെ നേതൃത്വം സ്വന്തം കുലത്തില്‍ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്ന് മദീനയില്‍ അന്നധികമാര്‍ക്കുമറിഞ്ഞുകൂടാ. ബനൂആമിര്‍ ഗോത്രത്തിന്റെ നേതൃത്വം അഭിലഷിച്ചിരുന്ന, അബൂബറാഇന്റെ സഹോദരപുത്രന്‍, ആമിര്‍ ബിന്‍ തുഫയ്ല്‍ തന്നെയായിരുന്നു വിമതരുടെ നേതാവ്. പ്രവാചകന്റെ സന്ദേശവുമായി മുമ്പേപോയിരുന്ന അനുചരന്‍ ഹറാം ബിന്‍ മില്‍ഹാന്‍ നീട്ടിയ കുറിമാനം നിവര്‍ത്തിനോക്കാന്‍ പോലും തയ്യാറാകാതെ ദുരമൂത്ത ആമിര്‍ സന്ദേശവാഹകനെ പിന്നില്‍നിന്നാക്രമിച്ചു. ബിന്‍ മിന്‍ഹാന്റെ തോളെല്ലുകള്‍ക്കിടയിലൂടെ അയാള്‍ കോര്‍ത്ത കുന്തം നെഞ്ചിലൂടെ പുറത്തേക്ക് തുറിച്ചു. ‘കഅ്ബയുടെ നാഥനാണ! ഞാന്‍ വിജയിച്ചിരിക്കുന്നു,’ ബിന്‍ മില്‍ഹാന്റെ ചുണ്ട് അവസാനമായി മന്ത്രിച്ചു.

പിറകെ വരുന്ന ബാക്കി സംഘാംഗങ്ങളെക്കൂടി വധിച്ചുകളയാന്‍ അയാള്‍ തന്റെ സഹഗോത്രജരോടാഹ്വാനം ചെയ്തു. എന്നാല്‍, തങ്ങളുടെ നേതാവ് സംരക്ഷണമുറപ്പാക്കിയ മുസ്‌ലിം സംഘത്തെ ആക്രമിക്കാന്‍ ബനൂആമിര്‍ കൂട്ടാക്കിയില്ല, അവര്‍ മുഴുവനായിത്തന്നെ അബൂബറാഇനു പിന്നില്‍ ഉറച്ചുനിന്നു. ഹതാശനായ തുഫൈല്‍, അടുത്തിടയായി മദീനയുമായി ചില അസ്വാരസ്യങ്ങളിലേര്‍പെട്ടിരുന്ന ബനൂസുലയ്ം ഗോത്രത്തിലെ രണ്ട് കുലങ്ങളെ മുസ്‌ലിം സംഘത്തിനെതിരില്‍ ഇളക്കിവിട്ടു. ബിഅ്ര്‍ മഊന പ്രദേശത്ത് തമ്പടിച്ചിരുന്ന ദൗത്യസംഘത്തെ വളഞ്ഞ് പ്രകോപനമേതുമില്ലാതെ അവര്‍ നടത്തിയ ആക്രമണത്തില്‍ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരൊഴികെ മുഴുവനാളുകളും പൊരുതിവീണു.

സംഘത്തിലെ ഒട്ടകങ്ങളെ മേയ്ക്കാനായി പുറത്തുപോയിരുന്ന രണ്ടുപേര്‍, മുന്‍ദിര്‍ ബിന്‍ ഉക്ബയും അംര്‍ ബിന്‍ ഉമയ്യയും, ഒട്ടകങ്ങളെ തീറ്റി വെള്ളംകാട്ടി തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ചയില്‍ അസ്തപ്രജ്ഞരായി. സ്വന്തം തമ്പുകള്‍ നിന്ന സ്ഥലത്ത്, യുദ്ധം തീര്‍ന്ന പടനിലത്തിനു മുകളിലെന്നപോലെ, കഴുകന്മാര്‍ താഴ്ന്ന് വട്ടമിട്ട് പറക്കുന്നു. തങ്ങളുടെ സോദരര്‍ ജഡങ്ങളായി, തളം കെട്ടിയ ചോരയില്‍ കുതിര്‍ന്നു കിടക്കുന്നു. ഹൃദയം നൂറായി നുറുങ്ങി. ബനൂസുലയ്മിന്റെ കുതിരക്കാര്‍ തൊട്ടടുത്തുതന്നെ നില്‍ക്കുന്നുണ്ട്. അവരാകട്ടെ കാര്യമായ കൂടിയാലോചനയിലാണ് പുതിയ രണ്ടുപേരുടെ ആഗമനം അറിഞ്ഞിട്ടേയില്ല.
‘നമുക്ക് വേഗം മദീനയിലേക്ക് രക്ഷപ്പെട്ട് പ്രവാചകനെ വിവരമറീക്കാം’ അംറ് പറഞ്ഞു.
‘നമ്മുടെ നേതാവ് മുന്‍ദിര്‍ കൊല്ലപ്പെട്ടിടത്തുനിന്ന് തിരിച്ചടി നല്‍കാതെ ഞാന്‍ രക്ഷപ്പെടില്ല,’ മുന്‍ദിര്‍ ബിന്‍ ഉക്ബ തീര്‍ത്തുപറഞ്ഞു. പറഞ്ഞുതീരുന്നതിനു മുമ്പ് അയാള്‍ തന്നത്താന്‍ ശത്രുവിനു നടുവിലേക്കെടുത്തെറിഞ്ഞു. ശത്രുക്കള്‍ ഇരുവരെയും കീഴടക്കി ബന്ദികളാക്കി.

താന്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് അക്രമി സംഘത്തിലെ രണ്ടുപേരെ കൂടി മുന്‍ദിര്‍ വധിച്ചു. എന്നാലവര്‍ അംറിനെ വെറുതെ വിട്ടു. അതിനു മുമ്പ് രണാങ്കണത്തില്‍ ജീവനറ്റ് കിടക്കുന്ന പ്രവാചകന്റെ അനുചരന്മാരുടെ പേരുകളെന്താണെന്ന് കൊലയാളി സംഘത്തിന്റെ നേതാവ് ബിന്‍ തുഫയ്ല്‍ ചോദിച്ചറിഞ്ഞു. അംറ് അവരെ അനുഗമിച്ച് ഓരോ ജഡത്തിനുമരികില്‍ ചെന്ന് പേരുകളും അവരുടെ കുടുംബവും കുലവും ഗോത്രവും വിവരിച്ചുകൊടുത്തു.
‘ഇതാരുടെ ജഡമാണ്?’ ഒരു ശരീരം ചൂണ്ടി ബിന്‍ തുഫയ്ല്‍ ചോദിച്ചു.
‘അബൂബക്‌റിന്റെ വിമുക്ത അടിമ ആമിര്‍ ബിന്‍ ഫുഹയ്‌റയുടെ,’ അംറ് പറഞ്ഞു.
‘നിങ്ങളുടെ കൂട്ടത്തില്‍ അയാളുടെ സ്ഥാനമെന്തായിരുന്നു?’
‘ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മികച്ചയാളായിരുന്നു ബിന്‍ ഫുഹയ്‌റ,’ അംറ് പറഞ്ഞു, ‘പ്രവാചകന്റെ ആദ്യകാല സഹചരരിലൊരാള്‍, അദ്ദേഹത്തിന്റെ പലായന വേളയിലെ വിശ്വസ്തനായ സഹയാത്രികന്‍.’
‘അയാള്‍ക്കെന്തു സംഭവിച്ചുവെന്നറിയണോ?’ ആമിര്‍ ബിന്‍ തുഫയ്ല്‍ പറഞ്ഞു, ‘ഏതോ ഒരജ്ഞാത കരം അയാളുടെ ശരീരം ആകാശത്തിലേക്കുയര്‍ത്തി ഞങ്ങള്‍ നോക്കിനില്‍ക്കെ ആകാശത്തിനും ഭൂമിക്കുമിടയില്‍ അങ്ങനെ കുറച്ചുനേരം തങ്ങി. പിന്നീടത് നിലത്തിറക്കിവയ്ക്കപ്പെട്ടു.’ ബനൂസുലയ്ം സ്വന്തം വാസസ്ഥലങ്ങളില്‍ തിരിച്ചെത്തിയതില്‍പിന്നെ, ആമിര്‍ ബിന്‍ ഫുഹയ്‌റയുടെ കഥ അവിടെ പേര്‍ത്തും പേര്‍ത്തും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നുവത്രെ. അതവരുടെ ഇസ്‌ലാമാശ്ലേഷത്തിനുള്ള നിമിത്തങ്ങളിലൊന്നായിത്തീരുകയും ചെയ്തു.

വിമോചിതനായി മദീനയിലേക്ക് മടങ്ങുമ്പോള്‍ ബനൂസുലയ്മിലെ ചെറുപ്പക്കാര്‍ പറഞ്ഞാണ് അംറ് അറിയുന്നത്, ബനൂആമിറാണത്രെ അവരെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചിരുന്നത്. വഴിയില്‍ വച്ച് അയാള്‍ രണ്ടുപേരെ കണ്ടുമുട്ടി. അവര്‍ ബനൂആമിര്‍ ഗോത്രജരാണെന്നു മനസ്സിലാക്കിയ അംറ് ഇരുവരുമുറങ്ങുവോളം കാത്തിരുന്ന് അവരെ വധിച്ചുകളഞ്ഞു. ഇതോടെ തന്റെ സോദരരുടെ അറുകൊലക്ക് പ്രതിക്രിയയായി എന്നയാള്‍ കരുതി. പിന്നീടാണ് മനസ്സിലാകുന്നത് ഇരുവരും നിരപരാധരും അബൂബറാഇനോട് കൂറു പുലര്‍ത്തുന്നവരുമായിരുന്നുവത്രെ.
താന്‍ പറഞ്ഞയച്ച എഴുപത് സഹചരരുടെ വഞ്ചനാപൂര്‍ണവും ദാരുണവുമായ അന്ത്യത്തിലുള്ള വേദനയില്‍ പ്രവാചകന്റെ അകം വെന്തു. അതോടൊപ്പം ആമിര്‍ ബിന്‍ തുഫയ്‌ലിന്റെ അനുയായികളാണെന്ന് കരുതി, സുഹൃദ് ഗോത്രത്തില്‍നിന്നുള്ള രണ്ടുപേര്‍ പിശകായി കൊലചെയ്യപ്പെട്ട വാര്‍ത്ത പ്രവാചകന്റെ മനസ്സിന്റെ ആഴങ്ങളില്‍ വേദനയേല്പിച്ചു. അതിനാല്‍ അവരുടെ ജീവന് പ്രായശ്ചിത്തമായി ഹത്യാദേയം നല്‍കേണ്ടതുണ്ട്. തന്റെ അനുചരരില്‍ മരിച്ചുവീണ എഴുപതു പേരുടെ നഷ്ടപരിഹാരം പ്രതീക്ഷിക്കാവതല്ല, എന്നാല്‍, മുസ്‌ലിം എന്ന നിലയിലുള്ള തന്റെ ബാധ്യത നിര്‍വ്വഹിച്ചേ പറ്റൂ.

ബിഅ്ര്‍ മഊന കൂട്ടക്കൊല പ്രവാചകനെ അത്യന്തം അസ്വസ്ഥനാക്കിയെങ്കില്‍ അബുല്‍ബര്‍റാഇനെയത് രോഷാകുലനാക്കി. തന്റെ സംരക്ഷണത്തിലുള്ളവരെ കൂട്ടക്കൊല നടത്തുകയോ? അധികം കഴിഞ്ഞില്ല, അബുല്‍ബറാഇന്റെ മകന്‍ റബീഅ അതിന്ന് പ്രതിക്രിയ ചെയ്തു. അയാളെറിഞ്ഞ കുന്തത്തിൽ ആമിറിന്റെ ജീവൻ പൊലിഞ്ഞു.

ഉഹുദ് ഉയര്‍ത്തിവിട്ട ഭീഷണികളുടെ കനലുകള്‍ കെട്ടടങ്ങാന്‍ കൂട്ടാക്കുന്നില്ലെന്ന് പ്രവാചകന്‍ മനസ്സിലാക്കി. മദീനയിലെ വിശ്വാസികളുടേതല്ലാത്ത സമൂഹത്തിനുള്ളില്‍ ആത്മവിശ്വാസത്തിന്റെ പുതിയ തിരയിളക്കങ്ങള്‍ക്ക് കാരണങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. റജീഇലെ മുസ്‌ലിംകളുടെ കൂട്ടക്കൊല യഹൂദരുടെയും വിശ്വാസനാട്യക്കാരുടെയും മനസ്സില്‍ നിറച്ച ആഹ്ളാദത്തിന്റെ കുളിര് വിട്ടുപോകുന്നതിനു മുമ്പിതാ അവരെ ആഹ്ളാദത്തിന്റെ തുംഗശൃംഗങ്ങളിലേക്കെത്തിച്ചു കൊണ്ട് ബിഅ്ര്‍ മഊന സംഭവം കടന്നുവന്നിരിക്കുന്നു. മുഹമ്മദിനെയും അനുയായികളെയും ഇനി പഴയപോലെ ആദരിക്കേണ്ടതോ ഭയക്കേണ്ടതോ ഇല്ല എന്നവര്‍ കണക്കുകൂട്ടി. ഈ അവസരത്തില്‍ മദീനയിലെ മുസ്‌ലിം വിരുദ്ധ സഖ്യത്തിന് ധൈര്യം കൈവരുന്നത് അങ്ങേഅറ്റത്തെ അപകടമാണ് വിശ്വാസികള്‍ക്ക് വരുത്തിവയ്ക്കുകയെന്ന് മറ്റാരെക്കാളും മുമ്പ് പ്രവാചകന്‍ മനസ്സിലാക്കുന്നുണ്ട്. മദീനയ്ക്കകത്തെ സ്ഥിതി അത്യന്തം ലോലമാണെന്നും മുസ്‌ലിംകള്‍ ദുര്‍ബലരായിക്കഴിഞ്ഞിരിക്കുന്നുവെന്നുമുള്ള പ്രചാരണം നഗരസീമയ്ക്കു പുറത്തേക്കൊഴുകുന്നതോടെ കുറയ്ഷ് അടക്കമുള്ള മറ്റു അറബി ഗോത്രങ്ങളെ മദീനയ്ക്കുനേരെയുള്ളൊരാക്രമണത്തിന് ധൃഷ്ടരാക്കും. അറേബ്യയുടെ ദൂരങ്ങളിലൂടെ വീശുന്ന മരുക്കാറ്റിന് ധിക്കാരത്തിന്റ ഹുങ്കാരമുണ്ടാകും. ഒഴിവാക്കാനാവാത്ത ഒരാഭ്യന്തര യുദ്ധത്തിനുള്ള അന്തരീക്ഷം ഉരുവപ്പെടും. മദീനയിലെ യഹൂദ ഗോത്രങ്ങളും കപടവിശ്വാസികളും തമ്മിലുള്ള നീഗൂഢ ബാന്ധവം ദിനംചെല്ലുന്തോറും ബലപ്പെട്ടുവരികയാണ്. അവരുടെ ഗൂഢതന്ത്രങ്ങള്‍ പലപ്പോഴും അറിയാതെ പുറത്തുചാടുന്നുമുണ്ട്.

ആമിര്‍ ഗോത്രത്തിന്റെ ചിരകാലമായുള്ള സഖ്യകക്ഷികളാണ് യഹൂദ ഗോത്രമായ ബനൂനദീര്‍. അതിനാല്‍ അംറ് പിശകായി വധിച്ച രണ്ട് ബനൂആമിര്‍ ഗോത്രജര്‍ക്ക് ഹത്യാദേയം നല്‍കാനായി അംറിനെ സഹായിക്കണമെന്ന് പ്രവാചകന്‍ ബനൂനദീറിനോടാവശ്യപ്പെട്ടു. അബൂബക്‌റും ഉമറും അലിയുമടക്കം പത്തുപേര്‍ ബനൂനദീറിന്റെ വാസസ്ഥലത്തേക്ക് നബിയെ അനുഗമിച്ചു. ഈ നിര്‍ദേശം കാത്തിരിക്കുന്നതുപോലെയാണ് ബനൂനദീര്‍ പ്രതികരിച്ചത്. പ്രായശ്ചിത്തത്തിനായുള്ള ചെലവു വഹിക്കുന്നതില്‍ അവര്‍ക്ക് സന്തോഷമേ ഉള്ളൂവത്രെ. എന്നാല്‍ അവര്‍ക്കൊരു നിര്‍ദേശമുണ്ട്, തങ്ങളോടൊപ്പം നബിയും സഹചരും ഒരു നേരത്തെ ഭക്ഷണം കഴിക്കണം. ക്ഷണം നബി സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. തങ്ങളുടെ അതിഥിയെ എങ്ങനെ സല്‍ക്കരിക്കണമെന്നുള്ള കൂടിയാലോചനയെന്ന് തോന്നിക്കും വിധം ആതിഥേയര്‍ അകത്തേക്ക് പിന്‍വാങ്ങി. ഗോത്ര മൂപ്പന്മാരിലൊരാളായ ഹുയയ്യും അവരെ അനുഗമിച്ചു. പ്രജ്ഞയുണര്‍ന്നുള്ള ആ ഇരിപ്പിനിടെ പ്രവാചകന്‍ ചുറ്റുപാടുകളില്‍ സിംഹാവലോകനം നടത്തി. അകത്തുനിന്നുള്ള അടക്കിപ്പിടിച്ച സംസാരങ്ങള്‍ ഇപ്പോഴദ്ദേഹത്തിനു കേള്‍ക്കാം. പ്രവാചകനെ ഭര്‍ത്സിച്ച് കവിതകളെഴുതി പ്രകോപനം സൃഷ്ടിച്ചിരുന്ന കഅ്ബ് ബിന്‍ അഷ്‌റഫിന്റെ വധത്തെക്കുറിച്ചാണവരിലൊരാള്‍ സംസാരിക്കുന്നത്. പുതിയ പുതിയ ആളുകള്‍ അവരിരിക്കുന്ന വീട്ടിലേക്ക് കേറിവരുന്നു, നേരെ അകത്തേക്ക് പോകുന്നു. അന്തരീക്ഷം ദുരൂഹതകളാല്‍ കനംതൂങ്ങി.

‘യഹൂദര്‍ നബിയെ വധിക്കാനുള്ള കൂടിയാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഉടന്‍ നഗരത്തിനകത്തേക്ക് മടങ്ങുക,’ അന്നേരം ജബ്‌റാഈല്‍ വന്ന് പ്രവാചകനെ അറീച്ചു. തെല്ലിടപോലും കാത്തുനില്‍ക്കാതെ പ്രവാചകന്‍ എഴുന്നേറ്റ് പുറത്തിറങ്ങി. തിരുമേനി ഉടന്‍ തിരിച്ചെത്തുമെന്ന് അനുചരര്‍ കരുതി. എന്നാല്‍, പ്രതീക്ഷിക്കാവുന്ന സമയവും കടന്നുപോയിരിക്കുന്നു. ബനൂനദീറിനെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് ഭയപ്പാടു കലര്‍ന്ന മൂകത അന്തരീക്ഷം നിറച്ചു. തങ്ങളുടെ ഗൂഢതന്ത്രം പാളിയതിലുള്ള ജാള്യത മറച്ചുവയ്ക്കാനായി പ്രവാചകന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന അനുചരരുമായി അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. എന്താണവരോട് പറയേണ്ടതെന്നോ എങ്ങനെയാണവരെ കൈകാര്യം ചെയ്യേണ്ടതെന്നോ സംബന്ധിച്ച് യാതൊരു തിട്ടവുമവര്‍ക്കുണ്ടായിരുന്നില്ല. അവരെ വാളിനിരയാക്കുകില്‍ മുഹമ്മദ് അപ്രതിഹതമായ തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ സംശയമേ അവശേഷിക്കുന്നില്ല. അവരെ വിട്ടയക്കുകിലോ, തങ്ങളുടെ ഗൂഢോദ്ദേശ്യം പുറത്തറിയുകയുമില്ല. അപ്പോള്‍ അതാണു നല്ലത്, തമ്മിലുള്ള ഉടമ്പടി പോറലേല്‍ക്കാതെ നിലനില്‍ക്കുകയും ചെയ്യും.

പ്രവാചകന്‍ തിരിച്ചുവരുന്നത് കാണാതെ വന്നപ്പോള്‍ അബൂബക്ര്‍ കൂട്ടുകാരോടു പറഞ്ഞു, ‘നമുക്കു പോകാം.’ യഹൂദരോട് യാത്ര പറഞ്ഞ് അവര്‍ നഗരത്തില്‍ പ്രവാചകനരികിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ബനൂനദീറിന്റെ ഭവനത്തിലെ ഓരോ അംഗത്തിന്റെയും കരണ പ്രതികരണങ്ങള്‍ നബി വിശദീകരിച്ചപ്പോഴാണ് തങ്ങള്‍ക്കുമതൊക്കെ അനുഭവവേദ്യമായിരുന്നുവല്ലോ എന്ന് സഹചരര്‍ മനസ്സിലാക്കുന്നത്.

തുടര്‍ന്ന് ബനൂനദീറിനുള്ള സന്ദേശവുമായി മുഹമ്മദ് ബിന്‍ മസ്‌ലമയെ അവരുടെ വാസസ്ഥലത്തേക്കയച്ചു. ശരവേഗത്തിലാണ് ബിന്‍ മസ്‌ലമ അവിടെയെത്തിയത്. യഹൂദ നേതാക്കള്‍ കോട്ടയ്ക്കു പുറത്തേക്കിറങ്ങി വന്നു.
‘അല്ലാഹുവിന്റെ ദൂതന്‍,’ അയാളവരോട് പറഞ്ഞു, ‘എന്നെ നിങ്ങളുടെ അടുക്കലേക്കയച്ചിരിക്കുകയാണ്. ഇങ്ങനെയൊരു സന്ദേശം നിങ്ങള്‍ക്ക് കൈമാറാനായി അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്:
‘എന്നെ കൊല്ലാനുള്ള നിങ്ങളുടെ ഗൂഢപദ്ധതിയിലൂടെ ഞാനുമായുണ്ടാക്കിയ കരാര്‍ നിങ്ങള്‍ ലംഘിച്ചിരിക്കുകയാണ്.’ തങ്ങളുടെ ഗൂഢപദ്ധതിയുടെ വിശദാംശങ്ങള്‍ ചലന പ്രതിചലനം അവരുടെ മുമ്പില്‍ നിരത്തിയ ശേഷം തന്റെ വരവിന്റെ ഉദ്ദേശ്യം ബിന്‍ മസ്‌ലമ അവര്‍ക്കു കൈമാറി: ‘ഈ നാടുവിട്ടുപോകാന്‍ പത്തുദിവസം ഞാന്‍ നല്‍കുന്നു. അതിനുശേഷം ആരെയെങ്കിലുമിവിടെ കാണുന്ന പക്ഷം അവര്‍ വധിക്കപ്പെടുന്നതാണ്.’

‘മസ്‌ലമയുടെ പുത്രാ, ഔസ് ഗോത്രജനായ ഒരാള്‍ ഇങ്ങനെയൊരു സന്ദേശവുമായി എപ്പോഴെങ്കിലും ഞങ്ങളുടെയടുക്കലെത്തുമെന്ന് ഒരിക്കലും കരുതിയില്ല.’ ഔസും ഖസ്‌റജും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കലുഷമായ കാലത്ത് ഔസിനോടൊപ്പം നിലകൊണ്ടവരാണ് തങ്ങളെന്നോര്‍മിപ്പിച്ച് മസ്‌ലമയുടെ മനസ്സാക്ഷിയെ ശല്യം ചെയ്യാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ബനൂനദീറിന്റെ അക്കാലത്തെ കച്ചവട താല്പര്യമായിരുന്നു ആ സഹായത്തിനു പിന്നിലെന്ന് മസ്‌ലമക്കിപ്പോള്‍ നന്നായറിയാം. എന്നാല്‍, ഉത്തരം ചെറിയൊരു വാചകത്തിലൊതുക്കി, ‘ഹൃദയങ്ങള്‍ മാറിയിരിക്കുന്നു,’ അയാള്‍ പറഞ്ഞു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

No comments yet.

Leave a comment

Your email address will not be published.