നബിചരിത്രത്തിന്റെ ഓരത്ത് -51

//നബിചരിത്രത്തിന്റെ ഓരത്ത് -51
//നബിചരിത്രത്തിന്റെ ഓരത്ത് -51
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -51

ചരിത്രാസ്വാദനം

സന്ദേഹികൾ

പുതുതായി വാങ്ങിയ ഭൂമിയിൽ പളളി നിര്‍മ്മിക്കാൻ പോകുന്നതിന്റെ ആമോദാതിരേകത്തിൽ മദീന മുങ്ങി. നബിയടക്കം ആരോഗ്യവും ആവതുമുള്ള വിശ്വാസികളെല്ലാം നിര്‍മ്മാണ വേലകളിലേർപ്പെട്ടു. കുബായിലെ പള്ളി നിര്‍മാണത്തില്‍ കണ്ട ആവേശവും ചടുലതയും ഇവിടെയും ദൃശ്യമായി. പ്രവാചകന്റെ നഗരത്തിലുയരാന്‍ പോകുന്ന പ്രവാചകന്റെ പള്ളി അതിവേഗം ഉയര്‍ന്നുവന്നു. കെട്ടിടത്തിന്റെ മിക്ക ഭാഗവും ഇഷ്ടികകള്‍ കൊണ്ടാണ് നിര്‍മ്മിതമായത്. അവിടെയുണ്ടായിരുന്ന ഈന്തപ്പനകള്‍ മുറിച്ച് അവയുടെ തായ്ത്തടിയിൽ നിന്ന് പള്ളിയുടെ തൂണുകളും ഓലയിൽ നിന്ന് മേല്‍പ്പുരയും പിറന്നു. എന്നാൽ, അങ്കണത്തിന്റെ അധികഭാഗവും തുറന്നുതന്നെ കിടന്നു.

യസ്‌രിബ് നഗരം ഇനിമുതൽ പ്രവാചകന്റെ നഗരം എന്ന അർത്ഥത്തിൽ മദീനത്തുന്നബി, ചുരുക്കി, അൽമദീന എന്ന പേരിൽ അറിയപ്പെടും. മദീനയിലെ മുസ്‌ലിംകൾ ഇനിമുതല്‍ അന്‍സാറുകള്‍, അഥവാ സഹായകർ എന്ന പേരിലാണറിയപ്പെടുക. മക്കയില്‍ നിന്നെത്തിയ വിശ്വാസികൾ പലായകര്‍ എന്നര്‍ത്ഥമുള്ള മുഹാജിറുകൾ എന്ന പേരിലുമറിയപ്പെടും. നബിയുടെ നിര്‍ദ്ദേശമാണത്, പാലിക്കപ്പെടുകതന്നെ ചെയ്യും.

നിര്‍ബന്ധാവസ്ഥയിലുള്ള പലായനത്തിന്റെ വിഹ്വലതകള്‍ പേറി, പറിച്ചുനടലിന്റെ ഒഴിച്ചുകൂടാനാവാത്ത ഭയങ്കരതകള്‍ മനസ്സില്‍ കണ്ട് മദീനയിലെത്തിയ മുഹാജിറുകളെ എതിരേറ്റത് അന്നാട്ടിലെ മുസ്‌ലിംകളുടെ അതിരുകളില്ലാത്ത ഉദാരതയായിരുന്നു. ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ആതിഥ്യമര്യാദകള്‍ കൊണ്ട് വിശ്വാസത്തിലെ തങ്ങളുടെ സോദരരെ അവര്‍ എതിരേറ്റ കഥകൾ വരാനിരിക്കുന്ന തലമുറകളിൽ ആവേശത്തിന്റെ അലമാലകള്‍ തീര്‍ക്കും, തീര്‍ച്ച.

പള്ളിയുടെ നിര്‍മ്മാണത്തില്‍ അന്‍സാറുകളും മുഹാജിറുകളും കൈമെയ് മറന്ന് വ്യാപൃതരായി. നേതാക്കള്‍ക്കും നേതാവായ പ്രവാചകന്‍ ജോലികളില്‍ സജീവമായ പങ്കാളിത്തം നിർവ്വഹിച്ചു. നിര്‍മ്മാണം പുരോഗമിക്കവെ ഒരു സംഘം പാടി:
”അല്ലാഹുവേ, പരലോകം പോലെ ഭദ്രമായതൊന്നുമില്ല,
സഹായകരേയും പലായകരേയും തുണക്ക നീ.”
മറുസംഘം ഇങ്ങനെ പാടി:
”പരലോകത്തല്ലാതെ ജീവിതമില്ല നാഥാ, സഹായകർക്കും പലായകര്‍ക്കും കരുണ ചൊരിയുക നീ.”

ഇരുകക്ഷികളെയും പിന്തുണച്ച് മൂന്നാമതൊരു കൂട്ടര്‍കൂടി തങ്ങളെ സഹായിക്കുമെന്ന് മുസ്‌ലിംകൾ കരുതി- മദീനയിലെ ശക്തരായ യഹൂദസമൂഹം. പ്രവാചകന്‍ അവരുമായി ഉഭയസമ്മതക്കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ്. അടുത്തു നില്‍ക്കുന്നവരെങ്കിലും രണ്ടു തരത്തില്‍പ്പെട്ട വിശ്വാസികളുടെ ഒരേകസമൂഹമായി അവരെ വിശേഷിപ്പിക്കാം. ഒരേതരം പരിഗണനകളായിരിക്കും മുസ്‌ലിംകൾക്കും യഹൂദര്‍ക്കും മദീനയില്‍ ഉണ്ടായിരിക്കുക, യഹൂദനെ ആരെങ്കിലുമുപദ്രവിച്ചാല്‍ യഹൂദസമൂഹവും മുസ്‌ലിംകളും അയാളെ സഹായിക്കും, അഥവാ മുസ്‌ലിമാണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ മുസ്‌ലിംകൾക്കൊപ്പം യഹൂദരും അയാളെ സഹായിക്കും.

ബഹുദൈവാരാധകര്‍ക്കെതിരായ ചെറുത്തുനില്പിന്റെ സ്ഥിതിവിശേഷം സംജാതമാവുകയാണെങ്കില്‍ ഒറ്റ സമുദായമായി ശത്രുക്കള്‍ക്കെതിരില്‍ ഇരുകൂട്ടരും പൊരുതും, മുസ്‌ലിംകളോ യഹൂദരോ വേറെവേറെ സമാധാന ഉടമ്പടികള്‍ ഉണ്ടാക്കാന്‍ പാടില്ല,
എന്നുവെച്ചാല്‍, അതുതന്നെ. സമാധാനം അവിഛിന്നമായൊരേകകമാണ്. അതിനെ അംശീകരിക്കാനാവില്ല. സമാധാനം രണ്ടു തരമാക്കുകയാണെങ്കില്‍ പിന്നെ സമാധാനം തകര്‍ന്നു എന്നു തന്നെയാണര്‍ത്ഥം. ഇനി വല്ല ഭിന്നതകളും ഉടലെടുക്കുകയാണെങ്കില്‍ അത് പ്രവാചകന്‍ മുഖേന അല്ലാഹുവിനു വിടുക. മുഹമ്മദിനെ പ്രവാചകനായി യഹൂദർ അംഗീകരിച്ചിരുന്നില്ലെങ്കില്‍കൂടി ഉടമ്പടി രേഖയിലുടനീളം അല്ലാഹുവിന്റെ ദൂതന്‍ എന്നാണ് അദ്ദേഹം പരാമര്‍ശിക്കപ്പെട്ടത്.

രാഷ്ട്രീയമായ കാരണങ്ങളാലാണ് യഹൂദർ ഉഭയസമ്മതക്കരാര്‍ സ്വീകരിച്ചത്. മദീനയിലെ ഏറ്റവും ശക്തനായ മനുഷ്യനായി, ചുരുക്കം ദിനങ്ങള്‍ക്കുള്ളില്‍, പ്രവാചകന്‍ അവരെ അമ്പരപ്പിച്ചിരുന്നു. ആ പ്രഭാവം വരുംനാളുകളിൽ കുതികൊള്ളാനേ തരമുള്ളൂ. കരാര്‍ സ്വീകരിക്കുകയല്ലാതെ അവരുടെ മുമ്പില്‍ വഴികളേതുമില്ല. ഒരു യഹൂദനെയല്ലാതെ അല്ലാഹു പ്രവാചകനായി അയക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം ഹൃദയവിശാലതയുള്ള യഹൂദർ അധികമൊന്നും യസ്‌രിബിലെന്നല്ല, അറേബ്യാ ഉപദ്വീപിലെങ്ങുമില്ല. ആദ്യമാദ്യമവര്‍ പുറമേക്ക് സൗഹൃദമെടുത്തണിഞ്ഞു.

എന്നാല്‍, തങ്ങൾക്കിടയിലുള്ള സംഭാഷണങ്ങളിലും കൂടിച്ചേരലുകളിലും യഹൂദ മേല്‍ക്കോയ്മയുടെ വായ്ത്താരി കത്തിനിന്നു. ‘തിരഞ്ഞടുക്കപ്പെട്ട ജനതയുടെ’ അന്തസ്സിനെ കവച്ചുവെക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ചലനങ്ങളിലൂടെയും ചേഷ്ടതകളിലൂടെയുമവർ വ്യക്തമാക്കിക്കൊണ്ടിരുന്നു. അഹങ്കാര മുദ്രകള്‍ അവരുടെ സര്‍വാംഗങ്ങളിലൂടെയും അനാഛാദിതമായി. എങ്കില്‍പ്പോലും പുതിയ മതത്തിനു നേരെയുള്ള അവരുടെ സന്ദേഹം മറഞ്ഞു തന്നെകിടന്നു. എന്നാല്‍ പ്രവാചകന്റെ വെളിപാടില്‍ സംശയമുന്നയിച്ച അറബികള്‍ക്കൊപ്പം പങ്കുചേരാന്‍ അവര്‍ ആവേശം കാണിക്കുകയും ചെയ്തു.

ഔസിനും ഖസ്‌റജിനുമിടയില്‍ ഇസ്‌ലാമിന്റെ വ്യാപനം നടക്കുന്നത് അന്യാദൃശമായ വേഗതയിലാണ്. യഹൂദ സമൂഹവുമായി ഉടമ്പടി നിലവിലുള്ളതുകൊണ്ട്, സമാധാനത്തിന്റെ മൃദുലമനോഹരമായ പകലിരവുകളാണ് മദീനയ്ക്കുവേണ്ടി വിധി കാത്തുവച്ചിരിക്കുന്നതെന്ന് ചില വിശ്വാസികളെങ്കിലും കരുതി. യഹൂദിയുടെ കുടിലതയെക്കുറിച്ച് യാതൊന്നുമറിയാത്ത
മുഹാജിറുകള്‍ അങ്ങനെ കരുതിയെങ്കില്‍ അവരെ കുറ്റം പറയാനുമാവില്ല. മഹാസമുദ്രത്തിന്റെ ഉപരിതല ശാന്തത ആഴങ്ങളിലേക്കിറങ്ങുമ്പോള്‍ ഇരുളുറ്റ ക്ഷോഭ പ്രക്ഷുബ്ധതകള്‍ക്ക് വഴിമാറുമെന്ന് വിശ്വസിക്കാന്‍ മാത്രം അവര്‍ക്ക് ജൂതകാപട്യത്തിന്റെ വിചിത്രലോകവുമായി പരിചയമില്ലല്ലോ. എന്നാല്‍, ആകാശത്തിലിരിക്കുന്നവന് അവ്യക്തമായി യാതൊന്നുമില്ല. കാലത്രയങ്ങള്‍ക്കതീതനാണവന്‍. കോടാനുകോടി സൃഷ്ടി ചരാചരങ്ങളഖിലവും വാഴ്‌വിലും മറവിലുമായി നടത്തുന്ന ഏതു ചെറുചലനവും അവന്‍ അറിയാതെ പോകുന്നില്ല. യഹൂദന്റെയും ഔസുകാരും ഖസ്‌റജുകാരുമായ കപടവിശ്വാസികളുടെയും രഹസ്യ വൃത്തിയെക്കുറിച്ച് പ്രവാചകന് അവന്‍ മുന്നറിവുനല്‍കി.

ഇക്കാലത്താണ് കുര്‍ആനിലെ ഏറ്റവും വലിയ അധ്യായം അവതരിച്ചു തുടങ്ങുന്നത്. ബക്വറ – പശു – എന്നാണ് പുതിയ അധ്യായത്തിന്റെ പേര്. കുര്‍ആനിന്റെ ഉദ്ഘാതം എന്നര്‍ത്ഥം വരുന്ന ഫാത്വിഹയുടെ തൊട്ടുപിറകെയാണ് അത് വിന്യസിക്കപ്പെട്ടിരിക്കുന്നത്. തുടക്കം ഇങ്ങനെ, ”അലിഫ്-ലാം-മീം… ഇതാണ്, സംശയങ്ങള്‍ക്കതീതമായ ആ വേദം. സൂക്ഷ്മശാലികള്‍ക്ക് മാര്‍ഗദര്‍ശനം. ദൃശ്യാതീതങ്ങളില്‍ വിശ്വസിക്കുന്നവരാണവർ, പ്രാര്‍ത്ഥനകളില്‍ നിഷ്ഠ പാലിക്കുന്നവർ, നാമേകിയ സമ്പത്ത് ചെലവഴിക്കുന്നവർ, താങ്കള്‍ക്കവതരിച്ചതിലും താങ്കള്‍ക്ക് മുമ്പവതരിച്ചതിലും വിശ്വസിക്കുന്നവര്‍, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവർ, തങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ഋജുപാതയിലാണവര്‍, വിജേതാക്കളും അവര്‍തന്നെ.”

അനന്തരം, അന്ധരും ബധിരരുമായ അവിശ്വാസികളെക്കുറിച്ച് പറഞ്ഞു, പിന്നെ, മൂന്നാമതൊരു വിഭാഗമാളുകളെക്കുറിച്ച് ഇപ്രകാരം പരാമര്‍ശിച്ചു, “ചിലരുണ്ട്, അവര്‍ പറയും, തങ്ങള്‍ അല്ലാഹുവിലും ഒടുവുനാളിലും വിശ്വസിച്ചിരിക്കുന്നൂ എന്ന്. അവരാകട്ടെ, വിശ്വാസികളുമല്ല. അല്ലാഹുവിനെയും വിശ്വാസികളെയും കബളിപ്പിക്കുകയാണവര്‍. തങ്ങള്‍ കബളിപ്പിക്കുന്നത് തങ്ങളെതന്നെയാണെന്ന് അവരുണ്ടോ അറിയുന്നു!… വിശ്വാസികളെ കണ്ടുമുട്ടിയാല്‍ അവര്‍ പറയും, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നൂ എന്ന്. എന്നാൽ തങ്ങളുടെ ചെകുത്താന്മാരുമായി ഒഴിഞ്ഞിരുന്നാലൊ, അവര്‍ പറയുക, ഞങ്ങള്‍ നിങ്ങളോടൊപ്പംതന്നെയാണ്, ഞങ്ങള്‍ കളിയാക്കുകയായിരുന്നു.” എന്നാകും. ഔസിലേയും ഖസ്‌റജിലേയും ചഞ്ചലചിത്തരും സന്ദേഹികളും കപടവിശ്വാസികളുമായവരാണിവര്‍. ഓരോരുത്തരുടെയും സന്ദേഹത്തിന്റെ അളവുകളിൽ വ്യതിരേകങ്ങളുണ്ടായിരുന്നുവെങ്കിലും അവിശ്വാസത്തിന്റെ വിത്തുകള്‍ കിളിര്‍ക്കാനിടയുള്ള ചെളിനിലങ്ങളിലെല്ലാം അവര്‍ സംശയത്തിന്റെ വിത്തെറിഞ്ഞു. ഇക്കാര്യത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും പങ്കുചേര്‍ന്നു.

ഇവിടെ പ്രവാചകന്‍ പുതിയ പ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണ്. മക്കയില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രശ്‌നമാണത്. മക്കയില്‍ ഇസ്‌ലാമിനെ ആശ്ലേഷിച്ചവരുടെയൊന്നും ആത്മാര്‍ത്ഥതയില്‍ ഒരു സംശയവും പ്രവാചകനുണ്ടായിരുന്നില്ല. മതാന്തരണത്തിനുള്ള ഒരേയൊരു പ്രചോദനം ആത്മീയമായ ദാഹമായിരുന്നു. ഒരു പുതുവിശ്വാസിക്ക് അയാളുടെ വിശ്വാസപ്രഘോഷണം കൊണ്ട് ഒന്നും നേടാനുണ്ടായിരുന്നില്ല, മിക്കവരുടെയും കാര്യത്തില്‍ കണക്കാക്കാനാവാത്ത നഷ്ടവുമായിരുന്നു. എന്നാൽ, ഇപ്പോള്‍ മദീനയില്‍ ഭൗതികമായ ലക്ഷ്യങ്ങള്‍ പലരെയും ഇസ്‌ലാമിലെത്തിച്ചുകൊണ്ടിരിക്കുന്നു. അവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയുമാണ്. മുസ്‌ലിംകളുടെ അണികള്‍ക്കിടയില്‍നിന്ന് കപടവിശ്വാസികളുടെ സമ്പൂര്‍ണ നിര്‍മൂലനം എന്നെന്നേക്കുമായി അസാധ്യമായിത്തീര്‍ന്നിരിക്കുന്നു.

ചെകുത്താന്മാര്‍ എന്ന കുര്‍ആനിന്റെ പരാമര്‍ശം തങ്ങളെ ഉദ്ദേശിച്ചാണ് എന്ന് മദീനയിലെ യഹൂദർ കരുതി. ഇതേ സൂറയില്‍ തന്നെ മറ്റൊരിടത്ത് ഇങ്ങനെ കാണാമല്ലോ, ”നിങ്ങളുടെ വിശ്വാസഘോഷണത്തിനുശേഷം നിങ്ങളെ സത്യനിഷേധികളാക്കി തിരികെ കൊണ്ടുപോകാൻ വേദക്കാരിലധികപേരും കൊതിക്കുന്നു. അവരുടെ മനസ്സില്‍ ഉദയംകൊണ്ട അസൂയതന്നെ കാരണം! അല്ലാഹുവിന്റെ കല്പന വന്നണയുന്നതുവരെ നിങ്ങള്‍ മാപ്പാക്കുകയും ക്ഷമിക്കുകയും ചെയ്യുക. അല്ലാഹു തീര്‍ച്ചയായും ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു.”

യസ്‌രിബിലെ യഹൂദർ, ഒരു പ്രവാചകന്റെ ആഗമനം വെമ്പലോടെ കാത്തിരുന്നത് ആ പ്രവാചകത്വം കൊണ്ടുവന്നേക്കാവുന്ന ആത്മീയ പ്രഭയ്ക്ക് വേണ്ടിയുള്ള ദാഹത്താലായിരുന്നില്ല. യസ്‌രിബ് മേഖലയിലെ തങ്ങളുടെ പൂര്‍വപ്രതാപം അതുമുഖേന വീണ്ടെടുക്കാമെന്ന വ്യാമോഹത്താലായിരുന്നു. ഇസ്ഹാഖിന്റെ വംശപരമ്പരയിലവതരിക്കേണ്ട പ്രവാചകന്‍ ഇസ്മാഈലിന്റെ സന്തതിപരമ്പരയിലെങ്ങനെ അവതരിച്ചു എന്നതവർക്ക് അവിശ്വസനീയമായിരുന്നു.

മുഹമ്മദ്, യഥാര്‍ത്ഥത്തില്‍, ഒരു പ്രവാചകന്‍ തന്നെയായിരിക്കുമോ എന്നവര്‍ ഭയാശങ്കകളോടെ ചിന്തിക്കാന്‍ തുടങ്ങി. അടുത്ത നിമിഷത്തില്‍ അതദ്ദേഹമായിരിക്കില്ലെന്ന് വ്യര്‍ത്ഥധൈര്യം സ്വരൂപിക്കാന്‍ ശ്രമിച്ചു. അപവാദങ്ങളുടെ പ്രചണ്ഡവാതം മരുഭൂമിയിലൂടെ ചുഴറ്റിയടിച്ചു. ”മുഹമ്മദ് പറയുന്നു, അയാള്‍ അല്ലാഹു നിയോഗിച്ച പ്രവാചകനാണെന്ന്. അയാള്‍ക്കാകട്ടെ, തന്റെ ഒട്ടകമെവിടെയാണെന്നു പോലും അറിഞ്ഞുകൂടാ.” പ്രവാചകന്റെ ഒരൊട്ടകം വഴിതെറ്റിപ്പോയ ദിവസം യഹൂദനൊരുത്തൻ വിളിച്ചു പറഞ്ഞു. ”അല്ലാഹു അറിയിച്ചുതരുന്ന കാര്യങ്ങള്‍ മാത്രമേ എനിക്കറിയൂ.” ജൂതന്റെ പ്രലപനത്തെപ്പറ്റി കേള്‍ക്കാനിടയായ നബി പ്രതികരിച്ചു.

മദീനയില്‍ നബിയെ കാത്തിരുന്ന പുതിയ തരം ശത്രുതയുടെ നാമ്പുകള്‍ പുറത്തു കണ്ടുതുടങ്ങി. നേര്‍ക്കുനേരെയല്ലാതെ കുതന്ത്രങ്ങളിലൂടെ യഹൂദരും കപടവിശ്വാസികളും നെയ്തുകൊണ്ടിരിക്കുന്ന ഇഴയടുപ്പമുള്ള നുണവലകളെ ഭേദിച്ച് പുറത്തുകടക്കാന്‍ പുതിയ ശക്തി സംഭരിക്കണ്ടതുണ്ട്. അല്ലാഹു അവന്റെ പ്രവാചകനെ അതിനുവേണ്ടി സജ്ജമാക്കുന്നുമുണ്ട്.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.