ചരിത്രാസ്വാദനം
കബറടക്കം
മദീനയെ ഒഴിവാക്കി മക്കക്കാര്‍ വന്നവഴിയെ തിരിച്ചുപോവുകയാണെന്നു വ്യക്തമായതോടെ മദീനയില്‍നിന്നുള്ള ഏതാനും സ്ത്രീകള്‍ യുദ്ധമൊഴിഞ്ഞ പടക്കളത്തിലെത്തി. മുറിവേറ്റവരെ ശുശ്രൂഷിക്കുകയും, ആ അപരാഹ്നം തൊട്ട് മദീനയില്‍ പരന്നുകൊണ്ടിരിക്കുന്ന തരാതരം കിംവദന്തികളുടെ സത്യാവസ്ഥ നേരിട്ട് മനസ്സിലാക്കുകയുമാണവരുടെ ലക്ഷ്യം. പ്രവാചകന്റെ അമ്മായിയും ഹംസയുടെ നേര്‍സഹോദരിയുമായ സഫിയ്യയും ആഇഷയും ഉമ്മുഅയ്മനുമായിരുന്നു ആദ്യമവിടെയെത്തിയ വനിതകള്‍. അകലെ, സഫിയ്യയെ കണ്ടതോടെ ശോകത്താൽ ഉലഞ്ഞുപോയ നബി അവരുടെ മകന്‍ സുബയ്‌റിനോടു പറഞ്ഞു, ‘ഉമ്മയുടെ കാര്യത്തില്‍ എന്നെ സഹായിക്കുക, ചെന്ന് അവരെ തിരികെ കൊണ്ടുപോകൂ, സ്വന്തം സഹോദരനു വന്നുപെട്ട ദുസ്ഥിതി അവര്‍ കാണേണ്ട.’
‘ഉമ്മാ, തിരുദൂതന്‍ നിങ്ങളോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നു,’ സുബെയ്ര്‍ മാതാവിനോടു കെഞ്ചി. എന്നാല്‍, കളത്തിലിറങ്ങുന്നതിനു മുമ്പുതന്നെ കൂടപ്പിറപ്പിനു സംഭവിച്ചെതെന്തെല്ലാമാണെന്ന വിവരം അവര്‍ക്കു ലഭിച്ചിരുന്നു. ‘ഞാനെന്തിനു തിരിച്ചുപോകണം മകനേ?’ അവര്‍ ചോദിച്ചു, ‘എന്റെ കൂടപ്പിറപ്പിന്റെ ജഡമവര്‍ വികൃതമാക്കിയിരിക്കുന്നുവെന്ന് ഞാനറിഞ്ഞിട്ടുണ്ടല്ലോ, അവന്‍ നേരിട്ടതെല്ലാം അല്ലാഹുവിനു വേണ്ടിയാണ്. അവനുവേണ്ടിയുള്ളതെല്ലാം പൂര്‍ണമായും നാം മനസാ തൃപ്തിപ്പെടും.’ അല്ലാഹുവുദ്ദേശിച്ചുവെങ്കില്‍ ഞാന്‍ സഹിച്ച് നിസ്‌തോഭയായി നിലകൊള്ളുമെന്ന് വാക്കുതരുന്നു.’
സുബെയ്ര്‍ പ്രവാചകനരികില്‍ തിരിച്ചെത്തി കാര്യമവതരിപ്പിച്ചപ്പോള്‍ ‘എങ്കിലാവട്ടെ’ എന്നദ്ദേഹം പ്രതിവചിച്ചു. സഫിയ്യ സഹോദരന്റെ നിശ്ചലഗാത്രത്തിനരികിലെത്തി അല്പനേരം നോക്കിനിന്നു, കൂടപ്പിറപ്പിനുവേണ്ടി പ്രാര്‍ത്ഥനയുരുവിട്ടു. ‘നാമെല്ലാം അല്ലാഹുവിനുള്ളവരാണ്, അവനിലേക്കാണ് നാം തിരിച്ചു ചെല്ലേണ്ടതും.’ സ്വയം സമാശ്വസിപ്പിച്ചുകൊണ്ട് കുര്‍ആന്‍ സൂക്തമുരുവിട്ടു. ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലമോര്‍ത്തുകൊണ്ടവര്‍ സംതൃപ്തരായി. ബദ്‌റിനു ശേഷമായിരുന്നുവല്ലോ അതവതീര്‍ണമായത്. പൂര്‍ണരൂപമിങ്ങനെ: ‘വിശ്വസിച്ചവരേ, നിങ്ങള്‍ സഹനംകൊണ്ടും പ്രാര്‍ത്ഥനകള്‍കൊണ്ടും ഉതവിതേടുക, തീര്‍ച്ചയായും ക്ഷമാലുക്കള്‍ക്കൊപ്പമാണ് അല്ലാഹു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊലചെയ്യപ്പെട്ടവരെക്കുറിച്ച് മരണപ്പെട്ടവരെന്ന് നിങ്ങള്‍ പറയല്ലെ, അവര്‍ ജീവിച്ചിരിപ്പുണ്ട് പക്ഷേ, നിങ്ങള്‍ക്കനുഭവവേദ്യമാകുന്നില്ല. അല്പം ഭയപ്പാട്, പട്ടിണി, ധന-ജീവ-വിഭവനഷ്ടം കൊണ്ടെല്ലാം നാം നിങ്ങളെ പരീക്ഷിക്കും തീര്‍ച്ച! ക്ഷമിക്കുന്നവരെ സുവിശേഷമറീക്കുക. തങ്ങള്‍ക്ക് ദുരിതം വല്ലതും വന്നുഭവിച്ചാലവര്‍ പറയുക, “നാമെല്ലാം അല്ലാഹുവിനുള്ളതാണ്, അവനിലേക്കാണ് നാം തിരിച്ചു ചെല്ലുന്നതും” എന്നാവും. തങ്ങളുടെ നാഥനില്‍നിന്നുള്ള അനുഗ്രഹ കാരുണ്യങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. അവര്‍തന്നെയാണ് സന്മാര്‍ഗം പുല്‍കിയവര്‍.’
സഫിയ്യ രണ്ട് തുണികള്‍ മകനുനേരെ നീട്ടി, ‘ഞാന്‍ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ കൂടെക്കരുതിയതാണ്, ഇതു കൊണ്ട് ഹംസയുടെ ശരീരം കഫന്‍ ചെയ്യുക.’ സുബയ്ര്‍ രണ്ട് തുണികളും നിവര്‍ത്തി. അമ്മാവന്റെ ശരീരത്തിനു തൊട്ടരികിൽ അന്‍സാരിയായൊരു രക്തസാക്ഷിയുടെ ജഡം ഹംസയുടേതിനു സമാനം വികലമാക്കപ്പെട്ട് കിടക്കുന്നു. അയാളുടെ ശരീരം പൊതിഞ്ഞു കഫന്‍ ചെയ്യാന്‍ തുണികളൊന്നുമില്ല. അതേസമയം, ഹംസയുടേത് പൊതിയാന്‍ രണ്ടെണ്ണമുണ്ട് താനും. ഇവിടെ വിശ്വാസി സംശയഗ്രസ്തനാകുന്നില്ല; ഒന്ന് ഹംസയ്ക്കായെടുത്ത് മറ്റേതുപയോഗിച്ച് അന്‍സാരിയുടെ ജഡം പൊതിഞ്ഞു.
സഫിയ്യ പിന്നീട് തന്റെ സഹോദരി ഉമയ്മയുടെ പുത്രന്‍ അബ്ദുല്ലാഹ് ബിന്‍ ജഹ്ഷിന്റെ മൃതശരീരത്തിനടുത്തു വന്നുനിന്നു. അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു, ഫാത്വിമയും കൂടെച്ചേര്‍ന്നു. പ്രിയബന്ധുവിന്റെ ഭൗതികശരീരം നോക്കി ഇരുവരും വിതുമ്പി. അവരോടൊപ്പം, ആ കാഴ്ചയില്‍ പെരുകിപ്പെരുകിവന്ന സന്താപം പ്രാവാചകന്റെ തൊണ്ടയിലെ ഞരമ്പുകള്‍ ത്രസിപ്പിച്ചു, കണ്ണുകളെ ഈറനണിയിച്ചു. തുടര്‍ന്ന് ഫാത്വിമ പിതാവിന്റെ മുറിവുകളില്‍ മരുന്നുവച്ച് കെട്ടി. അവരെക്കണ്ട് അബ്ദുല്ലയുടെ സഹോദരി ഹംന അടുത്തുവന്നു. സഹോദരന്റെയും അമ്മാവന്റെയും ജഡത്തിനൊപ്പം ജീവിതപങ്കാളി മുസ്അബിന്റെ നിശ്ചലശരീരം കൂടി കണ്ടതോടെ അവളുടെ ദുഃഖം അണപൊട്ടി.
യുദ്ധം മുറുകിക്കൊണ്ടിരുന്ന വേളയില്‍ പ്രവാചകന്‍ മുസ്അബിനെ കണ്ടിരുന്നു. അപ്പോഴും പതാക അയാളുടെ കൈയിലിരുന്ന് പാറിക്കൊണ്ടിരുന്നു. പ്രവാചകന്‍ പേരുചൊല്ലി വിളിച്ചു, ‘മുസ്അബ്…,’
‘ഞാന്‍ മുസ്അബല്ല,’ അയാള്‍ പറഞ്ഞു. അതോടെ താന്‍ കണ്ടത് മാലാഖയെയാണെന്നും മുസ്അബ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്തിരിക്കാമെന്നും അദ്ദേഹത്തിനു മനസ്സിലായി. തിരുമേനി മുസ്അബിന്റെ ജീവനറ്റശരീരത്തിനരികില്‍ നിന്നുകൊണ്ട് കുര്‍ആനില്‍ നിന്നുള്ള സൂക്തമുരുവിട്ടു. ‘വിശ്വാസികളുടെ കൂട്ടത്തില്‍ ചിലയാളുകളുണ്ട്, അല്ലാഹുവിനോടവര്‍ ഏതൊരു കാര്യത്തില്‍ ഉടമ്പടിയെടുത്തുവോ, അതവര്‍ പാലിച്ചു. അവരില്‍ ചിലര്‍ തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി, ചിലരത് കാത്തുകിടക്കുന്നു, അവര്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.’ വിശ്വാസികളില്‍ ചിലര്‍ തങ്ങളുടെ രക്തസാക്ഷിത്വംകൊണ്ട് പ്രതിജ്ഞ പൂര്‍ത്തിയാക്കിയതിനെക്കുറിച്ചാണ് സൂക്തത്തിലെ സൂചന. മറ്റു ചിലരാകട്ടെ, രക്തസാക്ഷിത്വം പ്രതീക്ഷിച്ചിരിക്കുന്നവരുമാണ്.
യുദ്ധവേളകളില്‍ കുറയ്ഷികളുടെ പതാകയേന്താനുള്ള അവകാശം അബ്ദുദ്ദാർ വംശത്തിനുള്ളതായിരുന്നു, ചിരകാലമായി പിന്തുടരുന്ന കീഴ്‌വഴക്കമാണത്. മുസ്അബും അബ്ദുദ്ദാർ വംശജനായിരുന്നുവല്ലോ. ഫലത്തില്‍, കുറയ്ഷി പക്ഷത്തും മുസ്‌ലിം പക്ഷത്തും ധ്വജവാഹകരായി അബ്ദുദ്ദാറുകാര്‍ തന്നെയായി. അകബ ഉടമ്പടിക്കുശേഷം ഇസ്‌ലാമിന്റെ പ്രചാരണത്തിനായി യസ്‌രിബിലേക്ക് നബി പറഞ്ഞയച്ച ദൂതനായിരുന്നു മുസ്അബ്.
മുസ്അബിന്റെ ജഡം മറവുചെയ്യണം. വെള്ളയും കറുപ്പും കലര്‍ന്ന വരകളോടെയുള്ള ഒരു കഷണം തുണിയല്ലാതെ മറ്റൊന്നുമില്ല. അതുപയോഗിച്ച് തലമൂടുമ്പോള്‍ കാലുകള്‍ വെളിവായി, കാലുമൂടുമ്പോള്‍ തല വെളിയിലായി. കണ്ടുനിന്ന പ്രവാചകന്‍ പറഞ്ഞു, ‘തുണിയുപയോഗിച്ച് തലമൂടുക, പുല്ലുപയോഗിച്ച് കാലുകള്‍ പൊതിയുക.’ അവരങ്ങനെ ചെയ്തു.
ത്യാഗത്തിന്റെ ആള്‍രൂപമായിരുന്നു ഉമയ്‌റിന്റെ പുത്രന്‍ മുസ്അബ്. അന്യാദൃശമായ സുഖൈശ്വര്യങ്ങളുടെ നടുവിലാണയാള്‍ ജനിച്ചതും വളര്‍ന്നതും. മാതാപിതാക്കളുടെ കരുണാര്‍ദ്രമായ കരുതലില്‍ ബാല്യ കൗമാരങ്ങള്‍ ചെലവഴിച്ചു. കടന്നുപോകുന്ന വഴികളില്‍ അക്ഷരാര്‍ത്ഥത്തില്‍തന്നെ പരിമളം പരത്തിയിരുന്നു സുമുഖനും സുഭഗനുമായിരുന്നു മക്കയിലെ അന്നത്തെ പെണ്‍കുട്ടികളുടെ ഭാവനാകാമനകളിലെ നായകനായിരുന്ന മുസ്അബ്. അല്‍അമീന്റെ സദസ്സിലെത്തുകയും വശ്യവചനങ്ങള്‍ കേള്‍ക്കുകയും ചെയ്തു. തനിക്ക് ജീവിതത്തില്‍ എല്ലാമെല്ലാമായ ഉമ്മയുടെ വിലക്കുകള്‍ ലംഘിച്ച് വിശ്വാസിയായി, ഹിജ്‌റപോയി, ആദ്യകാല അന്‍സാറുകള്‍ക്ക് ഗുരുവായി, തൗഹീദിന്റെ ധ്വജവാഹകനായി, ധീരമായി പൊരുതി, അവസാനമിതാ രണാങ്കണത്തില്‍ ജീവനറ്റുകിടക്കുന്നു. ധനാഢ്യനായിരുന്ന മുസ്അബിതാ ശരീരം മുഴുവനായി മൂടാന്‍ ഒരു തുണിപോലുമില്ലാതെ മറമാടപ്പെടുന്നു.
വര്‍ഷങ്ങള്‍ക്കുശേഷമൊരു നാളില്‍ താനെടുത്ത വ്രതമവസാനിപ്പിക്കാനുള്ള സമയം കാത്തിരിക്കുകയായിരുന്നു അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് എന്ന പ്രവാചകന്റെ ധനാഢ്യനായ അനുചരന്‍. നിറഞ്ഞ ഭക്ഷണത്തളികയിലേക്ക് നോക്കി അയാള്‍ ആത്മഗതം ചെയ്തു. ‘മുസ്അബ് വധിക്കപ്പെട്ടു, അദ്ദേഹം എന്നെക്കാള്‍ മികച്ചയാളായിരുന്നു. അദ്ദേഹത്തിന്റെ ജഡം പൊതിയാനായി ഒരു തുണിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഹംസ വധിക്കപ്പെട്ടു, അദ്ദേഹം എന്നെക്കാള്‍ മികച്ചയാളായിരുന്നു, അദ്ദേഹത്തിന്റെ ശരീരം പൊതിയാന്‍ ഒരു കഷണം തുണിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.’ ഇബ്‌നു ഔഫിന്റെ ഹൃദയം തേങ്ങി, കണ്ണുകള്‍ ബാഷ്പസങ്കുലമായി, മുമ്പിലിരുന്ന ഭക്ഷണം കഴിക്കാതെ അയാള്‍ എഴുന്നേറ്റുപോയി.
മൃതിപ്പെട്ടവരുടെ മുഴുവന്‍ ഭൗതികശരീരങ്ങളും ഹംസയുടെ ശരീരത്തിനടുത്തേക്കു കൊണ്ടുവരാനും അവര്‍ക്കുവേണ്ടി കുഴിമാടങ്ങളൊരുക്കാനും നബി പറഞ്ഞു. രക്തസാക്ഷികളുടെയെല്ലാം ജഡങ്ങള്‍ക്കരികില്‍ വന്ന് നബി പ്രത്യേകം പ്രത്യേകം പ്രാര്‍ത്ഥിച്ചു; എഴുപത്തിരണ്ട് പ്രാര്‍ത്ഥനകള്‍! കുഴിമാടങ്ങള്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. ഈരണ്ടും മുമ്മൂന്നും പേരുടെ ഭൗതികശരീരങ്ങള്‍ ഓരോ കബറിലും ഇറക്കിവയ്ക്കപ്പെട്ടു. ഹംസയും ഭാഗിനേയന്‍ അബ്ദുല്ലയും ഒരു കബറില്‍. ജുമഹിന്റെ പുത്രന്‍ അംറിന്റെയും അംറിന്റെ പുത്രന്‍ അബ്ദുല്ലയുടെയും ജഡങ്ങള്‍ കൊണ്ടുവരാന്‍ നബി പറഞ്ഞു, ‘അവര്‍ വേര്‍പ്പിരിയാത്ത കൂട്ടുകാരായിരുന്നു. അവരെ ഒരേ കബറില്‍ കിടത്തുക.’ അദ്ദേഹം നിര്‍ദേശിച്ചു. അവരോടൊപ്പം അംറിന്റെ പുത്രന്‍ ഖല്ലാദിന്റെയും ശരീരം കുഴിയിലേക്കിറക്കിവച്ചു. അംറിന്റെ ധര്‍മദാരം ഹിന്ദ് ഇവരുടെ ജഡം മദീനയിലേക്ക് കൊണ്ടുപോകാനാഗ്രഹിച്ചുവെങ്കിലും പ്രവാചകന്റെ താല്പര്യപ്രകാരം ഉഹുദില്‍തന്നെ മറമാടി.
മുസയ്‌നക്കാരായ വഹബിന് അധികമാരുമുണ്ടായിരുന്നില്ല. പ്രവാചകനെ കാണാനായി സഹോദരൻ ഹാരിസിനോടൊപ്പം മദീനയിലെത്തിയതായിരുന്നുവല്ലോ അയാള്‍. നഗരം വിജനമായിരിക്കുന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ യുദ്ധസന്നാഹങ്ങളുടെ വിവരമറിഞ്ഞ് ഉഹുദിലെത്തി ആകസ്മിക സാന്നിദ്ധ്യങ്ങളായിരുന്ന ഇരുവരും യുദ്ധത്തില്‍ മരണമടഞ്ഞിട്ടുണ്ട്. പ്രവാചകന്‍ അവരുടെ ചേതനയറ്റ ജഡങ്ങള്‍ക്കരികില്‍ നിന്നു. അദ്ദേഹം പറഞ്ഞു, ‘അല്ലാഹു നിങ്ങളില്‍ സംപ്രീതനാകട്ടെ, ഞാന്‍ നിങ്ങളില്‍ തൃപ്തനാണ്.’ വഹബ് അണിഞ്ഞിരുന്ന പച്ച വരകളോടെയുള്ള നീളന്‍കുപ്പായത്തിലായിരുന്നു അയാളുടെ ശരീരം പൊതിഞ്ഞിരുന്നത്. ഇരുവരുടെയും ശരീരം ഒരേ കബറിലേക്കിറക്കി.
അവസാനത്തെയാളെയും മറമാടി പ്രവാചകന്‍ തന്റെ കുതിരപ്പുറത്തേറി. രാവിലെ തങ്ങള്‍ കേറിവന്ന വഴിയിലൂടെതന്നെ സഞ്ചരിച്ച് കൊക്കയുടെ പാദഭാഗത്തെത്തി. പ്രാചീനമായ കാലത്തൊരിക്കല്‍ ഉയിര്‍ത്ത ജ്വാലാമുഖിപ്പാറയുടെ പരപ്പില്‍ രണ്ടുവരികളിലായി മക്കയ്ക്കഭിമുഖം നില്‍ക്കാന്‍ പ്രവാചകന്‍ അനുചരരോടാവശ്യപ്പെട്ടു. കൂടെയുണ്ടായിരുന്ന പതിനാല് സ്ത്രീകള്‍ പിറകില്‍ അണിയായി നിന്നു. തുടര്‍ന്ന് നബി അല്ലാഹുവിനെ പ്രകീര്‍ത്തിച്ചു, പിന്നെ ഇങ്ങനെ പ്രാര്‍ത്ഥിച്ചു, ‘അല്ലാഹുവേ, ഞാന്‍ നിന്നോടു തേടുന്നു; സ്ഥായിയായ, നീങ്ങിപ്പോകാത്ത നിന്റെ ആശിസ്സിനായി, വറുതിയുടെ നാളുകളിലെ സഹായത്തിനായി, ഭയപ്പാടിന്റെ നാളുകളിലെ ഭയരാഹിത്യത്തിനായി. നീ ഞങ്ങള്‍ക്കേകിയ അഹിതകരമായതില്‍നിന്ന് ഞാന്‍ നിന്നിലഭയം തേടുന്നു. അല്ലാഹുവേ, വിശ്വാസത്തെ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുക നീ, അവിശ്വാസത്തോടും അനാശാസ്യതകളോടും വിമതത്വത്തോടും ഞങ്ങള്‍ക്കുള്ളില്‍ വിപ്രതിപത്തിയുണ്ടാക്കുക നീ.’ തുടര്‍ന്നവര്‍ മദീനയിലേക്കു പുറപ്പെട്ടു.
ദീനമാനസരായവര്‍ മദീനയില്‍ പ്രവേശിക്കുമ്പോള്‍ ആ പകല്‍ പിടഞ്ഞവസാനിക്കുകയായിരുന്നു. ഉലയൂതിപ്പഴുപ്പിച്ച ചെമ്പുകിണ്ണം പോലെ ചുവന്നിരുന്ന സൂര്യന്‍ മദീനയുടെ മണല്‍ത്തിട്ടകളില്‍ ശോകഛവി തൂവി പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് പതുക്കെ തലപൂഴ്ത്തി. വിശ്വാസികള്‍ പള്ളിയിലെത്തി അംഗസ്‌നാനം വരുത്തി മഗ്‌രിബ് നമസ്‌കാരം നിര്‍വ്വഹിച്ചു.
നമസ്‌കാരശേഷം ക്ലേശഭരിതമായൊരു ദിനം സമ്മാനിച്ച ശാരീരികവും മാനസികവുമായ വേദനകള്‍ ഇറക്കിവയ്ക്കാനായി പ്രവാചകന്‍ തലചായ്ച്ചു. യുദ്ധം ശരിക്കും തിരുദൂതരെ പരിക്ഷീണനാക്കിയിട്ടുണ്ട്. പുറത്ത് ഇരുളും ഹൃദയത്തില്‍ വേദനയും നിറഞ്ഞ ആ സന്ധ്യയില്‍ തരാതരം ചിന്തകള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയിരുന്നിരിക്കണം.
ഉഹുദിലെ പരാജയം മുസ്‌ലിംകളുടെ മദീനയിലെ ജീവിതത്തെയും നിലനില്പിനെയും എങ്ങനെ സ്വാധീനിക്കുമെന്ന ചിന്ത മനസ്സ് നിറച്ചിരിക്കണം. പരാജയം യഹൂദരെയും കപടവിശ്വാസികളെയും വിഗ്രഹാരാധകരെയും ഒരേപോലെ ആഹ്ലാദത്തിന്റെ പരകോടിയിലെത്തിച്ചിരിക്കുന്നുവെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. രണ്ടു സംവത്സരങ്ങളിലെ സജീവ ഇടപെടലുകളിലൂടെ മുസ്‌ലിംകള്‍ നേടിയെടുത്ത മേല്‍ക്കൈയും പ്രഭാവവും വഴുതിമാറുകയാണോ? അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സുലൂലിന്റെ ആഹ്ലാദത്തിന് അതിരുകളുണ്ടാവില്ല. തന്റെ നിര്‍ദേശം ഏതാനും അപക്വരായ അനുയായികള്‍ക്കു വേണ്ടി തള്ളിക്കളഞ്ഞ മുഹമ്മദിന് കിട്ടേണ്ടതു കിട്ടി എന്നയാള്‍ വീമ്പിളക്കും. തന്റെ യഹൂദ സഖ്യകക്ഷിയോട് മാന്യമായല്ല നബി പെരുമാറിയതെന്നയാള്‍ കരുതുന്നുണ്ട്, ആ കെറുവും അയാള്‍ക്ക് പ്രവാചകനോടുണ്ട്. കിട്ടിയേടത്തുവച്ച് പകരം വീട്ടാനൊരുങ്ങിയിരിക്കുകയാണ് ഇബ്‌നു ഉബയ്യ്. യുദ്ധത്തിന്റെ തൊട്ടുമുമ്പ് തൊടുന്യായങ്ങളെഴുന്നള്ളിച്ച് മുസ്‌ലിം സൈന്യത്തിന്റെ മൂന്നിലൊന്നംഗങ്ങളെയുമായി പിന്തിരിയുകയായിരുന്നല്ലോ അയാള്‍. കുറയ്ഷികളുമായുള്ള ഭാവിബന്ധം എങ്ങനെയായിരിക്കും? ഉഹുദിലെ വിജയത്തിലുന്മത്തരായി മദീനയിലെ യഹൂദരും വിമതരും ബഹുദൈവാരാധകരും ചേര്‍ന്ന് അവരൊരു വിശാലസഖ്യം ചമക്കുകയാണെങ്കിലത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കും. മദീനയിലെ മുസ്‌ലിം മേല്‍ക്കൈ നഷ്ടമാകുന്നതിനു കാരണമാകും. മുസ്‌ലിംകള്‍ അപമാനിതരാകും. അവരെ പരിഹാസ്യരാക്കാനും ഇകഴ്ത്താനുമായി ജസീറതുല്‍ അറബിലുടനീളം കുറയ്ഷ് നയതന്ത്രസംഘങ്ങളെ അയക്കും. ബഹുദൈവവിശ്വാസികള്‍ക്കെല്ലാം വര്‍ധിത ധൈര്യം നല്‍കുന്ന സ്ഥിതി വന്നുകൂടും. മുമ്പോട്ടുള്ള വഴികളില്‍ അനിശ്ചിതത്വങ്ങളുടെ പെരുക്കങ്ങളാണ്. അതിനാല്‍, ഉഹുദിലെ പരാജയത്തിന്റെ ഭാരം ലഘൂകരിക്കുവാനും മുസ്‌ലിംകളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും യഹൂദരുടെയും കപടവിശ്വാസികളുടെയും ഹൃദന്തങ്ങളില്‍ ഭയമങ്കുരിപ്പിക്കുവാനും മദീനയിലുളള മുസ്‌ലിംകളുടെ സ്വാധീനം ഭദ്രമാക്കുവാനുമാവശ്യമായ ചില നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളേണ്ടതുണ്ട്. എല്ലാത്തിനുമവസാനം, കാര്യങ്ങള്‍ നിശ്ചയിക്കുന്നത് അല്ലാഹുവാണല്ലോ. അവന്റെ അപരിമേയമായ കാരുണ്യവര്‍ഷങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് നബി സാവധാനം സുഷുപ്തിയിലേക്ക് വഴുതി; ഗാഢമായ ഉറക്കം. നിശാ പ്രാര്‍ത്ഥനക്കായുള്ള ബിലാലിന്റെ ബാങ്കൊലിപോലുമദ്ദേഹം കേട്ടില്ല.
ഉണര്‍ന്നുകഴിഞ്ഞതിനു ശേഷം വീട്ടില്‍വച്ച് ഒറ്റക്ക് നമസ്‌കരിക്കുകയായിരുന്നു.
ഔസിന്റെയും ഖസ്‌റജിന്റെയും നേതാക്കളായ ഇരു സഅദുമാരും ഊഴംവച്ച് പള്ളിക്ക് കാവല്‍പാര്‍ത്തു. കുറയ്ഷ് തിരിച്ചെത്തി ഓര്‍ക്കാപ്പുറത്തൊരാക്രമണം അഴിച്ചുവിടാനുള്ള സാധ്യതയപ്പോഴുമവര്‍ കണ്ടു. പിറ്റേന്ന് പ്രഭാത നമസ്‌കാരം കഴിഞ്ഞതിനുശേഷം പ്രവാചകനു വേണ്ടി ബിലാല്‍ പറഞ്ഞു, ‘നാം ശത്രുവിനെ പിന്തുടരാന്‍ പോകുന്നു, ഇന്നലെ യുദ്ധത്തിലുണ്ടായിരുന്നവര്‍ മാത്രം നമ്മോടൊപ്പം ചേരുക.’
ഗോത്രമുഖ്യന്മാര്‍ താന്താങ്ങളുടെ കുടുംബങ്ങളില്‍ ചെന്നു നോക്കുമ്പോള്‍, ചിലര്‍ സ്വന്തമായി ഔഷധം പുരട്ടി മുറിവുകള്‍ കെട്ടുന്നു, മറ്റു ചിലര്‍ക്ക് ഭാര്യമാര്‍ മുറിവ് കെട്ടിക്കൊടുക്കുന്നു. ഉഹുദില്‍ പങ്കെടുത്ത വിശ്വാസികളില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടവര്‍ വിരളമായിരുന്നു. എന്നാല്‍, പ്രാവാചകന്റെ ആഹ്വാനം കേട്ടതും തങ്ങള്‍ക്കാകും വിധം നന്നായി മുറിവുകളില്‍ മരുന്നുകള്‍ വച്ചുകെട്ടി, ഗുരുതരമായി പരിക്കേറ്റിരുന്ന ഏതാനും പേരൊഴികെ, എല്ലാവരും തങ്ങളുടെ രക്തത്തില്‍ ലീനമായ ധര്‍മാദര്‍ശത്തിന്റെ അഭിമാനകരമായ ഭാവിക്കായുള്ള സംഗ്രാമ മാർഗത്തിൽ പുറപ്പെട്ടു. മദീനയില്‍ ബന്ധുക്കളാരുമില്ലാതിരുന്ന, ഏതു നിമിഷവും മൃത്യു പ്രതീക്ഷിച്ചിരുന്ന, ഷമ്മാസ് ഉമ്മുസലമയുടെ വീട്ടില്‍ അവരുടെ ശുശ്രൂഷയിലായിരുന്നു. ഷമ്മാസ് രക്തസാക്ഷിയാവുകയാണെങ്കില്‍ മദീനയില്‍ കബറടക്കരുതെന്നും ഉഹുദിലായിരിക്കണമെന്നും പുറപ്പെടുന്നതിനു മുമ്പ് നബി നിര്‍ദേശം നല്‍കി.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.