
ചരിത്രാസ്വാദനം
പടയൊരുക്കം
”താങ്കളുടെ മുഖം ആകാശത്തേക്ക് നോക്കി തിരിയുന്നത് നാം കാണുന്നു. അതിനാല്‍ താങ്കളിഷ്ടപ്പെട്ട ഭാഗത്തേക്ക് നാം താങ്കളെ തിരിക്കുകയാണ്. താങ്കളുടെ മുഖം ഇനി മസ്ജിദുല്‍ ഹറാമിന്റെ ഭാഗത്തേക്ക് തിരിച്ചേക്കൂ. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ മുഖം അതിനുനേരെ തിരിച്ചേക്കൂ” ശഅ്ബാനില്‍ തന്നെയാണ് ക്വുര്‍ആനിന്റെ ആ പ്രഖ്യാപനം വന്നത്. അവിടംമുതല്‍ പള്ളിയുടെ മിഹ്റാബ് മക്കയുടെ ഭാഗത്തേക്കുള്ള ചുമരിലേക്കു മാറ്റി. മുസ്ലിംകളുടെ ചിരകാല സ്വപ്നമായിരുന്ന ഈ ദിശാമാറ്റം അത്യധികം ആഹ്ലാദത്തോടെയാണ് പ്രവാചകനും അനുചരന്മാരും സ്വീകരിച്ചത്.
മക്കയില്‍ നിന്നുള്ള ധനാഢ്യരായ വണിക്കുകളുടെ സംഘം സിറിയയില്‍ നിന്ന് മടങ്ങുന്ന സമയം വന്നെത്തി. അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടുവെന്ന വിവരം ലഭിച്ചപ്പോള്‍ നബി ത്വല്ഹയേയും സഈദ് ബിൻ സെയ്ദിനെയും മദീനക്കു പടിഞ്ഞാറുള്ള ഹെവ്റാ തീരത്തേക്ക് പറഞ്ഞയച്ചു. മുസ്ലിംകളെയും മദീനയെയും സംബന്ധിച്ചേടത്തോളം ദൂരവ്യാപകമായ ഭവിഷത്തുക്കളെ ഗര്‍ഭം ധരിച്ചുനില്ക്കുന്ന സംഘത്തിന്റെ ചലനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുകയാണ് ദ്വയാംഗസംഘത്തിന്റെ ലക്ഷ്യം. പ്രദേശത്തെ പ്രമുഖ ഗോത്രമായ ജുഹൈനയുടെ തലയാള്‍ മാന്യമായ ആതിഥ്യമാണ് പ്രവാചകന്റെ ദൂതന്മാരുടെ നേരെ നീട്ടിയത്. വ്യാപാര സംഘം കടന്നുപോകുന്നതുവരെ അവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചു.
പക്ഷേ എന്തു ചെയ്യാം, മദീനയിലുള്ള ഒരു കപടവിശ്വാസിയും മറ്റൊരു യഹൂദനും ചേര്‍ന്ന് നബിയുടെ നീക്കങ്ങളെക്കുറിച്ച് അബൂസുഫ്യാന് വിവരങ്ങള്‍ നല്കിക്കൊണ്ടേയിരുന്നു. അയാളാകട്ടെ, ഗിഫ്ഫാര്‍ ഗോത്രജനായ ദംദമിനെ വാടകക്കെടുത്ത്, കഴിയും വേഗം മക്കയിലെത്തി ക്വുറയ്ശികളോട് ഒരു യുദ്ധത്തിന് സജ്ജമാകണമെന്നും ഉടനടി സൈന്യം മക്കയില്‍ നിന്ന് പുറപ്പെട്ട് തങ്ങളുടെ സംഘത്തെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നും ആഹ്വാനം ചെയ്യാനായി ചട്ടംകെട്ടി. അയാള്‍ രാവും പകലും യാത്ര ചെയ്ത് തീരദേശ പാതയിലൂടെതന്നെ അതിവേഗം മക്കയിലെത്തും. അതിജീവനത്തിന്റെ ചടുലചലനങ്ങള് കുറ്റമറ്റതാക്കാന്‍ പരിണതപ്രജ്ഞനായ അബൂസുഫ്യാന് പ്രയാസപ്പെടേണ്ടിവന്നില്ല.
പ്രവാചകൻ കഴിയുന്നത്ര കാലം മദീനയില്‍തന്നെ നില്‍ക്കേണ്ട അവസ്ഥയിലാണ്. തിരുമേനിയുടെ പ്രിയപുത്രി റുകയ്യ അത്യാസന്ന നിലയിലുള്ള രോഗിയാണ്. എന്നാൽ, വൈയക്തികമായ ആവശ്യങ്ങള്‍ സമൂഹത്തിന്റെ ആവശ്യത്തിനു മുമ്പില്‍ പിന്തള്ളപ്പെടണമെന്ന് ലോകം കണ്ടതില്‍ വെച്ചേറ്റവും മഹാനായ നേതാവിനെ ആരും പഠിപ്പിക്കേണ്ടതില്ല. ലോകത്തിന്റെ പുതിയ പ്രതീക്ഷയായി ഉയര്‍ന്നുവരുന്ന വിശ്വാസത്തിന്റെ പ്രായോക്താക്കളെ ആലസ്യങ്ങളും അലസതകളും പിറകോട്ടു വലിച്ചുകൂടാ. ത്വല്‍ഹയും സഈദും മദീനയില്‍ തിരിച്ചെത്തുന്നതിനു മുമ്പുതന്നെ നബി മുഹാജിറുകളും അന്‍സാറുകളുമടങ്ങുന്ന ഏതാനും മുസ്ലിംകള്ക്കൊപ്പം മദീന വിട്ടുകഴിഞ്ഞിരുന്നു. നൂറ്റിയഞ്ചുപേരായിരുന്നു അവര്‍. തികവുറ്റ കായബലമുള്ള എഴുപത്തിയേഴ് മുസ്ലിംകളാണ് മദീനയിലുള്ളത്. അവരെല്ലാവരും ഈ ദൗത്യനിര്‍വഹണ സംഘത്തില്‍ പങ്കാളികളായി; മൂന്നു പേരൊഴികെ, പ്രവാചകന് തന്റെ മരുമകൻ ഉസ്മാനോട് മദീനയില്തന്നെയുണ്ടാകണമെന്ന് നിർദ്ദേശിച്ചു. അദ്ദേഹം തന്റെ രോഗാതുരയായ ജീവിതപങ്കാളിയെ ശുശ്രൂഷിക്കട്ടെ, ത്വല്‍ഹയും സഈദുമായിരുന്നു മറ്റു രണ്ടുപേര്‍, അവരാകട്ടെ, പ്രവാചകന് ഏല്‍പ്പിച്ച ഒരു ദൗത്യനിർവ്വഹണം കഴിഞ്ഞ് തിരിച്ചെത്തുന്നതേയുള്ളൂ.
നബിയുടെയും സംഘത്തിന്റെയും ഒന്നാമത്തെ വിശ്രമ സങ്കേതത്തിലെത്തി; ഇപ്പോഴും അവര്‍ മരുപ്പച്ചയുടെ അതിര്‍ത്തി മുറിച്ചുകടന്നിട്ടില്ല. അല്പായുസ്സായൊരു വിശ്രമത്തിനുശേഷം അവര്‍ യാത്ര തുടരും. ഈ ഇടവേളയിലാണ് പ്രവാചകന്റെ മച്ചുനന്‍ സഅദ് തന്റെ പതിനഞ്ചുകാരനായ സഹോദരന് ഉമയ്റിനെ ശ്രദ്ധിക്കുന്നത്. പുറത്തേക്ക് കാണാനാകാത്ത ഏതോ ആകുലതയുടെ അടയാളങ്ങള്‍ അനുജന്റെ മുഖത്ത് സഅദ് വായിച്ചെടുത്തു.
”നീ എന്തിനെയോ ഭയപ്പെടുന്നുവല്ലോ ഉമയ്ര്”- സഅദ് ചോദിച്ചു, ”എന്താണെങ്കിലും പറഞ്ഞോളൂ.”
”അതെ, ഞാന്‍ ഭയക്കുന്നു” ഉമയ്ര് പറഞ്ഞു. അല്ലാഹുവിന്റെ ദൂതര്‍ എന്നെ കാണുമെന്നും കുട്ടിയാണെന്നു പറഞ്ഞ് തിരിച്ചയക്കുമെന്നും ഞാന്‍ വല്ലാതെ ഭയപ്പെടുന്നു. എന്നാല്‍, സംഘത്തോടൊപ്പം യാത്ര തുടരണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. അല്ലാഹു എനിക്ക് രക്തസാക്ഷിത്വം നല്‍കിയെങ്കിലോ.
ഉമയ്ർ ഭയപ്പെട്ടതുതന്നെയാണ് സംഭവിച്ചത്. പ്രവാചകന് അവനെ ശ്രദ്ധിച്ചു. മുസ്ലിംകള് അണിനിരന്നു നില്‍ക്കുകയായിരുന്നു. വളരെ ഇളംപ്രായത്തിലുള്ള ‘പട്ടാളക്കാര’നോട് പ്രവാചകന് വീട്ടിലേക്ക് തിരിച്ചുപോകാനാവശ്യപ്പെട്ടു. ആറ്റുനോറ്റു ലഭിച്ച ജീവിതത്തിലെ അത്യപൂര്വതകളെ ബലികൊടുക്കാന്‍ ഉമയ്ര് തയ്യാറല്ല, ഹൃദയബാഷ്പം അണപൊട്ടി. കൊച്ചുവിശ്വാസിയുടെ അദമ്യമായ ആവേശം പ്രവാചകന്റെ മനസ്സുമാറ്റി. ഉമയ്ര് സംഘത്തിലുണ്ടാകട്ടെ. അഭൂതപൂര്‍വമായ ഈ വിശ്വാസ ബഹിര്‍സ്ഫുരണത്തില്‍ അന്തരീക്ഷം പരിപൂരിതമായി. പിന്നീട് പിറവികൊണ്ട സമാധാനത്തിന്റെ ഭാസുര കാലത്തൊരിക്കല്‍ ഭൂതകാലത്തിന്റെ മാറാപ്പുകള്‍ ചികഞ്ഞ് ഓര്‍മകള്‍ പെറുക്കിയെടുത്ത് സഅദ് പറഞ്ഞു. ”അവനെത്ര കുട്ടിയായിരുന്നുവെന്നോ, ഞാനായിരുന്നു അന്ന് വാള് തൂക്കിയിടാനുള്ള പട്ട അവന് കെട്ടിക്കൊടുത്തത്.”
എഴുപതൊട്ടകങ്ങളുടെയും മൂന്ന് കുതിരകളുടെയും പുറത്ത് ഊഴമനുസരിച്ച് മാറിമാറി അവര്‍ യാത്രചെയ്തു. ധവളധ്വജം മുസ്അബിന് കൈമാറി. എന്തേ അങ്ങനെ? അതങ്ങനെയാണ്. അദ്ദേഹം അബ്ദുദ്ദാര്‍ വംശജനാണ്. ക്വുറയ്ഷ് പ്രതാപത്തിന്റെ ഉച്ചിയില്‍ നില്ക്കുന്ന അവസരത്തിലും അഭിയാനവേളകളില് കൊടിയേന്തിയിരുന്നത് അബ്ദുദ്ദാറിലെ ഒരംഗമാണ്. നബിയുടെ അസാന്നിധ്യത്തില്‍ മദീനയില്‍ പ്രാര്‍ത്ഥനക്കും മറ്റും നേതൃത്വം നല്‍കേണ്ടത് അന്ധനായ അബ്ദുല്ലയാണ്. ഓര്‍മ്മയില്ലേ, ”അയാള്‍ മുഖംചുളിച്ചു തിരിഞ്ഞുകളഞ്ഞു” എന്നു തുടങ്ങുന്ന വിശുദ്ധ ക്വുര്‍ആനിലെ സൂക്തമിറങ്ങാന് കാരണക്കാരനായ അബ്ദുല്ലാഹ് ബിന്‍ ഉമ്മു മക്തൂമിനെ?
മുഹമ്മദിനെതിരെ യുദ്ധസജ്ജരായി പടനയിക്കാന്‍ അബൂസുഫ്യാൻ അടങ്ങുന്ന മക്കക്കാരായ വണിക്കുകളുടെ നിര്‍ദേശവുമായി ദംദം മക്കയിലെത്തുന്നതിന്റെ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് പ്രവാചകന്റെ അമ്മായി ആത്തിക്ക ഒരു സ്വപ്നംകണ്ടു. വല്ലാത്ത സ്വപ്നമായിരുന്നു അത്. ആസന്നമായൊരു ദുരന്തം ക്വുറയ്ശികളെ കാത്തിരിക്കുന്നുവെന്ന മുന്നറീപ്പുപോലെയൊരു സ്വപ്നം. ഭയപ്പാടിന്റെ പ്രസരാഘാതം അവരുടെ അസ്ഥികള്‍വരെ തുളച്ചെത്തി. അവര്‍ തന്റെ സഹോദരന് അബ്ബാസിന്റെ അടുത്തേക്ക് ആളെവിട്ടു. താന്‍ കണ്ട സ്വപ്നം അവര്‍ സഹോദരന് വിശദീകരിച്ചു. ‘ഒട്ടകപ്പുറത്തെത്തിയ ഒരാള്‍ താഴ്വാരത്ത് നിന്നു. ഉച്ചസ്ഥായിയായ ശബ്ദത്തില്‍ അയാള്‍ വിളിച്ചുപറഞ്ഞു,”വിശ്വാസ വഞ്ചകരേ, ഇറങ്ങിവരൂ, മൂന്നു ദിനങ്ങൾക്കുള്ളില്‍ ഇതാ നിങ്ങള്‍ക്കൊരു ദുരന്തം. അതു നിങ്ങളെ മൂക്കടിച്ച് നിലത്തുവീഴ്ത്തിക്കളയും.” അന്നേരം ജനങ്ങള്‍ ആഗതന് ചുറ്റും കൂടുകയാണ്. പിന്നീടയാള്‍ വിശുദ്ധ ഗേഹത്തിനുള്ളിലേക്ക് കേറി. കൂടെ അനുചരന്മാരും, തുടർന്ന്, കഅ്ബയുടെ മുകളില്‍ കയറിനിന്നു നേരത്തെ പറഞ്ഞത് ആവര്‍ത്തിച്ചു. പിന്നീട് ഒട്ടകം അയാളെയുമായി അബുല്ക്വുബൈസ് പര്‍വതത്തിന്റെ ഉച്ചിയിലേക്കു കയറി. അവിടെവച്ചും അയാള്‍ നേരത്തെ പറഞ്ഞത് ആവര്‍ത്തിച്ചു. എന്നിട്ട് ഒരു വലിയ പാറ വലിച്ചുനീക്കി അബുല്‍ ക്വുബൈസിന്റെ ചരുവിലൂടെ ഉരുട്ടിവിട്ടു. മലയുടെ താഴ്വാരത്തെത്തിയപ്പോഴേക്കും പാറ നിരവധി ചീളുകളായിക്കഴിഞ്ഞിരുന്നു. അതിന്റെ ഒരു ചീളെങ്കിലുമേല്ക്കാത്ത ഒരു വീടും മക്കയിലെങ്ങുമുണ്ടായിരുന്നില്ല.”
അബ്ബാസ് സഹോദരി കണ്ട സ്വപ്നം വിസ്തൃതമായിതന്നെ വലീദിന്റെ പുത്രന് ഉത്ബക്കു പറഞ്ഞുകൊടുത്തു. അവിടെനിന്ന് പുതിയ കാതുകളിലേക്ക്. കൂടുതല്‍ ചുണ്ടുകളും കൂടുതല്‍ കൂടുതല്‍ കാതുകളും കൈമാറി കൈമാറി അബ്ദുല്‍ മുത്തലിബിന്റെ പുത്രി ആത്തിക്കയുടെ സ്വപ്നം മക്കയിലുടനീളം പരന്നൊഴുകാന്‍ അധികം സമയം വേണ്ടിവന്നില്ല. പിറ്റെദിവസം അബൂജഹ്ൽ എന്ന അംര്ബിന് ഹിഷാം അത്ഭുതംകൂറി. ഉദ്ധൃതമായ അഹങ്കാരത്തില്‍നിന്ന് പ്രയാണംകൊണ്ട പരിഹാസത്തോടെ അയാള്‍ അബ്ബാസിനോടു ചോദിച്ചു,
”അബ്ദുല്‍ മുത്തലിബിന്റെ മക്കളേ, എന്നുമുതൽക്കാണ് നിങ്ങളുടെ കൂട്ടത്തില്‍ ഒരു ‘പ്രവാചക’ പ്രത്യക്ഷപ്പെട്ട് പ്രവചനങ്ങളുതിര്ക്കാന് തുടങ്ങിയത്? നിങ്ങളിലെ പുരുഷന്മാര്ക്കു പോരെ ഈ പ്രവാചകന് കളി? സ്ത്രീകളും അങ്ങനെ ചെയ്യണമെന്ന് നിര്‍ബ്ബന്ധമുണ്ടോ?”
അബ്ബാസിന്റെ കയ്യില്‍ ഉത്തരമൊന്നുമുണ്ടായിരുന്നില്ല. ഉത്തരം പ്രതീക്ഷിച്ചുകൊണ്ടുള്ള ചോദ്യവുമായിരുന്നില്ല അത്.
എന്നാല്‍, അബൂജഹ്ലിന് പിറ്റെദിവസം മറുപടി ലഭിക്കുകതന്നെ ചെയ്തു; മറ്റൊരു വഴിക്കായിരുന്നെന്ന് മാത്രം. ദംദമിന്റെ മുഴങ്ങുന്ന ശബ്ദം അബുല്ക്വുബൈസിന്റെ ചെങ്കുത്തായ പാറകളില്‍തട്ടി മക്കയെ പ്രകമ്പനം കൊള്ളിക്കാന്‍പോന്ന പ്രതിധ്വനി സൃഷ്ടിച്ചു. പുകചെന്ന പെരുച്ചാഴി മാളത്തില്‍ നിന്നെന്നപോലെ മക്കക്കാര്‍ അവരുടെ വീടുകള്‍ക്ക് പുറത്തേക്കുവന്നു. ദംദമിന്റെ മനസ്സു കുളിര്ക്കുവോളം അബൂസുഫ്യാന് അയാളുടെ കൈവെള്ളയിൽ വെണ്ണപുരട്ടിയിരുന്നു. അതുകൊണ്ടുതന്നെ, തന്റെ ഭാഗം അയാള്‍ ഭംഗിയായി നിര്‍വഹിച്ചു. അയാള്‍ ജീനി ഒട്ടകത്തിന്റെ തലയുടെ ഭാഗത്തേക്ക് തിരിച്ചിട്ടിരുന്നു. തൂങ്ങിനില്‍ക്കുന്ന ദുരന്തത്തിന്റെ ഭയാനകത തരിമ്പും നഷ്ടപ്പെടാതെ മക്കക്കാരിലെത്തിക്കാന് അപ്രതീക്ഷിതമായ നീക്കത്തിലൂടെ അയാള്‍ക്ക് സാധിച്ചു; ഒട്ടകത്തിന്റെ മൂക്കങ്ങ് മുറിച്ചു. ചോര ചീറ്റിത്തെറിച്ചു, സ്വന്തം കുപ്പായം വലിച്ചുകീറി കഷണം കഷണമാക്കി. ”ക്വുറയ്ഷികളേ,” അയാള്‍ തന്റെ ശബ്ദത്തിന്റെ പാരമ്യംതന്നെ എടുത്തുപയോഗിച്ചു. ”ചരക്ക് വഹിക്കുന്ന ഒട്ടകങ്ങള്‍, ചരക്കു വഹിക്കുന്ന ഒട്ടകങ്ങള്‍…” അയാള്‍ പരിഭ്രാന്തിയുടെ ദ്രുതവേഗത്തില്‍ വാക്കുകൾ മുഴുവനാക്കി,
“അബൂസുഫ്യാനോടൊപ്പമുള്ള നിങ്ങളുടെ ചരക്കുകള്‍ക്ക് പിറകെ മുഹമ്മദ് കൂടിയിരിക്കുന്നു. സഹായിക്കുക! സഹായിക്കുക!!”
എത്ര പെട്ടെന്നാണ് മക്ക എന്ന പുരാതന നഗരം തേനീച്ചക്കൂടുപോലെ സജീവമായത്! അപകടത്തില്‍പ്പെട്ടിരിക്കുന്ന കച്ചവടസംഘം അക്കൊല്ലത്തെ ഏറ്റവും സമ്പന്നമായ സംഘമായിരുന്നു. അതു നഷ്ടമാകുന്നതിലെ ഭീതി അവരെ വിറകൊള്ളിച്ചു. ആയിരത്തോളം വരുന്ന ഒരു സൈന്യം നൊടിയിടയില്‍ സജ്ജമായി. ”ഇത് ഇബ്നുഹദ്റമിയുടെ വ്യാപാരസംഘമാണെന്നു കരുതിയോ മുഹമ്മദ്” – അവര്‍ ചോദിച്ചു. നഖ്ല താഴ്വരയില്‍വച്ച് ജഹ്ഷിന്റെ പുത്രന് അബ്ദുല്ലയുടെയും സംഘത്തിന്റെയും അമ്പേറ്റ് മരണടഞ്ഞയാളാണ് അംറ് ബിന്‍ ഹദ്റമി. അദിയ്യ് വംശം മാത്രമാണ് യുദ്ധംസംഘത്തില് പങ്കെടുക്കാതിരുന്നത്. ഓരോ ഗോത്രത്തിന്റെയും നേതാവ് ഒരു സൈനിക ദളത്തെ നയിച്ചു. അവിടെയും അപവാദമുണ്ടായി. ബനൂഹാഷിമിന്റെ ഉഗ്രപ്രതാപിയായ തലയാള്‍ അബൂലഹബ് കടംവാങ്ങിയ വകയില്‍ വലിയ സംഖ്യ തനിക്ക് നല്‍കാനുള്ള ഒരു മഖ്സൂമിയെപ്പിടിച്ച് പകരംനല്കി. അങ്ങനെ യുദ്ധത്തിന്റെ പൊല്ലാപ്പുകളില്‍ നിന്ന് അബൂലഹബ് തടിയൂരി. എന്നാല്‍, ബനൂഹാഷിമും ബനൂമുത്തലിബും ക്വുറയ്ഷികളുടെ വ്യാപാര സംഘത്തിന്റെ മാനം സംരക്ഷിക്കാനുള്ള പടനീക്കത്തില്‍ ആരുടെയും പിന്നിലല്ല. ഇരു വംശങ്ങളുടെയും നേതൃത്വമേറ്റെടുത്ത് ത്വാലിബ് മുമ്പോട്ടു വന്നു, അബ്ബാസ് സംഘത്തെ അനുഗമിച്ചു. ഒരുപക്ഷേ, ഒരു സമാധാന ഉടമ്പടിയുടെ പ്രയോക്താവാകാനായിരിക്കണം അബ്ബാസ് തന്റെ പ്രിയങ്കരനായ സഹോദരപുത്രനെതിരെയുള്ള പടനീക്കത്തില്‍ പങ്കാളിയാകുന്നത്. സത്യമെന്തോ അല്ലാഹുവിന്നറിയാം.
ഖദീജയുടെ ഭാഗിനേയന് ഹകീമിന്റെ സാന്നിധ്യവും ഇതേ ലക്ഷ്യത്തിനു വേണ്ടി തന്നെയായിരുന്നുവെന്ന് അത്ര ഉറപ്പോടെയല്ലെങ്കിലും ചരിത്രകാരന് കുറിച്ചിടുന്നു. അബൂലഹബിന്റെ മാര്‍ഗം സ്വീകരിച്ച് വീട്ടില്‍ കുത്തിയിരിക്കാന്‍ തീരുമാനിച്ചവരുടെ കൂട്ടത്തില്‍ മറ്റൊരു പ്രമാണി കൂടിയുണ്ട്. പ്രവാചകന്റെ ശത്രുക്കളില്‍ ഏറ്റവും മുമ്പില്‍ നില്ക്കുന്ന ഉമ്മയ്യ ബിന്‍ ഖലഫ് അല്‍ജുമഹി. പ്രായത്തിന്റെ പ്രാരബ്ധങ്ങളിൽ പുഴങ്ങി നടക്കുന്ന പൊണ്ണത്തടിനായിരുന്നു ഉമയ്യ. അയാള്‍ പള്ളിയിലിരിക്കുന്ന നേരത്താണ് പുകഞ്ഞുകൊണ്ടിരുന്ന ധൂപക്കുറ്റിയുമായി ഉക്ബ അങ്ങോട്ടു കടന്നുചെന്നത്. സുഗന്ധം പരത്തി പുകയുയര്‍ത്തുന്ന ധൂപക്കുറ്റി ഉമയ്യയുടെ മുമ്പില്‍ പ്രതിഷ്ഠിച്ച് ഉക്ബ പറഞ്ഞു ”ഇതും വാസനിച്ചിരുന്നുകൊള്ളൂ അബൂഅലീ, നിങ്ങള്‍ ഒരു സ്ത്രീയാണല്ലോ.”
ഉമയ്യയുടെ അഭിമാനം നൂറായി നുറുങ്ങി. ചാടിയെഴുന്നേറ്റ് അയാള്‍ പറഞ്ഞു. ”നിന്നെ പടച്ചവന് ശപിക്കട്ടെ ചങ്ങാതീ” ഉമയ്യക്ക് ഇനിയൊന്നും ആലോചിക്കാനില്ല, മുഹമ്മദുമായുള്ള നിർണായക യുദ്ധത്തിനായി അയാളും പോവുകയാണ്. ഒരു നഗരമാകെ ആസന്നമായൊരു യുദ്ധത്തിന്റെ ആവേശത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്. ഫലമെന്താകുമെന്ന് അവര്‍ക്ക് സംശയമില്ല; ദൈവങ്ങള്‍ സഹായിക്കാതിരിക്കില്ല.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.