നബിചരിത്രത്തിന്റെ ഓരത്ത് -71

//നബിചരിത്രത്തിന്റെ ഓരത്ത് -71
//നബിചരിത്രത്തിന്റെ ഓരത്ത് -71
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -71

ചരിത്രാസ്വാദനം

മുന്നേറ്റം

ഹിജ്റ മൂന്ന്, ഷവ്വാൽ ഏഴ്, പ്രഭാതം

സൂര്യന്‍ ഉറക്കച്ചടവോടെ ഉഹ്ദ് മലക്കുമേല്‍ തലകാട്ടി. ഇടതും വലതും പാര്‍ശ്വങ്ങളിലായി നൂറ് കുതിരകളണിനിരന്ന് കുറയ്ഷി സേന സജ്ജമായിട്ടുണ്ട്. വലതു പാര്‍ശ്വസേനയെ ഖാലിദ് ബിന്‍ അൽവലീദ് നയിക്കുമ്പോള്‍ ഇടതു പാര്‍ശ്വസേന അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമയ്ക്കു കീഴിലാണ്. മധ്യനിരയില്‍ നിലയുറപ്പിച്ചുകൊണ്ട് അബൂസുഫ്‌യാന്‍ മുന്നേറാനായി ആഹ്വാനം ചെയ്തു. അയാള്‍ക്കു മുമ്പിലായി കൊടിയേന്തി അബ്ദുദ്ദാര്‍ ഗോത്രജനായ തല്‍ഹയുണ്ട്. തല്‍ഹയുടെ രണ്ടു സഹോദരങ്ങളും നാല് മക്കളും ആവശ്യമെങ്കില്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനായി അയാൾക്കപ്പുറവുമിപ്പുറവുമായുണ്ട്.

ആ ദിനം സമ്മാനിക്കാനിരിക്കുന്ന മഹിമയും പെരുമയും തങ്ങളുടെ കുലത്തിന്റേതാക്കി മാറ്റാനുള്ള ഉറച്ചതീരുമാനത്തിലാണവര്‍. പതാകവഹിക്കാനുള്ള അവകാശം പരമ്പരാഗതമായി അബ്ദുദ്ദാറിനാണ്. ബദ്‌റില്‍, നദ്ർ ബിൻ ഹാരിസ് അടക്കം, തങ്ങളുടെ വംശക്കാരായ രണ്ടു പതാകവാഹകര്‍ മുസ്‌ലിംകളുടെ തടവിലകപ്പെട്ട കാര്യം അവരുടെ മനസ്സില്‍ നീറ്റലായുണ്ട്. ഉഹുദിലേക്കുള്ള വഴിയില്‍ അബൂസുഫ്‌യാന്‍ അവരെ അക്കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു. ‘നിങ്ങളെക്കൊണ്ട് പറ്റില്ലെങ്കിൽ ഞങ്ങളെ ഏല്പിക്കുക’ അബ്ദുദ്ദാറിന്റെ പ്രതികാര ദാഹത്തെ മൂപ്പിക്കാനും ആവേശത്തെ ജ്വലിപ്പിക്കാനുമായി അബൂസുഫ്‌യാന്‍ പ്രകോപിപ്പിച്ചു. അബൂസുഫ്‌യാന്‍ ഉദ്ദേശിച്ചതുതന്നെ നടന്നു. അയാളെ അബ്ദുദ്ദാർകാർ ശകാരവർഷത്തിൽ മുക്കി. ഇപ്പുറത്ത്, മുഹാജിറുകളുടെ കൊടിയേന്തി പ്രവാചകന്റെ മുമ്പിലായി നിലയുറപ്പിച്ചുകൊണ്ട് മറ്റൊരു അബ്ദുദ്ദാർകാരനായ മുസ്അബ് ബിൻ ഉമയ്ർ എതിര്‍നിരയിലെ തന്റെ സഹവംശജരെ കണ്ടു തിരിച്ചറിഞ്ഞു.

‘ഔസുകാരേ, ഖസ്‌റജുകാരേ,’ പരസ്പരം ശബ്ദം കേള്‍ക്കാവുന്ന അകലത്തില്‍ ഇരു സേനയും മുഖാമുഖം നില്‍ക്കേ, പതാകവാഹകര്‍ക്കുമല്പം മുമ്പിലേക്ക് കേറിനിന്ന് അബൂസുഫ്‌യാന്‍ വിളിച്ചു. നിശ്ശബ്ദതയുടെ നിശ്ചലതയിലൂടെ അയാള്‍ തുടര്‍ന്നു, ‘നിങ്ങള്‍ പടനിലം വിട്ടുപോവുക. എന്റെ പിതൃവ്യപുത്രനെ എനിക്കു വിട്ടുതരിക. അതോടെ ഞങ്ങള്‍ നിങ്ങളില്‍നിന്ന് മാറിപ്പോകും. നിങ്ങളുമായി ഏറ്റുമുട്ടലിലേര്‍പ്പെടേണ്ട ഒരു കാര്യവും ഞങ്ങള്‍ക്കില്ല. പരുഷങ്ങളുടെ മേഘനാദമാണ് അപ്പോള്‍ അയാൾക്കെതിരിൽ അന്‍സാറുകളുടെ കണ്ഠങ്ങളിൽ നിന്നുയർന്നത്.

തുടര്‍ന്ന് മക്കക്കാരുടെ നിരയില്‍നിന്ന് മറ്റൊരാള്‍ മുമ്പോട്ട് കേറിനിന്നു. അബൂആമിര്‍, ഹന്‍ദലയുടെ പിതാവ്. വഞ്ചകനായൊരു ദല്ലാള്‍ എന്നാണ് ചരിത്രം ഇയാള്‍ക്കു ചാര്‍ത്തിയ ചെല്ലപ്പേര്. മുസ്‌ലിം അണിയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളൊന്നും കുറയ്ഷ് പാഴാക്കാനാഗ്രഹിക്കുന്നില്ല. ജാഹിലിയ്യ കാലത്ത് ഔസ് ഗോത്രത്തിന്റെ നേതാവായിരുന്നു അബ്ദ് അംറ് ബിന്‍ സയ്ഫി എന്നു പേരുള്ള ഇയാള്‍. പ്രവാചകന്‍ മദീനയിലെത്തിയതോടെ അയാൾ ഇസ്‌ലാമിന്റെ പ്രത്യക്ഷശത്രുവായി. വൈകാതെ മദീനയില്‍നിന്ന് മക്കയിലെത്തി മുസ്‌ലിംകള്‍ക്കു നേരെയുള്ള കുറയ്ഷികളുടെ വിദ്വേഷം ഊതിക്കത്തിച്ചുകൊണ്ടിരുന്നു. മക്കാസേനയിലെ എത്യോപ്യക്കാരുടെയും മക്കയിലെ അടിമകളുടെയും കൂട്ടത്തിലയാള്‍ ഉഹുദിലേക്ക് പുറപ്പെടുകയും ചെയ്തു. ഹന്‍ദല അപ്പോഴാദ്യമായി തന്റെ പിതാവ് കുറയ്ഷി സേനയിലുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് തീവ്രമായി ഞെട്ടി.

‘ഔസുകാരേ, ഞാന്‍ അബൂആമിര്‍,’ അയാള്‍ എതിര്‍നിരയിലേക്ക് വിളിച്ചുപറഞ്ഞു. മക്കയില്‍ നിന്നുവന്ന ഭടജനത്തിനിടയിലെ തന്റെ സാന്നിധ്യമറിയുന്ന നിമിഷം ഔസ് ഗോത്രജര്‍ മുഹമ്മദിന്റെ സൈന്യത്തെ വിട്ടുപോകുന്ന മായാജാലത്തെക്കുറിച്ച് കുറയ്ഷി നേതാക്കളോടയാള്‍ ആയിരം നാക്കോടെ വീമ്പിളക്കിയിരുന്നു. എന്നാലയാളുടെ വാക്കുകളെ ഔസുകാര്‍ സ്വീകരിച്ചതോ, അപ്രതീക്ഷിതമായ ശകാരവിക്ഷേപങ്ങളോടെയും.
‘നന്ദി കെട്ടവനേ, നിന്നെ സ്‌നേഹിക്കുന്ന ഒരാളുടെ കണ്ണും നിന്നെക്കണ്ട് കുളിരണിയാതിരിക്കട്ടെ,’ അവര്‍ വിളിച്ചുപറഞ്ഞു. ശാപവാക്കുകള്‍ക്കകമ്പടിയായി നിലക്കാത്ത കല്‍വര്‍ഷവും. അയാള്‍ പിന്‍നിരയിലേക്കുതന്നെ ഇറങ്ങിനിന്നു. താന്‍ വിരലനക്കുന്നതിനനുസരിച്ച് ചലിച്ചിരുന്ന സ്വന്തം ആളുകള്‍ക്കിടയിലെ തന്റെ സ്വാധീനം ഇവ്വിധം ശുഷ്‌കമായിപ്പോയല്ലോ എന്നോര്‍ത്തയാള്‍ നിരാശനായി. ‘ഞാന്‍ പോന്ന ശേഷമെന്റെ ജനങ്ങള്‍ക്ക് ദുരിതം വന്നുഭവിച്ചിരിക്കുന്നു,’ സങ്കടവും ദേഷ്യവും ജാള്യവും മറച്ചുവക്കാനാവാതെയയാള്‍ പിറുപിറുത്തു.

വീണ്ടും മുമ്പോട്ടുനീങ്ങാന്‍ മക്കക്കാര്‍ക്ക് കല്പന ലഭിച്ചു. പിന്നില്‍, മുന്‍നിരയില്‍നിന്ന് അധികമകലെയല്ലാതെ, അബൂസുഫ്‌യാന്റെ ധര്‍മദാരം ഹിന്ദിന്റെ നേതൃത്വത്തില്‍ പെണ്ണുങ്ങള്‍, തങ്ങളുടെ പുരുഷന്മാരെ ആവേശിപ്പിച്ച് കുരവയിട്ട് ദഫ് മുട്ടി ചെണ്ടകൊട്ടി ഇങ്ങനെ പാടി:
‘അബ്ദുദ്ദാറിന്റെ മക്കളേ, മുന്നോട്ട് മുന്നോട്ട്,
പിന്നണിയുടെ കാവലാളുകള്‍ നിങ്ങള്‍
പടവെട്ടുക, മൂര്‍ച്ചയേറിയ വാളുകൊണ്ടൊക്കെയും
ആഞ്ഞുവെട്ടുക’

ശത്രുനിരയുമായി അടുക്കാവുന്നതിന്റെ പരമാവധി പരിധിയിലെത്തിക്കഴിഞ്ഞുവെന്ന് തോന്നിയപ്പോള്‍ കുറയ്ഷി സ്ത്രീജനം പുരുഷന്മാര്‍ക്ക് തങ്ങളെക്കടന്ന് മുമ്പോട്ടുപോകാന്‍ ഇടം നല്‍കി വശങ്ങളിലേക്ക് മാറിനിന്നു. അപ്പോഴും ഹിന്ദ് പാടി:
‘മുമ്പോട്ടു കുതിക്കുകില്‍ നിങ്ങളെ പുണരും ഞങ്ങള്‍
മൃദുലമാം മെത്തകള്‍ വിരിക്കും ഞങ്ങള്‍
തിരിഞ്ഞോടിയാലോ, പിരിയാം നമുക്ക്
സ്‌നേഹിക്കയില്ല പിന്നെ ഞങ്ങള്‍ നിങ്ങളെ’

ഇരു സൈന്യവും നേര്‍ക്കുനേര്‍ വന്നപ്പോള്‍, പ്രവാചകന്റെ അമ്പെയ്ത്തുകാര്‍ ഖാലിദ് ബിന്‍ വലീദിന്റെ അശ്വപ്പടക്കു നേരെ തുരുതുരാ അസ്ത്രങ്ങളെയ്തു. ശരമാരിയില്‍ പൊറുതിമുട്ടിയ കുതിരകളുടെ ഹേഷാരവങ്ങള്‍ ഹിന്ദിന്റെയും കൂട്ടരുടെയും ചെണ്ടഘോഷങ്ങളില്‍ നേര്‍ത്തുപോയി.

ഏറ്റുമുട്ടൽ ആരംഭിക്കുകയാണ്. മക്കാസേനയുടെ പടത്തലവന്‍ തല്‍ഹ മുമ്പോട്ടു കടന്നുനിന്നു,
‘എന്നോട് നേരിട്ടേറ്റുമുട്ടാന്‍ ആരെങ്കിലുമുണ്ടോ?’
മുസ്‌ലിം സൈന്യത്തിന്റെ മുന്‍നിരക്കുനേരെ നോക്കി അയാള്‍ അട്ടഹസിച്ചു. കുറയ്ഷികള്‍ക്കിടയിലെ അതിശൂരനായ തല്‍ഹയെ നേരിടാനായി സുബയ്ര്‍ സിംഹസമാനം മുമ്പോട്ടു ചാടി നടത്തിയ ഒറ്റവെട്ട് ശത്രുനായകന്റെ ശിരോമകുടം തകര്‍ത്ത് തലയോട്ടി പിളര്‍ന്നു. ആ നിമിഷം അയാളുടെ ശരീരം നനഞ്ഞ പഞ്ഞിക്കഷ്ണംപോലെ ‘പ്തും’ ശബ്ദത്തോടെ പ്രജ്ഞയറ്റ് നിലത്തുകിടന്നു.

ഇതാണ് പോയരാത്രികളിലൊന്നില്‍ സ്വപ്നത്തിലൂടെ തനിക്ക് മുന്നറിവ് ലഭിച്ച പടവ്യൂഹത്തിന്റെ ജീവനറ്റ തലയാളെന്ന് പ്രവാചകനുറപ്പായി- സ്വപ്നത്തില്‍ വന്ന മുട്ടനാട്.
‘അല്ലാഹു അക്ബര്‍,’ അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. അതൊരലയായി, നിരവധി കണ്ഠങ്ങളില്‍നിന്നുയര്‍ന്ന് മൈതാനം പ്രകമ്പിച്ചു. എന്നാല്‍, സ്വപ്‌നത്തിലെ മുട്ടനാട് ഒരാളുടെ മാത്രം പ്രതീകമായിരുന്നില്ല, തല്‍ഹക്കുശേഷം അയാളുടെ സഹോദരന്‍ പതാക കയ്യിലേന്തി. നൊടിയിടയില്‍ ഹംസ അയാളെ വെട്ടിവീഴ്ത്തി. പിന്നീടു വന്ന തല്‍ഹയുടെ മറ്റൊരു സഹോദരന്റെ തൊണ്ടയിലൂടെ സുഹ്‌റ ഗോത്രജനായ സഅദ് ശരം പായിച്ചു. പിറകെപ്പിറകെ വന്ന തല്‍ഹയുടെ നാലു മക്കള്‍, അലിയുടെയും സുബയ്‌റിന്റെയും ഔസ് ഗോത്രജനായ സാബിതിന്റെ പുത്രന്‍ ആസിമിന്റെയും വില്ലുകളില്‍നിന്നുള്ള ശരവിക്ഷേപത്തില്‍ പ്രാണനറ്റ് നിലംപതിച്ചു. തല്‍ഹയുടെ മക്കളില്‍ രണ്ടുപേരുടെ ജഡങ്ങള്‍ പിന്‍നിരയിലുണ്ടായിരുന്ന മാതാവ് സുലാഫയെ കാണിച്ചു. മാരകമായ ആ മുറിവുകളേല്പിച്ചതാരാണെന്നു മനസ്സിലായപ്പോള്‍, ‘ഒരുദിവസം ആസിമിന്റെ തലയോട്ടിയില്‍ പകർന്ന് താന്‍ വീഞ്ഞ് നുകരു’മെന്ന് ആ സ്ത്രീ ശപഥം ചെയ്തു.

യുദ്ധക്കളത്തില്‍ ഇതുവരെ മരിച്ചുവീണ പതാകവാഹകരെല്ലാം അബ്ദുദ്ദാറിലെ ഒറ്റക്കുടുംബത്തില്‍ നിന്നുള്ളവരാണ്. തുടര്‍ന്ന് വന്നവരും അബ്ദുദ്ദാറിലെതന്നെ മറ്റു കുടുംബങ്ങളില്‍നിന്നുള്ളവര്‍. ആര്‍ക്കുമധികം പിടിച്ചുനില്‍ക്കാനായില്ല. പത്തു പതാകവാഹകരെ യുദ്ധം കവര്‍ന്നെടുത്തതോടെ ധ്വജകവാഹകരില്ലാതെ പോരാട്ടം മുമ്പോട്ടുപോയി. അവസാനത്തെ രണ്ടുപേരെ വധിച്ച കുസ്മാന്‍ വാസ്തവത്തില്‍ കപടവിശ്വാസിയായിരുന്നു. മദീനയിൽനിന്ന് മുസ്‌ലിംകള്‍ ഉഹുദിലേക്ക് പുറപ്പെട്ടപ്പോള്‍ പതുക്കെ പിന്മാറിക്കളഞ്ഞതായിരുന്നു അയാള്‍. എന്നാല്‍ സ്വന്തം ഗോത്രത്തിലെ സ്ത്രീകള്‍ കുസ്മാന്റെ ഭീരുത്വം ഉയര്‍ത്തിക്കാട്ടി അയാളെ അപഹസിച്ചു. അഭിമാനം വ്രണപ്പെട്ട് അയാള്‍ ഉഹുദിലേക്ക് കുതിച്ച് സേനയോടൊപ്പം ചേർന്നതാണ്. മുസ്‌ലിംസേനയുടെ മുന്നണിയില്‍ നിന്നുകൊണ്ട് പൊരുതിയ കുസ്മാന്‍ ചുരുങ്ങിയ സമയംകൊണ്ട് ശത്രുപക്ഷത്തുനിന്ന് ഏഴുപേരെ അരിഞ്ഞുവീഴ്ത്തി. മൃതിയുടെ പ്രാന്തത്തില്‍നിന്ന് അതിരിലേക്ക് കടക്കാനായി സമയം കാത്തുനിന്ന ധീരപോരാളിക്ക് രക്തസാക്ഷ്യത്തിന്റെ അഭിവാദ്യമര്‍പ്പിച്ച സഹസൈനികനോടയാള്‍ പറഞ്ഞു, ‘വിശ്വാസത്തിനുവേണ്ടിയായിരുന്നില്ല, മറിച്ച്, നമ്മുടെ നാട്ടിലേക്ക് കടന്നുകയറി കുറയ്ഷ് അവിടത്തെ വിശുദ്ധസ്ഥാനങ്ങളും തോപ്പുകളും മലിനപ്പെടുത്തുന്നത് തടയാനാണ് ഞാന്‍ പൊരുതിയത്.’

വനിതകൾ മുസ്‌ലിം സൈന്യത്തെ അനുഗമിച്ചിരുന്നില്ല. എന്നാല്‍ ഖസ്‌റജിയായിരുന്ന നുസയ്ബക്ക് തന്റെ സ്ഥാനം സൈന്യത്തോടൊപ്പമാണെന്നുറപ്പായിരുന്നു. ഭര്‍ത്താവ് ഗാസിയ്യയും രണ്ടു മക്കളും സേനയിലുണ്ട്. ഭര്‍ത്താവും മക്കളും സേനയോടു ചേര്‍ന്ന സ്ത്രീകള്‍ വീട്ടില്‍തന്നെ കൂടുകയാണ് ചെയ്തിരുന്നത്. രണ്ടാം അകബ ഉടമ്പടിയില്‍ യസ്‌രിബില്‍നിന്നുള്ള എഴുപതു പുരുഷന്മാര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളിലൊരാളായുണ്ടായിരുന്ന നുസയ്ബക്കത് സാധ്യമായിരുന്നില്ല. അവള്‍ അന്ന് നേരത്തെയുണര്‍ന്നു. ജലം നിറച്ച തോല്‍സഞ്ചിയുമായി പടനിലത്തേക്ക് പുറപ്പെട്ടു. ഒന്നുമില്ലെങ്കില്‍ മുറിവേറ്റ സൈനികരെ ശുശ്രൂഷിക്കുകയും അവരുടെ ദാഹമകറ്റുകയും ചെയ്യാമല്ലോ. കരവാളും അമ്പടങ്ങിയ ആവനാഴിയും വില്ലും കൂടെക്കരുതി. സേന പോയ വഴിയന്വേഷിച്ച് അധികം ബുദ്ധിമുട്ടാതെ രണാങ്കണത്തിലവളെത്തുമ്പോള്‍ യുദ്ധം തുടങ്ങി അധികമായിട്ടുണ്ടായിരുന്നില്ല. അബൂബക്‌റിനും ഉമറിനുമൊപ്പം പ്രവാചകൻ നിലയുറപ്പിച്ചിരുന്ന മലയുടെ അടിവാരത്തിലെ അല്പം ഉയര്‍ന്ന സ്ഥാനത്ത് അവളും ചെന്നുനിന്നു. നുസയ്ബയെത്തി വൈകാതെ അനസിന്റെ മാതാവ് ഉമ്മുസുലയ്മും ഇതേലക്ഷ്യത്തോടെ ഒരു തോല്‍സഞ്ചി നിറയെ കുടിവെള്ളവുമായി അവിടെയെത്തി.

മദീന മരുപ്പച്ചയുടെ പടിഞ്ഞാറ് താമസമുറപ്പിച്ചിരുന്ന മുസയ്‌ന ഗോത്രജരായ രണ്ടുപേര്‍ വഹ്ബും ഹാരിസും പിന്‍നിരയിലെ സംഘത്തോടൊപ്പം ചേര്‍ന്നു. ഇരുവരും ഇയ്യടുത്ത് മുസ്‌ലിംകളായതേയുള്ളൂ. മക്കക്കാര്‍ മദീനക്കുനേരെ ആക്രമണത്തിനു വന്ന കഥയൊന്നുമറിയാതെ, പ്രവാചകനെ കാണാനായി നഗരത്തിലെത്തിയതായിരുന്നു ആ പുലര്‍ക്കാലത്തവര്‍. നഗരം വിജനമായിക്കണ്ട് കാരണമന്വേഷിച്ചതോടെ നേരെ ഉഹുദിലേക്ക് വിട്ടു. പ്രവാചകനെ അഭിവാദ്യം ചെയ്ത് വാളൂരി യുദ്ധക്കളത്തിലേക്ക് കുതിച്ചു.

അബൂദുജാന തന്റെ ചെന്തലപ്പാവ് വികിരണം ചെയ്ത പ്രതീക്ഷ നിറവേറ്റിക്കൊണ്ടിരുന്നു. സുബയ്ര്‍ പിന്നീടൊരിക്കൽ അക്കാര്യം ഇങ്ങനെ പറഞ്ഞു, ‘പ്രവാചകന്‍ നീട്ടിയ വാളിനായി ചെന്നപ്പോള്‍ അതെനിക്കു നല്‍കാതെ അബൂദുജാനക്കു നല്‍കിയതില്‍ എന്റെ മനസ്സ് മുറിഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അമ്മായി സഫിയയുടെ പുത്രനാണ്, കുറയ്ഷ് കുലജാതനുമാണ്. അബൂദുജാന ചോദിക്കുന്നതിനു മുമ്പ് ആ കരവാള്‍ ചോദിച്ചത് ഞാനായിരുന്നു. എന്നാല്‍, എന്നെ ഒഴിവാക്കി നബി അതയാള്‍ക്കു നല്‍കി. അബൂദുജാന ആ വാളുകൊണ്ടെന്തു ചെയ്യുമെന്നറിയാനായി ഞാന്‍ പിറകെ ചെന്നു.’ അയാള്‍ തന്നോടേറ്റുമുട്ടിയവരെ മുഴുവന്‍ അരിഞ്ഞുവീഴ്ത്തുന്നതാണ് പിന്നീട് കണ്ടത്; താനൊരു കൊയ്ത്തുകാരനും കയ്യിലുള്ളത് അരിവാളുമാണെന്ന് തോന്നിപ്പിക്കുംവിധമായിരുന്നു പ്രകടനം. ‘അല്ലാഹുവിന്റെ പ്രവാചകനുതന്നെയാണ് കാര്യങ്ങള്‍ നന്നായറിയുക’ സുബയ്ര്‍ ആത്മഗതം ചെയ്തു. ആ തീരുമാനമായിരുന്നു ശരി.

പതറിപ്പോയ കുറയ്ഷി നിരയില്‍ വിള്ളലുണ്ടായി. അബൂദുജാന വെട്ടിനീങ്ങിക്കൊണ്ടിരിക്കെ ഒരു മക്കാസൈനികൻ പരിക്കേറ്റു കിടക്കുന്ന ഒരു മുസ്‌ലിം ഭടനെ നഖംകൊണ്ട് മാന്തിക്കീറുന്ന ദൃശ്യം സഹിക്കാനാവാതെ അവിടെ കുതിച്ചെത്തിയ അബൂദുജാനയുടെ വാള്‍ ആ നീചന്റെ തലക്കുമേല്‍ ഉയര്‍ന്നുപൊങ്ങി, മക്കക്കാരൻ ഭയാക്രാന്തനായി സ്‌ത്രൈണ ശബ്ദത്തില്‍ പേടിച്ചലറി. ശബ്ദം മാത്രമല്ല, ശരീരവും സ്ത്രീയുടേതായിരുന്നു, അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദിന്റെ. കണ്ടാലാരും നോക്കിപ്പോകുന്ന ഗാംഭീര്യദ്യോതക രൂപഭാവങ്ങളുള്ള സ്ത്രീയായിരുന്നുവല്ലോ ഹിന്ദ്. ആ രൂപം കണ്ടാകണം പുരുഷനാണെന്ന് അബൂദുജാന തെറ്റിദ്ധരിച്ചത്. നിരവധിപേര്‍ക്ക് മരണം സമ്മാനിച്ച ഖഡ്ഗത്തിന്റെ മിന്നല്പാച്ചിലില്‍നിന്ന് അങ്ങനെ ഹിന്ദ് കഷ്ടി രക്ഷപ്പെടുകയായിരുന്നു. സ്ത്രീയുടെ രക്തംപുരണ്ടതെന്ന അപഖ്യാതി പ്രവാചകന്റെ കരവാളിന് ചാര്‍ത്തിക്കിട്ടുന്നതയാള്‍ ഇഷ്ടപ്പെട്ടില്ല.

എത്യോപ്യന്‍ അടിമകളുടെ കാവല്‍സുരക്ഷയില്‍ പിന്നിൽ നിലയുറപ്പിച്ചിരിക്കുന്ന സ്ത്രീകളുടെ നിരയിലേക്ക് ഹിന്ദ് ഓടിയെത്തി. അന്നേരം ജുബയ്റിന്റെ അടിമ വഹ്ഷി മുമ്പോട്ടുള്ള തന്റെ വഴികണ്ടെത്തുന്നുണ്ടായിരുന്നു. യദ്ധക്കളത്തിലെ മറ്റു സേനാംഗങ്ങളില്‍നിന്ന് വ്യത്യസ്തനായി വഹ്ഷി ഒരാളെ മാത്രമേ ലാക്കു കുറിക്കുന്നുള്ളൂ, ഹംസയെമാത്രം. മറ്റുള്ളവരെപ്പോലെ അയാളുടെ സിരകളിലെ രക്തം പ്രതികാരത്താല്‍ തിളക്കുന്നില്ല. ഹംസയുടെ വധത്തിലൂടെ നേടിയെടുക്കാന്‍ പോകുന്ന അടിമത്വത്തിന്റെ പതിത്വത്തില്‍നിന്നുള്ള മോചനം എന്ന അഭിലാഷം മാത്രമാണ് ഏതൊരടിമയുടെയുംപോലെ അയാളുടെയും ഉള്ളില്‍ ഇപ്പോള്‍ തിളക്കുന്നത്. അപ്പോഴും അയാളുടെ സിരകളിലെ രക്തം ഉദാസീനമൊഴുകി.

ഹംസ എന്ന ആള്‍രൂപത്തെയാണ് യുദ്ധനിലത്തിലൂടെ ഉഴറുന്ന അയാളുടെ കണ്ണുകള്‍ തേടുന്നത്. അടരാടുന്ന ഹംസയുടെ രീതിയും തലപ്പാവിലെ തൂവലും അയാളെ തേടുന്നവര്‍ക്ക് നല്ലൊരടയാളമാണ്. ആ അടയാളത്തിലൂടെ തന്നെ വഹ്ഷി ഹംസയെ കണ്ടുകഴിഞ്ഞു. എഴുന്നുനിൽക്കുന്ന പാറക്കല്ലുകൾക്കും ഇലച്ചാർത്തുകൾക്കും പിന്നിൽ അയാൾ തക്കം പാർത്തിരുന്നു. സിംഹത്തെപ്പോലെ എതിരണിയിൽ മൃതിവിതച്ച് പടയിൽ വിഹരിക്കുകയാണയാൾ. കുറയ്ഷികളുടെ വീരരെല്ലാം ഹംസയുടെ പരാക്രമത്തിനു മുമ്പില്‍ കാറ്റത്തെ ഇലകൾപോലെ വിറച്ച് കൂമ്പിനിന്നു. അബ്ദുദ്ദാറുകാരായ ധ്വജവാഹകരിലെ അവസാനത്തെയാളെ നേരിട്ടുകൊണ്ടിരിക്കുകയാണ് അന്നേരം അബ്ദുല്‍ മുത്തലിബിന്റെ ഇളയ മകന്‍.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.