ചരിത്രാസ്വാദനം
കരിമേഘങ്ങൾ
പ്രവാചകന്റെ പള്ളിയുടെ നിര്‍മാണം അന്ത്യഘട്ടത്തിലെത്തിയിരിക്കുന്നു. ഇവിടന്നങ്ങോട്ട് മുസ്ലിംകളുടെ ആരാധനാലയവും പാഠശാലയുമാണാ ഭവനം. കോടതിയും അതിഥിമന്ദിരവുമാണത്, പരദേശങ്ങളിൽ നിന്നുള്ള പ്രതിനിധിസംഘങ്ങളെ സ്വീകരിച്ച് ചർച്ചനടത്താനുള്ള നയതന്ത്രകാര്യാലയമാണത്. പ്രവാചകൻ അനുയായികളുമായി ഭാവി പരിപാടികൾ ചർച്ചചെയ്യുകയും ആസൂത്രണം ചെയ്യുകയും ചെയ്ത പാർലമെന്റാണത്. അതുതന്നെയാണ് ദൂരദിക്കുകളിൽ നിന്നുള്ള വാർത്തകൾ വിശ്വാസികൾക്കിടയിൽ വിതരണംചെയ്ത തപാലാപ്പീസും.
പള്ളിയുടെ പിന്നിലെ ഒരുഭാഗം തറകെട്ടി ഉയർത്തി ഈന്തപ്പനത്തടുക്കുകൊണ്ട് മേൽക്കൂര പണിത് വേർത്തിരിച്ചിരിക്കുന്നു. ഇവിടെയാണ് ഇനി വന്നെത്തുന്ന മുഹാജിറുകളെ പാർപ്പിക്കുക. ഇതുവരെ വന്നെത്തിയവർക്കെല്ലാം മദീനക്കാരായ ആതിഥേയരെയും ആ വഴിക്ക് സഹോദരങ്ങളെയും ലഭിച്ചിരുന്നു. അക്കാലത്ത് മക്കയിൽ നിന്നും പരദേശങ്ങളിൽ നിന്നും വന്നെത്തിയിരുന്നവർ ആദ്യം പ്രവാചകനെ സന്ധിക്കുകയായിരുന്നു പതിവ്. അദ്ദേഹം ആതിഥേയനെ കണ്ടെത്തിക്കൊടുക്കും. പിന്നെപ്പിന്നെ വന്നെത്തിയവരിൽ ചാർച്ചക്കാരോ പരിചയക്കാരോ ഉള്ളവർക്ക് വലിയ പ്രയാസമില്ലാതെ ആതിഥേയരെ ലഭിച്ചു. പല അൻസാരികളുടെ വീട്ടിലും ഒന്നിൽക്കൂടുതൽ മുഹാജിർ സോദരർ ഇപ്പോൾതന്നെയുണ്ട്.
എന്നാൽ, ഒടുവിലായി വന്നെത്തിയ, മദീനയിൽ മുൻപ് പരിചയക്കാരില്ലാത്തവരും നിസ്വരും നിസ്സഹായരുമായിരുന്ന മുഹാജിറുകളെയും ദൂരദിക്കുകളിൽനിന്ന് വന്ന് ഇസ്ലാം സ്വീകരിച്ചവരെയും പുനരധിവസിപ്പിക്കാൻ പ്രവാചകൻ കണ്ട മാർഗ്ഗമാണ് പള്ളിയുടെ ഭാഗമായി പണിത ഈ അതിഥി മന്ദിരം; ഇവരിൽ മഹാഭൂരിപക്ഷവും അവിവാഹിതരായിരുന്നു. ഉയർന്നുനിൽക്കുന്നതിനാൽ സുഫ്ഫ എന്നാണ് ആ ഭാഗത്തെ വിളിച്ചിരുന്നത്. പകൽ പ്രവാചകൻ അനുചരന്മാർക്ക് അറിവു പകർന്നുനൽകിയിരുന്ന പാഠശാലയും, രാത്രി അഭയാർത്ഥികളുടെ പൊതുശയനമുറിയുമായി സുഫ്ഫ. ഇവിടത്തെ അന്തേവാസികൾ സുഫ്ഫക്കാർ എന്ന പേരിലറിയപ്പെട്ടു.
പിൽക്കാല ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന സാത്വികരും ജ്ഞാനദാഹികളും പണ്ഡിതരുമായ പ്രവാചശിഷ്യന്മാരിൽ പ്രമുഖരായ അബൂഹുറയ്റ, അബൂദർ അൽഗിഫാരി, സൽമാൻ അൽഫാരിസി മുതൽപ്പേർ അക്കാലത്ത് സുഫ്ഫയിലെ അന്തേവാസികളായിരുന്നു. നബിക്ക് സദാ അവരുമായി ഇടപഴകാനും സംസാരിക്കാനും, സമയവും സൗകര്യവും ലഭിച്ചു. അഹ്ലുസുഫ്ഫയെ എല്ലാ നിലക്കും സഹായിക്കാൻ പ്രവാചകൻ ആവതനുവദിക്കുന്ന സഹചരരോട് നിർദ്ദേശിക്കുമായിരുന്നു. രണ്ടാളുടെ ഭക്ഷണത്തിനു വകയുള്ളവർ മൂന്നാമനായും, നാലാളുകളുടെ ഭക്ഷണത്തിനു വകയുള്ളവർ അഞ്ചാമനായും ആറാമനായും സുഫ്ഫക്കാരനെ കൂടെക്കൂട്ടട്ടെ എന്ന് പ്രവാചകൻ പറയാറുള്ളതായി പിന്നീട് അബൂബക്റിന്റെ പുത്രൻ അബ്ദുറഹ്മാൻ പറയുന്നുണ്ട്.
ചരിത്രം ഇനിയും സാക്ഷിയാകാനിരിക്കുന്ന ഹൃദയസ്പർശിയായ ഒരു രംഗമുണ്ട്. ഫാത്വിമ ഒരിക്കൽ പിതാവിനടുത്തെത്തി തനിക്കൊരു പരിചാരകനെ വച്ചുതരാൻ സാധിക്കുമോ എന്നാരാഞ്ഞു. വീട്ടുജോലി ചെയ്തു ചെയ്ത് ചടച്ചുപോയ മകളുടെ ശരീരത്തിലേക്ക് വേദനകിനിയുന്ന കണ്ണുകളോടെ നബി നോക്കി. ഒരുവേള, മനസ്സിന്റെ അഭ്രപാളിയിൽ ഖദീജ തെളിഞ്ഞിരിക്കണം. പിതാവ് പക്ഷേ, നിസ്സഹായനായിരുന്നു. മകളെ ചേർത്തുപിടിച്ച്, കടുംകാലങ്ങളിൽ ക്ഷമയാണഭികാമ്യമെന്നുപദേശിച്ചു. തുടർന്ന്, വല്ലതും കയ്യിലുണ്ടായിരുന്നുവെങ്കിൽ താനത് സുഫ്ഫക്കാർക്ക് ദാനമായി നൽകുമായിരുന്നു എന്ന് പ്രിയപുത്രിയോട് പറയുന്നുണ്ട്. സുഫ്ഫക്കാരിൽ അപൂർവ്വം ചിലരെങ്കിലും അതിദരിദ്രരായിരുന്നില്ല, പ്രവാചക സാമീപ്യം മാത്രമാഗ്രഹിച്ച് അവിടെ പാർക്കുന്നവരായിരുന്നു. ജോലിക്ക് പോകുന്നവരും ലൗകിക കാര്യങ്ങളിൽ വ്യാപൃതരായിരുന്നവരുമുണ്ടതിൽ.
പള്ളിയോടനുബന്ധിച്ച് രണ്ട് കൊച്ചുവീടുകളൊരുക്കാന് പ്രവാചകൻ നിര്‍ദേശിച്ചു. ഒന്ന് സൗദക്കും മറ്റേത് ആഇഷയ്ക്കും. രണ്ടും പള്ളിയുടെ കിഴക്കെ ചുമരിനോട് ചേര്‍ന്നാണ് ഉയര്‍ന്നുവന്നത്. എല്ലാം ചേര്‍ത്ത് കെട്ടിടംപണി പൂര്‍ത്തിയാകാന്‍ എട്ടുമാസമാണെടുത്തത്. ഇക്കാലമത്രയും തിരുമേനി താമസിച്ചത് അബൂഅയ്യൂബ് ഖാലിദിനോടൊപ്പംതന്നെ. സൗദയ്ക്കുള്ള വീടിന്റെ പണി പൂര്‍ത്തിയായതോടെ നബി സെയ്ദിനെ മക്കയിലേക്കയച്ച് സൗദയേയും ഉമ്മുകുല്‍സൂമിനെയും ഫാത്വിമയെയും മദീനയില്‍ വരുത്തി. ഇതിനിടെ അബൂബക്ര്, പുത്രന് അബ്ദുല്ലയ്ക്ക് സന്ദേശമയച്ചു, ‘ഉമ്മുറുമാനെയും അസ്മയെയും ആഇഷയെയും ഉടന്‍ മദീനയിലെത്തിക്കുക.’ മക്കയിലേക്കുള്ള ആ യാത്രയില്‍ തന്നെയാണ് സെയ്ദ് ധര്‍മ്മദാരം ഉമ്മുഅയ്മനെയും പുത്രന് ഉസാമയെയും മദീനയിലേക്ക് കൂട്ടുന്നത്.
മദീനയിലെത്തി അധികമാകുന്നതിന് മുമ്പ് പുത്രി അസ്മയെ അബൂബക്ര് അവ്വാമിന്റെ പുത്രന് സുബെയ്റിന് വിവാഹം ചെയ്തുകൊടുത്തു. മാതാവ്, അബ്ദുല്‍ മുത്തലിബിന്റെ പുത്രി സഫിയ്യയോടൊപ്പം മാസങ്ങള്‍ക്കു മുമ്പ് മക്കയില്‍നിന്ന് മദീനയിലെത്തിയതാണ് സുബെയ്ര്. അബൂബക്റിന്റെ സഹോദരി കുറയ്ബ ഇപ്പോഴും മക്കയില്‍ തന്നെയാണുള്ളത്. വാര്‍ധക്യസഹജമായ ആതുരപീഡകളനുഭവിക്കുന്ന പിതാവ് അബൂകുഹാഫയെ പരിചരിക്കാനായി മക്കയില്‍ തങ്ങുകയാണവർ. ഒരു പുരുഷായുസ്സ് മുഴുവന്‍ അബുകുഹാഫയ്ക്ക് ലോകത്തിന്റെ തരാതരം ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്ത വൃദ്ധനയനങ്ങള് ആന്ധ്യം ബാധിച്ച് ഏതാണ്ട് പൂര്‍ണമായി പണിമുടക്ക് ആരംഭിച്ചിട്ട് തെല്ലിടയായി. കുറയ്ബയെപ്പോലെയല്ല അബൂകുഹാഫ, വയോധികൻ ഇതുവരെ മുസ്ലിമായിക്കഴിഞ്ഞിട്ടില്ല.
മദീനയിലെ ഇസ്ലാമിക ജീവിതം പുതുവെളിച്ചത്തിന്റെ സുവര്ണദളങ്ങള് വിടര്‍ത്തി സംസ്കാരത്തിന്റെ പുതുയുഗത്തിലേക്ക് അരുണാഭ കോരിയൊഴിക്കുകയാണ്. പ്രവാചകന്റെ പട്ടണം പുതിയ ചിട്ടവട്ടങ്ങളുടെയും നിയമവ്യവസ്ഥകളുടെയും സ്ഥായിയായ
ഇരട്ടപ്പാളങ്ങളിലൂടെ ഒഴുകിയോടാന്‍ സന്നദ്ധമായി നില്‍ക്കുകയാണ്. ഉമ്മുഅയ്മന് പ്രായമായി വരുന്നു. വാര്‍ധക്യത്തിന്റെ കൊടിയടയാളങ്ങള്‍ അവരിൽ പ്രത്യക്ഷപ്പെടാനാരംഭിച്ചിട്ടുണ്ട്. സെയ്ദിന് ഒരു വിവാഹംകൂടി കഴിപ്പിച്ചുകൊടുക്കണമെന്ന് പ്രവാചകന് തോന്നിയത് അപ്പോഴാണ്. മച്ചുനന്‍ അബ്ദുല്ല-ജഹ്ഷിന്റെ പുത്രന് അബ്ദുല്ല-യോട് സഹോദരി സെയ്നബിനെ സെയ്ദിന് വിവാഹം ചെയ്തുകൊടുക്കാൻ നബി ആവശ്യപ്പെട്ടു.
സെയ്നബിന് ആ വിവാഹം സമ്മതമായിരുന്നില്ലെന്ന് വേണം കരുതാന്‍. യൗവനയുക്തയും സുന്ദരിയുമായിരുന്ന സെയ്നബ് തടസ്സവാദങ്ങളുന്നയിച്ചു. ഈ വിവാഹാലോചന തനിക്കെന്തുകൊണ്ട് സമ്മതമാകുന്നില്ലെന്നവൾ സഹോദരനോട് തുറന്നുപറഞ്ഞു. താനൊരു ക്വുറയ്ഷി വനിത! എന്നിട്ട്, അടിമച്ചന്തയില്‍ നിന്ന് ഖദീജയുടെ വീട്ടിലെത്തിയ സെയ്ദിനെ വിവാഹം കഴിക്കുക!! സെയ്നബിന്റെ വ്യര്‍ത്ഥാഭിമാനം അറിയാതെ പുറത്തുചാടി.
എന്നാൽ, ഈ വാദത്തെ ന്യായീകരിക്കാൻ തക്ക കാരണങ്ങളൊന്നുമില്ല. സെയ്നബിന്റെ മാതാവ് ഉമൈമയുടെതന്നെ കാര്യമെടുക്കൂ. ഉമ്മവഴിയും ഉപ്പവഴിയും ശുദ്ധ കുറയ്ഷീ ഗോത്രജയാണ് ഉമൈമ. അവരെ വിവാഹം ചെയ്തിരിക്കുന്നത് അസദ് ഗോത്രജനായ ജഹ്ഷാണ്. ഇവിടെ സംഗതി അതിലും ഭേദമാണ്; സെയ്ദിനെ കുറയ്ഷികളില്‍ വെച്ചേറ്റവും ആദരണീയനായ മുഹമ്മദ് ദത്തെടുത്തിരിക്കുകയാണ്. അതുവഴി അയാൾ കുറയ്ഷിയായിത്തീരുകയും ചെയ്തിരിക്കുന്നു. സെയ്ദിനെ ഇപ്പോള്‍ ആരും സ്വന്തം മാതാപിതാക്കളുടെ ഗോത്രങ്ങളായ കെല്‍ബ്, ത്വയ്യ് ഗോത്രനാമങ്ങള്‍ ചേര്‍ത്ത് വിളിക്കാറുമില്ല. താന്‍ സെയ്ദിനെ വിവാഹം കഴിക്കുക എന്നത് പ്രവാചകന്റെ ഇച്ഛയാണെന്ന് കണ്ട് സെയന്ബ് കീഴടങ്ങി. വിവാഹം നടക്കുകയും ചെയ്തു. ഇക്കാലത്തുതന്നെയാണ് അവളുടെ സഹോദരി ഹംനയെ ഉമൈറിന്റെ പുത്രന് മുസ്അബ് വിവാഹം കഴിക്കുന്നത്.
പ്രവാചകനും മക്കളും പുതിയ വീട്ടില്‍ സൗദക്കൊപ്പം താമസമാക്കി. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ആഇശയുമായി വീടുകൂടാന്‍ തീരുമാനമായി. അന്നവള്‍ക്ക് ഒമ്പതു വയസ്സാണ് പ്രായം. അനര്ഘസൗന്ദര്യം തുളുമ്പിനില്ക്കുന്ന ഒരനാഘ്രാത കുസുമം; അതാണന്ന് ആഇഷ. പ്രവാചകന് ആഇഷക്ക് എന്നും പ്രിയങ്കരനായിരുന്നു. പിതാവൊന്നിച്ച് അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തതുമുതല് അവൾ മദീനയിലെത്തുന്നതു വരെയുള്ള ഒരു ചെറിയ ഇടവേളയൊഴിച്ച്, ഏതാണ്ടെല്ലാ ദിവസവും ആഇഷ പ്രവാചകനെ കാണാറുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ സ്വന്തം മാതാപിതാക്കള്‍ ഈ മനുഷ്യനുമേല്‍ ചൊരിയുന്ന സ്നേഹബഹുമാനാദരങ്ങള്‍ കണ്ടുകൊണ്ടാണ് അവൾ വളര്‍ന്നത്.
തങ്ങള്‍ പ്രവാചകനുനേരെ കാണിക്കുന്ന അഭിമതിയും മാന്യമാനിത്വവും എന്തുകെണ്ടാണെന്ന് ചെറുപ്പത്തില്‍തന്നെ അവര്‍ മകള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഈ വലിയ മനുഷ്യന് അല്ലാഹുവിന്റെ ദൂതനാണ്. നിത്യമെന്നോണം ജിബ്രീല്‍ മാലാഖ അദ്ദേഹത്തോടു സംസാരിക്കുന്നു. ഭൂമുഖത്ത് പിറവിയെടുത്ത മനുഷ്യജീവികളില്‍ വെച്ചേറ്റവും ആദരണീയന്‍. ആകാശാരോഹണം നടത്തിയ ലോകാനുഗ്രഹി. പ്രവാചകന്റെ ബലിഷ്ഠമായ ശരീരവും നരകയറാത്ത കേശങ്ങളും നീണ്ട അമ്പത്തിമൂന്ന് സംവത്സരങ്ങളുടെ വെയിലും തണുപ്പും അതിജീവിച്ചുനിന്നു; കാലം നബിയുടെ ശരീരത്തില്‍ തൊട്ടുകളിക്കാന്‍ അധൈര്യപ്പെടുന്നതുപോലെ.
വീടുകൂടലിനുള്ള ചെറിയ ഒരുക്കങ്ങള്‍ നടന്നു. കൂടുതലൊന്നുമില്ല. ആഇഷയെ സംബന്ധിച്ചിടത്തോളം അതൊരവിസ്മരണീയ സന്ദർഭമായിരുന്നു. ആരോ വന്ന് കൂട്ടുകാരികളിൽനിന്ന് വിടര്‍ത്തി മാറ്റി അവളെ ഒരുക്കാൻ തുടങ്ങി. അബൂബക്ര് മുമ്പ് ബഹ്റെയ്നില്‍നിന്ന് കൊണ്ടുവന്ന ചുവന്ന വരകളുള്ള തുണികൊണ്ടാണ് പുതുക്ക വസ്ത്രങ്ങള്‍ തയ്യാറാക്കിയത്. ഉമ്മുറൂമാന്‍ മകളെ ഭര്‍തൃഗൃഹത്തിലേക്ക് നയിച്ചു. വീടിനുപുറത്ത് ഏതാനും സ്ത്രീകള്‍ അവളെ സ്വീകരിക്കാനായി കാത്തുനിന്നു. അവര്‍ പുതുനാരിയെ നബിയുടെ സന്നിധിയിലേക്കു നയിച്ചു. പ്രവാചകന്റെ മറ്റു വിവാഹങ്ങളില്‍നിന്നു വ്യത്യസ്തമായി ഈ വിവാഹത്തിന് സല്ക്കാരങ്ങളൊന്നുമുണ്ടായില്ല. അത്യന്തം ലളിതമായൊരു വിവാഹം. ഒരു പാത്രം പാല് കൊണ്ടുവന്നു. പ്രവാചകന് പകുതി കുടിച്ചശേഷം ആഇഷയ്ക്ക് നല്കി. സങ്കോചത്തോടെ അവളത് നിരസിച്ചു. നബി വീണ്ടും നീട്ടി, അവളത് വാങ്ങിക്കുടിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ആഇഷയുടെ വീട്ടുമുറ്റത്തേക്ക് കളിക്കൂട്ടുകാര്‍ കടന്നുവരാതെ ഒരു ദിവസവും കടന്നുപോയിട്ടില്ല. പിതൃഗൃഹത്തില്‍ നിന്ന് ഭര്‍തൃഗൃഹത്തിലേക്കുള്ള മാറ്റം ഈ ചിട്ടയില്‍ ഒരു മാറ്റവും വരുത്തിയില്ല. എല്ലാ ദിവസവും കൂട്ടുകാരികള്‍ വീട്ടിലെത്തി അവളുമായി കളികളിലേര്‍പ്പെട്ടു. മക്കയിലെ തന്റെ പഴയ കൂട്ടുകാരികളോടൊപ്പം മദീനയില്‍നിന്നു ലഭിച്ച പുതിയവരും അവളെ സന്ദര്‍ശിച്ചു. കൂട്ടുകാരികളോടൊത്തുള്ള ആഇഷയുടെ വിനോദങ്ങള്‍ പ്രവാചകന് ആസ്വദിച്ചു. അദ്ദേഹം വീട്ടിലെത്തുന്നതോടെ പെണ്‍കുട്ടികള്‍ വീട്ടിനുള്ളിലൊളിച്ചു. ഓര്‍ക്കാപ്പുറത്ത് ചിലസമയങ്ങളില്‍ പ്രവാചകന് വരുമ്പോള്‍ അവര്‍ക്ക് ഒളിക്കാന്‍ സമയം ലഭിക്കില്ല, അന്നേരം അദ്ദേഹം പറയും, ”അവിടെ നിന്നോളൂ മക്കളേ” ചിലയവസരങ്ങളില്‍ നബിതന്നെയും അവരോടൊപ്പം കളിച്ചു. നബിയുടെ പെണ്മക്കളും കൂടി. രസമുള്ള ദിനങ്ങള്‍!
പ്രവാചകന്റെ ജീവിതത്തിലേയ്ക്ക് പുതിയ അര്‍ത്ഥങ്ങള്‍ കടന്നെത്തി. ധീരേതിഹാസത്തിന്റെ നിമ്നോന്നതികള്‍ നിറഞ്ഞ അധ്യായങ്ങള്‍ ആ ജീവിതത്തിലേക്ക് തുന്നിച്ചേര്‍ത്ത് കാലം പതുക്കെ മുമ്പോട്ടുനീങ്ങി. അചഞ്ചലമായ വിശ്വാസവും നിഴല്‍ വീഴാത്ത പ്രത്യാശയുമാണ് അദ്ദേഹത്തെയും അനുയായികളേയും നയിക്കുന്നത്. മാനം തെളിഞ്ഞുവെന്ന് കരുതിയ വേളയിലാണ് പകയടങ്ങാത്ത കുറയ്ഷ് അശാന്തിയുടെ സന്ദേശം വിക്ഷേപിക്കുന്നത്. ചിരന്തനമായ തങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിച്ച് യസ്രിബിലേക്ക് കടന്നുകളഞ്ഞ മുഹമ്മദിന് അവിടെ സ്വൈര്യം നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍തന്നെ കുറയ്ഷികള്ക്കാകുമായിരുന്നില്ല. മദീനയില്‍നിന്നുള്ള കാറ്റിന്റെ ചിറകിലേറി വന്നെത്തുന്ന വാര്‍ത്തകളില്‍ അവര്‍ അസ്വസ്ഥരായി. അതിന്റെ പ്രയാസം മനസ്സിൽ കല്ലുപോലെയുള്ള ഭാരംനിറച്ചു. അസ്തമിച്ച തങ്ങളുടെ പ്രതാപസൂര്യനെ വീണ്ടും ഉദിപ്പിച്ചെടുക്കാമെന്ന
വ്യാമോഹത്തിലവര് ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. ഒരു യുദ്ധത്തിന്റെ കരിമേഘങ്ങള്‍ ഉരുണ്ടുയരുകയായി.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.