നബിചരിത്രത്തിന്റെ ഓരത്ത് -74

//നബിചരിത്രത്തിന്റെ ഓരത്ത് -74
//നബിചരിത്രത്തിന്റെ ഓരത്ത് -74
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -74

ചരിത്രാസ്വാദനം

പിന്മാറ്റം

ക്ലേശകരമായൊരു മഹാരണത്തിന്റെ അഹിതകരമായ മൂര്‍ധന്യത്തില്‍, ജീവിതത്തിലെ ഏറ്റവും അപകടകടം നിറഞ്ഞ നാഴികകളിലൂടെയാണ് പ്രവാചകന്‍ കടന്നുപോകുന്നത്. അനുചരന്മാരില്‍ ചിലര്‍ അദ്ദേഹത്തെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. ഹിംസ്രജന്തുവിനെപ്പോലെ ക്രോധത്താല്‍ വിരണ്ട് മുരണ്ട് നില്‍ക്കുന്ന ഉബയ്യ് ബിന്‍ ഖലഫിന്റെ വാള്‍ വായുവില്‍ ഉയര്‍ന്നുകാണാം. അയാളെ നേരിടാനുറച്ച് അനിച്ഛാപ്രേരണയിലെന്നവണ്ണം സഹചരരുടെ കൈകള്‍ തങ്ങളുടെ വാള്‍പ്പിടിയില്‍ തൊട്ടു. നബിയവരോട് വാളില്‍ നിന്ന് കൈയെടുക്കാൻ പറഞ്ഞ അടുത്ത ക്ഷണത്തിൽ അദ്ദേഹം ഹാരിസ് ബിന്‍ സിമ്മയുടെ ചാട്ടുളി വലിച്ചൂരി ചുറ്റും നിന്നവരെ വകഞ്ഞുമാറ്റി മുന്‍നിരയിലേക്ക് കേറിനിന്നു. എന്തു സംഭവിക്കുന്നെന്നറിയാതെയവർ അന്ധാളിപ്പോടെ നോക്കിനിന്നു. ഇത്രമേൽ ഗൗരവഭാവത്തിൽ പ്രവാചകനെയവര്‍ മുമ്പ് കണ്ടിട്ടേയില്ല. ചുറ്റുമുള്ളവരുടെ കണ്ണുകള്‍ തിരുമുഖത്തുതന്നെ തറച്ചുനിന്നു.

അനാച്ഛാദിത ഖഡ്ഗവുമായി ഉബയ്യ് പ്രവാചകനു നേരെ കുതിരയെ തെളിച്ചു. എന്തെങ്കിലും ചെയ്യാൻ സാധിക്കും മുമ്പേ പ്രവാചകന്‍ അയാളുടെ തൊണ്ടയെ ലാക്കാക്കി ചാട്ടുളിയെറിഞ്ഞു. അയാളണിഞ്ഞിരുന്ന ലോഹത്താലുള്ള മെയ്മറയിൽ അരനിമിഷം ദൃശ്യമായ വിടവിലൂടെയത് ലക്ഷ്യത്തിൽ പോയിത്തറച്ചു. ഉബയ്യ് ഒരു കാളക്കൂറ്റനെപ്പോലെ മുക്രയിട്ടു. കുതിരപ്പുറത്തിരുന്ന് ആടിയുലഞ്ഞയാൾ കുന്നിറങ്ങി നേരെ കുറയ്ഷി കൈനില ലാക്കാക്കി കുതിരയെ നടത്തി. അവിടെ അയാളുടെ പിതൃവ്യപുത്രന്‍ സഫ്‌വാനും മറ്റു സഹഗോത്രജരും കൂടിനില്‍ക്കുന്നുണ്ട്. ‘മുഹമ്മദെന്നെ കൊന്നു.’ മനോനിയന്ത്രണമറ്റ് ഇടര്‍ച്ചയോടെയും പതര്‍ച്ചയോടെയും അയാള്‍ പറഞ്ഞു. അവരയാളുടെ മുറിവ് പരിശോധിച്ച് നിസ്സാരമാണെന്ന് സമാശ്വസിപ്പിച്ചു. എന്നാല്‍, ഉബയ്യിന് ഏതാണ്ടുറപ്പായിരുന്നു, മുറിവ് മാരകമാണെന്ന്; അതായിരുന്നു സത്യവും. ‘എന്നെ കൊല്ലുമെന്നയാള്‍ പണ്ട് മക്കയില്‍ വച്ച് പറഞ്ഞിട്ടുണ്ട്.’ ഉബയ്യ് പരവശനായി പറഞ്ഞൊപ്പിച്ചു. ‘അതിന് മുഹമ്മദ് വധിക്കപ്പെട്ടില്ലേ!’ അപ്പോഴാണവര്‍ക്ക് അല്പം മുമ്പ് കേട്ട വാർത്തയെക്കുറിച്ച് ബോധോദയമുണ്ടായത്. ഉബയ്യിനെ പിടികൂടിയിരിക്കുന്ന ഭയവിഭ്രാന്തിയില്‍ മനോനില നഷ്ടപ്പെട്ടതാകുമെന്നവര്‍ വിധിയെഴുതി. ഉബയ്യ് പക്ഷേ സമ്മതിക്കുന്നില്ല, താന്‍ തൊട്ടടുത്തുനിന്ന് മുഹമ്മദിനെ കണ്ടെന്നയാൾ കട്ടായം പറഞ്ഞു. ‘എനിക്ക് മുഹമ്മദിനെയും അല്ലാത്തവരെയും തമ്മിൽ മാറിപ്പോകില്ല’, അയാൾ പറഞ്ഞു. ശിരോകവചത്തിനുള്ളിലൂടെ ദൃശ്യമാകുന്ന രൂപം മറ്റൊരാളായി തോന്നാനുള്ള സാധ്യത തള്ളിക്കളയാവതല്ല എന്നതിനാൽ മുഹമ്മദ് വധിക്കപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ തന്നെയാണ് ഉബയ്യിന്റെ ബന്ധുക്കളുടെ അകം മന്ത്രിക്കുന്നത്. വൈകാതെ ഉബയ്യ് അവസാനത്തെ ശ്വാസമെടുത്തു. അങ്ങനെ, പ്രവാചകന്റെ കയ്യാൽ മരണമേറ്റുവാങ്ങിയ ഒരേയൊരാള്‍ എന്ന അപഖ്യാതിയുടെ വിഴുപ്പ് അവിടന്നിന്നോളം ഉബയ്യ് ബിൻ ഖലഫ് തോളില്‍പ്പേറുന്നു.

കുറയ്ഷിസേന നടത്തുന്ന അടുത്ത നീക്കം പ്രതീക്ഷിച്ച് പ്രവാചകനും സംഘവും കാത്തുനിന്നു; അത്യന്തം സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍. സംഘത്തില്‍ അബൂബക്‌റുണ്ട്, ഉമറുണ്ട്, അബൂഉബയ്ദയുണ്ട്, സഅദ് ബിന്‍ അബൂവകാസുണ്ട്, കതാദയുണ്ട്, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫുണ്ട്, സുബയ്ര്‍ ബിന്‍ അവ്വാമുണ്ട്… എല്ലാവരും ചേര്‍ന്ന് മുപ്പതുപേര്‍.

‘തിരുദൂതരേ, നമുക്ക് ഈ കുന്നിന്റെ മുകളിലേക്ക് കയറി അവിടെ നിലയുറപ്പിക്കാം,’ ഉമര്‍ നിര്‍ദ്ദേശിച്ചു, ഇനിയവര്‍ നമ്മെ പിന്തുടരാനിടയില്ല.’ അദ്ദേഹം പറഞ്ഞു. എന്നാൽ, അധികം കഴിഞ്ഞുകാണില്ല, അലിയാണതു കണ്ടത്, ‘അതാ ഖാലിദ് നമുക്കു പിന്നിലായി കേറി വരുന്നു,’ മലയടിവാരത്തിലേക്ക് ചൂണ്ടി അയാള്‍ വിളിച്ചുപറഞ്ഞു.
‘വരൂ നമുക്കവരെ തുരത്താം’ ഉമര്‍ പറഞ്ഞു. വിശിഖങ്ങളെയ്തും കല്ലുകളെറിഞ്ഞും ഖാലിദിന്റെയും സംഘത്തിന്റെയും ഉദ്യമം അവര്‍ വിഫലമാക്കി.

പ്രാവാചകനും സംഘവും ഉഹുദിന്റെ ശീര്‍ഷത്തിലേക്കുള്ള ആരോഹണം തുടരുന്നതിനിടെ ഇടക്കൊന്നു നിന്നു. അടുത്തുള്ള ഒരു പാറക്കുഴിയില്‍ നിന്ന് വെള്ളമെടുത്ത അലി അത് പ്രാവചകനു നീട്ടി, ഏറെയായി ഒഴുക്കില്ലാതെ കെട്ടിനിന്നതിന്റെ അരുചി കാരണം ദാഹാര്‍ത്തനായിരുന്നിട്ടും അദ്ദേഹത്തിനത് വായോടടുപ്പിക്കാനായില്ല. അതുപയോഗിച്ച് മുഖത്തെ ചോരപ്പാടുകള്‍ കഴുകിക്കളഞ്ഞു. മനസ്സു വച്ചാൽ, സമതലത്തിലുള്ള കുറയ്ഷികള്‍ക്ക് വളരെയെളുപ്പത്തില്‍ ഇപ്പോഴും അവരെ പിന്തുടര്‍ന്ന് പിടികൂടാം. അതിനാല്‍ ആരോഹണം തുടരാനും ഒരു പാറപ്പരപ്പില്‍ വിശ്രമിക്കാനും നിശ്ചയിച്ചു. ആവശ്യമെങ്കില്‍ പിന്നെയും മുകളിലേക്ക് കേറാമല്ലോ. പ്രവാചകന്‍ പരിക്ഷീണനായിരുന്നു. മുറിവുകളേല്പിച്ച തളര്‍ച്ചയില്‍ കായക്ലേശം സഹിച്ച് കുന്നു കയറുകയായിരുന്ന തല്‍ഹ പെട്ടെന്ന് കുനിഞ്ഞുനിന്ന് നബിയെ തന്റെ പുറത്തു വഹിച്ചു. അതോര്‍ത്താണ് പ്രവാചകന്‍ പില്‍ക്കാലത്തൊരിക്കല്‍ പറഞ്ഞത്, ‘ഭൂമുഖത്തുകൂടെ നടന്നുപോകുന്നൊരു രക്തസാക്ഷിയെ കാണണമെന്നുള്ളവര്‍ ഉബയ്ദുല്ലയുടെ പുത്രന്‍ തല്‍ഹയെ നോക്കട്ടെ’

താല്‍ക്കാലിക താവളമായി മാറിയ പാറയിലിരിക്കുമ്പോള്‍ സൂര്യന്‍ ഉച്ചിയിലെത്തിയിരുന്നു. അവര്‍ മധ്യാഹ്ന പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഇരുന്നു കൊണ്ടാണ് പ്രവാചകന്‍ പ്രാർത്ഥനക്ക് നേതൃത്വം നല്‍കിയത്. തുടർന്നദ്ദേഹം ദീര്‍ഘദീര്‍ഘം പ്രാര്‍ത്ഥിച്ചു. സ്വന്തം സഹചരരുടെ വീഴ്ചകളെക്കുറിച്ചോര്‍ത്ത് പ്രാര്‍ത്ഥനയില്‍ ഹൃദയം തുടിച്ചു, ‘അല്ലാഹുവേ, എന്റെയാളുകളോട് നീ പൊറുക്കുക, അവര്‍ക്ക് അറിവില്ലാത്തതുകൊണ്ടാണല്ലോ.’ തലേന്ന് രാത്രിയില്‍ ബാക്കിയായ ഉറക്കവും പകലിലെ പോരാട്ടത്തിന്റെ തളര്‍ച്ചയും പരാജയമേല്പിച്ച മനംമടുപ്പും മൂലം, അപൂര്‍വ്വം ചിലരൊഴിച്ച് മിക്കവരും അപ്പോഴേക്കും നിദ്രയിലേക്ക് വഴുതിയിരുന്നു. എന്നാൽ, നിദ്ര തഴുകാതെ കവച്ചുവച്ചുപോയ അപൂർവം വിശ്വാസികളുടെ കാതര മനസ്സ് സന്ദര്‍ഭമാവശ്യപ്പെട്ട ഗാഢനിശ്ശബ്ദതയില്‍ പലപല വിചാരങ്ങളില്‍ അധീരമായി. അപമാനകരമായ പരാജയമേല്പിച്ച മുറിവുകളെ അവ നീറ്റിപ്പഴുപ്പിച്ചു.

കുര്‍ആന്‍ അതിങ്ങനെ വിവരിച്ചു, ‘പിന്നീടാ വ്യസനത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്ക് നിദ്രാരൂപേണ ഭയരാഹിത്യം ഇറക്കിത്തന്നു. നിങ്ങളിലൊരു സംഘത്തെയത് പരിരംഭണം ചെയ്തു. മറ്റൊരു സംഘമാകട്ടെ, സ്വദേഹങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ സ്വാസ്ഥ്യരഹിതരായി. അജ്ഞാനകാലത്തെ അയഥാര്‍ത്ഥമായ ധാരണകളാണ് അല്ലാഹുവിനെക്കുറിച്ചവര്‍ വച്ചുപുലര്‍ത്തിയത്. “ഇക്കാര്യത്തില്‍ നമുക്കെന്തെങ്കിലും ചെയ്യാനുണ്ടോ” എന്നവര്‍ ചോദിക്കുന്നു. പറഞ്ഞേക്കുക, കാര്യങ്ങളഖിലവും അല്ലാഹുവിനധീനമാണ്. താങ്കളോട് വെളിപ്പെടുത്തിയിട്ടില്ലാത്ത എന്തോ അവര്‍ മനസ്സിനകത്ത് ഒളിച്ചുവയ്ക്കുന്നു. “കാര്യങ്ങള്‍ നമുക്കധീനമായിരുന്നെങ്കില്‍ നാമിവിടെ കൊല്ലപ്പെടില്ലായിരുന്നല്ലോ” എന്നവര്‍ പറയുന്നു. പറഞ്ഞേക്കുക, സ്വഭവനങ്ങളിലായിരുന്നെങ്കില്‍പോലും, കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങളുടെ മരണതല്പത്തിലേക്ക് പുറപ്പെട്ടുപോകുമായിരുന്നു. നിങ്ങളുടെ മനസ്സകത്തുള്ളത് പരീക്ഷിക്കുന്നതിനും ഹൃദന്തങ്ങളിലുള്ളത് വിമലീകരിക്കുന്നതിനും വേണ്ടിയുള്ളതാണിതെല്ലാം. നെഞ്ചകത്തുള്ളതറിയുന്നവനാകുന്നു അല്ലാഹു.’

ആശ്വാസദായിയായ ആ അലസനിദ്രക്കുശേഷം കഅ്ബ് അത്യന്തം വിഷാദവിവശനായി, മടിച്ചുമടിച്ച്, പ്രവാചകനരികിലെത്തി അറീച്ചു, ‘തിരുദൂതരേ, രക്തസാക്ഷികളായവരുടെ കൂട്ടത്തില്‍ അങ്ങയുടെ പിതൃവ്യൻ ഹംസയുണ്ട്.’
‘ഹംസ!’ അവിശ്വസനീയ ഭാവത്തില്‍ നബി ചോദിച്ചു. യുദ്ധപരാജയം മനസ്സിലേല്പിച്ച ദുഃഖശതങ്ങളെ പെരുപ്പിച്ചെത്തിയ വാര്‍ത്ത ശ്രവിച്ച് തിരുവദനത്തിലാകെ നിരാശ തൂകിക്കിടന്നു. പ്രതികാരദാഹികളായി ഹിന്ദും അവളുടെ കൂട്ടുകാരികളും നടത്തിയ അംഗവിച്ഛേദനത്തിന്റെ കഥ താനറിഞ്ഞ തോതില്‍ കഅ്ബ് തിരുദൂതര്‍ക്ക് വിശദീകരിച്ചു കൊടുത്തു.
‘ആരാണ് കൊന്നത്?’ എല്ലാം കേട്ടശേഷം സങ്കടം മറയ്ക്കാന്‍ പാടുപെട്ട് പതിഞ്ഞ സ്വരത്തില്‍ നബി ചോദിച്ചു.
‘വഹ്ഷി, ജുബയ്ര്‍ ബിന്‍ മുത്ഇമിന്റെ അടിമയാണ്,’ കഅ്ബ് പറഞ്ഞു. അനുതാപക്കണ്ണീര്‍ക്കണം പ്രവാചകന്റെ കവിള്‍ത്തടം നനച്ചു.

ദൂരെ, യുദ്ധമൊഴിഞ്ഞ പടക്കളത്തില്‍നിന്ന് കുറയ്ഷികളുയര്‍ത്തുന്ന ജയാരവങ്ങള്‍ നേര്‍ത്ത് കേള്‍ക്കാം. സ്ത്രീകള്‍ കുരവയിടുന്നുണ്ട്, എന്തോ പാടിപ്പറയുന്നുണ്ട്. അക്കൂട്ടത്തില്‍ ഹിന്ദിന്റെ ശബ്ദവും പിണഞ്ഞുകിടക്കുന്നുണ്ടാകാം.

ഇതേസമയം, കുറയ്ഷികളുടെ ശ്രദ്ധ തങ്ങളിലെ മൃതിപ്പെട്ടവരെയും മുറിവേറ്റവരെയും കുറിച്ചുള്ള തിരക്കുകളിലേക്ക് തിരിഞ്ഞു. അവരുടെ നഷ്ടം ആപേക്ഷികമായി കുറവാണ്, മുവ്വായിരം പേരില്‍ ഇരുപത്തിരണ്ടു പേര്‍ക്കു മാത്രമാണ് ജീവനഷ്ടം സംഭവിച്ചത്. ശത്രുനിരയില്‍ എഴുപതിലധികം പേര്‍ക്ക് ജീവനാശമുണ്ടായിട്ടുണ്ട്, അവരിലധിക പേരെയും മക്കക്കാർക്കറിഞ്ഞുകൂടാ. മൂന്നുപേര്‍ മാത്രമാണ് മക്കയില്‍ നിന്ന് പലായനം ചെയ്‌തെത്തിയവര്‍; അബ്ദുല്‍ മുത്തലിബിന്റെ പുത്രന്‍ ഹംസ, ഉമയ്‌റിന്റെ പുത്രന്‍ മുസ്അബ്, ജഹ്ഷിന്റെ പുത്രന്‍ അബ്ദുല്ല. പടനിലത്ത് ചിതറിക്കിടന്ന മറ്റു ചില മൃതശരീരങ്ങളും വ്രണമേറ്റ് മൃതപ്രായരായി കിടക്കുന്നവരും അവരുടെ ശ്രദ്ധയില്‍ വന്നതുമില്ല. മുറിവേറ്റ് അനങ്ങാനാവാതെ കിടക്കുന്നവരുടെ കൂട്ടത്തില്‍ ഷമ്മാസുണ്ട്. മുഹമ്മദിന്റെ ജീവനറ്റ ശരീരം കണ്ടെത്തുന്നതിനു വേണ്ടിയുള്ള വൃഥാ ശ്രമത്തിലാണിപ്പോഴും കുറയ്ഷ്.

അതിനിടെ, എന്തോ ഓർത്തിട്ടെന്നവണ്ണം, വഹ്ഷി തിരിച്ചുചെന്ന് ഹംസയുടെ നെഞ്ച് പണിപ്പെട്ട് കീറി കരള്‍ മാന്തിയെടുത്ത് നേരെ ഹിന്ദിനടുത്തെത്തി.
‘നിങ്ങളുടെ പിതാവിനെ കൊന്നയാളെ കൊന്നാല്‍ എനിക്കെന്തു കിട്ടും?’ അയാള്‍ ചോദിച്ചു.
‘രണാര്‍ജിത മുതലില്‍നിന്നുള്ള എന്റെ വിഹിതം മുഴുവന്‍.’ ഹിന്ദ് ഉറപ്പുകൊടുത്തു.
‘ഇതാ ഹംസയുടെ കരള്‍,’ അയാള്‍ നീട്ടി. വിശന്ന വേട്ടപ്പട്ടിയെന്നവണ്ണം ആര്‍ത്തിയോടെ ഹിന്ദ് അതുവാങ്ങി ഒരു കഷണമെടുത്ത് വെറുപ്പ് പൂര്‍ണമായും പ്രകടമാകുംവിധം വായിലിട്ട് ചവച്ചു. തന്റെ ശപഥം പൂര്‍ത്തിയാക്കാനായി ഒരു കണിക കടിച്ചിറക്കി, ബാക്കി പുറത്തേക്ക് തുപ്പിക്കളഞ്ഞു.

തോഴികളെയും കൂട്ടി ശ്ലഥശരീരങ്ങള്‍ക്കിടയിലൂടെ തിരഞ്ഞു നടന്ന് അവസാനമവള്‍ സധീരം പൊരുതി, അവസാനം വീണുപോയ പടയാളിയുടെ മുറിക്കപ്പെട്ട ശരീരത്തിനടുത്തെത്തി മുട്ടുകുത്തി. ആദ്യം ഹംസയുടെ മൂക്കും പിന്നെ ചെവിയും തുടര്‍ന്ന് മാംസളമായ ഭാഗങ്ങളോരോന്നും അരിഞ്ഞെടുത്തു. തുടര്‍ന്നവള്‍ തന്റെ കണ്ഠഹാരങ്ങളും പൊന്‍പതക്കങ്ങളും കാല്‍ചിലങ്കകളും അഴിച്ച് അപ്പോഴേക്കും അവിടെയെത്തിയിരുന്ന വഹ്ഷിക്ക് കൈമാറി. കൂടെയുള്ള സ്ത്രീകളോടായി ഹിന്ദ് അട്ടഹസിച്ചു,
‘നോക്കിനില്‍ക്കാതെ പോയി യുദ്ധഭൂമിയില്‍ ജീവനറ്റ് കിടക്കുന്ന മറ്റു മൃതദേഹങ്ങള്‍ കീറിമുറിച്ച് അരിഞ്ഞിടുക.’ കുറയ്ഷി നായകന്റെ പത്‌നിയുടെ ആജ്ഞ കേട്ട് അവര്‍ പോയി ശരീരങ്ങള്‍ തുണ്ടീകരിച്ച് അവയുപയോഗിച്ച് പകവീട്ടലിന്റെ ആഭരണങ്ങളുണ്ടാക്കി ശരീരത്തിലണിഞ്ഞു. ഹിന്ദ് ഒരു പാറയില്‍ കയറിനിന്ന് ഉറക്കെ വിജയഗീതിയാലപിച്ചു:

‘ബദ്‌റിനുള്ള കൂലി നിങ്ങള്‍ക്കു നല്‍കി ഞങ്ങള്‍.
ഒന്നിനു ശേഷമൊന്നായി പടരും രണജ്വാല,
മനസ്സിന്റെ ദാഹം ശമിച്ചു ശപഥം നിറവേറി.
എന്റെ നെഞ്ചിലെ തൃഷ്ണ വഹഷീ, നീ ശമിപ്പിച്ചു.’

ചില കുറയ്ഷി പുരുഷന്മാരും മൃതശരീരങ്ങള്‍ കീറിമുറിച്ച് വികലമാക്കി തങ്ങളുടെ അധമമനസ്സിന്റെ താഴ്ച പ്രകടമാക്കി. ‘എടാ വിമതാ, നീയിത് രുചിക്ക്,’ ഹംസയുടെ വായുടെ വശത്ത് കുന്തമുന താഴ്ത്തിക്കൊണ്ട് അബൂസുഫ്‌യാന്‍ പറഞ്ഞു. ശത്രുവിന്റെ മൃതശരീരം വികലമാക്കുന്നതും മരിച്ചിട്ടും മാറാത്ത കുറയ്ഷി മൂപ്പന്റെ പകയുമെല്ലാം അവരുടെ ബദവി സഖ്യകക്ഷികള്‍ക്ക് നിഷ്ഠുരമായ മര്യാദലംഘനമായാണനുഭവപ്പെട്ടത്. കൃത്യസമയത്ത് അതുവഴി കടന്നുപോവുകയായിരുന്ന കിനാനാ ഗോത്രത്തിന്റെ മൂപ്പന്‍ ഹുലയ്‌സ് അബൂസുഫ്‌യാന്‍ കേള്‍ക്കാനായി വിളിച്ചുപറഞ്ഞു, ‘കിനാനക്കാരേ, കൊല്ലപ്പെട്ടു കിടക്കുന്ന സ്വന്തം പിതൃവ്യപുത്രനെ നിങ്ങളീ കണ്ട കോലം ചെയ്യുന്നൊരാള്‍ക്ക് കുറയ്ഷിന്റെ തമ്പുരാനായിരിക്കാന്‍ പറ്റുമോ?’ തന്ത്രജ്ഞര്‍ക്കും തന്ത്രജ്ഞനായ അബൂസുഫ്‌യാന്‍ പെട്ടെന്ന് ആവേശപ്പുറത്ത് താൻ ചെയ്ത വങ്കത്തം തിരിച്ചറിഞ്ഞു.
‘ഒന്ന് പോയി തുലയ് ചങ്ങാതീ,’ ഹുലയ്‌സിനോടായാള്‍ പറഞ്ഞു, ‘ഇനിയതിനെക്കുറിച്ച് മിണ്ടല്ലെ, ഒരു നാക്കുപ്പിഴ, അത്രതന്നെ. ഇനിയില്ല.’

അതിനിടയില്‍ അബൂ ആമിര്‍ തന്റെ മകന്‍ ഹന്‍ദലയുടെ ചലനമറ്റു കിടക്കുന്ന ശരീരം നോക്കിനിന്നു. ‘ഞാന്‍ അന്നേ നിനക്ക് മുന്നറീപ്പ് നല്‍കിയിരുന്നതല്ലേ മകനേ, ഈ മനുഷ്യനെക്കുറിച്ച്!’ പ്രവാചകനെ സൂചിപ്പിച്ചു കൊണ്ടയാള്‍ പതം പറഞ്ഞു. ‘എന്നാലും… ഉത്തരവാദിത്വമുള്ളൊരു മകനായിരുന്നു നീ. മഹിതമായ സ്വഭാവ ഗുണങ്ങളുള്ള മനുഷ്യനായിരുന്നു നീ,’ തൊട്ടടുത്തു കിടക്കുന്ന ഹംസയുടെ ഭൗതികശരീരം ചൂണ്ടി അയാള്‍ തുടര്‍ന്നു, ‘ഇപ്പോള്‍ നിന്റെ കൂട്ടുകാരിലെ ഈ പൂവിനോടൊപ്പം നീയിതാ വീണുകിടക്കുന്നു. ഈ കൊല്ലപ്പെട്ടു കിടക്കുന്നവനു വേണ്ടി, അതല്ലെങ്കില്‍ മുഹമ്മദിന്റെ ഏതെങ്കിലും അനുയായിക്കു വേണ്ടി ദൈവം പ്രതികാരം ചെയ്യുമെന്ന് നീ കരുതുന്നുണ്ടോ?’ പിന്നീടയാള്‍ ഹിന്ദിനെയും കൂട്ടുകാരികളെയും രൂക്ഷമായി നോക്കി ഇങ്ങനെ അലറി, ‘ഹേ കുറയ്ഷികളേ, ഹന്‍ദലയെ അംഗവിച്ഛേദം നടത്താതെ വിടുക; അവന്‍ എന്റെയും നിങ്ങളുടെയും ശത്രുവായിരുന്നെങ്കില്‍ കൂടി.’ അബൂ ആമിറിന്റെ ആവശ്യം പരിഗണിച്ച് ഹന്‍ദലയുടെ ശരീരമവര്‍ ഒന്നുംചെയ്യാതെ അവിടെത്തന്നെ വിട്ടിട്ടുപോയി.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

No comments yet.

Leave a comment

Your email address will not be published.