നബിചരിത്രത്തിന്റെ ഓരത്ത് -58

//നബിചരിത്രത്തിന്റെ ഓരത്ത് -58
//നബിചരിത്രത്തിന്റെ ഓരത്ത് -58
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -58

ചരിത്രാസ്വാദനം

ഒരുക്കം

“നിങ്ങള്‍ പുറപ്പെട്ടത് നിങ്ങളുടെ ഒട്ടകങ്ങള്‍ക്കും ചരക്കുകള്‍ക്കും പ്രതിരോധമേര്‍പ്പെടുത്താനായിരുന്നു; ദൈവാനുഗ്രഹത്താല്‍ അവ സുരക്ഷിതമാണിപ്പോള്‍. അതിനാല്‍ നിങ്ങള്‍ക്കു തിരിച്ചുപോകാം.”
അബൂസുഫ്‌യാന്റെ അടിയന്തിര സന്ദേശം കുറയ്ഷി സഹസ്രാംഗപ്പടക്ക് ലഭിക്കുമ്പോൾ ഏറെ വൈകിയിരുന്നു. അപ്പോഴേക്കും മക്കയിൽ നിന്ന് ദിവസങ്ങൾ യാത്രചെയ്ത് ബദ്റിന് തെക്കുമാറിയുള്ള ജുഹ്ഫയില്‍ അവർ തമ്പുകളുറപ്പിച്ചിരുന്നുവല്ലോ. ദൂതുമായി വന്നയാൾ താവളത്തിലെത്തി ശ്വാസകോശം വീർത്തുപൊട്ടുമാറുച്ചത്തിൽ നടത്തിയ വിളംബരം കുറയ്ഷി മൂപ്പന്മാരിൽ ആശ്വാസമുളവാക്കിയെന്നതു നേര്. എന്നാൽ അവരുടെ തീരുമാനത്തിൽനിന്ന് തരിമ്പും പിറകോട്ടില്ല. രക്ഷപ്പെട്ടുപോയ അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള കാഫിലക്കും ശത്രുക്കളായ മുസ്‌ലിംകള്‍ക്കുമിടയിലായാണ് ആയിരപ്പട ഇപ്പോഴുള്ളത്. ശത്രുവിനെ നിലംപരിശാക്കാനായി കൈവന്ന അപൂർവ്വാവസരമാണ്. ജയം സുനിശ്ചിതമായ സംഗരഭൂമിയിലേക്ക് മുന്നേറുന്നതിൽ നിന്ന് അവരെന്തിന് പിന്മാറണം? “ബദ്റിലേക്ക് മുന്നേറുക,” തീരുമാനം അന്തിമമായിരുന്നു.

മുത്തലിബ് ഗോത്രജനായ ജുഹയ്മിന് തലേ രാവിലുണ്ടായ സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടക്കുള്ളൊരു ദർശനം, നാടോടിയപ്പോൾ നടുവിൽപ്പെട്ട് അർധമനസ്സോടെ കുറയ്ഷിപ്പടയോടൊപ്പം ചേർന്ന നല്ലൊരെണ്ണം സൈനികരുടെ സ്വാസ്ഥ്യത്തെയും ഉറക്കത്തെയും അതിരുകടത്തിയിരുന്നു.

ഒട്ടകത്തെ തെളിച്ചുകൊണ്ട് കുതിരപ്പുറത്ത് വന്നൊരാൾ നടത്തിയ പ്രഖ്യാപനമാണീ ജാഗ്രത്സ്വപ്നത്തിന്റെ ആകത്തുക. തലേ രാവിലെ വിഹ്വലതയിൽനിന്ന് ഇനിയും സംഭവലോകത്തിന്റെ തീരമണഞ്ഞിട്ടില്ലാത്ത ജുഹയ്ം പാതിബോധത്തില്‍ തന്റെ വിചിത്ര സ്വപ്നം പങ്കുവച്ചുതുടങ്ങി, “കുതിരയെ നിര്‍ത്തി ആഗതന്‍ പ്രഖ്യാപിച്ചു, ‘ഉത്ബയും ഷെയ്ബയും അബുല്‍ഹകമും ഉമയ്യയും കൊല്ലപ്പെട്ടിരിക്കുന്നു.’ അശ്വാരൂഢന്‍ പിന്നീടെണ്ണിയ ക്രമത്തില്‍ ജുഹയ്ം മറ്റു കുറയ്ഷി നേതാക്കളുടെ പേരുകള്‍ പറഞ്ഞു. ഭീകരമായൊരു യുദ്ധത്തിന്റെ ദൃശ്യങ്ങൾ നേരിൽക്കണ്ട് ചകിതനായിപ്പോയവന്റെ ശബ്ദത്തിലും ഭാവത്തിലും അയാള്‍ തുടര്‍ന്നു, “എന്നിട്ടയാള്‍ താൻ തെളിച്ചുകൊണ്ടുവന്ന ഒട്ടകത്തിന്റെ നെഞ്ചില്‍ കഠാരയിറക്കി നമ്മുടെ തമ്പുകളിലൂടെ അതിനെ അഴിച്ചുവിട്ടു. ആ മുറിവില്‍നിന്നു വീണ രക്തം പറ്റാത്ത തമ്പൊന്നുപോലും അവശേഷിച്ചിരുന്നില്ല.”

“ഇതാ മുത്തിലിബ് കുടുംബത്തില്‍നിന്ന് മറ്റൊരു പ്രവാചകന്‍,” പതിവ് പുച്ഛച്ചിരിയോടെയാണ് അബുല്‍ഹകം എന്ന അബൂജഹ്ൽ ജുഹയ്മിന്റെ സ്വപ്നവാർത്തയോട് പ്രതികരിച്ചത്. നബിയുടെ പ്രപിതാമഹനായ ഹാഷിമിന്റെയും സഹോദരന്‍ മുത്തലിബിന്റയും വംശങ്ങളെ ഒന്നായി പരിഗണിച്ചുകൊണ്ടായിരുന്നു അബൂജഹ്‌ലിന്റെ ‘മറ്റൊരു’ പ്രയോഗം.

ജുഹയ്മിന്റെ വെളിപ്പെടുത്തലിനു ശേഷം പടയാളികള്‍ക്കിടയില്‍ തൂങ്ങിനിന്ന ദൂനതയകറ്റാനായി തൊണ്ടപൊട്ടി അയാള്‍ വിളിച്ചുപറഞ്ഞു, “ദൈവമാണ! ബദ്‌റിലെത്തുന്നതുവരെ നമുക്ക് മടക്കമില്ല. മൂന്ന് ദിവസം നാമവിടെ തിന്നും കുടിച്ചും മദിച്ചും രമിച്ചും കഴിച്ചുകൂട്ടും. നമ്മളെങ്ങനെയാണ് ബദ്‌റിലേക്ക് മുന്നേറിയതെന്നും നമ്മുടെ ആയിരപ്പട എവ്വിധമാണ് ധൈര്യവും ശൗര്യവും പുറത്തെടുത്തതെന്നും വിജയത്തെത്തുടര്‍ന്നു വന്നുചേരുന്ന പുലരിയില്‍ അറബികൾ കേള്‍ക്കും, ആദരസംത്രാസങ്ങളോടെ അവര്‍ നമുക്കുവേണ്ടി എഴുന്നേറ്റു നില്‍ക്കും. അതിനാല്‍… ബദ്‌റിലേക്കു നീങ്ങുക.”

സഖ്യകക്ഷി ബനൂസുഹ്‌റയോടൊപ്പം വന്നിരിക്കുന്ന അഖ്‌നസ് ബിന്‍ ഷരീക് ശഠനും ഭോഷനുമായ അബൂജഹ്‌ലിന്റെ അഹന്താപൂര്‍ണമായ ജല്‍പനങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കാന്‍ തന്റെ ആളുകളോടാവശ്യപ്പെട്ടു. അവര്‍ ഒന്നടങ്കം ജുഹ്ഫയില്‍നിന്ന് നേരെ മക്കയിലേക്ക് മടങ്ങി. “ഹാഷിം മക്കളേ, നിങ്ങള്‍ ഞങ്ങളോടൊപ്പം വന്നെങ്കിലും നിങ്ങളുടെ മനസ്സ് മുഹമ്മദിനോടൊപ്പമാണ്” എന്ന് ചൂടേറിയ ഒരു വാക്‌തർക്കത്തിനിടെ കുറയ്ഷി നേതാക്കളിൽ ചിലരുടെ വായിൽ നിന്ന് ചാടിയതോടെ അബൂതാലിബിന്റെ പുത്രന്‍ താലിബും കുറച്ചാളുകളോടൊപ്പം മക്കയിലേക്ക് തിരിച്ചു. എന്നാല്‍, എളാപ്പ അബ്ബാസ്, കുറയ്ഷിപ്പടയെ തുടര്‍ന്നും അനുഗമിക്കും. മൂന്ന് സഹോദരപുത്രരെ അബ്ബാസ് കൂടെ നിര്‍ത്തുകയും ചെയ്തു. മൂത്ത സഹോദരന്‍ ഹാരിസിന്റെ പുത്രന്മാരായ അബൂസുഫ്‌യാൻ, നൗഫല്‍, അബൂതാലിബന്റെ മറ്റൊരു പുത്രന്‍ അകീല്‍.

കുന്നിനപ്പുറത്ത്, അല്പം വടക്കു-കിഴക്കു മാറി മുസ്‌ലിംകള്‍ അവരുടെ തമ്പുകളഴിക്കുകയായിരുന്നു അപ്പോൾ. ശത്രുവെത്തുന്നതിനു മുമ്പ് ബദ്റിലെ ജലാശയത്തിനടുത്തെത്തണമെന്ന് പ്രവാചകന്‍ ഉറപ്പിച്ചിരുന്നു. അത് വളരെ വളരെ പ്രധാനമാണെന്നദ്ദേഹത്തിനു നിശ്ചയമുണ്ട്. അതിനാല്‍, ഉടന്‍ ബദ്‌റിന്റെ ഭാഗത്തേക്ക് മുന്നേറാന്‍ അദ്ദേഹം അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. യാത്രയാരംഭിച്ച് വൈകാതെ മഴ പെയ്തുതുടങ്ങിയിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹമായി പതിച്ച വർഷബിന്ദുക്കളേറ്റ് പ്രവാചകന്റെ മനസ്സ് ഹര്‍ഷസാന്ദ്രമായി; സംഘാംഗങ്ങളെയത് ഉന്മേഷിപ്പിച്ചു. അവര്‍ കടന്നുപോകേണ്ട യല്‍യല്‍ താഴ്‌വരയിലെ പൊടിയടങ്ങുകയും നിലം നീരേറ്റ് മാര്‍ദ്ദവമാവുകയും ചെയ്തു. മുസ്‌ലിം സൈന്യത്തിന്റെ ഇടത് വശത്തുള്ള ബദ്ര്‍ താഴ്‌വരക്കഭിമുഖം നില്‍ക്കുന്ന അകൻകല്‍ കുന്ന് കേറാനിരിക്കുന്ന ശത്രുസേനക്ക് മഴ സമ്മാനിക്കുക ചളിയും വഴുപ്പുമായിരിക്കും. കുറയ്ഷികളുടെ മുമ്പോട്ടുള്ള യാത്രയിൽ അവ തടസ്സമാവുകയും ചെയ്യും. അകൻകലിന്റെ ചെരിവ് കുറഞ്ഞ ഭാഗത്താണ് കിണറുകളുള്ളത്. കടന്നുവന്നപ്പോള്‍തന്നെ കണ്ട കിണറിനരികില്‍ നിലയുറപ്പിക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു.

ഖസ്‌റജിയായ മുന്‍ദിറിന്റ പുത്രന്‍ ഹുബാബ് സംശയവുമായി നബിയുടെ അടുത്തെത്തി. “തിരുദൂതരേ, നാമിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്ന ഈ സ്ഥലത്തുനിന്ന് മുമ്പോട്ടുപോവുകയോ പിന്‍വാങ്ങുകയോ ചെയ്യേണ്ടതില്ലെന്നത് അല്ലാഹുവിന്റെ കല്പനയാണോ, അതൊ യുദ്ധതന്ത്രത്തിന്റെ ഭാഗമായുള്ള അങ്ങയുടെ അഭിപ്രായമോ?’
“എന്റെ അഭിപ്രായം മാത്രം” – അദ്ദേഹം പറഞ്ഞു.
“എങ്കിലിത് നമുക്ക് നിൽക്കാൻ പറ്റിയ ഇടമല്ല, അതിനാല്‍…” ഹുബാബ് തുടര്‍ന്നു, “ശത്രു പാളയത്തിനടുത്ത വലിയ നീർത്തടത്തിന്നരികിലേക്ക് അങ്ങ് ഞങ്ങളെ നയിച്ചാലും! നമുക്കവിടെ നിലയുറപ്പിക്കാം അതിനപ്പുറമുള്ള കിണറുകള്‍ മണ്ണിട്ട് നികത്താം, എന്നിട്ട് ശത്രുവിനോട് പൊരുതാം. നമുക്ക് കുടിനീര്‍ ലഭിക്കും, ശത്രുവിനത് ലഭിക്കുകയുമില്ല.” രണ്ടാമതൊരാലോചനയുടെ അവശ്യമുണ്ടായിരുന്നില്ല. ഹുബാബിന്റെ അഭിപ്രായം സ്വീകരിച്ച് ആ പദ്ധതി വിശദാംശങ്ങളോടെ നടപ്പാക്കി. അപ്പുറമുള്ള കിണറുകള്‍ നികത്തി പകരം വലിയൊരു ജലസംഭരണി നിർമ്മിച്ചു.

“അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ അങ്ങേക്കായി ഒരു കൂടാരം പണിതാലോ? അതിനടുത്തായി ഒരൊട്ടകത്തെയും ഒരുക്കി നിര്‍ത്താം. ഞങ്ങള്‍ ചെന്ന് ശത്രുവിനെ നേരിടും.” സഅദ് ബിന്‍ മുആദ് നബിയെ സമീപിച്ചുകൊണ്ട് പറഞ്ഞു. തിരുദൂതർ സഅദിനെ നോക്കി, പുരികം വളച്ച്, ‘എന്തിന്’ എന്ന് ചോദിക്കാതെ ചോദിച്ചു. സഅദ് പറഞ്ഞു, “അല്ലാഹു വിജയമരുളി നമ്മളെ ജേതാക്കളാക്കുകിൽ, അത് അത്യന്തം ആഹ്ലാദദായിയായിരിക്കും, അതാണ് നാം അഭിലഷിക്കുന്നതും. അതല്ല, വിജയം എതിരാളിക്കനുകൂലം നിൽക്കുകയാണെങ്കിലോ, അങ്ങ് ഒട്ടകപ്പുറത്തേറി മദീനയിലവശേഷിച്ച നമ്മുടെ ആളുകളോടൊപ്പം ചേരണം. അവരില്‍ പലരും ഇപ്പോള്‍ അങ്ങയെ അനുഗമിച്ചിട്ടില്ല.” സഅദ് തുടര്‍ന്നു, “അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയോടുള്ള ഞങ്ങളുടെ സ്‌നേഹത്തെക്കാള്‍ ഒട്ടും കുറവല്ല അവരുടേതും. അങ്ങേക്ക് ഈ യാത്രയില്‍ ഒരു യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന ധാരണയുണ്ടായിരുന്നുവെങ്കില്‍ അവരാരും ഇപ്പോള്‍ മദീനയില്‍ അവശേഷിക്കുമായിരുന്നില്ല; നമ്മോടൊപ്പം ഇവിടെയുണ്ടാകുമായിരുന്നു. അവരിലൂടെ അല്ലാഹു താങ്കളെ സംരക്ഷിക്കും. അവര്‍ അങ്ങേക്ക് നല്ല സഹചരരായിരിക്കും. അവരങ്ങയുടെ വശങ്ങളില്‍ നിന്നുകൊണ്ട് പൊരുതുകയും ചെയ്യും.” വേരോടിയ വിശ്വാസവും അകളങ്കമായ സ്‌നേഹവും തുളുമ്പിയ സഅദിന്റെ വാക്കുകളില്‍ പ്രവാചകന്റെ മനസ്സ് തരളമായി. നബി തന്റെ പ്രിയങ്കരനായ അനുചരനെ ആശംസിച്ചു.

അന്നത്തെ രാത്രി അവസാനിച്ചു. അമ്മയുടെ താരാട്ടിൽ തൊട്ടിലിലുറങ്ങുന്ന പൈതലെന്നപോലെ ശാന്തമനോഹരമായ നിദ്രയാല്‍ വിശ്വാസികളനുഗൃഹീതരായി. ആ രാവ് ചെന്നുചേര്‍ന്നത് ചരിത്രത്തില്‍ ഇസ്‌ലാമിനു ലഭിച്ചതിലേറ്റവും നിര്‍ണായകവും അവിസ്മരണീയവുമായ ദിനത്തിന്റെ പ്രഭാതത്തിലേക്കായിരുന്നു.

ഹിജ്‌റ രണ്ട്, റമദാന്‍ പതിനേഴ് വെള്ളിയാഴ്ച, പ്രഭാതം.

കുറയ്ഷ് തങ്ങളുടെ തികവുറ്റ സന്നാഹങ്ങളിൽ കവിഞ്ഞൊഴുകിയ അഹന്ത വാരിച്ചുറ്റി ബദ്‌റിലേക്ക് പുറപ്പെട്ടു. അര്‍ക്കന്‍ ആലസ്യം വിട്ടുണര്‍ന്നു. അകൻകൽ കുന്നിൽനിന്നുയർന്നു പൊങ്ങിയ ആർപ്പുവിളിയും തമ്പേറടിയും ദിക്കുകളെ ഭേദിച്ചു. നന്നായി ആസ്തരണം ചെയ്യപ്പെട്ട കുതിരകളും ഒട്ടകങ്ങളുമടങ്ങുന്ന സര്‍വ്വസന്നാഹ സജ്ജമായ ശത്രുസേന യല്‍യല്‍ താഴ്‌വരയിലേക്കിറങ്ങിവരുന്നത് താഴെ നിൽക്കുന്ന പ്രവാചകന്‍ കണ്ടു. എണ്ണത്തിലുമൊരുക്കത്തിലും താരതമ്യമില്ലാത്ത വിധം അസമാനമായ കുറയ്ഷിപ്പടയെ കണ്ടപ്പോള്‍ ആ ദിവസത്തെ യുദ്ധത്തിന്റെ പരിണാമത്തെക്കുറിച്ച് പ്രവാചകന്‍ ആകുലപ്പെട്ടു. അദ്ദേഹം അബൂബക്‌റിനെ കൂട്ടി തനിക്കായൊരുക്കിയ തമ്പിലേക്ക് ചെന്നു. നാഥന്റെ അപരിമേയമായ അനുഗ്രഹവര്‍ഷത്തിൽ പ്രതീക്ഷയർപ്പിച്ച്, കഅ്ബയുടെ ദിശയിലേക്ക് തിരിഞ്ഞ്, ഏകാഗ്രചിത്തനായി സുദീര്‍ഘമായ പ്രാര്‍ത്ഥനയിലേക്ക് നബി പ്രവേശിച്ചു.

“അല്ലാഹുവേ, കുറയ്ഷികളിതാ, നിന്നെ എതിര്‍ത്തും നിന്റെ ദൂതനെ അപവദിച്ചും ഇവിടെ വന്നെത്തിയിരിക്കുന്നു. അഹങ്കാരവും പൊങ്ങച്ചവും എടുത്തണിഞ്ഞാണവരുടെ വരവ്. നാഥാ, നീ വാക്കുതന്ന സഹായം ഞങ്ങള്‍ക്കു നല്‍കുക. ഇന്നീ കൊച്ചു സംഘം നാമാവശേഷമാക്കപ്പെടുകില്‍ നീ പിന്നീടൊരിക്കലും ആരാധിക്കപ്പെടുകയില്ല.” കരളുരുകിയുള്ള പ്രാര്‍ത്ഥന നീണ്ടുനീണ്ടങ്ങനെ പോയി. തൗഹീദാകുന്ന നിത്യമഹാസത്യം പ്രഖ്യാപിച്ചതു മുതൽ തന്നെയും കൂടെയുള്ള വിശ്വാസി സമൂഹത്തെയും രാജ്യഭ്രഷ്ടരാക്കുന്നതുവരെ കുറയ്ഷ് സഹിപ്പിച്ച ദുഃഖശതങ്ങൾ അന്നേരം പ്രവാചകന്റെ മനസ്സിലൂടെ കടന്നുപോയിരിക്കണം. അതിനിടെ തിരുദൂതരുടെ ശിരോവസ്ത്രം ഉതിര്‍ന്നുവീണു. പ്രാര്‍ത്ഥനാ നിരതനായി തൊട്ടരികില്‍ നില്‍ക്കുകയായിരുന്ന അബൂബക്ര്‍ അതെടുത്ത് തിരികെ തിരുമേനിയുടെ തോളില്‍ വെച്ചുകൊടുത്തു. “തിരുദൂതരേ,” അബൂബക്ര്‍ പതുക്കെ വിളിച്ചു. “ഇത്രയും മതി. അങ്ങയുടെ നാഥന്റെ ആ വാഗ്ദാനം പുലരാതിരിക്കില്ല.” എന്നാല്‍, നബി ഗാഢവും സുദീർഘവുമായ പ്രാർത്ഥന അവിരതമായി തുടര്‍ന്നു.

ചെരുവിറങ്ങിയ കുറയ്ഷ് അകന്‍കലിന്റെ അടിവാരത്ത് തമ്പടിച്ചു. തങ്ങള്‍ കണക്കു കൂട്ടിയതിനെക്കാള്‍ എണ്ണത്തില്‍ കുറവും ദുര്‍ബ്ബലവുമാണ് മുസ്‌ലിം സേന! അവരുടെ മനസ്സ് ആശ്വാസത്തിന്റെ കാറ്റേറ്റ് കുളിർത്തു. മക്കയിൽ കേട്ടതനുസരിച്ച് യസ്‌രിബ് ഒന്നടങ്കം ഈ രണാങ്കണത്തിൽ കുറയ്ഷി സേനക്ക് അഭിമുഖം നിൽക്കേണ്ടതായിരുന്നു. എന്നാലിവിടെ കാണുന്നതോ! അവർ അത്ഭുതത്തിന്റെയും അവിശ്വസനീയതയുടെയും ധൂമപടലത്തിനുള്ളിലായി. ആ അവിശ്വസനീയതയിലാണവർ ജുമഹ് ഗോത്രജനായ ഉമയ്റിനെ കൃത്യമായ കണക്കെടുക്കുവാനയച്ചത്. ഉമയ്ർ കുതിരപ്പുറത്തേറി മുസ്‌ലിംകള്‍ തമ്പടിച്ചതിനു പിൻഭാഗത്തെത്തി, അവശ്യഘട്ടത്തില്‍ എത്താനായി കരുതല്‍സേന വല്ലതും പിന്നാമ്പുറങ്ങളിൽ സജ്ജമാണോ എന്നാണയാള്‍ അറിഞ്ഞുവരേണ്ടത്.

താഴ്‌വരയുടെ മറുഭാഗത്ത് ഇപ്പോള്‍ അഭിമുഖം നില്‍ക്കുന്ന ആ സൈനികര്‍ക്കപ്പുറം ഒരു സേനയുടെ അടയാളങ്ങളൊന്നുമില്ലെന്ന് വിവരം കൈമാറുന്നതിനോടൊപ്പം അയാൾ കൂട്ടിച്ചേർത്തു, “എന്നാല്‍, കുറയ്ഷികളേ, നിങ്ങളിലൊരാള്‍ അവരിലൊരാളെ കൊല്ലുന്നതിനു മുമ്പ് അവരുടെ ഖഡ്ഗങ്ങള്‍ നിങ്ങളുടെ ശിരസ്സ് കൊയ്തിരിക്കും. അവരുടെ എണ്ണത്തിന് തത്തുല്യമായ അളുകളെ നിങ്ങളിൽനിന്നവർ വകവരുത്തുകയാണെങ്കില്‍ പിന്നെ ജീവിതത്തില്‍ മറ്റെന്തുണ്ട് ബാക്കി?” മക്കയില്‍ ഉമയ്‌റിനുണ്ടായിരുന്ന ‘ദിവ്യജ്ഞാനി’ പരിവേഷം അയാളുടെ വാക്കുകള്‍ക്ക് കനംകൂട്ടി. അനിതരമായൊരു ഭയപ്പാടിന്റെ വിദ്യുല്ലത സൈനികര്‍ക്കിടയിലൂടെ പാഞ്ഞു. ഖദീജയുടെ അര്‍ധസഹോദരന്‍ ഹകീം ഇതു കേട്ടതും അവസരം മുതലാക്കി അബ്ദുശംസിന്റെ തമ്പുകളിലെത്തി ഉത്ബയെ കണ്ടു.

“അബുല്‍ വലീദ്, താങ്കള്‍ കുറയ്ഷികളിലെ മഹാനായ മനുഷ്യനാണ്, അവരുടെ നേതാവാണ്, താങ്കള്‍ പറയുന്നത് അവരനുസരിക്കും. അന്ത്യനാള്‍വരെ താങ്കൾ പ്രശംസിക്കപ്പെടണമെന്നാഗ്രഹമുണ്ടോ?
“അതെങ്ങനെ?” ഉത്ബ ചോദിച്ചു.
“അവരെ തിരിച്ചു കൊണ്ടുപോകൂ.” ഹകീം തുടര്‍ന്നു, “താങ്കളുടെ സഖ്യകക്ഷിയിൽപെട്ട അംറ് അൽഹദ്റമിയുടെ കൊലയുടെ ഉത്തരവാദിത്വം താങ്കള്‍തന്നെ ഏറ്റെടുക്കുക, നഖ്‌ലയില്‍ വെച്ച് അബ്ദുല്ലാഹ് ബിൻ ജഹ്ഷിന്റെ സംഘത്തിന്റെ കൈയ്യാൽ നടന്ന കൊലയിലൂടെ ഉരുത്തിരിഞ്ഞ യുദ്ധസാഹചര്യത്തെ ഇല്ലാതാക്കുക.” കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ ആമിര്‍ അൽഹദ്റമി കുറയ്ഷിപ്പടയോടൊപ്പം ചേർന്നത് മുസ്‌ലിംകളോട് പ്രതികാരം ചെയ്യണമെന്ന ഉത്ക്കടമായ അഭിലാഷത്തോടെയാണ്. സമാധാനം ലാക്കാക്കി യുദ്ധത്തിന്റെ ഏറ്റവും വലിയ പ്രചാരകന്‍ അബൂജഹ്‌ലിനോട് സംസാരിക്കാമെന്ന് ഉത്ബയേറ്റു.

അതിനു മുമ്പ് അവിടെ കൂടിയവരോടായി ഉത്ബ പറഞ്ഞു, “കുറയ്ഷികളേ, മുഹമ്മദിനോടും അയാളുടെ അനുചരന്മാരോടും ഏറ്റുമുട്ടിയിട്ട് നിങ്ങള്‍ക്കൊന്നും നേടാനില്ല. ഇനി നിങ്ങള്‍ക്കവരെ നിലംപരിശാക്കാന്‍ സാധിച്ചാല്‍തന്നെ അവരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ സ്വന്തം സഹോദരങ്ങളെയും പിതൃസഹോദരങ്ങളെയും പിതൃസഹോദര പുത്രരെയും ബന്ധുജനത്തെയുമാണ് നിങ്ങള്‍ കാണുക. അതിനാല്‍ മുഹമ്മദിന്റെ കാര്യം മറ്റു അറബി ഗോത്രങ്ങള്‍ക്ക് വിട്ടുകൊടുത്ത് നിങ്ങൾ തിരിച്ചുപോവുക. അവര്‍ അയാളെ വകവരുത്തിയാല്‍ നിങ്ങളാഗ്രഹിച്ചതുതന്നെ നടക്കും. ഇനി നാം തിരിച്ചുപോവുകിൽ തന്റെ കാര്യത്തില്‍ കുറയ്ഷ് ആത്മനിയന്ത്രണം പാലിച്ചതാണെന്നയാള്‍ കരുതിക്കൊള്ളും.” അന്തരീക്ഷത്തെ ചൂഴ്ന്ന് നിന്ന നിശ്ശബ്ദതയെ കീറിമിറിച്ച് ഉത്ബ പറഞ്ഞു. ഇനി അയാൾക്ക് കാണേണ്ടത്, അന്ന് നഖ്ലയിൽ കൊല്ലപ്പെട്ട അംറ് അൽഹദ്‌റമിയുടെ സഹോദരനെയാണ്. സഹോദരന്റെ വധത്തിനുള്ള ഹത്യാദേയം താന്‍ നല്‍കാമെന്നയാളോടു പറയണം.

കാര്യങ്ങൾ താൻ വിചാരിച്ച വഴിക്കു നീങ്ങുന്നത് കണ്ട ഹകീമിന്റെ മനസ്സ് തുഷ്ടിപ്പെട്ടു. അന്നേരമാണ് തന്റെ പതിവു വക്കാണവുമായി അബൂജഹ്ൽ ചാടിവീഴുന്നത്. ഉത്ബ ഒന്നാന്തരം ഭീരുവാണെന്നയാൾ ആക്രോശിച്ചു. താനും ശത്രുപാളയത്തിലുള്ള മകൻ അബൂഹുദയ്ഫയും കൊല്ലപ്പെടുമെന്ന് വൃദ്ധൻ ഭയക്കുന്നു. ആമിർ അൽഹദ്റമിയുടെ മുമ്പിലെത്തി അബൂജഹ്ൽ അയാളോട് പറഞ്ഞു, “ആമിർ, സഹോദരനുവേണ്ടി പ്രതികാരം ചെയ്യാൻ കൈവന്ന അവസരം കയ്യിൽനിന്ന് നഷ്ടപ്പെടാനനുവദിക്കരുത്, എഴുന്നേൽക്ക്.” അയാൾ ആമിറിനെ പിടിച്ചെഴുന്നേല്പിക്കാൻ കൈനീട്ടി. “സ്വന്തം സഹോദരന്റെ രക്തത്തിന് പ്രതികാരം ചെയ്തേ അടങ്ങൂ എന്ന നിങ്ങളുടെ പ്രതിജ്ഞ ഇവരെയൊക്കെ ഓർമ്മിപ്പിക്കുക.” ആമിർ ഒരു ഹിംസ്രജന്തുവിനെപ്പോലെ ചീറിയെഴുന്നേറ്റു. ഉന്മാദത്തിന്റെ പാരമ്യത്തിലെന്നവണ്ണം വസ്ത്രങ്ങൾ പറിച്ചെറിഞ്ഞ് നെഞ്ചത്തടിച്ച് ഉച്ചസ്ഥായിയിൽ വിലപിച്ചു, “എന്റെ അംറേ! എന്റെ അംറേ!” അയാൾ നാടകീയമായി പ്രതികരിച്ചതോടെ ചെറുകനലായി എരിഞ്ഞമരുകയാണെന്ന് തോന്നിച്ച സംഘർഷം അല്പായുസ്സായൊരു ശാമന പ്രതീക്ഷക്കു പിന്നാലെ രാക്ഷസ നാളങ്ങളായി ആളിയുയർന്നു. വിക്ഷുബ്ധ മനസ്സുകളിലെ ലോലസ്ഥലികളിൽ പ്രതികാരത്തിന്റെ അഗ്നിശൈലം ചീറിത്തെറിച്ചു. ഇനി ഉത്ബയല്ല, ആര് വിചാരിച്ചാലും അവരെ തടയാനാകില്ല.

യുദ്ധത്തിനായുള്ള കുറയ്ഷികളുടെ ഒരുക്കങ്ങൾ ഒരു ചെറുപ്പക്കാരന് താൻ ചിരകാലം മനസ്സിൽ കൊണ്ടുനടന്ന സ്വപ്ന നിമിഷം താലത്തിൽ വെച്ചുകൊടുത്തു. മകൻ അബ്ദുല്ലയെ സുഹയ്ൽ ബദ്റിലേക്ക് കൂടെക്കൂട്ടിയതുതന്നെ തന്റെ അസാന്നിധ്യം മുതലാക്കി അവൻ യസ്‌രിബിലേക്ക് കടന്ന് മുഹമ്മദിനോടൊപ്പം ചേരുമോ എന്ന ഭയത്താലായിരുന്നു. ജുമഹ് ഗോത്രമൂപ്പൻ ഉമയ്യയും സമാനമായ ഭയപ്പാടിൽ മകൻ അലിയെ ബദ്റിലേക്ക് കൂട്ടിയിരുന്നു. വിശ്വാസം ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങിയ മുസ്‌ലിമാണ് അബ്ദുല്ലയെങ്കിൽ അലി വെറുമൊരു സന്ദേഹിയായിരുന്നു. കുറയ്ഷി തമ്പുകൾക്കരികിലെ മണൽക്കൂനകളിലൂടെ മുങ്ങാങ്കുഴിയിട്ട് പതുങ്ങി അബ്ദുല്ല മുസ്‌ലിം പാളയത്തിലെത്തി നേരെ പ്രവാചക സന്നിധിയിലേക്ക് ചെന്നു. ഇരുവർക്കുമിടയിൽ സമാഗമത്തിന്റെ ആഹ്ലാദം തിരതല്ലി. അബ്ദുല്ല അളിയൻമാരായ അബൂഹുദയ്ഫയെയും അബൂസബയെയും ആലിംഗനം ചെയ്തു. കടുത്തൊരു യുദ്ധത്തിന്റെ പശ്ചാത്ഭൂമിയിൽ പുനസ്സമാഗമത്തിന്റെ തണുവേറ്റ് വിശ്വാസികളുടെ മനം കുളിർത്തു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.