നബിചരിത്രത്തിന്റെ ഓരത്ത് -64

//നബിചരിത്രത്തിന്റെ ഓരത്ത് -64
//നബിചരിത്രത്തിന്റെ ഓരത്ത് -64
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -64

ചരിത്രാസ്വാദനം

ബനൂ കയ്നുകാഅ്

‘നേരാണോ കേട്ടത്?!’
‘നേര്.’
‘പടച്ചവനേ, അറബികള്‍ക്കിടയിലെ ഈ മാന്യന്മാരെല്ലാം കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ ഇനി ഭൂമിയുടെ ഉപരിതലത്തെക്കാള്‍ മെച്ചം അതിനു കീഴെയായിരിക്കും’ ബദ്‌റില്‍ കൊല്ലപ്പെട്ട കുറയ്ഷി നേതാക്കളുടെ പേരുകള്‍ ഒന്നിനു പിറകെ ഒന്നായി കേട്ടുകഴിഞ്ഞപ്പോള്‍ യസ്‌രിബുകാരനായ ജൂത നിരകവിയും ഇസ്‌ലാമിനോടുള്ള ശത്രുതതയില്‍ മുമ്പനുമായ കഅ്ബ് ബിന്‍ അഷ്‌റഫിനുണ്ടായ ഉള്‍ക്കിടിലം അയാള്‍ മറച്ചുവെച്ചില്ല. യഹൂദര്‍ക്കിടയില്‍ ഇസ്‌ലാമിനോടുള്ള വെറുപ്പിന്റെ നീലജ്വാല മനസ്സില്‍ സൂക്ഷിച്ച് പ്രവാചകനെ വധിച്ചുകളയാന്‍ ആളുകളെ ആവേശിപ്പിക്കാനായി സര്‍ഗശേഷി വിനിയോഗിക്കുന്നതാണ് നടപ്പുകാലത്തെ തന്റെ ജീവിതദൗത്യമെന്നയാള്‍ കരുതി. യസ്‌രിബിലെ അതിസമ്പന്നനും യസ്‌രിബുകാര്‍ക്കിടയിലെ അതീവസുന്ദരനുമാണ് കഅ്ബ്. പിതാവ് വഴി തയ്യ് ഗോത്രജനും മാതാവ് വഴി ബനൂനദീര്‍കാരുടെ ചാര്‍ച്ചക്കാരനുമാണയാള്‍.

‘താങ്കള്‍ക്ക് നല്ലത് ഭവിക്കുകില്‍ അതവരുടെ കണ്ണില്‍ ദുരന്തവും, താങ്കള്‍ക്കു ദുരന്തംവരുകില്‍ അതവരുടെ കണ്ണില്‍ ആഹ്ലാദവുമാണെന്ന്’ കുര്‍ആന്‍ പറയുന്നത് യസ്‌രിബിലെ യഹൂദരെക്കുറിച്ചാണ്.

അസീറിയന്‍ ബന്ധനത്തിന്റെയും റോമന്‍ പീഡനങ്ങളുടെയും കാലത്ത് ഹിജാസില്‍വന്ന് പാര്‍പ്പുറപ്പിച്ചതാണ് യസ്‌രിബിലെ യഹൂദരുടെ പൂർവ്വികർ. മൗലികമായി അബ്രായരായിരുന്ന അവര്‍ ഹിജാസില്‍ വാസമുറപ്പിച്ചതിനുശേഷം അറബി ഭാഷയും സംസ്‌കാരവും സ്വീകരിച്ചുകൊണ്ട് അറബ് ചായമണിഞ്ഞു. അവരുടെ ഗോത്രങ്ങളും ഗോത്രജരും അറബിപ്പേരുകള്‍ സ്വീകരിച്ചു. അറബിഗോത്രങ്ങളുമായി കെട്ടുബന്ധങ്ങള്‍ വളരെ വിരളമായിരുന്നെങ്കിലും അസാധ്യമായിരുന്നില്ല. എന്നാല്‍ അവര്‍ മറ്റു അറബി ഗോത്രങ്ങളുമായി ഇഴുകിച്ചേരാതെ നിലകൊണ്ടു. വംശശുദ്ധിയിലധിഷ്ഠിതമായ സംഘബോധവും ഇസ്രയേല്യര്‍ എന്ന പേരിലുള്ള വംശീയാഭിമാനവും കൊണ്ടുനടക്കുന്നതോടൊപ്പം, അറബികളെ അക്ഷരജ്ഞാനമില്ലാത്ത കാടന്മാരും പിന്‍ബുദ്ധി മാത്രമുള്ള അപരിഷ്‌കൃതരുമെന്ന് വിളിച്ചും വിശേഷിപ്പിച്ചുമവർ നിരന്തരം അപഹസിച്ചുകൊണ്ടിരുന്നു. അറബികളുടെ ധനം തങ്ങള്‍ക്ക് അനുവദനീയമാണെന്നവര്‍ വിചാരിച്ചു, അത് ഇഷ്ടാനുസാരം വിനിയോഗിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നവര്‍ കരുതി. സ്വന്തം ധനവും വസ്തുക്കളും സംരക്ഷിക്കാന്‍ മാത്രം കാര്യശേഷിയും അക്ഷരജ്ഞാനവുമില്ലാത്തവരെ കബളിപ്പിക്കുന്നതില്‍ തങ്ങള്‍ക്കെന്തിന് കുറ്റബോധം എന്ന അഹന്തയിൽ അറബികളുടെ ധനം കവർന്നെടുക്കുന്നതിനായി അവര്‍ ന്യായം ചമക്കുന്നുവെന്ന് കുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ടല്ലോ.

ധനസമ്പാദനത്തിനും അതിജീവനത്തിനുമായുള്ള കലകളില്‍ അതിസമർത്ഥരായിരുന്നു യഹൂദര്‍. ധാന്യം, ഈത്തപ്പഴം, മദ്യം, തുണിത്തിരങ്ങള്‍ തുടങ്ങിയ അറേബ്യന്‍ ഉപദ്വീപിലെ പ്രധാന വ്യാപാരങ്ങളുടെയെല്ലാം കുത്തക അവര്‍ക്കായിരുന്നു. തുണിത്തരങ്ങളും ധാന്യവും മദ്യവും ഇറക്കുമതി ചെയ്തപ്പോള്‍ ഈത്തപ്പഴം കയറ്റിയയച്ചു. വ്യാപാരത്തെക്കാള്‍ സമൂഹം എന്ന നിലയില്‍ അവരെ സമ്പന്നരാക്കിയത് പണം വായ്പനല്‍കി സാധാരണ അറബികളില്‍നിന്ന് ഇരട്ടിയിലിരട്ടിയില്‍ പലിശ ഈടാക്കി നേടിയ വരുമാനമായിരുന്നു. പോയകാലത്തെക്കുറിച്ചുള്ള വീരസ്യങ്ങളിലും രാക്കഥകളിലുമഭിരമിക്കുന്ന വയസ്സന്‍ അറബികള്‍ക്കും ഗോത്രമുഖ്യര്‍ക്കും വായ്പനല്‍കും. ആ പണം ഒന്നുമൊഴിയാതെയവര്‍ തങ്ങളെക്കുറിച്ച് കീര്‍ത്തനകാവ്യങ്ങളെഴുതുന്ന കൗശലക്കാരായ കവികള്‍ക്ക് പാരിതോഷികമായി നല്‍കി, അതുവഴി ലഭിക്കുന്ന വ്യാജസ്തുതികളാസ്വദിച്ച് കാലയാപനം നടത്തി. കടംവീട്ടാന്‍ തങ്ങളുടെ തോട്ടങ്ങളും ഭൂമിയും കൃഷിയിടങ്ങളും കഴുകക്കണ്ണുകളോടെ കാത്തിരുന്ന ഇതേ ജൂത പലിശയിടപാടുകാര്‍ക്ക് പണയപ്പെടുത്തി. ഏതാനും വര്‍ഷം അവ ഈടായി നിലകൊള്ളുമെങ്കിലും വൈകാതെ ഉത്തമര്‍ണര്‍ പണയവസ്തുക്കളുടെ ഉടമകളാകും, അനേകനൂറ്റാണ്ടുകളായി തുടരുന്നൊരു ചാക്രികപ്രക്രിയ.

ഉപജാപങ്ങളുടെയും ഗൂഢതന്ത്രങ്ങളുടെയും വിളനിലമായിരുന്നു ജൂതമനസ്സുകള്‍. ഇടക്ക് അല്ലറ ചില്ലറ വക്കാണങ്ങളും കയ്യാങ്കളികളുമുണ്ടാകുന്നതൊഴിച്ചാൽ കാലങ്ങളായി സഹവര്‍ത്തിത്വത്തോടെ തൊട്ടുരുമ്മി ജീവിക്കുന്ന അറബി ഗോത്രങ്ങള്‍ക്കിടയില്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് വെറുപ്പും വിദ്വേഷവും കാടത്തിപ്പടര്‍ത്തി ശത്രുത സൃഷ്ടിച്ചു. ഒന്ന് മറ്റൊന്നിനെ ആക്രമിക്കാന്‍ പാകത്തില്‍ ഗോത്രങ്ങള്‍ക്കിടയില്‍ ഉപജാപങ്ങളുടെ ചിലന്തിവല നെയ്തു, ഈ ഗോത്രങ്ങളാകട്ടെ ചരടുവലിച്ചവരെക്കുറിച്ചോ അവരുടെ കുടിലതന്ത്രങ്ങളെക്കുറിച്ചോ അറിയാതെ ചോരചുരന്ന യുദ്ധങ്ങളിലേക്ക് കടക്കുകയും ചെയ്തു. കനലടങ്ങി ശാന്തമാകുന്നു എന്ന ഘട്ടത്തില്‍ യഹൂദന്റെ കൈകള്‍ സക്രിയമായി, ശത്രുതയുടെ കനല്‍ ഇളക്കിയൂതി ജ്വലിപ്പിച്ചു നിര്‍ത്തി. ആയുധങ്ങളെത്തിച്ചു കൊടുത്ത് യുദ്ധത്തിന് തുടര്‍ച്ചയുണ്ട് എന്നുറപ്പ് വരുത്തി. പോരാട്ടം തുടങ്ങിക്കഴിഞ്ഞാല്‍ നേരിട്ടിടപെടാതെ കളിക്കളത്തിന്റെ കാഴ്ചത്തട്ടിലിരുന്ന് കളി വീക്ഷിച്ചു. വ്യാപാരത്തിലൂടെയും പലിശയിലൂടെയും ആയുധവില്പനയുടെ ഇടനിലങ്ങളിലൂടെയും യഹൂദരുടെ മടിശ്ശീല കാലാകാലം നിറഞ്ഞുതന്നെ നിന്നു. യസ്‌രിബിന്റെ സമ്പദ്‌രംഗം എക്കാലവും വെല്ലുവിളികളില്ലാതെ യഹൂദരുടെ നിയന്ത്രണത്തിലുമായി.

മൂന്ന് യഹൂദഗോത്രങ്ങളാണ് യസ്‌രിബിലുള്ളത്. ഖസ്‌റജികളുടെ സഖ്യകക്ഷി, ബനൂ കയ്നുകാഅ് നഗരാതിര്‍ത്തിക്കുള്ളിലാണ് വാസം. ബനുനദീറും ബനൂകുറയ്ദയുമാണ് മറ്റുരണ്ടു ഗോത്രങ്ങള്‍, ഇരുകൂട്ടരും ബനൂകയ്നുകാഇന്റെ സഖ്യകക്ഷികളും മദീനയുടെ പ്രാന്തവാസികളുമാണ്. ഔസിനും ഖസ്‌റജിനുമിടയിൽ സമാധാനാന്തരീക്ഷത്തെക്കുറിച്ചള്ള ചിന്തപോലും യസ്‌രിബിലെ യഹൂദരുടെ ഉറക്കത്തെ തുരത്തുമെന്നതിൽ സംശയമില്ല, അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അവരുടെ സമാധാനപൂര്‍ണ്ണമായ നിദ്രക്ക് ഭംഗമേല്പിച്ചിരിക്കുന്നതാകട്ടെ, മുഹമ്മദിന്റെയും അനുയായികളുടെയും യസ്‌രിബിലേക്കുള്ള കുടിയേറ്റവും.
നൂറ്റാണ്ടുകളായി പരസ്പരവിദ്വേഷത്തിന്റെയും പോരുകളുടെയും കടക്കെണികളുടെയും പുതിയ പുതിയ താഴ്ചകളിലേക്ക് അറബികളെ പിടിച്ചുവലിക്കുന്ന ചതുപ്പുനിലങ്ങളുടെ നേരെ എതിര്‍ദിശയില്‍ നിലയുറപ്പിച്ചുകൊണ്ടാണ് പ്രവാചകന്‍ അവരെ സഹവര്‍ത്തിത്വത്തിന്റെ സ്ഥിരസ്ഥലികളിലേക്ക് മാടിവിളിക്കുന്നത്. ഗോത്രമഹിമയുടെ പേരില്‍ മനുഷ്യന് പെരുമയവകാശപ്പെടാനാവില്ലെന്നദ്ദേഹം വിളിച്ചുപറഞ്ഞു. ശത്രുതമുറ്റിയ ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന പാശം അദ്ദേഹം പരിചയപ്പെടുത്തി. കൽമഷ-കന്മദങ്ങൾക്ക് തടയിട്ട് സമാധാനത്തിന്റെ സ്വൈര്യതയില്‍ അവരെ വസിപ്പിച്ചു, നല്ല ധനവും ചീത്ത ധനവും വേര്‍ത്തിരിച്ചു, കഴിക്കുന്ന ഭക്ഷണം ശുദ്ധമായിരിക്കണമെന്ന് പഠിപ്പിച്ചു. സമ്പാദ്യം നല്ലതുമാത്രമായിരിക്കണമെന്ന നിര്‍ബന്ധം പകര്‍ന്നുനല്‍കി. ചീത്തധനം ഊക്കില്‍ വിലക്കി. അധ്യാപനമൊക്കെയും യഹൂദരുടെ വൃത്തിയില്ലാത്ത സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വ്യവഹാരങ്ങളുടെ ഗതി തടഞ്ഞു.

വിശ്വാസപരമായി ബഹുദൈവ-വിഗ്രഹാരാധനകളുമായി സന്ധിയേ പാടില്ലാത്ത യഹൂദരിതാ ബഹുദൈവാരാധകരായ മക്കക്കാരുടെ പരാജയത്തില്‍ സമൃദ്ധമായി കണ്ണീർ വാർക്കുന്നു! മുഹമ്മദിനോടുള്ള കലിയില്‍ അങ്ങനെ വന്നുപോകുന്നതാണ്. അറബികള്‍ക്കിടയിലെ തങ്ങളുടെ ആത്മീയമായ മേല്‍ക്കോയ്മ തകര്‍ത്തതും പോരാ, യസ്‌രിബില്‍ അവരനുഭവിച്ചിരുന്ന ജീവനോപാധികള്‍ അയാള്‍ അറുത്തുമാറ്റുകയും ചെയ്തിരിക്കുന്നു.

കഅ്ബ് ബിന്‍ അഷ്‌റഫ് പ്രവാചകനെതിരെ അധിക്ഷേപവര്‍ഷം നടത്തിക്കൊണ്ട് കുറയ്ഷികളോടുള്ള തന്റെ വിചിത്രമായ കൂറ് പ്രഖ്യാപിച്ചു. അതൊന്നും പക്ഷേ, നിരാശ മറച്ചുവെക്കാനുള്ള അത്തിയിലപോലും നൽകിയില്ല. അയാള്‍ നേരെ മക്കയിലെത്തി കുറയ്ഷി നേതാക്കളെ കണ്ടു. അബൂവദാഅയുടെ മകന്‍ മുത്തലിബിനോടൊപ്പമാണ് അവിടെയയാള്‍ താമസിച്ചത്. ചെന്നിറങ്ങിയതു മുതല്‍ ബദ്‌റില്‍ കൊല്ലപ്പെട്ട കുറയ്ഷി നേതാക്കളുടെ പേരില്‍ കഅ്ബ് കാവ്യകഥനങ്ങൾ നടത്തി വിലപിച്ചു, അവരുടെ പ്രതികാരക്കനലിനുമേൽ ചാരം മൂടാനനുവദിക്കാതെ ഊതിച്ചുവപ്പിച്ചു. പ്രാവാചകനെതിരെയുള്ള വിദ്വേഷത്തിന്റെ ഉലയൂതി, മുസ്‌ലിംകൾക്കെതിരിൽ പൊരുതി വെന്നി കുറയ്ഷികളുടെ ചിരസ്ഥായിയായ ശ്രേയസ്സുയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്തു.

കടുത്ത ഏകദൈവവിശ്വാസിയായ യഹൂദി അനേകദൈവവിശ്വാസികളായ തങ്ങള്‍ക്കുവേണ്ടി കവിതയെഴുതുന്നതുകണ്ട കൗതുകത്തിൽ അബൂസുഫ്‌യാന്‍ ചോദിച്ചുപോയി, ‘കഅ്ബ്, ഞങ്ങളുടെ മതമാണോ മുഹമ്മദിന്റെയും കൂട്ടരുടെയും മതമാണോ മെച്ചം?’ മറുപടിക്കായി കഅ്ബിന് തെല്ലുമാലോചിക്കേണ്ടിവന്നില്ല, ‘അവരെക്കാളും നേര്‍മാര്‍ഗത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത് നിങ്ങള്‍തന്നെ,’ അയാള്‍ പറഞ്ഞു. കുര്‍ആന്‍ അതിങ്ങനെ സൂചിപ്പിച്ചു, ‘വേദത്തില്‍നിന്നൊരു വിഹിതം ലഭിച്ചവരെ കണ്ടില്ലേ, അവര്‍ ക്ഷുദ്രവിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു, അവിശ്വാസികളെപ്പറ്റി അവര്‍ പറയുക, അവരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവര്‍ എന്നാണ്.’

നിരാശ അല്പമൊന്ന് ശമിച്ചശേഷം കഅ്ബ് മദീനയിലേക്ക് മടങ്ങി, അവിടെയുമയാള്‍ തന്റെ ദ്വേഷവാണി ഇടതടവില്ലാതെ വിക്ഷേപണം ചെയ്തുകൊണ്ടിരുന്നു. വിശ്വാസിനികളായ വനിതകളെ ചേര്‍ത്ത് കവിത എന്നപേരില്‍ നിര്‍ലജ്ജമായ അസഭ്യവർഷം നടത്തി മുസ്‌ലിംകളുടെ ക്ഷമനിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു.

മുസ്‌ലിംകളുമായി സന്ധിബന്ധങ്ങളിലായിരിക്കെ ശത്രുക്കളെ സഹായിച്ച ബനൂകയ്‌നുകാഇന്റെ കൊടുംചതിയെക്കുറിച്ചുള്ള വൃത്താന്തം ചുണ്ടുകളില്‍നിന്ന് ചെവികളിലേക്ക് പടര്‍ന്ന് മദീനയിലെ വീടകങ്ങള്‍വരെയെത്തി. കരാര്‍ലംഘനമെന്ന കൊടുംപാതകത്തെക്കുറിച്ച് അവരോടു ചോദിക്കണം. ഒരു സമൂഹത്തിന്റെ മാന്യതയും നിലവാരവുമളക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഏര്‍പ്പെട്ട കരാറുകളില്‍ അവരെന്തു നിലപാടെടുക്കുന്നുവെന്നത്. നഗരത്തിലെ ബനൂകയ്‌നുകാഇന്റെ സാന്നിധ്യം മറ്റു ഗോത്രങ്ങളെക്കാള്‍ അനുഭവപ്പെടുന്നുണ്ട്. അവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ജീവിക്കുന്നവരാണ്; ബാക്കി രണ്ട് ഗോത്രങ്ങളുടെയും വാസം നഗരത്തിന്റെ പ്രാന്തങ്ങളിലാണല്ലോ. മൂന്ന് യഹൂദഗോത്രങ്ങളില്‍ സൈനികമായി വലിയ ശക്തിയുമാണ് ബനൂ കയ്‌നുകാഅ്. പുറമെ, വിശ്വാസികളോട് താന്‍ വിശ്വാസിയാണെന്നും, യഹൂദരോട് ചെന്ന് അവരെക്കുറിച്ച് പരുഷം പറയുകയും ചെയ്യുന്ന, വിഷസര്‍പ്പത്തെപ്പോലെ ഇരട്ടനാക്കുള്ള കപടന്‍ ഇബ്‌നു ഉബയ്യ് എന്ന ഖസ്‌റജിയുടെ സഖ്യകക്ഷിയുമാണാ ഗോത്രം.

ഇയ്യിടെ നബിക്കു ലഭിച്ച വെളിപാടില്‍ ഇങ്ങനെയുണ്ട്, ‘ആരാനുമൊരു കൂട്ടര്‍ ചതിപ്രയോഗിക്കുമെന്ന് ഭയക്കുന്നുവെങ്കില്‍ തത്തുല്യമായത് താങ്കളും അവര്‍ക്കിട്ടുകൊടുക്കുക. ഒറ്റുകാരെ, തീര്‍ച്ചയായും, അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ എന്നാല്‍, അടുത്തൊരു സൂക്തത്തില്‍ ഇങ്ങനെയും വെളിപാടുണ്ടായി, ‘ഇനിയവര്‍ സമാധാനത്തിനു താല്പര്യപ്പെടുന്നുവെങ്കില്‍ താങ്കളതിനോടനുഭാവം പുലർത്തുക, അല്ലാഹുവില്‍ ഭരമേല്പിക്കുകയും ചെയ്യുക.’

അതുകൊണ്ടുതന്നെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ പ്രവാചകന് താല്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം ബദ്‌റില്‍നിന്ന് തിരിച്ചെത്തി ഏതാനും ദിവസം കഴിഞ്ഞ് ബനൂ കയ്‌നുകാഅ് ഗോത്രനേതാക്കളുമായി സംസാരിക്കാനായി അവര്‍ വസിക്കുന്ന മദീനയുടെ ദക്ഷിണ ഭാഗത്തുള്ള അങ്ങാടിയിലെത്തി. ബദ്‌റിലുണ്ടായ മാനുഷേതരമായ ഇടപെടല്‍ മനസ്സിലാക്കി അവരുടെ മനംമാറിയിട്ടുണ്ടാകുമെന്നദ്ദേഹം ധരിച്ചു. ഇന്നലെ ബദ്റിൽ കുറയ്ഷികള്‍ക്കുമേല്‍ പതിച്ച അല്ലാഹുവിന്റെ കോപം നാളെ അവർക്കുമേൽ പതിക്കില്ലെന്നാരു കണ്ടു എന്നദ്ദേഹം അവര്‍ക്ക് താക്കീത് നല്‍കി. യഹൂദനേതാക്കള്‍ പക്ഷേ, മറ്റൊരു നിലപാടാണെടുത്തത്, ‘രണതന്ത്രങ്ങളിൽ പരിജ്ഞാനമോ പടനിലങ്ങളിൽ പരിചയമോ ഇല്ലാത്ത കുറയ്ഷികളുമായിട്ടേറ്റുമുട്ടി വിജയിച്ചതില്‍ നിങ്ങള്‍ ഭ്രമപ്പെടാതിരിക്കൂ, മുഹമ്മദ്, അവരുമായുള്ള താരതമ്യത്തില്‍ നിങ്ങള്‍ മെച്ചമാണെന്നേയുള്ളൂ. അതേസമയം, ഞങ്ങളുമായി പോരാട്ടത്തിനിറങ്ങിനോക്കൂ, അപ്പോള്‍ മനസ്സിലാകും, ഞങ്ങളെ നിങ്ങളാണ് ഭയപ്പെടേണ്ടതെന്ന്.’ മറുപടിയായി ഒന്നുമുരിയാടാതെ പ്രവാചകന്‍ തിരിഞ്ഞുനടന്നു. ‘നാം വിജയിച്ചുകഴിഞ്ഞു.’ ആ കാഴ്ച അവർനേതാക്കളെ സന്തോഷിപ്പിച്ചെന്നുതോന്നുന്നു, അവർ വിജയഭാവത്തില്‍ പരസ്പരം അഭിനന്ദിച്ചു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.