നബിചരിത്രത്തിന്റെ ഓരത്ത് -68

//നബിചരിത്രത്തിന്റെ ഓരത്ത് -68
//നബിചരിത്രത്തിന്റെ ഓരത്ത് -68
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -68

ചരിത്രാസ്വാദനം

ആരവങ്ങൾ

പ്രവാചകനും അനുചരന്മാരും നജ്‌ദ്‌ ദൗത്യംകഴിഞ്ഞ് തിരിച്ചെത്തിയ സമയംതന്നെയാണ് കഅ്ബ് ബിന്‍ അഷ്‌റഫ് തന്റെ ‘ദൗത്യം’ പൂര്‍ത്തിയാക്കി മക്കയില്‍നിന്ന് മദീനയില്‍ തിരിച്ചെത്തുന്നതും. ശേഷമയാള്‍ വെറുതെയിരിക്കുകയായിരുന്നില്ല, നഗരത്തിനുപുറത്തെ ബനൂനദീറുകാരുടെ വാസസ്ഥലത്തെ തന്റെ കോട്ടയിലിരുന്ന് മുസ്‌ലിംകള്‍ക്കെതിരെയുള്ള വൈരക്കനല്‍ ഊതിപ്പൊലിപ്പിച്ചുകൊണ്ടിരുന്നു. പുറമെ, കവിത എന്നപേരില്‍ പ്രവാചകനെയും അനുയായികളെയും അപഹസിക്കുന്നതും ഭര്‍ത്സിക്കുന്നതുമായ മനോവിസര്‍ജ്യങ്ങളുടെ ആലാതവലയം തീര്‍ത്തയാള്‍ സമാനമനസ്‌കരെ രസിപ്പിച്ചു.

അറേബ്യയിലുടനീളം അറിയപ്പെടുന്ന കവിയെന്ന ഖ്യാതി കൂട്ടിനുള്ളതിനാല്‍ കഅ്ബിന്റെ വിഷലിപ്തമായ വരികള്‍ പകര്‍ച്ചവ്യാധിപോലെ ചുണ്ടുകളില്‍നിന്ന് ചുണ്ടുകളിലേക്ക് പടര്‍ന്നുകൊണ്ടിരുന്നു. മുസ്‌ലിംകളുടെ അഭിമാനം നടുപ്പാതയില്‍വെച്ച് നൂറായി കീറിയെറിയപ്പെട്ടു. പോരാഞ്ഞ് മദീനയിലെ വിശ്വാസിനികള്‍ക്കുനേരെ ഹീനമായ ശൃംഗാരക്ഷേപങ്ങളും തുടങ്ങി. കവിസ്വാതന്ത്ര്യത്തിന്റെ സീമകളഖിലവും കഅ്ബ് മായിച്ചുകളഞ്ഞതോടെ വിശ്വാസികള്‍ രോഷാകുലരായി. അഭിമാനക്ഷതത്തില്‍ പുളഞ്ഞ് പ്രവാചകന്‍ പ്രാര്‍ഥിച്ചു, ‘നാഥാ, ഇബ്‌നു അഷ്‌റഫ് ഉതിര്‍ക്കുന്ന പരുഷങ്ങളുടെ പേരില്‍, അയാള്‍ വിക്ഷേപിക്കുന്ന കവിതകളുടെ പേരില്‍, നീയിച്ഛിച്ച വിധേന അയാളില്‍നിന്നെനിക്ക് രക്ഷനല്‍കുക.’ വിശ്വാസികള്‍ അയാളെ നിത്യനിശ്ശബ്ദനാക്കാന്‍ തീരുമാനിച്ചു. ഔസ് ഗോത്രജനായ മുഹമ്മദ് ബിന്‍ മസ്‌ലമയുടെ നേതൃത്വത്തില്‍ ഒരു സംഘം അതിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

സംഘം കഅ്ബുമായി കൂടിക്കാഴ്ച നടത്തി. പ്രവാചകനെ അധിക്ഷേപിച്ച് സംസാരിച്ച് അവര്‍ അയാളുടെ വിശ്വാസം നേടിയെടുത്തു. മുഹമ്മദ് വന്നതില്‍പിന്നെ യസ്‌രിബ് നാനാവിധമായിരിക്കുന്നുവെന്നതായിരുന്നു സംസാരത്തിന്റെ ആകത്തുക. വന്നവര്‍ സ്വന്തക്കാര്‍തന്നെയെന്നയാള്‍ ധരിച്ചു. തല്‍ക്കാലാവശ്യത്തിനായി തങ്ങള്‍ക്ക് കുറച്ച് പണം ആവശ്യമായിരിക്കുന്നുവെന്നും പണയത്തിനുമേല്‍ പണം വായ്പ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നീടൊരു ദിവസത്തേക്ക് പണം ഏര്‍പ്പാടാക്കാമെന്നയാള്‍ പ്രതിവചിച്ചു. പറഞ്ഞുറപ്പിച്ച ദിവസം മദീനക്കു പുറത്തുള്ള കോട്ടപോലെ ഭദ്രമായ ഭവനത്തിലെത്തി സംഘാംഗമായിരുന്ന അബൂനാഇല കഅ്ബിനെ വിളിച്ച് പുറത്തുവരാനാവശ്യപ്പെട്ടു. ഭാര്യയുടെ എതിര്‍പ്പ് വകവെക്കാതെ അയാള്‍ പുറത്തിറങ്ങി. ദൂരെയൊരിടമെത്തുന്നതുവരെ ഇരുവരും സംസാരിച്ചുകൊണ്ടിരുന്നു. അവിടെ സംഘാംഗങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഭൂമിയിലെ തന്റെ അവസാന നിമിഷവും ജീവിച്ച കഅ്ബ് ആ രാത്രി സ്വന്തം ചെയ്തികൾക്കുള്ള പ്രതിഫലമേറ്റുവാങ്ങാനായി മറ്റൊരു ലോകത്തേക്ക് യാത്രയാക്കപ്പെട്ടു. കഅ്ബിന്റെ വധം മദീനയിലെ യഹൂദരെ ചകിതരാക്കി. മുസ്‌ലിംകളുമായി നിലവിലുള്ള കരാർ മറന്നുകൊണ്ട് ബദ്‌റാനന്തരം അവര്‍ മക്കയിലുള്ള കുറയ്ഷികളുമായി നിരന്തരം വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. കഅ്ബായിരുന്നുവല്ലോ ആ നയതന്ത്രബന്ധങ്ങളുടെ തുടക്കക്കാരന്‍.

തങ്ങളുടെ സഹഗോത്രജനെ ഒരാള്‍ കാരണമേതുമില്ലാതെ ചതിയിലൂടെ കൊലചെയ്തിരിക്കുകയാണെന്ന് ബനൂനദീറിലെ നേതാക്കള്‍ പ്രവാചകനെ സമീപിച്ച് പരാതിപ്പെട്ടു. കഅ്ബിനെപ്പോലെതന്നെ ഇസ്‌ലാമിനോട് കടുത്ത ശത്രുതപുലര്‍ത്തുന്നവരാണ് തന്നെ കാണാനായി എത്തിയിരിക്കുന്നതെന്ന് പ്രവാചകനറിയാം. പ്രവാചകൻ പറഞ്ഞു,

‘വൈരംനിറഞ്ഞ ചിന്ത സഹനീയമാണ്, എന്നാല്‍, വൈരംപരത്തുന്ന പ്രവൃത്തി അങ്ങനെയല്ല. കഅ്ബിന്റെ ചെയ്തികള്‍ മറ്റുള്ളവരെപ്പോലെ അഭിപ്രായങ്ങളില്‍ പരിമിതപ്പെട്ടിരുന്നെങ്കില്‍ കൊല്ലപ്പെടുമായിരുന്നില്ല. എന്നാലയാള്‍ ഞങ്ങളെ മുറിവേല്പിക്കുകയാണ് ചെയ്തത്.’ പിന്നീടവരെ, മുമ്പുണ്ടായിരുന്ന ഉടമ്പടിക്കു പുറമെ, പ്രത്യേക കരാറുണ്ടാക്കാന്‍ പ്രവാചകന്‍ ക്ഷണിച്ചു. അവര്‍ അങ്ങനെതന്നെ ചെയ്തു.

ചെങ്കടലിനോടു ചേര്‍ന്ന സ്ഥിരം സഞ്ചാരപാത കൈവിട്ടുപോയതിനാല്‍ തങ്ങള്‍ക്കിനി നജ്‌ദ്‌ സമതലത്തിലൂടെ കടന്നുപോകുന്നപാത മാത്രമേ ഏക വികല്പമായുള്ളൂ എന്ന യാഥാര്‍ഥ്യം കുറയ്ഷ് ഏതാണ്ട് ഉള്‍ക്കൊണ്ടപോലെയാണിപ്പോള്‍. ഗ്രീഷ്മമാസങ്ങള്‍ അവസാനിക്കുന്നതോടെ, ജലത്തിന്റെ ആവശ്യങ്ങള്‍ക്കായി ഏതാനും ഒട്ടകങ്ങളെക്കൂടി കൂട്ടത്തില്‍ ചേര്‍ത്ത് തരണം ചെയ്യാവുന്നതേയുള്ളൂ ആ പ്രതിസന്ധി.
ആദ്യ പരീക്ഷണമെന്നോണം, ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വെള്ളിയും വെള്ളിയില്‍തീര്‍ത്ത പാത്രങ്ങളും വഹിച്ചുകൊണ്ടുള്ള വമ്പിച്ചൊരു കച്ചവടസംഘത്തെ ആ വഴി ഇറാകിലേക്കയക്കാന്‍ അവര്‍ തീരുമാനിച്ചു. സഫ്‌വാന്റെ നേതൃത്വത്തിലായിരുന്നു യാത്ര. സാര്‍ത്ഥവാഹകസംഘത്തെക്കുറിച്ച് മദീനയിലെ ചില യഹൂദര്‍ക്ക് ഇരുകൂട്ടര്‍ക്കുമിടയില്‍ രൂപപ്പെട്ട പുതുബാന്ധവങ്ങളിലൂടെ വിവരങ്ങള്‍ ലഭിച്ചിരുന്നു. അവര്‍ക്കിടയില്‍ നടന്ന സംഭാഷണം അന്‍സാറുകളിലൊരാള്‍ കേള്‍ക്കാനിടയാകുകയും പ്രവാചകനെ അറീക്കുകയുമായിരുന്നു.
വണിക്‌സംഘത്തെ തടയാനായി സെയ്ദ് ബിന്‍ ഹാരിസയുടെ നേതൃത്വത്തില്‍ നൂറ് കുതിരപ്പടയാളികളുടെ ചെറുസേനയെ കറദയിലേക്കയച്ചു; സെയ്ദിന്റെ നേതൃപാടവത്തെക്കുറിച്ച് വലിയ മതിപ്പായിരുന്നു പ്രവാചകന്. ആ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ജലലഭ്യതയുള്ള പ്രദേശമാണ് കറദ. താരതമ്യേന ചെറുതും കൈകാര്യം ചെയ്യാന്‍ എളുപ്പവുമായിരുന്ന സേനയായിരുന്നതിനാല്‍ ഫലപ്രദമായ ഒളിയാക്രമണം എളുപ്പമായി. അപ്രതീക്ഷിതവും ശക്തവുമായ ആക്രമണത്തില്‍ പകച്ച് സഫ്‌വാനും സംഘവും ചിതറിയോടി. സെയ്ദും കൂട്ടരും വിജേതാക്കളായി മദീനയില്‍ തിരിച്ചെത്തുകയുംചെയ്തു. വാണിജ്യസംഘത്തിന്റെ ചരക്ക് വഹിച്ചിരുന്ന ഒട്ടകങ്ങളെ അവക്ക് പുറത്തുള്ള വെള്ളിഭാരങ്ങളടക്കം സംഘം പിടിച്ചെടുത്തു, കൂട്ടത്തില്‍ ഏതാനും ബന്ദികളെയും. കറദ സംഭവം, മക്കയില്‍ ചെറുതല്ലാത്ത തുടരനക്കങ്ങള്‍ സൃഷ്ടിച്ചു. ബദ്‌റിലെ പരാജയത്തിനു പിന്നാലെ കുറയ്ഷ് ഒരുക്കം കൂട്ടുന്ന മദീനക്കുനേരെയുള്ള ആക്രമണപദ്ധതികള്‍ ശക്തമാവുകയും അവയുടെ ഗതിവേഗം വര്‍ധിക്കുകയും ചെയ്തു.

ക്രിസ്തുവിനുശേഷം അറുന്നൂറ്റി ഇരുപത്തിനാലാണ്ടുകള്‍ കടന്നുപോയി ഇരുപത്തിയഞ്ചാമാണ്ടിലേക്ക് പ്രവേശിച്ച ശിശിരകാലമായിരുന്നു അത്. പ്രവാചകന്റെ ജീവിതത്തിലേക്ക് ആമോദത്തിന്റെ തളിരിളംകാറ്റു വീശിയാണ് അക്കൊല്ലത്തെ റമദാന്‍ സമാഗതമായത്; ഫാത്വിമ ഒരാണ്‍കുഞ്ഞിനു ജന്മമേകിയിരിക്കുന്നു. നവജാതശിശുവിന്റെ കാതുകളിലേക്ക് നബി ബാങ്കിന്റെ പദങ്ങള്‍ മന്ത്രിച്ചു. അവനെ അദ്ദേഹം ഹസന്‍ എന്നു വിളിച്ചു; അഴകാര്‍ന്നവന്‍. റമദാന്‍ ചന്ദ്രിക ഒന്നാം പക്ഷം പൂര്‍ത്തിയാക്കി. മൂന്നുദിനങ്ങള്‍ കൂടിക്കഴിഞ്ഞാല്‍ ബദ്‌റിന്റെ ഒന്നാം വാര്‍ഷികമായി. ആ സമയത്ത് മക്കയില്‍നിന്ന് മൂന്നുനാളുകള്‍ മാത്രമെടുത്ത് ഒരു അശ്വയാത്രികന്‍ മദീനയുടെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചു. നേരെ പ്രവാചകനെയന്വേഷിച്ച് പള്ളിയിലെത്തി. അനുചരന്മാരുമായി ചര്‍ച്ചകളിലായിരുന്ന പ്രവാചകന് അയാളൊരു കത്തുനീട്ടി. പിതൃവ്യന്‍ അബ്ബാസ് ബിന്‍ അബ്ദുല്‍മുത്തലിബാണത്രേ കത്തുമായി ഗിഫാര്‍ ഗോത്രജനായ ദൂതനെ അയച്ചിരിക്കുന്നത്. ഉബയ്യ് ബിന്‍ കഅ്ബ് സന്ദേശം പ്രവാചകനെ വായിച്ചുകേള്‍പ്പിച്ചു. മൂവായിരം പേരുള്‍ക്കൊള്ളുന്ന ഒരു അഭൂതപൂര്‍വമാംവിധം ഗംഭീരമായൊരു പട മദീനയിലേക്ക് പുറപ്പെടാനൊരുങ്ങി നില്‍ക്കുന്നുണ്ടെന്നാണ് കുറിമാനത്തിന്റെ ഉള്ളടക്കം. സേനയില്‍ എഴുന്നൂറ് പേര്‍ പടച്ചട്ടയണിഞ്ഞവരുണ്ട്, ഇരുന്നൂറ് അശ്വാരൂഢരുണ്ട്, എത്രപേരുണ്ടോ അത്രയും ഒട്ടകങ്ങളുമുണ്ട്. ചരക്കുവഹിച്ചുകൊണ്ടുള്ള ഒട്ടകങ്ങളുടെയും സ്ത്രീകളെ ഇരുത്താനുള്ള വരണ്ഡകം പേറുന്ന ഒട്ടകങ്ങളുടെയും കണക്കെടുത്തുകഴിഞ്ഞില്ല. അബ്ബാസിന്റെ എഴുത്ത് തല്‍ക്കാലം അന്‍സാരികളിലും മുഹാജിറുകളിലും പെട്ട ഏതാനും നേതാക്കള്‍ മാത്രം അറിഞ്ഞാല്‍ മതിയെന്ന് നബി ഉബയ്യിനോട് പറഞ്ഞു.
കത്ത് മദീനയിലെത്തിയപ്പോഴേക്കും കുറയ്ഷ് മക്കയില്‍നിന്ന് പുറപ്പെട്ടുകഴിഞ്ഞിരുന്നു. വഴിയിലുടനീളം ദിക്കുകളെ ഭേദിച്ചുയര്‍ന്ന ആരവങ്ങളും തമ്പേറടിയും പരമ്പരാഗതമായ ഒരുത്സവത്തിന്റെ പ്രതീതിയാരചിച്ചു. തല്‍ഹ ബിന്‍ അബൂതല്‍ഹയാണ് സര്‍വ്വസൈനാധിപന്‍. കുറയ്ഷി നേതാവ് അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് സൈന്യത്തെ അനുഗമിക്കുന്നുണ്ട്. അയാളുടെ മറ്റൊരു ഭാര്യയും കൂട്ടത്തിലുണ്ട്. ഉമയ്യയുടെ പുത്രന്‍ സഫ്‌വാനെയും അയാളുടെ ഒരു ജോഡി പത്‌നിമാര്‍ അനുഗമിക്കുന്നുണ്ട്. അവര്‍ മാത്രമല്ല, ഒരു പെണ്‍പടതന്നെ പുറപ്പെട്ടിട്ടുണ്ടത്രെ. അബൂജഹ്‌ലിന്റെ പുത്രന്‍ ഇകരിമയുടെ പെണ്ണ് ഉമ്മുഹകീം, ഖാലിദ് ബിന്‍ വലീദിന്റെ പെങ്ങൾ ഫാത്വിമ, അംറ് ബിന്‍ ആസ്വിന്റെ ഭാര്യ റെയ്ത…

എന്തുവന്നാലും ഇത്തവണ തങ്ങള്‍ യുദ്ധത്തില്‍ പങ്കെടുക്കുമെന്ന് ഹിന്ദിന്റെ നേതൃത്വത്തില്‍ സ്ത്രീജനം ശാഠ്യംപിടിക്കുകയായിരുന്നുവത്രെ. ഒരു യുദ്ധത്തില്‍ വിജയം മാത്രമല്ല, പരാജയവും സംഭവിക്കാമെന്നും, പരാജയം സംഭവിച്ചാല്‍ അതിന്റെ മാനക്കേട് പേറേണ്ടിവരിക സ്ത്രീകളായിരിക്കുമെന്നും അതിനാല്‍ അവര്‍ സൈന്യത്തോടൊപ്പം പോയിക്കൂടാ എന്നും ഉച്ചത്തില്‍ വാദിച്ചവരും ഒടുവിലൊടുവില്‍, സ്ത്രീകളുടെതന്നെ രോഷത്തിനും, പോരാളികളായ പുരുഷന്മാരുടെ വീര്യത്തെ ഉജ്ജ്വലിപ്പിക്കുവാനും അവര്‍ക്ക് ആവേശം പകരാനും സ്ത്രീകളുടെ സാന്നിധ്യമുപകരിക്കുമെന്ന എതിർവാദത്തിനും മുമ്പില്‍ കീഴടങ്ങുകയായിരുന്നു.
‘കേള്‍ക്കണോ കൂട്ടരേ, ഞങ്ങള്‍ പുറപ്പെടുകതന്നെ ചെയ്യും, യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്യും. ഞങ്ങളെ തടയാനാരും മെനക്കെടേണ്ടതില്ല. ബദ്‌റിലേക്ക് പുറപ്പെട്ട ഞങ്ങളെ നിങ്ങള്‍ തുഹ്ഫയില്‍നിന്ന് തിരിച്ചയച്ചു. ഫലമോ, പടനിലത്ത് ഭടജനത്തിനെ ആവേശിപ്പിക്കാന്‍ ആരുമുണ്ടായില്ല.’ ബദ്‌റില്‍ പിതാവിനെയും പിതൃവ്യനെയും സഹോദരനെയും നഷ്ടപ്പെട്ട ഹിന്ദിന്റെ ഹൃദന്തത്തില്‍ തിളച്ച പ്രതികാരത്തിന്റെ ലാവ വാക്കുകളായി പുറത്തേക്ക് ചീറ്റി.

മുത്ഇമിന്റെ പുത്രന്‍ ജുബയ്ര്‍ മക്കയില്‍തന്നെ തങ്ങിയെങ്കിലും അയാളുടെ അടിമ വഹ്ഷിയെ സൈന്യത്തോടൊപ്പമയച്ചിട്ടുണ്ട്. മിക്ക അബിസീനിയക്കാരെയും പോലെ അയാളും കുന്തമേറില്‍ അതിവിദഗ്ധനായിരുന്നു. പുറപ്പെടുന്നതിനു മുമ്പ് ജുബയ്ര്‍ അയാള്‍ക്ക് വാക്കുനല്‍കി, ‘എനിക്ക് വേണ്ടി നീ അബ്ദുല്‍മുത്തലിബിന്റെ പുത്രന്‍ ഹംസയെ വധിക്കുകയാണെങ്കില്‍ അവിടന്നങ്ങോട്ട് നീ സ്വതന്ത്രനായിരിക്കും.’ ഈ വിവരം ഹിന്ദ് അറിഞ്ഞിരുന്നതിനാല്‍ സൈന്യത്തിന്റെ മുമ്പോട്ടുള്ള യാത്രയിലെ വിശ്രമവേളകളില്‍ മുമ്പിലൂടെ വഹ്ഷി കടന്നുപോകുന്നതു കണ്ടാല്‍ ഹിന്ദ് പറയും, ‘ഏയ് കറുപ്പാ, നിന്റെ യജമാനന്‍ പറഞ്ഞതുപോലെ ചെയ്യുക.’ വഹ്ഷി കൃത്യം നിർവ്വഹിക്കുകിൽ ഹിന്ദിന്റെ വകയും അയാള്‍ക്ക് പാരിതോഷികങ്ങളുണ്ട്.

കുറയ്ഷി സേന മദീനയിലെത്തിച്ചേരാന്‍ ഇനിയും ഒരാഴ്ചയെടുക്കും. പക്ഷേ, അതിനു മുമ്പ് മദീനയുടെ പ്രാന്തങ്ങളില്‍ വസിക്കുന്നവരെ, അവരുടെ കന്നുകാലികളെയടക്കം, നഗരാതിര്‍ത്തിക്കുള്ളില്‍ കൊണ്ടുവരേണ്ടതുണ്ട്. അതവര്‍ സാധ്യമാക്കുകയും ചെയ്തു. ആടോ പശുവോ ഒട്ടകമോ കുതിരയോ ഒരെണ്ണംപോലുമവശേഷിക്കാതെ നഗരത്തിനകത്തെത്തിക്കാനവര്‍ക്കായി. എന്നാല്‍ മക്കക്കാര്‍ ഏതുതരം പദ്ധതികളാണൊരുക്കിയിരിക്കുന്നതെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

ചെങ്കടലിനോടു ചാരിയുള്ള സഞ്ചാരപാതയാണ് അവര്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വൈകാതെ വാര്‍ത്തവന്നു. പിന്നീട് വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് മദീനക്കുനേരെ നീങ്ങി, നഗരത്തില്‍നിന്ന് അഞ്ചുനാഴികയകലെ പടിഞ്ഞാറ് ഭാഗത്തായി വിശ്രമിച്ചു. അതുകഴിഞ്ഞ്, ഏതാനും നാഴിക മുമ്പോട്ടുനീങ്ങി. മദീനക്കുമേല്‍ ഉയര്‍ന്നുനില്‍ക്കുന്ന ഉഹുദ് മലയുടെ താഴ്‌വാരത്തുള്ള സമതലത്തിലെ കൃഷിഭൂമിയില്‍ തമ്പുകളുയര്‍ത്തി.
പ്രവാചകന്‍ ഹുബാബ് ബിന്‍ അല്‍മുൻദിറിനെ നിരീക്ഷകനായി വിട്ടു. കുറയ്ഷികളുടെ എണ്ണവുമൊരുക്കവും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് പിറ്റേന്ന് അയാൾ മടങ്ങിയെത്തി.
‘താങ്കളെന്തു കണ്ടു?’ നബി ചോദിച്ചു.

‘അവരുടെ എണ്ണം മൂവായിരത്തില്‍ അല്പം കൂടാം, അല്ലെങ്കില്‍ കുറയാം.’

ഹുബാബിന്റെ വിവരങ്ങളോരോന്നും അബ്ബാസിന്റെ കത്തില്‍ പറഞ്ഞതുപോലെതന്നെ. ആ കത്തിനെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ലല്ലോ. സകീഫില്‍നിന്നുള്ള നൂറുപേരും കിനാനയില്‍നിന്നും മറ്റു സഖ്യകക്ഷികളില്‍നിന്നും വന്നുചേരാവുന്നവര്‍ ഈ കണക്കെടുപ്പിന് പുറത്തായിരുന്നു. കുറയ്ഷികള്‍ക്കു പുറമെ, ഏതാനും ചില അറബി ഗോത്രങ്ങളും പിന്നെ അടിമകളും ബാക്കി പലഭാഗങ്ങളില്‍നിന്ന് സംഘടിപ്പിച്ച കൂലിപ്പട്ടാളവുമായിരുന്നു മക്ക സേനയുടെ ആകത്തുക.

ഹുബാബിനു പുറമെ, ഫുദാലയുടെ മക്കളായ അനസിനെയും മുഅ്നിസിനെയും നിരീക്ഷകരായി വിട്ടിരുന്നു. അവര്‍ പറഞ്ഞതനുസരിച്ച്, മൂവായിരത്തിലധികംവരുന്ന ഒട്ടകങ്ങളും ഇരുന്നൂറ് കുതിരകളും പ്രദേശത്തെ മേച്ചില്‍പുറങ്ങള്‍ നിറഞ്ഞ് മേയുകയാണ്. ചുറ്റുവട്ടത്തെ കൊയ്യാനിരിക്കുന്ന വിളകള്‍ മിക്കവാറും അവയുടെ തീറ്റയായിരിക്കുന്നു. ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പുല്‍ക്കൊടിപോലും സ്ഥലത്തവശേഷിക്കാത്ത വിധം മൊട്ടനിലമായത് മാറും. മട്ടും മാതിരിയും കണ്ടിട്ട് അടുത്തെങ്ങും ഒരു ആക്രമണത്തിനുള്ള ഒരുക്കമോ സാധ്യതയോ ഇല്ല താനും. നഗരം പഴുതടച്ച സുരക്ഷക്കു കീഴിലാക്കാന്‍ പ്രവാചകന്‍ പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍ ശക്തമായ കാവലേര്‍പ്പെടുത്തണമെന്ന് ഔസ് ഗോത്രജനായ സഅദ് ബിന്‍ മുആദും, ഖസ്‌റജ് ഗോത്രജനായ സഅദ് ബിന്‍ ഉബാദയും ശഠിച്ചു.

പ്രവാചകന്‍ ഇതുവരെ ആയുധമൊന്നും അണിഞ്ഞിട്ടില്ല. ഒരു കടുംകാലത്തിന്റെ ആരബ്ധം വിളംബരംചെയ്തുകൊണ്ട് ആ രാവുകളിലൊന്നില്‍ നബിക്കൊരു സ്വപ്നദര്‍ശനമുണ്ടായി, ബലിഷ്ഠമായ പടച്ചട്ടയണിഞ്ഞ് അദ്ദേഹം ഒരാടിന്റെ പുറത്ത് യാത്രചെയ്യുന്നു, കയ്യിലെ വാളിന്റെ തലപ്പ് ചളുങ്ങിയിട്ടുണ്ട്. തന്റേതാണെന്നദ്ദേഹത്തിന് ബോധ്യമുള്ള ഏതാനും പശുക്കള്‍ ബലിയറുക്കപ്പെട്ടതായി കണ്‍മുന്‍പില്‍ കാണുന്നു. പിറ്റെ പ്രഭാതത്തില്‍ പ്രവാചകന്‍ തന്റെ സ്വപ്നത്തിന്റെ കഥ അനുചരന്മാരുമായി പങ്കുവച്ചു. അദ്ദേഹംതന്നെ അതിന്റെ പൊരുളും വിവരിച്ചുകൊടുത്തു. ബലിഷ്ഠമായ പടച്ചട്ട മദീനയാണ്, വാളിന്റെ ചളുക്കം തനിക്കേല്‍ക്കാനിരിക്കുന്ന ഒരു പ്രഹരമാണ്. ബലിയറുക്കപ്പെട്ട പശുക്കള്‍ യുദ്ധത്തില്‍ രക്തസാക്ഷികളാകാന്‍ പോകുന്ന തന്റെ സഹചരരെ പ്രതിനിധാനം ചെയ്യുന്നു. താൻ സഞ്ചരിച്ച മുട്ടനാടാകട്ടെ, ദൈവമിഛിക്കുകില്‍ മുസ്‌ലിംകൾ വധിക്കാന്‍ പോകുന്ന ശത്രു സേനയുടെ തലയാളാണ്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.