നബിചരിത്രത്തിന്റെ ഓരത്ത് -77

//നബിചരിത്രത്തിന്റെ ഓരത്ത് -77
//നബിചരിത്രത്തിന്റെ ഓരത്ത് -77
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -77

ചരിത്രാസ്വാദനം

മുനാഫിക്

ആദ്യമൊരുങ്ങിയ ഒരാള്‍ പ്രവാചകന്‍തന്നെയായിരുന്നു. ഉഹുദിലെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിനിടെ തലയ്ക്കുനേരെ വന്ന ഇബ്‌നു കമീഅയുടെ പ്രഹരം ലക്ഷ്യം മാറി, നബിയുടെ വലതു തോളിലായിരുന്നുവല്ലോ പതിച്ചത്. അതിനുശേഷം സ്വതന്ത്രമായി തോള്‍ ചലിപ്പിക്കാന്‍ അദ്ദേഹം വല്ലാതെ ക്ലേശിച്ചു.

കുറയ്ഷി സേനയെ പിന്തുടരാനുള്ള സൈന്യം പുറപ്പെടുന്ന സമയമന്വേഷിക്കാനായി പള്ളിയിലെത്തിയ തല്‍ഹ കണ്ടത് മേലങ്കിയണിഞ്ഞ് ശിരോമകുടം ചൂടി കണ്ണുകള്‍ മാത്രം പുറത്തു കാണാവുന്ന വിധം സംഗ്രാമ സജ്ജനായി നില്‍ക്കുന്ന പ്രവാചകനെയാണ്. അത്ഭുതപ്പെട്ടുപോയ തല്‍ഹ വീട്ടിലേക്കോടി ഒരുക്കങ്ങളിലേര്‍പ്പെട്ടു. യുദ്ധത്തിനായി ഒരുങ്ങിവന്ന ബനൂസലീമ ഗോത്രജരില്‍ നാല്പതുപേര്‍ക്ക് ഉഹുദില്‍വച്ച് പരിക്കേറ്റിരുന്നു. വെട്ടേറ്റവര്‍, അമ്പേറ്റവര്‍, ചാട്ടുളിയേറ്റവര്‍, അങ്ങനെയങ്ങനെ… ചിലരുടെ ശരീരത്തില്‍ പത്തും അതിലധികവും മുറിപ്പാടുകളുണ്ട്. നിശ്ചയിച്ച സ്ഥലത്ത് അണിയായി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പ്രവാചകനത് ശ്രദ്ധിച്ചത്. മുറിവുകള്‍ തളര്‍ത്തിയെങ്കിലും അവരുടെ വിശ്വാസത്തിന് തരിമ്പും മങ്ങലേറ്റിരുന്നില്ല. ‘അല്ലാഹുവേ, ബനൂസലീമിനുമേല്‍ കരുണ കാണിക്ക നീ!’ പ്രവാചകന്‍ കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. മൊത്തം ബനൂസലീം കുലത്തിലെ ആവതുള്ള പുരുഷന്മാരില്‍ ഒരാള്‍ മാത്രമായിരുന്നു ഉഹുദില്‍ പങ്കെടുക്കാതിരുന്നത്, ജാബിര്‍. ശത്രുസേനയെ പിന്തുടരാനുള്ള പ്രവാചകന്റെ ആഹ്വാനം കേട്ട്, തിരുസന്നിധിയിലെത്തി അയാള്‍ അറീച്ചു, ‘അല്ലാഹുവിന്റെ ദൂതരേ, ഉഹുദിലെ സമരത്തില്‍ പങ്കെടുക്കണമെന്നു ഞാനതിയായഭിലഷിച്ചു. താഴെയുള്ള ഏഴു പെങ്ങന്മാരുടെ ചുമതല എന്നെയേല്പിച്ച് പിതാവ് അബ്ദുല്ല അന്ന് യുദ്ധമുന്നണിയിലേക്ക് പുറപ്പെട്ടു. രക്തസാക്ഷിത്വത്തിനായി എനിക്കു പകരം അല്ലാഹു തെരഞ്ഞെടുത്തത് അദ്ദേഹത്തെയായിരുന്നു. അതിനാല്‍ ഇത്തവണ അങ്ങയോടൊപ്പം പുറപ്പെടാനെന്നെ അനുവദിക്കണം. ആ അഭ്യര്‍ത്ഥനക്ക് പ്രവാചകന്‍ ചെവി കൊടുത്തു, ജാബിര്‍ സൈന്യത്തിലുണ്ടാകും.

സൈന്യം മദീനയില്‍ നിന്ന് എട്ടു നാഴികയകലെ ഹംറാഅല്‍ അസദ് പ്രദേശത്തെത്തി. അതേസമയം, കുറയ്ഷ് അവിടന്നുമേകദേശം ഇരുപത്തിയെട്ട് നാഴികയകലെ, റൗഹായില്‍ വിശ്രമത്തിനായി തമ്പുകളുയര്‍ത്തിയിട്ടുണ്ടെന്ന് പ്രവാചകന് വിവരം ലഭിച്ചു. കാഴ്ചക്ക് തടസ്സങ്ങളേതുമില്ലാത്ത തുറസ്സായ മരുഭൂമിയില്‍ ഇരുകൂട്ടരുമിപ്പോള്‍ നിലകൊള്ളുന്നത് വലിയ അകലത്തിലല്ല. പരിസരങ്ങളില്‍ പോയി കഴിയാവുന്നത്ര വിറകു ശേഖരിച്ചുകൊണ്ടുവരാന്‍ പ്രവാചകന്‍ അനുചരരോടാവശ്യപ്പെട്ടു. ഓരോരുത്തരും ശേഖരിച്ച വിറകുകള്‍ വെവ്വേറെ കൂട്ടിയിടണം. ആവേശപൂര്‍വമവര്‍ മരുഭൂവിസ്തൃതിയിലേക്കലിഞ്ഞു. അസ്തമയത്തോടടുക്കുമ്പോള്‍, അഞ്ഞൂറ് വിറകു കൂനകള്‍ ആ ഭൂമിയില്‍ നിരന്നുകിടന്നു. സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് തൊട്ടുമുമ്പ് ഓരോരുത്തരും താന്താങ്ങളുടെ കൂനകള്‍ക്ക് തീക്കൊളുത്തി. വിറക് ആളിക്കത്തി. നെടുനീളെ തീനാളങ്ങള്‍ വായുമണ്ഡലത്തിലേക്കുയര്‍ന്നു പൊങ്ങി. ദൂരെനിന്ന് കാണുന്നൊരാളുടെ മനസ്സിൽ വലിയൊരു സൈന്യം അടുത്തെവിടെയോ തമ്പടിച്ചിട്ടുണ്ടെന്ന പ്രതീതി സൃഷ്ടിക്കും. അന്നേരമാണ് ഖുസാഅക്കാരനായ മഅ്ബദ് അതുവഴി കടന്നുവന്നത്, സ്വദേശമായ മക്കയിലേക്കുള്ള വഴിയിലാണയാള്‍. വിശ്വാസിയായിരുന്നില്ലെങ്കിലും ചെറുപ്പന്നേ അല്‍അമീനിനോട് അതീവമായ ആദരവും സ്‌നേഹവും സൂക്ഷിക്കുന്ന മഅ്ബദ് പ്രവാചകനുമായി സംസാരിച്ചു. അദ്ദേഹത്തിനും അനുയായികള്‍ക്കുമേറ്റ പരാജയം തന്റെ മനസ്സിനെ വല്ലാതെ മഥിക്കുന്നതായി മഅ്ബദ് പറഞ്ഞു. യാത്ര തുടര്‍ന്ന് ആ രാത്രിതന്നെ അയാള്‍ റൗഹാഇലെത്തി. മദീനയുടെ ഭാഗത്തുനിന്നാണ് മഅ്ബദിന്റെ വരവെന്നതിനാല്‍ അബൂസുഫ്‌യാന്‍ അടുത്തുചെന്നു.
‘എന്തുണ്ട് മഅ്ബദ് വിശേഷങ്ങള്‍?’ അബൂസുഫ്‌യാന്‍ ചോദിച്ചു.
‘സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ് അബൂഹന്‍ദലാ,’ ഇല്ലാത്ത ഗൗരവം മുഖത്ത് വരുത്തി മഅ്ബദ് പറഞ്ഞു, ‘ഉഹുദില്‍ പങ്കെടുക്കാത്തവരും മുഹമ്മദിന്റെ മുഴുവന്‍ സഖ്യകക്ഷികളുമടക്കം മദീനയൊന്നടങ്കം ഇളകി മറിഞ്ഞ് കുറയ്ഷി സേനയെ പിന്തുടര്‍ന്നുവന്ന് ഹംറാഅല്‍ അസദിലെത്തിയിരിക്കുന്നു. അത്ര വലിയൊരു സംഘത്തെ ഞാനെന്റെ ജീവിതത്തിലിന്നോളം കണ്ടിട്ടില്ല. ദൈവമാണ! ഈ കുന്നുകള്‍ക്കപ്പുറത്ത് ചെന്നാല്‍ നിങ്ങള്‍ക്കവരുടെ അശ്വസേനയുടെ മുന്‍നിര കാണാം,’ മഅ്ബദ് പറഞ്ഞു.
‘അവരെ വേരോടെ പിഴുതുമാറ്റാനായി പുറപ്പെടാന്‍ തീരുമാനിച്ചിരിക്കുകയാണ് ഞങ്ങള്‍,’ അബൂസുഫ്‌യാന്‍ പറഞ്ഞു.
‘ദൈവത്തെയോര്‍ത്ത് അത് ചെയ്യാതിരിക്കുക, നിങ്ങളുടെ ഗുണത്തിനു വേണ്ടിയാണ് ഞാന്‍ പറയുന്നത്.’ മഅ്ബദ് പറഞ്ഞു.

അബൂസുഫ്‌യാന്‍ വീമ്പിളക്കിയെങ്കിലും മക്കാ സേനയുടെ ഉശിരുമുയിരുമാവേശവും ഈ ‘വൃത്താന്ത’ത്തോടെ ചോര്‍ന്നുപോയി. ഉഹുദില്‍ പ്രവാചകനും സംഘത്തിനുമേല്പിച്ച പരാജയത്തിന്റെ പേരില്‍ ഉയര്‍ന്നിരുന്ന മദിരോത്സവങ്ങള്‍ പൊടുന്നനെ കെട്ടടങ്ങി. ഉഹുദില്‍ നിന്ന് നേരെ മദീനയിലെത്തി ആക്രമണമഴിച്ചു വിടാത്തതിന് അബൂസുഫ്‌യാനെയും സഹായികളെയും പഴിക്കുകയായിരുന്നു ഇതുവരെയും മക്കക്കാര്‍. തിരിച്ചുചെന്ന് മദീനയെ ആക്രമിക്കാമെന്നുവരെ അഭിപ്രായപ്പെട്ടിരുന്നു ചിലര്‍. എന്നാലിപ്പോള്‍, അബൂസുഫ്‌യാന്റെ തമ്പില്‍നിന്നു പുറത്തുവന്ന ഉമയ്യയുടെ പുത്രന്‍ സഫ്‌വാന്റെ മുന്നറീപ്പില്‍ അവരൊന്നടങ്കം പറയുന്നത് പെട്ടെന്ന് മക്കയിലെത്തണമെന്നാണ്, മദീനയിലേക്കു തിരിച്ചുചെന്നാല്‍ തങ്ങള്‍ തകര്‍ക്കപ്പെട്ടേക്കാമെന്നവര്‍ ഭയന്നു.

പോണപോക്കില്‍ അബൂസുഫ്‌യാന്‍ ചെറിയൊരു വേലയൊപ്പിച്ചു. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനായി മക്കയില്‍നിന്ന് ഹംറാഅല്‍ അസദ് വഴി മദീനയിലേക്കു പോവുകയായിരുന്ന അബ്ദുല്‍ കയ്‌സുകാരുടെ വണിക് സംഘത്തോട് അയാള്‍ വിളിച്ചുചോദിച്ചു: ‘അബ്ദുല്‍ കയ്‌സില്‍നിന്നുള്ള വഴിപോക്കരേ, എന്റെയൊരു സന്ദേശം മുഹമ്മദിനെത്തിച്ചുകൊടുക്കാമോ? നിങ്ങള്‍ മക്കയിലെത്തുമ്പോള്‍ ഉക്കാദില്‍വച്ച് ഒരൊട്ടകച്ചുമട് ഉണക്കമുന്തിരി നൽകിയേക്കാം.’
‘ശരി, എത്തിക്കാം,’ അവര്‍ പറഞ്ഞു.
‘അയാളെയും സംഘത്തെയും വേരോടെ പിഴുതെറിയാനായി ഞങ്ങള്‍ മടങ്ങിവരുന്നുണ്ടെന്നയാളെ അറീക്കുക.’ സംഘം ഹംറാഅല്‍ അസദിലൂടെ കടന്നുപോകുന്നേരം അബൂസുഫ്‌യാന്റെ സന്ദേശമവര്‍ പ്രവാചകനെ കേള്‍പ്പിച്ചു. കേട്ടു കഴിഞ്ഞപ്പോള്‍ നിസ്‌തോഭനായി തിരുമേനി പറഞ്ഞു, ‘ഞങ്ങള്‍ക്ക് അല്ലാഹു മതി, പരമമായി ഭരമേല്പിക്കപ്പെടേണ്ടവന്‍ അവനത്രെ.’

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും അവര്‍ ആ ഹംറാഅല്‍ അസദില്‍തന്നെ കഴിച്ചുകൂട്ടി, മൂന്ന് രാത്രികളിലുമവര്‍ അഗ്നികുണ്ഡങ്ങളെരിയിച്ചു. അവര്‍ക്ക് വിശ്രമമേറ്റവും ആവശ്യമുണ്ടായിരുന്ന ദിവസങ്ങളായിരുന്നു വാസ്തവത്തിലവ. മദീനയിലെ തോട്ടങ്ങള്‍ തലേവര്‍ഷം നല്ല വിളവെടുപ്പ് നല്‍കിയിരുന്നു. മുപ്പത് ഒട്ടകച്ചുമടുകളായാണ് സഅദ് ബിന്‍ ഉബാദ സ്വന്തം തോട്ടത്തില്‍ വിളഞ്ഞ ഈത്തപ്പഴം താവളത്തിലെത്തിച്ചത്. വ്യാഴാഴ്ചയവര്‍ മദീനയിലേക്കു തിരിച്ചു. പ്രവാചകനും സംഘവും മദീന വിട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഷമ്മാസ് മരണമടഞ്ഞിരുന്നു. ഉഹുദില്‍തന്നെ സംസ്‌കരിക്കുകയും ചെയ്തു.

ഉഹുദിനും ഹംറാഅല്‍ അസദിനും ശേഷം മദീനയില്‍ തിരിച്ചെത്തിയ സൈനികര്‍ക്കേറ്റ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുത്തു. പ്രവാചകന്റെ കവിളിലെ മുറിവ് പതുക്കെ ഉണങ്ങിയെങ്കിലും, പിന്നീട് ആയുരന്തംവരെ ഇടക്കിടെ ശല്യം ചെയ്തുകൊണ്ടിരുന്ന തലവേദനയാണ് ആ പ്രഹരം തിരുദൂതനു സമ്മാനിച്ചത്. ശാരീരികമായ മുറിവുകളെക്കാള്‍ വലിയ മുറിവാണ് കാട്ടുതീ വേഗതയില്‍ ഉബയ്യ് ബിന്‍ സുലൂല്‍ മദീനയില്‍ നേടിക്കൊണ്ടിരുന്ന സ്വീകാര്യത വിശ്വാസികള്‍ക്ക് സമ്മാനിച്ചത്. ഉബയ്യ് പ്രവചിച്ചതുപോലെയാണല്ലോ കാര്യങ്ങള്‍ ചെന്നവസാനിച്ചിരിക്കുന്നത്. ഊഹപടലങ്ങള്‍ മദീനയുടെ അന്തരീക്ഷത്തില്‍ കനത്തില്‍ നിറഞ്ഞുനിന്നു. വിശ്വാസികളുടെ മനസ്സില്‍ പാരവശ്യം തിളച്ചുതൂവി.

മദീനക്കു പുറത്തുചെന്ന് മക്കാ സേനയെ നേരിട്ടത് വിവേകരഹിതമായ നടപടിയായിരുന്നുവെന്നത്, അപ്പോഴേക്കും മദീനയുടെ പൊതുബോധമായി മാറിക്കഴിഞ്ഞിരിക്കുന്നു. കുറയ്ഷ് മദീനക്കു നേരെ മറ്റൊരാക്രമണം നടത്താതെ തിരിച്ചുപോകാന്‍ അബൂസുഫ്‌യാനെ തോന്നിപ്പിച്ചതില്‍ അവര്‍ അല്ലാഹുവിന് നന്ദി പറഞ്ഞു. മുഹമ്മദ് പ്രവാചകനാണെന്ന കാര്യത്തില്‍ അവര്‍ക്ക് തെല്ലും സംശയമില്ല, പക്ഷേ, മദീനയുടെ നേതാവാകേണ്ടത് ഇബ്‌നു ഉബയ്യാണെന്ന് ചിലരെങ്കിലും അടക്കം പറഞ്ഞു.

ഉഹുദില്‍നിന്ന് തിരിച്ചെത്തിയ ശേഷം യുദ്ധത്തിനിടയിലേറ്റ മുറിവില്‍ ചൂടുപിടിപ്പിച്ചുകൊണ്ട് രാവ് കഴിച്ചുകൂട്ടുകയായിരുന്നു ഇബ്‌നു ഉബയ്യിന്റെ പുത്രന്‍ അബ്ദുല്ല. ശത്രുവിനെ തുരത്താന്‍ മദീനയില്‍നിന്ന് പുറത്തുപോയതിലെ വങ്കത്തത്തെക്കുറിച്ച് വലിയ വായില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അന്നേരം ഇബ്‌നു ഉബയ്യ്. ‘ദൈവമാണ, ഞാന്‍ മുന്‍കൂട്ടി കണ്ടപോലെതന്നെ എല്ലാം പരിണമിച്ചു,’ അയാള്‍ പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതനും അനുചരന്മാരും ചെയ്തത് നല്ലതു തന്നെയായിരുന്നു,’പിതാവിന്റെ അഹന്തയും ആഹ്ലാദവും മുറ്റിയ സംസാരത്തില്‍ അതൃപ്തി പ്രകടമാക്കി അബ്ദുല്ല പറഞ്ഞു. ഇബ്‌നു ഉബയ്യ് പക്ഷേ, തുറന്ന തര്‍ക്കത്തിലേക്കൊന്നും കടക്കാതെ തന്റെ വാദം ഇങ്ങനെ ഉപസംഹരിച്ചു, ‘കൊല്ലപ്പെട്ടവരെല്ലാം ഞങ്ങളോടൊപ്പം നിന്നിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല.’ മകന്‍ തന്റെ തീരുമാനത്തോടൊപ്പം മദീനയില്‍ നില്‍ക്കാതിരുന്നതിനെക്കുറിച്ചും അയാള്‍ വ്യംഗ്യമായി സൂചിപ്പിച്ചു.

മദീനയിലെ യഹൂദര്‍ക്കത് ആത്മഹര്‍ഷത്തിന്റെ വേളയായിരുന്നു. ‘ബദ്‌റിലെ മുഹമ്മദിന്റെ വിജയം ദൃഷ്ടാന്തമായിരുന്നെങ്കില്‍ ഉഹുദിലെ പരാജയം എന്താണാവോ!’ അവര്‍ കളിയാക്കി, ‘രാജാവാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മാത്രമാണ് മുഹമ്മദ്. ഒരു പ്രവാചകനും ഇതുപോലൊരു ഗതി വന്നിട്ടില്ല, അയാള്‍ക്കുതന്നെയും മുറിവേറ്റു, കൂട്ടത്തില്‍ അയാളുടെ അനുയായികള്‍ക്കുമേറ്റു മുറിവുകള്‍.’ അവര്‍ ആദ്യമെല്ലാം ഒളിവിലും പിന്നെപ്പിന്നെ, വെളിവിലും പറഞ്ഞുകൊണ്ടിരുന്നു.

തനിക്ക് തിരികെ ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യത ഉബയ്യ് നന്നായി ആസ്വദിച്ചു. മദീനയുടെ നേതൃത്വം ഇനി തനിക്കു സ്വന്തം; അയാള്‍ മനക്കോട്ട കെട്ടി. എന്നാല്‍, തന്ത്രശാലിയും പ്രാജ്ഞനുമാണെന്ന് സ്വയം കരുതുന്ന ഉബയ്യ് ബിനു സുലൂലിന് ഭീമമായ അബദ്ധം പിണഞ്ഞിരിക്കുന്നു. പ്രവാചന്റെ ഏറ്റവും സവിശേഷമായ പാടവത്തെ അയാള്‍ക്ക് തിരിച്ചറിയാനായില്ല; തിരിച്ചടികളെ അനുകൂലമാക്കാനുള്ള അദ്ദേഹത്തിന്റെ അപാരശേഷിയെ. എല്ലാറ്റിനുമപ്പുറം അദ്ദേഹം ദൈവദൂതനാണല്ലോ. വിജയങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുക എന്നത് നേതാക്കളില്‍ സാധാരണ കണ്ടുവരാറുള്ളതാണ്. എന്നാല്‍, പരാജയത്തെ അനുകൂലമായി തിരിച്ചിടാനുള്ള കുശലത അത്യപൂര്‍വ്വം നേതാക്കളിലേ ചരിത്രത്തില്‍ കാണാനാകൂ. ഇതിനു മുമ്പും പ്രവാചകന്‍ ആ പാടവം പ്രയോഗിച്ചു തെളിയിച്ചിട്ടുണ്ട്. മക്കയില്‍ വച്ച് സ്വജനങ്ങള്‍ വേട്ടയാടിയപ്പോള്‍, നിരാശനായി പിന്‍വാങ്ങുന്നതിനു പകരം യസ്‌രിബിലേക്ക് പലായനം ചെയ്ത് അവിടെ സര്‍വാംഗീകാരം നേടുകയായിരുന്നു അദ്ദേഹം, അതുവഴി പിന്നീട് മക്കയിലും വെന്നിക്കൊടി പാറിക്കുന്നുണ്ട്.

യഹൂദികളുടെയും കപടവിശ്വാസികളുടെയും പ്രചാരണം തിടംവച്ചുവന്നു. ഹംറാഅല്‍ അസദില്‍നിന്ന് തിരിച്ചുവരികയായിരുന്ന ഉമര്‍ നേരെ പ്രവാചകനരികിലെത്തി ദുഷ്പ്രചാരണമഴിച്ചുവിടുന്നവരെ വധിക്കാനായി തനിക്ക് അനുമതി നല്‍കാമോ എന്നാരാഞ്ഞു. പ്രവാചകന്‍ ഉമറിനെ കര്‍ശനമായി തടഞ്ഞു, ‘അല്ലാഹുവിന്റെ മതത്തെ അവന്‍ നിലനിര്‍ത്തും,’ അദ്ദേഹം പറഞ്ഞു, ‘അവന്‍ തന്റെ പ്രവാചകനെ ശാക്തീകരിക്കും.’ തുടര്‍ന്നദ്ദേഹം പറഞ്ഞു, ‘ഖതാബ് പുത്രനേ, ആ ദിനത്തിലേതു പോലൊന്ന് കുറയ്ഷ് ഇനിയൊരിക്കലും നമ്മില്‍ നിന്ന് നേടുകയില്ല. ആ മൂലയെ നാം അഭിവാദ്യം ചെയ്യുകതന്നെ ചെയ്യും തീര്‍ച്ച,’ ഹജറുല്‍ അസ്‌വദിനെ ഉദ്ദേശിച്ച് മക്കയുടെ ഭാഗത്തേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു.

ഉമർ അടങ്ങിയെങ്കിലും ഇബ്‌നു ഉബയ്യ് വിശ്വാസികളുടെ കോപത്തില്‍നിന്ന് സുരക്ഷിതനായി എന്നു പറഞ്ഞുകൂടാ. വെള്ളിയാഴ്ച ദിവസം അയാള്‍ക്ക് പ്രത്യേകമായൊരിരിപ്പിടം അക്കാലത്ത് പള്ളിയിലുണ്ട്. മദീനയില്‍ അയാള്‍ക്കുള്ള സവിശേഷ സ്ഥാനം പരിഗണിച്ച് അവിടെയിരിക്കാന്‍ മറ്റാരും ശ്രമിക്കാറുമില്ല. പ്രവാചകന്‍ പ്രസംഗപീഠത്തിലേറുമ്പോള്‍ അയാള്‍ പറയും, ‘ജനങ്ങളേ, ഇത് അല്ലാഹുവിന്റെ ദൂതനാണ്. അദ്ദേഹം വഴി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളെയവന്‍ ബലശാലികളാക്കുകയും ചെയ്യട്ടെ. ആയതിനാല്‍ നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുകയും ആദരിക്കുകയും ചെയ്യുക, അദ്ദേഹത്തെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. പിന്നീടയാള്‍ തന്റെ ഇരിപ്പിടത്തിലിരിക്കും. യുദ്ധം കഴിഞ്ഞതിനുശേഷം വന്ന വെള്ളിയാഴ്ചയും പതിവുപോലെ ഉബയ്യ് എഴുന്നേറ്റു. തിരുദൂതര്‍ കൊല്ലപ്പെടാതിരുന്നതില്‍ ആശ്വാസം പ്രകടിപ്പിച്ച ഉബയ്യ്, ‘നമ്മുടെ സഹോദരങ്ങള്‍ എന്റെ വാക്കുകള്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍ അവര്‍ വധിക്കപ്പെടുമായിരുന്നില്ല.’ എന്ന് പറഞ്ഞു. നഗരത്തിന്റെ പൊതുബോധം തന്നെയായിരിക്കും പള്ളിയിലുമെന്നയാള്‍ കരുതി. ജനങ്ങളുടെ ഹൃദയം കവരുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കിലും അത് പാളിപ്പോയി. ‘അല്ലാഹുവിന്റെ പ്രതിയോഗി, ഇരിയവിടെ!’ ജനങ്ങള്‍ വിളിച്ചു പറഞ്ഞു. ‘നീ ചെയ്തുകൂട്ടിയതു കാരണം നിനക്കിവിടെ സംസാരിക്കാന്‍ യോഗ്യതയില്ല.’ ഇരുവശങ്ങളിലുമായി ഇരുന്നിരുന്ന അന്‍സാരികള്‍ അയാളെ വലിച്ച് നിലത്തിരുത്തി.

നമസ്‌കാരത്തിനു ശേഷം ജനങ്ങള്‍ക്കിടയിലൂടെ നടന്ന് പുറത്തു കടക്കവെ വാതില്‍ക്കല്‍ വച്ച് അന്‍സാരിയായ ഒരാള്‍ അയാളെ തടഞ്ഞു, ‘ചെന്ന് അല്ലാഹുവിന്റെ ദൂതരോട് മാപ്പിരക്കുക.’ എന്നാല്‍ അയാളതിനു തയ്യാറല്ല, ‘എനിക്കു വേണ്ടി അല്ലാഹുവിനോട് മാപ്പപേക്ഷിക്കാനായി ഞാനദ്ദേഹത്തോടാവശ്യപ്പെടില്ല.’ അയാള്‍ പറഞ്ഞു.

പിന്നീടിറങ്ങിയ കുര്‍ആന്‍ വാക്യങ്ങളിലാണ് മുനാഫിക് എന്ന പദം സ്ഥലം പിടിച്ചത്. മാളത്തിലേക്ക് ഇഴഞ്ഞുകേറിയവന്‍ എന്നര്‍ത്ഥമുള്ള പദം പക്ഷേ, വിശ്വാസത്തില്‍ കാപട്യം പുലര്‍ത്തുന്നയാള്‍ എന്ന അര്‍ത്ഥത്തിലാണ് പിന്നീടങ്ങോട്ട് പ്രയോഗിക്കപ്പെട്ടത്.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

No comments yet.

Leave a comment

Your email address will not be published.