നബിചരിത്രത്തിന്റെ ഓരത്ത് -75

//നബിചരിത്രത്തിന്റെ ഓരത്ത് -75
//നബിചരിത്രത്തിന്റെ ഓരത്ത് -75
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -75

ചരിത്രാസ്വാദനം

രക്തസാക്ഷികൾ

പ്രവാചകനും അനുയായികള്‍ക്കും കനത്ത പരാജയമേല്പിച്ച് ദിവസം പാതി പിന്നിട്ടു. യുദ്ധത്തിന്റെ തുലാസ് കുറയ്ഷികളുടെ ഭാഗത്തേക്ക് നിര്‍ണായകമായി താഴ്ന്നു കഴിഞ്ഞു. പ്രവാചകന്റെ മരണവാര്‍ത്തയാഘോഷിച്ച കുറയ്ഷികള്‍ക്ക് സമയമെടുത്തെങ്കിലും തങ്ങളുടെ പിശക് ബോധ്യമായി. ഉബയ്യ് ബിന്‍ ഖലഫിനു മനോവിഭ്രാന്തി പിടിപെട്ടതായിരുന്നില്ലെന്നവർ മനസ്സാ അംഗീകരിച്ചു കഴിഞ്ഞു. ഉഹുദിന്റെ മടക്കുകളിലെവിടെയോ മുഹമ്മദ് ജീവനോടെയിരിക്കുന്നു-അവര്‍ക്കുറപ്പായി. ഇനിയെന്ത്? ഒന്നുമില്ല. മലമുകളിലെത്തി ആക്രമിക്കുക എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. സൈനികരുടെ സർവ്വാംഗങ്ങളിലും തളർച്ച കൂടുകൂട്ടിയിരിക്കുന്നു. അബിസീനിയന്‍ അടിമകള്‍ക്ക് നേരത്തെ തന്നെ തമ്പുകളഴിക്കാനുള്ള കല്പന അബൂസുഫ്‌യാന്‍ നല്‍കിക്കഴിഞ്ഞിരുന്നു. തങ്ങളുടെ ഭാഗത്തുനിന്ന് മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ഇതിനോടകം സംസ്‌കരിക്കപ്പെട്ടിട്ടുണ്ട്. ശത്രുവിന്റെ മൃതശരീരങ്ങള്‍ കീറിയും മുറിച്ചും വെട്ടിപ്പൊളിച്ചും വേണ്ടുവോളം വികൃതമാക്കിയിട്ടുമുണ്ട്. ആയുധങ്ങളും രണാര്‍ജിതസ്വത്തുക്കളുമെല്ലാം ഒട്ടകങ്ങള്‍ക്കു പുറത്ത് കെട്ടിവെച്ച് തിരിച്ചുപോകാനായി ഒരുങ്ങി നിൽക്കുകയാണവർ.

മടക്കയാത്ര തുടങ്ങുന്നതിനു മുമ്പായി അബൂസുഫ്‌യാന്‍ തന്റെ കുതിരപ്പുറത്തേറി, പ്രവാചകനും സംഘവും നിലയുറപ്പിച്ചിരുന്ന മലയുടെ അടിവാരത്തെത്തി താഴെനിന്ന് വിളിച്ചുചോദിച്ചു,’മുഹമ്മദ് ജീവിച്ചിരിപ്പുണ്ടോ?’ മലമുകളില്‍നിന്നുള്ളൊരു മറുപടിക്ക് ചെവിയോര്‍ത്തെങ്കിലും സ്വന്തം വാക്കുകളുടെ പ്രതിധ്വനിയല്ലാതെ മറുപടിയായൊന്നും കേട്ടില്ല. ‘അബൂബക്ര്‍ ജീവിച്ചിരിപ്പുണ്ടോ?’ ചോദ്യം മറ്റൊരു നിലയില്‍ ആവര്‍ത്തിച്ചു. പ്രതികരണമൊന്നും കാണാതെ അടുത്ത ചോദ്യം തൊടുത്തുവിട്ടു, ‘ഉമര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടോ?’ അപരാഹ്ന സൂര്യൻ തിളപ്പിച്ച മരുഭൂമിയുടെ ഭയാനകമായ നിശ്ശബ്ദത അല്പനേരം അന്തരീക്ഷത്തില്‍ തങ്ങിനിന്നു. മറുപടിയൊന്നും കാണാതെ വന്നപ്പോള്‍ അബൂസുഫ്‌യാന്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു, ‘ഇവര്‍ വധിക്കപ്പെട്ടിരിക്കുന്നു, ഇല്ലെങ്കിലവര്‍ ഉത്തരം നൽകേണ്ടതായിരുന്നുവല്ലോ.’
ഇതുവരെ പണിപ്പെട്ട് സ്വയം നിയന്ത്രിക്കുകയായിരുന്ന ഖതാബ് പുത്രന് ക്ഷമ നശിച്ചു. ‘അല്ലാഹുവിന്റെ പ്രതിയോഗീ, ഇവിടെ പേരു പറഞ്ഞവരെല്ലാം ജീവിച്ചിരിപ്പുണ്ട്. നിങ്ങളുടെ സ്വാസ്ഥ്യം കെടുത്താനായി അല്ലാഹു അവരെയെല്ലാം നിലനിര്‍ത്തിയിരിക്കുന്നു.’

‘ഉമര്‍, ഇതു കേള്‍ക്കുക!’ ഉമറിന്റെ ശബ്ദം തിരിച്ചറഞ്ഞ അബൂസുഫ്‌യാന്‍, വായ്ക്കു ചുറ്റും കൈകൊണ്ട് കുമ്പിൾ തീർത്ത് തൊണ്ടയിലെ ഞരമ്പ് വിറപ്പിച്ചുകൊണ്ട് പറഞ്ഞു, ‘നിങ്ങളുടെ കൂട്ടത്തില്‍നിന്ന് മൃതിയടഞ്ഞ ചിലരുടെ ശരീരം ഞങ്ങളുടെയാളുകള്‍ വെട്ടി വികൃതമാക്കിയിട്ടുണ്ട്, അങ്ങനെ ചെയ്യാന്‍ ഞാനാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല; അതില്‍ നിന്നാരെയും വിലക്കിയിട്ടുമില്ല. അതെന്നെ ആഹ്‌ളാദിപ്പിക്കുന്നില്ല; വിഷമിപ്പിക്കുന്നുമില്ല.

ശത്രുവിനോടുള്ള പ്രതികാരം കത്തിനില്‍ക്കെ, ആഗ്രഹാനുസാരം മധുരമായി പ്രതികാരം ചെയ്യാനായതിന്റെ അമിതാഹ്‌ളാദമോ ഭീഷണിയോ അബൂസുഫ്‌യാന്റെ വാക്കുകളിലുണ്ടായിരുന്നില്ല. പത്‌നി ഹിന്ദ് ഹംസയുടെ ഭൗതിക ശരീരത്തോട് കാണിച്ച അനാദരവില്‍ തനിക്കൊരു പങ്കുമില്ലെന്ന് പ്രവാചകനെയും അനുയായികളെയും തെര്യപ്പെടുത്തുകയായിരുന്നു ഈ നീക്കത്തിലൂടെ കുറയ്ഷികളുടെ തന്ത്രശാലിയായ മൂപ്പന്‍. സാഹചര്യനില വച്ചുനോക്കുമ്പോള്‍ ഒരു മാപ്പപേക്ഷയുടെ സ്വരം പോലും അയാളുടെ വാക്കുകളില്‍നിന്ന് ഇഴപിരിച്ചെടുക്കാം. ബദ്‌റിനുള്ള പ്രതികാരം തീർത്തു കഴിഞ്ഞതിനാൽ അബൂസുഫ്‌യാന്റെ കണക്കില്‍ ഇപ്പോള്‍ മുസ്‌ലിംകളും മക്കക്കാരും തമ്മിലുള്ള പ്രശ്‌നം, തല്‍ക്കാലത്തേക്കെങ്കിലും, തുല്യനിലയില്‍ പര്യവസാനിച്ചിരിക്കുകയാണ്. ‘യുദ്ധം ഊഴമനുസരിച്ച് നീങ്ങും. അന്നത്തെ നിങ്ങളുടെയാ ദിനത്തിന് പകരമാണീ ദിനം. ഏ ഹുബല്‍ നീ വാഴ്ക, നിന്റെ മതത്തെ നിലനിര്‍ത്തുക.’ അയാൾ പറഞ്ഞുനിർത്തി.

അതുവരെ അബൂസുഫ്‌യാന്‍ പറയുന്നതു കേട്ടിരിക്കുകയായരുന്ന നബി ഉമറിനോട് നിര്‍ദേശിച്ചു, ‘ഉമര്‍, ചെന്ന് അയാള്‍ക്ക് മറുപടി കൊടുക്കുക.’
‘അല്ലാഹുവാണ് അത്യുന്നതന്‍, അവനാണ് മഹോന്നതന്‍! നാം തുല്യരല്ല, ഞങ്ങളില്‍ നിന്ന് മൃതിയടഞ്ഞവര്‍ സ്വര്‍ഗത്തിലും നിങ്ങളില്‍ നിന്നുള്ളവര്‍ നരകത്തിലുമാണ്.’ അബൂസുഫ്‌യാന്‍ നിലയുറപ്പിച്ച സമതലത്തിലേക്കിറങ്ങി നിൽക്കുന്ന കൊക്കയുടെ വിളുമ്പില്‍ചെന്ന് അയാള്‍ക്കു കേള്‍ക്കാവുന്നതിനെക്കാളുച്ചത്തില്‍ ഉമര്‍ വിളിച്ചുപറഞ്ഞു.

‘ഉമര്‍, മുഹമ്മദിനെ ഞങ്ങള്‍ വധിച്ചുവോ?’ തര്‍ക്കത്തിനു നില്‍ക്കാതെ അബൂസുഫ്‌യാന്‍ ചോദിച്ചു.
‘അല്ലാഹുവാണ, ഇല്ല.’ ഉമര്‍ പറഞ്ഞു, ‘നിങ്ങളിപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് അവിടുന്ന് കേള്‍ക്കുന്നുണ്ട്.’
‘ശരി ഉമര്‍, കമീഅയെക്കാള്‍ വിശ്വസനീയമാണ് എനിക്ക് നിങ്ങളുടെ വാക്കുകള്‍. അടുത്ത വര്‍ഷം ബദ്‌റില്‍ കാണാം.’

കുറയ്ഷികളുടെ പഴയ നേതാവ് അബൂജഹ്‌ലില്‍നിന്ന് എന്തുകൊണ്ടും വ്യത്യാസപ്പെട്ടു നിൽക്കുന്നുണ്ട് അബൂസുഫ്‌യാന്‍. സാഹചര്യമനുവദിക്കുന്നത്ര മാന്യത ശത്രുവിന് കൊടുക്കാനയാള്‍ ശ്രദ്ധിച്ചിരുന്നതുപോലെതോന്നി. ഉമറിന്റെ വാക്കുകള്‍ക്ക് മറുത്തൊന്നുരിയാടാതെ അയാള്‍ ദൂരെ, തന്നെ കാത്തു നിൽക്കുന്ന അനുയായികളുടെ കൂട്ടത്തില്‍ ചേരാനായി കുതിരയെ ഓടിച്ചുപോയി. താവളത്തിലെത്തി സൈനികരോട് മക്കയിലേക്ക് പുറപ്പെടാന്‍ കല്പന പുറപ്പെടുവിച്ചു.

തെക്കുദിക്ക് ലാക്കാക്കിയാണ് ജേതാക്കളായ മക്കക്കാര്‍ പോകുന്നത്. ദക്ഷിണമാർഗം മക്കയിലോ മദീനയിലോ അവരെ എത്തിക്കാം. ആവേശമവരുടെ സിരകളിലേക്ക് പടര്‍ന്നുകയറിയിട്ടുണ്ട്. മുഹമ്മദിനെയും സംഘത്തെയും നിലംപരിശാക്കി കടന്നുവരുന്ന അബൂസുഫ്‌യാന്റെ സൈന്യത്തെ സ്വീകരിക്കാനായി മക്ക അണിഞ്ഞൊരുങ്ങി കാത്തുനില്‍ക്കുന്നുമുണ്ട്. അവർ മക്കയിലേക്ക് പോകുമോ, മദീനയിലേക്കു ചെന്ന് ആക്രമണമഴിച്ചു വിടുമോ? വിശ്വാസികളുടെ മനസ്സ് സംഭവ്യതകളുടെ ഇരുവഴി സഞ്ചരിച്ചു. രണ്ടിടത്തെ ലക്ഷ്യംവയ്ക്കാനുമുള്ള സാധ്യത പപ്പാതിയാണ്. സൈന്യം പ്രാവാചകന്റെയും അനുയായികളുടെയും കാഴ്ചപ്പുറത്തുനിന്ന് അകന്നകന്ന് പോയി. ധൂമപടലങ്ങള്‍ സൈനികരെയും വാഹനങ്ങളെയും പൊതിഞ്ഞിരുന്നതിനാല്‍ ദൃശ്യം വ്യവച്ഛേദിച്ച് മനസ്സിലാക്കുക അസ്സധ്യമായിരുന്നു. കുറയ്ഷി സേനയുടെ സഞ്ചാരമാർഗം കൃത്യമായന്വേഷിച്ചുവരാന്‍ പ്രവാചകന്‍ അലിയെ വിട്ടു.
‘അവർ കുതിരപ്പുറത്തു നടക്കുകയും ഒട്ടകങ്ങളെ തെളിച്ചുകൊണ്ടുപോവുകയുമാണെങ്കില്‍ ലക്ഷ്യം മക്കയാണ്, ഇനി ഒട്ടകപ്പുറത്ത് സഞ്ചരിക്കുകയും കുതിരകളെ തെളിച്ചുകൊണ്ടുപോവുകയുമാണെങ്കിലോ അവര്‍ നീങ്ങുന്നത് മദീനയുടെ നേരെയാണ്. എന്റെ ജീവൻ ആരുടെ കയ്യിലാണോ അവന്‍ സത്യം, അതാണവരുടെ പദ്ധതിയെങ്കില്‍, പൊരുതി ഞാനവരെ കീഴടക്കുകതന്നെ ചെയ്യും.

അലി കുന്നിറങ്ങി സമതലത്തിലൂടെ കുതിരയെ പറത്തി. ധൂമപടലങ്ങൾക്കിടയിലൂടെ മക്കക്കാരുടെ രൂപം തെളിഞ്ഞുകാണായി. വൈകാതെ അലി വാര്‍ത്തയുമായി പ്രവാചകനരികില്‍ തിരിച്ചെത്തി, ‘അവര്‍ ഒട്ടകപ്പുറത്തു സഞ്ചരിക്കുകയും കുതിരകളെ തെളിച്ച് കൊണ്ടുപോവുകയുമാണ്.’

പില്‍ക്കാലത്തൊരിക്കല്‍ ഖാലിദ് ബിനൽവലീദിനോടൊപ്പം കുറയ്ഷികള്‍ക്ക് നിര്‍ണായക വിജയം സമ്മാനിച്ച അശ്വസൈന്യത്തില്‍ അംഗമായിരുന്ന അംറ് എന്ന പടയാളി പറഞ്ഞാണറിയുന്നത്, ‘അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് ബിന്‍ സൂലൂല്‍ മൂന്നിലൊന്ന് സൈനികരോടൊപ്പം മദീനയിലേക്ക് തിരിച്ചുപോയിരുന്നതും ഔസുകാരും ഖസ്‌റജുകാരുമായ ചിലര്‍ നഗരത്തില്‍ തന്നെ തങ്ങിയിരുന്നതും എന്ന വിവരവും ഞങ്ങളറിഞ്ഞിരുന്നു. എന്നാല്‍, ചിതറിയ മദീന സൈന്യം വീണ്ടും സംഘടിച്ചെത്തി ഞങ്ങളെ ആക്രമിച്ചേക്കാമെന്ന ഭയപ്പാടില്‍ മദീന ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. സര്‍വ്വോപരി, ഞങ്ങളുടെ കുതിരകളധികവും അമ്പ് കൊണ്ട് മുറിവേറ്റിരുന്നു. അതിനാല്‍ ഞങ്ങള്‍ മക്കയിലേക്കു മടങ്ങി.’

നബി അനുചരരുമായി കുന്നിറങ്ങി യുദ്ധമടങ്ങിയ പടക്കളത്തിലൂടെ നടന്നു. ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ക്കിടയില്‍ അവിടവിടെ ഭൂമിയിലെ തങ്ങളുടെ ജീവതത്തിന്റെ അവസാന ശ്വാസം ആഞ്ഞെടുക്കാന്‍ ക്ലേശിക്കുന്നവരുണ്ട്. പിതൃവ്യനും കളിക്കൂട്ടുകാരനുമായിരുന്ന ഹംസയുടെ മൃതശരീരം തിരഞ്ഞു കണ്ടെത്താനായി ഹാരിസ് ബിന്‍ സിമ്മയെ നബി നേരത്തെ പറഞ്ഞയച്ചിരുന്നു. ഹംസയുടെ വികൃതമാക്കപ്പെട്ട ശരീരം കണ്ട് ഹാരിസ് അസ്തപ്രജ്ഞനായി. പ്രവാചകനോടക്കാര്യം പറയുന്നതോര്‍ത്ത് തിരിച്ചുചെല്ലാന്‍ അമാന്തിച്ചു. ഹാരിസ് തിരിച്ചുവരാത്തതെന്തേ എന്നോര്‍ത്ത് നബി അലിയെ പറഞ്ഞയച്ചു. ഹംസയുടെ ജഡത്തിനരികില്‍ വിഷാദിയായി പകച്ചുനില്‍ക്കുന്ന ഹാരിസിനെയാണ് അലി കണ്ടത്. പിതൃസഹോദരന്റെ രുധിരപങ്കിലമായ മൃതശരീരം കണ്ട് പരവശനായ അലിയുടെ നയനങ്ങള്‍ നനഞ്ഞു. ഇരുവരും ഒരുമിച്ച് പ്രവാചകനരികിലെത്തി.

ബീഭത്സമാംവിധം വികൃതമാക്കപ്പെട്ട ഹംസയുടെ ചേതനയറ്റ ശരീരം ഒന്ന് നോക്കിയതെയുള്ളൂ, പ്രവാചകന്റെ മനസ്സില്‍ ദുഃഖവും വ്യഥയും പതഞ്ഞുപൊങ്ങി. എല്ലാ ഇന്ദ്രിയ ചോദനകളെയും തളര്‍ത്തിക്കളഞ്ഞ ആ കാഴ്ചയുടെ സങ്കട നിമിഷത്തിലദ്ദേഹം പൊട്ടിക്കരഞ്ഞു. പ്രവാചകന്റെ മനസ്സിലേറ്റ മുറിവും രോഷവും കണ്ട് സന്തപിച്ച അനുചരരിലാരോ പറഞ്ഞു, ‘അല്ലാഹു നമുക്ക് നല്‍കുന്ന ഏറ്റവുമടുത്ത വിജയവേളയില്‍ അവരിലെ മുപ്പത് ശരീരങ്ങളോട് നാമിതേ നിലപാട് സ്വീകരിക്കും.’ പ്രവാചകൻ ഒന്നും മിണ്ടിയില്ലെങ്കിലും കുര്‍ആന്റെ നിര്‍ദേശം വൈകിയില്ല. ‘നിങ്ങള്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നുവെങ്കില്‍, നിങ്ങളോടവര്‍ സ്വീകരിച്ചതിന് തത്തുല്യമായത് മാത്രം സ്വീകരിക്കുക. നിങ്ങള്‍ ക്ഷമ കൈക്കൊള്ളുകയാണെങ്കിലതുതന്നെയാണ് ക്ഷമാലുക്കള്‍ക്കത്യുത്തമം.’ പിന്നീട് പ്രവാചകനിക്കാര്യം ശ്രദ്ധിക്കുമായിരുന്നു. ഓരോ യുദ്ധത്തിനു ശേഷവും മൃതദേഹങ്ങള്‍ വികൃതമാക്കുന്നതിനെ കര്‍ശനമായി വിലക്കിക്കൊണ്ട് നബി അനുയായികളെ ജാഗൃതരാക്കി. അതിനപ്പുറം, പ്രഹരിക്കുമ്പോള്‍ ശത്രുവിന്റെ വദനഭാഗമൊഴിവാക്കാന്‍ അദ്ദേഹം പ്രത്യേകം നിര്‍ദേശം നല്‍കുമായിരുന്നു.

ഹംസയുടെ ഭൗതിക ജഡത്തില്‍നിന്ന് അകലെയല്ലാതെ അബ്ദുല്ലാഹ് ബിന്‍ ജഹ്ഷ് ജീവനറ്റ് കിടന്നു. അയാളുടെ ശരീരവുമവർ വികലമാക്കിയിരിക്കുന്നു. അവരില്‍ നിന്ന് മാറി മറ്റു രക്തസാക്ഷികളിലേക്ക് തിരിഞ്ഞ പ്രവാചകന്‍ വളരെ വ്യത്യസ്തമായൊരു കാഴ്ച കണ്ടു. തന്റെ ബന്ധുക്കളായ ഈ രണ്ടുപേര്‍ക്കുമരികിലായി ഹന്‍ദലയുടെ ശരീരം കിടക്കുന്നു. കുറയ്ഷികളിലെ സ്ത്രീയോ പുരുഷനോ അയാളുടെ ശരീരം വെട്ടിവികൃതമാക്കാന്‍ ധൃഷ്ടരായിട്ടില്ല. അപരാഹ്ന വെയിലിലും അയാളുടെ നനഞ്ഞ മുടിയിഴകളില്‍നിന്ന് വെള്ളമിറ്റുന്നുണ്ടായിരുന്നു. മാലാഖമാര്‍ ഹന്‍ദലയെ മേഘജലമുപയോഗിച്ച് സ്‌നാനപ്പെടുത്തുന്ന കാര്യം യുദ്ധവേളയില്‍തന്നെ പ്രവാചകന്‍ അനുചരരുമായി പങ്കുവച്ചിരുന്നു. ധീരരക്തസാക്ഷിയുടെ മുഖത്ത് അന്നേരം ദൃശ്യമായ അലൗകികമായ സൗന്ദര്യവും ശാന്തതയും സ്വര്‍ഗലോകത്തുനിന്നുള്ള അടയാളംപോലെ തോന്നിച്ചു.

രക്തസാക്ഷിയായ സ്വപുത്രനെ സ്വപ്‌നത്തില്‍ ദര്‍ശിച്ചിരുന്ന ഖയ്‌സമയുടെയും, മുമ്പൊരിക്കൽ അനാഥക്ക് അറുന്നൂറ് ഈന്തപ്പനകളുള്ള മുറ്റിയ തോട്ടം ദാനമായി നല്‍കി പ്രവാചകന്റെ പ്രശംസ പിടിച്ചുപറ്റിയ സാബിത് ബിന്‍ ദഹ്ദാഹിന്റെയും ജഡങ്ങള്‍ അധികമകലെയല്ലാതെ കിടന്നു. സാബിതിന്റെ ഭൗതിക ജഡം കൺപാർത്ത മാത്രയില്‍ പ്രവാചകന്‍ പറഞ്ഞു, ഫലങ്ങളാല്‍ കനം തൂങ്ങി ഞാന്നുനില്‍ക്കുന്ന ഈന്തപ്പനകളുടെ എന്തൊരു പെരുക്കമാണെന്നോ ദഹ്ദാഹിന്റെ പുത്രന് പറുദീസയിലുള്ളത്!

ഔസ് ഗോത്രജരുടെയൊരു സംഘം, തങ്ങളുടെ ബന്ധുവായൊരാളുടെ ശരീരത്തിനുവേണ്ടി പരതിക്കൊണ്ടിരിക്കുമ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. മുസ്‌ലിമാകാതിരുന്നതിന്റെ പേരില്‍ തൊട്ടു തലേന്നാള്‍വരെ തങ്ങള്‍ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ഉസയ്‌രിം അതാ കിടക്കുന്നു, ആസന്നമരണനായി രക്തസാക്ഷികള്‍ക്കിടയില്‍. ഇസ്‌ലാമിനെക്കുറിച്ച് അവര്‍ സംസാരിക്കുമ്പോഴെല്ലാം അയാള്‍ പറയുമായിരുന്നുവത്രെ, ആ മതം സത്യമാണെന്ന് ബോധ്യമാകുന്ന നിമിഷം ഞാനത് സ്വീകരിച്ചിരിക്കും. അതിനിടയിൽ എന്തു സംഭവിച്ചുവെന്നറിഞ്ഞു കൂടാ, ഉസയ്‌രിം യുദ്ധഭൂമിയിലെത്തിയിരുന്നു. ശരീരം മുഴുവന്‍ മാരകമായ മുറിവുകളാണ്. ‘നിങ്ങളെങ്ങനെ ഇവിടെയെത്തി? ദേശത്തിന്റെ സംരക്ഷണമോര്‍ത്താണോ അതൊ, ഇസ്‌ലാമിനു വേണ്ടിയോ?’ കുസ്മാനെപ്പോലെ ദേശത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണോ പൊരുതിയത് എന്നറിയാനായി അവര്‍ ചോദിച്ചു.
‘ഇസ്‌ലാമിനു വേണ്ടി. പെട്ടെന്നായിരുന്നു അല്ലാഹുവിലും അവന്റെ പ്രവാചകനിലുമുള്ള എന്റെ വിശ്വാസം തിടംവെച്ചത്, ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഞാനെന്റെ വാള്‍ കയ്യിലേന്തി. പുലര്‍ച്ച വീടുവിട്ടിറങ്ങി തിരുദൂതരോടൊപ്പം ചേര്‍ന്നു. വെട്ടേറ്റ് വീഴുന്നതുവരെ ഞാന്‍ പൊരുതി.’ തുടര്‍ന്നൊന്നും പറയാന്‍ അയാള്‍ക്കായില്ല, പതുക്കെ കണ്ണുകളടഞ്ഞ് മൃതിയുടെ കൈകളിലേക്ക് ചാഞ്ഞു. ഉസയ്‌രിമിന്റെ കഥ ബന്ധുക്കള്‍ ചെന്നറീച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു, ‘അദ്ദേഹം സ്വര്‍ഗാവകാശിയാണ്.’ ഒരു നേരംപോലും നമസ്‌കാരം നിര്‍വ്വഹിക്കാതെ സ്വര്‍ഗത്തില്‍ പ്രവേശിച്ചയാളെന്ന് പില്‍ക്കാല ചരിത്രം ഉസയ്‌റിമിനെ ചേര്‍ത്തുപിടിച്ചു.

മൃതിയടഞ്ഞവരുടെ കൂട്ടത്തില്‍ ഒരപരിചിതന്‍, അഥവാ പ്രഥമകാഴ്ചയിൽ അങ്ങനെ തോന്നിച്ചൊരാള്‍, അവരുടെ ദൃഷ്ടിയില്‍ വന്നു. പിന്നീടാണ് അയാളുടെ പേര് മുഖയ്‌രിക് എന്നാണെന്നും യഹൂദ ഗോത്രമായ സഅ്ലബക്കാരുടെ പണ്ഡിതനും റബ്ബായിയുമാണെന്നെല്ലാം വിശ്വാസികള്‍ക്ക് മനസ്സിലായത്. തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍നിന്ന് മുഖയ്‌രികിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുണ്ടായി.

ഉഹുദിലെ മഹാസംഗ്രാമദിനത്തിന്റെ പുലര്‍ക്കാലത്ത് അയാള്‍ സ്വജനത്തെ വിളിച്ചുകൂട്ടി. പ്രവാചകനുമായുള്ള അവരുടെ പഴയ കരാര്‍ ഉയര്‍ത്തിപ്പിടിക്കാനും വിഗ്രഹാരാധകരോട് യുദ്ധത്തിനു പോകുന്ന മുസ്‌ലിം സേനയില്‍ അണിനിരക്കാനും അയാളവരോടാഹ്വാനം ചെയ്തു. അവര്‍ പ്രതിഷേധിച്ചു. അന്ന് ഷബ്ബാത്ത് നാളാണെന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. ഷബ്ബാത്ത് നാളില്‍ വേലകളൊന്നും ചെയ്തുകൂടല്ലോ. ‘നിങ്ങള്‍ കൃത്യമായി ഷബ്ബാത്ത് പാലിക്കുന്നില്ലല്ലോ.’ മുഹമ്മദാണ് തന്റെ സ്വത്തുക്കളുടെ ഏകയവകാശിയെന്ന് ബഹുശതം സഅ്ലബക്കാരെ സാക്ഷികളാക്കി മുഖയ്‌രിക് പ്രഖ്യാപിച്ചു. ‘ഈദിനം ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍ എന്റെ സ്വത്തുക്കള്‍ മുഹമ്മദിനുള്ളതായിരിക്കും. ആ സ്വത്തിന്റെ വിനിയോഗം അല്ലാഹു അദ്ദേഹത്തിനു ദൃശ്യപ്പെടുത്തും. തുടര്‍ന്ന് വാളും അവശ്യ യുദ്ധോപകരണങ്ങളുമെടുത്ത് ഉഹുദിലേക്ക് പുറപ്പെട്ടു. അവിടെ വച്ച് രക്തസാക്ഷിയായി. പിന്നീട് മുഖയ്‌രികിന്റെ ഈന്തപ്പനത്തോട്ടത്തിലെ വിളവെടുപ്പിനു ശേഷം വമ്പിച്ചൊരു ഈത്തപ്പഴ ശേഖരം മദീനയിൽ പ്രവാചക സന്നിധിയിലെത്തി. ‘യഹൂദസമൂഹത്തിലെ ഏറ്റവും ഉത്തമനായ മനുഷ്യന്‍’ നബി പറഞ്ഞു; മുഖയ്‌രികിനു ലഭിച്ച ഏറ്റവും വലിയ ബഹുമതി.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

No comments yet.

Leave a comment

Your email address will not be published.