നബിചരിത്രത്തിന്റെ ഓരത്ത് -67

//നബിചരിത്രത്തിന്റെ ഓരത്ത് -67
//നബിചരിത്രത്തിന്റെ ഓരത്ത് -67
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -67

ചരിത്രാസ്വാദനം

പാഠശാല

ലോകത്തില്‍വെച്ചേറ്റവും അന്തസ്സുള്ള പാഠശാലയായിരുന്നു പ്രവാചകന്റേത്, മോഹിപ്പിക്കുന്നതും മാതൃകാധന്യവുമായ ഗുരുശിഷ്യബന്ധം പ്രസാരണംചെയ്ത വിദ്യാകേന്ദ്രം. അധ്വാനിച്ച് അന്നംതേടാനും ദാരിദ്ര്യം ഭയക്കാതെ ദാനംചെയ്യാനുമുള്ള പാഠങ്ങള്‍ അവിടത്തെ വിദ്യാര്‍ത്ഥികള്‍ പകര്‍ന്നെടുത്തു. ആര്‍ത്തിയും സ്വാര്‍ത്ഥതയുമൊഴിവാക്കി സഹജീവിയുമായി വിഭവങ്ങള്‍ പങ്കുവെക്കാന്‍ അവിടന്നവര്‍ പഠിച്ചു. മനുഷ്യരോടും തിര്യക്കുകളോടും ദയാപരരായിരിക്കണമെന്ന് മഹാഗുരുവില്‍നിന്ന് ശിഷ്യന്മാര്‍ പഠിച്ചെടുക്കുന്നു, പച്ചക്കരളുള്ള ജീവിയിലോരോന്നിലും തങ്ങള്‍ക്കുള്ള പ്രതിഫലമിരിക്കുന്നുവെന്ന് അവരോടരുളിയത് ആ ഗുരുവായിരുന്നുവല്ലോ. ജീവിതം പ്രകാശംപരത്തുന്ന ദീപങ്ങളാക്കാനും, പെരുമാറ്റം പരിമളംപരത്തുന്ന ഇതളുകളാക്കാനും അവര്‍ പഠിച്ചെടുത്തത് അവിടെനിന്നായിരുന്നു. യുദ്ധവേളയില്‍പോലും സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധരുടെയും ജീവന്‍ പൊലിഞ്ഞുപോകാതിരിക്കാന്‍ കരുതലുണ്ടാകണം, പഥികന് തണലും വിശന്നവന് കനികളും നല്‍കുന്ന മരങ്ങള്‍ മുറിച്ചുമാറ്റരുത്… ജീവിതത്തിന്റെ വളവുതിരിവുകളിലെല്ലാം ആ പാഠശാല ചൂണ്ടുഫലകങ്ങള്‍ നാട്ടിയിട്ടുണ്ട്, ശിഷ്യന്മാര്‍ അവ കൃത്യമായി പാലിക്കുന്നതാണവിടെ ഗുരുദക്ഷിണ.

സാധാരണക്കാരില്‍ സാധാരണക്കാരനായി, ദരിദ്രരില്‍ ദരിദ്രനായി, ഉദാരരില്‍ ഉദാരനായി പ്രവാചകന്‍ ജീവിച്ചു. സദാശുഷ്‌കമായ അദ്ദേഹത്തിന്റെ ഭക്ഷണത്തളിക കൂടെയുള്ളവരുമായി പങ്കുവച്ചു. ‘ഒരാള്‍ക്കുള്ള ഭക്ഷണം രണ്ടാള്‍ക്ക് തികയും, രണ്ടാള്‍ക്കുള്ളത് നാലാള്‍ക്കും.’ എന്നദ്ദേഹം പറഞ്ഞത്, സമാജത്തിലെ പരമാവധി ജീവനുകള്‍ വിശന്നിരിക്കരുത് എന്ന സാമൂഹ്യപാഠം അന്നത്തെയും പിന്നത്തെയും തലമുറകള്‍ക്കു പകര്‍ന്നുനല്‍കാനാണ്. നല്ലതെന്തും ഭക്ഷിക്കാമെന്നും പാനംചെയ്യാമെന്നും അതോടൊപ്പം ധൂര്‍ത്തൊഴിവാക്കണമെന്നുമവരെ പഠിപ്പിച്ച അതേ പാഠശാല ചില അതിരുകള്‍ നിശ്ചയിക്കുകയും ചെയ്തു. വയറുനിറഞ്ഞ് ഒരിക്കലും പ്രവാചകന്‍ തന്റെ തീന്‍തളിക വിട്ടുപോയില്ല. ആമാശയത്തിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും നീക്കിവെക്കുമ്പോള്‍ ഇനിയൊരു മൂന്നിലൊന്ന് വെറുതെയിടണമെന്നദ്ദേഹം അനുയായികളെ പഠിപ്പിച്ചു. ആദാമിന്റെ സന്തതിക്ക് അയാളുടെ നടുനിവരാനുള്ളതുമതി എന്നൊരിക്കലദ്ദേഹം പറഞ്ഞു. വീര്‍ത്ത കുടവയറും അമിതനിദ്രയും വെറുതെയിരിപ്പും നല്ല സമൂഹത്തിന്റെ ലക്ഷണമല്ലല്ലോ. ജഠരാലസ്യമുളവാക്കാവുന്ന മാത്രയില്‍ ഭക്ഷിക്കുന്നത് സാമൂഹികമായ അക്രമമാണെന്ന് ശിഷ്യന്മാര്‍ വായിച്ചെടുത്തു.

വീട്ടിലെ അംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് ഭക്ഷണംകഴിക്കുമ്പോള്‍ അവരെ പരിരംഭണം ചെയ്തുനില്‍ക്കുന്ന അനുഗ്രഹഹസ്തത്തെക്കുറിച്ച് ഗുരു എടുത്തുപറയുമായിരുന്നു. വലതുകയ്യിലെ ഏതാനും വിരലുകള്‍ മാത്രമുപയോഗിച്ച് തന്റെ മുമ്പിലുള്ളതുമാത്രമെടുത്ത് സാവധാനം ചവച്ചരച്ച് കഴിക്കുന്നത് ശീലമാക്കുകയും അനുചരന്മാരോടങ്ങനെ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയുംചെയ്തു. തളികയുടെ പലഭാഗങ്ങളില്‍നിന്നുമായി ഏന്തിവലിഞ്ഞ് കഴിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി.

സുഫ്ഫക്കാരായ അനുചരന്മാരെ ഭക്ഷണത്തിന് കൂട്ടിക്കൊണ്ടുപോകണമെന്ന് ആവതുള്ള അനുചരരോട് നിര്‍ദ്ദേശിച്ചു. വിരുന്നുകളില്‍ വെച്ചേറ്റവും ചീത്ത, ദരിദ്രന്‍ ക്ഷണിക്കപ്പെടാത്ത വിരുന്നാണെന്നദ്ദേഹം പഠിപ്പിച്ചു. വിരുന്നുകാരനെ ഊട്ടി സ്വയം പട്ടിണി വരിച്ച ദിനങ്ങളെത്രയാണെന്നോ!

വരിഞ്ഞുമുറുക്കിയ പട്ടിണിയുമായി സന്ധിചെയ്യിക്കാന്‍ തന്റെ സംവേദനങ്ങളെ തിരുമേനി അനുവദിച്ചില്ല. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുയായികളുടെ ജീവിതത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ തുനിഞ്ഞതുമില്ല. നിയമവിധേയമായ ചില തീന്‍വസ്തുക്കള്‍ വ്യക്തിപരമായി അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നില്ല, എന്നാല്‍ അനുയായികളോട് ആവോളം ഭക്ഷിക്കാനും പറഞ്ഞു. മദീനയില്‍ സര്‍വ്വസാധാരണമായ വലിയ ഉടുമ്പുകള്‍ മക്കയില്‍വെച്ചദ്ദേഹം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. കഴിച്ചു പരിചയമില്ലാതിരുന്നതിനാല്‍ അദ്ദേഹം ഉടുമ്പിറച്ചി കഴിച്ചില്ല. അതേസമയം, അനുയായികളെയത് കഴിക്കാന്‍ അനുവദിക്കുകയും ചെയ്തു. സ്വകാര്യമായ തന്റെ ഭക്ഷണശീലങ്ങള്‍ അപരന് ബുദ്ധിമുട്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. അന്‍സാരിയായ അനുചരന്റെ വീട്ടില്‍നിന്ന് കൊടുത്തയച്ച തീന്‍വിഭവം വായോടടുപ്പിച്ചതും അതിലെ കനത്ത വെള്ളുള്ളി സാന്നിധ്യം അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഉടനത് വായില്‍നിന്ന് പിന്‍വലിച്ചു. ഇതുകണ്ട അനുയായികളും അങ്ങനെ ചെയ്തു.
‘എന്തുപറ്റി?’ അദ്ദേഹം ചോദിച്ചു. ‘അങ്ങ് കഴിക്കുന്നില്ലല്ലോ,’ അവര്‍.

‘അല്ലാഹുവിന്റെ നാമത്തില്‍ അത് കഴിക്കുക, ഇന്നെനിക്ക് ഒരാളുമായി സംസാരിക്കാനുണ്ട്, നിങ്ങള്‍ അയാളുമായി സംസാരിക്കുന്നില്ലല്ലോ’ അദ്ദേഹം പറഞ്ഞു.

മറ്റൊരാളുമായി സംസാരിക്കുന്ന സമയത്ത് തന്റെ വായില്‍നിന്ന് അനുവാചകനെ ബുദ്ധിമുട്ടിക്കുന്ന ഗന്ധം വമിക്കാതിരിക്കാന്‍ പ്രത്യേകംശ്രദ്ധിച്ചു. അമിതമായി ഉള്ളിയുടെയും വെളുത്തുള്ളിയുടെയും വാടയുള്ള ഭക്ഷണംകഴിച്ച് പൊതുയിടങ്ങളില്‍ ചെല്ലുന്നതിനെ നബി നിരുത്സാഹപ്പെടുത്തിയതും സാമൂഹ്യമായ ഈ മര്യാദയോര്‍ത്താണ്.

അധ്വാനത്തിന്റെ വിലയും മഹത്വവും ഊന്നിപ്പറഞ്ഞ പ്രവാചകന്‍ അധ്വാനിച്ചേ കഴിക്കാവൂ എന്ന് നിഷ്‌കര്‍ഷിച്ചു. യാചിച്ചുവന്ന അരോഗദൃഢശരീരിയായ ഒരാള്‍ക്ക് സ്വന്തം കൈക്കൊണ്ട് തായയുറപ്പിച്ച് മഴുനീട്ടിക്കൊടുത്തതിനുശേഷം കുന്നുകളില്‍പോയി വിറകുവെട്ടി ജീവിക്കാൻ നിർദ്ദേശിച്ച് പറഞ്ഞയച്ചു. യാചന അത്യന്തം നീചവൃത്തിയാണെന്ന നിലയില്‍ നിരുത്സാഹപ്പെടുത്തി.

കയ്‌നുകാഇനെതിരെയുള്ള നടപടിക്കുശേഷം മദീനയില്‍ ഏതെങ്കിലും തരത്തിലുള്ള വിമതനീക്കങ്ങള്‍ അസാധ്യമാണെന്ന് ചുറ്റുമുള്ള ഗോത്രങ്ങള്‍ക്കും ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. ബദ്‌റില്‍നിന്ന് മാനംകെട്ട് തിരിച്ചുപോയ കുറയ്ഷ് അടങ്ങിയിരിക്കാനിടയില്ലെന്ന് മുസ്‌ലിംകളെപ്പോലെ ഈ ഗോത്രമുഖ്യന്മാരും കണക്കുകൂട്ടിയിരുന്നു. ബദ്‌റിലെ വിജയത്തിനുശേഷം കയ്‌നുകാഇനെതിരെയുള്ള നടപടികൂടി വന്നതോടെ, മുസ്‌ലിംകള്‍ കൂടുതല്‍ ശക്തരായിക്കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ അവര്‍ക്കും കുറയ്ഷിനുമിടയിലുള്ള മാത്സര്യങ്ങള്‍ മദീനയെയും പരിസരങ്ങളെയും നിത്യസംഘര്‍ഷ മേഖലയാക്കി മാറ്റില്ലേ എന്നവര്‍ ആശങ്കപ്പെട്ടു. എന്നാല്‍, തല്‍ക്കാലം മദീന ശാന്തമാണ്, ജീവിതം സാധാരണ ഗതിയിലാണ്, വാണിജ്യ കാര്‍ഷിക രംഗങ്ങള്‍ സജീവമാണ്, ഈ ശാന്തത തുടരുകയുംചെയ്യും.

എന്നാല്‍, പുതിയ സാഹചര്യത്തില്‍ കുറയ്ഷികളുടെ അനിഷേധ്യനേതാവായിമാറിയ അബൂസുഫ്‌യാന് ഇരുകൂട്ടര്‍ക്കുമിടയില്‍ സമാധാനം തുടരുക എന്നാല്‍ മക്കക്കാരുടെ ശക്തിക്ഷയം സ്വയംപ്രഖ്യാപിക്കുന്നതിന് സമാനമാണ്. ആപാദചൂഡം മാനക്ഷതിയില്‍ നില്‍ക്കുന്ന അബ്ദുശംസിന്റെ മുഖ്യന് തന്റെ പ്രഭാവം പ്രകടമാക്കാനായി ചെറുതെങ്കിലും ഒരവസരം ആവശ്യമായി വന്നിരിക്കുന്നു. മുഹമ്മദിനോടൊരു യുദ്ധംനടത്താതെ താന്‍ പത്‌നീവേഴ്ച നടത്തുകയില്ലെന്ന് ബദ്‌റിനുശേഷം അബൂസുഫ്‌യാന്‍ ശപഥമെടുത്തത് മക്കയിലിപ്പോള്‍ ഒരു രഹസ്യമല്ല.

ഇരുന്നൂറ് അനുയായികളുമായി മദീനയെ ലക്ഷ്യമാക്കി അബൂസുഫ്‌യാന്‍ പുറപ്പെട്ടു. പരസ്യമായി നഗരത്തെ ആക്രമിക്കാന്‍ പക്ഷേ, അയാള്‍ ധൈര്യപ്പെട്ടില്ല. രാവിന്റെ ഇരുണ്ട തുരങ്കത്തിലൂടെ പതുങ്ങിച്ചെന്ന് പട്ടണത്തിനടുത്തുള്ള ഉറയ്ദില്‍ മിന്നലാക്രമണംനടത്തി. തലേരാത്രിയില്‍ മക്കയില്‍നിന്ന് അബൂസുഫ്‌യാനും സംഘവും വന്ന് മദീനയുടെ പ്രാന്തത്തിൽ ആക്രമണമഴിച്ചുവിട്ടിട്ടുണ്ടെന്ന വിവരം പട്ടണവാസികളെ അറീക്കാനായിരിക്കണം, അവിടെയുള്ളൊരു തോട്ടം അവര്‍ ചുട്ടുചാമ്പലാക്കി. പരിസരത്തുകണ്ട ഒരന്‍സാരിയെയും അയാളുടെ കൂട്ടുകൃഷിക്കാരനെയും വധിച്ച് ഝടിതിയില്‍ കടന്നുകളഞ്ഞു. ഇതോടെ തന്റെ ശപഥം പാലിച്ചതായി അയാള്‍ കരുതി. മുസ്‌ലിംകള്‍ തന്റെ സംഘത്തെ പിന്തുടര്‍ന്ന് വരുമെന്നയാള്‍ക്കുറപ്പായിരുന്നു. അതുതന്നെ സംഭവിച്ചു. എന്നാല്‍, ഗതിവേഗം വര്‍ധിപ്പിച്ചതിനാല്‍ കുറയ്ഷി സംഘത്തെ പിടികൂടാന്‍ മുസ്‌ലിംകള്‍ക്കായില്ല. ഓട്ടത്തിന് വേഗംകൂട്ടാനായി, പാഥേയമായി കൂടെകരുതിയിരുന്ന ഗോതമ്പുപൊടിയുടെ സഞ്ചികള്‍ ഒന്നൊഴിയാതെയവര്‍ വഴിയില്‍ തള്ളിക്കൊണ്ടിരുന്നു. അവയെല്ലാം ശേഖരിച്ച് മുസ്‌ലിംകള്‍ തിരിച്ചുപോന്നു. ഗോതമ്പുമാവ് എന്നര്‍ത്ഥംവരുന്ന ‘സവീക്’ എന്നപേരില്‍ പിന്നീട് സംഭവം ചരിത്രം ഓര്‍ത്തുവയ്ക്കുകയും ചെയ്തു.

ബദ്‌റിന്റെ തുടര്‍ഫലങ്ങള്‍ ദൂരവ്യാപകമായിരുന്നു. ജുഹയ്‌നയടക്കമുള്ള ചെങ്കടല്‍ തീരത്തെ ഗോത്രങ്ങളിപ്പോള്‍ മദീനയുടെ ശക്തരായ സഖ്യകക്ഷികളാണ്. മക്കയില്‍നിന്നുള്ള സാര്‍ത്ഥവാഹകസംഘങ്ങളുടെ സിറിയയിലേക്കുള്ള യാത്ര ഈ സഖ്യം തടസ്സപ്പെടുത്തി. അതാകട്ടെ, പുതിയ ചില സാധ്യതകളാരായുന്നതുസംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തുകയും ചെയ്തു. ഉത്തരദിക്കിലേക്കുപോകുന്ന കിഴക്കും പടിഞ്ഞാറുമുള്ള മുഴുവന്‍ വഴികളും ഇതുപോലെ തടസ്സപ്പെടുത്താനും കുറയ്ഷികളെ കുറയ്ഷികളായി നിലനിര്‍ത്തുന്ന അവരുടെ സാമ്പത്തികനാഡി തളര്‍ത്താനും കഴിയില്ലേ? പതിയിരിക്കുന്ന ഈ അപകടം കുറയ്ഷ് നേരത്തെ മനസ്സിലാക്കിയിരുന്നു. അവരും സഖ്യകക്ഷികളെ തേടി. വാണിജ്യസംഘങ്ങള്‍ വടക്കുകിഴക്കന്‍ സഞ്ചാരപാതയിലൂടെ പേര്‍സ്യന്‍ ഉള്‍ക്കടലിന്റെ അത്യുത്തരഭാഗത്തും അവിടന്ന് ഇറാകിലും ചെന്നുചേരുന്ന പാത തിരഞ്ഞെടുക്കുകയാണെങ്കില്‍, തങ്ങള്‍ക്ക് കടന്നുപോകേണ്ട വഴിയില്‍ വാസമുറപ്പിച്ചിട്ടുള്ള സുലയ്ം, ഗത്ഫാന്‍ ഗോത്രങ്ങളുമായുള്ള തങ്ങളുടെ സഖ്യം പുഷ്ടിപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് മക്കക്കാര്‍ കണക്കുകൂട്ടി. അങ്ങനെയാണ് ഇരു ഗോത്രങ്ങളുമായി കുറയ്ഷ് സഖ്യമുറപ്പിക്കുന്നത്. ഹിജാസിന് കിഴക്ക് നജ്ദിന്റെ പ്രവിശാലമായ സമതലത്തിലാണീ ഗോത്രങ്ങള്‍ വാസമുറപ്പിച്ചിട്ടുള്ളത്.

ഈ വഴി മക്കയില്‍നിന്ന് ഷാമിലേക്ക് പോകുന്ന വണിക്‌സംഘങ്ങളുടെ ഏഴാമത്തെ വിശ്രമകേന്ദ്രം ബനൂസുലയ്ം വാസമുറപ്പിച്ച ഫലഭൂയിഷ്ഠമായ പ്രദേശമാണ്. കാവൽ ദുര്‍ബ്ബലമായ അതിരുകളിലൂടെ യസ്‌രിബിലേക്ക് കടന്നുകയറി കൊള്ളയടിക്കാനുള്ള ഒരവസരവും പാഴാക്കിവിടരുതെന്ന് കുറയ്ഷ് ബനൂസുലയ്മിനോടാവശ്യപ്പെട്ടിട്ടുണ്ട്.

ഈ വരുന്ന പക്ഷത്തില്‍ മദീന മരുപ്പച്ചയുടെ കിഴക്കന്‍ അതിരുകളില്‍ നടക്കാനിരിക്കുന്ന മൂന്ന് ആക്രമണങ്ങളെക്കുറിച്ച് പ്രവാചകന് മുന്നറീപ്പ് ലഭിച്ചിരിക്കുന്നു; രണ്ടെണ്ണം സുലയ്ം വകയും ഒന്ന് ഗത്ഫാന്‍ വകയുമായിരിക്കും. പ്രവാചകന്‍ അവരുടെ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആ നീക്കത്തിന് തടയിടാന്‍ തീരുമാനിച്ചു. പദ്ധതിയിലിരിക്കുന്ന ആക്രമണത്തിന് കോപ്പൊരുക്കാന്‍ ഈ ഗോത്രങ്ങള്‍ക്ക് സാവകാശം ലഭിക്കരുത്. എന്നാല്‍, പ്രവാചകന്റെയും സംഘത്തിന്റെയും നീക്കത്തെക്കുറിച്ച് ഗോത്രങ്ങള്‍ക്ക് മുന്‍കൂട്ടി വിവരംലഭിക്കുകയും, അവര്‍ തമ്പടിച്ച ഭാഗത്തെത്തുന്നതിനു മുമ്പ് സ്വന്തം ഉള്ളങ്കൈപോലെ സുപരിചിതമായ ഊടുവഴികളിലൂടെ നൂണ്ടുകടന്ന് അവര്‍ സൈകത വിജനതയിലേക്ക് അപ്രത്യക്ഷരാവുകയും ചെയ്തു. എന്നാല്‍, കൂട്ടത്തിലൊരു ദൗത്യം വലിയ വിജയത്തില്‍ കലാശിച്ചു. ഗത്ഫാനിലെ സഅ്‌ലബ, മുഹാരിബ് ഗോത്രങ്ങള്‍ക്കെതിരെയുള്ളതായിരുന്നു അത്.

ഇസ്‌ലാം സ്വീകരിച്ചിരുന്ന സഅ്‌ലബ് ഗോത്രജന്റെ സഹായത്തോടെ ബദവികളെ അവര്‍ വാസമുറപ്പിച്ചിരിക്കുന്ന, നജ്ദിനു വടക്കുള്ള കുന്നുകളില്‍ പതുങ്ങിയിരിക്കുന്ന സുഭദ്രമായ വാസസ്ഥലങ്ങള്‍വരെ ഇത്തവണ പിന്തുടര്‍ന്നുചെന്നു. സമതലത്തില്‍നിന്ന് നേരെ മുഹാരിബുകളുടെ പ്രദേശത്തെത്തി. പൊടുന്നനെ പെയ്ത മഴയില്‍ പ്രവാചകനടക്കമുള്ള സേനാംഗങ്ങള്‍ നനഞ്ഞു. മഴ ശമിച്ച് പ്രവാചകന്‍ സംഘാംഗങ്ങളില്‍ നിന്ന് അല്പം മാറിച്ചെന്ന് തന്റെ നനഞ്ഞ വസ്ത്രങ്ങളിലൊന്ന് തൊട്ടടുത്ത മരത്തില്‍ ആറാനിട്ട് ഒറ്റ മുണ്ടുടുത്ത് മരത്തണല്‍കാഞ്ഞ് കിടന്നു. പതുക്കെ ഉറക്കം കണ്ണുകളെ തഴുകി. പ്രവാചകന്റെയും അനുചരരുടെയും നീക്കങ്ങളെ അവരറിയാതെ സാകൂതം ശ്രദ്ധിച്ച് ഏതാനും ജോഡി കണ്ണുകള്‍ പരിസരത്തുണ്ടായിരുന്നു.

പെട്ടെന്നൊരു ശബ്ദംകേട്ട് നബി ഉണര്‍ന്നപ്പോള്‍ തന്റെ ശരീരത്തിനും കാറൊഴിഞ്ഞ നീലവാനിനുമിടയില്‍ കരവാളുയര്‍ത്തിപ്പിടിച്ച് ഒരാള്‍ നില്‍ക്കുന്നു. മുഹാറിബ് മൂപ്പന്‍ ദുഅ്‌സൂര്‍ അല്ലാതെ മറ്റാരുമായിരുന്നില്ല അത്. യസ്‌രിബ് അതിര്‍ത്തിയിലേക്ക് കടന്നുകേറി ആക്രമണമഴിച്ചു വിടുന്നതിനുള്ള പദ്ധതി അയാളുടെ മനസ്സന്തതിയായിരുന്നു.

‘മുഹമ്മദ്,’ ബദവിയുടെ സഹജമായ ഉച്ചസ്ഥായിയിൽ അയാള്‍ വിളിച്ചു, ‘ഈ വാളില്‍നിന്ന് ഇപ്പോള്‍ നിങ്ങളെ ആരുണ്ട് കാക്കാന്‍?’

‘അല്ലാഹു.’ പ്രവാചകന്‍ അശേഷം അമാന്തിക്കാതെ അക്ഷോഭ്യനായി മറുപടിപറഞ്ഞു. അന്നേരം ശുഭ്രവസ്ത്രത്തില്‍ ജിബ്രായീല്‍ ആഗതനായി ഇരുവര്‍ക്കുമിടയില്‍ തടസ്സംനിന്ന് ബദവിയെ പിന്നോട്ടുതള്ളി. ഖഡ്ഗം അയാളുടെ കയ്യില്‍നിന്ന് പിടിയയഞ്ഞ് താഴെവീണു. ഇപ്പോഴത് പ്രവാചകന്റെ കയ്യിലാണുള്ളത്. അപ്പോഴേക്കും അവിടം വിട്ടുപോയ ജിബ്രായീലിനെ ദുഅ്‌സൂര്‍ കണ്ടിരുന്നു. നബി ചോദിച്ചു, ‘നിങ്ങളെയിപ്പോള്‍ എന്നില്‍നിന്ന് രക്ഷിക്കാനാരുണ്ട്?’

‘ആരുമില്ല,’ ദുഅ്‌സൂര്‍ പറഞ്ഞു. ‘അല്ലാഹുവല്ലാതെ ആരാധനമൂര്‍ത്തിയായി ആരുമില്ലെന്ന് ഞാനിതാ സാക്ഷിമൊഴിനല്‍കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു,’ അതേശ്വാസത്തില്‍ അയാള്‍ പൂര്‍ത്തിയാക്കി.

പ്രവാചകന്‍ ബദവിയുടെ കരവാള്‍ തിരിച്ചുനല്‍കി. അതയാളുടെ ഹൃദയത്തെ കൂടുതല്‍ ആഴങ്ങളില്‍ സ്പര്‍ശിച്ചു. പിന്നീടവര്‍ ബാക്കി വിശ്വാസികള്‍ വിശ്രമിക്കുകയായിരുന്ന തമ്പുകളിലെത്തി. ഇസ്‌ലാമിന്റെ പ്രാഥമികപാഠങ്ങള്‍ പഠിച്ചെടുത്ത ദുഅ്‌സൂര്‍ തുടര്‍ന്ന് തന്റെ ജനത്തിനിടയില്‍ തിരിച്ചുചെന്ന് അവര്‍ക്കിടയില്‍ വിശ്വാസ പ്രഘോഷണം നടത്തുകയുണ്ടായി.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.