നബിചരിത്രത്തിന്റെ ഓരത്ത് -61

//നബിചരിത്രത്തിന്റെ ഓരത്ത് -61
//നബിചരിത്രത്തിന്റെ ഓരത്ത് -61
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -61

ചരിത്രാസ്വാദനം

ശേഷവിശേഷങ്ങൾ

മക്കയിലെയും പ്രാന്തത്തിലെയും മണൽത്തിട്ടക്കുമേൽ ശോകമൂകതയുടെ കരിമ്പടം വലിച്ചിട്ടുകൊണ്ട് ആ വൃത്താന്തമെത്തി. അവിശ്വസനീയതയുടെ മിന്നലും മുഴക്കവും പുരാതന നഗരത്തിന്റെ തെരുവുകൾ മുതൽ അകത്തളങ്ങൾവരെ വിറപ്പിച്ചു.

വടക്കുനിന്നുള്ള വിവരങ്ങൾക്കുവേണ്ടി ഉദ്വേഗപൂർവ്വം കാത്തിരുന്ന ദേശക്കാർക്ക് നടുവിലേക്ക് ദുരന്തവാർത്തയുടെ ആദ്യകമ്പനങ്ങൾ കടത്തിവിടുന്നത് ബദ്‌റിൽ നിന്നെത്തിയ ഖുസാഅ ഗോത്രജൻ ഹയ്സുമാൻ ആയിരുന്നു.
“എന്തുണ്ട് വൃത്താന്തങ്ങൾ?” ആകാംക്ഷയോടെ കഅ്ബയുടെ പരിസരത്ത് കൂടിനിന്ന ജനം ചോദിച്ചു.
“എന്തുണ്ടാകാൻ! റബീഅയുടെ മക്കളായ ഉത്ബയും ഷെയ്ബയും ഉത്ബയുടെ മകൻ വലീദും കൊല്ലപ്പെട്ടു.” അവിശ്വസനീയം! പിറകെ നല്ലത് കേൾക്കുമെന്ന പ്രതീക്ഷയിൽ ജനം കാതുകൂർപ്പിച്ചു. “അബുൽഹകം അംറ് ബിൻ ഹിഷാം കൊല്ലപ്പെട്ടു, ഉമയ്യ ബിൻ ഖലഫും കൊല്ലപ്പെട്ടു… കൊല്ലപ്പെട്ട നേതാക്കളുടെ പേരുകൾ വരുന്ന മുറക്ക് നിശ്ശബ്ദത കനം കൂടിവന്നു.
“നുണ! ആരെങ്കിലും വിശ്വസിക്കുമോ ഇത്?” മൂകതയുടെ ഹിമപാളി ഭേദിച്ച് ഉമയ്യയുടെ പുത്രൻ സഫ്‌വാന്റെ ശബ്ദം. “എനിക്കെന്തു പറ്റി എന്നുകൂടി ചോദിക്കൂ അയാളോട്,” ഹിജ്റിലിരുന്നുകൊണ്ട് അയാൾ പിറുപിറുത്തു. “ഉമയ്യയുടെ മകൻ സഫ്‌വാനെന്തു പറ്റി?” വിളിയാളവുമായി വന്നവൻ പറയുന്നത് കളവായെങ്കിലോ എന്ന പ്രതീക്ഷയിൽ ആരോ ഉറക്കെ വിളിച്ചുചോദിച്ചു.
“അയാളതാ ഹിജ്ർ ഇസ്മാഈലിലിരുന്ന് ഞാൻ കൊണ്ടുവന്ന വൃത്താന്തത്തിന് കാതോർക്കുന്നു.” ആപത് വൃത്താന്തങ്ങളുടെ ഭാണ്ഡക്കെട്ട് കുടഞ്ഞ് ഹയ്സുമാൻ പറഞ്ഞു. വിഷാദം കടുത്തു, വിലാപമുയർന്നു.

കൊച്ചു കൊച്ചു സംഘങ്ങളിലായി മടങ്ങിയിരുന്ന കുറയ്ഷികൾ ഒറ്റയും തെറ്റയുമായി, അപമാനത്താൽ താഴ്ന്ന തലയും കദനത്താൽ തൂങ്ങിയ ഹൃദയവുമായി നഗരാതിർത്തിയിൽ പ്രവേശിച്ചു; അവിടെ അവരെ സ്വീകരിക്കാനോ ആരവങ്ങളുയർത്താനോ ആരുമുണ്ടായിരുന്നില്ല. ആദ്യസംഘങ്ങളിലെത്തിയ ഒരാൾ അബ്ദുല്‍ മുത്തലിബിന്റെ പൗത്രന്‍ അബൂസുഫ്‌യാൻ ബിന്‍ ഹാരിസായിരുന്നു; പ്രവാചകന്റെ പിതൃസഹോദര പുത്രന്‍. ബാദിയയിൽ ഹലീമ സഅദിയ്യയുടെ മുലപ്പാൽ നുകർന്ന വകയിൽ മുഹമ്മദിന്റെ സഹോദരനും അതോടൊപ്പം കളിക്കൂട്ടുകാരനുമായിരുന്നു അയാൾ; മക്കയിലെ മുൻനിര കവിയും. പുതുമതത്തോടും കളിക്കൂട്ടുകാരനായ പിതൃസഹോദരപുത്രനോടുമുള്ള അബൂസുഫ്‌യാന്റെ കലി കവിതയായി പുറത്തുവന്നു. പ്രബോധനത്തിന്റെ തുടക്കത്തിൽ പ്രവാചകനെ ഏറ്റവും അത്ഭുതപ്പെടുത്തിയതും അബൂസുഫ്‌യാന്റെ അവിശ്വസനീയമായ ഈ ശാത്രവമായിരുന്നുവല്ലൊ. അയാളുടെ സഹോദരന്‍ നൗഫല്‍ പിതൃസഹോദന്‍ അബ്ബാസിനോടൊപ്പം തടവുകാരനായി മുസ്‌ലിംകളുടെ പിടിയിലാണിപ്പോഴുള്ളത്.

ബദ്‌റിലേറ്റ അപമാനം ശരിക്കും അയാളെ തളര്‍ത്തിയിരുന്നു. വഴിത്താര കാണാതായ മരുക്കാട്ടിലകപ്പെട്ടതുപോലെ അയാൾക്ക് തോന്നി. വീട്ടിൽ പോകുന്നതിനു പകരം നേരെ കഅ്ബയിലെത്തി. വിശുദ്ധഗേഹത്തെ പ്രദക്ഷിണം ചെയ്യുന്നത് പരിസരത്തുയർത്തിയ സംസം തമ്പിലിരുന്ന് എളാപ്പ അബൂലഹബ് കണ്ടു. ഹയ്സുമാൻ പ്രേഷണം ചെയ്ത ബദ്ർ വാർത്തയിൽ തകർന്നിരിക്കുകയായിരുന്നു അന്നേരമയാൾ. സഹോദര പുത്രനെ മാടിവിളിച്ചു, “വരൂ, പറയൂ, എന്തുണ്ടായി?” അബൂലഹബ് ചോദിച്ചു.

“ഇതിനപ്പുറം എന്തുണ്ടാകാൻ!” അയാള്‍ പ്രതിവചിച്ചു. അബൂസുഫ്‌യാൻ പറഞ്ഞു, “നാം ശത്രുവുമായി അഭിമുഖം നിന്നു, പിന്നെ നാമവർക്ക് പുറംകാണിച്ചുകൊടുത്തു. അവര്‍ നമ്മെ ഓടിച്ചു, തോന്നിയപോലെ നമ്മുടെയാളുകളെയവർ കൊന്നു, തോന്നിയപോലെ നമ്മുടെയാളുകളെയവർ ബന്ദികളാക്കി. നമ്മുടെയാളുകളെ ഞാന്‍ കുറ്റം പറയില്ല, കാരണം നമുക്കേറ്റുമുട്ടേണ്ടിയിരുന്നത് ശത്രുക്കളോട് മാത്രമായിരുന്നില്ല, കറുപ്പിലും വെളുപ്പിലുമുള്ള കുതിരകളുടെ പുറത്തേറി വാനഭൂമിക്കിടയിൽ പൊരുതിയ ശുഭ്രവസ്ത്രധാരികളോടു കൂടിയായിരുന്നു. അവരാരെയും വെറുതെവിട്ടില്ല, എതിരിൽ നമുക്കൊന്നും ചെയ്യാനുമായില്ല.

തമ്പിന്റെ മൂലയിലിരുന്ന് അബ്ബാസിന്റെ വീട്ടുകാരി ഉമ്മുല്‍ഫദ്ല്‍ എന്തോ ചെയ്യുന്നു, അടുത്തുതന്നെയിരുന്ന് അബ്ബാസിന്റെ അടിമ അബൂറാഫിഅ് അമ്പ് ചെത്തിയുണ്ടാക്കുകയാണ്. ഉമ്മുല്‍ഫദ്‌ലിനെപ്പോലെ അയാളും വിശ്വാസിയാണ്. എന്നാൽ, അക്കാര്യം അതീവ രഹസ്യവുമാണ്. വളരെക്കുറച്ചു പേര്‍ക്കു മാത്രമറിയാവുന്ന ഒരു രഹസ്യം; അബ്ബാസിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ലല്ലോ.
“അത് മലക്കുകളാണ്,”
അബൂസുഫ്‌യാന്റെ സംസാരം കേട്ടുകൊണ്ടിരുന്ന അബൂറാഫിഇന്റെയുള്ളിൽ നുരഞ്ഞ ആഹ്ലാദം അറിയാതെ പുറത്തുചാടി. തന്റെ വിശ്വാസം രഹസ്യമാണല്ലോ എന്ന യഥാർത്ഥ്യം നിമിഷനേരത്തേക്കയാള്‍ മറന്നുപോയി. അബൂലഹബിനത് അപമാനമായി, രക്തമിരച്ചുകേറി മുഖം ചുവന്നു. ക്രോധാവിഷ്ടനായി ചാടിയെണീറ്റു ചെന്ന് അബൂറാഫിഇന്റെ മുഖത്ത് ആഞ്ഞടിച്ചു, മുഖത്ത് മുറിവുപറ്റി, അയാള്‍ തിരിച്ചടിക്കാനോങ്ങി, മെല്ലിച്ച് ദുർബ്ബലഗാത്രനായിരുന്ന അബൂറാഫിഇനെ ഒറ്റയടിക്ക് തറയില്‍ തള്ളിയിടാന്‍ തടിയനായ അബൂലഹബിന് ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ. ഭാരിച്ച അയാളുടെ മുട്ടുകാല്‍ ശക്തിയിൽ അബൂറാഫിഇന്റെ ദുർബ്ബലമായ ശരീരത്തിലമര്‍ന്നു.

ദൃക്സാക്ഷിയായ ഉമ്മുല്‍ ഫദ്ല്‍ വല്ലാതായി. അവര്‍ നോക്കി, തമ്പിന് മുട്ടുകൊടുത്തിരുന്ന മരക്കഷ്ണം വാരിയെടുത്ത് ഓടിച്ചെന്ന് ഭര്‍തൃസഹോദന്റെ തലക്ക് ആങ്ങിയോങ്ങിയൊരടി. അയാളുടെ മണ്ടയിലെ തൊലി നീങ്ങി രക്തം പൊടിഞ്ഞു.
“അടിമയാണെന്നുവെച്ച് അവനെ എന്തും ചെയ്യാമെന്നാണോ വിചാരം?” അവര്‍ ചീറി. “അവന്റെ യജമാനന്‍ സ്ഥലത്തില്ലാത്തതിനാൽ സംരക്ഷിക്കാന്‍ ആരുമില്ലെന്ന് കരുതിയോ?”
സഹോദരപത്നിയുടെ ഓർക്കാപ്പുറത്തുള്ള അടിയേറ്റ് അപമാനിതനായി അയാൾ വീട്ടിലേക്ക് മടങ്ങി. ആ അപമാനത്തിൽ നിന്ന് അയാൾ പിന്നീട് കരേറിയതുമില്ല.

മദീനയുടെ അകത്തളങ്ങളിലേക്ക് ആഹ്ലാദത്തിന്റെ അലകളെറിഞ്ഞ് ബദ്‌റിൽനിന്നുള്ള വാർത്ത മദീനയിലെത്തി. വീണ്ടുമൊരു കൂടിച്ചേരല്‍ സാധ്യമാകാത്തവിധം ചിതറിപ്പോയിരുന്ന കുറയ്ഷി സേനക്ക് തിരിച്ചുവരാൻ സാധ്യമല്ലെന്നുറപ്പായപ്പോൾ മദീനയിൽ വിവരമെത്തിക്കാനായി റവാഹയുടെ പുത്രന്‍ അബ്ദുല്ലയെയും ഹാരിസയുടെ പുത്രൻ സെയ്ദിനെയും നബി അയച്ചിരുന്നു. അബ്ദുല്ലയും സെയ്ദും രണ്ട് ഭാഗങ്ങളിലൂടെ പ്രവാചകന്റെ നഗരത്തിൽ പ്രവേശിച്ചു. ജനങ്ങൾ ആഹ്ലാദപൂർവ്വം തെരുവുകളിലേക്കിറങ്ങി. വിശ്വാസത്തിന്റെ സമാനതകളില്ലാത്ത കരുത്തിനു മുമ്പിൽ സർവ്വസന്നാഹ സജ്ജരായി വന്ന കുറയ്ഷി സേന മുട്ടുമടക്കിയതെങ്ങനെയെന്നതിനെക്കുറിച്ചൊരു വാങ്‌മയചിത്രം അവർ നൽകി. പ്രതീക്ഷിച്ചിരുന്നതുപോലെ യസ്‌രിബിലെ യഹൂദരും പുറംമോടി വിശ്വാസികളും മാത്രം ഭഗ്നാശരും മ്ലാനരുമായി കാണപ്പെട്ടു.

സന്തോഷവാർത്ത പരത്തി കടന്നുവന്ന സെയ്ദിനെ കാത്തിരുന്നതൊരു ശോകവാർത്തയായിരുന്നു. പ്രിയങ്കരനായ പ്രവാചകന്റെ പ്രിയപുത്രി റുകയ്യ മരണമടഞ്ഞിരിക്കുന്നു. ഉസ്മാനും തന്റെ മകൻ ഉസാമയും അവരുടെ ഭൗതികശരീരം മറവുചെയ്ത് തിരിച്ചുവന്നതേയുള്ളൂ. ദുഃഖാർത്തരായ ഉറ്റജനങ്ങൾക്ക് സാന്ത്വനമോതി അവിടെനിന്നിറങ്ങിയ സെയ്ദിന് പ്രവാചകനേല്പിച്ച മറ്റുചില ഉത്തരവാദിത്വങ്ങൾക്കൂടി ചെയ്തുതീർക്കാനുണ്ട്. ബദ്‌റിൽ രക്തസാക്ഷികളായ ഔഫിന്റെയും മുഅവ്വിദിന്റെയും ഉമ്മ അഫ്‌റയെ പോയി കാണണം, മക്കളുടെ വീരമരണത്തെക്കുറിച്ച് അവർക്ക് വിവരംനൽകണം. ദുഃഖത്തിന്റെയും ആഹ്ലാദത്തിന്റെയും സമ്മിശ്രവികാരം അഫ്റയെ പരിരംഭണം ചെയ്തു. മക്കള്‍ മരണപ്പെട്ടു; എന്നാൽ ഉയര്‍ന്ന വിതാനത്തിലുള്ള രക്തസാക്ഷിത്വമായിരുന്നുവല്ലോ അത്; ധീരന്മാർക്ക് വിധിച്ച മരണം.

പ്രവാചകപത്നി സൗദ റുകയ്യയുടെ വീട്ടിൽ അനിയത്തിമാരായ ഉമ്മുകുൽസൂമിനും ഫാത്വിമക്കും കൂട്ടുനൽകി, ഉസ്മാനെ ആശ്വസ്തനാക്കി, ഇടക്ക് അഫ്റയുടെ വീട്ടിലുമെത്തി ദുഃഖത്തില്‍ പങ്കുചേര്‍ന്നു.

സെയ്ദ് അവിടന്നിറങ്ങി നേരെ മറ്റൊരു രക്തസാക്ഷി ഹാരിസ ബിൻ സുറാകയുടെ വീട്ടിലെത്തി. ധീരനായ മകന്റെ വീരമരണം അയാളുടെ മാതാവിനെ അറീക്കണം. യുദ്ധത്തിന്റെ പ്രാരംഭത്തിൽ മുസ്‌ലിംകൾ നിർമ്മിച്ച ജലസംഭരണിയില്‍നിന്ന് വെള്ളം കുടിച്ചുകൊണ്ടിരിക്കെ, ശത്രു തൊടുത്ത അമ്പ് തൊണ്ടയില്‍ തുളഞ്ഞ് മരണമടഞ്ഞ ഊര്‍ജ്ജസ്വലനും യുവാവുമായ ഹാരിസയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചൊരു ചെറുവിവരണം മാതാവിനയാൾ നൽകി.
ഏതാനും നാളുകള്‍ക്കു ശേഷമാണ് പ്രവാചകന്‍ മദീനയില്‍ തിരിച്ചെത്തിയശേഷം. ഹാരിസയുടെ മാതാവ് അദ്ദേഹത്തെ ചെന്നുകണ്ടു. വല്ലാതെ പരിഭ്രമിച്ചിരുന്നു ആ സാധു സ്ത്രീ. യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ മകന്‍ വധിക്കപ്പെട്ടിരുന്നോ, വധിക്കപ്പെടുന്നതിനു മുമ്പ് ഒരൊറ്റ വെട്ടെങ്കിലും നടത്താന്‍ അവന് സാവകാശം ലഭിച്ചിരുന്നില്ലേ, എന്നതൊക്കെയായിരുന്നു ആ മാതാവിന്റെ ആധിയേറ്റിയത്. “തിരുദൂതരേ, ഹാരിസയെക്കുറിച്ച് എനിക്കു പറഞ്ഞുതരിക, അവന്‍ സ്വര്‍ഗത്തിലാണോ, അതറിഞ്ഞാല്‍, ക്ഷമിച്ചും പ്രതിഫലമിച്ഛിച്ചും എനിക്ക് മുമ്പോട്ടുപോകാം. അതല്ലെങ്കില്‍, അവനുവേണ്ടിയുള്ള പ്രായശ്ചിത്തത്തിനായുള്ള വേദനാവിലാപങ്ങളിൽ കഴിയേണ്ടിവരും.” അവർ പ്രിയപ്രവാചകനോട് പറഞ്ഞു. മനുഷ്യന്റെ ഓരോ പ്രവൃത്തിയും അയാളുടെ ഉദ്ദേശ്യത്തിനനുസരിച്ചിരിക്കുമെന്ന് നബി നേരത്തേ അനുചരന്മാരെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സാത്വികയും നിസ്വയുമായ ആ സ്ത്രീക്ക് നബി ഇപ്രകാരം ഉറപ്പുനല്‍കി. “ഹാരിസയുടെ മാതാവേ, സ്വര്‍ഗ്ഗത്തില്‍ നിരവധി വനികകളുണ്ടെന്നറിയുക, താങ്കളുടെ മകന്‍ അതിലേറ്റവും ഉന്നതവിതാനത്തിലുള്ള പറുദീസ നേടിക്കഴിഞ്ഞു; അതുതന്നെ-ഫിര്‍ദൗസ്.

ചിതറിയ കുറയ്ഷി സേനക്കു മുമ്പിൽ ഇനിയൊരു പുനസ്സംഘടനക്കുള്ള സാധ്യത അസ്തമിച്ചെന്ന് ഉറപ്പിക്കുന്നതുവരെ പ്രവാചകൻ സൈനികരോടൊപ്പം ബദ്‌റില്‍തന്നെ തങ്ങി. ചരിത്രത്തില്‍ തുല്യതയില്ലാത്ത ബദ്ർ വിജയം വിശ്വാസികൾക്കേകിയ ആഹ്ലാദവും ആത്മവീര്യവും, സംഘബോധവും സാഹോദര്യവും തമ്പുരാനേ, സ്ഫടികഫലകം കണക്കെ തകർന്നു നുറുങ്ങുകയാണോ? അങ്ങനെയനുമാനിക്കാവുന്ന ചില അപശബ്ദങ്ങൾ അവരുടെ തമ്പുകളിൽനിന്നുയർന്നു പൊങ്ങി. രാവ് മരുഭൂമിക്കുമേൽ കരിമ്പടം വലിച്ചിട്ടതോടെ അനൈക്യത്തിന്റെ കരിന്തേൾ ആ തമ്പുകളിലേക്കരിച്ചെത്തി. യുദ്ധാനന്തരം ശത്രുക്കളില്‍നിന്ന് പിടിച്ചെടുത്തതും വീണുകിട്ടിയതുമായ വസ്തുക്കളുടെ വീതംവെപ്പ് സംബന്ധിച്ച വക്കാണം മൂത്ത് മൂത്ത് വന്നു. യുദ്ധക്കളത്തിൽ നിന്ന് അവ ശേഖരിച്ചവർ പറഞ്ഞു, “ഞങ്ങളാണത് ശേഖരിച്ചത്. അതിനാൽ ഞങ്ങൾക്കുളളതാണത്. ശത്രുക്കൾ പരാജയപ്പെടുവോളം അവരെ നേരിട്ടുകൊണ്ടിരുന്നവർ പറഞ്ഞു, “ഞങ്ങളല്ലേ ആ മുതലിന് കൂടുതലർഹർ, ഞങ്ങളില്ലായിരുന്നെങ്കിൽ നിങ്ങൾക്കത് ലഭിക്കുമായിരുന്നില്ലല്ലോ.” യുദ്ധത്തിനിടെ പ്രവാചകനു ചുറ്റും സംരക്ഷണവലയം തീർത്തവർ പറഞ്ഞു, “ഇരുകൂട്ടർക്കുമെന്തവകാശം, ശത്രുക്കളെ വകവരുത്താനും സ്വത്ത് പിടിച്ചെടുക്കാനും ഞങ്ങൾക്ക് കഴിയുമായിരുന്നുവല്ലോ, പ്രവാചകന്റെ സംരക്ഷണച്ചുമതല ഞങ്ങൾക്കേറ്റെടുക്കേണ്ടിവന്നതുകൊണ്ടല്ലേ അതിനു കഴിയാതെ പോയത്” അങ്ങനെയങ്ങനെ തർക്കങ്ങളാൽ ബഹളമയമായി ആ രാവിന്റെ തുടക്കം.

പ്രവാചകന്റെ ചെവിയിലെത്തുന്നതുവരെ മാത്രമേ വക്കാണങ്ങൾക്കും ബഹളങ്ങൾക്കും ആയുസ്സുണ്ടായുള്ളൂ. വാർത്ത ശ്രവിച്ചതും മുഹമ്മദിലെ നേതൃശേഷിയുണര്‍ന്നു. രണാർജ്ജിതസ്വത്ത് യുദ്ധത്തില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കുമിടയില്‍ തുല്യമായി വീതംവെക്കുമെന്ന് സന്ദിഗ്ധതയവശേഷിപ്പിക്കാതെയദ്ദേഹം വ്യക്തമാക്കി, വൈകാതെ ആകാശത്തുനിന്ന് ദൂതുമായി ജിബ്റാഈല്‍ മാലാഖ വന്നണഞ്ഞു:
“രണാർജ്ജിതസ്വത്തിനെക്കുറിച്ചവർ താങ്കളോടാരായുന്നു, പറഞ്ഞേക്കുക രണാർജ്ജിതസ്വത്തുക്കൾ അല്ലാഹുവിനും ദൂതനുമുള്ളതാകുന്നു. അല്ലാഹുവിനോടുള്ള ഭക്തി സൂക്ഷിക്കുക, നിങ്ങൾക്കിടയിലെ അന്യോന്യബന്ധം നന്നാക്കിയെടുക്കുക.” ബന്ദികളടക്കം യുദ്ധത്തില്‍ പിടിച്ചെടുക്കപ്പെട്ട മുഴുവന്‍ ഒരു സ്ഥലത്ത് കൂട്ടിയിടാന്‍ പ്രവാചകന്‍ കല്പിച്ചു. അവയൊന്നും ഇനി ഒരാളുടെ സ്വകാര്യസ്വത്തല്ല. നബിയുടെ കല്പന ഉടനടി പ്രാബല്യത്തില്‍ വരികയും വിജയത്തിന്റെ ആഹ്ലാദം തമ്പുകളില്‍ തിരിച്ചെത്തുകയും വിശ്വാസികൾ അല്ലാഹുവിനെ സ്തുതിക്കുകയും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു.

പ്രവാചകനുമായി നേര്‍ക്കുനേര്‍ നിന്ന മക്കയിലെ കുറയ്ഷി നേതാക്കളില്‍ നല്ലൊരു പങ്കും യുദ്ധത്തില്‍ മരണമടഞ്ഞു. കനത്ത നഷ്ടത്തിൽ കുറയ്ഷ് വിലപിച്ചാർത്തു. അവശേഷിക്കുന്ന കുറയ്ഷി പ്രമുഖരിൽ വരേണ്യതകൊണ്ട് രണ്ടാം സ്ഥാനക്കാരൻ സുഹയ്ൽ ബിൻ അംറ് അടക്കം പലരും ബന്ദികളായി. ബന്ധുത്വം കൊണ്ട് പ്രവാചകനോട് ഏറ്റവും അടുത്തുനിന്നവരും കൂട്ടത്തിലുണ്ട്. പിതൃസഹോദരന്‍ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബുണ്ട്, പ്രവാചകന്റെ പുത്രി സെയ്‌നബിന്റെ ഭര്‍ത്താവ് അബുല്‍ ആസുണ്ട്, പിതൃസഹോദര പുത്രന്മാരായ അകീലും നൗഫലും കൂട്ടത്തിലുണ്ട്.

എല്ലാ ബന്ദികളും മാന്യമായി പരിചരിക്കപ്പെടണമെന്ന് പ്രവാചകന്‍ പൊതുവായൊരു കല്പന പുറപ്പെടുവിച്ചു. തടവറകൾ നിലവിലില്ലാത്ത കാലത്ത് ചങ്ങലയില്‍ ബന്ധിക്കുകയല്ലാതെ പോംവഴികളില്ല. കനത്ത ചങ്ങലയില്‍ ഞെരുങ്ങുന്ന പ്രിയങ്കരനായ പിതൃസഹോദനെക്കുറിച്ചുള്ള ആധിയിൽ പ്രവാചകന്റെ കണ്ണുകളെ തഴുകാതെ ആ രാത്രിയിലെ ഉറക്കം മാറിനടന്നു. തിരിയുകയും മറിയുകയും ചെയ്യുമ്പോള്‍ വേദനിപ്പിച്ചും കൈകാലുകളില്‍ മുറിവേല്‍പ്പിച്ചും കലപിലകൂട്ടുന്ന ചങ്ങലക്കണ്ണികളില്‍ അസ്വസ്ഥനാകുന്ന അബ്ബാസിന്റെ അടക്കിയ രോദനം പ്രവാചകന്റെ ചെവിയില്‍ പുഴുപോലെ പറ്റിക്കിടന്നു. തന്റെ സുരക്ഷയെക്കുറിച്ചുള്ള ഉൽക്കണ്ഠയിൽ അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബിന്റെ പൂർവ്വകാലത്തെ എത്രയെത്ര രാവുകളാണ് നിദ്രാവിഹീനമായതെന്ന് അല്ലാഹുവിനേ അറിയൂ. അബൂതാലിബ് ചെരുവിലെ ഒറ്റപ്പെടലിൽ കൂടെ നിന്നതു തൊട്ട് അകബയിൽവെച്ച് യസ്‌രിബിൽനിന്നുള്ള സംഘത്തോട് തന്റെ സുരക്ഷ ഉറപ്പാക്കിയത്… എല്ലാമപ്പോൾ പ്രവാചകന്റെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകണം. പായവിട്ടെഴുന്നേറ്റ് ചെന്ന് എളാപ്പയുടെ ചങ്ങലയുടെ മുറുക്കം അയച്ചിടാന്‍ അനുചരരോട് നബി കല്‍പ്പിച്ചു.

എല്ലാ ബന്ദികളുടെയും ബന്ധുക്കളില്‍ നിന്ന് ഈ പരിഗണന അവര്‍ക്കു ലഭിക്കുകയുണ്ടായില്ല. മുസ്അബ് ബിന്‍ ഉമയ്ര്‍ ഇതിനിടെ തടവുകാരനായി പിടിക്കപ്പെട്ട സ്വന്തം സഹോദരന്‍ അബൂഅസീസിനെ കടന്നുപോയി. അയാളെ ബന്ദിയായിപ്പിടിച്ച അന്‍സാരി അവിടെയിരിപ്പുണ്ട്, “അവന്റെ കയ്യിലെ ചങ്ങല നന്നായി മുറുകിക്കോട്ടെ, അവന്റെ ഉമ്മ സമ്പന്നയാണ്. അവര്‍ നിങ്ങള്‍ക്ക് മോചനദ്രവ്യം തന്നോളും.” മിസ്അബ് പറഞ്ഞു. “ഇങ്ങനെയാണോ ഒരാൾ തന്റെ സഹോദരനെക്കുറിച്ച് മറ്റുള്ളവരോട് പറയേണ്ടത്?” അയാള്‍ സഹോദരനോട് ചോദിച്ചു. അന്‍സാരിയില്‍ നിന്ന് തനിക്ക് ലഭിച്ച നല്ല പെരുമാറ്റം അബൂഅസീസ് പില്‍ക്കാല കഥാകഥനങ്ങളില്‍ എടുത്തുപറയുമായിരുന്നു.

പിറ്റേന്ന് രാവിലെ മുസ്‌ലിംകൾ, ബന്ദികളടക്കം ബദ്ര്‍ വിട്ടു. ബന്ദികളില്‍ രണ്ട് പേരുടെ ബന്ധുക്കൾക്ക് ചോദിച്ച നാലായിരം ദിർഹമിന്റെ മോചനദ്രവ്യം നല്‍കാനുള്ള ശേഷിയൊക്കെയുണ്ട്. അബ്ദുദ്ദാറിലെ നദ്‌റ് ബിന്‍ അൽഹാരിസിന്റെയും അബ്ദുശംസിലെ ഉക്ബ ബിൻ അബുൽ മുഅയ്ത്തിന്റെയും കാര്യമാണ് പറഞ്ഞത്. പക്ഷേയവർ, ഇസ്‌ലാമിന്റെ കൊടിയ രണ്ട് ശത്രുക്കളാണ്. അവരെ മോചനദ്രവ്യം സ്വീകരിച്ച് വിട്ടയച്ചാല്‍ പൂര്‍വ്വാധികം ശക്തിയോടെ വിശ്വാസത്തിനും വിശ്വാസികൾക്കുമെതിരിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചുകൊണ്ടിരിക്കും. ഇരുവരുടെയും മുഖത്ത് നബി മാറി മാറി നോക്കി. മനംമാറ്റത്തിന്റെ യാതൊരു ലക്ഷണവും അവിടെ പ്രകടമാകുന്നില്ല. വാക്കുകളിൽ തെളിഞ്ഞ പശ്ചാത്താപമൊന്നും ആ മുഖങ്ങളിലുണ്ടായിരുന്നില്ല. അവരെ വെറുതെ വിടുന്നത് അല്ലാഹുവിന്റെ തീരുമാനത്തിനനുസൃതമാകില്ല എന്നദ്ദേഹത്തിന് വൈകാതെ ബോധ്യമാവുകയും ചെയ്തു. ഒന്നാമത്തെ വിശ്രമസങ്കേതത്തില്‍ വെച്ച് നദ്‌റിനെ വധിച്ചുകളയാന്‍ പ്രവാചകന്‍ ഉത്തരവായി. അടുത്ത കേന്ദ്രത്തില്‍ വെച്ച് ഉക്ബയും വധിക്കപ്പെട്ടു. ബാക്കി ബന്ദികളും രണാര്‍ജ്ജിതസ്വത്തും ബദ്‌റിൽ പങ്കെടുത്ത മുഴുവന്‍ വിശ്വാസികള്‍ക്കുമിടയില്‍ തുല്യമായി നബി വീതംവെച്ചു; അഭിരാമമായ നീതിബോധത്തിന്റെ തീർപ്പുകൾ.

ബദ്‌റിൽനിന്ന് നബി മദീനയിലെത്തിയതിന്റെ ഏതാനും ദിവസങ്ങൾക്കുള്ളിൽ മക്കയിൽനിന്ന് വാർത്ത വന്നു. അബൂലഹബ് മരണപ്പെട്ടിരിക്കുന്നു. ഉമ്മുൽഫദ്ലിന്റെ അടിയേറ്റ് തലമണ്ട മുറിഞ്ഞ് രക്തം പൊടിഞ്ഞ് വീട്ടിലെത്തിയതുമുതൽ പനി തുടങ്ങിയത്രെ! ശരീരം മുഴുവന്‍ കുമിളകള്‍ പൊന്തി, വ്രണങ്ങളായി, അതവസാനം അയാളുടെ മരണത്തിലെത്തിക്കുകയും ചെയ്തു. സ്വന്തം മക്കൾപോലും ജഡത്തിനരികിൽ വരികയോ സംസ്കരിക്കാൻ ശ്രമിക്കുകയോ ചെയ്തില്ലത്രെ! അനുനിമിഷം അളിഞ്ഞുകൊണ്ടിരുന്ന ജഡം, വിമർശനം ഭയന്ന്, തൊട്ടടുത്തൊരു കുഴിയെടുത്ത് അതിലേക്ക് വടികളുപയോഗിച്ച് തള്ളുകയായിരുന്നുവത്രെ!!

അബൂലഹബിന്റെ ശ്മശാനലേഖത്തിൽ കാലം ഇങ്ങനെ കുറിച്ചുകാണണം:
“ഒരു പുരുഷായുസ്സ് മുഴുവൻ ഇടതടവില്ലാതെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ദ്രോഹിക്കാൻ ചെലവഴിച്ച് അഭിശപ്തനായി അബൂലഹബ് എല്ലാ കണക്കുകളും തീർപ്പാക്കുന്ന മഹാവിചാരണ കാത്ത് ഈ കുഴിമാടത്തിൽ കിടക്കുന്നു.”

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.