![](http://www.snehasamvadam.org/wp-content/uploads/2023/11/nabi-charithram-53.jpg)
ചരിത്രാസ്വാദനം
റബ്ബി
പ്രവാചകന്റെ പട്ടണത്തിലുയരുന്ന പ്രവാചകന്റെ പള്ളിയുടെ പ്രവര്‍ത്തനം പുരോഗമിച്ചുവരവെ, മുസ്ലിങ്ങള്‍ക്ക് തങ്ങളുടെ കൂട്ടത്തിലെ ഊർജസ്വലനും ധീരനും സർവ്വോപരി മദീനയിൽ നിന്നുള്ള ആദ്യകാല വിശ്വാസികളിലൊരാളുമായ അസ്അദിനെ പാതിവഴിയിൽ നഷ്ടപ്പെട്ടു. ഓർമ്മയില്ലേ, സുറാറയുടെ പുത്രൻ അസ്അദിനെ? യസ്രിബ് മരുപ്പച്ചയിൽനിന്ന് ആദ്യമായി പ്രവാചകന് അനുസരണപ്രതിജ്ഞ നല്കിയ വിശ്വാസിയാണ് അസ്അദ്.
പ്രവാചകന്റെ പ്രതിനിധിയായി യസ്രിബിലെത്തി ഇസ്ലാമിനെ പഠിപ്പിച്ചുകൊണ്ടിരുന്ന ഉമൈറിന്റെ പുത്രന് മിസ്അബിന്റെ ആതിഥേയനായിരുന്നു അദ്ദേഹം. രണ്ട് അകബകള്ക്കിടയിലെ കാലം യസ്രിബിലുടനീളം ഇസ്ലാമിന്റെ പ്രചാരണത്തില്‍ മിസ്അബിനോടൊപ്പം അസ്അദും അവിശ്രമപരിശ്രമങ്ങളിലേര്പ്പെട്ടു. പുതുമയോടെ വന്ന ഇസ്ലാമിനെ അറബികൾ അപരിചിതത്വത്തോടെ നോക്കിയ കാലത്താണ് അസ്അദ് വിശ്വാസിയാകുന്നത്. മിസ്അബ് യസ്രിബിലെവിടെ പോകുമ്പോഴും സന്തതസഹചാരിയായി അസ്അദ് കൂടെച്ചെന്ന് പ്രബോധന പ്രവർത്തനങ്ങളിൽ പങ്കാളിയായി; വെയിലു പെരുത്തപ്പോൾ തണലായി, കാലു വഴുതിയപ്പോൾ താങ്ങായി. മിസ്അബ് സ്ഥലത്തില്ലാത്ത വേളകളിൽ പ്രാർത്ഥനകളിൽ അസ്അദ് ഔസിനും ഖസ്റജിനും സ്വീകാര്യനായ ഇമാമായി. മിസ്അബിന്റെ തോഴനും കാവലാളുമായി. മുളപൊട്ടിവരുന്ന പുതുവിശ്വാസത്തെ, അസ്അദിന്റെ സഹായം കരുത്തായും കുളിരായും പരിരംഭണം ചെയ്തു.
പ്രവാചകന്റെ പള്ളി ഉയർന്നുതുടങ്ങിയിരുന്നു. തൊണ്ടയിൽവന്ന വേദന മുറിവായി, പിന്നെയത് പഴുത്ത്, അവസാനം അസ്അദിന് സംസാരിക്കാനാവാത്ത സ്ഥിതിവന്നു. ഔദ്ധത്യവും പരപുച്ഛവും മുദ്രയായി സ്വീകരിച്ചിരുന്ന മദീനയിലെ യഹൂദന് പുതിയൊരസ്ത്രം ലഭിച്ചു.
“അസ്അദിന്റെ ദുരിതം നീക്കാൻ മുഹമ്മദെവിടെ?” മുഹമ്മദ് പ്രവാചകനല്ലെന്നുള്ളതിന് ഇതിൽ കൂടുതലെന്ത് തെളിവ് വേണമെന്നവർ പരിഹസിച്ചു. പ്രചാരണം തിടംവച്ചപ്പോൾ പ്രവാചകന് പറഞ്ഞു,”അറിയുക, എനിക്കു വേണ്ടിയോ അനുചരര്‍ക്ക് വേണ്ടിയോ സ്വേച്ഛയാ ഒന്നും നേടിയെടുക്കാന്‍ എനിക്കാവില്ല.”
അസ്അദിന്റെ മരണാനന്തര ക്രിയാവേളയിലായിരിക്കണം പ്രവാചകനുമായുള്ള പേർഷ്യക്കാരനായ സല്‍മാന്റെ രണ്ടാമത്തെ കൂടിക്കാഴ്ച നടക്കുന്നത്. ഇതേക്കുറിച്ച് പിന്നീടെപ്പോഴോ സല്‍മാന്‍തന്നെ ഇബ്നു അബ്ബാസിന് വിവരിച്ചുകൊടുക്കുന്നുണ്ട്, ”ഞാന്‍ അല്ലാഹുവിന്റെ ദൂതരുടെ അടുത്തെത്തി, ബകീഉല് ഗര്കദിലായിരുന്നു അന്നേരമദ്ദേഹം. തന്റെ അനുചരരിലൊരാളുടെ ജനാസയെ അനുഗമിച്ചെത്തിയതായിരുന്നു തിരുമേനി.”
പ്രവാചകന് അവിടെയെത്തുമെന്ന് സല്മാനറിയാമായിരുന്നു. സമയത്തിന് ശ്മശാനത്തിലെത്താന്‍ പാകത്തില്‍ തന്റെ പണിസ്ഥലത്തു നിന്ന് സൽമാൻ ഇറങ്ങിത്തിരിച്ചു. മയ്യിത്ത് സംസ്കരിച്ച ശേഷം അയാൾ തിരുദൂതരെ സമീപിച്ചു. ഒരു സംഘം മുഹാജിറുകള്‍ക്കും അന്സാറുകള്ക്കുമൊപ്പമിരിക്കുകയായിരുന്നു അന്നേരം നബി.
”ഞാൻ തിരുദൂതരെ അഭിവാദ്യം ചെയ്തു.” സല്മാന് പറയുന്നു, ”പിന്നീട് ഞാനദ്ദേഹത്തിന്റെ പിറകില്‍ പോയി നിന്നു. പ്രവാചകത്വമുദ്ര ഒന്നുകൂടി വ്യക്തമായി കാണാന്‍ വേണ്ടിയായിരുന്നു ഇത്. എന്റെ ഉദ്ദേശ്യമെന്താണെന്ന് തിരുമേനിക്ക് മനസ്സിലായി. കുപ്പായം ഊരിയെടുത്ത് പിന്നിലേക്കിട്ടു. പ്രവാചകത്വമുദ്ര വ്യക്തമായി കണ്ടു. ഞാന്‍ പ്രവാചകന്റെ അടുത്തിരുന്നു. എന്റെ കഥ മുഴുവന്‍ ഞാനദ്ദേഹത്തിന് പറഞ്ഞുകേള്‍പ്പിച്ചു. തന്റെ അനുചരരെല്ലാം എന്റെ വാക്കുകള്‍ കേള്‍ക്കുന്നതില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. അനന്തരം ഞാന്‍ മുസ്ലിമായി.” എന്നാൽ, സല്മാന് ഇപ്പോഴും ബനൂകുറൈദയുടെ അടിമയാണ്. അതുകൊണ്ടുതന്നെ അടുത്ത മൂന്നു നാല് വര്‍ഷം അയാൾക്ക് വളരെ കുറച്ചു മാത്രമേ മുസ്ലിംകളുമായി ബന്ധപ്പെടാനായുള്ളൂ.
അതിനിടെ ഒരു ദിവസം, പടർന്നുതുടങ്ങിയ സന്ധ്യാച്ഛവിയുടെ മറപറ്റി പാത്തും പതുങ്ങിയും ഒരാൾരൂപം നബിയുടെ സന്നിധിയിലെത്തി. വന്നപാടെ അയാൾ തന്റെ സ്വത്വം വെളിപ്പുടുത്തി, “പ്രവാചകരേ, ഞാൻ ഹുസ്വൈൻ ബിൻ സലാം, ബനൂകൈനുകാഅ് എന്ന യഹൂദഗോത്രക്കാരുടെ റബ്ബിയാണ്.” തുടര്‍ന്ന് പ്രവാചകന് അനുസരണ പ്രതിജ്ഞ നല്‍കുകയും ചെയ്തു. വേദക്കാരിലെ അറിവാളിയായ ഒരാൾ മുസ്ലിമായിരിക്കുന്നു. പ്രവാചകന് അദ്ദേഹത്തെ അബ്ദുല്ല എന്ന് പുനര്‍നാമകരണം ചെയ്തു.
“തിരുദൂതരേ, താങ്കൾക്കറിയാമോ?” അബ്ദുല്ല നബിയോട് പറഞ്ഞു, “യഹൂദർ നുണയന്മാരുടെ ഒരു സമൂഹമാണ്.” കുറഞ്ഞ കാലത്തെ മദീന അനുഭവം വച്ചുതന്നെ നബിക്ക് അപ്പറഞ്ഞത് നൂറുവട്ടം ശരിയാണെന്ന് തലയാട്ടാൻ കൂടുതലാലോചിക്കേണ്ടതില്ല. “അതിനാൽ” ഇബ്നു സലാം തുടർന്നു, “എന്റെ ഇസ്ലാമാശ്ലേഷം പുറത്തുവരുന്നതിനു മുമ്പ് ബനൂകൈനുകാഇലെ യഹൂദർ അവരുടെ റബ്ബിയായ എന്നെപ്പറ്റി നിലവിൽ എന്തു പറയുന്നുവെന്നൊന്ന് ചോദിച്ചറിയണം.”
പ്രവാചകന് അബ്ദുല്ലയെ തന്റെ വീട്ടിൽ നിർത്തി. ബനൂകൈനുകാഇന്റെ വാസസ്ഥലത്തേക്കു ആളെവിട്ട് അവരിലെ പ്രമുഖരെ വിളിച്ചുവരുത്തി. നബിയാണ് സംസാരിച്ചു തുടങ്ങിയത്, “യഹൂദരേ, നിങ്ങളുടെ റബ്ബിയായ ഹുസ്വൈൻ ബിൻ സലാമിനെപ്പറ്റി നിങ്ങൾക്കെന്തു പറയാനുണ്ട്?” ”അദ്ദേഹം ഞങ്ങളുടെ നേതാവും നേതാവിന്റെ പുത്രനും, ഞങ്ങളുടെ പുരോഹിതനും പുരോഹിതന്റെ പുത്രനുമാണ്.” അവര്‍ ഉത്തരം പറഞ്ഞു, ”ഞങ്ങളുടെ തലവന്റെ മകന്, ഞങ്ങളുടെ റബ്ബി. ഞങ്ങളുടെ കൂട്ടത്തിലെ അറിവാളി.” തന്റെ ആളുകളുടെ മറുപടി കേട്ടതും അബ്ദുല്ല ഒളിവിൽ നിന്ന് വെളിവിലെത്തി ഇങ്ങനെ പറഞ്ഞു, ”യഹൂദികളേ, അല്ലാഹുവിനെ ഭയപ്പെടുക, അവന് നിങ്ങളിലേക്കയച്ചത് അംഗീകരിക്കുക. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അദ്ദേഹത്തിന്റെ പേരും ലക്ഷണവും തോറയിൽ എടുത്തു പറഞ്ഞത് അറിഞ്ഞിട്ടുള്ളവരാണ് നിങ്ങൾ.” പിന്നീടദ്ദേഹം തന്റെ ഇസ്ലാമാശ്ലേഷണത്തിന്റെ കഥ പുറത്തുവിട്ടു.
“നി… നിങ്ങളോ?! മുസ്ലിമായോ?!!” അത്ഭുതം വാക്കുകളിലൂടെ ചാടി. “അതെ, എന്റെ വീട്ടുകാരും. അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷിമൊഴി നൽകുന്നു. ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുന്നു.” ഇതോടെ യഹൂദി പ്രമുഖരുടെ മട്ടുമാറി. അവര്‍ അയാളെ നോക്കി ശകാരവർഷം നടത്തി. “നുണയൻ… നുണയൻ…” കോപം അവരുടെ വിരൽത്തുമ്പുവരെ ഇരച്ചിറങ്ങി.
“ഇയാളായിരുന്നില്ല, നമ്മൾ പ്രതീക്ഷിച്ചു കൊണ്ടിരുന്ന, പറയാറുണ്ടായിരുന്ന പ്രവാചകൻ. ഇയാളീ പറയുന്നതൊന്നും നമുക്കറിയാവുന്ന കാര്യങ്ങളല്ലല്ലോ.” പ്രായംചെന്ന പക്വമതിയാണെന്നു തോന്നിച്ച ശാമുവേൽ പറഞ്ഞു. ഇബ്നു സലാമിനുണ്ടെന്ന് തൊട്ടുമുമ്പ് അവര്‍തന്നെ പറഞ്ഞ എല്ലാ നന്മകളും അവര്‍ ഊരിയെടുത്തു. “ഞങ്ങളെ നശിപ്പിച്ചവൻ”- ഒരാൾ. “ഈ ഹുസ്വൈനുണ്ടല്ലോ, ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ തെമ്മാടിയാണ്. അല്ലെങ്കിൽ പിതൃപരമ്പരയുടെ ധർമ്മമുപേക്ഷിച്ച് മറ്റൊരു വഴി തെരഞ്ഞെടുക്കുമോ?” – മറ്റൊരാൾ. “ഞാനങ്ങയോടു പറഞ്ഞില്ലേ തിരുദൂതാ, യഹൂദർ നുണയന്മാരുടെ സമൂഹമാണ്.” ബിൻ സലാം തന്റെ വാക്കുകൾ അപ്പടി പുലർന്നത് നബിയെ ബോധിപ്പിച്ചു.
ഇസ്ലാമിക വിശ്വാസത്തിന്റെ തായ്വേരുകള് മദീന മരുപ്പച്ചയുടെ ഉര്‍വ്വര നിലങ്ങളിലേക്കാണ്ടിറങ്ങി. ദാനധര്‍മങ്ങളെക്കുറിച്ചും റമദാന് മാസത്തിലെ വ്രതത്തെക്കുറിച്ചും ഇസ്ലാമിലെ വിധിവിലക്കുകളെക്കുറിച്ചുമുള്ള കുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. അഞ്ചു നേരത്തെ നിര്‍ബ്ബന്ധ നമസ്കാരങ്ങള്‍ ഇപ്പോള്‍ സംഘമായിട്ടാണ് നമസ്കരിക്കുന്നത്. ഓരോ നമസ്കാരത്തിന്റെ സമയം വന്നണയുമ്പോഴും വിശ്വാസികള്‍, പണിപൂർത്തിയായി വരുന്ന പള്ളിയിലെത്തും. സൂര്യന്റെ ഉത്ഥാനപതനങ്ങള്ക്കനുസരിച്ച് കുറഞ്ഞും കൂടിയുമിരിക്കുന്ന നിഴലിന്റെ നീളംനോക്കി നമസ്കാര സമയം നിര്‍ണയിക്കാന്‍ ഓരോ മുസ്ലിമും പഠിച്ചുകഴിഞ്ഞിരിക്കുന്നു. കൂടാതെ, കിഴക്കന്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്ന സൂര്യന്റെ ഒളിഞ്ഞുനോക്കുന്ന രശ്മികളെയും അസ്തമയ സൂര്യനെയും നോക്കി അവര്‍ സമയം നിര്‍ണയിച്ചു. എന്നാൽ, നക്ഷത്രങ്ങളെ നോക്കി സഞ്ചരിച്ചിട്ടും വഴിതെറ്റിയ മരുഭൂ യാത്രികനെപ്പോലെ, പലപ്പോഴും പലർക്കും ഭിന്നമായ നിഴലളവുകളാണ് ലഭിച്ചത്.
സമയമാകുമ്പോള്‍ വിശ്വാസികളെ മുഴുവന്‍ പള്ളിയിലേക്ക് ക്ഷണിക്കാന്‍ ഒരു സംവിധാനം വേണമെന് പ്രവാചകന് തോന്നിത്തുടങ്ങിയതങ്ങനെയാണ്. യഹൂദർ ചെയ്യുന്നതുപോലെ ഉലയുപയോഗിച്ച് കാറ്റു കടത്തിവിട്ട് ശബ്ദമുണ്ടാക്കാന്‍ ഒരാളെ ചുമതലപ്പെടുത്താമെന്നദ്ദേഹം കരുതി, എന്നാൽ അതിലെ സാങ്കേതിക ബുദ്ധിമുട്ട് മുന്നിൽക്കണ്ട് തീരുമാനം മാറ്റി. തമ്പേറടിച്ച് വിശ്വാസികളെ വിളിച്ചുവരുത്തിയാലോ! ആലോചന ആ വഴിക്കായി. പൗരസ്ത്യ ക്രിസ്ത്യാനികള്‍ അങ്ങനെയായിരുന്നു ചെയ്തിരുന്നത്. രണ്ട് ചെറിയ മരപ്പലകകള്‍ ഒന്നിനോടൊന്ന് കൂട്ടിയടിക്കുകയാണവര് ചെയ്യുക. നാകൂസ് എന്നാണതിന്റെ പേര്. എന്നാല്‍, ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ അവയൊന്നും പ്രായോഗിക സംവിധാനമായില്ല. ഒരുദിവസം, ഖസ്റജ് ഗോത്രജനായ സെയ്ദിന്റെ പുത്രന് അബ്ദുല്ല പ്രവാചക സന്നിധിയിലെത്തി. മടിച്ചു മടിച്ച്, തലേരാത്രിയിലെ തന്റെ സ്വപ്നത്തെക്കുറിച്ച് പ്രവാചകനോടയാൾ പറഞ്ഞു, ‘ഹരിത വസ്ത്രധാരിയായൊരാള് എന്നെ കടന്നുപോയി. അയാളുടെ കൈകളില്‍ നാകൂസുണ്ട്. ഞാന്‍ അയാളോട് പറഞ്ഞു, “അല്ലാഹുവിന്റെ ദാസാ, താങ്കളുടെ കയ്യിലുള്ള ആ നാകൂസ് എനിക്ക് വില്ക്കാമോ?”
”നിങ്ങളിതുകൊണ്ടെന്തു ചെയ്യും?” അയാള്‍ ചോദിച്ചു.
”ഞങ്ങള്‍ അതുപയോഗിച്ച് വിശ്വാസികളെ പ്രാര്‍ത്ഥനക്കു വിളിക്കും” – അദ്ദേഹം പറഞ്ഞു.
”ഞാന്‍ നിങ്ങള്‍ക്ക് നല്ലൊരു മാര്‍ഗം കാണിക്കട്ടെയോ?”
”അതെന്ത്?”
”അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ എന്ന് നിങ്ങള്‍ ഉറക്കെ പറയണം.”
പിന്നീടയാള്‍ അല്ലാഹു അക്ബര്‍ എന്നു നാലു പ്രാവശ്യം പറഞ്ഞ് ബാങ്കിന്റെ വാക്കുകള്‍ മുഴുവന്‍ ചൊല്ലിക്കൊടുത്തു.’
”അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രാര്‍ത്ഥനയ്ക്ക് വരിക. വിജയത്തിലേക്ക് വരിക. അല്ലാഹു മഹാനാണ്. അല്ലാഹു അല്ലാതെ ഒരാരാധ്യനില്ല.”
അബ്ദുല്ലയുടെ വാക്കുകൾ സാകൂതം ശ്രവിച്ച പ്രവാചകൻ സംതൃപ്തി രേഖപ്പെടുത്തി,
”ഇതൊരു യഥാര്‍ത്ഥ സ്വപ്നംതന്നെ.” ശബ്ദ ഗംഭീരനായ ബിലാലിന് ആ വാചകങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ അബ്ദുല്ലയോട് പ്രവാചകൻ ആവശ്യപ്പെട്ടു.
ബനൂനജ്ജാര്‍ ഗോത്രജയായ ഒരു വനിതയുടെ വീടാണ് പള്ളിക്കടുത്തുള്ള ഉയരംകൂടിയ കെട്ടിടം. പ്രഭാതത്തില്‍ ബിലാല്‍ അവിടെയെത്തി. അര്‍ക്കരശ്മികളുടെ ആദ്യലക്ഷണങ്ങള്‍ പിടിച്ചെടുക്കാൻ വേണ്ടി കിഴക്കെ ചക്രവാളത്തില്‍ കണ്ണുകളുറപ്പിച്ച് അയാൾ ആ വീട്ടിന്റെ മച്ചിലിരുന്നു. കിരണങ്ങൾ പ്രത്യക്ഷപ്പെടും, ബിലാല്‍ ബാങ്ക് വിളിക്കും.
ബിലാലിന്റെ ശാരീരമാധുരി ഉറക്കത്തിന്റെ അഗാധതയിലും മദീനയിലെ മുസ്ലിംകളുടെ കര്‍ണ്ണപുടങ്ങളില്‍ ഉണര്‍ത്തുപാട്ടായി ചിറകടിച്ചെത്തി. അക്കാലംതൊട്ട് പ്രവാചകന്റെ വിയോഗംവരെ, വിശ്വാസികളെ പ്രാര്‍ത്ഥനയ്ക്കു വേണ്ടി ക്ഷണിക്കാനുള്ള, പ്രവാചകന് ഏല്‍പ്പിച്ച ഉത്തരവാദിത്വം ഘടികാരസമാനമായ കൃത്യതയോടെ ബിലാല്‍ നിര്‍വഹിച്ചുപോന്നു. പ്രവാചക തിരുമേനിയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പേരുച്ചരിക്കുമ്പോള്‍ ബിലാലിന്റെ കണ്ഠമിടറി. അതുകൊണ്ടുതന്നെ അപ്പണി നിര്‍ത്തേണ്ടിയും വന്നു.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.