ചരിത്രാസ്വാദനം
ബന്ധങ്ങൾ
ബദ്‌റില്‍നിന്ന് തിരിച്ചെത്തിയതിനുശേഷം പ്രവാചകൻ ആദ്യം ചെയ്തത് പ്രിയപുത്രി റുകയ്യയുടെ കബറിടം സന്ദര്‍ശിക്കുകയായിരുന്നു; ഇളയമകള്‍ ഫാത്വിമ പിതാവിനെ അനുഗമിച്ചു. ഖദീജയുടെ വിയോഗാനന്തരം കുടുംബത്തിലെ ആദ്യവേര്‍പാടായിരുന്നു റുകയ്യയുടേത്. ഫാത്വിമയുടെ കവിളുകളില്‍ വ്യഥയുടെ നിഴല്‍പാടുകള്‍ തെളിഞ്ഞുനിന്നു. പിതാവിന്റെ ചാരെ കബ്‌റിനു സമീപം അവളിരുന്നു. സഹോദരിയും ഉമ്മയുമൊത്തുള്ള ഓര്‍മച്ചിത്രങ്ങള്‍ മനസ്സിന്റെ പടവുകളില്‍ അനുക്രമമായി നിന്നുകാണും. ഫാത്വിമയുടെ മനസ്സിലെ നീരന്ധ്രദുഃഖം പ്രവാചകനും അനുഭവിച്ചു, പൊന്നുമോളുടെ നനവൂറിയ നയനങ്ങളില്‍ ശോകം ഓളംവെട്ടുന്നതദ്ദേഹം കണ്ടു. അവളെ ചേര്‍ത്തുപിടിച്ച് തന്റെ ചേലത്തലപ്പുകൊണ്ട് കണ്ണീരൊലിവ് തുടച്ചു.
മരണപ്പെട്ടവര്‍ക്കുവേണ്ടി വിലപിക്കരുതെന്ന് നബിയുടെ അധ്യാപനമുണ്ട്; അതാകട്ടെ വിശ്വാസികളില്‍ പ്രധാനികളില്‍പോലും തെറ്റുധാരണക്കിടവരുത്തിയിട്ടുമുണ്ട്. ശ്മശാനത്തിന്റെ മരവിപ്പും മൂകതയും വിട്ട് വീട്ടില്‍ തിരിച്ചെത്തിയിട്ടും ഫാത്വിമ തേങ്ങി. അപ്പോഴാണ് ഉമറിന്റെ ശബ്ദം നബി കേട്ടത്. ബദ്‌റിലെ രക്തസാക്ഷികളുടെയും റുകയ്യയുടെയും പേരില്‍ സ്ത്രീകൾ ഏങ്ങിക്കരയുന്നതാണദ്ദേഹത്തെ പ്രകോപിപ്പിച്ചത്. നബിയുടെ വിലക്കുകളെ വിശ്വാസികള്‍ മറപോലുമില്ലാതെ ലംഘിക്കുന്നു; തിരുമേനിയുടെ സാന്നിധ്യത്തില്‍തന്നെ!
‘അവര്‍ കരയട്ടെ ഉമര്‍,’ നബി തിരുത്തി, ഹൃദയത്തില്‍നിന്നും മിഴികളില്‍നിന്നും വരുന്നതെന്തോ അത് അല്ലാഹുവില്‍നിന്നും അവന്റെ കാരുണ്യത്തില്‍നിന്നും നിര്‍ഗളിക്കുന്നതാണ്, നാവില്‍നിന്നും കൈകളില്‍നിന്നും വരുന്നതാകട്ടെ, ചെകുത്താനില്‍നിന്നുള്ളതുമാണ്.’ അദ്ദേഹം തുടര്‍ന്നു. കൈകളില്‍നിന്നുള്ളത് എന്നതുകൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കിയത് മാറത്തടിച്ചുള്ള നിലവിളിയും മുഖംമാന്തിപ്പറിക്കലുമൊക്കെയാണ്. നാവില്‍നിന്നുള്ളത് എന്നതിന്നര്‍ത്ഥം, സമൂഹ്യബാധ്യതപോലെ സ്ത്രീകളെല്ലാം കൂടിനിന്ന് ബഹളംവെച്ച് നിലവിളിക്കുന്നതിനെയാണ്.
ഫാത്വിമക്കന്ന് പത്തൊമ്പതോ ഇരുപതോ വയസ്സ് പ്രായമുണ്ട്. പിതൃവ്യപുത്രനും വീരനും ഭക്തനും ബലശാലിയുമായ അലി അവള്‍ക്ക് ഏറ്റവും അനുയോജ്യനായ വരനായിരിക്കുമെന്ന് നബി വീട്ടുകാരുമായി നേരത്തെ സംസാരിച്ചിരുന്നുവെങ്കിലും ഔദ്യോഗിക ചര്‍ച്ചകളോ സംസാരമോ ഉണ്ടായിട്ടില്ല. അബൂബക്‌റും ഉമറും അവളെ മുമ്പ് വിവാഹമന്വേഷിച്ചതായിരുന്നു. എന്നാല്‍, കാരണം നേര്‍ക്കുനേര്‍ പറയാതെ, സമയമായില്ലെന്നും അല്ലാഹുവിന്റെ തീരുമാനം വരുമ്പോള്‍ അറീക്കാമെന്നും പറഞ്ഞ് നബി പ്രിയസഖാക്കള്‍ക്ക് സൂചനനല്‍കുകയായിരുന്നു. ബദ്‌റില്‍നിന്ന് തിരിച്ചെത്തിയശേഷം, ഇനി വിവാഹം താമസിപ്പിക്കേണ്ടതില്ലെന്നദ്ദേഹം തീരുമനിച്ചു. അലിയുമായി സംസാരിച്ചു. ഫാത്വിമയുടെ കണ്ണുകള്‍ പ്രാര്‍ത്ഥനകളില്‍കൂമ്പി. പിതാവിന്റെ ഇഷ്ടത്തെ വകഞ്ഞ് അവള്‍ക്ക് മറ്റൊരു ഹിതം ഉണ്ടായിരുന്നില്ല.
അടിത്തട്ടുകാണാനാകാത്ത തന്റെ ദാരിദ്ര്യത്തിന്റെ പേരില്‍ അലി ആദ്യം സമ്മതംമൂളിയില്ല. പിതാവില്‍നിന്ന് അനന്തരമായി ഒന്നും ലഭിച്ചിട്ടില്ല, വിശ്വാസികളല്ലാത്ത പിതാക്കളില്‍നിന്ന് അനന്തരമെടുക്കരുതെന്ന ഇസ്‌ലാമികാധ്യാപനം പിന്തുടരുകയായിരുന്നുവല്ലോ. എന്നാല്‍, പ്രവാചകന്റെ ഇഷ്ടം മനസ്സിലാക്കി അലി അവസാനം വഴങ്ങി.
വിരുന്ന് വേണമെന്ന് പ്രവാചകന് നിര്‍ബന്ധമായിരുന്നു. ഒരാട്ടിനെയറുത്ത് സദ്യയൊരുക്കി. അന്‍സാരികളിലാരോ ധാന്യം സമ്മാനമായിനല്‍കി. വരനും വധുവിനും ഒരേസമയം മച്ചുനനായ അബൂസലമ, വിവാഹത്തിനായുള്ള ചിട്ടവട്ടങ്ങള്‍ സജ്ജീകരിക്കുന്നതിലും സദ്യയൊരുക്കുന്നതിലും ഉത്സുകനായി ഓടിനടന്നു. അലിയുടെ പിതാവ് അബൂതാലിബിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുകളുണ്ട് അബൂസലമക്ക്. ശല്യക്കാരനായിരുന്ന അബൂജഹ്‌ലും അയാളുടെ കുടുംബക്കാരും ചൊരിഞ്ഞ തരാതരം പീഡനമാരികള്‍ക്ക് നടുവില്‍ സംരക്ഷണത്തിന്റെ കുട തീര്‍ത്തത് അമ്മാവനാണ്. അതുകൊണ്ടാണയാളുടെ പത്‌നി ഉമ്മുസലമ ആഇഷയോടൊപ്പം പോയി വധൂവരന്മാര്‍ക്ക് താമസിക്കാനുള്ള വീടൊരുക്കാനും ഭക്ഷണം പാകംചെയ്യാനുമായി ഉത്സുകയാകുന്നത്. പുഴയോരങ്ങളില്‍നിന്നുള്ള മാര്‍ദ്ദവമേറിയ മിനുത്ത പൊടിമണല്‍ അവര്‍ വീടിന്റെ മണ്‍തറയില്‍ വിരിച്ചു. ചെമ്മരിയാട്ടിന്‍തോല്‍ മെത്തയായി, യമനില്‍ നിര്‍മിതമായ വരകളോടെയുള്ള തുണി കിടക്കവിരിയായി. ഈന്തപ്പനനാരുനിറച്ച തോല്‍സഞ്ചികൊണ്ടൊരു തലയിണയുമവര്‍ തീര്‍ത്തു. പ്രധാന ഭക്ഷണത്തിനു പുറമെ ഈത്തപ്പഴവും അത്തിപ്പഴവും പാത്രത്തിലടുക്കിവച്ചു. തോല്‍പാത്രത്തില്‍ സുഗന്ധം കലര്‍ത്തിയ വെള്ളവും നിറച്ചു. അക്കാലം മദീനയില്‍ നടന്നതില്‍വെച്ചേറ്റവും കേമമായ വിവാഹ വിരുന്നായിരുന്നുവത്രെ അത്. മാനത്ത് മിന്നിത്തെളിഞ്ഞ പാതിരാദീപങ്ങളുടെ നിറവില്‍ യുവമിഥുനങ്ങള്‍ ദാമ്പത്യത്തിന്റെ പൂവാടിയിലേക്ക് കാലെടുത്തുവച്ചു.
ഉമ്മ ഖദീജ വലിയ ധനികയായിരുന്നുവെന്നും അവരുടെ മൂലധനമുപയോഗിച്ച് കച്ചവടം നടത്തി പിതാവ് സാമാന്യം ഭേദപ്പെട്ട വരുമാനം നേടിയിരുന്നുവെന്നും കുടുംബം മെച്ചപ്പെട്ട ജീവിതം നയിച്ചിരുന്നുവെന്നുമൊക്കെ ദമ്പതികളുടെ കനിഷ്ഠപുത്രി ഫാത്വിമക്ക് മൂത്ത സഹോദരങ്ങളില്‍നിന്നും സ്വന്തക്കാരില്‍നിന്നുമൊക്കെയുള്ള കേട്ടറിവു മാത്രമായിരുന്നു. ഓര്‍മവച്ച നാള്‍മുതല്‍ ഈ നിമിഷംവരെ ദാരിദ്ര്യവും ഇല്ലായ്മയും വീട്ടിലെ സ്ഥിരം അതിഥികളായിരുന്നു. ഭീഷണികൾക്കും ഊരുവിലക്കുകൾക്കും ഭര്‍ത്സനങ്ങൾക്കും അവസരനിഷേധങ്ങൾക്കുമൊപ്പം പട്ടിണിയും വീടിനെ നാലുപാടുനിന്നും വളഞ്ഞിരുന്നു. സഹോദരിമാര്‍ക്കും വീട്ടിലെ അംഗമായിരുന്ന അലിക്കുമൊപ്പം അവള്‍ ദാരിദ്ര്യം പങ്കിട്ടു. അതിനാല്‍ വിവാഹശേഷം അലിയോടൊപ്പം പങ്കുവെച്ച ദാരിദ്ര്യം പ്രവാചകപുത്രിയില്‍, പഴയജീവിതത്തിന്റെ തുടര്‍ച്ച എന്നതില്‍കവിഞ്ഞ മാറ്റമൊന്നുമുണ്ടാക്കിയില്ല. പ്രായം അല്‍പം കൂടുകയും ദാരിദ്ര്യം കൂടുതല്‍ രൗദ്രമായിത്തീരുകയും ചെയ്തുവെന്നുമാത്രം.
പഴയ ജീവിതത്തില്‍നിന്ന് ചില വ്യത്യാസങ്ങളുമുണ്ട്. പ്രവാചകഭവനത്തില്‍ സഹായികളായി പലരുമുണ്ടായിരുന്നു. സഹോദരി ഉമ്മുകുല്‍സൂം, ഉമ്മസ്ഥാനത്തുനിന്ന എളയമ്മ സൗദ, പ്രായമായിരുന്നെങ്കിലും സാധ്യമായ ജോലികള്‍ ചെയ്ത് സഹായിക്കുന്ന ഉമ്മുഅയ്മന്‍, അബുതല്‍ഹ, പത്‌നി ഉമ്മുസുലയ്ം, അവരുടെ മുന്‍ഭര്‍ത്താവിലുള്ള പത്തുവയസ്സുകാരനായ മകന്‍ അനസ്, ഇബ്‌നു മസ്ഊദ്, പുറമെ, അബ്ബാസ് മക്കയില്‍ തിരിച്ചെത്തിയതിനുശേഷം പ്രവാചകന് സമ്മാനിച്ച അടിമ അബൂറാഫിഅ്, ഇയാളെ പിന്നീട് നബി സ്വതന്ത്രനാക്കുകയുണ്ടായി. സ്വതന്ത്രനായതിനുശേഷവും പ്രവാചകന്റെയും പുത്രിമാരുടെയും വിശ്വസ്തസേവകനായിതന്നെ അബൂറാഫിഅ് നിലകൊണ്ടു, മദ്ഊന്റെ പുത്രന്‍ ഉസ്മാന്റെ വിധവ ഖൗല… ഇവരെല്ലാം പ്രവാചകഭവനത്തിലോ വിളിപ്പാടകലെയോ സഹായവുമായി സദാ ഉണ്ടായിരുന്നു. ഈ നനവുറ്റ പരിസരത്തുനിന്നാണ് അലിയുടെ ജീവിതത്തിന്റെ നീരറ്റ മണ്ണിലേക്ക് അവള്‍ മാറ്റിനടപ്പെടുന്നത്. കിണറുകളില്‍നിന്ന് വെള്ളം ശേഖരിച്ച് വീടുകളില്‍ വില്‍പനനടത്തി അലി കഷ്ടി അഷ്ടിക്കുള്ള വക കണ്ടെത്തി.
ഫാത്വിമ വീട്ടിലെ ജോലികളെല്ലാം ഒറ്റക്ക് ചെയ്തു, പേലവമായ പാണിതലം ഗോതമ്പ് പൊടിച്ചും മാവരച്ചും വിണ്ടു. വെള്ളം കോരിക്കോരി അലിയുടെ നെഞ്ചിൽ വേദന കൂടുകൂട്ടി. കടിച്ചുപിടിച്ച വേദനയിൽ കീഴ്ചുണ്ട് മുറിഞ്ഞുപോയ ഒരുദിവസം അലി ഫാത്വിമയോട് പറഞ്ഞു, ‘പ്രിയേ, ഉപ്പയുടെ നിയന്ത്രണത്തില്‍ ഏതാനും യുദ്ധത്തടവുകാരുണ്ട്, നീ ചെന്നൊന്ന് ചോദിച്ചുനോക്ക്, നിനക്കൊരു പരിചാരകനെത്തരാന്‍.’
ഫാത്വിമ മടിച്ചു, അവസാനം മടിച്ചുമടിച്ചുതന്നെ പിതാവിനരികിലെത്തി.
‘അസ്സലാമു അലയ്കും,’ ഫാത്വിമ പിതാവിനെ അഭിവാദ്യം ചെയ്തു.
‘വ അലയ്കുമുസ്സലാം. എന്തേ മോളേ വിശേഷിച്ച്?’ ചടച്ച് പരിക്ഷീണയായ മകളെ കണ്ടതും പിതാവ് ചോദിച്ചു.
ആ നിമിഷങ്ങള്‍ക്കുവേണ്ടി കരുതിവെച്ചിരുന്ന വാക്കുകള്‍ മനസ്സിന്റെ മാളങ്ങളിലെവിടെയോ ഓടിയൊളിച്ചതുപോലെ. ഒന്നും പറയാനാകാതെയവള്‍ നിന്നു. ‘ഞാന്‍ ഉപ്പയെ കണ്ട് സലാം പറയാന്‍ വന്നതാണ്.’ പതുക്കെയവള്‍ പിന്‍വാങ്ങി തിരിച്ചുനടന്ന് വെറുങ്കയ്യോടെ വീട്ടിലെത്തി. അലി പ്രിയതമയെ ഓര്‍മിപ്പിച്ചു, ‘നീ ചോദിക്കാത്തതെന്ത്? ചോദിച്ചിരുന്നെങ്കില്‍ ഉറപ്പായും അദ്ദേഹം നല്‍കുമായിരുന്നു.’
‘എനിക്ക് മടിയായി, ചോദിക്കാന്‍,’ അവള്‍ പറഞ്ഞു.
അങ്ങനെയാണ് ദമ്പതികളിരുവരും പ്രവാചക സന്നിധിയിലെത്തുന്നത്. എന്നാല്‍ അവരെക്കാള്‍ ആ വിഹിതം ലഭിക്കാനര്‍ഹരായ പരമദരിദ്രര്‍ വേറെയുണ്ടെന്നോര്‍മപ്പെടുത്തിക്കൊണ്ട് പ്രവാചകന്‍ പറഞ്ഞു, ‘അഹ്‌ലുസ്സുഫയെ വിശക്കാന്‍ വിട്ട് നിങ്ങള്‍ക്കെന്തെങ്കിലും നല്‍കാനെനിക്കാവില്ല മക്കളേ. അവരെ പോറ്റാനുള്ള വക കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ് ഞാന്‍. ബന്ദികളെ കൈമാറുന്നതിലൂടെ ലഭിക്കുന്ന പണം സുഫക്കാര്‍ക്കുവേണ്ടിയാകും ചെലവഴിക്കുക. സാമ്പത്തികശേഷിയോ, ബന്ധുബലമോ ഇല്ലാത്ത നിസ്വരും നിരാലംബരും, അഗതികളും ഭവനരഹിതരുമായ സുഫക്കാര്‍ പ്രവാചകന്റെ ആശ്രിതരാണ്. അദ്ദേഹത്തിന്റെ നേരിട്ടുള്ള ശിഷ്യരാണവര്‍. പള്ളിയുടെ പിന്‍ഭാഗത്ത് ഈന്തപ്പനത്തടികൊണ്ട് ഉയര്‍ത്തിക്കെട്ടി അവിടെ ആരാധനയും താമസവുമായി കഴിഞ്ഞുകൂടുന്നവര്‍. ദാരിദ്ര്യത്തിന്റെ അങ്ങേത്തലക്കലുള്ള അവരെ പോറ്റേണ്ട ബാധ്യത പ്രവാചകന്‍ സ്വയമേറ്റെടുത്തിരിക്കുകയാണ്.
‘ഫാത്വിമ ചാരെ എപ്പോഴുമുണ്ടായെങ്കിലെന്ന് അങ്ങാഗ്രഹിക്കുന്നില്ലേ?’ ഖസ്‌റജ് ഗോത്രജനായ ഹാരിസ ഒരിക്കല്‍ തിരുദൂതരോട് ചോദിച്ചു. ‘അങ്ങയുടെ ബന്ധുജനമായ ബനൂനജ്ജാറിന്റെ വാസസ്ഥലങ്ങളില്‍ എനിക്കൊരു വീടുണ്ട്, അതിനി അങ്ങയുടേതാണ്,’ അയാള്‍ പറഞ്ഞു. നബി ആ ഉപഹാരം സ്വീകരിക്കുകയും ഫാത്വിമയെ തന്റെ വീടിനു തൊട്ടടുത്തുള്ള ആ വീട്ടില്‍ താമസിപ്പിക്കുകയും ചെയ്തു.
ബദ്ര്‍ കഴിഞ്ഞ് പിറ്റെവര്‍ഷം ഉമറിന്റെ മകള്‍ ഹഫ്‌സയുടെ ഭര്‍ത്താവ് ഖുനയ്‌സ് മരണമടഞ്ഞു. പ്രബോധനത്തിന്റെ പ്രാരംഭത്തില്‍ അബിസീനിയയിലേക്ക് പലായനം ചെയ്ത സംഘത്തിലുണ്ടായിരുന്നു ഖുനയ്‌സ്. പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഹഫ്‌സയുമായുള്ള വിവാഹം നടന്നു. ഹഫ്‌സ വിധവയാകുമ്പോള്‍ പതിനേഴ് വയസ്സാണവളുടെ പ്രായം. സുന്ദരിയും സമര്‍ത്ഥയുമാണവള്‍. പിതാവിനെപ്പോലെ എഴുത്തും വായനയും വശമുണ്ട്. തലേവര്‍ഷം ഭാര്യ റുകയ്യ മരണമടഞ്ഞതിനു ശേഷം വിഭാര്യനായി കഴിഞ്ഞുകൂടുന്ന ഉസ്മാനോട് മകളെ വിവാഹം ചെയ്യുന്നതിന് സമ്മതമാണോ എന്നന്വേഷിച്ചു. വിരോധമില്ലെന്നും ആലോചിച്ച് മറുപടി പറയാമെന്നും ഉസ്മാന്‍ മറുപടി നല്‍കി. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഉസ്മാന്‍ ഉമറിനെ സമീപിച്ച് പറഞ്ഞു, ‘അബൂഹഫ്‌സ്, ഇപ്പോഴൊരു പുനര്‍വിവാഹം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.’
നിരാശ ഉമറിന്റെ മുഖത്ത് പ്രകടമായിരുന്നു, ഉസ്മാന്റെ നിരാസം ചെറിയ നിലയിലുള്ള വിഷമം അദ്ദേഹത്തിന്റെ മനസ്സിലുണ്ടാക്കി എന്നതും നേര്. എന്നാലും സുന്ദരിയും യൗവനയുക്തയുമായ മകള്‍ക്കായി ഒരു ഭര്‍ത്താവിനെ കണ്ടെത്തേണ്ടതുണ്ട്. ഏറ്റവും അടുത്ത കൂട്ടുകാരനായ അബൂബക്‌റിനെ അദ്ദേഹം ചെന്നുകണ്ടു. അബൂബക്ര്‍ ഒഴിഞ്ഞുമാറിക്കൊണ്ടുള്ള മറുപടിയാണ് നല്‍കിയത്. ഉസ്മാന്റെ വിസമ്മതം സൃഷ്ടിച്ചതിനെക്കാള്‍ വലിയ വേദന അബൂബക്‌റിന്റെ മറുപടി ഉമറിന്റെ മനസ്സിലുണ്ടാക്കി. ഒരുനിലക്ക് ചിന്തിച്ചാല്‍ അബൂബക്‌റിന്റെ പ്രശ്‌നം മനസ്സിലാക്കാവുന്നതേയുള്ളൂ. അയാള്‍ വിവാഹിതനാണ്, ധര്‍മദാരം ഉമ്മുറൂമാനുമായുള്ള വാഗതീതമായ അദ്ദേഹത്തിന്റെ ആത്മബന്ധം സുവിദിതവുമാണ്. എന്നാല്‍ ഉസ്മാന്‍ വിഭാര്യനല്ലേ, ഒരുപക്ഷേ മനസ്സുമാറിയെങ്കിലോ. പിന്നീടൊരിക്കല്‍ പ്രവാചകനെ കണ്ടപ്പോള്‍ ഉമര്‍ തന്റെ സങ്കടങ്ങള്‍ അദ്ദേഹത്തോടുണര്‍ത്തി. ‘നോക്കൂ ഉമര്‍, താങ്കളുടെ മകൾക്ക് കൂടുതല്‍ അനുയോജ്യനായൊരു വരനെ ലഭിക്കും.’
‘അങ്ങനെയാകട്ടെ, ആഹ്ളാദത്താൽ ഉമറിന്റെ ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ന്നു. ഒരു നിമിഷത്തെ ആലോചനക്കുശേഷം ഉമറിനു തോന്നി ഹഫ്‌സയെ വധുവായി സ്വീകരിക്കുന്നത് പ്രവാചകന്‍തന്നെയായിരിക്കുമോ! പ്രവാചകന്റെ മകള്‍, റുകയ്യയുടെ സഹോദരി ഉമ്മുകുല്‍സൂമിനെ ഉസ്മാനു വിവാഹം ചെയ്തുകൊടുത്ത് രണ്ടാമതൊരിക്കല്‍കൂടി അദ്ദേഹം ഉസ്മാന്റെ ഭാര്യാപിതാവാകുമോ!! പിന്നീടൊരിക്കല്‍ അബൂബക്ര്‍ അന്നത്തെ തന്റെയാ മൗനത്തിന്റെ രഹസ്യം ഉമറിനോട് പറഞ്ഞു.
ഉസ്മാന്റെയും ഉമ്മുകുല്‍സൂമിന്റെയും വിവാഹമാണ് ആദ്യം നടന്നത്. മാസങ്ങള്‍ക്കു ശേഷമാണ് പ്രവാചകനും ഹഫ്‌സയുമായുള്ള വിവാഹം നടക്കുന്നത്. സൗദയുടെയും ആയിഷയുടെയും വീടുകള്‍ക്കടുത്തായി പ്രവാചകന്റെ പള്ളിക്കു സമീപമൊരു വീട് ഹഫ്‌സക്കുവേണ്ടിയൊരുങ്ങി. ബദ്ര്‍ കഴിഞ്ഞ് കഷ്ടി ഒരു വര്‍ഷം തികയുന്നതേയുള്ളൂ. ഹഫ്‌സയുടെ വരവ് വീടിനെ കുറച്ചുകൂടി ജീവിസ്സുറ്റതാക്കി. സൗദ, ആഇഷക്ക്, സഹകളത്ര എന്നതില്‍കവിഞ്ഞ് മാതൃസന്നിഭമായ കൂട്ടായിരുന്നു നല്‍കിയത്, അവളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉമ്മയുടെ സ്ഥാനത്തിരുന്ന് ഗുണദോഷിക്കുകയുമെല്ലാം ചെയ്തു. ഹഫ്‌സയുടെ വരവോടെ സൗദക്ക് മറ്റൊരു മകളുടെകൂടി മാതൃസ്ഥാനം കയ്യാളേണ്ടിവന്നു. ഇരുവരും തമ്മില്‍ ഇരുപത് വയസ്സിന്റെ അന്തരമുണ്ട്. ആഇഷക്കാകട്ടെ സ്വന്തം പ്രായത്തോടടുത്ത ഒരു കൂട്ടുകാരിയെ ലഭിച്ച ആഹ്ളാദത്തിലുമാണ്; ഇരുവര്‍ക്കുമിടയിലെ കൂട്ടുകെട്ട് മരണംവരെ നിലനില്‍ക്കുകയും ചെയ്തു.
അബൂബക്‌റിന്റെ മകളെ പ്രവാചകന്‍ നേരത്തെ വിവാഹം ചെയ്തിരുന്നു, ഇപ്പോള്‍ ഉമറിന്റെ മകളും പ്രവാചക പത്‌നിയായി. മകള്‍ റുകയ്യയെ നേരത്തെ ഉസ്മാന്‍ വിവാഹം കഴിച്ചിരുന്നു, അവളുടെ മരണത്തിനു ശേഷം, ഇപ്പോൾ, ഉമ്മുകുല്‍സൂമിനെയും അദ്ദേഹത്തിനു വിവാഹം ചെയ്തുകൊടുത്തു. ഇളയ മകള്‍ ഫാത്വിമയെ അലിയും പരിഗ്രഹിച്ചു. കാലത്തിന്റെ ഇനിയും നിവരാനിരിക്കുന്ന ചുരുളുകള്‍ക്കുള്ളില്‍ ഈ നാലുപേര്‍ക്കും സവിശേഷമായ ഭാഗധേയങ്ങള്‍ നിര്‍വഹിക്കാനുണ്ട്.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.