ചരിത്രാസ്വാദനം
നടപടി
മുഹമ്മദ് ശരിക്കും ഭയപ്പെട്ടുപോയെന്ന് കയ്‌നുകാഇലെ കാര്യവിവരമുള്ളവരും കാരണവന്മാരും ഉറപ്പിച്ചു. യുദ്ധസാക്ഷരതയൊട്ടുമില്ലാത്ത അലസരായ മക്കയിലെ വണിക്കുകളാല്‍ നയിക്കപ്പെട്ട കുറയ്ഷി സേനക്കും പരിചയസമ്പന്നരും തന്ത്രശാലികളുമായ യസ്‌രിബിലെ യഹൂദര്‍ക്കുമിടയിലൊരു തുലനബിന്ദു എവിടെ! അവരെ തുരത്തിയ ലാഘവത്തോടെ തങ്ങളെ സമീപിച്ചുകൂടെന്ന് മുഹമ്മദിന് ബോധ്യമായതായി പ്രവാചകന്റെ മൗനത്തോടെയുള്ള പിന്‍വാങ്ങലില്‍നിന്നവര്‍ വായിച്ചെടുത്തു. തങ്ങളെ ഭയപ്പെടുത്താൻ വന്ന്, തങ്ങളുടെ പരുഷോക്തികൾക്ക് മറുപടിയൊരക്ഷരമുരിയാടാതെ തിരിച്ചുപോയ മുഹമ്മദിന്റെയും അനുയായികളുടെയും ദുര്‍ബ്ബലാവസ്ഥയെക്കുറിച്ചായി പിന്നീടവരുടെ ചര്‍ച്ച. സ്വന്തക്കാരെ ആവേശിപ്പിച്ച വീരോക്തികളാല്‍ മുഖരിതമായിരുന്നു പിന്നെ മദീനക്ക് തെക്കു ഭാഗത്തുള്ള, യഹൂദർ വസിക്കുന്ന ആ ചത്വരം.
മദീനക്കു പുറത്തുള്ള ശത്രുക്കള്‍, സഖ്യകക്ഷികളിലൊന്നിനുനേരെ ആക്രമണമഴിച്ചുവിട്ടാല്‍ പരസ്പരം സഹായിക്കേണ്ടതാണെന്ന് മക്കയില്‍നിന്ന് പലായനം ചെയ്‌തെത്തിയ വേളയില്‍ നബി യഹൂദരുമായി കരാറിലെത്തിയിരുന്നതാണ്. അറബികള്‍ ജീവനോടൊപ്പവും രക്തത്തോടൊപ്പവും അഭിമാനത്തോടൊപ്പവും വിലമതിക്കുന്നതാണ് പരസ്പരമൊപ്പുവെച്ച കരാറുകള്‍. അത്തരമൊരു കരാറാണ് തങ്ങള്‍ ലംഘിച്ചിരിക്കുന്നതെന്ന കുറ്റബോധം ചെറ്റുമില്ലാതെയവർ ഒളിവിലും തെളിവിലും കുറയ്ഷികള്‍ക്കനുകൂലമായ നിലപാടു സ്വീകരിച്ചു. മക്കാസേനയുടെ പരാജയത്തിലുള്ള നിരാശ അവരറിയാതെ പുറത്തേക്ക് തൂവി. കിട്ടിയ അവസരങ്ങളിലെല്ലാമവര്‍ പ്രവാചകനെ ഭര്‍ത്സിച്ചു, അവരുടെ കവികള്‍ നൃശംസാഗീതികളാലപിച്ചു, വിശ്വാസികളെ പരിഹസിച്ചും അവര്‍ക്കെതിരില്‍ ഉപജാപങ്ങള്‍ നെയ്തും പകപോക്കുന്നതുപോലെ പെരുമാറി. ഒന്ന് നൂറായി വിരിഞ്ഞ് നുണയമ്പുകള്‍ ദൂരദിക്കുകളില്‍ ചെന്നുപതിച്ചു. വീണ്ടും മദീനക്കുനേരെ പടയൊരുക്കം നടത്തുന്ന മക്കക്കാരുമായി ചങ്ങാത്തം സ്ഥാപിച്ചു, വിവരങ്ങള്‍ കൈമാറി. കുറയ്ഷി സേനയെ തുരത്തിയെന്ന മുഹമ്മദിന്റെയും അനുയായികളുടെയും അഹന്തയെ മദീനക്കകത്തുവെച്ചുതന്നെ കുഴിച്ചുമൂടണമെന്ന് യഹൂദര്‍ ആഗ്രഹിച്ചു. കോട്ടകളാല്‍ സുഭദ്രമായ തങ്ങളുടെ വാസസ്ഥലങ്ങളും, ആയുധനിര്‍മ്മാണവും വ്യാപാരവും നേടിക്കൊടുത്ത ശസ്ത്രബലവും സമ്പന്നമായ ധനസ്ഥിതിയും, പിഴക്കാത്ത തന്ത്രങ്ങളും മുഹമ്മദിനുമേല്‍ തങ്ങള്‍ക്ക് മേല്‍ക്കയ്യുണ്ടെന്ന ആത്മവിശ്വാസവും യുദ്ധത്തിനായുള്ള അവരുടെ കാത്തിരിപ്പിനെ രാകിമിനുക്കി.
സംഘർഷത്തിന്റെ എണ്ണയില്‍ കുതിര്‍ന്നുനില്‍ക്കുന്ന യുദ്ധത്തിരി ആളിക്കത്താൻ എവിടെനിന്നെങ്കിലും ഒരു തീപ്പൊരി പാറിവീഴുകയേ ഇനി വേണ്ടൂ. അതിനായി അധികമവർക്ക് കാത്തിരിക്കേണ്ടിവന്നില്ല. ബനൂകയ്‌നുകാഅ് വസിക്കുന്ന മദീനയുടെ ദക്ഷിണഭാഗത്തുള്ള അങ്ങാടിയിലാണാ കനൽ പതിച്ചത്. പ്രധാന തെരുവിന്റെ കോണിലുള്ള സ്വര്‍ണപ്പണിക്കാരന്‍ ജൂതന്റെ ആഭരണക്കടയിലെത്തിയിരിക്കുകയാണൊരു മുസ്‌ലിം വനിത. പുതിയ ആഭരണങ്ങള്‍ വാങ്ങുകയോ, പഴയവ വില്‍ക്കുകയോ, അതുമല്ല, ആഭരണം മാറ്റിവാങ്ങുകയോ ആണ് ലക്ഷ്യം. അവരെ കണ്ടതും കടക്കാരന്റെ കുടിലത ഉണര്‍ന്നു. വസ്ത്രത്തിന്റെ ഭാഗമായ മുഖപടം അഴിക്കാനയാള്‍ ആവശ്യപ്പെടുന്നു, ആഗതയത് നിരസിച്ചു. അയാള്‍ അവരുടെ നീളന്‍ വസ്ത്രത്തിന്റെ കീഴ്ഭാഗം പിടിച്ച് അവരറിയാതെ അവരുടെതന്നെ വസ്ത്രത്തിനു പിന്നില്‍ കുരുക്കിവെച്ചു, കച്ചവടം പൂർത്തിയായി അവർ എഴുന്നേറ്റതും കെട്ടിയിട്ട വസ്ത്രം സ്ഥാനഭ്രംശം സംഭവിച്ച്, അവര്‍ ശ്രദ്ധാപൂര്‍വ്വം മറച്ചുവെച്ച ശരീരഭാഗങ്ങള്‍ വെളിവായി. കടയിലും പുറത്തുമുണ്ടായിരുന്നവര്‍ ആര്‍ത്തുചിരിച്ചു. അപമാനിതയായ വനിത അനിച്ഛാപ്രേരണയില്‍ ഉറക്കെ നിലവിളിച്ചു. പരിസരത്തുണ്ടായിരുന്ന ഒരന്‍സാരി വസ്ത്രാക്ഷേപം ചെയ്യപ്പെട്ട വനിതയുടെ മാനം കാക്കാനായോടിയെത്തി. തുടര്‍ന്ന് നടന്ന അടിപിടിയില്‍ യഹൂദ വ്യാപാരി മരണമടയുന്നു. അതോടെ പരിസരത്തുള്ള ജൂതന്മാര്‍ സംഘടിക്കുകയും അന്‍സാരിയെ കൊലപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ബന്ധുവിനു വേണ്ടി ബനൂകയ്‌നുകാഇനോട് പകരം ചോദിക്കണമെന്ന ആവശ്യവുമായി അന്‍സാരിയുടെ ബന്ധുക്കള്‍ മുമ്പോട്ടുവന്നു. ഇരുഭാഗത്തും രക്തമൊഴുകിയിരുന്നുവല്ലോ. യഹൂദി ഗോത്രജര്‍ പ്രവാചകന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ എളുപ്പത്തില്‍ പ്രശ്‌നം അവിടെയവസാനിക്കുകയും അനന്തരഫലങ്ങള്‍ യഥാര്‍ത്ഥ അനുപാതത്തിലേക്ക് ചുരുങ്ങുകയും ചെയ്യുമായിരുന്നു.
പക്ഷേ, ആ വഴി പരീക്ഷിക്കാനേ അവര്‍ നിന്നില്ല. തങ്ങളുട നാട്ടിലേക്ക് നുഴഞ്ഞുകേറിവന്നവരെ പാഠംപഠിപ്പിക്കാനുള്ള സമയം വന്നെത്തിയെന്നവര്‍ തീര്‍ച്ചയാക്കി. തങ്ങളുടെ പൂര്‍വ്വകാല സഖ്യകക്ഷി ഖസ്‌റജിന്റെ ഉപഗോത്രങ്ങളെ നയിക്കുന്ന അബ്ദുല്ല ബിന്‍ ഉബയ്യ് ബിന്‍ സുലൂലും ഉബാദ ബിന്‍ സാമിതും, മുസ്‌ലിംകളാണെങ്കിലും, അവസാനം തങ്ങളുടെ സഹായത്തിനെത്തുമെന്നവര്‍ കണക്കുകൂട്ടി. ആ സമയമവര്‍ തങ്ങളുടെ ഭദ്രവും ബലിഷ്ഠവുമായ കോട്ടക്കകത്തേക്ക് പിന്‍വാങ്ങുകയും ചെയ്തു, കുറഞ്ഞ ദിവസങ്ങളേ മുഹമ്മദിനെ തോല്പിക്കാന്‍ വേണ്ടിവരൂ എന്ന ആത്മവിശ്വാസത്തില്‍ ഏതാനും ആഴ്ചകള്‍ സുഭിക്ഷമായി കഴിയാനുള്ള ഭക്ഷണം കരുതിവച്ചു. എഴുന്നൂറ് പേരുള്‍ക്കൊള്ളുന്ന സൈന്യത്തെ സര്‍വ്വായുധ സന്നാഹങ്ങളോടെ നിര്‍ത്തി. ബദ്‌റിലെ മുസ്‌ലിം സേനയുടെ ഇരട്ടിയിലധികം വരുമവര്‍. ഇബ്‌നു ഉബയ്യും ഉബാദയും അത്രതന്നെ അംഗങ്ങളെ സംഘടിപ്പിക്കുമെന്നവര്‍ പ്രതീക്ഷിക്കുന്നു. അന്ന് തങ്ങള്‍ മുഹമ്മദുമായി നടത്തിയ സംസാരം വീണ്‍വാക്കുകളായിരുന്നില്ല എന്ന് പ്രവാചകനെ കാണിക്കാനായി കോട്ടക്കകത്തുനിന്ന് പുറപ്പെടാനുള്ള ഒരുക്കങ്ങളില്‍ വ്യാപൃതരാണവര്‍.
ആവേശത്തിന്റെ പരകോടിയിലവർ എയ്തുവിട്ട വാക്കുകള്‍ തിരിഞ്ഞുകൊത്താൻ ഏതാനും നാഴിക നേരമേ വേണ്ടിവന്നുള്ളൂ. അഹന്തയുടെ പെരുമ്പാമ്പിന്‍ ചുറ്റില്‍പെട്ട് ഭദ്രമെന്നും അധൃഷമെന്നും കരുതിയിരുന്ന കോട്ടയിതാ, തങ്ങളൊരുക്കിയതിനെക്കാള്‍ വലിയൊരു സേനയാല്‍ നാലുപാടുനിന്നും ഉപരോധിക്കപ്പെട്ടിരിക്കുന്നു. സംഭവിച്ചതെന്തെന്നറിയാതെയവര്‍ മിഴിച്ചുനിന്നു. ഇനി ആലോചിച്ചുനില്‍ക്കാന്‍ സമയം ബാക്കിയില്ല.
ഇബ്‌നു ഉബയ്യിനരികിലേക്ക് ദൂതുപാഞ്ഞു. വിവരം ലഭിച്ചതും ഇബ്‌നു ഉബയ്യ് നേരെ ഉബാദ ബിന്‍ സാമിതിനെ ചെന്നുകണ്ടു. ഖസ്‌റജുമായി ചിരകാലം സഖ്യത്തിലായിരുന്ന കയ്‌നുകാഇനെ സഹായിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നുണര്‍ത്തി. ഇബ്‌നു ഉബയ്യിനെപ്പെലെ ഇരട്ടനാക്കുള്ള കപടനായിരുന്നില്ല ഉബാദ. അയാള്‍ അറുത്തുമുറിച്ച് പറഞ്ഞു, ‘പണ്ടത്തെ ഒരുടമ്പടിയും പുതിയതൊന്നിനെ റദ്ദ് ചെയ്യുന്നില്ല. പ്രവാചകനുമായി കയ്‌നുകാഅ് ഉണ്ടാക്കിയിരുന്ന കരാറിനെ ഉബാദ, അബ്ദുല്ല ബിന്‍ ഉബയ്യിന്റെ ഓര്‍മ്മയില്‍ കൊണ്ടുവന്നിട്ടു. കരാര്‍ ലംഘിച്ച കയ്‌നുകാഇനെ സഹായിക്കേണ്ട ഒരു ബാധ്യതയും തനിക്കില്ലെന്നയാള്‍ സന്ദിഗ്ധത ലേശമവശേഷിപ്പിക്കാതെ പറഞ്ഞു.
ഉബാദ നേരെ പ്രവാചകസന്നിധിയിലെത്തി. ബനൂകയ്‌നുകാഉമായുള്ള സഖ്യത്തില്‍നിന്ന് താന്‍ പിന്‍വാങ്ങിയതായി അറീച്ചു, ‘തിരുദൂതരേ, ഞാന്‍ അല്ലാഹുവിനെയും അല്ലാഹുവിന്റെ ദൂതരെയും വിശ്വാസികളെയും ഏറ്റെടുക്കുന്നു, അവിശ്വാസികളുടെയും അവരുടെ കാര്യക്കാരുടെയും സഖ്യത്തില്‍നിന്നിതാ പിന്‍വാങ്ങുന്നു.’
എന്നാല്‍, ശക്തരായ യഹൂദ ഗോത്രവുമായി പൊന്നുതൂക്കുന്ന ശ്രദ്ധയോടെ വര്‍ഷങ്ങളെടുത്ത അവിരാമശ്രമങ്ങളിലൂടെ വളര്‍ത്തിയെടുത്ത ബലിഷ്ഠബന്ധം നിമിഷാര്‍ധംകൊണ്ട് അറുത്തു മാറ്റുക ഇബ്‌നു ഉബയ്യിന്റെ കാര്യക്രമങ്ങളിലില്ല. അതേസമയം, തന്റെ സഹനഗരവാസികള്‍ക്ക് പ്രവാചകനോടുള്ള സ്‌നേഹാദരവുകള്‍ യഹൂദരെപോലെ കണ്ടില്ലെന്ന് നടിക്കാനും അയാള്‍ക്ക് സാധിക്കുമായിരുന്നില്ല; യാഥാര്‍ത്ഥ്യബോധം കൈവിടരുത്. എന്തൊരു സ്‌നേഹമാണവര്‍ക്കദ്ദേഹത്തോട്! ഒരുകാലത്ത് തനിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്ന സ്വന്തമാളുകളിന്ന് ആ കൂറെല്ലാം പലമടങ്ങധികം മുഹമ്മദിനോടാണ് കാണിക്കുന്നത്. പലതവണ തന്റെ പഴയ അനുയായികളുടെ ഈര്‍ഷ്യയില്‍ കൈവെന്തുപോയ അനുഭവങ്ങള്‍ പുത്തനായി അയാളുടെ മനസ്സിലുണ്ട്.
രണ്ട് വര്‍ഷം മുമ്പായിരുന്നെങ്കില്‍, അകമെനിന്ന് ഉപരോധിക്കപ്പെട്ടവരുടെ സഹായത്തോടെ കൂടുതല്‍ വലിയൊരു സേനയുമായിച്ചെന്ന് ഉപരോധവലയം ഭേദിക്കാൻ തനിക്കാകുമായിരുന്നുവല്ലോ. എന്നാല്‍, ഇന്നയാള്‍ക്കറിയാം മുഹമ്മദ് തനിക്കെതിരില്‍ നടപടി വല്ലതും സ്വീകരിച്ചാല്‍പോലും എന്തെങ്കിലും ചെയ്യാന്‍ താനശക്തനാണെന്ന്.
വരാനിരിക്കുന്ന സഹായവും കാത്ത് ബനൂകയ്‌നുകാഅ് രണ്ടാഴ്ച കോട്ടക്കകത്ത് കഴിച്ചുകൂട്ടി. സഹായമാകട്ടെ എവിടെനിന്നും വന്നെത്താനുമുണ്ടായിരുന്നില്ല. ദിനംതോറും പ്രതീക്ഷകള്‍ മുനിഞ്ഞ് ദുര്‍ബ്ബലമായിവന്നു. അവരെ ഗളച്ഛേദം ചെയ്യണമെന്ന അഭിപ്രായം പ്രവാചകന്റെ അനുചരന്മാരുമായുള്ള കൂടിയാലോചനകളില്‍ മികച്ചുനിന്നു. അവര്‍ക്കനുകൂലം പറയാന്‍ അധികമാരുമുണ്ടായില്ല. അവസാനം, തികച്ചും അപ്രതീക്ഷിതമായി, പരാഭവപ്പെട്ട് അവര്‍ കീഴടങ്ങുകയാണ്.
ഇബ്‌നു ഉബയ്യ് ഒരുന്മാദിയെപ്പോലെ പ്രതികരിച്ചു. നിദ്ര അയാളെ വിട്ടുപിരിഞ്ഞിട്ട് ദിവസങ്ങളായി. പ്രതിസന്ധി പരിഹരിക്കുന്നതിനായി പലവഴികള്‍ പിന്നെയുമയാള്‍ തേടി. അവസാനം പ്രവാചകന്റെ തമ്പിലെത്തി, ‘മുഹമ്മദ്, എന്റെ സഖ്യകക്ഷിയുടെ കാര്യത്തില്‍ താങ്കള്‍ മാന്യമായി ഇടപെടണം.’ നബി അബ്ദുല്ലയെ ഒഴിവാക്കി. അയാള്‍ ആവശ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം തിരിഞ്ഞുനടന്നു. അയാൾക്കാകട്ടെ, വിടാന്‍ ഭാവമില്ലായിരുന്നു, യസ്‌രിബില്‍ തനിക്കിപ്പോഴും പഴയ സ്വാധീനമുണ്ടെന്ന് യഹൂദര്‍ക്ക് കാണിച്ചുകൊടുക്കണം. അയാള്‍ നബിയുടെ മേലങ്കിയില്‍ പിടിച്ചു, കൈ പിന്നപ്പിന്നെ മേലങ്കിയുടെ കഴുത്തിന്റെ ഭാഗത്ത് മുറുകി. സുബോധം നഷ്ടമായവന്റെതുപോലുള്ള അയാളുടെ വിക്രിയയില്‍ നബിയുടെ ശാന്തമായ വദനം ഇരുണ്ടു.
‘പിടുത്തംവിടൂ, ഇബ്‌നു ഉബയ്യ്,’ നബി ആവശ്യപ്പെട്ടു. ‘ഇല്ല, വിടില്ല, ദൈവമാണ!’ അയാള്‍ പറഞ്ഞു, ‘താങ്കള്‍ അവരോട് നല്ല നിലയില്‍ പെരുമാറുമെന്ന് വാക്കുതന്നാലല്ലാതെ ഞാന്‍ വിടില്ല. നാനൂറ് അങ്കിയണിഞ്ഞവരും മൂന്നൂറ് അങ്കിയണിയാത്തവരുമായ ആളുകളില്‍നിന്ന് എന്നെയവര്‍ മുമ്പ് സംരക്ഷിച്ചിട്ടുണ്ട്. എന്നിട്ട് ഒന്നിരുട്ടി വെളുത്തപ്പോഴേക്ക് താങ്കളത് ഒന്നുമല്ലാതാക്കുകയാണോ?’
‘ശരി, അവരുടെ ജീവന്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.’ നബി പറഞ്ഞു. ഇബ്‌നു ഉബയ്യിനെതന്നെ അത്ഭുതപ്പെടുത്തി അയാളുടെ ആവശ്യം നബി അംഗീകരിച്ചത് തിരുദൂതരുടെ നയതന്ത്രജ്ഞതയുടെ നിദര്‍ശനമാണ്. നിര്‍ണായകമായൊരു കാലബിന്ദുവില്‍ സമൂഹത്തിലുള്ള തന്റെ പിടിനിലയംഗീകരിച്ച കൃതജ്ഞതയിൽ പ്രവാചകനോടും അനുയായുകളോടുമുള്ള വഞ്ചനമുറ്റിയ തന്റെ നിലപാടുപേക്ഷിക്കാന്‍ അതയാളെ പ്രചോദിപ്പിച്ചെങ്കിലോ. പ്രവാചകനോടൊപ്പമുള്ള വിശ്വാസികള്‍ക്കിടയിലേക്ക് അനൈക്യത്തിന്റെ കരിന്തേളുകള്‍ക്കരിച്ചെത്താനായി പഴുതുകള്‍ ഒഴിവാക്കപ്പെട്ടുകൂടാ. പലരും വിശ്വാസം സ്വീകരിച്ചിട്ട് നാളായിട്ടേയുള്ളൂ. യസ്‌രിബിലെ ഖസ്‌റജ് ഗോത്രത്തിന്റെ നേതാവായിരുന്ന തന്നെ മുഹമ്മദ് അപമാനിച്ചിരിക്കുന്നുവെന്ന് വിലപിച്ച് ഇബ്‌നു ഉബയ്യ് അവരെ സ്വാധീനിച്ചേക്കാം. അയാള്‍ നടത്തിയ ചതികളുടെയും ഉപജാപങ്ങളുടെയും കഥകളൊന്നും അറിയാത്ത പുതുവിശ്വാസികളുടെ മനസ്സില്‍ അയാള്‍ക്കനുകൂലമായി അനുതാപത്തിന്റെ ഓളങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന സാഹചര്യത്തെ പ്രവാചകന്‍ അകനേത്രങ്ങള്‍കൊണ്ടുഴിഞ്ഞു. ആ സാഹചര്യമാണ് അദ്ദേഹം വേരോടെ പിഴുതത്. തന്ത്രം ഫലിച്ചു, വിശ്വാസികളെ തന്നോടൊപ്പം ഉറപ്പിച്ചുനിര്‍ത്താനും, കപടവിശ്വാസികളുടെ നേതാവിന്റെ ദുരൂഹവഴികളെക്കുറിച്ച് അവരെ പതുക്കെ ബോധവാന്മാരാക്കാനും നബിയുടെ തീരുമാനം സഹായിച്ചു. ഉറ്റവരും ഉടയരും അബ്ദുല്ല ബിന്‍ ഉബയ്യ് ബിന്‍ സുലൂല്‍ എന്ന ചാരനെ കൈയൊഴിഞ്ഞു; മകന്‍ അബ്ദുല്ലയടക്കം. തുടര്‍ന്ന് അയാള്‍ സംസാരിക്കാനായി ചെല്ലുന്നവരെല്ലാം വഴിതിരിഞ്ഞുപോയി.
എന്നാല്‍, നിലവിലുള്ളൊരു കരാര്‍ കാരണമേതുമില്ലാതെ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ആകാശത്തുള്ളവന്റെ ആജ്ഞവന്നു: ‘അതിനാല്‍, യുദ്ധവേളയില്‍ അവരുമായി മുഖാമുഖം വരുമ്പോൾ താങ്കളവര്‍ക്കേല്പിക്കുന്ന ക്ഷതം പിറകെ വരുന്നവരെക്കൂടി തിരിച്ചോടിക്കുംവിധം മാതൃകയുറ്റതാക്കുക’ അതിനാല്‍, വെറുതെ വിടാനുള്ള തീരുമാനം പ്രവാചകന്‍ മാറ്റി. ബനൂകയ്‌നുകാഅ് തങ്ങളുടെ ആയുധമടക്കം സ്വത്തെല്ലാം മുസ്‌ലിംകള്‍ക്കു കൈമാറി വിപ്രവാസം സ്വീകരിക്കട്ടെ; ഇതാണ് പുതിയ തീരുമാനം. അവസാനമവര്‍ ഷാം ദേശവുമായി അതിരു പങ്കിടുന്ന വാദീ കുറായിലെ ബന്ധുഗോത്രത്തോടൊപ്പം ചേരുകയും അചിരേണ അവിടെ താമസമുറപ്പിക്കുകയും ചെയ്തു. നാടുവിടുമ്പോൾ അവരുടെ സ്ത്രീജനങ്ങൾ തങ്ങളുടെ വസ്ത്രങ്ങൾക്കകത്ത് ഉൾക്കൊള്ളാവുന്നത്ര സ്വർണവുമെടുത്തിരുന്നു. സ്ത്രീകൾ പരിശോധനകൾക്ക് വിധേയമാകാതിരുന്നത് അവർക്ക് സൗകര്യവുമായി.
ബനൂകയ്‌നുകാഅ് ലോഹവസ്തു നിര്‍മ്മാണത്തിലേര്‍പ്പെട്ട കച്ചവടസമൂഹമായിരുന്നതിനാല്‍ മുസ്‌ലിംകള്‍ക്ക് ധാരാളം ആയുധങ്ങളും പടച്ചട്ടകളും ലഭിച്ചു. അവയെല്ലാം ശേഖരിക്കുന്നതിനും എണ്ണിത്തിട്ടപ്പെടുത്തുന്നതിനുമായി മുഹമ്മദ് ബിന്‍ മസ്‌ലമയെ നബി ചുമതലപ്പെടുത്തി. പിച്ചവെച്ചുതുടങ്ങിയ ഇസ്‌ലാമിക ഭരണകൂടത്തിന്റെ ദൈനംദിന ചെലവുകൾക്കായുള്ള നിയമപരമായ അഞ്ചിലൊന്ന് മാറ്റിവെച്ചശേഷം രണാര്‍ജ്ജിതസ്വത്ത് അന്‍സാറുകള്‍ക്കും മുഹാജിറുകള്‍ക്കുമായി പ്രവാചകന്‍ വീതംവെക്കുകയും ചെയ്തു.
ഇബ്‌നു സുലൂലിനും ബനൂകയ്‌നുകാഇനുമിടയില്‍ നിലനിന്ന അതേബന്ധം ബനൂഔഫിനും അവരുടെ കാരണവര്‍ ഉബാദ ബിന്‍ സാമിതിനുമിടയിലുമുണ്ടായിരുന്നു. ഇരുകൂട്ടരും, പോയകാലത്ത് അവരുടെ സഖ്യകക്ഷികളായിരുന്നുവല്ലോ. ബനൂകയ്‌നുകാഇനെ നാടുകടത്താനുള്ള പ്രവാചന്റെ തീരുമാനം വന്നപ്പോള്‍ ഉബാദ പൂര്‍ണമനസ്സോടെ കൂടെനിന്നു.
പ്രതീക്ഷകളശേഷം അവശേഷിക്കുന്നില്ലെങ്കിലും ബനൂകയ്‌നുകാഅ് ഉബാദയെ സമീപിച്ച് ചോദിച്ചു, ‘അബുല്‍വലീദ്, ഔസും ഖസ്‌റജുമായി ഞങ്ങള്‍ക്ക് സഖ്യമുണ്ടായിരുന്നല്ലോ, എന്നിട്ട് താങ്കള്‍ ഞങ്ങളോടിത് ചെയ്‌തോ?
ഉബാദക്ക് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല, അയാള്‍ പറഞ്ഞു, ‘നിങ്ങള്‍ പ്രവാചകനോട് യുദ്ധം പ്രഖ്യപിച്ചപ്പോള്‍ ഞാന്‍ ചെന്ന്, നിങ്ങളുമായുള്ള സഖ്യമൊഴിവായതായി അറീച്ചു.’
അവരെ അനുഗമിച്ചെത്തിയിരുന്ന ഇബ്‌നു ഉബയ്യ് ഇടപെട്ടു, ‘നാമിരുവരുടെയും ഗോത്രങ്ങള്‍ ഇവരുമായി ഒരേതരം കരാറിലല്ലേ ഏര്‍പ്പെട്ടിരുന്നത്, എന്നിട്ട് ഞാന്‍ സഖ്യം വിട്ടോ?’
‘ഇല്ല അബൂഹബ്ബാബ്, ഹൃദയങ്ങള്‍ക്ക് ഭാവാന്തരം സംഭവിച്ചിരിക്കുന്നു, പൂര്‍വ്വകരാറുകളപ്പടി മാഞ്ഞുപോയിരിക്കുന്നു. നാളെ താങ്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പുതിയൊരു ചതിപ്രയോഗം വെളിച്ചത്താകുന്നതുവരെ തല്‍ക്കാലം താങ്കള്‍ രക്ഷപ്പെട്ടിരിക്കുന്നു എന്ന് മാത്രമോര്‍ക്കുക.’ ഉബാദ പറഞ്ഞു.
No comments yet.