ചരിത്രാസ്വാദനം
വ്യാജവൃത്താന്തം
അന്തരീക്ഷത്തിലുയര്‍ന്ന് പൊങ്ങിയ ധൂളിപടലം ഉഹുദ് താഴ്‌വാരത്തിലെ കാഴ്ചകളെ മറച്ചു. യുദ്ധം പാരമ്യം പ്രാപിച്ചിരിക്കുന്നു. ഒരു സംഘം കുറയ്ഷി അശ്വയോദ്ധാക്കള്‍ പിന്നണിയിലൂടെ കുതിച്ച് പ്രവാചകനുമായി മുഖാമുഖം നിന്നു. ‘നമുക്കുവേണ്ടി സ്വയം സമര്‍പ്പിക്കാനാരുണ്ട്?’ ശബ്ദമുയര്‍ത്തിയുള്ള നബിയുടെ ചോദ്യം കേട്ടതും അന്‍സാരികളായ അഞ്ചുപേര്‍ വാളൂരി സ്വന്തം ജീവനുവേണ്ടിയെന്നപോല്‍ പൊരുതി. അവരില്‍ നാലുപേര്‍ രക്തസാക്ഷികളായി, ഒരാള്‍ക്ക് മാരകമായി മുറിവേറ്റു. രക്തസാക്ഷികളായവര്‍ക്ക് പകരം പുതിയ ആളുകള്‍ തയ്യാറായി വന്നു. അലിയും തല്‍ഹയും സുബയ്‌റും അബൂദുജാനയും മുന്നില്‍നിന്ന് പിന്‍നിരയിലെത്തി പ്രവാചകനരികിലേക്ക് കുതിച്ചു. അവരെത്തിയപ്പോഴേക്കും സഅദ് ബിന്‍ അബൂവകാസിന്റെ സഹോദരന്‍ ഉത്ബ എറിഞ്ഞ കൂര്‍ത്തുമൂര്‍ത്തൊരു കല്ല് പറന്നെത്തി തിരുദൂതരുടെ കീഴ്ചുണ്ട് മുറിച്ചുകളഞ്ഞു, മുന്‍നിരയിലെ രണ്ട് പല്ലുകള്‍ക്ക് കേടുപറ്റി. തിരുമുഖം നിണമണിഞ്ഞു. മുഖം തുടച്ചുകൊണ്ട് തനിക്ക് കാര്യമായൊന്നും സംഭവിച്ചിട്ടില്ലെന്ന് നബി അലിയെയും കൂട്ടരെയും അറീച്ചു. അതിനിടെ അബൂആമിര്‍ തീര്‍ത്തിരുന്ന ഒരു കുഴിയില്‍ പ്രവാചകന്‍ വീണുപോയി. അലിയും തല്‍ഹയും ഓടിയെത്തി അദ്ദേഹത്തെ കൈപ്പിടിച്ചുകേറ്റി.
എല്ലാവരും യുദ്ധമുന്നണിയിലേക്കുതന്നെ തിരികെപ്പോയി; തല്‍ഹയൊഴികെ. അസംഖ്യം മുറിവുകളേറ്റ് രക്തം വാര്‍ന്നു പരിക്ഷീണനായിരുന്ന തല്‍ഹ അപ്പോഴേക്കും മോഹാലസ്യത്തിലേക്ക് തെന്നിയിരുന്നു.
‘നിങ്ങളുടെ മച്ചുനനെ ശ്രദ്ധിക്കൂ, അബൂബക്ര്‍,’ നബി അബൂബക്‌റിന് നിര്‍ദേശം നല്‍കി. ആ ക്ഷണംതന്നെ തല്‍ഹ ഉണര്‍ന്നു കഴിഞ്ഞിരുന്നു. അയാള്‍ക്കു പകരം സഅദ് ബിൻ അബൂവകാസും ഖസ്‌റജിയായ ഹാരിസ് ബിന്‍ സിമ്മയും മുന്നണിയിലേക്കു കുതിച്ചു. എല്ലാവരും ചേര്‍ന്ന് വിജയലഹരി ഞരമ്പുകളിലേക്ക് പടര്‍ന്നിരുന്ന കുറയ്ഷികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തി.
സഅദ് ബിന്‍ അബൂവകാസ് പ്രവാചന്റെ മുന്നില്‍ നിലയുറപ്പിച്ച് അദ്ദേഹത്തിനു നേരെവന്ന വെട്ടുകളോരോന്നും തടുത്തു. സഅദിന് അമ്പുകള്‍ കൈമാറി പ്രവാചകന്‍ പറഞ്ഞു, ‘എയ്തുവിട്ടോളൂ സഅദ്, എന്റെ പിതാവും മാതാവുമാണ് താങ്കളുടെ മറുവില. അന്‍സാരിയായ അബൂതല്‍ഹയാണ് പ്രവാചകന്റെ സുരക്ഷക്കായി അദ്ദേഹത്തിനു മുന്നില്‍ നിന്നുപൊരുതിയ മറ്റൊരാൾ. ബഹുദൈവോപാസര്‍ക്കെതിരെയുള്ള അബൂതല്‍ഹയുടെ ശബ്ദത്തിന് അന്ന് ഒരു സൈനികദളത്തിന്റെ ഊക്കുണ്ടായിരുന്നുവെന്ന് പ്രവാചകന്‍ പിന്നീടൊരിക്കല്‍ പറയുകയുണ്ടായി. അബൂതല്‍ഹ പരിചപോലെ നബിക്ക് മുമ്പില്‍ നിന്നു പൊരുതി. കിടയറ്റ അമ്പെയ്ത്തുകാരനായിരുന്ന അബൂതല്‍ഹ അന്ന് ശത്രുക്കളുടെ മൂന്ന് പേരുടെ വില്ലുകളാണ് ഒടിച്ചുവീഴ്ത്തിയത്. അതിനിടെ വലയത്തിനുള്ളിൽ തലയുയര്‍ത്തി നിന്ന പ്രവാചകനോട് അബൂതല്‍ഹ പറഞ്ഞു, പ്രവാചകരേ, അങ്ങ് തലതാഴ്ത്തൂ, തലക്ക് അമ്പേല്‍ക്കും. അങ്ങയുടെ നെഞ്ചിന് മുമ്പിലായി എന്റെ നെഞ്ചുണ്ട്.
ജീവന്‍ ത്യജിച്ച അന്‍സാരി സഹോദരങ്ങളുടെ ജഡങ്ങളിലേക്ക് നോക്കി അവര്‍ക്കുമേല്‍ അനുഗ്രഹ വര്‍ഷമുണ്ടാകാനായി പ്രവാചകന്‍ പ്രാര്‍ത്ഥിച്ചു. അവരിലെ അഞ്ചാമന്റെ ശരീരത്തില്‍ ഇപ്പോഴും ജീവനുണ്ട്. ശരീരത്തിലവശേഷിച്ച നേര്‍ത്ത ശക്തി ആഞ്ഞെടുത്ത് നിലത്തിഴഞ്ഞ് പ്രവാചകനടുത്തെത്താന്‍ ശ്രമിക്കുകയാണയാള്‍. അയാളെ എടുത്തുകൊണ്ടുവരാനായി നബി രണ്ടു പേരെ വിട്ടു. പതുക്കെ രക്തസാക്ഷിത്വത്തിന്റെ തീരമണയുന്ന പടയാളിയുടെ ശിരസ്സിനു താഴെ തന്റെ കാല്‍ തലയിണയായി വച്ചുകൊടുത്തു. അയാള്‍ അവസാന ശ്വാസമെടുക്കുന്നതുവരെ കാലനക്കാതെ പ്രവാചകന്‍ അവിടെതന്നെയിരിക്കുകയും അയാളുടെ പരലോകശ്രേയസ്സിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ‘ഖഡ്ഗങ്ങളുടെ ഛായയ്ക്കു കീഴെയാണ് പറുദീസയുള്ളത്,’ നബി പറഞ്ഞു. സംവത്സരങ്ങള്‍ക്കു ശേഷവും പ്രവാചകന്‍ അനുഗ്രഹത്തിന്റെ പേമാരി ചൊരിഞ്ഞ അന്യാദൃശമായ ആ സമയബിന്ദു ഓര്‍ത്തെടുക്കുമായിരുന്നു. ‘അന്നാ മലയടിവാരത്ത് കൂട്ടുകാര്‍ക്കൊപ്പം ഞാന്‍ പരിത്യക്തനായിരുന്നെങ്കിലൊ!’
നഷ്ടപ്പെട്ട കളം ശത്രു സാവധാനം കയ്യടക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രവാചകനെ ചൂഴ്ന്നുനില്‍ക്കുന്ന സുരക്ഷാ സംഘത്തിന്റെ ആവനാഴിയിലെ അമ്പുകള്‍ ഒടുങ്ങാറായി. അല്ലെങ്കിലും അസ്ത്രമെയ്തുള്ള പോരാട്ടം അധികനേരം നീണ്ടുനില്‍ക്കില്ല. ശത്രുസേന ഇനിയും അടുത്തു വരികയാണെങ്കില്‍ നാല് അവിശ്വാസിക്ക് ഒരു വിശ്വാസി എന്ന അനുപാതത്തില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍തന്നെ വേണ്ടിവരും. അപ്പോള്‍പിന്നെ അമ്പും വില്ലും താഴെയിട്ട് വാള്‍ ഉറയില്‍നിന്നൂരേണ്ടി വരും. അന്നേരമുണ്ട് ഒറ്റക്ക് കുതിരപ്പുറത്തൊരാള്‍ അതിശീഘ്രം നബി നില്‍ക്കുന്നേടത്തിരമ്പിയെത്തുന്നു. ‘എവിടെ മുഹമ്മദ്?’ ആവേശത്തിന്റെ പരകോടിയില്‍ അയാള്‍ അലറിച്ചോദിച്ചു. ‘അയാള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍പിന്നെ ഞാനില്ല,’ കുറയ്ഷി ഉപഗോത്രങ്ങളില്‍ നിന്നൊന്നില്‍നിന്നുള്ള ഇബ്‌നു കമീഅയായിരുന്നു അത്. നിരവധി മുസ്‌ലിം സൈനികരെ വാളിനിരയാക്കിയതിന്റെ അഹങ്കാരത്താല്‍ വീര്‍ത്തുകെട്ടിയുള്ള വരവാണ്. കൊച്ചു സംഘത്തിലൂടെ നടത്തിയ നിമിഷനേരത്തെ ദ്രുതനോട്ടത്തില്‍തന്നെ അയാളുടെ കഴുകക്കണ്ണുകള്‍ തന്റെ വാള്‍തല തേടിയ ഇരയെ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. കുതിരപ്പുറത്തിരുന്ന് ഒന്ന് മുന്നോട്ടാഞ്ഞ് തന്റെ കരവാളുയര്‍ത്തി അന്തരീക്ഷത്തില്‍ മിന്നല്‍പിണര്‍ തീര്‍ത്തുകൊണ്ട് ആഞ്ഞൊരു വെട്ട്. ഒരു ശിരോമകുടത്തിനും തന്റെ ഖഡ്ഗപ്രഹരം തടുക്കാനാകില്ലെന്നയാള്‍ക്കുറപ്പുണ്ടായിരുന്നു.
പ്രവാചകനു ചാരെ നില്‍ക്കുകയായിരുന്ന തല്‍ഹ വിപദിവീര്യത്തോടെ വാളിന്റെ പതനസ്ഥാനത്ത് ചാടിയെത്തി ഒരുവിധം ആ വാള്‍പ്രയോഗത്തിന്റെ ആഘാതം കുറച്ചു. വെട്ടേറ്റ് തല്‍ഹയുടെ ഒരു കയ്യിലെ വിരലുകള്‍ പിന്നീടങ്ങോട്ട് പ്രയോഗരഹിതമാവുകയും ചെയ്തു. വാള്‍ നബിയുടെ ശിരോകവചത്തിന്റെ അഗ്രഭാഗത്തിലൂടെ ഉരസി ചെന്നിയെ ഉരുമ്മി കടന്നുപോയതിന്റെ ശക്തിയില്‍ ശിരസ്‌കത്തിലെ രണ്ട് കണ്ണികള്‍ കവിളിലെ മാംസംളമായ ഭാഗത്ത് പുതഞ്ഞുപോയി. അപ്പോഴേക്കും രൗദ്രത നഷ്ടമായിരുന്ന ഖഡ്ഗം പ്രവാചകന്റെ ഇരട്ടയങ്കി ധരിച്ച തോളിലൂടെ താഴെ വന്നുനിന്നു.
ശിരസ്സിന്റെ വശത്തേറ്റ അടിയുടെ ആഘാതത്തില്‍ നിമിഷനേരത്തേക്ക് പ്രവാചകന്‍ സ്തബ്ധനായി നിലത്ത് വീണു. അക്രമി വന്ന വേഗത്തില്‍ അവിടന്ന് പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു. അനുചരരെല്ലാം തളരാതെ പൊരുതി. മഖ്‌സൂമിയായ ഷമ്മാസ് പ്രവാചകന്റെ തൊട്ടു മുമ്പില്‍ നിലയുറപ്പിച്ച് പൊരുതി. ജീവിക്കുന്ന പരിച എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചിരുന്ന ഷമ്മാസ് താമസിയാതെ വെട്ടേറ്റ് മരിച്ചുവീണു. മറ്റൊരാള്‍ ആ സ്ഥാനം ഏറ്റെടുത്തു, തൊട്ടടുത്ത്, വഹിച്ചുനിന്നിരുന്ന ജലംനിറച്ച തോല്‍സഞ്ചി വലിച്ചെറിഞ്ഞ് തന്റെ കരവാളുയര്‍ത്തിപ്പിടിച്ചുകൊണ്ട് പോരാളികളിലെ മഹിള നുസയ്ബ എന്ന ഉമ്മു അമ്മാറ പെണ്‍പുലിയുടെ ശൗര്യത്തോടെ നിലകൊണ്ടു. ശത്രുവിനു നേരെ നടന്ന് ‘അടുത്ത് വന്നുനോക്ക്’ എന്നവർ വെല്ലുവിളിച്ചു.
അതിനിടെയൊരു ശബ്ദം ഉയര്‍ന്നുകേട്ടു, ‘മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു…’ ഒരുപക്ഷേ ഇബ്‌നു കമീഅ തന്നെയാകാം ആ ശബ്ദത്തിനുടമ. കുറയ്ഷികളുടെ മനസ്സ് കുളിര്‍പ്പിക്കാന്‍ പോന്ന ശബ്ദം കാറ്റിലേറി ഒരലയായി മൈതാനിയിലൂടെ ഒഴുകിപ്പരന്നു. യാ… ഉസ്സാ… യാ… ഹുബല്‍… വിളികള്‍ ഉഹുദിലെ കിഴുക്കാന്തൂക്കായ പാറക്കെട്ടുകളില്‍ തട്ടി പ്രതിധ്വനിച്ചു. നേരത്തെതന്നെ കളംവിടേണ്ടി വന്ന മുസ്‌ലിംകളുടെ മനസ്സില്‍ ആത്മനിന്ദയോടൊപ്പം വിഷാദവും നിയന്ത്രണാതീതമായി പതഞ്ഞുകേറി. അതുവരെയും, പൊരുതുക അല്ലെങ്കില്‍ മരിക്കുക എന്ന ദാര്‍ഢ്യത്തോടെ, പതര്‍ച്ചയൊട്ടുമില്ലാതെ പടവെട്ടിക്കൊണ്ടിരുന്ന ഒരു വിഭാഗം വിശ്വാസികള്‍ വാര്‍ത്തയറിഞ്ഞ് മനംമടുത്ത് പിന്‍വാങ്ങി. ചിലരാകട്ടെ, അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സുലൂലുമായി ബന്ധപ്പെടാനുള്ള ആലോചനയില്‍വരെയെത്തി; അയാള്‍ വഴി അബൂസുഫ്‌യാനില്‍നിന്ന് ജാമ്യം നേടാമെന്നാണ് കണക്കുകൂട്ടല്‍.
അവിടെയും അപവാദങ്ങളുണ്ടായിരുന്നു, നദ്‌റിന്റെ പുത്രന്‍ അനസ് തന്നെ അവരിലൊരാളാണ്. ഏറ്റുമുട്ടാനുള്ള ശത്രുവിനെത്തേടി മൈതാനത്തിലൂടെ ധിറുതിയില്‍ നടക്കുകയായിരുന്ന അനസ് ഇതികര്‍ത്തവ്യതാമൂഢരായിരിക്കുന്ന ഒരുകൂട്ടം വിശ്വാസികളെ കണ്ടു. തിരുദൂതരുടെ മരണത്തോടെ ഇനി ജീവിച്ചിരിക്കുന്നതിലെന്തര്‍ത്ഥം എന്ന ആധിയില്‍, തികട്ടിത്തികട്ടി വരുന്ന അപരാധബോധത്താല്‍ സ്വസ്ഥതയറ്റ് പോര്‍ക്കളത്തിന്റെ ഒരു ഭാഗത്തേക്ക് മാറിയിരിക്കുകയാണവര്‍. പോരാട്ടം തുടരാനോ ഓടി രക്ഷപ്പെടാനോ തോന്നാത്ത വിധം അവരുടെ മനസ്സിനെ മുച്ചൂടും മരവിപ്പ് ഗ്രസിച്ചിരുന്നു. ‘നിങ്ങളെന്താണിവിടെയിരിക്കുന്നത്?’ അനസ് ചോദിച്ചു,
‘പ്രവാചകന്‍ കൊല്ലപ്പെട്ടിരിക്കുന്നു.’ അവര്‍ പറഞ്ഞു,
‘പ്രവാചകനു ശേഷമുള്ള ജീവിതത്തില്‍ നിങ്ങളെന്തു ചെയ്യും?’ അനസ് ചോദിച്ചു, ‘എഴുന്നേറ്റ് മരണം വരിക്കൂ, പ്രവാചകന്‍ മരണം വരിച്ചതുപോലെ.’ അനസ് നേരെ ശക്തമായ പോരാട്ടം നടക്കുന്ന ഭാഗത്തേക്ക് നടന്നുനീങ്ങി. അതിനിടയിലയാള്‍ സഅദ് ബിന്‍ മുആദുമായി കണ്ടുമുട്ടി. സഅദാണ് പിന്നീട് നബിയോട് അനസിന്റെ ആ വാക്കുകള്‍ ഉദ്ധരിച്ചത്, ‘പറുദീസ! ഉഹുദിന്റെ മറുവശത്തുനിന്നെന്ന വണ്ണം ഞാനതിന്റെ ഗന്ധം ശ്വസിക്കുന്നു.’ ‘അല്ലാഹുവിന്റെ ദൂതരേ,’ സഅദ് പറഞ്ഞു, ‘എന്നാല്‍, അനസ് പൊരുതുന്നത് നേരിട്ടു കാണാനെനിക്കു സാധിച്ചിട്ടില്ല.’ പിന്നീടവരയാളെ കാണുന്നത് എണ്‍പതിലധികം മുറിവുകളുമായി യുദ്ധക്കളത്തില്‍ കിടക്കുന്ന നിശ്ചലശരീരമായാണ്. സ്വന്തം സഹോദരിക്കുമാത്രമേ അയാളുടെ ഭൗതികജഡം തിരിച്ചറിയാന്‍ സാധിച്ചുള്ളൂ അതുതന്നെയും വിരലുകള്‍ പരിശോധിച്ച്.
മലമുകളിലഭയം തേടിയിരുന്ന വിശ്വാസികള്‍ക്ക് പിന്മാറ്റം എളുപ്പമായിരുന്നു. തങ്ങള്‍ ജയിച്ചതായും ഇനി യുദ്ധത്തിന്റെ ആവശ്യമില്ലെന്നും മനസ്സിലാക്കിയ ശത്രുക്കളുടെ വീര്യം അയഞ്ഞു പോയിരുന്നല്ലോ. മരണപ്പെട്ടവരെത്രയെന്ന് ഇനിയും എണ്ണിക്കണക്കാക്കിയിട്ടില്ല. എന്നാൽ, ബദ്‌റില്‍ തങ്ങളുടെ ഭാഗത്തുനിന്ന് മരണമടഞ്ഞത്രയും പേര്‍ മദീന സേനയില്‍നിന്ന് ഏതായാലും മരിച്ചു കഴിഞ്ഞുവെന്നവര്‍ക്കുറപ്പുണ്ടായിരുന്നു. ഇനിയിപ്പോള്‍ ഈ അനര്‍ത്ഥങ്ങള്‍ക്കെല്ലാം കാരണക്കാരനായ ആള്‍ വധിക്കപ്പെട്ടതോടെ, തങ്ങള്‍ പുതുമതത്തിന് തടയിട്ടു കഴിഞ്ഞതായും പഴയ സാമൂഹ്യക്രമം തിരിച്ചു വന്നതായും അവര്‍ക്കു തോന്നി. ‘യാലല്‍ ഉസ്സാ, യാലല്‍ ഹുബല്‍!
കുറയ്ഷികളുടെ പെട്ടെന്നുള്ള അയത്തം ആദ്യമേ പാതി കീഴടങ്ങിയിരുന്ന വിശ്വാസികളെക്കാള്‍ ആശ്വാസം നല്‍കിയത് പ്രവാചകന് ചുറ്റും നിന്ന് പൊരുതിയ ഇരുപത് പേര്‍ക്കായിരുന്നു. ഈ ഇരുപത് പേരെയൊരിക്കലും ബന്ദികളായി പിടികൂടാനാവില്ലെന്ന് കുറയ്ഷികളുറപ്പിച്ചു, രണ്ടും കല്പിച്ച് പിടികൂടാന്‍ ചെന്നാലോ, ആ പോരാളികളുടെയും പിടികൂടാന്‍ ചെന്നവരുടെയും മരണമായിരിക്കും അനന്തര ഫലം. ഉറപ്പാണ് അവര്‍ മരണംവരെ അടരാടും. ഇനി അവര്‍ മരിച്ചാലുമില്ലെങ്കിലും തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ടെന്നവര്‍ കരുതി, ബദ്‌റിലെ പരാജയത്തിനുള്ള പ്രതിക്രിയയുമായി.
വൈകാതെ പ്രവാചകന്‍ ബോധത്തിലേക്ക് തിരിച്ചുവന്നു. അദ്ദേഹം എഴുന്നേറ്റുനിന്നു. കുറയ്ഷ് പിന്‍വാങ്ങിത്തുടങ്ങിയിരുന്നു. ആംഗ്യത്തിലൂടെ തന്നെ പിന്തുടരാന്‍ അനുചരന്മാര്‍ക്ക് നിര്‍ദേശം നല്‍കി അദ്ദേഹം കയറാന്‍ വലിയ പ്രയാസമില്ലാത്ത ഒരു ഭാഗത്തുവന്നു ഉഹ്ദ് കേറാനാരംഭിച്ചു. മുകളിലെത്തി ശത്രുവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. കവിള്‍ സാമാന്യം നല്ല നിലയില്‍ വേദനിക്കുന്നുണ്ട്. ആ ഭാഗത്തെ മാംസത്തില്‍ ഇരുമ്പുകണ്ണി ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അല്പായുസ്സായ വിശ്രമത്തിനിടെ അബൂഉബയ്ദ അദ്ദേഹത്തിന്റെ പല്ലുകള്‍ക്കിടയില്‍ നിന്നത് പുറത്തെടുത്തു. തുടര്‍ച്ചയായി പൊടിഞ്ഞ രക്തം ഖസ്‌റജിയായ മാലിക്ക് തന്റെ വായ കൊണ്ട് വലിച്ചെടുത്തു.
കൊച്ചു സംഘം, ഉഹുദിന്റെ പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ മേലോട്ട് നീങ്ങി. നേരത്തെ മലമുകളില്‍ സ്ഥാനം പിടിച്ചിരുന്ന ചിലര്‍ അവരെ കണ്ടു. അവര്‍ താഴെയിറങ്ങി സംഘവുമായി സന്ധിച്ചു. പ്രവാചകന്റേതിനു സമാനമായ ഒരാള്‍രൂപം കണ്ട് അവര്‍ക്ക് കൗതുകമായി, നടത്തത്തില്‍ ചില്ലറ വ്യത്യാസമുണ്ടെന്ന് മാത്രം, ബാക്കിയെല്ലാം അപ്പടി പ്രവാചകന്‍തന്നെ. കഅ്ബ് ബിന്‍ മാലികിനാണ് ആദ്യം കാര്യം പിടികിട്ടിയത്. പ്രാവാചക ‘സദൃശമായ’ ആള്‍രൂപം അടുത്തെത്തിയപ്പോള്‍ ശിരസ്‌കത്തിന്റെ വിടവിലൂടെ കണ്ട മുഖത്തേക്ക് കഅ്ബ് സൂക്ഷിച്ചു നോക്കി, തുള്ളിത്തുളുമ്പിയ ആനന്ദത്തോടെ പിന്നിലേക്ക് തിരിഞ്ഞ് അയാള്‍ വിളിച്ചു പറഞ്ഞു, ‘മുസ്‌ലിംകളേ, ആഹ്ലാദിക്കൂ, ഇത് അല്ലാഹുവിന്റെ ദൂതരാണ്.’ പ്രാവാചകന്‍ ചുണ്ടിനു വിലങ്ങനെ വിരല്‍വെച്ച് കഅ്ബിനോട് മിണ്ടാതിരിക്കാന്‍ ആംഗ്യംകാണിച്ചു. കഅ്ബ് പിന്നീടൊന്നും മിണ്ടിയില്ല. എന്നാൽ, വാര്‍ത്ത ചുണ്ടുകളില്‍ നിന്ന് കാതുകളിലേക്ക് ക്ഷണവേഗം പടര്‍ന്നു കഴിഞ്ഞിരുന്നു. കേട്ടത് സത്യമാണോ എന്നറിയാന്‍ ആളുകള്‍ വന്നുകൊണ്ടിരുന്നു. അന്നേരം അവരിലേക്ക് പടര്‍ന്ന ആനന്ദത്തിരകളടങ്ങാന്‍ സമയമെടുത്തു. വെളിച്ചമായി, നിലാവായി, തണലായി പ്രവാചകന്‍ തങ്ങള്‍ക്കിടയില്‍ ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയില്‍ യുദ്ധത്തിലെ പരാജയമേല്പിച്ച സഹസ്രക്ഷതങ്ങളുടെ വേദന മങ്ങിപ്പോയി. പരാജയം പെട്ടെന്ന് തിരിഞ്ഞ് വിജയമായി മാറിയതുപോലെ.
പ്രവാചകനും സംഘവും അല്പം മുമ്പുണ്ടായിരുന്ന സ്ഥലത്ത് കുതിരപ്പുറത്ത് നിലയുറപ്പിച്ചിരുന്ന ഉമയ്യയുടെ സഹോദരന്‍ ഉബയ്യിന്റെ കാതുകള്‍ കഅ്ബിന്റെ വാക്കുകള്‍ കൃത്യമായി പിടിച്ചെടുത്തു. മുഹമ്മദിനെ സ്വന്തം കൈകൊണ്ട് വധിക്കുമെന്ന് ശപഥം ചെയ്തതായിരുന്നു ഉബയ്യ്. തന്റെ വാളിനു വിധേയനാകേണ്ടിയിരുന്നയാള്‍ വധിക്കപ്പെട്ടുവെന്ന് വിവരം ലഭിച്ചപ്പോള്‍ ജഡമൊന്നു കാണാനും അതിലിനിയും ജീവനവശേഷിക്കുന്നില്ല എന്നുറപ്പുവരുത്താനുമായി പുറപ്പെട്ടതായിരുന്നു അയാള്‍. കഅ്ബിന്റെ ശബ്ദം കേട്ടതോടെ ഉബയ്യിന്റെ സര്‍വ്വാംഗങ്ങളിലേക്കും പ്രതികാരദാഹം ഇരച്ചുകയറി. അയാള്‍ പ്രവാചകനും സംഘവും നിലയുറപ്പിച്ച കുന്ന് കേറാനാരംഭിച്ചു. അവരുടെ തൊട്ടടുത്തുവരെ എത്തി, ‘മുഹമ്മദ്, നീ രക്ഷപ്പെട്ടാല്‍പിന്നെ ഞാന്‍ രക്ഷപ്പെടില്ല.’ അയാള്‍ കോപാക്രാന്തനായി വിളിച്ചുപറഞ്ഞു.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.