ചരിത്രാസ്വാദനം
വീണ്ടെടുപ്പ്
ഉഹുദിലെ യുദ്ധത്തിന്റെ കാര്‍മേഘം അന്തരീക്ഷത്തെ ചൂഴ്ന്നു നിന്ന നിര്‍ണായക വേളയില്‍ രണ്ട് കുലങ്ങളില്‍ നിന്നുള്ള വലിയ വിഭാഗം ഭടന്മാർ സൈന്യവുമായി വഴിപിരിയാനും വന്നവഴിയെ തിരിഞ്ഞുനടക്കാനും ഗൗരവമായ ആലോചനകളില്‍ ഏര്‍പ്പെട്ടിരുന്നുവത്രെ! എന്നാല്‍, അല്ലാഹു അവര്‍ക്ക് ധൈര്യവും കരളുറപ്പുമേകുകയായിരുന്നുവെന്ന് സൂചന നല്‍കിക്കൊണ്ട് കുര്‍ആന്‍ സൂക്തങ്ങള്‍ അവതീര്‍ണമായിരിക്കുന്നു. അവരിലൊരു കുലം ഖസ്‌റജ് ഗോത്രജരായ ബനൂസലീമയായിരുന്നു. എന്നാല്‍, ഹംറാഅല്‍ അസദ് വരെ ചെന്ന് ശത്രുവിനെ പിന്തുടര്‍ന്ന വേളയില്‍ അവര്‍ പുറത്തെടുത്ത പോരാട്ടവീര്യവും മനോധൈര്യവും പ്രവാചകനെ അങ്ങേയറ്റം തുഷ്ടിപ്പെടുത്തി.
‘നിങ്ങളിലെ രണ്ടു കൂട്ടര്‍ അധീരരായിപ്പോയ അവസരം. എന്നാല്‍, അല്ലാഹുവാകുന്നു ഇരുകൂട്ടരുടെ രക്ഷാധികാരി. അല്ലാഹുവിലാണ് സത്യവിശ്വാസികള്‍ ഭരമേല്പിക്കേണ്ടത്.’
പുതിയ വെളിപാടുകളിലെ പരാമൃഷ്ട സംഘങ്ങള്‍ തങ്ങളാണെന്ന് ഖസ്‌റജികളായ ബനൂസലീമയും ഔസികളായ ബനൂഹാരിസയും വെളിപ്പെടുത്തിയതോടെ സൂചന എന്നത് സുനിശ്ചിതം എന്നായി മാറി. എന്നാല്‍, ദുര്‍ബലനിമിഷത്തില്‍ തങ്ങളുടെ മനസ്സിനെ ഗ്രസിച്ച പ്രത്യേകാവസ്ഥയില്‍ ഇനിയവര്‍ പ്രയാസമനുഭവിക്കേണ്ടതില്ല; പിന്നീടവര്‍ക്ക് താന്‍ ശക്തിയും കരളുറപ്പുമേകുകയായിരുന്നുവെന്ന് ആകാശത്തുള്ളവന്‍ അരുളി ചെയ്തിരിക്കുന്നുവല്ലോ. അതിനാകട്ടെ, അവരുടെ സ്വന്തം കരുത്തിനെക്കാള്‍ പതിന്മടങ്ങ് ഊക്കുണ്ടായിരുന്നു താനും.
ശത്രുവിന്റെ പൊടുന്നനെയുള്ള ആക്രമണത്തില്‍ പകച്ച് കുന്നുകളിലഭയം തേടിയ ഭടന്മാരെക്കുറിച്ചുള്ള മറ്റു സൂക്തങ്ങളുമിറങ്ങി. നഗരത്തിനു പുറത്തുപോയി ചെറുത്തുനില്പു നടത്താനുള്ള പ്രവാചകന്റെ വിമുഖത പരിഗണിക്കാതെ, തങ്ങള്‍ക്ക് രക്തസാക്ഷിത്വം ലഭിക്കാനായി അങ്ങനെ ചെയ്‌തേ മതിയാകൂ എന്നാവശ്യപ്പെട്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു. വസ്തുത കുര്‍ആന്‍ ഇങ്ങനെ എടുത്തുപറഞ്ഞു, ‘നിങ്ങളിലെ ധര്‍മസമര യോദ്ധാക്കളെയും ക്ഷമാലുക്കളെയും അല്ലാഹു തിരച്ചറിഞ്ഞിട്ടല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ നിനച്ചുവോ?’
സാഹചര്യങ്ങളില്‍ ചകിതരായി പ്രവാചകന്റെ അനുജ്ഞകളെ ലംഘിച്ചവര്‍ക്ക് മാപ്പരുളിയിരിക്കുന്നുവെന്നാണ് വെളിപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രവാചകന്‍ കൊല്ലപ്പെട്ടുവെന്ന് കേട്ടപ്പോഴുണ്ടായ കടുത്ത മനഃക്ലേശവും ഞെട്ടലും നിരാശയുമാണ് അവരുടെ പ്രായശ്ചിത്തത്തിന്റെ പ്രധാന പങ്കേറ്റെടുത്തത്. മൃതിയടഞ്ഞ പൂര്‍വസംസ്‌കൃതികളില്‍ നിന്നുള്ള അവശേഷങ്ങളെ സൂചിപ്പിച്ചു കൊണ്ട്, അറേബ്യയില്‍ നിലവിലുള്ള ക്രമങ്ങളും വ്യവസ്ഥകളും ചര്യകളും മാഞ്ഞുപോകുമെന്ന് കുര്‍ആന്‍ പ്രവചിച്ചു.
‘നിങ്ങള്‍ക്കു മുമ്പ് പല സമ്പ്രദായങ്ങളും കടന്നുപോയിട്ടുണ്ട്, അതിനാല്‍, നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ച് സത്യനിഷേധികളുടെ പരിണാമമെന്തായിരുന്നുവെന്ന് നോക്കിക്കാണുക. ഇത് മാനവര്‍ക്കുള്ള വിളംബരവും ധര്‍മനിഷ്ഠര്‍ക്കുള്ള മാര്‍ഗദര്‍ശനവും തത്വോപദേശവുമാകുന്നു. നിങ്ങള്‍ ബലഹീനരാവുകയോ ദുഃഖിതരാവുകയോ അരുത്. വിശ്വാസികളാവുകില്‍ നിങ്ങള്‍തന്നെയാണേറ്റവും ഉന്നതര്‍.’ ഭവിഷ്യകാലവുമായി ബന്ധപ്പെട്ട വേറൊരു പരാമര്‍ശവുമുണ്ട്, മറ്റൊരു തരത്തിലുള്ളതാണെന്നു മാത്രം. അതിങ്ങനെ: ‘മുഹമ്മദ് അല്ലാഹുവിന്റെയൊരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പ് ദൂതന്മാര്‍ കടന്നുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍തന്നെ പുറകോട്ട് തിരിഞ്ഞുപോകയോ നിങ്ങള്‍? ആരെങ്കിലും തിരിഞ്ഞുപോവുകില്‍ അല്ലാഹുവിനതൊരു ക്ഷതവുമേല്പിക്കുന്നില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.’
അബൂസുഫ്‌യാനും സംഘവും മക്കയിലെത്തുന്നതിനു മുമ്പുതന്നെ ഉഹുദില്‍ കുറയ്ഷ് നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലുമായി മക്കയിലെ വഴികളിലും വീടകങ്ങളിലുമെത്തിയിരിക്കുന്നു. ബദ്‌റിനുശേഷം അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്ന ആലസ്യം കുടഞ്ഞൊഴിവാക്കി മക്ക ആവേശത്തിലേക്കുണര്‍ന്നു. ആബാലവൃദ്ധം ജനം ധൂമധാമങ്ങളോടെ കുരവയിട്ടും ആര്‍പ്പുവിളികളുയര്‍ത്തിയും ജേതാക്കളായി തിരിച്ചെത്തുന്ന തങ്ങളുടെ യോദ്ധാക്കളെ സ്വീകരിച്ചാനയിച്ചു.
ധീരനായ നേതാവിന്റെ തലയെടുപ്പോടെ നഗരാതിര്‍ത്തിയില്‍ പ്രവേശിച്ച അബൂസുഫ്‌യാന്‍, ദൂരയാത്ര കഴിഞ്ഞെത്തുന്ന ഏതൊരു മക്കക്കാരനെയും പോലെ, നേരെ വിശുദ്ധഗേഹത്തിലേക്കു ചെന്നു. ഹുബല്‍ ദേവനെ വാഴ്ത്തി, മറ്റു ദേവന്മാർക്ക് സ്തുതിയോതി. ബദ്‌റിലെ പരാജയത്തിനു ശേഷം കത്രിക കൊള്ളിച്ചിട്ടില്ലാത്ത മുടി മുറിച്ചു. മുഹമ്മദിനോട് പകരംചോദിക്കാതെ ധര്‍മദാരങ്ങളോടൊത്ത് ശയിക്കില്ലെന്ന തന്റെ ഉഗ്രശപഥം പൂര്‍ത്തീകരിച്ചതിന്റെ സംതൃപ്തിയില്‍ വീട്ടിലേക്കു ചെന്നു.
അതേസമയം, തുടര്‍ന്നുവന്ന രണ്ടു മാസക്കാലത്ത് മദീന പുറമേക്ക് സംഘര്‍ഷരഹിതമായിരുന്നുവെങ്കിലും അകമേ ചില അസ്വാസ്ഥ്യങ്ങള്‍ മുഴങ്ങുന്നുണ്ടായിരുന്നു. മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയശേഷം ഇന്നോളം വിധേയനായിട്ടില്ലാത്തവിധം പരിഹാസങ്ങള്‍ക്കു പ്രവാചകന്‍ പാത്രമായി. നിന്ദാസ്തുതികളും കുത്തുവാക്കുകളും കൊണ്ട് യഹൂദരും ബഹുദൈവാരാധകരും വിശ്വാസനാട്യക്കാരും ഒളിവിലും തെളിവിലുമായി മുസ്‌ലിംകളെ അപമാനിച്ചുകൊണ്ടിരുന്നു. ഉഹുദില്‍നിന്ന് തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത ദിനം കുറയ്ഷികളെ വെല്ലുവിളിച്ച് ഹംറാഅല്‍ അസദ് വരെ അവർ ചെന്നതൊന്നും മദീനയിലെ ശത്രുക്കള്‍ക്കിടയില്‍ വലിയ പ്രഭാവം ചെലുത്തിയിട്ടില്ല; അവര്‍ അങ്ങനെയൊരു സംഭവം അറിയാത്തതായി ഭാവിച്ചു. മദീനക്കാരുടെ ഈ മനഃസ്ഥിതിയുടെ അലയൊലികള്‍ ശരവേഗം നഗരത്തിനു പുറത്തേക്കും തുളുമ്പിത്തൂവുന്നത് പ്രവാചകനെ അസ്വസ്ഥനാക്കി. ഉഹുദാനന്തര സ്ഥിതിവിശേഷം മുസ്‌ലിംകള്‍ക്കെതിരെ വ്യൂഹം ചമയ്ക്കാന്‍ അയല്‍ദേശങ്ങളില്‍ നിന്നുള്ള അറബി ഗോത്രങ്ങളെ ഉദ്യുക്തരാക്കുന്നുണ്ട്. ഉഹുദിന്റെ തലേന്നാള്‍വരെ മദീനയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ഗരിമയും പ്രതാപവും തിരിച്ചുപിടിക്കാനായി പ്രവാചകനും സംഘത്തിനും ജാഗ്രത്താകേണ്ടിയിരിക്കുന്നു. മദീനയ്ക്കു മേലുള്ള തങ്ങളുടെ ആധിപത്യം തുടരേണ്ടത് മുസ്‌ലിംകളുടെ ജീവല്‍പ്രശ്‌നമാണ്.
ഏതാണ്ടിതേസമയത്താണ് ഇങ്ങനെയൊരു വാര്‍ത്ത മദീനയിലെത്തുന്നത്: ബനൂ അസദ് ബിന്‍ ഖുസയ്മ ഗോത്രക്കാര്‍ മദീനക്കു നേരെ ആക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ടത്രെ! ജഹ്ഷ് കുടുംബം പോലെ, പുരാതന കാലത്ത് മക്കയില്‍ ജീവിച്ചിരുന്ന അസദ് ഗോത്രക്കാരില്‍ ചിലര്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നുവെങ്കിലും അറേബ്യയിലുടനീളം വേരും ശാഖകളുമുള്ള അസദുകാര്‍ മഹാഭൂരിഭാഗവും അവിശ്വാസികളും, ഇപ്പോഴും കുറയ്ഷികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും അവരുടെ സഖ്യകക്ഷികളുമാണ്. ഉഹുദാനന്തര സ്ഥിതി ഓര്‍മിപ്പിച്ചുകൊണ്ട് ആക്രമണമഴിച്ചുവിടാന്‍ പറ്റിയ അവസരമിതാണെന്നു പറഞ്ഞ് ബനൂഅസദിനെ കുറയ്ഷ് കണക്കറ്റ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു; പദ്ധതിയുടെ ഗുണം ഇരുകൂട്ടര്‍ക്കും പപ്പാതിയാണ്. അസദിന്റെ തലയാള്‍ ഖുവയ്‌ലിദിന്റെ പുത്രന്മാരായ തുലയ്ഹയുടെയും സലമയുടെയും നേതൃത്വത്തിലാണത്രെ സന്നാഹങ്ങള്‍ സജ്ജമാകുന്നത്. മദീനയ്ക്കുനേരെ പടയോട്ടം നടത്തണം, മുഹമ്മദിനെ പിടികൂടണം, മദീനയുടെ പ്രാന്തങ്ങളില്‍ മേയുന്ന കന്നുകാലികളെ പിടിച്ചെടുക്കണം; ഇതാണ് പദ്ധതിയുടെ ആകത്തുക. ഉഹുദിലെ പരാജയം മുഹമ്മദിനെയും അനുയായികളെയും തല്‍ക്കാലത്തേക്കെങ്കിലും തളര്‍ത്തിയിരിക്കുന്നുവെന്നവര്‍ കരുതുന്നു. അതുകൊണ്ടുതന്നെ, ദുര്‍ബലരായിരിക്കുകയല്ല മുസ്‌ലിംകള്‍ മറിച്ച്, ഉഹുദിലൂടെ പൂര്‍വാധികം ശക്തിപ്രാപിച്ചിരിക്കുകയാണെന്ന് അറബികളെ ബോധ്യമാക്കിക്കൊടുക്കേണ്ടതുണ്ട് നബിക്ക്.
അങ്ങനെയാണ്, മച്ചുനന്‍ അബൂസലമയുടെ നേതൃത്വത്തില്‍ അമ്പത് അശ്വാരൂഢരടക്കം നൂറ്റമ്പതംഗ സേനയെ പ്രവാചകന്‍ മധ്യജസീറയുടെ ഉത്തര ഭാഗത്തുള്ള അവരുടെ വാസസ്ഥലത്തേക്കയക്കുന്നത്. പകല്‍ പതുങ്ങിയിരുന്നും രാത്രി വിജനപാതകളിലൂടെ സഞ്ചരിച്ചും ഓര്‍ക്കാപ്പുറത്ത് ശത്രുക്കളുടെ തമ്പുകള്‍ വളയാനാണ് പരിപാടി. ആ രാവ് പുലരിയോടു ചേരുന്നതിനു മുമ്പ് അതവര്‍ സാധിച്ചെടുക്കുകയും ചെയ്തു. മദീനക്കു നേരെയൊരാക്രമണത്തിനുള്ള ആലോചനകള്‍ അന്നേരം നടക്കുന്നേയുണ്ടായിരുന്നുള്ളൂ, അവര്‍ ആക്രമണത്തിനു സജ്ജരായിരുന്നില്ല. ഓര്‍ക്കാപ്പുറത്ത് നേരിട്ട ആഘാതത്തില്‍ ബദവികള്‍ ചിതറിയോടി. പതിനൊന്നു നാളുകള്‍ക്കു ശേഷം, മൂന്ന് ഇടയര്‍ തെളിച്ച വലിയൊരു ഒട്ടകക്കൂട്ടവുമായി അബൂസലമയും സംഘവും മദീനയില്‍ തിരിച്ചെത്തി. ലക്ഷ്യവേധിയായ ഈ ദൗത്യത്തോടെ മുസ്‌ലിംകള്‍ മദീനയിലെ തങ്ങളുടെ പ്രഭാവം നല്ലയളവില്‍ വീണ്ടെടുത്തു.
ഏതാണ്ടിതേസമയത്താണ് മറ്റൊരു മിന്നലാക്രമണത്തിന്റെ തൂങ്ങിനില്‍ക്കുന്ന അപകടത്തെക്കുറിച്ച വാര്‍ത്ത തെക്കുദിക്കില്‍നിന്നു കേള്‍ക്കുന്നത്. ഇത്തവണ ഇസ്‌ലാമിനെതിരെയുള്ള ശാത്രവത്തിന്റെ പ്രധാന സൂത്രധാരന്‍ ഹുദയ്ല്‍ ഗോത്രത്തിലെ ലിഹ്യാനി കുലത്തിന്റെ മൂപ്പന്‍ ഖാലിദ് ബിന്‍ സുഫ്‌യാനായിരുന്നു. നഖ്‌ലയോ ഉയയ്‌നയോ ആയിരുന്നു അയാളുടെ താവളം. ഖാലിദിന്റെ ഭീഷണി ഇല്ലാതാക്കാന്‍ സാധിച്ചാല്‍ ആ ഭാഗത്തുനിന്നുള്ള ശേഷിച്ച ഭീഷണികള്‍ അവഗണിക്കാവതേയുള്ളൂ. ഖസ്‌റജിയായ അബ്ദുല്ലാഹ് ബിന്‍ ഉനയ്‌സിനെ നബി അങ്ങോട്ടു പറഞ്ഞയച്ചു. തിരിച്ചറിയാവുന്ന വിധത്തില്‍ അയാളെക്കുറിച്ച് എനിക്കൊരു ചെറിയ വിശദീകരണം നല്‍കിയാലും പ്രവാചകരേ,’ അബ്ദുല്ല ആവശ്യപ്പെട്ടു.
‘ഖാലിദിനെ കാണുന്ന മാത്രയില്‍ നിങ്ങള്‍ക്ക് ചെകുത്താനെ ഓര്‍മവരും,’ നബി പറഞ്ഞു, ‘അയാളെ കാണുമ്പോള്‍, നിങ്ങള്‍ ഭയം മൂലം കിടുങ്ങിപ്പോകുമെന്നുറപ്പ്.’ എടുത്തുപറയാവുന്ന ഏറ്റുമുട്ടലൊന്നുമില്ലാതെ ഖാലിദ് വധിക്കപ്പെടുകയായിരുന്നു.
മദീനക്കു നേരെ വരാനിരുന്ന ആക്രമണ ഭീഷണികള്‍ ഇപ്പോള്‍ ഏതാണ്ടവസാനിച്ചിരിക്കുന്നു. എന്നാല്‍, പ്രവാചകന്റെ നിര്‍ദേശപ്രകാരം, അയല്‍ ഗോത്രക്കാര്‍ക്ക് ഇസ്‌ലാമികാധ്യാപനങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ പുറപ്പെട്ട ആറു പേരെ ഹുദയ്ല്‍ ഗോത്രം പതിയിരുന്നാക്രമിച്ചത് ഖാലിദിന്റെ വധത്തിനുള്ള പ്രതിക്രിയയായി വിലയിരുത്തപ്പെട്ടു. സംഭവിച്ചതിതാണ്:
ഹിജ്‌റ നാലാം വര്‍ഷമാണത്. അദല്‍വകാറയില്‍ നിന്നുള്ള ഒരു സംഘം പ്രവാചക സന്നിധിയിലെത്തി ഇങ്ങനെയൊരഭ്യര്‍ത്ഥന നടത്തി, ‘ഞങ്ങള്‍ വിശ്വാസികളാണ്. ഞങ്ങള്‍ക്ക് ഇസ്‌ലാമികാധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കാനും കുര്‍ആന്‍ പാരായണം ചെയ്തുതരാനുമായി ഏതാനും ആളുകളെ കൂടെ അയച്ചുതരണം.’ നബി തന്റെ അനുചരരില്‍ അനുയോജ്യരായ ആറു പേരെ അവര്‍ക്കൊപ്പം വിട്ടു. എന്നാല്‍, മക്കയില്‍ നിന്നകലെയല്ലാത്ത ഹുദയ്ല്‍ ഗോത്രത്തിന്റെ വാസസ്ഥലമായ റജീഇലൂടെ കടന്നുപോകവെ, നിവേദകസംഘം ഹുദയ്‌ലികളെ ഇളക്കിവിട്ടു. റാബിഗിനും ജിദ്ദക്കുമിടയിലുള്ള, ജലാശയങ്ങളുടെ പേരില്‍ ഹിജാസില്‍ പ്രസിദ്ധമായ ദേശമാണ് റജീഅ്. ഒട്ടപ്പുറത്തിരുന്നു കൊണ്ട് മുസ്‌ലിം സംഘം കണ്ടത് ഖഡ്ഗങ്ങളുയര്‍ത്തി ചുറ്റും നില്‍ക്കുന്ന ബനൂഹുദയ്‌ലുകാരെയാണ്. അവരും വാളൂരി സജ്ജരായി. അതിനിടെ ബനൂഹുദയ്ല്‍ സംഘത്തിലെ മൂപ്പന്‍ പറഞ്ഞു, ‘ദൈവമാണ! നിങ്ങളെ വധിക്കണമെന്ന് ഞങ്ങള്‍ക്കില്ല, നിങ്ങളെ മക്കക്കാര്‍ക്ക് വില്‍ക്കാമെന്നാണ് കരുതുന്നത്.’
മുസ്‌ലിംകളായ ആറുപേരും പരസ്പരം നോക്കി. തങ്ങള്‍ മക്കയിലെത്തുന്നത് കൊല്ലപ്പെടുന്നതിനെക്കാള്‍ വലിയ മാനഹാനിയായിരിക്കും വരുത്തിവയ്ക്കുക. തങ്ങളുടെ കൊച്ചുസംഘത്തിന് സായുധസജ്ജരായി വന്നിരിക്കുന്ന ഹുദയ്ല്‍ സംഘത്തോട് പൊരുതാനാവില്ലെന്ന ഉറച്ച ബോധ്യത്തോടെതന്നെ അവര്‍ ഏറ്റുമുട്ടി. ആറില്‍ മൂന്നുപേര്‍ പൊരുതി മരിച്ചു. ബാക്കി മൂന്നുപേര്‍ ബന്ദികളാക്കപ്പെട്ടു. അവരിലൊരാള്‍, അബ്ദുല്ലാഹ് ബിന്‍ താരിക്, വഴിയില്‍വച്ച് കയ്യാമം ഭേദിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു.
ഔസ് ഗോത്രജനായ ആസിം ബിന്‍ സാബിത് കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഉഹുദില്‍വച്ച് കുറയ്ഷികളുടെ ധ്വജവാഹകരില്‍ രണ്ടുപേരെ വധിച്ചിരുന്ന ആസിമിന്റെ ശിരോസ്ഥിയില്‍ മദ്യം പകര്‍ന്ന് താന്‍ സേവിക്കുമെന്ന് അവരുടെ മാതാവ് ശപഥംചെയ്തിരുന്നു. ആസിമിന്റെ തല ആ സ്ത്രീക്ക് വില്‍ക്കാനായി ഹുദയ്‌ലുകാര്‍ അതിയായാഗ്രഹിച്ചു. എന്നാല്‍, രാവേറെ ചെല്ലുംവരെ, കരിമേഘം താണിറങ്ങിവന്നതുപോലെ, കടന്നല്‍കൂട്ടം ആസിമിന്റെ ജഡത്തിന് ചുറ്റും പറന്ന് കാവല്‍പാര്‍ത്തു. ആ രാത്രി പിന്‍വാങ്ങുന്നതിനു മുമ്പ് ആസിമിന്റെ ശരീരം പ്രളയമെടുത്തു കഴിഞ്ഞിരുന്നു. അബ്ദുദ്ദാറുകാരായ കുറയ്ഷി ധ്വജവാഹകരുടെ മാതാവിന്റെ ശപഥം നിറവേറാതെ പോയി.
ഇപ്പോഴും ഹുദയ്‌ലിന്റെ ബന്ധനത്തിലുള്ള ഔസുകാരനായ ഖുബയ്ബിനെയും ഖസ്‌റജുകാരനായ സെയ്ദിനെയും അവര്‍ കുറയ്ഷികള്‍ക്ക് വിറ്റു. ബദ്‌റില്‍ കൊല്ലപ്പെട്ട കുടുംബാംഗങ്ങള്‍ക്കു വേണ്ടി പ്രതികാരം ചെയ്യാനുള്ള ദാഹം ശമിച്ചിട്ടില്ലാത്ത കുറയ്ഷ് സന്തോഷത്തോടെ അവരെ വാങ്ങി. ഖുബയ്ബിനെ വാങ്ങിയത് ബനൂനൗഫല്‍ കുടുംബമാണ്. അവരിലൊരാളെ വധിച്ചതിനുള്ള പ്രാതികാരം തീര്‍ക്കാമല്ലോ. ഉമയ്യ ബിന്‍ ഖലഫിന്റെ പുത്രന്‍ സഫ്‌വാന്‍ സെയ്ദിനെ വിലകൊടുത്തു വാങ്ങിയതും ഇതേ ലക്ഷ്യത്തിനു വേണ്ടിയാണ്. വിശുദ്ധമാസങ്ങള്‍ കടന്നുപോകുന്നതുവരെ ഇരുവരും കുറയ്ഷികളുടെ ബന്ധനത്തില്‍തന്നെ കഴിഞ്ഞു.
സഫര്‍ മാസത്തിന്റെ ചന്ദ്രിക തെളിഞ്ഞശേഷം അവരെ ഹറമിന്റെ അതിര്‍ത്തിക്കപ്പുറത്ത് തന്‍ഈമിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബന്ദികളാക്കപ്പെട്ടശേഷം അന്നാദ്യമായി ഇരുവരും അവിടെ വച്ച് സന്ധിച്ചു, ആലിംഗനം ചെയ്തു, ക്ഷമിക്കാനായി പരസ്പരമുപദേശിച്ചു. ബനൂനൗഫല്‍ വന്ന് ഖബ്ബാബിനെ തെല്ലകലേക്ക് കൂട്ടിക്കൊണ്ടുപോയി. അവര്‍ തന്നെ വധിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കിയ ഖബ്ബാബ് പ്രാര്‍ത്ഥനക്കനുമതി തേടി. തുടര്‍ന്ന് രണ്ട് റകഅത്ത് നമസ്‌കരിച്ചു. ‘മരണഭയം കാരണത്താലാണു ഞാന്‍ നമസ്‌കാരം നീട്ടുന്നതെന്ന് നിങ്ങള്‍ പറയുമായിരുന്നില്ലെങ്കില്‍ ഞാന്‍ സുദീര്‍ഘമായി പ്രാര്‍ത്ഥിക്കുമായിരുന്നു,’ അയാള്‍ പറഞ്ഞു. മരണത്തിന് വിധിക്കപ്പെട്ടവരുടെ നമസ്‌കാരം തുടങ്ങിവയ്ക്കുന്നത് ഖുബയ്ബ് ആയിരുന്നുവത്രെ.
അവരയാളുടെ കൈകാലുകള്‍ കെട്ടി. ‘ഇസ്‌ലാമില്‍നിന്ന് മടങ്ങുക, ഞങ്ങള്‍ നിങ്ങളെ വെറുതെ വിടാം.’ അവര്‍ പറഞ്ഞു. ‘ഇസ്‌ലാമില്‍നിന്ന് ഞാന്‍ മടങ്ങില്ല,’ ഖുബയ്ബും പറഞ്ഞു.
‘നിങ്ങള്‍ സ്വന്തം പുത്രകളത്രങ്ങളോടൊപ്പം വീട്ടിലിരുന്ന് പകരം മുഹമ്മദിനെ ഞങ്ങള്‍ ഗളച്ഛേദം ചെയ്യുന്നത് നിങ്ങളെ ഹര്‍ഷിപ്പിക്കില്ലേ?’ ഇടക്കുകേറി അബൂസുഫ്‌യാന്‍ ചോദിച്ചു. ചോദ്യം കേട്ട് അസ്വസ്ഥനായ ഖുബയ്ബ് പറഞ്ഞു, ‘ഞാനെന്റെ വീട്ടിലിരിക്കെ മുഹമ്മദ് ഇപ്പോഴുള്ള സ്ഥലത്തുവച്ച് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു മുള്ള് തറക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.’ മറുപടി അബൂസുഫ്‌യാനെ അമ്പരപ്പിച്ചു.
അനന്തരം ഖുബയ്ബ് ഇങ്ങനെ വേവലാതിപ്പെട്ടു, ‘അല്ലാഹുവേ, സമാധാനം നേര്‍ന്നുകൊണ്ടുള്ള എന്റെ അഭിവാദ്യം നിന്റെ ദൂതനരികിലെത്തിക്കാനായി ഇവിടെ ഒരാളുപോലുമില്ലല്ലോ.’ അന്നേരമപ്പോള്‍, മദീനയിലെ പള്ളിയില്‍ സഹചരരോടൊപ്പമിരിക്കുകയായിരുന്ന പ്രവാചകന്റെ മുഖം തുടുത്തു, ജിബ്രാഈലുമായി സംഭാഷണത്തിലേര്‍പ്പെടുമ്പോഴാണ് സാധാരണ ഇങ്ങനെയുണ്ടാകാറുള്ളത്. ‘അദ്ദേഹത്തിലും സമാധാനവും അല്ലാഹുവിന്റെ കാരുണ്യവും വര്‍ഷിക്കട്ടെ.’ തുടര്‍ന്ന് നബി പറഞ്ഞു, ‘ജിബ്രാഈലായിരുന്നു, ഖുബയ്ബില്‍ നിന്നുള്ള സമാധാനത്തിന്റെ അഭിവാദ്യം എന്നെ അറീച്ചതായിരുന്നു.’
ബദ്‌റില്‍ പിതാക്കളെ നഷ്ടമായ നാല്പത് കുട്ടികളുണ്ട് മക്കയില്‍. ഓരോരുത്തരുടെയും കയ്യില്‍ ഓരോ കുന്തമേല്പിച്ചു കൊണ്ട് നേതാക്കള്‍ പറഞ്ഞു, ഇയാളാണ് നിങ്ങളുടെ പിതാക്കളെ കൊന്നത്, അതിനാല്‍ ഈ കുന്തം കൊണ്ട് അവരെ കുത്തുക. കുട്ടികളുടെ കുന്തപ്രയോഗം കൊണ്ട് അയാളെ ഒന്നും ചെയ്യാനായില്ല. അതിനാല്‍ പ്രായമായവരിലൊളാള്‍ കുന്തം പിടിച്ചുവാങ്ങി ഖുബയ്ബിനെ മാരകമായ മുറിവേല്പിച്ചു. തൊട്ടടുത്തുനിന്നിരുന്ന മറ്റൊരാളും അതുതന്നെ ചെയ്തു. ഖുബയ്ബ് അവസാനത്തെ ശ്വാസം വലിച്ചെടുക്കുന്നതുവരെ ഇങ്ങനെ മന്ത്രിച്ചു കൊണ്ടിരുന്നു: ‘അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്. സഹതടവുകാരന്‍ സെയ്ദ് അപ്പോഴേക്കും കൊല്ലപ്പെട്ടിരുന്നു.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.