നബിചരിത്രത്തിന്റെ ഓരത്ത് -72

//നബിചരിത്രത്തിന്റെ ഓരത്ത് -72
//നബിചരിത്രത്തിന്റെ ഓരത്ത് -72
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -72

ചരിത്രാസ്വാദനം

ഗതിമാറ്റം

ക്ഷുഭിതനായൊരു സിംഹത്തിന്റെ വീറോടെ നേരിട്ടുകൊണ്ടിരുന്ന ശത്രുവിനുനേരെ വാളുയര്‍ത്തിയ നിമിഷാര്‍ധത്തില്‍ കാണായ ഹംസയുടെ പടച്ചട്ടയിലെ പഴുതിലൂടെ വഹ്ഷി ചാട്ടുളി പായിച്ചു, കൃത്യം ലാക്കില്‍തന്നെ ചെന്നു തറച്ചു. നാഭിയിലൂടെ തുളഞ്ഞ് കാലുകള്‍ക്കിടയിലൂടെ പുറത്തേക്ക് തുറിച്ചു. ഹംസ നേരിട്ടുകൊണ്ടിരുന്ന അബ്ദുദ്ദാറിന്റെ അവസാനത്തെ ധ്വജവാഹകൻ അപ്പോഴേക്കും മരണത്തിനു കീഴൊതുങ്ങിയിരുന്നു. പതറിയ ഏതാനും ചുവടുകള്‍ കൂടി മുമ്പോട്ടുവച്ച് ധീരനായ ഹംസ വിറയോടെ തറയില്‍ വീണു. വീണുപോയ തന്റെ ഇരയുടെ ശരീരത്തിലെ തുടിപ്പ് നിലയ്ക്കുന്നതുവരെ വഹ്ഷി കാത്തുനിന്നു. നേരെ ചെന്ന്, ഏതാനും നിമിഷം മുമ്പുവരെ പടക്കളത്തില്‍ ആയിരം സിംഹങ്ങളുടെ വീര്യത്തോടെ പൊരുതിയ ഇസ്‌ലാമിന്റെ അസാമാന്യനായ പടയാളിയുടെ നിശ്ചലഗാത്രത്തില്‍ നിന്നയാൾ ചാട്ടുളി വലിച്ചൂരി. അതിവേഗം കുറയ്ഷി കൈനിലയില്‍ തിരിച്ചെത്തി ആത്മഗതം ചെയ്തു: ‘ഞാനെന്തിനായിരുന്നോ വന്നത് ആ ജോലി ചെയ്തുതീര്‍ത്തിരിക്കുന്നു, ഹംസയെ വധിച്ചത് എന്റെ മോചനത്തിനുവേണ്ടി മാത്രമാണ്.’ ധീരനായ പടയാളിയെ കൊന്നതിലുള്ള പശ്ചാത്താപം അവിടെ തുടങ്ങുകയായിരുന്നോ?

തങ്ങള്‍ തോറ്റുകൊണ്ടിരിക്കുകയാണെന്ന ബോധ്യം സിരാവ്യൂഹത്തിലേക്ക് പടര്‍ന്നുകഴിഞ്ഞിരുന്ന കുറയ്ഷി അണികളില്‍ ഹംസയുടെ വധത്തെക്കുറിച്ചുള്ള വാര്‍ത്ത വലിയ അലകളൊന്നും സൃഷ്ടിച്ചില്ല. അബ്ദുദ്ദാറിലെ ധ്വജവാഹകര്‍ ഒന്നൊഴിയാതെ യുദ്ധക്കളത്തില്‍ പ്രാണന്‍ വെടിഞ്ഞപ്പോള്‍ അവരുടെ ഒരു അബിസീനിയന്‍ അടിമ സ്ത്രീ അംറ വന്ന് കൊടിയേറ്റെടുത്തു. അവള്‍ക്കും പക്ഷേ, അധികനേരം പിടിച്ചുനില്‍ക്കാനായില്ല. കുറയ്ഷി പതാക ഏറ്റെടുക്കാനാരുമില്ലാതെ അശ്രദ്ധമായി കുറെനേരം തറയില്‍തന്നെ കിടന്നു.

ഹംസ കളത്തിലില്ലെങ്കിലും അബൂദുജാനയും സുബയ്‌റും അന്‍സാറുകളും മുഹാജിറുകളുമടങ്ങിയ മുസ്‌ലിം പടയാളികള്‍ അപ്പോഴും പടക്കളത്തില്‍ പതറാതെ പൊരുതി. അമിത്, അമിത്, മരണമേല്പിക്കുക, മരണമേല്പിക്കുക എന്ന് വിളിച്ചു പറഞ്ഞുകൊണ്ടവര്‍ മരണം വിതച്ചു. അന്ധാളിപ്പിക്കുന്നതും അപ്രതിഹതവുമായ മുന്നേറ്റം. അലിയുടെ വെള്ളത്തൂവല്‍, അബൂദുജാനയുടെ ചെന്തലപ്പാവ്, സുബയ്‌റിന്റെ മഞ്ഞത്തലപ്പാവ്, ഹുബാബിന്റെ പച്ചത്തലപ്പാവ്… എല്ലാം വിജയത്തിന്റെ കൊടിക്കൂറകളായി കളം നിറഞ്ഞുനിന്നു. അബൂബക്ര്‍, ഉമര്‍, മുസ്അബ്, സഅദ് ബിന്‍ മുആദ്, സഅദ് ബിന്‍ ഉബാദ, അബ്ദുല്ലാഹ് ബിന്‍ ജഹ്ശ്… എല്ലാവരും അനിതരസാധാരണമായ പോരാട്ടവീര്യം പുറത്തെടുത്ത ചരിത്രത്തിലെ ഏറ്റവും നിര്‍ണായക നിമിഷങ്ങളിലൂടെയാണിപ്പോള്‍ യുദ്ധം കടന്നുപോകുന്നത്.

ഹന്‍ദലയുടെ വാള്‍ച്ചുവട്ടില്‍നിന്ന് അബൂസുഫ്‌യാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ശദാദ് ബിന്‍ അസ്‌വദ് എന്ന ലെയ്‌സ് ഗോത്രജന്‍ വന്ന് ഹന്‍ദലയെ അയാളുടെ കുന്തമുനക്ക് മുകളിലൂടെ തള്ളി. അയാള്‍ നിലത്തുവീണു. തൊട്ടുടനെ നടത്തിയ മറ്റൊരു തള്ളിലൂടെ ശദാദ് അയാളെ വധിച്ചു- ഹന്‍ദല ഷഹീദായി.

മൂന്നു തവണ ഖാലിദ് മുസ്‌ലിം സേനയുടെ ഇടതുപാര്‍ശ്വത്തില്‍ വിള്ളലുണ്ടാക്കി സേനയില്‍ അങ്കലാപ്പും ഭയപ്പാടും സൃഷ്ടിക്കാനും അതുവഴി അവരെ പരാജയപ്പെടുത്താനും ശ്രമിച്ചു. മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടു. നബി നിയോഗിച്ച അരശതം അമ്പെയ്ത്തുകാര്‍ തീര്‍ത്ത പ്രതിരോധത്തിന്റെ കോട്ട തകര്‍ത്ത് കുറയ്ഷി സേനക്ക് തരിമ്പും മുന്നേറാനായില്ല. മക്കാസേനയുടെ അനക്കങ്ങളിപ്പോൾ മിക്കവാറും അവരുടെ തമ്പുകൾക്ക് ചുറ്റുമായി പരിമിതപ്പെട്ടിട്ടുണ്ട്. പോരാട്ടം പതുക്കെ ചരുവിറങ്ങി താഴ്‌വാരത്തിലേക്ക് നീങ്ങുന്നതിനനുസൃതമായി കുറയ്ഷി സേന വിണ്ടുചിതറി. മുവ്വായിരം വരുന്ന സര്‍വ്വായുധവിഭൂഷിതരായ സേനയെ മുപ്പതിനായിരത്തിന്റെ കരുത്തോടെ നേരിടുന്ന എഴുന്നൂറു പേര്‍ അനിതരസാധാരണമായ ധീരതയുടെ അധ്യായം ചരിത്രത്തിന്റെ താളുകളിലേക്ക് തുന്നിച്ചേര്‍ക്കുകയാണ്.

പ്രവാചകന്‍ നില്പുറപ്പിച്ചിരുന്നിടത്തുനിന്നും വളരെ അകലെയാണിപ്പോള്‍ യുദ്ധം നടക്കുന്നത്. മുസ്‌ലിം സേനാനികള്‍ വിജയിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലായതല്ലാതെ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി കാണാനുമറിയാനും ദൂരം അദ്ദേഹത്തിനു മുമ്പില്‍ തടസ്സമായി നിന്നു. പെട്ടെന്നദ്ദേഹം ആകാശത്തിലെ പറവകളെ നോക്കുന്നയാളുടെ ശ്രദ്ധയോടെ കണ്ണുകള്‍ മേലോട്ടുയര്‍ത്തി. എന്നിട്ട് അടുത്തുനിന്നവരോടായി പറഞ്ഞു, ‘നിങ്ങളുടെ കൂട്ടുകാരന്‍…’, ഹന്‍ദലയാണദ്ദേഹമുദ്ദേശിച്ചത്, ‘മാലാഖമാര്‍ സ്‌നാനപ്പെടുത്തുകയാണവനെ.’ പിന്നീടിക്കാര്യം വിശദമായിത്തന്നെ നബി ഹന്‍ദലയുടെ പങ്കാളി ജമീലയോട് പറയുന്നുണ്ട്, ‘ഭൂമിക്കും ആകാശത്തിനുമിടയില്‍ വെള്ളിത്താലങ്ങളില്‍ മേഘജലം ശേഖരിച്ച് മാലാഖമാര്‍ ഹന്‍ദലയെ കുളിപ്പിക്കുന്നത് ഞാന്‍ കണ്ടു.’ അന്നേരം മധുവിധു രാവിന്റെ മൃദുയാമത്തിൽ താന്‍ കണ്ട സ്വപ്നത്തെക്കുറിച്ചും, രണാങ്കണത്തിലെത്താന്‍ വൈകിയാലോ എന്ന ഭയത്താല്‍ നിര്‍ബന്ധമായിരുന്ന ദേഹശുദ്ധിപോലും വരുത്താതെ പ്രിയതമന്‍ മദീന വിട്ടതുമെല്ലാം അവള്‍ നബിയോടു പറഞ്ഞു.

മുസ്‌ലിംസേനയുടെ മുന്നേറ്റം തുടർന്നു. കുറയ്ഷ് തിരിച്ചുവരവ് അസാധ്യമാകുംവിധം ശിഥിലമായി. അവരുടെ താവളത്തിലേക്കുള്ള വഴികള്‍ ഒഴിഞ്ഞ് തുറന്നുകിടക്കുന്നു. ഹിന്ദും തോഴിമാരും തങ്ങളുടെ വസ്ത്രങ്ങള്‍ കണങ്കാലില്‍നിന്ന് പൊക്കിപ്പിടിച്ച് കാല്‍ച്ചിലമ്പ് കാട്ടിയോടി മലമുകളില്‍കേറി നിലയുറപ്പിച്ചത് കാണായി. ഇനി രണാര്‍ജിതസ്വത്തുക്കള്‍ ശേഖരിക്കാം. പ്രവാചകന്‍ നില്‍ക്കുന്നിടത്തുനിന്ന് വലിയ അകലത്തിലല്ലാതെ നിന്നിരുന്ന അമ്പത് വില്ലാളികള്‍ക്ക്, താഴെ സമതലത്തില്‍ തങ്ങളുടെ സഹസൈനികര്‍ ശത്രുക്കള്‍ ഇട്ടേച്ചുപോയ വസ്തുക്കള്‍ ശേഖരിക്കുന്നത് അവ്യക്തമായെങ്കിലും കാണാം. ഇപ്പോഴവര്‍ പ്രവാചകന്‍ നിര്‍ത്തിയേടത്തില്ല; അവരോടിപ്പോയിരിക്കുന്നു, നബിയുടെ ആദേശമോര്‍മിപ്പിച്ചുകൊണ്ടവരുടെ തലയാള്‍ അബ്ദുല്ലാഹ് ബിന്‍ ജുബയ്ര്‍ നടത്തിയ ആഹ്വാനങ്ങള്‍ കാറ്റില്‍ചിതറി വൃഥാവിലായി.
‘പ്രവാചകന്‍ എന്നെന്നേക്കുമായി ഇവിടെ നില്‍ക്കാനല്ല നമ്മോടാവശ്യപ്പെട്ടത്, യുദ്ധം അവസാനിച്ചിരിക്കുന്നു, അവിശ്വാസികള്‍ തുടച്ചുനീക്കപ്പെടുകയും ചെയ്തിട്ടുണ്ട്.’ ഓടുന്നതിനിടെ അവര്‍ വിളിച്ചുപറഞ്ഞു. അമ്പെയ്ത്തുസംഘത്തെ ഭീഷണമാംവിധം ശകലീകരിച്ച് നാല്പതുപേര്‍ സ്ഥലംവിട്ടു.

കുതിരപ്പടകൊണ്ട് ഇതുവരെയുള്ള യുദ്ധത്തിന്റെ ഗതിവിഗതികളെ കാര്യമായി സ്വാധീനിക്കാന്‍ കുറയ്ഷി സേനക്ക് സാധിച്ചിട്ടില്ല. തിരിച്ചറിയാനാകാത്തവിധം ഇരുസേനകളും കലര്‍ന്നുകഴിഞ്ഞിരുന്നതിനാല്‍ യുദ്ധക്കളത്തിലേക്ക് കുതിരകളെ പായിക്കുന്നത് ശത്രുനിരയെപ്പോലെ സ്വന്തം സൈനികരെയും അപായപ്പെടുത്തുമെന്നവര്‍ ഭയന്നു. പിന്നില്‍ നില്‍ക്കുന്ന അമ്പെയ്ത്തുകാരുടെ ശരമേല്‍ക്കാതെ മുസ്‌ലിംസേനയുടെ പിന്‍നിരയിലെത്താനവര്‍ക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍, വില്ലാളികളൊഴിഞ്ഞ വിടവുകളെ കുറയ്ഷികളുടെ വലതുപാര്‍ശ്വസേനയുടെ തലയാള്‍ ഖാലിദ് ബിന്‍ വലീദിന്റെ കഴുകക്കണ്ണുകള്‍ പിടിച്ചെടുത്തുകഴിഞ്ഞിരിക്കുന്നു. ഉചിതമായ സമയം വന്നെത്തിയിരിക്കുന്നുവെന്ന് കണ്ടയാള്‍ അമ്പെയ്ത്തുകാര്‍ ഉപേക്ഷിച്ചുപോയ സ്ഥാനം കയ്യടക്കാനായി മിന്നല്‍വേഗത്തില്‍ കുതിരകളെ പായിച്ചു. അബ്ദുല്ല അവശേഷിച്ച പടയാളികളോടൊപ്പം ഇടതടവില്ലാതെ അമ്പുകളെയ്ത് ശത്രുനിരയെ തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അവര്‍ തങ്ങളുടെ അമ്പും വില്ലും എറിഞ്ഞൊഴിവാക്കി മരണം വരിക്കുവോളം വാളും കുന്തവും പ്രയോഗിച്ച് ശത്രുസേനയെ നേരിട്ടു. ഓടിപ്പോകാതെ നിന്ന പത്തുപേരും രക്തസാക്ഷികളായി, വർധിത വീര്യത്തോടെ ഖാലിദ് തിരിഞ്ഞുചെന്ന് മുസ്‌ലിംസേനയുടെ പിന്‍നിരയെ ആക്രമിച്ചു, ഇടത് പാര്‍ശ്വനായകന്‍ ഇക്‌രിമയും അയാളുടെ വഴി പന്തുടര്‍ന്നു.

തങ്ങളുടെ നിരയിലേക്കുള്ള ശത്രുക്കളുടെ അപ്രതീക്ഷിത കടന്നുകയറ്റം വിശ്വാസികളെ അങ്കലാപ്പിലാക്കി. അലിയും കൂട്ടുകാരും പുതിയ ഭീഷണി നേരിടാനായി അങ്ങോട്ടു തിരിഞ്ഞു. ഓടിപ്പോയിരുന്ന കുറയ്ഷി സേനാംഗങ്ങള്‍ പുതിയ വിവരമറിഞ്ഞ് പടനിലത്ത് തിരിച്ചെത്തി. യുദ്ധത്തിന്റെ ഗതി പൊടുന്നനെ എതിർദിശയിൽ തിരിഞ്ഞു. ആവേശഭരിതരായ കുറയ്ഷികളുടെ യാ ഉസ്സാ… യാ ഹുബല്‍… വിളികള്‍കൊണ്ട് അന്തരീക്ഷം മുഖരിതമായി. ഉയര്‍ത്താനാളില്ലാതെ നിലത്തുകിടന്ന കുറയ്ഷി ധ്വജം ആകാശത്തിലുയര്‍ന്നുപാറി. ഖാലിദിന്റെയും കൂട്ടരുടെയും വാള്‍ത്തലപ്പില്‍ നിന്ന് രക്ഷപ്പെട്ടിരുന്ന പിന്‍നിരയിലെ മുസ്‌ലിംകള്‍ മനസ്സാന്നിദ്ധ്യം നഷ്ടപ്പെട്ട് കുന്നുകളിലഭയം തേടി. തിരിച്ചുവരാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ, ആ ശബ്ദം അവരുടെ കര്‍ണപുടങ്ങളുടെ പരിസരങ്ങളില്‍ ചെന്ന് കുഴഞ്ഞുവീണു. വന്നത് മുപ്പതോളം പേർ മാത്രം. കുര്‍ആന്‍ പിന്നീടക്കാര്യം ഇങ്ങനെ സൂചിപ്പിച്ചു, ‘ആരെയും തിരിഞ്ഞുനോക്കാതെ നിങ്ങള്‍ ഓടിക്കയറിയപ്പോള്‍ ദൂതര്‍ പിറകില്‍നിന്ന് നിങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അല്ലാഹു നിങ്ങള്‍ക്ക് അട്ടിയിലട്ടിയില്‍ ദുഃഖം പകരമായി നല്‍കി. നഷ്ടപ്പെട്ടുപോയതിന്റെ പേരിലോ നിങ്ങള്‍ക്കു വന്നുഭവിച്ചതിന്റെ പേരിലോ ദുഃഖിക്കാതിരിക്കാന്‍ വേണ്ടിയാണത്.’

ഭൂരിപക്ഷം പേരും അടര്‍ക്കളത്തില്‍ ഉറച്ചുനിന്നെങ്കിലും തുടക്കത്തിലെ ആവേശം നഷ്ടമായിക്കഴിഞ്ഞിരുന്നു; അതുവഴി ആത്മവിശ്വാസവും. സ്വാധീനം നഷ്ടമാകുന്ന മുറക്ക് അവര്‍ പിന്നോട്ട് പിന്നോട്ട് തള്ളിമാറ്റപ്പെട്ടുകൊണ്ടിരുന്നു. യുദ്ധം മൊത്തം ഇനിയിപ്പോള്‍ പ്രവാചകന്‍ നില്‍ക്കുന്ന ഭാഗത്തേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. ബലം ചോര്‍ന്നുപോയ മുസ്‌ലിംകളെ നാലുപാടും നിന്ന് മക്കാസേന വളഞ്ഞു. പ്രവാചകന്റെ ശബ്ദത്തിലൂടെ അദ്ദേഹം എവിടെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നുമവരറിഞ്ഞു. മുസ്‌ലിംകളില്‍ പലരും മദീനയിലേക്ക് രക്ഷപ്പെട്ടിരുന്നു, ചിലര്‍ കുന്നുകളോടിക്കയറി. പോയവരില്‍തന്നെ ചിലര്‍ തിരിച്ചുവന്ന് ആരാരാണെന്ന് തിരിച്ചറിയാനാകാത്തവണ്ണം കുറയ്ഷി സേനയുമായി കലര്‍ന്നു, മുസ്‌ലിംകള്‍ തമ്മില്‍തമ്മിലേറ്റുമുട്ടി. നിയന്ത്രണമറ്റ പട എങ്ങോട്ടെന്നില്ലാതെ പരക്കംപാഞ്ഞു.

നബിയും രണ്ടു സ്ത്രീകളടക്കമുള്ള അനുചരന്മാരും ശത്രുനിരക്കുനേരെ അടങ്ങാത്ത ശരമാരി തീര്‍ത്തു. മുഖ്യസേനയില്‍നിന്ന് അടരാടിയിരുന്ന സൈനികര്‍, ശേഖരിച്ചിരുന്ന രണാര്‍ജിതവസ്തുക്കള്‍ വലിച്ചെറിഞ്ഞ് പലഭാഗങ്ങളില്‍ നിന്നായി ഓടിയെത്തി പ്രവാചകന്റെ ആ സംഘത്തെ തിടംവെപ്പിച്ചു. യുദ്ധഗതി തങ്ങള്‍ക്കെതിരില്‍ തിരിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കിയ മുസ്‌ലിം സേനയിലെ മുന്നണിപ്പോരാളികള്‍ക്കുപോലും പ്രവാചകനെ സംരക്ഷിക്കുന്നതില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യം ഇപ്പോഴില്ല. അവരദ്ദേഹത്തെ ചൂഴ്ന്ന് നിലയുറപ്പിച്ചു.

മുസയ്‌നക്കാരായ വഹ്ബും ഹാരിസുമാണ് അവരില്‍ ആദ്യമവിടെയെത്തിയത്. ശത്രുക്കളുടെ ഒരു കൊച്ചു സംഘം കുതിരപ്പട ഇടതു ഭാഗത്തുകൂടെ പ്രവാചകനുനേരെ വന്നു. ‘ആരുണ്ടിവരെ നേരിടാന്‍?’, പ്രവാചകന്‍ വിളിച്ചു ചോദിച്ചു.
‘ഞാനുണ്ട് പ്രവാചകരേ,’ നിമിഷാര്‍ധം ശങ്കിച്ചുനില്‍ക്കാതെയുള്ള മറുപടി കേട്ട് നബി നോക്കി. വഹ്ബാണ്. അന്യാദൃശമായ കൈത്തഴക്കത്തോടെയും അവിശ്വസനീയമായ വേഗത്തിലും അവര്‍ക്കുനേരെ വഹ്ബ് വിശിഖങ്ങളെയ്തു. ഒന്നല്ല ഒരുകൂട്ടം വില്ലുകളില്‍നിന്നാണ് ശരങ്ങള്‍ പുറപ്പെടുന്നതെന്ന പ്രതീതി സൃഷ്ടിച്ച കൈവേഗം. ശത്രു പിന്‍വാങ്ങി. രണ്ടു തവണകൂടി അശ്വസംഘങ്ങൾ തിരുദൂതരെ അപായപ്പെടുത്താനായി ചീറി വന്നു. ഓരോ തവണയും താന്‍ ഒരാളല്ല സൈനിക ദളമാണെന്നപോലെ വഹ്ബ് ഊറ്റത്തോടെ ഏറ്റുമുട്ടി ശത്രുക്കളെ തുരത്തി.
‘ചെല്ലൂ, ആഹ്‌ളാദിക്കൂ, പറുദീസ നിങ്ങള്‍ക്കുള്ളതാണ്.’ നബി വഹ്ബിനോടു പറഞ്ഞു.
വഹ്ബ് എഴുന്നേറ്റ് തന്റെ കരവാള്‍ വലിച്ചൂരി, ‘അല്ലാഹുവാണ! ഞാനൊരിടവും വിട്ടുകൊടുക്കില്ല, ഞാനൊരിടവും തേടുന്നുമില്ല.’

പിന്നീടയാള്‍ ശത്രുക്കൂട്ടത്തിലേക്കെടുത്തു ചാടി ശത്രുനിരയെ കീറിമുറിച്ച് പിന്നറ്റംവരെ ഇരച്ചുകയറി. വഹ്ബിന്റെ പോരാട്ട മികവിൽ അത്ഭുതമേറി പ്രവാചകനും കൂടെയുള്ള അനുചരന്മാരും അല്പനേരം അങ്ങനെ നോക്കിനിന്നു. ‘അല്ലാഹുവേ, അവനോടു കരുണ കാണിക്ക.’ നബിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

വഹ്ബ് തന്റെ സഹചരുടെ കൂട്ടത്തിലേക്ക് മടങ്ങിവരവെ, നാലുപാടുനിന്നും പൊടുന്നനെ ശത്രുക്കള്‍ വളഞ്ഞയാളെ വധിച്ചു. കുന്തം കൊണ്ടുള്ള ഇരുപത് മുറിവുകള്‍ വഹ്ബിന്റെ ശരീരത്തിലുണ്ടായിരുന്നു. വാളുകളാലേറ്റ വെട്ടുകള്‍ക്കു പുറമെയാണിത്. വഹ്ബിന്റെ അന്നത്തെയാ പോരാട്ടം കണ്ടവരുടെയാരുടെയും മനസ്സിൽനിന്നത് മാഞ്ഞുപോകില്ല. ‘മരണങ്ങളിൽ വെച്ച് ഞാനേറ്റവും കൊതിക്കുന്ന മരണം മുസയ്‌നക്കാരന്റെ ആ മരണമാണ്,’ പില്‍ക്കാല കഥാകഥനങ്ങളില്‍ ഉമര്‍ പറയാറുണ്ടായിരുന്നു. വഹ്ബിന് പറുദീസ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രവാചകന്റെ ശബ്ദം ഇപ്പോഴും തന്റെ കാതുകളിലലക്കുന്നുവെന്ന് സംവല്‍സരങ്ങള്‍ക്കു ശേഷം സഹ്‌റാ ഗോത്രജനായ സഅദും പറയുകയുണ്ടായി.

പോര്‍ക്കളത്തിന്റെ പ്രധാന ഭാഗം ചക്രവാതംപോലെ മുസ്‌ലിംകള്‍ നിലയുറപ്പിച്ചിടത്തേക്ക് ചുഴിഞ്ഞു നീങ്ങവെ, അവർ ചരുവിന്റെ ഭാഗത്തേക്ക് പിന്‍വാങ്ങി. ഇരു സേനകളുടെയും ഭാഗത്തുനിന്നുള്ള ആക്രോശങ്ങള്‍ ഉയര്‍ന്നുപൊങ്ങവെ, നേരിട്ടുള്ള ദ്വന്ദ്വാക്രമണത്തിനു വെല്ലുവിളിയുയര്‍ത്തിക്കൊണ്ടുള്ള ആര്‍പ്പുവിളികളും ഉയര്‍ന്നു കേള്‍ക്കായി.
‘ഇതാ, ഞാന്‍ ഖറാഷയുടെ മകനാണ്,’ അബൂദുജാന വിളിച്ചു പറഞ്ഞു, ഖറാഷ അയാളുടെ പിതാമഹനായിരുന്നു. അന്‍സാറുകളിലൊരാള്‍ ഇങ്ങനെ വിളിച്ചുപറയുന്നതു കേട്ടു, ‘ഇതാ, ഞാന്‍ അന്‍സാരിയാണ്. പ്രവാചകനും ഒരിക്കലെങ്കിലും അന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞതായി കേട്ടു, ‘ഞാന്‍ ആതികയുടെ മകനാണ്,’ ആതിക, ഹാഷിം കുടുംബ പരമ്പരയിലെ നിരവധി മാതാമഹികളുടെ പേരാണ്.

അതിനിടെ ഒരാള്‍ മുമ്പോട്ടുവന്നട്ടഹസിച്ചു, ‘ഞാന്‍ അതീകിന്റെ മകനാണ്.’ – അബ്ദുല്‍ കഅ്ബ! അബൂബക്‌റിന്റെ മൂത്തമകന്‍; ആയിഷയുടെ ഒരേയൊരു പൂര്‍ണസഹോദരന്‍. കുടുംബത്തില്‍ ഇപ്പോഴും വിശ്വാസം സ്വീകരിച്ചിട്ടില്ലാത്ത ഒരേയൊരാള്‍. അബൂബക്ര്‍ തന്റെ വില്ല് താഴെയിട്ട് വാള്‍ ഊരാനാഞ്ഞു. മകനെ വെട്ടുന്നതിനു മുമ്പ് പ്രവാചകന്‍ മുമ്പില്‍ വന്നുനിന്നു.
‘വാളുറയിലിടൂ,’ അദ്ദേഹം പറഞ്ഞു, ‘താങ്കൾ സ്വന്തം ഇടത്തേക്ക് മടങ്ങൂ. താങ്കളുടെ നല്ല കൂട്ട് ഞങ്ങള്‍ക്ക് നല്‍കൂ.’

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.