നബിചരിത്രത്തിന്റെ ഓരത്ത് -62

//നബിചരിത്രത്തിന്റെ ഓരത്ത് -62
//നബിചരിത്രത്തിന്റെ ഓരത്ത് -62
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -62

ചരിത്രാസ്വാദനം

ബന്ദികൾ

മക്കക്കാർ ഒന്നടങ്കമെടുത്ത പ്രതിജ്ഞയുടെ വാർത്ത നാടാകെ പ്രചരിക്കാൻ ഏതാനും നാഴിക നേരമേ വേണ്ടിവന്നുള്ളൂ. ബദ്‌റിൽ ജീവനറ്റു വീണവര്‍ക്കു വേണ്ടി അവർ വിലപിക്കില്ലത്രെ! മുഹമ്മദിനും അനുയായികള്‍ക്കും ആഹ്ലാദിക്കാനുള്ള വക തങ്ങളുടെ നിലവിളിയിലൂടെ ഉണ്ടായിക്കൂടാ. നെഞ്ചത്തടിച്ച് നിലവിളിച്ചു കരഞ്ഞാൽ ഭീരുക്കൾ എന്നവർ വിളിക്കും. മർമ്മങ്ങളിലെല്ലാം തറഞ്ഞുകേറുന്ന പരിഹാസമുതിർക്കും. യസ്‌രിബിൽ മുഹമ്മദിന്റെയും സംഘത്തിന്റെയും പിടിയിലുള്ള പ്രിയപ്പെട്ടവര്‍ക്കും ബന്ധുജനങ്ങള്‍ക്കും വേണ്ടി മോചനദ്രവ്യം ധൃതിപ്പെട്ട് അയക്കേണ്ടതില്ലെന്നും അക്കൂടെ തീരുമാനമായി.

ബദ്‌റിലെ പടനിലത്തില്‍ മരിച്ചുവീണ എണ്ണംപറഞ്ഞ കുറയ്ഷി മഖ്യന്മാര്‍ കളമൊഴിഞ്ഞതോടെ അബൂസുഫ്‌യാൻ മക്കക്കാരുടെ അനിഷേധ്യനായ നേതാവായി ഉയര്‍ന്നുവന്നു. അന്തിമ തീരുമാനങ്ങള്‍ക്കുവേണ്ടി ബുദ്ധിമാനും തന്ത്രശാലിയുമായ അബൂസുഫ്‌യാനെയവർ ഉറ്റുനോക്കി. അയാളുടെ ബന്ധുജനങ്ങളില്‍ നിരവധിപേര്‍ ഇപ്പോള്‍ യസ്‌രിബിൽ മുഹമ്മദിന്റെ പിടിയിലുണ്ട്. മക്കളായ ഹന്‍ദലയും അംറും യുദ്ധത്തില്‍ പങ്കെടുത്തിരുന്നു, ഒരാള്‍ കൊല്ലപ്പെട്ടു, മറ്റെയാള്‍ ബന്ധനത്തിലാണ്. “ഞാനെന്തിന്, രക്തത്താലുള്ള നഷ്ടത്തിനു പുറമെ, സമ്പത്താലുള്ള നഷ്ടവും സഹിക്കണം. മകന്‍ ഹന്‍ദലയെ അവര്‍ കൊന്നു, ഇപ്പോള്‍ അംറിനു വേണ്ടി എന്റെ സ്വത്തും കൊണ്ടുപോയി കൊടുക്കണോ? അംറ് എത്രകാലം വേണേലും അവരുടെ കൂടെക്കഴിയട്ടെ.” അയാളുടെ തീരുമാനം ഉറച്ചതായിരുന്നു, അതിനാല്‍തന്നെ മറ്റു മക്കക്കാര്‍ക്കത് മാതൃകയുമായി. അറിവായിടത്തോളം മുഹമ്മദ് ബന്ദികളോട് മാന്യമായാണു പെരുമാറുന്നത്. അവരോട് നല്ലനിലയിൽ വർത്തിക്കുക എന്ന് അയാൾ അനുചരന്മാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. “നേർച്ച നിറവേറ്റുന്നവരാണവർ, പടർന്നുകയറുന്നൊരാപത്‌ദിനത്തെ ഭയപ്പെടുന്നവരാണവർ, തീൻപണ്ടങ്ങളോടുള്ള ഇഷ്ടം നിലനിൽക്കെതന്നെ അഗതിയെയും അനാഥയെയും ബന്ദിയെയും ഊട്ടുന്നവരാണവർ” എന്ന് വിശ്വാസികളുടെ മഹിതഗുണങ്ങളെ കുർആൻ എണ്ണുന്നുണ്ടല്ലോ.

അബൂസുഫ്‌യാന്റെ സമരോത്സുകയായ ധര്‍മ്മദാരം ഹിന്ദ്, ഹന്‍ദലയുടെയോ അംറിന്റെയോ മാതാവായിരുന്നില്ല, എന്നാല്‍ യുദ്ധത്തിന്റെ പ്രാരംഭത്തില്‍തന്നെ പിതാവ് ഉത്ബയും പിതൃസഹോദരന്‍ ഷെയ്ബയും സഹോദരന്‍ വലീദും വെട്ടേറ്റുവീണു. സാധാരണ നിലയില്‍ വാവിട്ടു വിലപിച്ച് കരയാന്‍ കാരണങ്ങളേറെയുണ്ടായിരുന്നിട്ടും വിലാപവും അനുശോചനവും ദുഃഖാചരണവുമെല്ലാം ഹിന്ദ് മാറ്റിവെച്ചു. അതേസമയം, പകരംവീട്ടലിന്റെ അനിവാര്യമായ ദിനം വന്നെത്തുമ്പോൾ -അത് വന്നെത്താതിരിക്കില്ല- തന്റെ പിതൃസഹോദരനെ വധിക്കുകയും പിതാവിന്റെ ജീവനെടുത്തുകൊണ്ട് അവസാന ഖഡ്ഗപ്രയോഗം നടത്തുകയും ചെയ്ത ഹംസയുടെ കരള്‍ പച്ചക്ക് തിന്നും എന്ന ഉഗ്രശപഥം അവൾ വിളംബരം ചെയ്തു.

തീർഥാടന നഗരത്തിന്റെ ക്ഷതപ്പെട്ട അഭിമാനം പ്രതികാരത്തിന്റെ ലാവയെ തിളപ്പിച്ചു. അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള വര്‍ത്തകസംഘം സുരക്ഷിതരായി മക്കയില്‍ തിരിച്ചെത്തിയതിനു പിന്നാലെ ആ കച്ചവടത്തിലെ ലാഭം മുഴുവന്‍ മുഹമ്മദിനെതിരെ വ്യൂഹം ചമക്കാനുള്ള യുദ്ധനിധിയിലേക്ക് നീക്കിവെക്കുമെന്ന് ഏകകണ്ഠമായി കുറയ്ഷ് തീരുമാനിച്ചുകഴിഞ്ഞു. യസ്‌രിബിലുള്ള ശത്രു എത്രതന്നെ പാടുപെട്ടാലും സ്വരൂപിക്കാനാകാത്ത വിധം ആളും ആയുധവുമടങ്ങിയ ഗംഭീരവും കിടയറ്റതുമായ സൈന്യമായിരിക്കണമത്. ഇത്തവണ സ്ത്രീകള്‍ തങ്ങളുടെ പുരുഷന്മാരെ അനുഗമിക്കും, അവിടെയവര്‍ തങ്ങളുടെ പുരുഷന്മാരിൽ ആക്രമണത്തിനായി ഉത്സാഹമേറ്റും ശൗര്യം പുറത്തെടുക്കാനായി അവരെ ആവേശിപ്പിക്കും.

വികല്പങ്ങളോരോന്നും പരിശോധിച്ച് തന്ത്രങ്ങൾ രൂപീകരിച്ച്. അറേബ്യയിലുടനീളം വ്യാപിച്ചു കിടക്കുന്ന സഖ്യകക്ഷികളുടെ മൂപ്പന്മാരെ ലക്ഷ്യമാക്കി മക്കയിൽനിന്ന് ദൂതകൾ പാഞ്ഞു. മുഹമ്മദിനെതിരിൽ തങ്ങൾ സമാഹരിക്കുന്ന സൈനിക ശക്തിയിൽ പങ്കുചേരാനായി അവരോടാവശ്യപ്പെട്ടു. പുതിയ മതം അവരുടെയെല്ലാം പൊതുശത്രുവാകുന്നതെങ്ങനെയെന്ന് ദൂതുമായി ചെന്നവർ വിശദീകരിച്ചു.

വിലാപമൊഴിവാക്കണമെന്ന കുറയ്ഷി തീരുമാനം മക്കക്കാര്‍ സ്വീകരിച്ചെങ്കിലും ബന്ദി മോചനത്തിനായുള്ള ശ്രമങ്ങള്‍ക്ക് ധൃതിവേണ്ടെന്ന അബൂസുഫ്‌യാന്റെ അഭിപ്രായം പൊതുവെ അവഗണിക്കപ്പെട്ടു. തങ്ങളുടെ പ്രിയജനങ്ങളെയും സഖ്യകക്ഷികളെയും മോചിപ്പിക്കാനുള്ള ദ്രവ്യവുമായവർ യസ്‌രിബിലേക്കു പുറപ്പെട്ടു. അബൂസുഫ്‌യാൻ മാത്രം തന്റെ വാക്കുകളില്‍ ഉറച്ചുനിന്നു. ആദർശം മാത്രമല്ല, അയാളുടെ പിശുക്കും ആ തീരുമാനത്തിൽ രാസത്വരകമായി വർത്തിച്ചിരിക്കാം. തന്ത്രശാലിയായ അബൂസുഫ്‌യാൻ മറ്റൊരു വല നെയ്യുന്നുണ്ടായിരുന്നു. തൊട്ടുവന്ന തീര്‍ത്ഥാടനകാലത്ത് യസ്‌രിബിൽ നിന്നുവന്ന ഔസ് വംശജനായൊരു വയോധികനെ അയാള്‍ ബന്ദിയായിപ്പിടിച്ചു. അംറ് മക്കയില്‍ തിരിച്ചെത്തുന്നതുവരെ അയാളെ വിട്ടികൊടുക്കില്ലെന്നുമയാള്‍ പറഞ്ഞു. തീര്‍ത്ഥാടകന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രവാചകന്‍ അംറിനെ വിട്ടയക്കുകയായിരുന്നു.

കുറയ്ഷി പ്രമുഖരുടെ മരണത്തോടെ അബൂസുഫ്‌യാനൊപ്പം തലയെടുപ്പാല്‍ ശ്രദ്ധിക്കപ്പെട്ട നേതാവായിരുന്നു സുഹയ്ല്‍ ബിന്‍ അംറ്. സ്വന്തം കുലത്തിലും മറ്റു കുലങ്ങളിലുമായി ചഞ്ചലരായി നില്‍ക്കുന്നവരെ ഇസ്‌ലാമിലെത്തിക്കാന്‍ മാത്രം സ്വാധീനം അയാള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള സാവകാശം ലഭിക്കുന്നതിനു മുമ്പ് ബനൂആമിര്‍ സഹഗോത്രജനായ മിക്റസ് ബിൻ ഹഫ്സിനെ ധൃതിപ്പെട്ട് മദീനയിലേക്കയച്ചു. സുഹയ്‌ലിനു പകരം അയാള്‍ ബന്ധനമേറ്റു. സുഹയ്ല്‍ തിരിച്ചു ചെന്ന് തന്റെ മോചനത്തിനാവശ്യമായ തുക സമാഹരിക്കുന്നതിനുള്ള ഏര്‍പ്പൊടുകൾ ചെയ്യും.

പ്രവാചകപത്നി സൗദയുടെ പിതൃവ്യപുത്രനും മുൻഭർത്താവിന്റെ സഹോദരനുമായ സുഹൈൽ മക്കയിലുടനീളം കീർത്തികേട്ട ഉജ്ജ്വലവാഗ്മിയാണ്. മക്കയിലും പരിസരങ്ങളിലുമുള്ള ചന്തകളിലും അങ്ങാടികളിലും പോയി പ്രവാചകനെതിരിൽ പ്രസംഗിക്കുകയാണ് പതിവ്. അനർഗളവും ചമത്കാരഭരിതവുമായ ആ വാഗ്‌പ്രവാഹത്തിന് കേട്ടുനിൽക്കുന്നവരെക്കൂടി കൂടെക്കൂട്ടാനുള്ള ആകർഷകത്വമുണ്ട്. അയാളെ വിട്ടയക്കുന്നതറിഞ്ഞ ഉമറിന്റെ മക്കാ ഓർമ്മകൾ സക്രിയമായി. “പ്രവാചകരേ, ഈ അംറിന്റെ മുൻവരി പല്ലുകൾ ഞാനങ്ങു പിഴുതെടുക്കട്ടെ, എങ്കിൽ പിന്നീടൊരിക്കലും ഒരിടത്തും ചെന്ന് അങ്ങേക്കെതിരിൽ തന്റെ വാഗ്ധാടി ഇയാൾ പ്രയോഗിക്കില്ല.” നബിയുടെ മുഖം വിവർണമായി, “ഞാനൊരിക്കലും അയാളെ അംഗച്ഛേദം വരുത്തുകയില്ല, അങ്ങനെ ചെയ്യുകിൽ, പ്രവാചകനാണെന്നാൽപോലും എന്നെയും അല്ലാഹു അംഗച്ഛേദം വരുത്തും. മാത്രമല്ല, താങ്കൾക്കധിക്ഷേപിക്കാനാവാത്ത പദവിയിൽ ഒരുനാളയാൾ എത്തിച്ചേർന്നുകൂടായ്കയില്ലല്ലോ.” അദ്ദേഹം പറഞ്ഞു. സുഹയ്ൽ മക്കയിലേക്ക് മടങ്ങി.

കാലമേറെ ചെല്ലുന്നതിനു മുമ്പുതന്നെ പ്രവാചകന്റെ വാക്കുകൾ പുലർന്നു. അദ്ദേഹത്തിന്റെ വിയോഗാനന്തരം, അക്കാരണംതന്നെ പറഞ്ഞ്, ചില അറബി ഗോത്രങ്ങൾ വിശ്വാസം പരിത്യജിച്ചു. അന്ന് സുഹൈലിന്റെ അനുഗൃഹീത ജിഹ്വ വാളായി പരിണമിച്ച് എതിരാളികളുടെ വാദങ്ങളെ അരിഞ്ഞുവീഴ്ത്തി.

പിതൃസഹോദരന്‍ അബ്ബാസ് മോചനദ്രവ്യം നൽകി മക്കയിലേക്ക് തിരിച്ചു. എന്നാൽ പ്രവാചകനെതിരിൽ കുറയ്ഷ് നടത്തുന്ന ഓരോ നീക്കവും അബ്ബാസ് കൃത്യമായി മദീനയിലറിയിച്ചുകൊണ്ടിരുന്നു. ബദ്‌റിലെ മാനംകെട്ട പരാജയത്തിന് പകരം ചോദിക്കുന്നതിനായി അവർ നടത്തുന്ന വ്യൂഹസന്നാഹത്തെക്കുറിച്ച് നബിക്ക് വിശദമായ വിവരം നൽകിയത് അബ്ബാസ് ആയിരുന്നു.

പ്രവാചകന്റെ പ്രിയപുത്രി സെയ്‌നബിന്റെ ഭര്‍ത്താവ് അബുല്‍ആസ് തടവുകാരനായി പിടിയിലുണ്ട്. അയാളുടെ സഹോദരന്‍ അംറ് മദീനയിലെത്തിയിരിക്കുന്നു. സെയ്‌നബ് കൊടുത്തുവിട്ട കുറച്ച് പണവും ഒരു മുത്തുമാലയുമായിട്ടാണയാൾ വന്നിരിക്കുന്നത്. ഭര്‍ത്താവിനുള്ള മോചനദ്രവ്യമായി അതു സ്വീകരിക്കപ്പെടുമെന്ന് സെയ്നബ് പ്രതീക്ഷിക്കുന്നു. കാലപ്പഴക്കത്താൽ നിറം മങ്ങിയിരുന്നെങ്കിലും ആ മുത്തുമാല ഒറ്റനോട്ടത്തില്‍ പ്രവാചകൻ തിരിച്ചറിഞ്ഞു, വിവാഹ ദിവസം ഉമ്മ ഖദീജ സെയ്‌നബിനു നല്‍കിയ സമ്മാനമായിരുന്നു അത്. ഭൂതകാലത്തിന്റെ മടക്കുകളിൽ ഓർമ്മയുടെ ചക്രവാതച്ചുഴി രൂപം കൊണ്ടു. ഖദീജയുടെ മുഖം തെളിഞ്ഞുവന്നതുകൊണ്ടാവാം, ഹൃദയം ആർദ്രമായി. അബുല്‍ആസിനെ ഓഹരിയായി ലഭിച്ചിരുന്ന കാവലാളുകളോട് നബി സംസാരിച്ചു, “നിങ്ങളുടെ പിടിയിലുള്ള സെയ്നബിന്റെ ഭർത്താവിനെ വിട്ടയക്കാനും അവൾ കൊടുത്തുവിട്ട ദ്രവ്യം തിരിച്ചുകൊടുക്കാനും വിരോധമില്ലെങ്കിൽ നിങ്ങൾക്കങ്ങനെ ചെയ്യാവുന്നതാണ്.” അവര്‍ക്ക് സമ്മതമായിരുന്നു. മാലയും പണവും തിരിച്ചുനല്‍കി അബുല്‍ ആസിനെ വിട്ടയക്കുകയും ചെയ്തു. അയാള്‍ മദീനയില്‍ വെച്ചുതന്നെ വിശ്വാസിയാകും എന്ന് പലരും കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. അബുല്‍ആസ് യാത്ര പുറപ്പെട്ടപ്പോള്‍ നബി പറഞ്ഞു, അബുല്‍ആസ്, താങ്കള്‍ മക്കയിലെത്തിയ ഉടനെ സെയ്‌നബിനെ മദീനയിലെത്തിക്കുക. വഴിയെ സെയ്നബിനെയും മകൾ ഉമാമയെയും കൂട്ടാനായി സെയ്ദിനെ മക്കയിലേക്കയക്കും.

മഖ്‌സൂം ഗോത്രത്തിന്റെ മരിച്ചുപോയ മൂപ്പൻ വലീദ് ബിന്‍ അൽമുഗീറയുടെ ഇളയ മകന്റെ പേര് വലീദ് എന്നുതന്നെയായിരുന്നു. അബ്ദുല്ല ബിന്‍ ജഹ്ഷിന്റെയും മറ്റും ഓഹരിയിലായിരുന്നു അയാള്‍. വലീദിന്റെ സഹോദരന്‍ ഖാലിദും ഹിഷാമും അയാള്‍ക്കുള്ള മോചനദ്രവ്യവുമായി വന്നു. അബ്ദുല്ല മോചനത്തുകയായ നാലായിരം ദിര്‍ഹം എന്നതില്‍ നിന്ന് ഒന്നും കുറക്കാന്‍ തയ്യാറായില്ല. ബന്ദിയുടെ അര്‍ധസഹോദരന്‍ ഖാലിദ് അത്രയും സംഖ്യ നല്‍കാന്‍ ഒരുനിലക്കും സാധ്യമല്ല എന്നറീച്ചു. എന്നാല്‍, പൂര്‍ണസഹോദരന്‍ ഹിഷാം പരിഭവിച്ചു, “അവന്‍ നിങ്ങളുടെ പുര്‍ണസഹോദരന്‍ അല്ലല്ലോ… അതായിരിക്കും കാരണം.” അതോടെ ഖാലിദ് അയഞ്ഞു. അവര്‍ മദീന വിട്ടു. വഴിയില്‍വെച്ച് വലീദ് സഹോദരങ്ങളുടെ കണ്ണുവെട്ടിച്ച് മദീനയിലേക്കുതന്നെ തിരിച്ചുപോയി. അവിടെവെച്ച് അയാള്‍ ഇസ്‌ലാം സ്വീകരിച്ചു.

സഹോദരങ്ങളിരുവരും വലീദിനെ പിന്തുടർന്ന് മദീനയിലെത്തി. ഖാലിദ് അയാളുമായി വക്കാണിച്ചു. “ഇത്രയധികം പണം മോചനദ്രവ്യമായി നല്‍കുന്നതിനു മുമ്പ് നീയിതു പറയാതിരുന്നതെന്ത്!” നിരാശ മറച്ചുവെക്കാതെ അയാള്‍ ചോദിച്ചു. “നേരത്തെ ഞാന്‍ വിശ്വാസം പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ കുറയ്ഷ് പറഞ്ഞുപരത്തുക എന്താണെന്നെനിക്കൂഹിക്കാവുന്നതേയുള്ളൂ, മോചനദ്രവ്യം നല്‍കുന്നതില്‍ നിന്ന് രക്ഷപ്പെടാനാണ് വലീദ് മുഹമ്മദിന്റെ മതത്തില്‍ ചേര്‍ന്നതെന്ന് നിങ്ങളൊക്കെതന്നെ പറയും.” വലീദ് സഹോദരനോടു പറഞ്ഞു. വീണ്ടും സഹോദരങ്ങള്‍ക്കൊപ്പം അയാള്‍ മക്കയിലേക്കു തിരിച്ചു, തന്റെ ചില വസ്തുക്കള്‍ മദീനയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. മക്കയിലെത്തിയപ്പോള്‍ അവരയാളെ ബന്ദിയാക്കി. പിതൃസഹോദരപുത്രരും അബൂജഹ്‌ലിന്റെ അര്‍ധസഹോദരരുമായിരുന്ന അയ്യാഷ്, സലമ എന്നീ മുസ്‌ലിം ചെറുപ്പക്കാരോടൊപ്പം അയാളെയവർ തടവിലിട്ടു.

മുത്ഇമിന്റെ പുത്രന്‍ ജുബയ്ര്‍ തന്റെ മച്ചുനനെയും സഖ്യകക്ഷിക്കാരായ രണ്ടുപേരെയും മോചനദ്രവ്യം നല്‍കി തിരികെകൊണ്ടുപോകാനായി മദീനയിലെത്തി. നബി അയാളെ ആദരാതിരേകങ്ങളോടെ സ്വീകരിച്ചു. മുത്ഇം ജീവിച്ചിരിക്കുകയും എന്നിട്ട് അദ്ദേഹം തന്റെയടുക്കല്‍ ബന്ദികളുടെ മോചനത്തിനുവേണ്ടി വരികയും ചെയ്തിരുന്നുവെങ്കില്‍ ഒന്നും സ്വീകരിക്കാതെതന്നെ താൻ ആ ബന്ദികളെ വിട്ടയക്കുമായിരുന്നുവെന്ന് നബി പറഞ്ഞത് ജുബ്യ്റിന്റെ മനസ്സിൽ പ്രവാചകനോടുള്ള മതിപ്പേറ്റി. മദീനയിലെ പുതിയ കാഴ്ചകൾ അയാളുടെ മനസ്സിനെ ശരിക്കും ആകര്‍ഷിച്ചുകഴിഞ്ഞിരുന്നു. ഒരു സായന്തനത്തില്‍ അസ്തമയത്തോടടുത്ത് പള്ളിയുടെ പുറത്തിരുന്ന് ജുബയ്ര്‍ പ്രവാചകന്റെയും അനുചരരുടെയും പ്രാര്‍ത്ഥനക്ക് ചെവിയോര്‍ത്തു. കുർആനിലെ ‘തൂര്‍’ അധ്യായമാണ് നേതൃത്വം നല്‍കിക്കൊണ്ട് നബി ഓതിയത്. അന്തിമവിധിദിനത്തെക്കുറിച്ചും നരകത്തെക്കുറിച്ചുമുള്ള മുന്നറീപ്പുകളും വിവരണങ്ങളുമുണ്ടായിരുന്നു ആ സൂക്തങ്ങളില്‍. തുടര്‍ന്ന് സ്വര്‍ഗമെന്ന അത്ഭുലോകത്തെക്കുറിച്ചും പരാമർശം. അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്: “താങ്കളുടെ നാഥന്റെ തീർപ്പിന് ക്ഷമയോടെ കാത്തിരിക്കുക. തീർച്ചയായും താങ്കൾ നമ്മുടെ കൺവെട്ടത്താകുന്നു. എഴുന്നേൽക്കുന്ന നേരത്ത് താങ്കളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധിയെ വാഴ്ത്തുക. രാത്രിയിൽ നക്ഷത്രങ്ങൾ പിന്മടങ്ങുമ്പോൾ അവന്റെ വിശുദ്ധിയെ കീർത്തിക്കുക.”

അന്നാണ് ഈ വിശ്വാസം അയാളുടെ ഹൃദയത്തില്‍ വേരാഴ്ത്തിയത്. എന്നാല്‍ അതൊരാവേശമായോ ഉത്തേജനമായോ അയാള്‍ക്കനുഭവപ്പെട്ടതുമില്ല; രക്തബന്ധങ്ങളാൽ ഇഴചേർക്കപ്പെട്ട സ്വജനങ്ങളുമായുള്ള അടര്‍ത്തിമാറ്റാനാവാത്ത അടുപ്പവുമോർമ്മയും അയാളെ അതിനനുവദിച്ചില്ല എന്നതാണ് കൂടുതൽ ശരി, വിശിഷ്യ, പിതാവ് മുത്ഇമിന്റെ സഹോദരന്‍ ബദ്‌റില്‍ മരണപ്പെട്ട പ്രിയങ്കരനായ തുഅയ്മിനെക്കുറിച്ചുള്ള ഓര്‍മ്മ. ബദ്‌റിലെ രണാങ്കണത്തിൽ ചീറ്റപ്പുലിക്ക് സമാനം പരാക്രമിയായിരുന്ന ഹംസയുടെ കയ്യാല്‍തന്നെയായിരുന്നു തുഅയ്മും കൊല്ലപ്പെട്ടത്. ആത്മാഭിമാനത്തിന്റെ പ്രേരണകളാൽ പിതൃവ്യന്റെ ഘാതകനോട് പ്രതികാരം ചെയ്യേണ്ടത് തന്റെ ബാധ്യതയായി അയാള്‍ കണക്കാക്കുന്നു. പകരം വീട്ടാനുള്ള അഭിലാഷതീവ്രത നേര്‍ത്തുപോകുമോ എന്ന ഭയത്താല്‍ പ്രിയപ്പെട്ടവരുടെ മോചനദ്രവ്യം ചര്‍ച്ചചെയ്ത് തീര്‍ച്ചപ്പെടുത്തിയ ഉടനെ അയാള്‍ മദീനയും പരിസരവും വിട്ടു.

അതേസമയം മക്കയില്‍, ബദ്‌റില്‍ കുറയ്ഷ് നേരിട്ട അപരിഹാര്യമായ ആള്‍നാശത്തെക്കുറിച്ചും അഭിമാനക്ഷതത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുകയാണ് ബിലാലിന്റെ പഴയ യജമാനന്‍, ബദ്‌റില്‍ കൊല്ലപ്പെട്ട ഉമയ്യയുടെ മകൻ സഫ്‌വാനും അയാളുടെ പിതൃവ്യപുത്രന്‍ ഉമയ്‌റും. ഈ ഉമയ്‌റാണ് ബദ്‌റിനു മുന്നോടിയായി മുസ്‌ലിം സൈനികരുടെ എണ്ണം തിട്ടപ്പെടുത്താനായി സൈന്യത്തിന്റെ പിന്നാമ്പുറ സന്ദര്‍ശനം നടത്തിയത്. “അവരൊക്കെ മണ്ണിനടിയിലായല്ലൊ, ദൈവമാണ! ഇനി ജീവിതത്തില്‍ നല്ലതായൊന്നുമവശേഷിക്കുന്നില്ല,” സഫ്‌വാൻ പറഞ്ഞു.
“ഉം…” ഏതോ നഷ്ടസ്മൃതിയിൽ സ്വയം നഷ്ടപ്പെട്ടിരുന്ന ഉമയ്ര്‍ മൂളി. എന്തൊക്കെയായാലും, മുഹമ്മദിനോട് പ്രതികാരം ചെയ്യുന്ന കാര്യത്തിൽ സഫ്‌വാനെക്കാള്‍ ആത്മാര്‍ത്ഥതയുണ്ടയാൾക്ക്. അയാളുടെ മകന്‍ മുസ്‌ലിംകളുടെ പിടിത്തത്തിലാണല്ലോ ഉള്ളത്. എന്നാല്‍, കടംവന്ന് മൂടിയതിനാല്‍ മകനുവേണ്ടിയുള്ള മോചനദ്രവ്യം കണ്ടെത്താനയാള്‍ക്കാകുന്നില്ല. തന്റെ ജീവിതംകൊണ്ട് ഇനി വലിയ പ്രയോജനമൊന്നുമില്ലെന്നും അതിനി പൊതുനന്മക്കായി ഉഴിഞ്ഞുവെക്കുകയാണന്നും അയാൾ പ്രഖ്യാപിച്ചു. “കൊടുത്തുവീട്ടാവുന്നതിനപ്പുറമുള്ള ഋണബാധ്യതകളില്ലായിരുന്നുവെങ്കില്‍, ദുരിതത്തിലേക്കാണ്ടുപോകുന്ന എന്റെ കുടുംബത്തെക്കുറിച്ച വിചാരമില്ലായിരുന്നുവെങ്കില്‍ ഞാന്‍ ചെന്ന് മുഹമ്മദിന്റെ കഥകഴിച്ചേനെ.” അയാള്‍ പറഞ്ഞു. സഫ്‌വാൻ പിതൃവ്യപുത്രനെ നോക്കി, മനസ്സിൽ ലക്ഷം ക്ഷതമേറ്റവന്റെ പക അയാളുടെ കണ്ണുകളിൽ പുകയുന്നുണ്ട്.
“നിന്റെ കടം ഞാനേറ്റു,” സഫ്‌വാൻ തുടർന്നു, “നിന്റെ കുടുംബം എന്റേതായിരിക്കും, ആയുരന്തംവരെ അവര്‍ എന്റെ സംരക്ഷണത്തിലായിരിക്കും. എന്റെ കഴിവില്‍ പെട്ട സഹായം ലഭിക്കാത്തതുകൊണ്ട് അവര്‍ പ്രയാസപ്പെടില്ല.” സഫ്‌വാൻ ഉറപ്പുനൽകി.

ഉമയ്‌റിന് പിന്നീടൊന്നും ആലോചിക്കാനില്ലായിരുന്നു, അയാള്‍ക്ക് നൂറു സമ്മതം. എന്നാല്‍ ഇക്കാര്യം അവര്‍ക്കിടയിൽ മാത്രം നിൽക്കുന്ന വലിയ രഹസ്യമായിരിക്കും, മൂന്നാമതൊരാൾ അറിയാനിടവരരുത്. ദൗത്യം പൂര്‍ത്തിയാകുന്ന മുറക്ക് നാട്ടുകാരറിയട്ടെ. തുടര്‍ന്നയാള്‍ തന്റെ കരവാൾ മൂര്‍ച്ചകൂട്ടി, അതിന്റെ പാർശ്വരേഖകളിൽ വിഷം പുരട്ടി. മകന്റെ മോചനദ്രവ്യമെത്തിക്കാനെന്ന് തോന്നിച്ച്, പ്രതികാരത്താൽ ആർത്തിരമ്പുന്ന മനസ്സോടെ അയാൾ നേരെ യസ്‌രിബിലേക്കു വെച്ചുപിടിച്ചു.

(ചരിത്രത്തിന്റെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.