ചരിത്രാസ്വാദനം
ബദ്‌റിൽ
പ്രവാചകന്‍ സേനയെ ചിട്ടപ്പെടുത്തി. കയ്യിലൊരസ്ത്രവുമായി ഓരോ സൈനികനെയും പരിശോധിച്ച് കടന്നുപോയത് അവര്‍ക്ക് ആത്മബലം നല്‍കി. അവിടവിടെ വളഞ്ഞുപോയിരുന്ന വരി ശരിപ്പെടുത്തി.
“സവാദ്, വരിയില്‍ നില്‍ക്കൂ.”
വരിയില്‍ നിന്ന് അല്പം മുമ്പോട്ടു തെറ്റിനിന്ന അന്‍സാരിയോട് കയ്യിലെ അസ്ത്രംകൊണ്ട് ചെറുതായി വയറിലൊന്ന് കുത്തി നബി പറഞ്ഞു.
“അല്ലാഹുവിന്റെ ദൂതരേ, അങ്ങെന്നെ വേദനിപ്പിച്ചു,” സവാദ് പരിഭവപ്പെട്ടു. “സത്യവും നീതിയുമായാണ് അല്ലാഹു അങ്ങയെ അയച്ചിരിക്കുന്നത്, അതിനാലെനിക്ക് പ്രതിക്രിയ ചെയ്യണം.”
“ചെയ്‌തോളൂ,” ഉദരത്തില്‍ നിന്ന് കുപ്പായം തെറുത്ത് കേറ്റി അസ്ത്രം കൈമാറിക്കൊണ്ട് പ്രവാചകന്‍ പറഞ്ഞു. പ്രവാചകനെ ആശ്ചര്യപ്പെടുത്തുകയും ആശ്വസ്തനാക്കുകയും ചെയ്തുകൊണ്ട് സവാദ് നൊടിയിടയിൽ പ്രവാചകന്റെ ഉദരഭാഗത്തേക്ക് തലതാഴ്ത്തി അവിടെ ഒരുമ്മവെച്ചു.
“എന്താണിത്?” അദ്ദേഹം ചോദിച്ചു.
“പ്രവാചകരേ, അങ്ങ് കാണുന്നതുപോലെ നാം ശത്രുവിനഭിമുഖമായി നില്‍ക്കുകയാണ്. ഒരുപക്ഷേ അങ്ങയും ഞാനുമുള്ള അവസാനത്തെ കൂടിക്കാഴ്ചയാകാമിത്, അങ്ങനെയാണെങ്കില്‍ അങ്ങയുടെ ചർമ്മം എന്റെ ചർമ്മത്തിൽ സ്പര്‍ശിച്ചുകൊണ്ടാകട്ടെ വേർപ്പാടെന്ന് ഞാനാഗ്രഹിച്ചു.” പ്രവാചകന്‍ തന്റെ അനുചരനുവേണ്ടി പ്രാര്‍ത്ഥിച്ചു.
കുറയ്ഷ് മുമ്പോട്ടുള്ള പ്രയാണമാരംഭിച്ചിരുന്നു, ദൂരെ തിരമാലപോലെ നിമ്‌നോന്നതമായ മണല്‍ക്കൂനകള്‍ക്കപ്പുറത്ത് മക്കക്കാരുടെ സേന യഥാര്‍ത്ഥത്തിലുള്ളതിനെക്കാള്‍ ചെറുതായി കാണപ്പെട്ടു. എന്നാല്‍ ആ സേനയുടെ എണ്ണത്തെക്കുറിച്ച് പ്രവാചകന് നല്ല ധാരണയുണ്ടായിരുന്നു. ഇരു സേനകളും തമ്മിലുള്ള താരതമ്യമില്ലാത്ത അസമാനതകളെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. തനിക്കായി കെട്ടിയ തമ്പില്‍ചെന്നുള്ള ദീര്‍ഘമായ പ്രാർത്ഥനയവസാനിപ്പിച്ച് നബി അപ്പോഴേക്കും അബൂബക്‌റിനോടൊപ്പം തിരിച്ചെത്തിയിരുന്നു. പെട്ടെന്നുണ്ടായൊരു കൊച്ചു മയക്കത്തില്‍ നിന്നുണര്‍ന്ന് അദ്ദേഹം പറഞ്ഞു, “അബൂബക്ര്‍, ആഹ്ലാദിക്കുക, അല്ലാഹുവിന്റെ സഹായം നിങ്ങളിലേക്ക് വന്നെത്തിയിരിക്കുന്നു. ജിബ്റാഈല്‍ മാലാഖ ഇവിടെയിതാ ഒരശ്വത്തിന്റെ കടിഞ്ഞാണ്‍ പിടിച്ച് നില്‍ക്കുന്നു. തികവാർന്ന യുദ്ധസന്നാഹത്തോടെയാണ് മാലാഖ വന്നിരിക്കുന്നത്.”
എണ്ണമറ്റ യുദ്ധങ്ങള്‍ അവസാന നിമിഷം വഴിമാറിപ്പോയതിനുള്ള ഉദാഹരണങ്ങള്‍ അറബികളുടെ ഗതകാലത്തിൽ കണ്ടെടുക്കാം; യുദ്ധോദ്യുക്തരായ സേനകൾ മുഖാമുഖം അണിനിന്നതിനുശേഷം പോലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാചകനറിയാമായിരുന്നു ഈ യുദ്ധത്തിനു അങ്ങനെയൊരു മാറിപ്പോകൽ സാധ്യമല്ലെന്ന്. ലോകനിയന്താവായ ആദിപരാശക്തി കാണുമ്പോലെ മറ്റൊരാൾക്കും കാര്യങ്ങളെ നിർവർണ്ണനം ചെയ്യാനാവില്ലല്ലോ. വിജയിക്കുമെന്ന് അല്ലാഹുവിന്റെ തീർപ്പ് ലഭിച്ച അദൃശ്യമായ സേനയെയാണ് നബി നയിക്കുന്നത്. ആത്മാവറ്റ് വീഴുന്ന ജഡങ്ങൾ കുന്നുകൂടാനിടയുള്ള ഒരാസന്ന യുദ്ധത്തിന്റെ ഗന്ധം അന്തരീക്ഷത്തിൽനിന്ന് സഹജബോധത്തിലൂടെ ശ്വസിച്ച ശവംതീനിപ്പക്ഷികൾ വാനിൽ വട്ടമിട്ട് പറക്കുയോ കുന്നിഞ്ചെരുവിലെ പാറക്കെട്ടുകളില്‍ നല്ലൊരു വിരുന്ന് കാത്ത് പതുങ്ങിയിരിക്കുകയോ ചെയ്യുന്നുണ്ട്.
ഒരാക്രമണത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും തങ്ങള്‍ തൃപ്തരാകില്ലെന്ന് കുറയ്ഷ് തങ്ങളുടെ കരണ പ്രതികരണങ്ങളിലൂടെ പ്രകടമാക്കുന്നുമുണ്ട്. അവര്‍ വളരെ അടുത്താണുള്ളത് മുസ്‌ലിംകള്‍ നിര്‍മ്മിച്ചിരുന്ന ജലസംഭരണിയുമായി കയ്യകലം ദൂരെയാണവരുള്ളത്. അവരുടെ ആദ്യത്തെ നീക്കം ആ ജലസ്രോതസ്സ് കൈപ്പിടിയിലൊതുക്കാനാകും. ക്രൗര്യം കൊണ്ടും സ്വഭാവവൈകൃതം കൊണ്ടും മക്കയിലുടനീളം കുപ്രസിദ്ധിയുള്ള മഖ്‌സൂം വംശജൻ, അസ്‌വദ് ബിൻ അബ്ദുൽ അസദ് തന്റെ കായബലത്തിൽ അമിതവിശ്വാസമർപ്പിച്ച് കൂട്ടത്തില്‍നിന്ന് പാഞ്ഞുവന്ന് വെളളം കുടിക്കാനാഞ്ഞു. ഹംസ മുമ്പോട്ട് ചെന്ന് ഒറ്റ വെട്ടിന് അയാളുടെ ഒരു കാല്‍ മുട്ടിനു താഴെ വെട്ടിമാറ്റി. അസ്‌വദ് രുധിരനുരയിൽ അമ്പരന്ന് നിൽക്കെ ഹംസയുടെ രണ്ടാമത്തെ വെട്ടും വന്നു. ദുർഭഗനായ അസ്‌വദ് പടനിലത്തിൽ മലർന്നടിച്ച് വീണ് സ്വയം മരണത്തിനേല്പിച്ചു കൊടുത്തു.
ഇനി ഉത്ബ. താൻ യുദ്ധത്തെ ഭയക്കുന്ന ഭീരുവാണെന്നും മകൻ അബൂഹുദയ്ഫ ശത്രുപക്ഷത്തുള്ളതു കൊണ്ടാണ് താൻ ‘തത്ത്വജ്ഞാനി’യാകുന്നതെന്നും പരിഹസിച്ച അബൂജഹ്‌ലിന്റെ കുത്തിത്തുളക്കുന്ന ഗർഹണത്തിലൂടെ അനുഭവിച്ച അഭിമാനക്ഷതം അപ്പോഴും ഉത്ബയുടെ ഉള്ളില്‍ പതയുന്നുണ്ടായിരുന്നു. അയാൾ കുറയ്ഷി നിരയില്‍ നിന്ന് മുമ്പോട്ട് വന്ന് മുസ്‌ലിംകളെ ദ്വന്ദ്വയുദ്ധത്തിന് വെല്ലുവിളിച്ചു. കുടുംബത്തിന്റെ മാനമുയര്‍ത്തിപ്പിടിക്കുന്നതിനായി സഹോദരന്‍ ഷെയ്ബയും മകന്‍ വലീദും പിന്തുണച്ച് വശങ്ങളിലായി നിലയുറപ്പിച്ചു. ഖസ്‌റജിലെ നജ്ജാര്‍ കുലത്തിലെ ഔഫ് വെല്ലുവിളി ഏറ്റെടുത്തു മുമ്പോട്ടു ചെന്നു. പ്രവാചകനുമായി ആദ്യത്തെ അകബ ഉടമ്പടിയുണ്ടാക്കിയ ആറ് യസ്‌രിബുകാരിലൊരാളായിരുന്നു ഔഫ്. ഔഫിനോടൊപ്പം സഹോദരന്‍ മുഅവ്വിദും മുമ്പോട്ടുനീങ്ങി. പ്രവാചകൻ ഹിജ്റ ചെയ്ത് യസ്‌രിബിലെത്തിയ വേളയിൽ അദ്ദേഹത്തിന്റെ ഒട്ടകം മുട്ടുകുത്തിയത് ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു. മൂന്നാമതായി ഉത്ബയുടെ വെല്ലുവിളി ഏറ്റെടുത്തുത് അബ്ദുല്ലാഹ് ബിന്‍ റവാഹയായിരുന്നു. സ്വന്തം കുലത്തിന്റെ മൂപ്പൻ ഇബ്‌നു ഉബയ്യിന്റെ സന്ദേഹത്തോടെയുള്ള വാക്കുകളെ നിലംപരിശാക്കി പ്രവാചകന് സ്വാഗതമരുളി സംസാരിച്ച അതേ അബ്ദുല്ല.
“നിങ്ങളൊക്കെ ആരാ?” ഉത്ബ ചോദിച്ചു. തങ്ങളാരാണെന്നവര്‍ വിളിച്ചു പറഞ്ഞു.
“കുലം കൊണ്ട് മഹിതരും ഞങ്ങൾക്ക് സമശീര്‍ഷരുമാണ് നിങ്ങൾ, ഞങ്ങള്‍ക്ക് നിങ്ങളുമായി കൊള്ളക്കൊടുക്കകളൊന്നുമില്ല. ഞങ്ങളുടെ വെല്ലുവിളി ഞങ്ങളുടെ സ്വന്തം കുലത്തില്‍ നിന്നുള്ളവരോടാണ്.” – ഉത്ബ പറഞ്ഞു. “മുഹമ്മദ്, ഞങ്ങള്‍ക്കെതില്‍ നമ്മുടെ സ്വന്തം കുലത്തിൽനിന്നുള്ള സമാനരെ അയക്കുക.” തമ്പേറിന്റെ താളങ്ങള്‍ക്കിടയിലൂടെ കുറയ്ഷികളുടെ വിളിയാളം ഉയര്‍ന്നുപൊങ്ങി.
മുൻകൂട്ടിയുള്ള പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നില്ല അന്‍സാറുകളുടെ ഈ മുമ്പോട്ടുവരവ്, അവരുടെ ആവേശം നബിയുടെ തീരുമാനത്തെ കവിഞ്ഞ് മുമ്പിലെത്തുകയായിരുന്നു. അന്നേരം പ്രവാചകന്‍ തന്റെ ബന്ധുജനങ്ങളുടെ നേരെ തിരിഞ്ഞു. വെല്ലുവിളിച്ചവരില്‍ രണ്ടുപേര്‍ പ്രായം ചെന്നവരും ഒരാള്‍ യുവാവുമായിരുന്നു. “ഉബയ്ദാ, ചെല്ലൂ, അലീ, ചെല്ലൂ, ഹംസാ, ചെല്ലൂ. മുത്തലിബിന്റെ പൗത്രനും കൂട്ടത്തില്‍ പ്രായം ചെന്നയാളും പരിചയസമ്പന്നനുമായിരുന്ന ഉബയ്ദ, ഉത്ബയെ നേരിട്ടു. ഹംസ ഷെയ്ബയെയും അലി വലീദിനെയും നേരിട്ടു.
ഏറ്റുമുട്ടല്‍ അധികം നീണ്ടുപോയില്ല, ഷെയ്ബയും വലീദും ജീവനറ്റ് യുദ്ധഭൂമിയില്‍ വിറയാർന്ന് വീണു; അവരെ നേരിട്ട ഹംസക്കോ അലിക്കോ പോറലേറ്റതുമില്ല. എന്നാല്‍, ഉബയ്ദ ഉത്ബയെ ഭൂമിയില്‍ വീഴ്ത്തിയ നിമിഷം അയാള്‍ ജീവനു വേണ്ടിയുള്ള പിടച്ചിലിൽ ആഞ്ഞുവീശിയ വാളേറ്റ് ഉബയ്ദയുടെ കാലിൽ മുറിവുപറ്റി. ഹംസയും അലിയും ഓടിയെത്തി, ഹംസയുടെ വാളില്‍ ഉത്ബയും അവസാന ശ്വാസം വലിച്ചു. അബൂലഹബും അബൂജഹ്‌ലും ഉമയ്യയുമടങ്ങുന്ന ശുണ്ഠിക്കാരും അവിവേകികളുമായ കുറയ്ഷി നേതൃനിരയിൽ നിന്ന് പലപ്പോഴും വിവേകത്തിന്റെ സ്വരം കേൾപ്പിച്ചിരുന്ന, അവസാന നിമിഷത്തിൽ മുഹമ്മദുമായുള്ള ഈ യുദ്ധമൊഴിവാക്കാൻ അകളങ്കമായി യത്നിച്ച മക്കക്കാരുടെ പ്രാജ്ഞനായിരുന്ന നേതാവ് പ്രാണനറ്റ് നിശ്ചേഷ്ടനായി യുദ്ധഭൂമിയിൽ കിടന്നു; സഹോദരന്റെയും മകന്റെയും ഭൗതിക ജഡങ്ങളിൽനിന്ന് വളരെ അകലയല്ലാതെ.
ഹംസയും അലിയും ചേര്‍ന്ന് ഉബയ്ദയെ താങ്ങി മുസ്‌ലിംകളുടെ തമ്പുകളിലേക്കെടുത്തു. അപ്പോഴേക്കും ധാരാളം രക്തം വാര്‍ന്നുപോയിരുന്നു. മുട്ടുകാലിലെ സന്ധിയില്‍ നിന്ന് തരുണാസ്ഥി കിനിഞ്ഞിറങ്ങി. അതുപക്ഷേ, ഉബയ്ദക്ക് വിഷയമയാരുന്നില്ല, ഒരൊറ്റച്ചിന്ത അയാളില്‍ ആധി പടര്‍ത്തി, “അല്ലാഹുവിന്റെ ദൂതരേ, എനിക്ക് രക്തസാക്ഷി പദവി ലഭിക്കില്ലേ?” പ്രാർത്ഥനയോടെ നടന്നടുക്കുകയായിരുന്ന നബിയോട് ഉബയ്ദ ചോദിച്ചു. “തീര്‍ച്ചയായും, താങ്കൾ രക്തസാക്ഷികളുടെ കൂട്ടത്തിലുണ്ട്.” അദ്ദേഹം പറഞ്ഞു. നാലഞ്ച് നാൾ കഴിഞ്ഞ് മുസ്‌ലിംകൾ മദീനയിലേക്ക് തിരിച്ചുപോകുന്ന വഴിയിൽ ഉബയ്ദ അവസാനമായി ലോകത്തിനു നേരെ കണ്ണുകൾ തുറന്നടച്ചു, സാക്ഷ്യവാക്യങ്ങൾക്കൊടുവിൽ അധരങ്ങൾ നിശ്ചലമായി.
പെട്ടെന്ന് കുറയ്ഷികളുടെ ഭാഗത്തുനിന്നുണ്ടായ ശരവിക്ഷേപം അന്തരീക്ഷത്തിൽ തൂങ്ങിനിന്ന നിശ്ശബ്ദ നിമിഷങ്ങളെ ഭഞ്ജിച്ചു. മേലാസകലം മുറിവുകള്‍ പറ്റി കൂട്ടത്തിലൊരാൾ ‘അഹദ്’ എന്നുരുവിട്ട് ശലഭംപോലെ പിടഞ്ഞു.
“ആരാണത്?” അടുത്തുനിൽക്കുകയായിരുന്ന അബൂബക്റിനോട് ഉമർ ചോദിച്ചു.
“താങ്കളുടെ വിമുക്ത അടിമ മഹ്ജഅ്.”
തന്റെ പഴയ പരിചാരകന്റെ ചേതനയറ്റ ശരീരം നോക്കി ഉമർ പ്രാർത്ഥിച്ചു, “അല്ലാഹു നിങ്ങൾക്ക് കരുണ ചൊരിയട്ടെ മഹ്ജഅ്.”
ഇനിയുമൊരു നിലവിളി. ഉമർ നോക്കി. ഖസ്റജിയായ സുറാകയുടെ പുത്രൻ ഹാരിസ എന്ന യുവാവ്. സംഭരണിയില്‍നിന്ന് വെള്ളം കുടിക്കുകയായരുന്ന ഹാരിസയുടെ തൊണ്ടയില്‍ കുറയ്ഷ് തൊടുത്തുവിട്ട അമ്പ് തുളഞ്ഞുകേറി.
പ്രാണാപഹാരിയായ ദുർഘട നിമിഷങ്ങളിഴയവെ, വിശ്വാസികളുടെ തമ്പുകൾ നിൽക്കുന്ന ഭാഗത്തുനിന്ന് യുദ്ധത്തിന്റെ ധൂമപടലങ്ങളെ ചീന്തിക്കീറിയൊരു ശബ്ദം മുന്നണിവരെയെത്തി, “മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ സത്യം, ഇന്നേദിനം അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് പിന്നോട്ടില്ലാതെ കരുത്തോടെ മുന്നേറി കൊല്ലപ്പെട്ടവരാരും സ്വര്‍ഗത്തില്‍ പ്രവേശിക്കാതെ പോകില്ല.”
വിശ്വാസികള്‍ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു, പ്രിയങ്കരനായ പ്രവാചകന്റെ ആഹ്വാനമാണത്, പ്രോത്സാഹനമാണത്, “ചെല്ലൂ, ആകാശങ്ങൾക്കും ഭൂമിക്കുമത്ര പ്രവിശാലമായ സ്വർഗവാടിയിലേക്ക് കടന്നുചെല്ലൂ.” പ്രവാചകന്റെ വാക്കുകള്‍ കേട്ടവര്‍ കേള്‍ക്കാത്തവരിലെത്തിച്ചു. ‘അത്ഭുതങ്ങള്‍ക്കുമത്ഭുതം!’ സലീമാ ഗോത്രത്തിലെ ഉമയ്ര്‍ അല്‍ഖസ്‌റജി അത്ഭുതം പ്രകടമാക്കുകതന്നെ ചെയ്തു. തനിക്കും പറുദീസക്കുമിടയില്‍ മുഖാമുഖം നിൽക്കുന്ന അവിശ്വാസികളുടെ വാള്‍ത്തലപ്പിനും എന്റെ കഴുത്തിനുമിടയിലുള്ള ദൂരം മാത്രമേയുള്ളൂ! “ജീവനോടെയുണ്ടെങ്കിൽ ബാക്കി ഈത്തപ്പഴങ്ങൾ കഴിക്കാം, അതൊരു സുദീർഘമായ ജീവിതംതന്നെ.” കഴിച്ചുകൊണ്ടിരുന്ന ഈത്തപ്പഴങ്ങള്‍ അയാൾ നീട്ടിയെറിഞ്ഞു. സ്വന്തം ഖഡ്ഗം കയ്യിലേന്തി ഉത്തരവ് കേള്‍ക്കാന്‍ സന്നദ്ധനായി മുന്നോട്ടു ചെന്നു.
ഉത്ബയുടെ വെല്ലുവിളി ആദ്യമേറ്റെടുക്കുന്നതിലെ ശ്രേയസ്സ് നഷ്ടപ്പെട്ടതിൽ ഭഗ്നാശനായി ഔഫ് പ്രവാചകനരികില്‍ നിന്നു. “അല്ലാഹുവിന്റെ ദൂതരേ, തന്റെ അടിമയുടെ കാര്യത്തില്‍ നാഥനെ ഏറ്റവും ആഹ്ലാദിപ്പിക്കുന്നതെന്താണ്?” അയാൾ ചോദിച്ചു.
“പടച്ചട്ട മാറ്റി ശത്രുനിരയിലേക്ക് ഇരച്ചുചെല്ലുന്നതാണത്,” ഉടന്‍ മറുപടി വന്നു. ഔഫ് താന്‍ ധരിച്ചിരുന്ന പടയങ്കി അഴിക്കാനാരംഭിച്ചു.
“ആ മുഖങ്ങള്‍ വികൃതമാകട്ടെ,” ഒരുപിടി ചരല്‍വാരി ശത്രുനിരയിലേക്ക് വീശിയെറിയവെ തിരുദൂതരുടെ ശബ്ദമുയര്‍ന്നു. തന്റെ ചരൽക്ഷേപണം കുറയ്ഷികള്‍ക്ക് ദുരന്തമായി ഭവിക്കുമെന്ന് അദ്ദേഹത്തിന്നറിയാമായിരുന്നു. ‘കേറിയാക്രമിക്കൂ’ എന്ന് ഒരാജ്ഞപോലെ നബി വിളിച്ചുപറഞ്ഞു. ‘അഹദ് അഹദ്’ ശത്രുനിരയിലേക്ക് കുതിക്കുമ്പോള്‍ മുസ്‌ലിംകളുടെ തൊണ്ടയില്‍ നിന്നുയര്‍ന്നു പൊങ്ങിയ ഉറച്ച വാക്ക് താഴ്‌വാരത്തെ മണല്‍ക്കൂനകളില്‍തട്ടി പ്രതിധ്വനിച്ചു.
തങ്ങളാഗ്രഹിച്ചതുപോലെ, ഔഫും ഉമയ്റും ശത്രുസേനയോടേറ്റു മുട്ടി ആദ്യ രക്തസാക്ഷികളായി. ഇതോടെ മുസ്‌ലിം പക്ഷത്തുനിന്ന് മരണമടഞ്ഞവരുടെ എണ്ണം അഞ്ചായി. അന്ന് ഒമ്പതു പേരെക്കൂടി അവര്‍ക്ക് നഷ്ടമായി, അതുമാത്രമായിരുന്നു മുസ്‌ലിം പക്ഷത്തുനിന്നുള്ള ആകെ ആള്‍നാശം. അവരില്‍ പ്രായക്കുറവിനാല്‍ നബി വീട്ടിലേക്ക് തിരിച്ചുപോകാനാവശ്യപ്പെട്ട ഉമയ്‌റുമുണ്ടായിരുന്നു.
“താങ്കളെറിഞ്ഞപ്പോള്‍ എറിഞ്ഞത് താങ്കളായിരുന്നില്ല, മറിച്ച് അല്ലാഹുവായിരുന്നു” എന്ന ബദ്റിനുശേഷമിറങ്ങിയ വാക്യത്തിലൂടെ ചരക്കൽക്ഷേപണത്തിന്റെ പൊരുൾ കുര്‍ആന്‍ വ്യക്തമാക്കി.
ബദ്റിൽ പ്രവാചകനിലൂടെ വെളിപ്പെട്ട ദൈവികമായ ഇടപെടലിന്റെ ഒരേയൊരു നിദര്‍ശനമായിരുന്നില്ല ഈ ഏറ്. കുറയ്ഷ് അവരുടെ മുഴുവന്‍ ശൗര്യവും പുറത്തെടുത്തൊരു ഘട്ടത്തില്‍ ഒരു വിശ്വാസിയുടെ കയ്യിലിരുന്ന കരവാള്‍ നടുക്ക് മുറിഞ്ഞ് കഷണം താഴെവീണു. അയാള്‍ ആദ്യം ചിന്തിച്ചത് തമ്പില്‍ തിരിച്ചെത്തി പുതിയൊരു വാള്‍ ചോദിച്ചുവാങ്ങാനായിരുന്നു. ജഹ്ഷ് കുടുംബത്തിലെ ഉക്കാഷയായിരുന്നു ആ യോദ്ധാവ്. ഒരു വടി കയ്യില്‍കൊടുത്ത് നബി പറഞ്ഞു, “ഉക്കാഷ, ഇതാ ഇതുമായി ചെന്ന് പൊരുതുക.” അത് ചുഴറ്റി ഉക്കാഷ മുന്നേറി. കുറെനേരം അതയാളുടെ കയ്യില്‍ തിളക്കമുറ്റ ഖഡ്ഗമായി നിലകൊണ്ടു. അല്ലാഹുവിന്റെ സഹായം എന്നര്‍ത്ഥത്തില്‍ ‘അല്‍ഔന്‍’ എന്ന പേരുവീണ ആ വടിയുപയോഗിച്ചാണ് പിന്നീട് പല യുദ്ധങ്ങളിലും ഉക്കാഷ പങ്കെടുത്തത്.
ആക്രമണമഴിച്ചുവിടാന്‍ നബി ആഹ്വാനം ചെയ്തപ്പോള്‍ വിശ്വാസികള്‍ മാത്രമായിരുന്നില്ല ആക്രമണം നടത്തിയത്, പ്രവാചകനറിയാമായിരുന്നു, തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട വിജയം സംഭവിക്കുതന്നെ ചെയ്യുമെന്ന്, “നിങ്ങളുടെ നാഥനോട് നിങ്ങൾ ഉതവിതേടിയ നേരം; ഒന്നിനു പിറകെ മറ്റൊന്നായി ആയിരം മാലാഖമാരുമായി നാം നിങ്ങളെ സഹായിക്കുമെന്നവൻ നിങ്ങളോട് പ്രതിവചിക്കുകയും ചെയ്തു.” എന്ന് കുർആൻ ഓർമ്മിപ്പിച്ചു. മലാഖമാർക്കും നാഥന്റെ നിർദ്ദേശം പോയി, “താങ്കളുടെ നാഥൻ മലക്കുകൾക്ക് ബോധനം നൽകിയിരുന്നതോർമ്മയുണ്ടോ!
തീർച്ചയായും ഞാൻ നിങ്ങളുടെ കൂടെയുണ്ട്, അതിനാൽ, വിശ്വസിച്ചവരെ നിശ്ചഞ്ചലരാക്കി നിർത്തുക, അവിശ്വാസികളുടെ ഹൃദന്തങ്ങളിൽ ഞാൻ കൊടുംഭീതി നിക്ഷേപിക്കുന്നതാണ്. അവരുടെ കഴുത്തുകളിൽ വെട്ടുക, അവരുടെ വിരലുകളെല്ലാം ഛേദിച്ചു കളയുക.”
മാലാഖമാരുടെ സാന്നിദ്ധ്യം, ഒരേസമയം, വിശ്വാസികള്‍ക്ക് അനുഭൂതിയായും അവിശ്വാസികള്‍ക്ക് ഭയപ്പാടായും ഭവിച്ചിരുന്നു. എന്നാല്‍ വളരെക്കുറച്ച് വിശ്വാസികള്‍ക്ക് മാത്രമേ ഏറ്റക്കുറച്ചിലുകളോടെ അവരെ കേള്‍ക്കാനോ കാണാനോ സാധിച്ചിരുന്നുള്ളൂ. ബദ്ര്‍ താഴ്‌വരയുടെ പരിസരവാസികളായ ബദവി ഗോത്രജരായ രണ്ടുപേര്‍ കുന്നിന്‍ മുകളേറി, അമ്പെത്താപ്പാട് മാറിനിന്ന് യുദ്ധത്തിന്റെ ഗതിവിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. സംഗ്രാമശേഷം ബാക്കിയാകുന്ന യുദ്ധമുതലുകളിലായിരുന്നു അവരുടെ കണ്ണ്. പടക്കുതിരകളുടെ സീല്‍ക്കാരങ്ങളാല്‍ മുഖരിതമായ ഒരു കരിങ്കാറ് അവരെ ചൂഴ്ന്നു. അവരിലൊരാള്‍ നിന്നനില്പില്‍ വിറച്ച് വീണുമരിച്ചു. ‘അയാളുടെ നെഞ്ചുകൂട് ഭയത്താല്‍ തകര്‍ന്നുപോയിരുന്നു,’ ഇക്കഥ പില്‍ക്കാലക്കാര്‍ക്ക് പറഞ്ഞുതരാന്‍ ബാക്കിയ അപരന്‍ പറഞ്ഞു. സ്വന്തം നെഞ്ചിനകത്ത് അന്നെന്തു സംഭവിച്ചുവെന്ന് അയാള്‍ക്കറിയാമായിരുന്നുവല്ലോ.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല)
No comments yet.