നബിചരിത്രത്തിന്റെ ഓരത്ത് -49

//നബിചരിത്രത്തിന്റെ ഓരത്ത് -49
//നബിചരിത്രത്തിന്റെ ഓരത്ത് -49
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -49

ചരിത്രാസ്വാദനം

സൽമാൻ

ക്രിസ്തുവര്‍ഷം അറുനൂറ്റി ഇരുപത്തി രണ്ട് സെപ്തംബര്‍ ഇരുപത്തിമൂന്ന് തിങ്കളാഴ്ച, യസ്‌രിബിന്റെ പ്രാന്തത്തിലുള്ള കുബാ ഗ്രാമം.

കുറയ്ഷ് ഊരിപ്പിടിച്ചിരുന്ന വാളുകള്‍ക്കിടയിലൂടെ നൂണ്ടുകടന്ന് നബി മക്കയില്‍ നിന്ന് പുറപ്പെട്ട വാർത്ത യസ്‌രിബിലെത്തിയിട്ട് പകലന്തികളേറെ കഴിഞ്ഞു. അദ്ദേഹത്തെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് കുറയ്ഷ് പ്രഖ്യാപിച്ച പ്രതിഫലത്തിന്റെ കഥയും അവിടെ അറിഞ്ഞുകഴിഞ്ഞു. അന്ന് തുടങ്ങിയതാണ് കുബായിലെ ജനങ്ങളുടെ കാത്തിരിപ്പ്. ഇന്നെത്തും നാളെയെത്തും എന്ന് വിരലിൽ കണക്കുകൂട്ടി അവർ കുബായുടെ പരപ്പുകളിൽ വന്നിരിക്കും. “സാധാരണ വഴിയിലൂടെയാണ് പ്രവാചകന്റെയും കൂട്ടരുടെയും യാത്രയെങ്കിൽ അവരിങ്ങെത്തിച്ചേരാനുള്ള സമയം അതിക്രമിച്ചല്ലോ!” മക്കക്കും യസ്‌രിബിനുമിടയിൽ ദീർഘകാലം സഞ്ചരിച്ച് പരിചയിച്ച കാരണവന്മാരും ബാല്യക്കാരും തമ്മിൽതമ്മിൽ പറഞ്ഞു.

ഏതു നിമിഷവും നബിയും സഹയാത്രികരും ഇവിടെ വന്നുചേരാം. തൊഴിലാളികള്‍ തൊഴിലിനു പോകുന്നില്ല. വീടുകളുടെ അകവും പുറവും മഹാനായ പലായകനെ സ്വീകരിക്കാനായി ഉടുത്തൊരുങ്ങി കാത്തുനിന്നു. വീടുകൾക്ക് മുകളിലും ഉയർന്ന കുന്നുകളിലും ഈന്തപ്പനയുടെ മണ്ടയിലുമെല്ലാം കയറി ദക്ഷിണദിശയിലേക്ക് കണ്ണുനട്ടിരുന്നു. തിരുമേനിയുടെ ആഗമനം ദൂരെ നിന്നുതന്നെ കാണാമല്ലോ.

പ്രഭാത പ്രാർത്ഥന കഴിഞ്ഞാല്‍ തുടങ്ങും കാത്തിരിപ്പ്. ബനൂഅംറിലെ ചിലര്‍ അദ്ദേഹത്തിന്റെ ആഗമനം പ്രതീക്ഷിച്ച് ഗ്രാമത്തിന് പുറത്തുപോയി ഇരിപ്പു തുടങ്ങി. വൈകാതെ മറ്റു ഗോത്രക്കാരും അവരെ അനുഗമിച്ചു. മക്കയില്‍ നിന്ന് പലായകരായെത്തി കുബായിൽ തങ്ങി ഇതുവരെ യസ്‌രിബിലേക്ക് നീങ്ങിയിട്ടില്ലാത്ത മുസ്‌ലിംകൾ പ്രവാചകനുമായുള്ള പുനസ്സമാഗമത്തിനു ശേഷം അദ്ദേഹത്തോടൊപ്പം യസ്‌രിബിൽ പ്രവേശിക്കാമെന്ന് അഭിലഷിച്ചിരിപ്പാണ്. കാത്തിരിപ്പുകാർ വയലേലകളും ഈന്തപ്പനത്തോട്ടങ്ങളും കടന്ന് ലാവപ്പരപ്പുവരെ ചെന്നെത്തി.

അവരില്‍ പലരും തിരുദൂതരെ നേരില്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സ്വഭാവമഹിമയും സംസ്കാരവും മറ്റുള്ളവർ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്; ആ ഗരിമയും ആഭിജാത്യവും അവര്‍ കേട്ടറിഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രചരിപ്പിക്കുന്ന മതത്തിന്റെ പാഠങ്ങള്‍ വിശ്വാസികളിൽ നിന്നറിഞ്ഞാണവര്‍ മുസ്‌ലിംകളായത്. നേരില്‍ കണ്ടവരെല്ലാം നൂറു നാക്കോടെയാണ് ആ മനുഷ്യനെക്കുറിച്ച് സംസാരിക്കുന്നത്. തിരുദൂതരെ നേരില്‍ കാണാനുള്ള ആകാംക്ഷ, നിമിഷം ചെല്ലുന്തോറും അക്ഷമയായി പരിണമിക്കുകയാണ്.

ക്ഷമകെട്ട് ഇനിയുമിനിയും ഗ്രാമത്തില്‍ നിന്നകന്ന് മക്കയിലേക്കുള്ള പാതയിലൂടെ അവർ മുമ്പോട്ടുപോയി. സൂര്യതാപം കടുക്കുന്നതുവരെ യാത്രതുടര്‍ന്നു. അനന്തരം മരത്തണലില്‍ വിശ്രമിച്ചു. ചരിത്രാതീതകാലത്തെപ്പോഴോ ചീറിത്തെറിച്ച ജ്വാലാമുഖിയിൽ രൂപംകൊണ്ട ലാവപ്പാറകളാലുള്ള മലകള്‍ക്കപ്പുറത്തുനിന്ന് കാറ്റിന്റെ തരംഗങ്ങളില്‍ വഹിക്കപ്പെട്ടെത്തുന്ന തൗഹീദിന്റെ നാദവീചികള്‍ അവരുടെ കര്‍ണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചു. അന്തിച്ചുവപ്പ് പരക്കുന്നതോടെ നിരാശാഗ്രസ്തമായ ഹൃദയത്തോടെയും ഭാരിച്ച കാല്‍വെപ്പുകളോടെയും അവര്‍ ഗ്രാമത്തിലേക്ക് മടങ്ങി.

അന്നും അവര്‍ കാത്തിരുന്നു, കണ്ടില്ല. തിരിച്ച് നടക്കാനാരംഭിച്ചു. ഇപ്പോള്‍ തെക്കുഭാഗത്തു നിന്ന് തങ്ങളുടെ കണ്ണുകളെ അവര്‍ പറിച്ചെടുത്തിരിക്കുകയാണ്. അന്നേരം, മക്കയില്‍ നിന്നുള്ള നാല് യാത്രികര്‍ കുന്നിറങ്ങാന്‍ ആരംഭിച്ചിരുന്നു. അപരാഹ്ന സൂര്യന്റെ ചെരിഞ്ഞുപതിഞ്ഞ പ്രകാശമേറ്റ് നാലുപേരും ധരിച്ചിരിക്കുന്ന വെള്ള വസ്ത്രം തിളങ്ങിയത് ഘനനീലിമയാര്‍ന്ന അഗ്‌നിപര്‍വതപ്പാറയുടെ പശ്ചാത്തലത്തില്‍ ആദ്യം കണ്ടത് ഒരു യഹൂദനാണ്. “ഇന്നും നിങ്ങളുടെ ആൾ വന്നെത്തും എന്നെനിക്ക് തോന്നുന്നില്ല” എന്നു പറഞ്ഞ് സദസ്സ് വിട്ടുപോയി തന്റെ വീടിന്റെ മട്ടുപ്പാവിൽ നിൽക്കുകയായിരുന്നു അയാൾ. യാത്രികര്‍ ആരായിരിക്കുമെന്ന് അയാള്‍ ഞൊടിയിടയില്‍ ഊഹിച്ചെടുത്തു.

എന്തിനാണ് കുറെയാളുകള്‍ നിത്യവും രാവിലെ തെക്കോട്ടുപോകുന്നതെന്ന് കുബായിലെ യഹൂദർ അയല്‍ക്കാരില്‍ നിന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നു. ബാക്കിയുള്ളവരോട് അവരുടെ അയല്‍ക്കാര്‍ ചോദിക്കാതെതന്നെ അക്കാര്യം പറയുകയും ചെയ്തു. അതുകൊണ്ടുതന്നെ, തന്റെ തൊണ്ട അനുവദിച്ചത്ര ഉച്ചത്തില്‍ അയാൾ വിളിച്ചുപറഞ്ഞു, ”കയ്‌ലയുടെ മക്കളേ, അദ്ദേഹം വന്നു, നിങ്ങളുടെ ആൾ വന്നു.” യഹൂദന്റെ വാക്കുകള്‍ ഒരായിരം കര്‍ണ്ണങ്ങള്‍ പിടിച്ചെടുത്തു, ഒരഞ്ഞൂറു കണ്ഠങ്ങള്‍ ഏറ്റുചൊല്ലി, സ്ത്രീകളും കുട്ടികളും പുരുഷന്മാരും വീടുവിട്ട് പുറത്തിറങ്ങി. അവര്‍ പാറപ്പരപ്പിലേക്കുള്ള പച്ചപ്പിലൂടെ പ്രവഹിച്ചു.

അധികം മുമ്പോട്ടുപോകേണ്ടി വന്നില്ല, നാലു യാത്രികര്‍ അപ്പോഴേക്കും ഗ്രാമത്തിന് അരുഞൊറിഞ്ഞുനിന്ന ഈന്തപ്പനത്തോപ്പില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. അടിത്തട്ടില്ലാത്ത ആനന്ദ പ്രഹര്‍ഷത്തിന്റെ പീതസായന്തനം ചെറുഗ്രാമം അതിന്റെ ഓര്‍മയുടെ ചെപ്പിൽ അപൂര്‍വ്വ നിധിയായി ഇപ്പോഴും സൂക്ഷിക്കുന്നുണ്ടാകണം. ഗ്രാമത്തിലെ വീടുകളുടെ അകത്തളങ്ങളില്‍വരെ ആനന്ദം ചിറകടിച്ചുല്ലസിച്ചു. പ്രിയങ്കരനായ പ്രവാചകന്‍ അവരോടു സംസാരിച്ചു,
”ജനങ്ങളേ, സമാധാനത്തിന്റെ അഭിവാദനവാക്യം പരസ്പരം കൈമാറുക, വിശക്കുന്നവനെ ഊട്ടുക, സ്വന്തബന്ധങ്ങളെ ആദരിക്കുക, മനുഷ്യന്‍ ഉറങ്ങിക്കിടക്കുന്ന നിശ്ചല നാഴികകളില്‍ പ്രാര്‍ത്ഥനാനിരതരാവുക. അങ്ങനെയെങ്കില്‍, നിങ്ങള്‍ ശാന്തിയോടെ പറുദീസയില്‍ പ്രവേശിക്കും.”

കുബായിലെ ഏറ്റവും പ്രായംചെന്ന കാരണവരാണ് കുല്‍സൂം. അദ്ദേഹത്തോടൊപ്പം നബി താമസിക്കണമെന്നാണ് തീരുമാനിക്കപ്പെട്ടിരുന്നത്. ഹംസയ്ക്കും സെയ്ദിനും ആതിഥ്യമരുളിയത് അദ്ദേഹമാണ്. കുല്‍സൂമിന്റെ വംശമായ ബനൂഅംര്‍, ഔസ് ഗോത്രജരാണ്. യസ്‌രിബിനോട് കുറച്ചുകൂടി അടുത്ത് സ്ഥിതി ചെയ്യുന്ന സുന്‍ഹ് ഗ്രാമത്തിലെ ഖസ്‌റജിയുടെ വീട്ടിലാണ് അബൂബക്ര്‍ തങ്ങിയത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുശേഷം അലിയും മക്കയില്‍ നിന്ന് വന്നെത്തി. പ്രവാചകനോടൊപ്പം കുല്‍സൂമിന്റെ വീട്ടിലാണദ്ദേഹം തങ്ങിയത്. മൂന്ന് ദിനങ്ങള്‍ക്കുള്ളില്‍ അലി നബിയുടെ വീട്ടിലുണ്ടായിരുന്ന സൂക്ഷിപ്പ് മുതലുകള്‍ ഉടമസ്ഥരുടെ വീടുകളിലെത്തിച്ചുകഴിഞ്ഞിരുന്നു. പ്രവാചകനെ അഭിവാദനം ചെയ്യാനായി നിരവധിപേര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. യസ്‌രിബിലെ പ്രമുഖരായ യഹൂദ നേതാക്കളും കൂട്ടത്തിലുണ്ട്. ശുഭചിന്തകളെക്കാള്‍ അവരെ പ്രവാചകന്നടുത്തെത്തിച്ചത് അവരുടെ ആശങ്കകളും ആകാംക്ഷകളുമായിരുന്നു.

എന്നാല്‍, പ്രവാചകാഗമനത്തിന്റെ മൂന്നാം നാള്‍ അവിടെ എത്തിച്ചേര്‍ന്ന സന്ദര്‍ശകന്‍ ഇത്തരത്തിലൊന്നുമുള്‍പ്പെടുന്നയാളായിരുന്നില്ല. ഒരു കാര്യത്തില്‍ സംശയമില്ല. അയാൾ അറബിയോ യഹൂദനോ അല്ല. വെളുത്ത് ചുവന്ന് ആകാരസൗന്ദര്യം തുളുമ്പി നില്‍ക്കുന്ന മനുഷ്യരൂപം. സല്‍മാന്‍ – അതാണയാളുടെ പേര് – പേര്‍സ്യയിൽ നിന്നുള്ള സൊരാസ്ട്രിയന്‍ മാതാപിതാക്കളുടെ മകനായി ഇസ്ഫഹാനിനടുത്തുള്ള ജയ്യ് ഗ്രാമത്തിലാണ് ജനിച്ചത്. പിന്നീട് ക്രിസ്തുമതത്തിലാകൃഷ്ടനായി. മജൂസി ദേവാലയത്തിലെ പരികർമ്മിയായിരുന്ന പിതാവ് അയാളെ ബന്ദിയാക്കി. അവിടെനിന്ന് രക്ഷപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ച് ശാമിലേക്കു പോയി.

ശാമിൽ സാത്വികനായ ഒരു ബിഷപ്പിനോടൊപ്പം കഴിച്ചുകൂട്ടി. അധികം താമസിയാതെ മരണശയ്യയിലായ ബിഷപ്പ് സൽമാനെ മൊസൂലിലെ ബിഷപ്പിനടുത്തേക്ക് പോകാനുപദേശിച്ചു. മൊസൂലിലെ പുരോഹിതനും വാര്‍ധക്യത്തിന്റെ രോഗജരാനരപീഡകള്‍ ആവശ്യത്തിൽകൂടുതൽ അനുഭവിക്കുന്നുണ്ടെങ്കിലും തനിക്കറിയാവുന്ന നല്ല മനുഷ്യനാണദ്ദേഹമെന്ന് ബിഷപ്പ് പറഞ്ഞു.

സല്‍മാന്‍ ഇറാകിന്റെ ഉത്തര ഭാഗത്തേക്ക് യാത്രചെയ്തു. അവിടന്നങ്ങോട്ട് ഒടുങ്ങാത്ത യാത്രകളുടെ നീണ്ട പരമ്പരതന്നെയായിരുന്നു. അതിനിടെ എണ്ണമറ്റ ക്രൈസ്തവ പുരോഹിതന്മാരുമായും ജ്ഞാനവൃദ്ധരുമായും കൂടിക്കാഴ്ച നടത്തി സംഭാഷണങ്ങളിലേര്‍പ്പെട്ടു. അവരിലെ അവസാനത്തെ കണ്ണിയായിരുന്ന വയോധികനായ പുരോഹിതൻ, അദ്ദേഹവും രോഗശയ്യയിലായിരുന്നു, സല്‍മാനോടു പറഞ്ഞു, “ഒരു പ്രവാചകന്‍ പ്രത്യക്ഷപ്പെടും, അബ്രഹാമിന്റെ മതവുമായി അദ്ദേഹം നിയുക്തനാകും. അറേബ്യാ ദേശത്താവും നിയോഗിതനാവുക, അവിടെനിന്ന് രണ്ട് കറുത്ത പാറപ്പരപ്പുകള്‍ക്കിടയിലുള്ള ഈന്തപ്പനത്തോപ്പുകളുടെ നാട്ടിലേക്ക് ദേശാടനം നടത്തും. അദ്ദേഹത്തിനുള്ള അടയാളങ്ങൾ വ്യക്തമാണ്, ധർമ്മമായി നൽകിയത് ഭക്ഷിക്കുകയില്ല, അതേസമയം, പാരിതോഷികങ്ങൾ സ്വീകരിക്കും. ആ പ്രവാചകന്റെ ബാഹുക്കൾക്കിടയിൽ പ്രവാചക മുദ്രയുണ്ടായിരിക്കും.

സുദീര്‍ഘമായ ആത്മീയാന്വേഷണത്തിന്റെ ആഴപ്പരപ്പുകള്‍ വേണ്ടുവോളമറിഞ്ഞ സല്‍മാന്‍ പ്രവാചകനുമായി സന്ധിക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞു. കെല്‍ബു ഗോത്രജരായ ഒരു സംഘം വണിക്കുകള്‍ക്ക് അവരാവശ്യപ്പെട്ട ധനം നല്‍കിക്കൊണ്ട്, തന്നെ അറേബ്യയിലെത്തിക്കണമെന്ന് കരാര്‍ ചെയ്തു. എന്നാല്‍, ചെങ്കടലിന്റെ ഉത്തര ദിക്കിലുള്ള അകബാ ഉള്‍ക്കടലിനടുത്തുള്ള കുറാ താഴ്‌വരയില്‍ വെച്ച് അവര്‍ സൽമാനെ ഒരു യഹൂദന് അടിമയായി വിറ്റു.

കുറാ താഴ്‌വരയിലെ ഈന്തപ്പനത്തോപ്പുകള്‍ കണ്ടപ്പോള്‍ സല്‍മാന്‍ സംശയത്തിന്റെ നടുവിലായി, ഇതുതന്നെയാവുമോ താന്‍ തേടുന്ന മരുപ്പച്ച? അധികം കഴിഞ്ഞില്ല, സല്‍മാനെ വിലക്കുവാങ്ങിയ യഹൂദൻ അയാളെ തന്റെ പിതൃവ്യപുത്രന് വിറ്റു. യസ്‌രിബുകാരായ ബനൂകുറയ്ദക്കാരായിരുന്നു ഇരുവരും. യസ്‌രിബിലെത്തിയതും പ്രവാചകന്‍ പലായനം ചെയ്‌തെത്താന്‍ പോകുന്ന ഇടം ഇതുതന്നെയാണെന്നയാൾക്ക് ബോധ്യമായി. അഗ്നിയാരാധകനായി കുട്ടിക്കാലം ചെലവഴിച്ച സല്‍മാന്‍ ഇസ്‌ലാമിന്റെ അനിതരസാധാരണമായ സ്‌നേഹപ്പടര്‍പ്പുകളില്‍ അമരണമെന്ന തീരുമാനത്തില്‍ വിധിയുടെ വിരലടയാളം പതിഞ്ഞുകഴിഞ്ഞു.

സല്‍മാന്റെ പുതിയ യജമാനന്റെ മറ്റൊരു പിതൃവ്യപുത്രന്‍ കുബായിലുണ്ട്. നബി കുബായില്‍ വന്നെത്തിയപാടെ അയാള്‍ വാര്‍ത്തയുമായി യസ്‌രിബ് നഗരത്തിലേക്ക് വിട്ടു. ഒരു ഈന്തപ്പനയുടെ ചുവട്ടിലിരിക്കുകയാണ് യജമാനൻ. ആ മരത്തിന്റെ മണ്ടയില്‍ പണിയിലേർപ്പെട്ട് സല്‍മാനുമുണ്ട്. അവിടെയിരുന്ന് ആഗതന്റെ ഉറക്കെയുള്ള സംസാരം അയാൾ പിടിച്ചെടുത്തു. “കയ്‌ലയുടെ മക്കളെ ദൈവം ശപിക്കട്ടെ. മക്കയില്‍നിന്നു വന്നെത്തിയ ഒരാളുടെ ചുറ്റും കുബായില്‍ വച്ചുതന്നെ കൂടിയിരിക്കുകയാണവര്‍. അയാളൊരു പ്രവാചകനാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.” അവസാനത്തെ വാക്കുകള്‍ സല്‍മാന്റെ മനസ്സിലേക്ക് കടത്തിവിട്ട വായുപ്രവാഹം വാക്കുകള്‍ക്ക് വഴങ്ങുന്നതല്ല. അയാളുടെ ഹൃദയം തുടിച്ചു; ഒപ്പം ശരീരവും. വിറച്ച് വിറച്ച് താന്‍ ഈന്തപ്പനയുടെ മുകളില്‍നിന്ന് താഴേക്ക് വീഴുമോ എന്നുപോലും ഭയപ്പെട്ടു. സമയം കളയാതെ താഴെയെത്തി. തുടര്‍ന്ന് കുബായില്‍ നിന്നുള്ള യഹൂദനെ ചോദ്യം കൊണ്ട് മൂടി. യജമാനന് ഇതൊട്ടും രസിച്ചില്ല. തിരിച്ച് ഈന്തപ്പനയില്‍തന്നെ കേറാന്‍ അയാള്‍ സല്‍മാനോടാവശ്യപ്പെട്ടു.

വൈകുന്നേരംവരെ മരത്തിന്റെ മണ്ടയിലങ്ങനെ വെറുതെ ഇരുന്നു. എങ്ങനെയാണ് സമയം തള്ളിനീക്കിയെന്ന് പറയാനറിഞ്ഞുകൂടാ. അന്നു വൈകുന്നേരംതന്നെ അയാൾ ചില ഭക്ഷണപദാര്‍ത്ഥങ്ങളുമായി ഒളിച്ചുകടന്ന് കുബായിലെത്തി. അവിടെ പഴയവരും പുതിയവരുമായ അനുചരന്മാര്‍ക്കിടയിലിരിക്കുകയായിരുന്നു പ്രവാചകന്‍. താന്‍ കൂടെ കൊണ്ടുവന്നിരുന്ന ഭക്ഷ്യ വസ്തുക്കള്‍ പ്രവാചകനു മുമ്പില്‍വച്ചു. നബിയത് അനുചരര്‍ക്കിടയില്‍ വീതംവെച്ചു. ക്രൈസ്തവ പുരോഹിതൻ പറഞ്ഞ അടയാളങ്ങൾ സൂത്രത്തിൽ കണ്ടുപിടിച്ചു. അദ്ദേഹം വിശേഷിപ്പിച്ചു കൊടുത്ത നബിതന്നെ.

സല്‍മാന്‍ മുസ്‌ലിമായി. ദേശത്തിന്റെ അതിരുകള്‍ കടന്നെത്തിയ തെളിമയാര്‍ന്ന വിശ്വാസത്തിന് പരദേശത്ത് പുതിയ വിശ്വാസി; തീര്‍ത്തും വേറിട്ടൊരു വിശ്വാസി.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.