
വേർപ്പാട്
സ്വന്തം കൈക്ക് പുനര്‍ജ്ജനി നേടിയ സംസമിന് ചാരെ മക്കളൊരുക്കിയ ഇരിപ്പിടത്തില്‍ അബ്ദുല്‍ മുത്തലിബ് ഇരുന്നു. ആകർഷകമായ കരചലനങ്ങളോടെ അദ്ദേഹം മക്കളെ തന്റെ അരികിലിരിക്കാന്‍ ക്ഷണിച്ചു. അവര്‍ ചുറ്റുമിരുന്നു. പുലരിത്തുടിപ്പിന്റെ മുഗ്ധതയില്‍ അവര്‍ പിതാവുമായി സംസാരത്തിലേര്‍പ്പെട്ടു. അബ്ദുല്ലയെ പ്രതീക്ഷിച്ചിരിക്കുകയാണവർ.
”ഇതുവരെ വന്നില്ലല്ലോ. പ്രഭാത മയക്കത്തിന്റെ കാര്യത്തില്‍ ഒരു വീഴ്ചയും ചങ്ങാതി വരുത്തിയതായി ഞങ്ങള്‍ക്കോര്‍മ്മയില്ല,” കുസൃതിച്ചിരിയോടെ അവരിലൊരാള്‍ പറഞ്ഞു. വയോധികന്‍ ചിരിച്ചു. അടുത്തനിമിഷം ഗൗരവം വിളിച്ചുവരുത്തി മകനുവേണ്ടി സ്‌നേഹത്തിന്റെ കവചം തീര്‍ത്തു, ”മതി മതി. നിങ്ങളാരും അക്കാര്യത്തില്‍ മോശക്കാരല്ല.”
പിന്നീടവര്‍ സംസാരിച്ചത് മക്കയില്‍ നിന്ന് ശാമിലേക്ക് ഉടനെ പുറപ്പെടാനിരിക്കുന്ന കാഫിലയെക്കുറിച്ചാണ്. മക്കയിലെ ധനാഢ്യരായ വണിക്കുകള്‍ എങ്ങനെയൊക്കെയാണ് ഈ യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതെന്നവർ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെ, പ്രസന്നവദനനായി, ആത്മവിശ്വാസം വിളിച്ചോതുന്ന കാല്‍വെപ്പുകളോടെ അബ്ദുല്ല വന്നെത്തി. പിതാവിനേയും സഹോദരങ്ങളേയും അഭിവാദ്യം ചെയ്തു. പിതൃസഹജമായ വാത്സല്യത്തോടെ വയോധികന്‍ മകനോട് ഇരിക്കാനായി ആംഗ്യം കാണിച്ചു.
സംസാരം തുടർന്നു. ഇടയ്ക്ക് വയോധികന്‍ അബ്ദുല്ലക്കു നേരെ തിരിഞ്ഞു. അനന്തകാലങ്ങള്‍ക്കകലെ നിന്നെന്നവണ്ണം അദ്ദേഹത്തിന്റെ ശബ്ദം പുറത്തുവന്നു, ”മകനേ, ജീവതത്തിന്റെ സുഖവും ആലസ്യവുമായിരുന്നു നിനക്കെന്നും പഥ്യം. ജീവിതത്തിലെ സുഖം സ്വപ്നം കാണാത്തവരായി ആരുമില്ല. ഞങ്ങളെല്ലാം അങ്ങനെതന്നെ. കൂട്ടുകുടുംബങ്ങളോടൊപ്പം എന്നും എപ്പോഴും കഴിഞ്ഞുകൂടണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. കഴിവതും അങ്ങനെതന്നെയാകാൻ ശ്രദ്ധിക്കാറുമുണ്ട്. എന്നാൽ, നിരങ്കുശം കടന്നുപോയിക്കൊണ്ടിരിക്കുന്ന കാലം ഉറങ്ങുന്നവനെ ഉണര്‍ത്തും, മറന്നവനെ ഓര്‍മപ്പെടുത്തും. കാലം നിർദ്ദാക്ഷിണ്യം കുലുക്കിയുണര്‍ത്തുന്നതിന് മുമ്പ് ഞാന്‍ തന്നെ എന്റെ മകനെ ഉണര്‍ത്തുന്നതാണെനിക്കിഷ്ടം. എന്നും സുഖാഡംബരങ്ങളില്‍ വഴുതിയൊഴുകുന്നതിനെക്കാള്‍ ജീവിതം ആസ്വാദ്യമായിരിക്കുക സന്തോഷവും സുഖവും ക്ലേശവും ദുഃഖവുമെല്ലാം ഇടകലര്‍ന്നുവരുമ്പോഴാണ്. പിൽക്കാലം
അത്യാഹ്ളാദമനുഭവിക്കാനായി ഇപ്പോള്‍ പ്രയാസങ്ങള്‍ ഏറ്റെടുക്കുക.
കുറയ്ഷികളൊരുമിച്ചുള്ള യാത്ര പ്രയാസമേറിയ പ്രശ്‌നങ്ങളും സങ്കീര്‍ണമായ സന്ദര്‍ഭങ്ങളും തരണം ചെയ്യാന്‍ നിന്നെ പ്രാപ്തനാക്കും, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്ക് അവസരം ലഭിക്കും. നാട്ടില്‍തന്നെ ചടഞ്ഞുകൂടുമ്പോഴുണ്ടാകുന്ന വിരസതക്ക് ശമനമാകും. വീട്ടുകാരെ വിട്ടു പോകുമ്പോള്‍ നിനക്ക് വിഷമമുണ്ടാകുമെന്നെനിക്ക് നന്നായറിയാം. എന്നാല്‍, ആ വേര്‍പാടിന്റെ കൈപ്പ് വൈകാതെ സമാഗമത്തിന്റെ മധുരം നല്‍കും. അരികെ കുടുംബത്തോടൊപ്പം കഴിയുമ്പോഴുണ്ടാകുന്ന ആഹ്ളാദം ദൂരെ അവരെക്കുറിച്ചുള്ള ഓര്‍മകള്‍ വന്നെത്തുമ്പോഴുമുണ്ടാവും. പുനസ്സമാഗമത്തിന്റെ ദിനം മനസ്സിന്റെ വരണ്ട ഭൂമിയെ വീണ്ടും പച്ചപ്പട്ടുടുപ്പിക്കും. അതിനാൽ, മകനേ, യാത്രക്ക് തയ്യാറാവുക. സമപ്രായക്കാരായ കുറയ്ഷി ചെറുപ്പക്കാര്‍ക്ക് തോളൊപ്പം നില്‍ക്കാവുന്ന ധനാഢ്യനാകാന്‍ നോക്കുക. ഞാനും നിന്റെ സഹോദരങ്ങളും മാസങ്ങളെടുത്ത് ശേഖരിച്ച ചരക്കുകള്‍ ഞങ്ങള്‍ക്കു വേണ്ടി റോമാരാജ്യത്തേക്ക് കൊണ്ടുപോവുകയും അവിടെ നീ ഞങ്ങള്‍ക്കുവേണ്ടി അവ കച്ചവടം നടത്തുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ലാഭം നമുക്ക് വീതിച്ചെടുക്കാം.
നിന്റെ പത്നീ ഭവനങ്ങളില്‍ ചെന്ന് ചരക്കുകള്‍ സ്വീകരിച്ച് അവര്‍ക്കുവേണ്ടിയും നീ കച്ചവടം ചെയ്യണം എന്നാണെന്റെ അഭിപ്രായം. ബനൂസുഹ്‌റ അതിന് സന്നദ്ധമാകാതിരിക്കില്ല. ശൂന്യമായ കരങ്ങളുമായാണ് നീ പോകുന്നതെന്നെനിക്ക് തോന്നുന്നില്ല. എന്റെ കുട്ടീ, ഞങ്ങളെല്ലാം ഒരിക്കല്‍ ശാമിലേക്കും മറ്റൊരിക്കല്‍ യമനിലേക്കും വീണ്ടുമൊരിക്കല്‍ ഇറാകിലേക്കും മാറിമാറി നിരന്തരം യാത്ര ചെയ്തിട്ടുളളവരാണ്. മിസ്‌റ് ദേശം വരെ കച്ചവടവുമായി കടന്നുചെന്നിട്ടുണ്ട് ഞങ്ങളിൽ ചിലർ. മറ്റു ചിലര്‍ കടലും കടന്ന് അബീസീനിയ വരെ ചെന്നെത്തി. പക്ഷേ, നീ അവിടങ്ങളിലൊന്നും ഇപ്പോള്‍ പോകേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. അത്രയും കാലം വീട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ നിനക്കീ സാഹചര്യത്തില്‍ പ്രയാസമായിരിക്കും. ദൈര്‍ഘ്യമേറിയ യാത്രകളും അനുസ്യൂതമായ സഞ്ചാരവും കാലം പിന്നീടൊരു ഘട്ടത്തിൽ നിനക്ക് സമ്മാനിക്കും. പോവുക, കുടുംബത്തില്‍ ചെന്ന് നിന്റെ വീട്ടുകാരിയെ ഈ വേര്‍പാടിനുവേണ്ടി സജ്ജയാക്കുക. ആമിന സന്തോഷപൂര്‍വം ഈ നിര്‍ദേശം
സ്വീകരിക്കുമെന്നോ, അതില്‍ അതീവ സംതൃപ്തയായിരിക്കുമെന്നോ ഞാന്‍ കരുതുന്നില്ല.”
അബ്ദുല്‍ മുത്തലിബിന്റെ വാക്കുകള്‍ സശ്രദ്ധം അബ്ദുല്ല കേട്ടുകൊണ്ടിരുന്നു. പിതാവിന്റെ വഴിഞ്ഞൊഴുകിയ വാത്സല്യം മകനെ കീഴടക്കിക്കഴിഞ്ഞിരുന്നു. തര്‍ക്കത്തിനും നിരാസത്തിനും ഇടമില്ല. അനുസരണയുടെയും കാര്യഭാരത്തിന്റെയും അടയാളങ്ങള്‍ അയാളുടെ മുഖത്ത് തെളിഞ്ഞുവന്നു. പിതാവ് തന്റെ സുദീര്‍ഘമായ വര്‍ത്തമാനം നിര്‍ത്തിയിട്ട് നേരമേറെയായെങ്കിലും അയാൾ മൗനിയായി ഇരുന്നതേയുള്ളൂ. എന്തോ പറയാനാഞ്ഞു, പക്ഷേ, അത് പുറത്തു വന്നതുമില്ല. എഴുന്നേറ്റ് അപ്പുറവും ഇപ്പുറവും നോക്കാതെ അസ്ത്രം കണക്കെ നേരെ നടന്നു.
മുഖം കരിക്കുന്ന സൂര്യരശ്മികള്‍ യുവാവിനെ ഗാഢമായ ചിന്തയില്‍ നിന്നുണര്‍ത്തിയില്ല. നടന്നു നടന്ന് ബനൂഹാഷിമിന്റെ ഭവനങ്ങളിലെത്തിയെങ്കിലും അയാൾ അതറിഞ്ഞതേയില്ല. ഒന്നിനും ചെവികൊടുത്തില്ല. ഒന്നും കണ്‍പാര്‍ത്തതുമില്ല. എന്നാല്‍ മൂത്തമ്മ സംറായുടെ വിളി അയാളെ ഉണര്‍ത്തുക തന്നെ ചെയ്തു.
”അബ്ദുല്ലാ, എങ്ങോട്ടു പോകുന്നു?”- കഴിയുന്നത്ര ഉറക്കെ അവര്‍ പിന്നില്‍ നിന്നു വിളിച്ചു.
ഇന്നേരം ഈ വഴി താന്‍ എങ്ങോട്ടാണെന്നോ? എങ്കിലും തിരിഞ്ഞുനോക്കി. ദൂരെ നിന്ന് വേഗം നടന്ന് സംറാ അടുത്തെത്തിക്കഴിഞ്ഞിരുന്നു. അവര്‍ ഒപ്പമെത്താന്‍ വേണ്ടി അബ്ദുല്ല തെല്ലിട കാത്തുനിന്നു. ഇയ്യിടെയായി, വിഷാദമാണ് അവരുടെ സ്ഥിരഭാവമെങ്കിലും ഇന്ന് മുഖം കൂടുതല്‍ മ്ലാനമാണെന്ന് തോന്നി.
“മൂത്തമ്മ എങ്ങോട്ട് പോകുന്നു?” – സംറ അടുത്തെയപ്പോൾ അബ്ദുല്ല ചോദിച്ചു.
“ഞാൻ നിന്റെ ഉമ്മയെക്കാണാൻ പോകുന്നു. യൗവനയുക്തയായ പുതിയ കളത്രം വന്നതോടെ ഫാത്വിമയുടെ വീട്ടിലേക്കുള്ള സന്ദർശ്നം നിങ്ങളുടെ പിതാവ് ഏതാണ്ട് നിർത്തിയ മട്ടാണ്. കൊല്ലങ്ങൾക്ക് മുമ്പ് ഞാനനുഭവിച്ച തിരസ്കാരത്തിന്റെ കടുത്ത നൊമ്പരം അവളിപ്പോൾ അനുഭവിക്കുന്നു. അവൾക്ക് കൂട്ടും സാന്ത്വനവുമായി മിക്ക ദിവസങ്ങളിലും ഞാൻ അവിടെ പോകാറുണ്ട്” – സംറ പറഞ്ഞുകൊണ്ടിരുന്നു, അര്‍ധസ്മിതനായി അബ്ദുല്ല കേട്ടുകൊണ്ടിരുന്നു. ”അല്ല, നീ ഇതെങ്ങോട്ടാ, ആമിനയുടെ വീട്ടിലേക്കോ? ഉച്ച തിരിഞ്ഞില്ലല്ലോ”
”അതെ, ഞാനിപ്പോള്‍ വരുന്നത് ഉപ്പയുടെയും സഹോദരങ്ങളുടെയും അടുത്തു നിന്നാണ്. മക്കയില്‍ നിന്ന് പുറപ്പെടാനിരിക്കുന്ന കാഫിലയോടൊപ്പം പോകാനായി എന്നോടാവശ്യപ്പെട്ടിരിക്കുകയാണദ്ദേഹം. എനിക്ക് അതിന് തയ്യാറാകേണ്ടതുണ്ട്; ആമിനയെ തയ്യാറാക്കേണ്ടതുണ്ട്. അത് വല്ലാത്തൊരു വേര്‍പാടായിരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.”
”അതിനെക്കുറിച്ച് നീ വേവലാതിപ്പെടേണ്ടതില്ല”- തനിക്ക് പിറക്കാതെ പോയ മകന്റെ തോളില്‍ കൈവെച്ച് അവർ പറഞ്ഞു.”നീ കുറയ്ഷിയാണെങ്കില്‍ അവളും ഒരു കുറയ്ഷി. സംഭവങ്ങള്‍ നിറഞ്ഞ തന്റെ വരുംകാലങ്ങള്‍ക്കു വേണ്ടി മനസ്സിനെ എന്നേ അവൾ സജ്ജമാക്കിയിട്ടുണ്ടാകും. നിന്റെ പിതാവ് ആഗ്രഹിക്കുന്ന അളവിൽ സംതൃപ്തയായി അവളെ നീ കാണും. നടന്നു നടന്ന് ഇരുവരും ഫാത്വിമയുടെ വീടെത്തി. സംറ അങ്ങോട്ടു കയറി. അബ്ദുല്ല നേരെ നടന്നു.
ചന്ദ്രമുഖിയായി ആമിന ഭര്‍ത്താവിനെ സ്വാഗതം ചെയ്തു. പെട്ടെന്നുതന്നെ മടങ്ങിയെത്താനുള്ള കാരണം അവള്‍ അന്വേഷിച്ചില്ല. എന്നാല്‍ പതിവില്ലാത്ത വിഷമം ഭര്‍ത്താവിന്റെ മുഖത്ത് വായിച്ചെടുക്കാന്‍ ബുദ്ധിമതിയായ ആമിനക്ക് പ്രയാസമുണ്ടായില്ല. അബ്ദുല്ല സംസാരിച്ചു തുടങ്ങി. ”ആമിനാ, പ്രസാദവദനനായി മാത്രമേ നിന്നെ ഞാന്‍ കാണൂ എന്ന എന്റെ ദാർഢ്യം ഇന്ന് ദുര്‍ബലമാകുന്നു. അല്ലെങ്കിലും നിത്യപ്രസാദം കുറയ്ഷി യുവാക്കള്‍ക്ക് പറഞ്ഞതല്ലെന്ന് നിനക്കറിയാമല്ലോ. കാലത്തിലെന്നപോലെ ജീവിതത്തിലും ഋതുക്കള്‍ മാറി മാറി വരും. അപ്പോള്‍…”
“അപ്പോള്‍… നിങ്ങള്‍ കച്ചവടത്തിന് പോകുന്നു.” ആമിന പൂരിപ്പിച്ചു. ഉപ്പയും സഹോദരങ്ങളും അങ്ങനെ തീരുമാനിച്ചുവല്ലേ.”കണ്‍കോണുകളില്‍ ഓരോ നീർതുള്ളികൾ അടര്‍ന്നുവീഴാന്‍ പാകത്തില്‍ കാത്തുനിന്നു. അടുത്ത നിമിഷം എന്തോ ഓര്‍മ വന്നിട്ടെന്ന പോലെ, അവള്‍ പണിപ്പെട്ട് പുഞ്ചിരി ചുണ്ടുകളിലെത്തിച്ചു. എന്നിട്ട് തുടര്‍ന്നു, ”കുറയ്ഷി പുരുഷന്മാരുടെ മുമ്പിൽ നീണ്ട യാത്രകളല്ലാതെ മറ്റെന്ത് തെരഞ്ഞെടുപ്പാണുള്ളത് കുറയ്ഷികളുടെ പ്രതാപവും സമ്പത്തും ആഭിജാത്യവും വന്നണഞ്ഞത് അവരുടെ കൂട്ടത്തിലെ പുരുഷന്മാരുടെ അധ്വാനത്തിലൂടെയും പെണ്ണുങ്ങളുടെ സഹനത്തിലൂടെയുമാണല്ലോ. അബ്ദുല്‍ മുത്തലിബിന്റെ മകന്‍ അബ്ദുല്ലയും വഹബിന്റെ മകള്‍ ആമിനയും മാത്രം അതില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്നില്ല. ഒഴിഞ്ഞു നില്‍ക്കേണ്ടതുമില്ല.”
ക്രിസ്തുവര്‍ഷം അഞ്ഞൂറ്റി അറുപത്തൊമ്പതാമാണ്ടില്‍ മക്കയില്‍നിന്നുള്ള ഗ്രീഷ്മകാല യാത്രാസംഘം ശാമിലേക്ക് യാത്രയായി, കാഫിലയിൽ പുതുമുഖമായി അബ്ദുല്ലയും പുറപ്പെട്ടു. പക്ഷിക്കൂട്ടം അബ്രഹയുടെ ഗജസേനയെ ചളിപ്പിച്ചു വിട്ട അത്ഭുതത്തിന് സാക്ഷിയാകാൻ അതുകൊണ്ടുതന്നെ, അബ്ദുല്ല മക്കയിലുണ്ടായിരുന്നില്ല.
ശാമിലും പലസ്തീനിലും കച്ചവടം നടത്തി തിരിച്ചുവരുന്ന വഴിയെ യഥ്‌രിബില്‍ തന്റെ പിതാമഹിയുടെ കുടുംബത്തില്‍ ഏതാനും ദിവസം വിശ്രമിച്ചു. ആമിന, ഭര്‍ത്താവിന്റെ മടങ്ങിവരവിനുവേണ്ടി കാത്തിരുന്നു. സവിശേഷമായ ഒരു വാര്‍ത്ത അദ്ദേഹത്തെ അറിയിക്കാനുണ്ട്. കാത്തിരിപ്പ് സമയത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. കാഫില മക്കയില്‍ പ്രവേശിക്കുന്ന സമയം അകന്നകന്നു പോകുന്നതായി അവള്‍ക്കനുഭവപ്പെട്ടു.
കാഫില മക്കയിൽ പ്രവേശിച്ചു. അബ്ദുല്‍ മുത്തലിബും മക്കളും അബ്ദുല്ലയെ സ്വീകരിക്കാനായി മക്കയില്‍ ആഹ്ളാദഭരിതരായി കാത്തുനിന്നു. പക്ഷേ, അബ്ദുല്ല മാത്രം വന്നുകണ്ടില്ല. വീണ്ടും വീണ്ടും പരിശോധിച്ചു. എല്ലാവരുമുണ്ട്, അബ്ദുല്ല മാത്രമില്ല. യാത്രാസംഘത്തിന്റെ നേതാവ്, അബ്ദുല്‍ മുത്തലിബിനോട് പറഞ്ഞു. ”അബ്ദുല്ല മടക്കയാത്രക്കിടെ യഥ്‌രിബില്‍ രോഗഗ്രസ്തനായി; ഇപ്പോള്‍ അങ്ങയുടെ മാതൃഭവനത്തില്‍ വിശ്രമിക്കുന്നു.”
യാത്രയ്ക്ക് പാകപ്പെട്ടാലുടന്‍ അബ്ദുല്ലയേയും കൂട്ടി മക്കയിലെത്തണമെന്ന് പറഞ്ഞ് മകന്‍ ഹാരിസിനെ വയോധികന്‍ യഥ്‌രിബിലേക്കയച്ചു. അവിടെയെത്തിയ ഹാരിസിനെ ദയാര്‍ദ്രമായ അനുതാപ വചസ്സുകളോടെയാണ് ബന്ധുക്കള്‍ സ്വീകരിച്ചത്. തന്റെ സഹോദരന്‍ ജീവിച്ചിരിപ്പില്ലെന്ന് അടുത്ത നിമിഷത്തില്‍ അയാൾക്കു മനസ്സിലായി.
ഹാരിസ് മക്കയിൽ തിരിച്ചെത്തി. ആമിനക്കും ഫാത്വിമക്കും അബ്ദുല്‍ മുത്തലിബിനും സംറക്കും മറ്റെല്ലാവര്‍ക്കും ആ വാര്‍ത്ത സമ്മാനിച്ച ദുഃഖം മക്കയൊന്നടങ്കം ഏറ്റുവാങ്ങി. ലോകത്ത് ജന്മംകൊളളുന്നവരെല്ലാം അവരവരുടെ ദൗത്യം പൂർത്തിയാക്കി, പോയവര്‍ തിരിച്ചുവരാത്ത ലോകത്തേക്ക് പിന്‍വാങ്ങുന്നു. അബ്ദുല്ലയും തന്റെ ജീവിത ദൗത്യം നിര്‍വഹിച്ച് കാലത്രയങ്ങള്‍ക്കതീതനായവന്റെ ഇച്ഛ പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഭര്‍ത്താവിന്റെ മരണം സമ്മാനിച്ച ദുഃഖം, വിധിവിഹതമാണെന്ന് കരുതി, നിശബ്ദം ആമിന ഏറ്റുവാങ്ങി. ഏക ആശ്വാസം ഉദരത്തില്‍ അവളനുഭവിച്ചറിയുന്ന തുടിപ്പാണ്. നാമ്പെടുക്കുന്ന പുതുജീവന്റെ മസൃണമായ മുകുളം താലോലിച്ച് അവള്‍ കാത്തിരുന്നു.
(ഇത് ചരിത്രത്തിന്റെ ആസ്വാദനം മാത്രമാണ്; ചരിത്രരേഖയല്ല.)
No comments yet.