നബിചരിത്രത്തിന്റെ ഓരത്ത് -70

//നബിചരിത്രത്തിന്റെ ഓരത്ത് -70
//നബിചരിത്രത്തിന്റെ ഓരത്ത് -70
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -70

ചരിത്രാസ്വാദനം

ഉഹുദിൽ

പ്രാര്‍ത്ഥനകളിൽ തുടുത്ത ശെയ്ഖയ്‌നിലെ ആ രാവ് പാതിയും പിന്നിട്ടിരിക്കുന്നു. പോയ വർഷം ബദ്‌റിലേറ്റ അപമാനകരമായ പരാജയത്തിന് പകരം വീട്ടാനായി സംഹാരമൂര്‍ത്തികളായൊരുങ്ങി നില്‍ക്കുന്ന ശത്രുവിനോടാണ് പിറ്റെ ദിവസം പ്രഭാതത്തിൽ ഏറ്റുമുട്ടേണ്ടതെന്ന ബോധ്യമുള്ള, വിശ്വാസത്തിന്റെ ജ്വാലയില്‍ തിളങ്ങുന്ന മദീനയുടെ സേന രാവേറെച്ചെന്നും ഉണര്‍ന്നിരുന്നു. വെളുക്കും മുമ്പേ ശെയ്ഖയ്ന്‍ വിടണമെന്ന് പ്രവാചകന്റെ നിര്‍ദേശമുണ്ട്.

എന്നാല്‍, ഏകാഗ്രചിത്തരായ വിശ്വാസികള്‍ ധര്‍മാദര്‍ശപ്രോക്തമായ ആരാധനകളിലും പ്രാര്‍ത്ഥനകളിലും മുഴുകിയ അതേ രാവിന്റെ ഇരുണ്ട മറവിൽ മറ്റുചില ഗൂഢനീക്കങ്ങളുടെ നിഴലനക്കങ്ങളുമുണ്ടാകുന്നുണ്ട്. ഏതാനും ദുഷ്ടബുദ്ധികളുടെ ആസൂത്രണത്തില്‍ മുന്നേ തിടംവച്ചിരുന്ന കുതന്ത്രങ്ങള്‍ മൂര്‍ത്തരൂപമെടുത്തത് നിര്‍ണായകമായ രാവിലെ അവസാന നിമിഷങ്ങളിലായിരുന്നുവെന്ന് മാത്രം. ഹിജ്‌റപൂര്‍വ യസ്‌രിബില്‍ താന്‍ ശ്രദ്ധയോടെ നെയ്‌തെടുത്ത നേതൃപദവിയെ നിഷ്‌കരുണം കീറിയെറിഞ്ഞ പ്രവാചകനോടുള്ള ക്രോധം തീര്‍ക്കാനായി അവസരം പാര്‍ത്തിരുന്ന അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സുലൂല്‍ തന്നെയാണ് ഇവിടെയും കക്ഷി. പ്രവാചകന്‍ മുഹാജിറായി മദീനയില്‍ കാലുകുത്തിയ നിമിഷം മുതല്‍ സ്വൈര്യതയറ്റ മനോനിലയിലായിരുന്നുവല്ലോ അയാള്‍. പേമാരിക്കും കൊടുങ്കാറ്റിനും മുമ്പ് കറുത്ത് മൂടിക്കെട്ടിയ ആകാശം പോലെയായിരുന്നു ശേഷം അയാളുടെ മനസ്സ്.

ഇരുളിലൂടെ തപ്പിപ്പിടിച്ച് തന്റെ തമ്പിലെത്തിയ അടുത്ത അനുയായികളുമായി അയാള്‍ നടത്തിയ ആലോചനകള്‍ ഫലം കണ്ടിരിക്കുന്നു. വെളുപ്പിന്, സേനാംഗങ്ങള്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തവെ ഇബ്‌നു ഉബയ്യും മുന്നൂറാളുകളും തങ്ങള്‍ മദീനയിലേക്കുതന്നെ തിരിച്ചുപോവുകയാണെന്ന് പൊടുന്നനെ പ്രഖ്യാപിച്ചു. വിശ്വാസം ഉറച്ചിട്ടില്ലാത്തവരും സന്ദേഹികളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇബ്‌നു ഉബയ്യ് പ്രവാചകനോട് സംസാരിക്കാന്‍ പോലും മെനക്കെട്ടില്ല, അന്‍സാരികളിലാരോ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ദുരഹങ്കൃതി നിറഞ്ഞ സ്വരത്തിലയാള്‍ പറഞ്ഞുവത്രെ, ‘ഞാന്‍ പറഞ്ഞത് അയാള്‍ കേട്ടില്ലല്ലോ, അപക്വരായ പയ്യന്മാര്‍ക്കൊക്കെ ചെവികൊടുക്കുകയും ചെയ്തു. തെറ്റായി തിരഞ്ഞെടുത്ത ഇയ്യിടം വരെയെത്തി ആത്മഹത്യ ചെയ്യാനുള്ള ഒരു ന്യായവും ഞാന്‍ കാണുന്നില്ല.’

അതേസമയം, മറ്റൊരു അബ്ദുല്ല, ജാബിറിന്റെ പിതാവ്, അവര്‍ക്കു പിറകെച്ചെന്നു. കണ്ഠമനുവദിക്കാവുന്നത്ര ഉച്ചത്തില്‍, താഴ്‌വരയെ ഉരുമ്മിപ്പോയ മരുക്കാറ്റിലൂടെ അയാള്‍ വിളിച്ചുപറഞ്ഞു, ‘അല്ലാഹുവിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് കെഞ്ചുകയാണ്, സ്വന്തം ആളുകളെയും പ്രവാചകനെയും ശത്രുവിന്റെ മുഖത്തേക്കിട്ടു കൊടുത്ത് നിങ്ങള്‍ കടന്നുകളയരുത്.’
ഇബ്‌നു ഉബയ്യിന്റെ അനുയായികളിലാരോ മരുക്കാറ്റിന്റെ എതിരൊഴിക്കില്‍ മുങ്ങിപ്പോകാവുന്ന അവ്യക്തതയോടെ വിളിച്ചുപറഞ്ഞു, ‘നിങ്ങള്‍ യുദ്ധം ചെയ്യുകയായിരുന്നെങ്കില്‍ ഞങ്ങളിവിടം വിട്ടുപോകില്ലായിരുന്നു, എന്നാല്‍ ഇനിയിപ്പോള്‍ ഒരു യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല.’
‘അല്ലാഹുവിന്റെ ശത്രുക്കളേ, നിങ്ങളുടെയൊന്നും ആവശ്യമില്ലാത്ത വിധം അല്ലാഹു അവന്റെ പ്രവാചകനെ സഹായിക്കുകതന്നെ ചെയ്യും.’ അബ്ദുല്ല വിളിച്ചുപറഞ്ഞു.

കുര്‍ആന്‍ സംഭവം ഇങ്ങനെ സൂചിപ്പിച്ചു, ‘വരൂ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യൂ, അല്ലെങ്കില്‍ ചെറുത്തുനില്‍ക്കൂ എന്നാവശ്യപ്പെടുമ്പോള്‍, യുദ്ധമുണ്ടാകുമെന്ന് ബോധ്യപ്പെട്ടിരുന്നുവെങ്കില്‍ ഞങ്ങളും നിങ്ങളെ അനുഗമിക്കുമായിരുന്നുവെന്ന് പറയുന്ന വിശ്വാസനാട്യക്കാരെ അവനു തിരിച്ചറിയാന്‍വേണ്ടി. അന്നവര്‍ക്ക് സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ അടുപ്പം അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ ഹൃദയങ്ങളിലില്ലാത്തതാണ് വായ്‌കൊണ്ടവര്‍ പറയുന്നത്, അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതലറിയുന്നവനാകുന്നു.’

ഇബ്‌നു ഉബയ്യിന്റെ നീക്കം മകന്‍ അബ്ദുല്ലയെ മാനക്കേടിന്റെ പെരുവെള്ളത്തില്‍ മുക്കിനിര്‍ത്തി. അയാള്‍ സൈന്യത്തിന്റെ കൂടെ പൂര്‍വാധികം ആവേശത്തോടെതന്നെ മുമ്പോട്ടുപോകും. ഇബ്‌നു ഉബയ്യിന്റെ പിണങ്ങിപ്പോക്കിനുപിന്നില്‍ പ്രവര്‍ത്തിച്ച യഥാർത്ഥ കാരണം പ്രവാചകന്‍ അയാളുടെ വാക്കു കേള്‍ക്കാത്തതൊന്നുമല്ല. അങ്ങനെയായിരുന്നെങ്കില്‍ മദീനയില്‍ നിന്നയാള്‍ പുറപ്പെടുമായിരുന്നില്ല. മദീനയില്‍വെച്ചാണല്ലോ നഗരം വീട്ടുപോരാനുള്ള തീരുമാനമെടുത്തതും തദനുസാരം പുറപ്പെട്ടുപോന്നതും ഇവിടംവരെ എത്തിനില്‍ക്കുന്നതുമെല്ലാം. അപ്പോഴൊന്നുമയാള്‍ ഒരെതിർപ്പും പറഞ്ഞിട്ടില്ല. അന്നേരമൊക്കെയും അയാള്‍ പുലര്‍ത്തിയ മൗനം തന്റെ അവസാനത്തെ അമ്പൊളിപ്പിച്ചുവച്ച ഭാണ്ഡമായിരുന്നു എന്നാരറിഞ്ഞു! ശത്രുവുമായി മുഖാമുഖം വരുന്നതിനു തൊട്ടുമുമ്പുള്ള നിമിഷം, ശത്രുവിന് മുസ്‌ലിംകളുടെ സംസാരം പിടിച്ചെടുക്കാവുന്ന അകലത്തില്‍വെച്ച്, മൊത്തം സേനയുടെ മൂന്നിലൊന്നോളം വരുന്ന, മുന്നൂറ് പേര്‍ പിന്മാറുമ്പോള്‍ പ്രവാചകന്റെ സൈന്യത്തില്‍ ഉളവാക്കുന്ന നിരാശയും പതർച്ചയും അയാള്‍ കണക്കുകൂട്ടിയതാണ്. തന്നെ അവഗണിച്ച് യുദ്ധത്തിനു പോയാല്‍ പ്രവാചകനും കുറെ അനുയായികളും വധിക്കപ്പെടും. മദീന പഴയ യസ്‌രിബാവുകയും അവിടുത്തെ നേതൃപദവി പഴയപോലെ തന്നിലേക്കുതന്നെ തിരിച്ചെത്തുകയും ചെയ്യും. ഇവ്വിധമായ ആഗ്രഹവിചാരങ്ങള്‍ അയാളുടെ ദിവാസ്വപ്നങ്ങൾക്ക് വർണമേകി.

ഇനിയിപ്പോള്‍ മുസ്‌ലിം സേനയില്‍ അവശേഷിക്കുന്നത് എഴുന്നൂറുപേര്‍ മാത്രം. അവര്‍ തൊട്ടടുത്തുള്ള ശത്രുവുമായി നേര്‍ക്കുനേര്‍ വരാന്‍ ഏതാനും ചുവടുകള്‍മാത്രം. ഭഗ്നാശരാകാതെ അവര്‍ മുമ്പോട്ടുപോയി. വലതുവശത്തേക്ക് തിരിഞ്ഞ്, പുരാതന കാലത്തെന്നോ ചീറ്റിത്തെറിച്ച ജ്വാലാമുഖിയുടെ ലാവയിലൂടെ പിറവിയെടുത്ത പാറപ്പരപ്പുകളെ മുറിച്ചുകടന്ന് മുന്നോട്ടുനീങ്ങി അവസാനമവര്‍ ഉഹുദിന്റെ തെക്കുകിഴക്കു ഭാഗത്തെത്തി. ഉഷസ്സന്ധ്യ പിൻവാങ്ങുന്ന വെളിച്ചത്തില്‍ താഴെ, തങ്ങള്‍ക്കിടതുവശത്തായി മക്കക്കാരുടെ തമ്പുകള്‍ തെളിഞ്ഞുവന്നു. അപ്പോഴും സേന മുന്നേറ്റം തുടര്‍ന്നു. ഇപ്പോഴവര്‍ ഉഹ്ദിനും ശത്രുവിനുമിടയിലാണുള്ളത്. താഴേക്കുതിര്‍ന്നിറങ്ങുന്ന ചരിവ് ശരിക്കും പ്രവാചകന്റെ സൈന്യത്തിനനുകൂലമാണ്. അവിടെത്തന്നെയാണ് സേന തമ്പടിക്കാന്‍ പോകുന്നത്. പ്രവാചകന്‍ കുതിരപ്പുറത്തുനിന്നിറങ്ങി. പ്രഭാതപ്രാര്‍ത്ഥനക്കായുള്ള ബിലാലിന്റെ ബാങ്കൊലി താഴ്‌വാരത്തിന്റെ ഗംഭീരതയിലൂടെ ഒഴുകിപ്പരന്ന് അലയൊലികള്‍ തീര്‍ത്തു. ഉഹുദിനെ പിന്നിലാക്കി അവര്‍ നമസ്‌കാരത്തിനായി അണിനിരന്നു. യുദ്ധത്തിനായുള്ള അണികൂടിയാണിവിടെ രൂപപ്പെടുന്നത്. കുറയ്ഷി സേന ഇപ്പോള്‍ തങ്ങള്‍ക്കും മക്കക്കുമിടയാലാണുള്ളത്. പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയശേഷം പ്രവാചകന്‍ പറഞ്ഞു, ‘ജനങ്ങളേ, അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ നിര്‍ദേശിച്ചതുതന്നെ ഞാന്‍ നിങ്ങളോട് നിര്‍ദേശിക്കട്ടെ. അവന്റെ ആദേശങ്ങള്‍ക്കനുസൃതമായി വര്‍ത്തിക്കുക, വിലക്കുകളോർത്ത് അകന്നുനില്‍ക്കുക. സദ്ഫലത്താലും നിധിനിക്ഷേപത്താലും ധന്യമായൊരിടത്താണ് നിങ്ങളിപ്പോഴുള്ളത്. തന്റെ ബാധ്യതയെക്കുറിച്ച് ഓര്‍മിപ്പിക്കപ്പെടുകയും ആ ബാധ്യതാനിര്‍വഹണത്തിനായി ദൃഢബോധ്യത്തിനും ക്ഷമയ്ക്കും ആത്മാര്‍ത്ഥതയ്ക്കും അവിരാമമായ പരിശ്രമങ്ങള്‍ക്കുമായി സ്വയം സമര്‍പ്പിച്ചിട്ടുള്ളവരുമാരോ അവനുള്ളതാണത്.’ ഇങ്ങനെപോയ പ്രവാചകന്റെ ചെറിയ ഉദ്‌ബോധനം അവസാനിക്കുമ്പോള്‍, മദീനയില്‍നിന്ന് അന്നേരം അവിടെ എത്തിച്ചേര്‍ന്ന ഹന്‍ദല ചെന്ന് നബിയെ അഭിവാദ്യം ചെയ്തു.

തുടര്‍ന്ന് നബി തന്റെ വില്ലാളികളെ തെരഞ്ഞെടുത്തു. സെയ്ദ്, സ്വന്തം മച്ചുനന്‍ സഅദ്, ഉസ്മാന്‍ ബിന്‍ മദ്ഊന്റെ മകന്‍ സാഇബ് തുടങ്ങിയവരെയാണ് നബി തന്റെ കൂടെ നിര്‍ത്തിയത്. പ്രധാനസേന നില്‍ക്കുന്നിടത്തുനിന്ന് അല്പം ഉയര്‍ന്ന കനാത്ത് താഴ്‌വരയുടെ തെക്കേകരയില്‍ നിലയുറപ്പിക്കാന്‍ അവരില്‍നിന്ന് തിരഞ്ഞെടുത്ത അമ്പത് പേരടങ്ങുന്ന അമ്പെയ്ത്തുകാരോട് നബി നിർദേശിച്ചു. ആരെയും വെല്ലാന്‍ പോന്നത്ര വീര്യവൈഭവമിയന്ന വില്ലാളികളായിരുന്നു അവര്‍. ഔസ് ഗോത്രജനായ ജുബയ്‌റിന്റെ പുത്രന്‍ അബ്ദുല്ലയെ അവരുടെ തലവനാക്കുകയും ചെയ്തു. പിന്നെ അവര്‍ക്കുള്ള നിര്‍ദേശങ്ങൾ നബി പ്രത്യേകം നല്‍കി, ‘അവരുടെ അശ്വങ്ങളെ നമ്മുടെ അരികിലെത്തുന്നതില്‍നിന്ന് ശരവിക്ഷേപത്തിലൂടെ തടയുക. പിന്നിലൂടെ വന്ന് നമ്മെ ആക്രമിക്കാന്‍ അവരുടെ സേനയെ അനുവദിക്കുകയുമരുത്. യുദ്ധത്തിന്റെ തൂക്കം നമുക്കനുകൂലമായാലും എതിരായാലും മാറാതെ ഇവിടെത്തന്നെ നിലകൊള്ളുക. ശത്രുനിരയിലേക്ക് ഇരച്ചുകേറി ഞങ്ങളവരെ നിലംപരിശാക്കുന്നത് കണ്ടാലും നിങ്ങളീ സ്ഥാനം വിട്ടുപോകരുത്. ശത്രു ഉപേക്ഷിച്ചുപോയ വസ്തുക്കള്‍ ഞങ്ങള്‍ ശേഖരിക്കുന്നത് കണ്ടാലും നിങ്ങള്‍ വരാന്‍ പാടില്ല, ഞങ്ങള്‍ കൊല്ലപ്പെടുന്നത് കണ്ടാലും ഞങ്ങളുടെ സഹായത്തിനോ ഞങ്ങള്‍ക്കുവേണ്ടി പ്രതിരോധം തീര്‍ക്കാനോ നിങ്ങള്‍ വന്നുകൂടാ. ഞങ്ങളെ പക്ഷികള്‍ റാഞ്ചിയെടുക്കുന്നത് കണ്ടാലും എന്റെ നിര്‍ദേശം വരുന്നതുവരെ സ്ഥലംവിടരുത്. കുതിരകള്‍ക്കുനേരെ ഇടതടവില്ലാതെ അസ്ത്രങ്ങള്‍ പായിപ്പിച്ചുകൊണ്ടേയിരിക്കുക, ശരപ്രവാഹത്തിനെതിരെ കുതിരകള്‍ക്ക് ഓടാനാവില്ല. നിങ്ങള്‍ ഇവിടെനിന്നനങ്ങാതെ നില്‍ക്കുവോളം നാം തന്നെയായിരിക്കും ജേതാക്കള്‍, അല്ലാഹുവേ, നീയാണിവര്‍ക്കു സാക്ഷി.’ ശത്രുസേനക്ക് മുസ്‌ലിംകളെ പിന്നില്‍നിന്നാക്രമിക്കാനുള്ള അവസാനത്തെ പഴുതും അടക്കുകയായിരുന്നു ഈ തന്ത്രത്തിലൂടെ പ്രവാചകന്‍.

മുഖ്യസേനയുടെ വിന്യാസത്തിനായി പ്രവാചകന്റെ ശ്രദ്ധതിരിഞ്ഞു. അംറിന്റെ പുത്രന്‍ മുന്‍ദിര്‍ ആയിരിക്കും വലതു പാര്‍ശ്വസേനയെ നയിക്കുക, ഇടതു ദളത്തെ സുബയ്ര്‍ ബിന്‍ അവ്വാമും നയിക്കും, മിക്ദാദ് ബിന്‍ അസ്‌വദ് സുബയ്‌റിനെ സഹായിക്കും. ഖാലിദ് ബിന്‍ വലീദിന്റെ അശ്വഭടന്മാരെ നേരിടേണ്ട ദൗത്യം സുബയ്‌റിനായിരിക്കും. എണ്ണംപറഞ്ഞ രണശൂരരുടെ ഒരു നിരതന്നെയുണ്ട് മുന്നണിയില്‍. ആയിരം പേരെ വെല്ലാന്‍ ആ ഒറ്റ മുന്നണി മതി.

അത്യന്തം കരുതലോടെയുള്ള ആസൂത്രണമായിരുന്നു പ്രവാചകന്‍ നടത്തിയത്; പ്രവാചകന്റെ പ്രതിഭാധനത്വം തെളിഞ്ഞുനിന്ന സേനാതന്ത്രം. അതീവ നിഷ്ണാതനായൊരു യുദ്ധതന്ത്രജ്ഞനുപോലും ഇതിനെക്കാള്‍ സൂക്ഷ്മവും കൃത്യവുമായ ഒരാസൂത്രണം തയ്യാറാക്കാന്‍ സാധ്യമല്ല. ശത്രുസേന വന്നെത്തി ദിവസങ്ങള്‍ കഴിഞ്ഞാണ് മുസ്‌ലിംസേന ഉഹുദ് താഴ്‌വരയിലെത്തിയതെങ്കിലും പടനിലമായി നബി തെരഞ്ഞെടുത്തത് അത്യന്തം തന്ത്രപ്രധാനമായൊരിടമായിരുന്നു. സൈന്യത്തിന്റെ പിന്നണിക്കും വലതു ദളത്തിനും ഉയര്‍ന്ന കുന്നുകളുടെ കാവല്‍ ഏര്‍പ്പെടുത്തി ഭദ്രമാക്കി. യുദ്ധം മൂര്‍ധന്യത്തിലെത്തുമ്പോള്‍ വിനയാകാനിടയുള്ള പിന്നിലെ ഇടതുവശത്തെ പഴുത് വില്ലാളികളെ വിന്യസിച്ച് അടച്ചു. സൈന്യത്തിന് നിലയുറപ്പിക്കാനായി ഉയര്‍ന്നൊരു സുരക്ഷിത സ്ഥാനം തെരഞ്ഞെടുത്തത് യുദ്ധത്തിന്റെ ഗതി പ്രതികൂലമാകുകില്‍, തിരിഞ്ഞോടി ശത്രുവിന്റെ കയ്യില്‍ ബന്ദികളായകപ്പെടാതെ സൈനികരെ കാക്കും. അതോടൊപ്പം എതിര്‍ സേനക്ക് ശരമാരിയിലൂടെ കനത്ത നാശനഷ്ടം അടിച്ചേല്പിക്കാന്‍ ആ സ്ഥാനമവരെ സഹായിക്കും. സര്‍വോപരി ശത്രുസേന താഴ്‌ന്നൊരിടത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. വിജയം ശത്രുപക്ഷം ചേര്‍ന്നാലും അതിന്റെ ഫലമവര്‍ക്ക് ലഭിക്കില്ല. ഇനി വിജയം മുസ്‌ലിംപക്ഷം ചേരുകയാണെങ്കില്‍ ശത്രുക്കള്‍ക്ക് ഓടിരക്ഷപ്പെടാന്‍ പ്രയാസവുമായിരിക്കും. സ്വന്തം സേനയുമായി ശത്രുസേനക്കുള്ള അംഗബലത്തിലെ അന്തരം മൂലമുണ്ടാകുന്ന അസന്തുലിതത്വം അങ്ങനെ പരിഹരിക്കുകയും ചെയ്തു.

മറ്റൊരു പോര്‍ചട്ടകൂടിയണിഞ്ഞ് നബി ഒരു കരവാള്‍ കയ്യിലെടുത്തു, ‘ആരാണീ കരവാള്‍ അതിന്റെ അവകാശങ്ങളടക്കം ഏറ്റുവാങ്ങുക?’ അദ്ദേഹം ചോദിച്ചു. അപ്പോള്‍തന്നെ ഉമര്‍ അതേറ്റു വാങ്ങാനായി ചെന്നു. പ്രവാചകന്‍ തിരിഞ്ഞുകളഞ്ഞു. നബി ആവര്‍ത്തിച്ചു, ‘ഈ വാള്‍ അതിന്റെ അവകാശങ്ങളടക്കം ഏറ്റുവാങ്ങാനാരുണ്ട്?’ സുബയ്ര്‍ ചെന്ന് ഞാന്‍ ഏറ്റെടുക്കാമെന്നറീച്ചു. അപ്പോഴും പ്രവാചകന്‍ പരാങ്മുഖനായി. ചോദ്യം നബി മൂന്നാമതും ആവര്‍ത്തിച്ചതോടെ അബൂദുജാന ചോദിച്ചു, ‘എന്താണ് പ്രവാചകരേ വാളിന്റെ അവകാശം?’
‘അതിന്റെ അവകാശം’ പ്രവാചകന്‍ പറഞ്ഞു, ‘ഈ വാള്‍ത്തല വളഞ്ഞുപോകുന്നതുവരെ പടവെട്ടുക, അതുതന്നെ.’
‘എങ്കില്‍ ഞാനതെടുത്തു കൊള്ളാം; അതിന്റെ അവകാശങ്ങളടക്കം,’ അബൂദുജാന പറഞ്ഞു. പ്രവാചകന്‍ വാള്‍ അയാള്‍ക്കുനീട്ടി. രണാങ്കണത്തില്‍ വീര്യം തെളിയിച്ച ശൂരനായ പരാക്രമിയാണ് അബൂദുജാന. പുകഴ്‌പെറ്റ അയാളുടെ ചുവന്ന തലപ്പാവ് ഖസ്‌റജുകള്‍ക്കിടയില്‍ അറിയപ്പെടുന്നത് മരണത്തിന്റെ ശിരസ്ത്രാണമെന്നാണ്. എപ്പോഴുമെന്നപോലെ, ഇപ്പോഴുമത് ധരിച്ചപ്പോള്‍ ശത്രുനിരയില്‍ ഒരുപാട് തലകള്‍ ഉരുണ്ടുവീഴാന്‍ കാത്തിരിപ്പുണ്ടെന്ന് വിശ്വാസികള്‍ക്കുറപ്പായി. അയാള്‍ തന്റെ വാള്‍ വായുവില്‍ മിന്നല്‍വേഗത്തില്‍ മുകളിലേക്കും താഴേക്കും ചുഴറ്റിപ്പിടപ്പിച്ച് അണികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇതുകണ്ട നബി പറഞ്ഞു, ‘ഇതുപോലുള്ള സന്ദര്‍ഭങ്ങളിലല്ലാതെ അല്ലാഹു വെറുക്കുന്ന കാര്യമാണ് ഈ വക അഭ്യാസങ്ങള്‍.’

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.