നബിചരിത്രത്തിന്റെ ഓരത്ത് -69

//നബിചരിത്രത്തിന്റെ ഓരത്ത് -69
//നബിചരിത്രത്തിന്റെ ഓരത്ത് -69
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -69

ചരിത്രാസ്വാദനം

പുറപ്പാട്

സുരക്ഷ ഉറപ്പുനല്‍കുന്ന ബലിഷ്ഠമായ പരിചയാണ് മദീന. യുദ്ധത്തിനായി നഗരം വിട്ടുപോകരുതെന്നുതന്നെയാണ് പ്രവാചകന്റെ താല്പര്യം. ഒരന്യാപദേശ കഥയെന്നപോലെ താന്‍ കണ്ട സ്വപ്നത്തിന്റെ പൊരുള്‍ അനുചരന്മാര്‍ക്കദ്ദേഹം വിശദീകരിച്ചുകൊടുത്തതും അതുകൊണ്ടാണ്. ആരും മദീനവിട്ട് പുറത്തുപോകരുതെന്നായിരുന്നുവല്ലോ അദ്ദേഹം മുമ്പോട്ടുവെച്ച നിര്‍ദേശം. മക്കക്കാര്‍ നിലവില്‍ തമ്പുറപ്പിച്ചിരിക്കുന്ന ഉഹുദ് മലയുടെ താഴ്‌വാരം യുദ്ധതന്ത്രങ്ങളുടെ കണ്ണില്‍ തീര്‍ത്തും അനുചിത സ്ഥാനമാണ്. സൂചനക്കപ്പുറം പോകുന്നതായിരുന്നു ആ നിര്‍ദേശങ്ങള്‍.

അനുയായികളെ കേള്‍ക്കാനായി അവരുമായി കൂടിയാലോചിച്ചു. പ്രമുഖരായ മുഹാജിറുകളുടെയും അന്‍സാറുകളുടെയും അഭിപ്രായം പ്രവാചകന്റേതുതന്നെയായിരുന്നു; യുദ്ധം നഗരാതിര്‍ത്തിക്കുള്ളില്‍ വച്ച് നടക്കണം. ഖസ്‌റജികളുടെ നേതാവെന്ന നിലയില്‍ കൂടിയാലോചനകളില്‍ ഇടം കണ്ടെത്തിയിരുന്ന അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സുലൂല്‍ പ്രവാചകന്റെ അഭിപ്രായത്തെ പിന്താങ്ങി. ‘നമ്മുടേത് ഒരു കന്യാനഗരമാണ്, ഇന്നോളമാരും അതിന്റെ പരാഗപുടം ക്ഷതപ്പെടുത്തിയിട്ടില്ല. നഷ്ടങ്ങളനവധി ഏറ്റുവാങ്ങിയല്ലാതെ നഗരം വിട്ടുപോയി ശത്രുവിനെ നേരിടാന്‍ നമുക്കാവില്ല. നഗരാതിര്‍ത്തിയില്‍ കടന്നുകേറി അവര്‍ നമുക്കെതിരെ ആക്രമണമഴിച്ചുവിട്ടാല്‍ കണക്കാക്കാനാവാത്ത നഷ്ടം വാരിക്കൂട്ടിയല്ലാതെയവര്‍ക്ക് തിരിച്ചുപോകാനുമാവില്ല. ശത്രുവിനെ നഗരത്തില്‍ പ്രവേശിക്കാനനുവദിച്ചാൽ തെരുവുകളടെ വായ്മുഖങ്ങളില്‍വച്ചുതന്നെ നമുക്കവരെ വാളുകള്‍കൊണ്ട് നേരിടാനാകും. നമ്മുടെ സ്ത്രീജനത്തിനും ചെറുത്തുനില്പില്‍ പങ്കാളികളാകാം, സ്ത്രീകളെയും കുട്ടികളെയും വീടുകളുടെ മുകള്‍ത്തട്ടില്‍ നിര്‍ത്തുന്നു, അവിടേക്ക് നാം കല്ലുകളെത്തിക്കുന്നു, തങ്ങളാലാവുംവിധം അവര്‍ ശത്രുവിനുനേരെ കല്ലുകള്‍ വിക്ഷേപിക്കുന്നു. ദ്വിമുഖാക്രമണത്തിൽ വശംകെട്ട് ശത്രു പിൻവാങ്ങുന്നു.’ ഇതാണ് ഇബ്‌നു ഉബയ്യ് പറഞ്ഞതിലെ ആകത്തുക. സൈനികമായൊരു നല്ല നീക്കമെന്ന നിലയിലൊന്നുമായിരുന്നില്ല ഇവ്വിഷയകമായുള്ള അയാളുടെ പിന്തുണ. മറിച്ച്, യുദ്ധം ശക്തമായാല്‍ ജനശ്രദ്ധയിൽ നിന്നൂർന്നിറങ്ങി നഗരത്തിന്റെ സുരക്ഷിതമായ ഉള്ളകങ്ങളിലേക്ക് പിന്‍വാങ്ങാമെന്ന സ്വാർത്ഥസൗകര്യം മുന്‍നിര്‍ത്തിയായിരുന്നു.

എന്നാല്‍, വിശ്വാസികളില്‍ മഹാഭൂരിപക്ഷവും മദീനയുടെ മതിലുകളാല്‍ ഭദ്രമായ നഗരത്തില്‍തന്നെ നിലകൊള്ളുന്നതില്‍ വേണ്ടത്ര ധീരതയോ സാഹസികതയോ കാണുന്നില്ല. ബദ്‌റില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ വിശ്വാസികള്‍ മദീനക്കു പുറത്തുപോയി ശത്രുവിനെ നേരിട്ടേ മതിയാകൂ എന്ന ശാഠ്യത്തിലാണ്. ബദ്റിനുശേഷം ഇനിയാർക്കും തങ്ങളെ ജയിക്കാനാവില്ലെന്ന് അവരിൽ ചിലർ കരുതി. കുറയ്ഷികളുടെ വൻപടയെ നേരിടാനാകാത്ത ഭീരുത്വം കൊണ്ടാണ് മദീനയിൽ ചുരുണ്ടുനിൽക്കുന്നതെന്ന വിമർശനം അവർ വെറുത്തു. മക്കയിൽനിന്ന് വിദൂരസ്ഥമായ ബദ്റ് പോലെയല്ല സമീപത്തെ ഉഹുദ്. സ്വജനത്തിൽനിന്ന് ബഹുകാതം ദൂരെ നടന്ന ബദ്റിലേതിനെക്കാൾ പതിന്മടങ്ങ് പോരാട്ടവീര്യം ഈ സാമീപ്യത്തിലൂടെ ലഭിക്കും.

‘ഞങ്ങൾ മുഹമ്മദിനെ മദീനയിലെ വീടുകളിൽ തളച്ചിട്ടുവെന്ന് പറഞ്ഞ് കുറയ്ഷ് തിരിച്ചുപോകുന്നത് അവരുടെ ആത്മവീര്യം കൂട്ടും. നമ്മുടെ ഈന്തപ്പനത്തോപ്പുകളിലും മുന്തിരിത്തോപ്പുകളിലുമവർ കടന്നുകേറിയിരിക്കുന്നു. പോയൊരു വർഷം അറബി ഗോത്രങ്ങളെയും അബിസീനിയൻ കൂട്ടാളികളെയും കൂടെക്കൂട്ടി അവർ യുദ്ധസന്നാഹം നടത്തുകയായിരുന്നു. ഇപ്പോഴവർ കുതിരകളും ഒട്ടകങ്ങളുമായി നമ്മുടെ പടിക്കലെത്തിയിരിക്കുന്നു. അന്നേരം നാം വീടകങ്ങളിലും മാളികകളിലും കേറി ചൂളിയിരിക്കുകയോ? ഒരു മുറിവുപോലുമേൽക്കാതെയവർ തിരിച്ചുപോവുകയോ? നാമങ്ങനെ ചെയ്യുകിൽ അതവർക്ക് പൂർവാധികം വീര്യം പകരും. അവർ നഗരത്തെ കൊള്ളയടിക്കും. നമ്മുടെ അതിർത്തികളിൽ പടയോട്ടം നടത്തും.’ ശത്രുക്കളെ പുറത്തുവെച്ച് നേരിടണമെന്ന അഭിപ്രായക്കാർ ഓരോരുത്തരായി തങ്ങളുടെ വാദങ്ങൾ നിരത്തി.

അവര്‍ക്ക് പിന്തുണയായി ബദ്‌റില്‍ കുറയ്ഷികളുടെ മുന്‍നിര നേതാക്കളുടെ രക്തംകൊണ്ട് അസിധാര നനച്ച വീരപരാക്രമി ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബുമുണ്ട്. ‘വേദം താങ്കള്‍ക്കിറക്കിയവന്‍തന്നെ സത്യം, മദീനക്കു പുറത്തുചെന്ന് ശത്രുവിനെ നേരിടാൻ തീരുമാനിച്ചാലല്ലാതെ ഞാന്‍ ആഹാരം കഴിക്കില്ല.’ ഹംസ പ്രവാചകനെ സമീപിച്ചുകൊണ്ട് ഒറ്റപ്പറച്ചിൽ.

ഹംസയടക്കം ഭൂരിപക്ഷം പേരുടെ തീരുമാനത്തിനുമേല്‍ പ്രവാചകന്‍ സ്വന്തം അഭിപ്രായം അടിച്ചേല്പിച്ചില്ല. കുറയ്ഷി സേനയെ നഗരാതിര്‍ത്തിക്കു പുറത്തുള്ള മുസ്‌ലിംകള്‍ കേറിയാക്രമിക്കും. വെള്ളിയാഴ്ച പ്രാർത്ഥനക്കായി മധ്യാഹ്നത്തിൽ പള്ളിയിലവർ കൂടി. വിശുദ്ധയുദ്ധവും അതിനാവശ്യമായ മുന്നൊരുക്കങ്ങളുമായിരുന്നു പ്രവാചകന്റെ അന്നത്തെ ഖുത്ബയുടെ വിഷയം. സമരവിജയത്തിനാവശ്യം സ്ഥൈര്യവും തളരാത്ത പരിശ്രമവുമാണെന്നതില്‍ പ്രത്യേകം ഊന്നി. ക്ഷമയോടെ പൊരുതുന്നവര്‍ക്കുള്ളതാണ് വിജയം എന്നോര്‍മിപ്പിച്ചു. തുടര്‍ന്ന് ഭയലേശം തീണ്ടാതെ ശത്രുവിനെ നേരിടാനാഹ്വാനവും. ഇതായിരുന്നു ചരിത്രം സാകൂതം കാതോര്‍ത്ത അന്നത്തെ ഖുത്ബയുടെ ആകത്തുക.

പ്രാര്‍ത്ഥനക്കുശേഷം രണ്ടുപേര്‍ പള്ളിക്കുപുറത്ത് പ്രവാചകനെ കാത്തുനിന്നു, അവര്‍ക്കദ്ദേഹത്തോട് നേരിട്ട് സംസാരിക്കണം. എന്നിട്ടുവേണം തങ്ങളുടെ ജീവിതത്തിലെതന്നെ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാന്‍. ഹന്‍ദലയായിരുന്നു അവരിലൊരാള്‍, അബ്രഹാമീ മതത്തിന്റെ അനുയായിയാണെന്നവകാശപ്പെടുന്ന അബൂആമിര്‍ ആണയാളുടെ പിതാവ്. ഈ നിമിഷംവരെ, ഹന്‍ദലക്ക് ഹനീഫിയാണെന്നവകാശപ്പെടുന്ന തന്റെ പിതാവ് ഉഹുദിന്റെ അടിവാരത്ത് തമ്പുകെട്ടിയിരിക്കുന്ന ശത്രസേനയുടെ ഭാഗമാണെന്നറിഞ്ഞുകൂടാ.

ഹന്‍ദല ദാമ്പത്യത്തിലേക്കു പ്രവേശിക്കുന്ന, സ്വന്തം ജീവിതത്തിലെ അഭൂതപൂര്‍വ ദിനമായിരുന്നു അത്. നേരത്തെ ഉറപ്പിച്ച വിവാഹമാണ്. കുറയ്ഷികളുടെ പടപ്പുറപ്പാടിനെക്കുറിച്ച് എന്തെങ്കിലും കേള്‍ക്കുന്നതിനു മുമ്പായിരുന്നു നിശ്ചയം. സ്വന്തം പിതൃവ്യന്‍ ഇബ്‌നു ഉബയ്യിന്റെ മകള്‍ ജമീലയാണയാളുടെ പ്രതിശ്രുതവധു. വിവാഹം നീട്ടിവെക്കാന്‍ അയാള്‍ക്ക് ഒട്ടുമേ താല്പര്യമുണ്ടായിരുന്നില്ല. അതേസമയം, യുദ്ധത്തില്‍ പങ്കെടുക്കുമെന്നത് ദൃഢനിശ്ചയവുമാണ്.

‘ഹന്‍ദല, നിങ്ങള്‍ വിവാഹമാഘോഷിക്കുക, ഒരു രാത്രി മദീനയില്‍ ചെലവിടുക,’ പ്രവാചകന്‍ തന്റെ തീരുമാനവും പറഞ്ഞു. സൂര്യോദയത്തിനു മുമ്പ് യുദ്ധം തുടങ്ങാന്‍ സാധ്യതയില്ല, പിറ്റേന്ന് പ്രഭാതത്തില്‍ മുസ്‌ലിം സേനയോടൊപ്പം ചേരാനയാള്‍ക്ക് വേണ്ടത്ര സമയവും ലഭിക്കും. ഏതുവഴിയാണ് സൈന്യം കടന്നുപോയതെന്ന് വഴിയില്‍ ചോദിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഖസ്‌റജീ ഉപഗോത്രം ബനൂസലീമക്കാരനായ അബ്ദുല്ലാഹ് ബിന്‍ അംറ് ആയിരുന്നു പ്രവാചകനെ കാത്ത് പള്ളിക്കു പുറത്തുനിന്ന മറ്റൊരാള്‍. ഏകദേശം മൂന്നു വര്‍ഷംമുമ്പ് അവിശ്വാസിയായ തീര്‍ത്ഥാടകനായി മക്കയിലേക്കു പോയതാണ്. മിനാ താഴ്‌വരയില്‍ വെച്ച് അയാള്‍ ഇസ്‌ലാം സ്വീകരിച്ചു. രണ്ടാം അകബക്കിടെ പ്രവാചകന് അനുസരണ പ്രതിജ്ഞചെയ്തു. രണ്ടോ മൂന്നോ രാത്രികള്‍ക്കു മുമ്പ് അബ്ദുല്ല ഒരു സ്വപ്‌നം കണ്ടു. അന്‍സാരിയായിരുന്ന മുബഷിര്‍, ഉറക്കത്തില്‍ ആയാളെ സമീപിക്കുന്നു, ‘കുറച്ചു നാളുകള്‍ക്കുശേഷം നിങ്ങള്‍ ഞങ്ങളോടൊപ്പം ചേരും.’ മുബഷിര്‍ അംറിനോട് പറഞ്ഞുവത്രെ!

‘താങ്കളിപ്പോള്‍ എവിടെയാണുള്ളത്?’ അബ്ദുല്ല ചോദിച്ചു. ‘സ്വര്‍ഗലോകത്ത്,’ സ്വപ്‌നത്തിലെ മുബഷിര്‍ പ്രതിവചിച്ചു, ‘ഇവിടെ ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്യുന്നു’ മുബഷിര്‍ പറഞ്ഞു. ‘താങ്കള്‍ ബദ്‌റില്‍ രക്തസാക്ഷിയായിട്ടുണ്ടായിരുന്നല്ലോ!’ അബ്ദുല്ല. ‘അങ്ങനെയാണെന്നാലും പിന്നീട് ഞങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി.’ മുബഷിർ പറഞ്ഞു. അബ്ദുല്ല പ്രവാചകനെ തന്റെ സ്വപ്‌നത്തിന്റെ കഥയറീച്ചു, ‘അബൂജാബിര്‍,’ നബി പറഞ്ഞു, ‘അതാണ് രക്തസാക്ഷിത്വം.’ അബ്ദുല്ലക്കതറിയാമായിരുന്നു, എന്നാലും പ്രവാചകനോടുതന്നെ ചോദിച്ച് ഉറപ്പുവരുത്തിയേക്കാമെന്നുറപ്പിച്ചതാണ്.

തന്റെ തീരുമാനംപോലെ വിശുദ്ധയുദ്ധത്തില്‍ പങ്കെടുക്കാനുള്ള സന്നാഹങ്ങള്‍ കൂട്ടാനായി അയാള്‍ വീട്ടിലേക്കു നടന്നു. പടച്ചട്ടയണിഞ്ഞു, മക്കളോട് യാത്രപറഞ്ഞു, യുവാവായ മകന്‍ ജാബിറിനെയടക്കം, അവനെക്കാള്‍ പ്രായത്തിലിളയവരായ എട്ട് മക്കളെ, അവരിലേഴും പെൺകുട്ടികൾ, തന്നെയേല്പിച്ച് അയാളുടെ പത്‌നി അടുത്തിട മരണമടഞ്ഞതേയുള്ളൂ. ജാബിര്‍ നേരത്തെതന്നെ പള്ളിയില്‍നിന്ന് തിരിച്ചെത്തിയിരുന്നു. അയാളും അകത്ത് തന്റെ ആയുധങ്ങളും പടച്ചട്ടയുമൊക്കെ തയ്യാറാക്കുന്നുണ്ടായിരുന്നു. ബദ്‌റില്‍ പങ്കെടുത്തിരുന്നിട്ടില്ലാത്തതിനാല്‍ ഇത്തവണ അവസരം നഷ്ടപ്പെടുത്തരുതെന്ന നിശ്ചയദാര്‍ഢ്യം മുഖത്ത് വായിച്ചെടുക്കാന്‍ പാകത്തില്‍ വ്യക്തമാണ്.

പിതാവ് അംറിന്റെ മനസ്സില്‍ മറ്റൊരു പദ്ധതിയാണുള്ളത്. ‘മകനേ,’ അയാള്‍ പറഞ്ഞു, ‘ഒരു പുരുഷന്‍പോലും സഹായത്തിനില്ലാതെ നിന്റെ സഹോദരിമാരെ നാം ഒറ്റക്കാക്കുന്നത് ശരിയല്ല, അവര്‍ ചെറുപ്പവും നിരാലംബരുമാണ്. അവരെക്കുറിച്ച് എനിക്ക് ഭയപ്പാടുകളുണ്ട്. എന്നാല്‍ എനിക്ക് പ്രവാചകനോടൊപ്പം പോയേമതിയാകൂ, അല്ലാഹുവിച്ഛിക്കുകില്‍ ഞാന്‍ രക്തസാക്ഷിയാകും. നിന്റെ ഉമ്മ എന്നെയേല്പിച്ച പൊന്നുമക്കളെ ഞാന്‍ നിന്നെയേല്പിക്കുന്നു.

അപരാഹ്ന പ്രാര്‍ത്ഥനക്കുശേഷം വിശ്വാസികൾ സംഗമിച്ചു. നബി അബൂബക്‌റിനെയും ഉമറിനെയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയി. അവരദ്ദേഹത്തെ യുദ്ധവസ്ത്രമണിയാന്‍ സഹായിച്ചു. പടയാളികള്‍ പള്ളിക്കു പുറത്ത് വരിയായി നിന്നു. അന്നേരം സഅദ് ബിന്‍ മുആദും അദ്ദേഹത്തിന്റെ ഗോത്രജരും തങ്ങളുടെ അതൃപ്തി തുറന്നറീച്ചു, ‘നിങ്ങളെല്ലാവരും ചേര്‍ന്ന് മദീനക്കു പുറത്തുപോയി യുദ്ധംചെയ്യാന്‍ പ്രവാചകനെ നിര്‍ബന്ധിച്ചു, അദ്ദേഹത്തിന്റ തീരുമാനങ്ങള്‍ ആകാശത്തുനിന്നാണല്ലോ വരുന്നത്, അതിനാല്‍ അദ്ദേഹത്തിന്റെതന്നെ തീരുമാനത്തിനു വിടുക. ഹംസ, താങ്കള്‍ ചെന്ന് പ്രവാചകന്റെ അഭിപ്രായംതന്നെയാണ് താങ്കള്‍ക്കുമെന്നദ്ദേഹത്തോട് പറയുക.’

അപ്പോഴേക്കും സമ്പൂര്‍ണ ഭടനായി പ്രവാചകന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിയിരുന്നു. പലരും വിഷയത്തില്‍ തങ്ങളെടുത്ത കടുത്ത നിലപാടുകളുടെ പേരിൽ ഇപ്പോൾ വിഷമിക്കുന്നു, പ്രവാചകനെ അദ്ദേഹത്തിന്റെ തീരുമാനത്തിനനുസരിച്ച് വിടുന്നതായിരുന്നു നല്ലതെന്നവര്‍ കരുതി. നബിയെ കണ്ടതും അവര്‍ക്കുവേണ്ടി ഹംസ പറഞ്ഞു, ‘തിരുദൂതരേ, ഞങ്ങള്‍ അങ്ങയുടെ തീരുമാനത്തെ എതിര്‍ക്കാന്‍ പാടുണ്ടായിരുന്നില്ല, താങ്കള്‍ക്കെന്താണോ നന്നെന്ന് തോന്നുന്നത് അങ്ങനെ ചെയ്തുകൊള്ളുക.’ ഇതുകേട്ട് പ്രവാചകന്‍ പറഞ്ഞു, ‘യുദ്ധത്തിനായി പടച്ചട്ടയണിഞ്ഞൊരു പ്രവാചകന് ശത്രുവുമായേറ്റുമുട്ടാതെ പിന്മടങ്ങുന്നത് ഭൂഷണമല്ല. അതിനാല്‍ ഞാനെന്താണോ നിങ്ങളോട് ചെയ്യാനാവശ്യപ്പെട്ടത് അത് ചെയ്യുക. അല്ലാഹുവിന്റെ നാമത്തില്‍ മുമ്പോട്ടു പോവുക. നിങ്ങള്‍ അതിയായി ശ്രമിക്കുകില്‍ വിജയം നിങ്ങള്‍ക്കുള്ളതാണ്.’

മൂന്ന് കുന്തം കൊണ്ടുവരാന്‍ നബി അനുചരന്മാരോടാവശ്യപ്പെട്ടു. മൂന്നു പതാകകള്‍ അതില്‍ കെട്ടുകയും ചെയ്തു. ഔസിന്റെ പതാക ഉസയ്ദിനെ ഏല്‍പ്പിച്ചു, ഖസ്‌റജിന്റേത് ഹുബാബിനും മുഹാജിറുകളുടേത് മുസ്അബിനും കൈമാറി. പ്രവാചകന്റെ അസാന്നിധ്യത്തില്‍ മദീനയിലെ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കുള്ള നേതാവായി കാഴ്ചവിഹീനനായ അബ്ദുല്ലാഹ് ബിന്‍ ഉമ്മു മക്തൂമിനെ ചുമതലപ്പെടുത്തി.

നബി സക്ബ് എന്നു പേരുള്ള സ്വന്തം കുതിരപ്പുറത്തേറി. വില്ലു ചോദിച്ചുവാങ്ങി തോളില്‍ ഞാത്തിയിട്ടു. കയ്യിലൊരു കുന്തവും കരുതി. സഅദുമാരിരുവരും അദ്ദേഹത്തിന്റെ മുന്നിലായി നടന്നുതുടങ്ങി. ഇരുവശങ്ങളിലായി വിശ്വാസത്തിന്റെ കരുത്തില്‍, ഭക്തിയുടെ നിറവിൽ പടയാളികള്‍ നീങ്ങി. അവര്‍ ആയിരം പേരുണ്ടായിരുന്നു.

സൈന്യം മദീനക്കും ഉഹുദിനുമിടയിലെ ശെയ്ഖയ്‌നിലെത്തി. പകലോന്‍ അന്നത്തെ ജോലി മതിയാക്കി പിന്‍വാങ്ങാന്‍ തുടങ്ങിയിരുന്നു. ബിലാല്‍ സന്ധ്യപ്രാര്‍ത്ഥനക്കുള്ള വിളിയാളമുയര്‍ത്തി, നബി വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സേനയെ പരിശോധിച്ചു. എട്ട് കിശോരപ്രായരായ കുട്ടികള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. തങ്ങളുടെ തുച്ഛപ്രായം തടസ്സമാകുമോ എന്ന് ശങ്കിച്ചതോടൊപ്പം അവർക്ക് പ്രതീക്ഷയുമുണ്ടായിരുന്നു. സെയ്ദിന്റെ മകന്‍ ഉസാമയും ഉമറിന്റെ മകന്‍ അബ്ദുല്ലയും അക്കൂട്ടത്തിലുണ്ട്. രണ്ടുപേർക്കും പതിമൂന്ന് വയസ്സാണ് പ്രായം. ഇരുവരെയും വിളിച്ചുവരുത്തി, ആറു കുട്ടിപ്പടയാളികൾക്കൊപ്പം ഉടനടി മദീനയിലേക്ക് തിരിച്ചുപോകാന്‍ നബി ആവശ്യപ്പെട്ടു. അവരും വിടാന്‍ ഭാവമില്ല. പ്രതിഷേധിച്ചു. എന്നാലവരിലൊരാള്‍ പതിനഞ്ചുകാരനായ ഔസ് ഗോത്രജന്‍ റാഫിഅ് പ്രായക്കൂടുതലുള്ളവരെക്കാള്‍ വലിയ വില്ലാളിയാണെന്ന് അന്‍സാറുകളിലൊരാള്‍ സാക്ഷ്യപത്രം നല്‍കി.

റാഫിഅ് സൈന്യത്തില്‍ തുടരും എന്ന് തീരുമാനമായ നിമിഷം നജ്ദുകാരനായ അനാഥ ബാലന്‍ സുംറ, താന്‍ റാഫിഇനെ ദ്വന്ദ്വയുദ്ധത്തില്‍ മലര്‍ത്തിയടിക്കുമെന്ന് അവകാശപ്പെട്ട് മുമ്പോട്ടുവന്നു. തന്റെ ഉമ്മയെ രണ്ടാമത് വിവാഹം ചെയ്ത മുർറി ബിൻ സിനാന്റെ ശിപാർശയിൽ അവിടെവച്ചുതന്നെ ഇരുവരെയും പരീക്ഷിക്കാന്‍ നബി തീരുമാനിച്ചു. സുംറ പറഞ്ഞത് ശരിയായിരുന്നു, അയാളും സൈന്യത്തിലുണ്ടാകും. ബാക്കി ആറുപേരോടും വീടുപിടിക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു.

മുസ്‌ലിംകള്‍ മദീനയില്‍നിന്ന് പുറത്തുകടന്ന് തങ്ങള്‍ക്കെതിരെ യുദ്ധത്തിലണിനിരക്കും എന്നുതന്നെയായിരുന്നു മക്കക്കാരുടെ പ്രതീക്ഷ. അങ്ങിനെയായാല്‍ തങ്ങളുടെ ശക്തി, വിശിഷ്യ, കുതിരപ്പടയുടെ കരുത്ത് അവര്‍ക്ക് കാണിച്ചുകൊടുക്കാനാകുമെന്നവര്‍ കണക്കുകൂട്ടി. പ്രവാചകനത് മനസ്സിലാക്കിയിരുന്നു. സ്വപ്നത്തിലൂടെ പരിച എന്ന് വിശേഷിപ്പിക്കപ്പെട്ട മദീന നഗരം വിട്ട് പുറത്തുവന്നിരുന്നുവെങ്കിലും തന്റെ സേനക്ക് മെച്ചമുണ്ടാക്കാന്‍ പോന്ന സ്ഥാനത്ത് നിലയുറപ്പിച്ച് എണ്ണത്തിലെ അസന്തുലിതാവസ്ഥയെ മറികടക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു.

ഈ അവശ്യത്തിന് പ്രവാചകന് ഒരുപദേശകന്റെ ആവശ്യമുണ്ടായിരുന്നു, അദ്ദേഹം അങ്ങനെയൊരാളെ അന്വേഷിച്ചു. ബനൂ ഹാരിസയുടെ വാസസ്ഥലത്തുകൂടിയായിരുന്നു അവര്‍ക്ക് കടന്നുപോകേണ്ടിയിരുന്നത്. അതിനാല്‍ അവരിലൊരാളുടെ സേവനമാണ് അദ്ദേഹം സ്വീകരിച്ചത്; അബൂഖയ്സുമ. അയാള്‍ക്ക് പ്രദേശത്തെ ഭൂമടക്കുകള്‍വരെ നന്നായറിയാമായിരുന്നു.

മദീനയില്‍ ആ അനുഗൃഹീത രാവില്‍ ഹന്‍ദലയും ജമീലയും ദാമ്പത്യോദ്യാനത്തിലേക്ക് കാലെടുത്തുവച്ചു. വികാരങ്ങളുടെ കുതിർമയിൽ അന്നത്തെ രാവ് പിടഞ്ഞുതീരാനിരിക്കെ ജമീലയുടെ സ്വപ്നത്തിലേക്ക് പ്രിയതമന്‍ കടന്നുവന്നു. തുറന്നുപിടിച്ച സ്വര്‍ഗവാതിലിന്റെ മുമ്പില്‍ അയാള്‍ നില്‍ക്കുന്നു. തെല്ലിട കഴിഞ്ഞ് ആ വാതിലിലൂടെ അയാൾ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു. വാതിലടഞ്ഞതോടെ അവള്‍ ഉറക്കമുണര്‍ന്നു. ഇതാണ് രക്തസാക്ഷിത്വം, അവള്‍ ആത്മഗതം ചെയ്തു.

അവരെഴുന്നേറ്റ് അംഗശുദ്ധിവരുത്തി പ്രഭാതപ്രാര്‍ത്ഥന നിര്‍വഹിച്ചു. നവവധുവിന് പുനരാഗതിയോതി യാത്രതിരിക്കാനാഞ്ഞനേരം അവള്‍ അയാളെ കൂട്ടിപ്പിടിച്ചു. വേർപ്പാടിന്റെ തീവ്രപരിരംഭണം അവരെ വീണ്ടുമൊരു വേഴ്ചയിലേക്ക് കൂട്ടി. ഇനിയൊരു സമാഗമം സാധ്യമാകാത്ത വിധം രക്തസാക്ഷിത്വത്തിലേക്ക് നടന്നുപോകുന്ന രണധീരനായ ഇണയുടെ രേതകണം തന്റെ ഗർഭപാത്രത്തിലേക്ക് വഴിതേടണം, സന്താനമായി ജന്മമെടുക്കണം, അവൾ ആശിച്ചു. സ്വന്തം ശരീരത്തിന്റെ ഭാഗമെന്ന് തോന്നിക്കുംവിധം അതിനെ ചുറ്റിനിൽക്കുന്ന യൗവനയുക്തയായ നവോഢയുടെ കരവലയം പറിച്ചുമാറ്റി ആയാള്‍ എഴുന്നേറ്റു. വീണ്ടുമൊരിക്കൽകൂടി സ്നാതനായി ശരീരശുദ്ധിവരുത്താന്‍ നില്‍ക്കാതെ പടച്ചട്ടയണിഞ്ഞ് യുദ്ധസാമഗ്രികളുമായി അയാള്‍ പ്രവാചകനും കൂട്ടരും ആ രാത്രി തങ്ങിയ തമ്പുകളെ ലക്ഷ്യമാക്കി വാഹനം പറത്തിച്ചു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.