നബിചരിത്രത്തിന്റെ ഓരത്ത് -50

//നബിചരിത്രത്തിന്റെ ഓരത്ത് -50
//നബിചരിത്രത്തിന്റെ ഓരത്ത് -50
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -50

ചരിത്രാസ്വാദനം

വരവേൽപ്

പട്ടണക്കാർ ഏറിയ നാളുകളായി നബിയെ കാത്തിരിക്കുകയാണത്രെ. പട്ടണം-മദീന-എന്നാണ് കുബായടക്കം ചുറ്റുമുള്ള ഗ്രാമവാസികള്‍ക്കിടയില്‍ യസ്‌രിബ് അറിയപ്പെടുന്നത്. ഇനിമുതല്‍ പട്ടണം വെറും പട്ടണമല്ല, പ്രവാചകന്റെ പട്ടണമാണ് – മദീനത്തുന്നബി. മദീനയില്‍ തന്നെ കാത്തുകഴിയുന്നവരെ ഇനിയും കാത്തിരിപ്പിന് വിട്ടുകൂടാ.

നാലു ദിവസമേ പ്രവാചകനും സഹയാത്രികരും കുബായില്‍ കഴിഞ്ഞുള്ളൂ. നാലു ദിവസമായാലെന്ത്! ഒരു വേല പൂര്‍ത്തിയായാലുടന്‍ മറ്റൊന്നില്‍ വ്യാപൃതരാകാന്‍ മനുഷ്യരോടുദ്‌ഘോഷിച്ച ഗ്രന്ഥത്തിന്റെ പ്രഥമപ്രയോക്താവായ മഹാദൂതന് അലസതയും ഉദാസീനതയും ആയിക്കൂടാ. കുറഞ്ഞ നാഴികകള്‍ക്കുള്ളില്‍ അദ്ദേഹം അവിടെയൊരു പള്ളിക്ക് അസ്ഥിവാരമിട്ടു. അങ്ങനെ, അല്ലാഹുവിനെ മാത്രം ആരാധിക്കാനായി പ്രവാചകന്‍ സ്ഥാപിച്ച ആദ്യത്തെ പള്ളിയായി മാറി കുബായിലേത്. വെള്ളിയാഴ്ച പുലര്‍ച്ച നബി കുബാ വിട്ടു. മദീനയിലേക്കുള്ള പാതയില്‍ പുലര്‍വെളിച്ചത്തിന്റെ സുവര്‍ണ ദളങ്ങള്‍ വിടര്‍ന്ന് അദ്ദേഹത്തിനുവേണ്ടി സ്വാഗതഗീതികളാലപിച്ചു.

ഉച്ചയോടെ പ്രവാചകനും സംഘവും റുനാനാ താഴ്‌വരയിലെത്തി. അവിടെവെച്ച് ഖസ്‌റജ് ഗോത്രമായ ബനൂസലീമിനോടൊത്ത് ജുമുഅ നമസ്‌കരിച്ചു. നബിയുടെ ബന്ധുക്കളായ ബനൂനജ്ജാര്‍ ഗോത്രത്തിലെ ചിലര്‍ സ്വീകരിക്കാനായി അവിടെയെത്തിയിരുന്നു. കുബായിലെ ബനൂഅംര്‍ ഗോത്രത്തിലെ ഏതാനും പേര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. അങ്ങനെ, ഏകദേശം നൂറുപേര്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കുകൊണ്ടു. നമസ്കാരത്തിനുശേഷം നബി കസ്‌വായുടെ പുറത്തുകയറി. അബൂബകറും കുബായിലുണ്ടായിരുന്ന മുഹാജിറുകളും മറ്റും അവരവരുടെ ഒട്ടകങ്ങള്‍ക്കു പുറത്തേറി നബിയോടൊപ്പം ‘പട്ടണ’ത്തെ ലക്ഷ്യമാക്കി മന്ദം നീങ്ങി.

യസ്‌രിബിൽ മുസ്‌ലിംകളും മുഹാജിറുകളും നബിയുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ്; കുബായിലെപ്പോലെ കണ്ണിലെണ്ണയൊഴിച്ചുള്ള കാത്തിരിപ്പിന്നറുതിയായി വലിയ സംഘത്തിന്റെ അകമ്പടിയിൽ തിരുദൂതർ പട്ടണത്തിൽ പ്രവേശിച്ചു.

സ്‌നേഹപൂർവ്വമായ ആതിഥ്യമാധുരിയിൽ യസ്‌രിബ് മുങ്ങിയുണര്‍ന്നു. നഗരവീഥികൾ സജീവമായി, ദിവസങ്ങളായി കാത്തിരുന്ന മനോഹരമായ നിമിഷങ്ങൾ വന്നണഞ്ഞിരിക്കുന്നു. നിത്യപ്രാർത്ഥനകളിൽ തങ്ങളുരുവിടുന്ന പേരിന്നുടമയെ അന്നവർ നേരിൽ കാണാൻപോവുകയാണ്. ഇങ്ങനെയൊരു ദിനത്തിന് നാളിതുവരെ നഗരം സാക്ഷിയായിട്ടില്ല. ഉത്സവനാളുകളിലെന്നപോലെ ഏറ്റവും നല്ല വസ്ത്രങ്ങളിൽ ഉല്ലാസവാന്മാരായി അവർ പ്രത്യക്ഷപ്പെട്ടു. അല്ലെങ്കിലും അതൊരുത്സവനാളുതന്നെയാണല്ലോ. മക്കയുടെ ഇടുങ്ങിയതും നിരാർദ്രവുമായ സൈകതശൂന്യതയിൽ നിന്ന് മദീനയുടെ വിശാലവും ഉർവ്വരവുമായ ശാദ്വലനിലങ്ങളിൽ എത്തിനിൽക്കുകയാണ് ഇസ്‌ലാം. ചരിത്രത്തിന്റെ ഈ നാൽക്കവലയിൽ നിന്നാണ് പിന്നീട് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് പ്രസ്ഥാനമായി പുതുവിശ്വാസം ഒഴുകിപ്പരക്കേണ്ടത്. പിറവി കാത്തിരിക്കുന്നൊരു മഹാസാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രവും സാംസ്കാരിക തലസ്ഥാനവുമാകാൻ പോവുകയാണ് മദീന.

‘അല്ലാഹുവിന്റെ ദൂതര്‍ വന്നണഞ്ഞു, അല്ലാഹുവിന്റെ ദൂതര്‍ വന്നണഞ്ഞു.’ ആയിരം കണ്ഠങ്ങള്‍ ഒന്നിച്ചാര്‍ത്തു. ‘വിദാഇന്റെ മടക്കുകളിലൂടെ പൂര്‍ണചന്ദ്രികയുദിച്ചു’വെന്ന് പെണ്‍കൊടികള്‍ പാടി. ഇപ്പുറത്ത്, കോപാക്രാന്തരായ കുറയ്ഷ് അഴിച്ചുവിട്ട പീഡനതാടനങ്ങള്‍ സഹിച്ച് പലായനം ചെയ്‌തെത്തിയ മുസ്‌ലിങ്ങള്‍ക്ക് അതൊരവിശ്വസനീയമായ അനുഭവമായി. ജീവനോളം പ്രിയപ്പെട്ട വിശ്വാസത്തിന്റേയും സ്വന്തം ഹൃദയത്തേക്കാൾ തങ്ങളോടടുത്തു നിൽക്കുന്ന പ്രവാചകന്റേയും ഭാസുരമായ ഭാവിയുടെ വര്‍ണപ്പളുങ്കുജാലകങ്ങള്‍ തങ്ങള്‍ക്കു മുമ്പില്‍ തുറക്കപ്പെടുന്നതായി അവര്‍ക്കു തോന്നി. പാതയോരത്ത് നിരനിരയായി നിന്ന് പ്രവാചകനെ സ്വീകരിക്കാനെത്തിയ ആബാലവൃദ്ധം ജനങ്ങളുടെ കണ്ണുകളില്‍ നിന്ന് ആശാകിരണങ്ങള്‍ പ്രസരിച്ചു. വന്നെത്തിയവരിൽ ആരാണ് നബി എന്നവർ മക്കയിൽ വെച്ച് അദ്ദേഹത്തെ കണ്ടവരോടന്വേഷിച്ച് മനസ്സിലാക്കി.

പ്രവാചകനെയും സഹയാത്രികരെയും സ്വാഗതം ചെയ്യാനെന്നവണ്ണം ഔസിലേയും ഖസ്‌റജിലേയും ആയുധധാരികളായ ചെറുപ്പക്കാര്‍ ഇടത്തും വലത്തുമായി നടന്നുനീങ്ങി. എന്തുവന്നാലും പ്രവാചകനെ സംരക്ഷിക്കുമെന്നുള്ള അകബാ പ്രതിജ്ഞ തങ്ങള്‍ മറക്കുകയില്ലെന്ന് അറിയിക്കുന്നതിനു കൂടിയായിരുന്നു അവരുടെ അനുയാത്ര. അന്നേരമോ അതിനുശേഷമോ ഇത്തരമൊരു സംരക്ഷണത്തിന്റെ ആവശ്യമില്ലെന്നറിയാമെങ്കില്‍ കൂടി തങ്ങളുടേത് പൊള്ളയായ ഒരു വാഗ്ദാനമല്ലെന്ന് കാണിച്ചുകൊടുക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്.

ലോകാനുഗ്രഹിയായ പ്രവാചകന് അഭയമരുളുന്നതിനേക്കാള്‍ വലിയ മഹത്വമെന്തുണ്ട് ഭൂമിയിലെ ഒരു നഗരത്തിനു വന്നണയാൻ! കസ്‌വാ സാവധാനം നടന്നുനീങ്ങി. ആഹ്ലാദത്താൽ ഇളകിമറിയുന്ന മദീനയുടെ തെരുവുകളെ അത് പിന്നിലാക്കി. നഗരത്തിന്റെ തെക്കുഭാഗത്തുള്ള വനികകളെയും ഈന്തപ്പനത്തോപ്പുകളെയും മുറിച്ചുകടന്നു. അവിടവിട വീടുകള്‍ കാണാം. ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വീടുകള്‍. ആ വീടുകള്‍ക്ക് മുമ്പില്‍ നില്‍ക്കുന്ന ഗൃഹസ്ഥര്‍ പ്രതീക്ഷയോടെ തിരുമേനിയെ ക്ഷണിച്ചു. തങ്ങളുടെ ആതിഥ്യം അദ്ദേഹം സ്വീകരിച്ചെങ്കിലോ!

”തിരുമേനീ, ഇവിടെ ഇറങ്ങിയാലും, അങ്ങയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കരുത്തുണ്ട്.” ഒന്നിലധികം തവണ ചില ഗോത്രജര്‍ കസ്‌വായുടെ നിയന്ത്രണം കയ്യിലെടുത്തു. ഓരോ തവണയും പ്രവാചകന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ”കസ്‌വായെ അവളുടെ വഴിക്കു വിട്ടേക്കൂ, അവള്‍ അല്ലാഹുവിന്റെ നിര്‍ദ്ദേശത്തിന്‍ കീഴിലാണ് നീങ്ങിക്കൊണ്ടിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

ഒരുവേള, ഖസ്‌റജികളിലെ പ്രബലരായ ബനൂനജ്ജാറിന്റെ ശാഖയായ അദിയ്യ് വംശജരുടെ ഭവനങ്ങളെ ലക്ഷ്യമാക്കിയാണ് കസ്‌വാ നീങ്ങുന്നതെന്ന് മദീന നിവാസികള്‍ സംശയിച്ചു. അതിനവര്‍ക്ക് മതിയായ കാരണവുമുണ്ട്, പ്രവാചകന്റെ ചാര്‍ച്ചക്കാരുടെ ഭവനങ്ങളാണവ. പിതാമഹന്‍ അബ്ദുല്‍ മുത്തലിബിന്റെ മാതാവ് സല്‍മ മദീനക്കാരി മാത്രമല്ല അദിയ്യ് വംശജകൂടിയാണ്. ഒട്ടകം കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ അവരുടെ സംശയം ഏതാണ്ട് ഉറച്ചപോലെയായി. നഗരത്തിന്റെ ആ ഭാഗത്താണ് അദിയ്യിന്റെ വാസം. എന്നാൽ, ഒട്ടകം അവിടെയും നിന്നില്ല. മാതാവിനോടൊപ്പം കുട്ടിക്കാലത്ത് കുറച്ചുനാൾ വന്നുതാമസിച്ച ഭവനങ്ങളെയും കടന്ന് കസ്‌വാ മുമ്പോട്ടുപോയി. ആ ഭവനങ്ങളില്‍ കുടിപാര്‍ത്തിരുന്നവർ കളങ്കമേശാത്ത ആതിഥ്യമര്യാദകളോടെ തങ്ങളോടൊപ്പം താമസിക്കാൻ അദ്ദേഹത്തോടപേക്ഷിച്ചു. അവർക്ക് ചെവികൊടുക്കാന്‍ പ്രവാചകന്റെ മുമ്പില്‍ വഴിയേതുമില്ല. മറ്റുള്ളവര്‍ക്ക് നല്‍കിയ മറുപടിതന്നെയാണ് പ്രവാചകന്‍ അവര്‍ക്കും നല്‍കിയത്. നജ്ജാര്‍ ഗോത്രത്തിലെതന്നെ ബനൂമാലിക്കിന്റെ വാസസ്ഥലത്തിലൂടെയാണ് ഇപ്പോള്‍ കസ്‌വാ നീങ്ങുന്നത്. ഒന്നാം അകബാ ഉടമ്പടിക്കും ഒരു വര്‍ഷംമുമ്പ് പ്രവാചകനോട് അനുസരണ പ്രതിജ്ഞ ചെയ്ത ആറുപേരില്‍ രണ്ടുപേര്‍ ബനൂമാലിക് വംശജരാണ്; അസ്അദും ഔഫും.

ഇവിടെ കസ്‌വാ പാതയില്‍നിന്ന് തിരിഞ്ഞ് മതിലുകളാല്‍ ഭദ്രമായ വിശാലമായൊരു തുറസ്സില്‍ വന്നുനിന്നു. ഏതാനും ഈന്തപ്പനകളും തകര്‍ന്നൊരു കെട്ടിടത്തിന്റെ അവശേഷങ്ങളുമാണവിടെയുള്ളത്. തുറസ്സിന്റെ ഒരു ഭാഗം മുമ്പെങ്ങോ ശ്മശാനമായി നഗരവാസികള്‍ ഉപയോഗിച്ചിരുന്നു. മറ്റൊരു ഭാഗം ഈത്തപ്പഴം ഉണക്കാനാണുപയോഗിക്കുന്നത്. അസ്അദ് പ്രാര്‍ത്ഥനക്കായി കെട്ടിയുണ്ടാക്കിയിരുന്ന സ്ഥലത്തുനിന്ന് നേരെ കസ്‌വാ നടന്നുനീങ്ങി. അവിടെ, കവാടത്തില്‍ അവള്‍ മുട്ടുകുത്തി.

പ്രവാചകന്‍ ഒട്ടകപ്പുറത്തു നിന്നിറങ്ങിയില്ല. യാത്ര പൂര്‍ത്തിയായിട്ടില്ലാത്തതുപോലെ. നിമിഷങ്ങള്‍ക്കുശേഷം അവള്‍ വീണ്ടും എഴുന്നേറ്റു നടത്തമാരംഭിച്ചു. അധികം ദൂരം പിന്നിട്ടില്ല, തിരിച്ചുനടന്ന് ആദ്യം മുട്ടുകുത്തിയേടത്തുതന്നെ വന്ന് വീണ്ടും മുട്ടുകുത്തി. പ്രവാചകന്‍ ഒട്ടകപ്പുറത്തു നിന്നിറങ്ങി തുടര്‍ന്നു പറഞ്ഞു, ”അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ ഇതാണാ സ്ഥലം.”

”ആരുടേതാണീ നിലം?” ദൈവദൂതന്‍ കൂടിനിന്നവരോടായി ചോദിച്ചു. അഫ്‌റാഇന്റെ പുത്രന്മാരായ മുആദും ഔഫുമാണ് അതിനുത്തരം നല്‍കിയത്. അംറിന്റെ പുത്രന്മാരായ സഹ്‌ലിന്റേതും സുഹൈലിന്റേതുമാണത്രേ ആ സ്ഥലം. അനാഥരായ അവര്‍ ഇപ്പോള്‍ മുആദിന്റെ സംരക്ഷണയിലാണ്. അവരെ വിളിച്ചുകൊണ്ടുവരാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു. സഹ്‌ലും സുഹൈലും മുമ്പേതന്നെ അവിടെ സന്നിഹിതരായിരുന്നു. ഇരുവരും നബിയുടെ മുന്നില്‍ വന്നുനിന്നു. ഒഴിഞ്ഞ നിലം തനിക്ക് വില്‍ക്കാമോ എന്ന് നബി അവരോടാരാഞ്ഞു. അവര്‍ക്ക് സമ്മതമായിരുന്നു. നബി അവരോടതിന്റെ വിലയെന്താണെന്നന്വേഷിച്ചു. ”വേണ്ട പ്രവാചകരേ, അതങ്ങേക്കു നല്‍കിയിരിക്കുന്നു.” പക്ഷേ, ഒരുപഹാരം എന്ന നിലയില്‍ അതദ്ദേഹം സ്വീകരിക്കുകയില്ല. അസ്അദിന്റെ സഹായത്തോടെ അതിന് വില നിശ്ചയിച്ച് സ്ഥലം വിലക്കുവാങ്ങി.

ഇതിനിടെ, തൊട്ടടുത്ത് താമസിക്കുന്ന അബൂഅയ്യൂബ് ഖാലിദ് ഒട്ടകപ്പുറത്തു കെട്ടിവെച്ചിരുന്ന നബിയുടെ വസ്തുക്കള്‍ അഴിച്ചെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. മറ്റുള്ളവര്‍, തങ്ങളോടൊപ്പം താമസിക്കണമെന്ന് പ്രവാചകനോട് കെഞ്ചി. ”ഒരാള്‍ അയാളുടെ വസ്തുക്കളോടൊപ്പമിരിക്കും.” നബി പറഞ്ഞു. അങ്ങനെ നബി അബൂഅയ്യൂബിന്റെ അതിഥിയായി. രണ്ടാം അകബ ഉടമ്പടിയില്‍ നബിക്ക് അനുസരണ പ്രതിജ്ഞ ചെയ്തയാളാണ് അബൂഅയ്യൂബ്. പില്‍ക്കാല ചരിത്രരേഖകളില്‍ അബൂഅയ്യൂബ് അല്‍ അന്‍സാരി എന്ന പേരില്‍ പെരുമ നേടിയിട്ടുണ്ട് പ്രവാചകന്റെ പ്രിയപ്പെട്ടവനായ ഈ ആതിഥേയൻ. നബി അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥിയായെത്തിയ ഉടനെ അബൂഅയ്യൂബും കുടുംബവും വീടിന്റെ മുകളിലെ നിലയിലേക്ക് താമസംമാറ്റി. താഴെനില പൂര്‍ണമായും ലോകാനുഗ്രഹിയായ തങ്ങളുടെ അതിഥിക്ക് വിട്ടുകൊടുത്തു. കസ്‌വയോ? കസ്‌വയെ അസ്അദ് തൊട്ടടുത്തുള്ള തന്റെ ഭവനത്തിനരികിലേക്ക് കൊണ്ടുപോയി.

കൈലയുടെ രണ്ടു മക്കളുടെ പേരില്‍ അറിയപ്പെട്ട പുരാതന യസ്‌രിബിലെ ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ നിലനിന്ന പ്രാചീനമായ ശാത്രവങ്ങളുടെ മദവും ക്രൗര്യവും ശമിപ്പിച്ചുകൊണ്ട് പ്രവാചകന്‍ മദീനക്കാര്‍ക്കിടയില്‍ താമസമാക്കി; അവരിലൊരാളായി, അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട്, ചരിത്രമറിഞ്ഞതില്‍ വെച്ചേറ്റവും മഹത്തരമായ വിപ്ലവത്തിലേക്ക് അവരെ വഴിനടത്തിച്ചുകൊണ്ട്; ദീപശിഖ ഉയർത്തിക്കാട്ടി, അവർക്ക് മുമ്പിലായി ഊക്കിൽ നടന്നുകൊണ്ട്.

മദീനക്കാരുടെ സ്നേഹപ്പടർപ്പുകളുടെ തണുവേറ്റുവാങ്ങിയ പകലിനെ തുടർന്നുവന്ന രാവിൽ അനുഭവിച്ച ഏകാന്തയാമത്തിൽ പ്രവാചകൻ താൻ പിന്നിട്ട വഴികളിലേക്ക് ഓർമ്മകളിലൂടെ ഒരു തിരിഞ്ഞുനടത്തം നടത്തിയിട്ടുണ്ടാകണം. വഴിയിലുടനീളം ആകാശങ്ങൾക്കധിപനായ നാഥന്റെ കൃപയിലും കാവലിലുമായിരുന്നുവല്ലോ താനും സഹയാത്രികരും എന്നോർത്തിരിക്കണം. പോയ വാരങ്ങൾ സംഭവബഹുലമായിരുന്നു. തന്റെ കഥകഴിക്കാനായി സായുധരായി കുറയ്ഷ് വീടു വളഞ്ഞത്, അവിചലിത മൻസ്കനായി അവരുടെ കണ്ണിൽപ്പെടാതെ കടന്നുപോന്നത്, സൗർഗുഹയിലെ അത്യന്തം ഭയാനകമായ രാവുകളും, അത്രതന്നെ കാളിമമുറ്റിയ പകലുകളും കഴിച്ചുകൂട്ടിയത്, കുറയ്ഷ് പ്രഖ്യാപിച്ച ഇനാമിൽ കൊതിമൂത്ത് സുറാക പിന്തുടർന്നുവന്നത്, ക്ലേശപൂർണമായൊരു യാത്രയുടെ അവസാനം യസ്‌രിബിന്റെ കുളിരുള്ള ആലിംഗനത്തിലമർന്നത്… കയ്‌പ്പേറ്റിയ ഓർമ്മകളുടെ ആഘാതത്തിൽ നിന്നുണർന്ന് തന്റെ നാഥന് കൃതജ്ഞതയുടെ കാണിക്കയർപ്പിച്ചിരിക്കണം.

നിയന്താവായ മഹച്ഛക്തിയുടെ കാവൽ മാത്രമല്ലല്ലോ അവയൊന്നും, അവന്റെ തികവുറ്റ ആസൂത്രണവും നിയന്ത്രണവും പിന്നിൽ പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ ഇവയൊന്നും യാഥാർത്ഥ്യമാകില്ലായിരുന്നുവല്ലോ.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.