നബിചരിത്രത്തിന്റെ ഓരത്ത് -48

//നബിചരിത്രത്തിന്റെ ഓരത്ത് -48
//നബിചരിത്രത്തിന്റെ ഓരത്ത് -48
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -48

Print Now
ചരിത്രാസ്വാദനം

രാജപാത

മുഹമ്മദിനേയും സഹയാത്രികരേയും കണ്ടെത്തി മക്കയില്‍ തിരിച്ചെത്തിക്കുന്നവര്‍ക്ക് കുറയ്ഷ് പ്രഖ്യാപിച്ച പ്രതിഫലം ദുരനുരഞ്ഞ മനസ്സുകളില്‍ കുളിർമഞ്ഞായി പെയ്തിറങ്ങി. അതിനാൽ, നബിയുടേയും കൂട്ടുകാരുടേയും യാത്ര അതീവ രഹസ്യമായിരിക്കണം. അവരുടെ കണ്ണും കാതും മനസ്സും സദാ ജാഗ്രത്തായിരിക്കേണ്ടതുണ്ട്.

കുറയ്ഷികളുടെ സമ്മാന വാഗ്‌ദാനത്തില്‍ പ്രലോഭിതനായി മുഹമ്മദിനെ പിടിക്കാനിറങ്ങിയവരില്‍ ആജാനുബാഹുവായ സുറാക ബിന്‍ മാലിക്കിന്റെ രൂപമാണ് ആദ്യം പൊങ്ങിവരിക. ലോകത്തെമ്പാടുമുള്ള മുസ്‌ലിംകളിൽ ഇന്നും ആവേശത്തിന്റെ രാസത്വരകമായി വർത്തിക്കുന്നുണ്ട് സുറാകയുടെ കഥ. അക്കഥ സുറാക തന്നെ പറയട്ടെ,
‘എന്റെ ആളുകളായ ബനൂമുദ്‌ലജിലെ സദസ്സിലൊന്നില്‍ ഇരിക്കുകയായിരുന്നു അന്ന് ഞാന്‍. അന്നേരം ഒരാള്‍ ഞങ്ങളുടെ അടുത്തു വന്നുനിന്നുകൊണ്ട് പറഞ്ഞു, “സുറാക, ഞാനിങ്ങോട്ടു വരുന്ന വഴിയിൽ നാലുപേരെ കണ്ടു, അത് മുഹമ്മദും സംഘവുമാണെന്നു തോന്നുന്നു.”

‘കേട്ട മാത്രയില്‍ എനിക്ക് ബോധ്യമായി, അതവര്‍ തന്നെയായിരിക്കണം. എന്നാൽ, “അതവരൊന്നുമല്ല, നിങ്ങള്‍ കണ്ടത് -ആരുടെയൊക്കെയോ പേരു പറഞ്ഞിട്ട്- അവരെയൊക്കെയായിരിക്കണം. അവര്‍ പോകുന്നത് ഞങ്ങളും കണ്ടതാണ്.” എന്ന് അലസഭാവേന മറുപടി നൽകി. കുറച്ചുനേരം എങ്ങനെയൊക്കെയോ ഞാനവിടെത്തന്നെ ഇരുന്നു. തെല്ലിട കഴിഞ്ഞ്, ധിറുതി പുറത്തുകാണിക്കാതെ സദസ്സില്‍ നിന്നെഴുന്നേറ്റ് നേരെ വീടുപിടിച്ചു. കുതിരയെ ഒരുക്കാന്‍ പരിചാരികയോട് പറഞ്ഞു. ഞാനെന്റെ കുന്തം കയ്യിലെടുത്ത് വീട്ടിനു പുറത്തേക്ക് നടന്നു. കുതിരപ്പുറത്തു കയറിയതും തെന്നി താഴെവീണു. പുറത്തേറ്റിയ ആവനാഴിയിൽ നിന്ന് അമ്പെടുത്ത്, പോകണോ വേണ്ടയോ എന്നു നറുക്കിട്ടു. ‘പോകരുത്’ എന്നായിരുന്നു നറുക്കിന്റെ തീർപ്പ്. അതു കാര്യമാക്കാതെ ഞാന്‍ യാത്ര തുടങ്ങി.’

സുറാക കുതിരയെ പറത്തിവിട്ടു. അധികം അങ്ങനെ ഓടിക്കേണ്ടിവന്നില്ല. ദൂരെ, മരുപ്പരപ്പ് ചക്രവാളത്തിലേയ്ക്ക് ലയിക്കുന്നിടത്ത് മൂന്നു കറുത്ത ബിന്ദുക്കള്‍ പ്രത്യക്ഷപ്പെട്ടു. ആവേശപൂര്‍വം അയാള്‍ കുതിരയെ പറത്തിവിട്ടു. ബിന്ദുക്കള്‍ വലുതായി വലുതായി മൂന്ന് ഒട്ടകങ്ങളും അവക്ക് മേൽ യാത്രചെയ്യുന്ന നിഴൽരൂപങ്ങളുമായി പരിണമിച്ചു. വേഗതയാൽ അടിതെറ്റി കുതിര രണ്ടുതവണ മരുഭൂമിയില്‍ മൂക്കുകുത്തി. നറുക്കായി ഉപയോഗിക്കുന്ന അമ്പുകളോട് കാര്യം തിരക്കിയപ്പോള്‍ ‘പോകരുത്’ എന്ന് വീണ്ടും ഉത്തരം കിട്ടി. എന്നാൽ, അത്യാർത്തിയുടെ പത്തായം നിറച്ചിരുന്നത് കുറയ്ഷികളുടെ മോഹിപ്പിക്കുന്ന നൂറൊട്ടകങ്ങളാണ്. അതുകൊണ്ട് ഇവരെ പിടികൂടി മക്കയിലെത്തിക്കണം. ചെറുത്തുനില്‍ക്കുകയാണെങ്കിലെന്തു ചെയ്യും? വധിച്ചുകളയുക, അത്രതന്നെ!

കടിഞ്ഞാണ്‍ അയച്ചയച്ച് അയാള്‍ കുതിരയുടെ വേഗം കൂട്ടിക്കൊണ്ടിരുന്നു. ചുടുകാറ്റിനെ കീറിച്ചീന്തി മുമ്പോട്ടു നീങ്ങിയ സുറാകയുടെ വാഹനം മൂക്കുകുത്തി വീണതൊന്നും അയാള്‍ പരിഗണിച്ചതേയില്ല, സ്വന്തം വേഗതയില്‍ ശരീരത്തിന്റെ സന്തുലിതത്വം നിലനിര്‍ത്താനാകാതെ സാധു മൃഗം വീണ്ടും മൂക്കു കുത്തിവീണു. ആയുധധാരിയായ സവാരിക്കാരനും അതിനോടൊപ്പം മണലിലുരുണ്ടു പിരണ്ടു. നിർണായകമായ നിമിഷങ്ങൾ… ആ ഞൊടിനേരത്ത് സുറാക ഒരു തീരുമാനത്തിലെത്തിയിരുന്നു.

അയാൾ തട്ടിപ്പിടഞ്ഞെണീറ്റു. കൈപ്പത്തി രണ്ടും വായ്ക്ക് ചുറ്റും കുമ്പിള്‍ പോലെ ചേര്‍ത്തുവെച്ച് അയാള്‍ ഉച്ചത്തില്‍ വിളിച്ചു,
“മുഹമ്മേദ്…ദ്…ദ്…”
ഉറക്കെയുള്ള ആ വിളി കാറ്റിന്റെ അലയിലേറി കുറച്ചുദൂരം പോയി ലക്ഷ്യം കാണാതെ വായുവിലലിഞ്ഞു.

ഒന്ന് കാത്ത ശേഷം സുറാക മുമ്പത്തേതിനെക്കാളുച്ചത്തിൽ നീട്ടിവിളിച്ചു,
“മുഹമ്മേേദ്…ദ്…ദ്…ദ്…”
ഇത്തവണ ശബ്ദം ലക്ഷ്യത്തിലെത്തി. നബി തിരിഞ്ഞുനോക്കി. അവർക്കു നേരെ ചൂണ്ടുവിരല്‍ത്തുമ്പയര്‍ത്തി സുറാക ഉറക്കെ വിളിച്ചു പറഞ്ഞു,
”ഒന്നു നില്‍ക്കൂ”പിന്നെ തുടര്‍ന്നു, “സുറാക ബിന്‍ മാലിക് അല്‍ ജുഅ്ഷൂം ആണു ഞാന്‍. നിങ്ങളോടെനിക്ക് ചിലത് പറയാനുണ്ട്. ഞാൻ നിങ്ങളെ ദ്രോഹിക്കില്ല.” തന്റെ വിളികേട്ട് നിന്ന പലായകരുടെ അടുത്തേക്ക് സുറാക നടന്നു. ബാക്കി അയാൾതന്നെ പറയട്ടെ,

‘ഞാന്‍ പറഞ്ഞു, “നിങ്ങളുടെ ആളുകള്‍ നിങ്ങളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഇനാം നിശ്ചയിച്ചിരിക്കുകയാണ്. പിന്നീട് അവരെ കയ്യിൽ കിട്ടിയാല്‍ കുറയ്ഷ് എന്തു ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്ന് ഞാനവര്‍ക്കു പറഞ്ഞുകൊടുത്തു. മുഹമ്മദിനെ കണ്ടുമുട്ടിയെന്നതിന് തെളിവായി ഒരു കുറിപ്പ് എഴുതിത്തരണമെന്ന് അപ്പോൾ ഞാനവരോടാവശ്യപ്പെട്ടു.’ പ്രവാചകന്റെ നിര്‍ദേശപ്രകാരം അബൂബക്ര്‍ എല്ലിന്‍ കഷ്ണത്തില്‍ ഒരു കുറിപ്പെഴുതി സുറാകക്ക് കൊടുത്തു. അതുമായി അയാൾ മടങ്ങി.

ജ്വലിക്കുന്ന വെയിലിന്റെ അകമ്പടിയിൽ, മണല്‍ക്കാടിന്റെ നിമ്‌നോന്നതികള്‍ താണ്ടി നബിയും സഹയാത്രികരും സഞ്ചരിച്ചു. കത്തിയുരുകുന്ന സൂര്യന്നും അവരുടെ തലക്കുമിടയില്‍ തണല്‍ നല്‍കാനായി മരച്ചില്ലകളോ മേഘപടലങ്ങളോ ഇല്ല. ഒരഭയ കേന്ദ്രവും വഴിയിലെങ്ങുമില്ല. സുറാകയെപ്പോലെ ആരും എപ്പോഴും വന്നു തങ്ങളുടെ മേല്‍ ചാടിവീഴാം. അതിരറ്റ ക്ഷമയും അല്ലാഹുവിലുള്ള കരുത്തുറ്റ വിശ്വാസവും മാത്രമാണവരുടെ ആലംബം.

വെയില്‍ കഠിനമാകുമ്പോള്‍ എവിടെയെങ്കിലും തമ്പടിക്കും. ആഴമേറിയ മരുഭൂ മൂകതയുടേയും, കൂരിരുളില്‍ ആകാശത്ത് കണ്ണുചിമ്മിത്തുറന്ന് വഴികാട്ടുന്ന നിബിഢമായ നക്ഷത്രക്കാഴ്ചകളുടേയും ആഹ്ലാദ പ്രഹര്‍ഷങ്ങളില്‍ മുങ്ങി അവര്‍ യാത്ര തുടര്‍ന്നു. ദിനങ്ങളെടുത്ത് കഠിനയാത്രയിലൂടെ പിറകിലാക്കേണ്ട മരുഭൂമിയുടെ ക്രൗര്യത്തെ ആ നിമിഷം അവര്‍ മറന്നു.

ലോകം കണ്ടതില്‍ വെച്ചേറ്റവും മഹാനായ പലായകനെയുമായി വഴികാട്ടി മക്കയില്‍ നിന്ന് അനുനിമിഷം അകന്നകന്നുകൊണ്ടിരുന്നു. നേരെ വടക്കോട്ട് വിട്ട് പെട്ടെന്ന് യഥ്‌രിബ് പിടിക്കുന്നതിനു പകരം പടിഞ്ഞാറ് ദിശയില്‍ നിന്നല്പം തെക്കോട്ട് തെന്നിയാണ് അയാള്‍ അവരെ വഴിനടത്തിയത്. ആ വഴിയവരെ കൊണ്ടെത്തിച്ചത് ചെങ്കടല്‍ തീരത്താണ്. ഇവിടം മുതലാണ് യസ്‌രിബ് അവരുടെ നേരെ വടക്കായത്. തീരദേശപാത വടക്കു പടിഞ്ഞാറ് ദിശയിലേക്കാണ് നീളുന്നത്. ഏതാനും ദിനങ്ങള്‍കൂടി അവര്‍ക്ക് അതേ പാതയിലൂടെ സഞ്ചരിക്കേണ്ടതുണ്ട്.

അസ്തമയ സൂര്യന്റെ പീതവര്‍ണ്ണം കുടിച്ച് ചെമ്പിച്ച സമുദ്രത്തിലേക്ക് നോക്കി പതുക്കെ യാത്ര ചെയ്യവെ പടിഞ്ഞാറെ മാനത്ത് തലകാട്ടി പുഞ്ചിരിക്കുന്ന റബീഉല്‍ അവ്വലിന്റെ ചന്ദ്രക്കല അവര്‍ കണ്ടു. ”നന്മയുടേയും വഴികാട്ടലിന്റേയും ചന്ദ്രികേ, എന്റെ വിശ്വാസം നിന്നെ സൃഷ്ടിച്ചവനിലാണ്.” ഹൃദയമിടിപ്പോളം പതിഞ്ഞ സ്വരത്തില്‍ യാത്രികന്റെ ആത്മഗതം.

പുതിയൊരു ദിനത്തിന്റെ സുന്ദര പ്രഭാതം സമ്മാനിച്ച ഉന്മേഷത്തില്‍ നബിയുടെയും സഹയാത്രികരുടെയും ഒട്ടകങ്ങള്‍ നിസ്തന്ദ്രം നടന്നുനീങ്ങി. അന്നേരം, എതിര്‍ദിശയില്‍ നിന്നുവന്ന ഒരു കൊച്ചു കാഫിലയുടെ കാഴ്ച അവരെ വല്ലാത്ത ഒരുള്‍ഭ്രമത്തിന്റെ ചുഴിയിലേക്കെടുത്തെറിഞ്ഞു. അല്പനിമിഷം അവരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ഭയപ്പാട് കാഫില അടുത്തടുത്തു വന്നതോടെ ആഹ്ലാദമായി പരിവര്‍ത്തിക്കപ്പെട്ടു. അബൂബക്‌റിന്റെ മച്ചുനന്‍ തല്‍ഹയായിരുന്നു അത്. അദൃഷ്ടമായൊരു സമാഗമത്തിന്റെ അത്ഭുതം ഒഴിഞ്ഞുനിന്നതിനുശേഷം അവര്‍ സംസാരിച്ചു.

തല്‍ഹ ഷാമിൽ നിന്നു വരികയാണ്, അവിടന്ന് വസ്ത്രങ്ങളും മറ്റു കച്ചവട വസ്തുക്കളും വാങ്ങിയുള്ള വരവാണ്. യാത്രക്കിടെ അയാൾ ചില ദിനങ്ങൾ യസ്‌രിബിൽ ചിലവഴിച്ചിട്ടാണ് വരുന്നത്. അവിടത്തെ ജനങ്ങളുടെ ആഹ്ലാദവും ആരവങ്ങളും സുരക്ഷിതബോധവും നേരില്‍ കണ്ടപ്പോള്‍ ചരക്കുകള്‍ നാട്ടില്‍ കൊണ്ടുപോയി വിറ്റഴിച്ച ശേഷം യസ്‌രിബിൽ തിരിച്ചെത്താമെന്ന തീരുമാനത്തോടെ മക്കയിലേക്കു പോവുകയാണയാൾ. മരുപ്പച്ചയിലേക്കുള്ള പ്രവാചകന്റെ ആഗമനത്തെ തികഞ്ഞ ആകാംക്ഷയോടെ കാത്തിരിക്കുകയാണത്രെ അന്നാട്ടുകാര്‍. തമ്മിൽപ്പിരിഞ്ഞ വേളയില്‍ തല്‍ഹ, മക്കയിലെ ധനാഢ്യര്‍ ആവശ്യപ്പെട്ടതു പ്രകാരം നല്ല വില നല്‍കാമെന്ന വാഗ്ദാനത്തില്‍ കൊണ്ടുപോവുകയായിരുന്ന, ഷാമില്‍ നിര്‍മ്മിച്ച വിശേഷപ്പെട്ട വെള്ളത്തുണികൾ നബിക്കും സഹയാത്രികർക്കും സമ്മാനിച്ചു.

തല്‍ഹയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് അധികമാകുന്നതിന് മുമ്പ് അവര്‍ നേരെ വടക്കോട്ടു പിടിച്ചു. തീരദേശത്തു നിന്നല്പം അകന്ന് ഉള്‍നാടുകളിലൂടെയായി യാത്ര. പിന്നെ വടക്കു കിഴക്ക് ഭാഗത്തേക്ക്. അവസാനം, നേരെ യസ്‌രിബിന്റെ ഭാഗത്തേക്ക്. യാത്രാവേളയില്‍ പ്രവാചകന് വെളിപാടു വന്നണഞ്ഞു, ”ഈ കുര്‍ആന്‍ താങ്കള്‍ക്ക് നിയമമായി നല്‍കിയവന്‍ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് താങ്കളെ തിരിച്ചുകൊണ്ടുവരുമെന്ന് തീര്‍ച്ച.”

സൗർ വിട്ടിറങ്ങിയിട്ട് പതിനൊന്ന് ദിനങ്ങള്‍ കഴിഞ്ഞ് പന്ത്രണ്ടാം ദിനം പുലര്‍ച്ചെ, അനുഗൃഹീതരായ പലായകർ അകീക് താഴ്‌വരയിലെത്തി. പിന്നീട്, ദുര്‍ഘടമായ കരിമ്പാറകളുടെ ചരിവുകള്‍ കയറിത്തുടങ്ങി. മുകളിലെത്തുന്നതിനു മുമ്പുതന്നെ വെയില്‍ കടുത്തു. എഴുന്നും തെറിച്ചും നില്‍ക്കുന്ന പാറകള്‍ പഴുത്തു. മറ്റു ദിനങ്ങളിലെപ്പോലെ ചൂടൊന്നൊടുങ്ങുന്നതുവരെ വിശ്രമിക്കാമായിരുന്നു. എന്നാൽ, അവര്‍ തീരുമാനിച്ചത് ചെങ്കുത്തായ താഴ്‌വാരത്തിന്റെ ഉച്ചിയിലെത്തുന്നതുവരെ കയറ്റം തുടരാനാണ്.

കുന്ന് കയറിത്തീര്‍ത്ത് അവർ താഴെ, സമതലത്തിലേക്ക് നോക്കി. പ്രവാചകന്‍, മുമ്പൊരിക്കൽ സ്വപ്‌നത്തില്‍ ദര്‍ശിച്ച അതേ സമതലം -രണ്ട് കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലെ ജലസമൃദ്ധമായ ഇടം- അദ്ദേഹത്തിന്റെ മുമ്പില്‍ നിവര്‍ന്നുകിടക്കുന്നു. ദൂരെ, നരച്ച ഈന്തപ്പനത്തലപ്പുകള്‍ ഇപ്പോഴവർക്കു കാണാം. മുറ്റിയ തോട്ടങ്ങളുടെയും വനികകളുടെയും മങ്ങിയ പച്ചപ്പ് ദൃശ്യമായി. അവര്‍ക്കിറങ്ങിച്ചെല്ലാനുള്ള കുന്നിന്റെ അടിവാരത്തില്‍ നിന്ന് മൂന്നു നാഴികയെങ്കിലും അകലെ നിന്നാണാ കാഴ്ച.

ഹരിതദേശവുമായി ഇപ്പോൾ അവരോടേറ്റവും അടുത്ത ഭാഗം ‘കുബാ’യാണ്. അവിടെയാണ് മക്കയില്‍ നിന്ന് പലായകരായെത്തിയ നിരവധി പേർ തങ്ങിയിരുന്നത്. ഇപ്പോഴും ധാരാളം മുഹാജിറുകള്‍ അവിടെയുണ്ട്. പ്രവാചകന്‍ തന്റെ വഴികാട്ടിയോടു പറഞ്ഞു, ”ഞങ്ങളെ നേരെ, കുബായിലെ ബനൂഅംറിന്റെ വാസസ്ഥലത്തേക്ക് കൊണ്ടുപോകൂ.”

കാത്തിരിപ്പിന്റെ നീണ്ട ഇടവേളയില്‍ കുബായില്‍ വെച്ച് മുസ്‌ലിംകള്‍ നമസ്കാരം നിര്‍വഹിച്ചു; മക്കയില്‍ അവര്‍ ചെയ്തിരുന്നതുപോലെതന്നെ. നമസ്‌കാരത്തിന്റെ ചലന-നിശ്ചലനങ്ങള്‍ സാകൂതം വീക്ഷിക്കുകയാണ് പ്രവാചകനെ കാണാനായി കുബായില്‍ കാത്തു നില്‍ക്കുന്ന ഔസികളും ഖസ്‌റജികളുമായ അവിശ്വാസികൾ- അവരിൽ പലരും ഇപ്പോഴും വിശ്വാസികളായിട്ടില്ല. മുഹാജിറുകളുടെ നേതാക്കളടക്കം അണിനിരന്നിരിക്കുന്ന നമസ്‌കാരം. യസ്‌രിബുകാരായ നവമുസ്‌ലിംകളുമുണ്ട്. അബ്ദുല്ലാഹ് ബിൻ മസ്ഊദ് വിശേഷിപ്പിച്ചതുപോലെ, തന്റെ ഇസ്‌ലാമാശ്ലേഷം മുസ്‌ലിംകളുടെ വിജയവും, തന്റെ ഹിജ്‌റ മുസ്‌ലിംകളുടെ ശ്രേയസ്സും തന്റെ ഖിലാഫത്ത് മുസ്‌ലിംകളുടെ അനുഗ്രഹവുമാക്കി മാറ്റിയ മഹാനായ ഉമര്‍ അക്കൂട്ടത്തിലുണ്ട്. തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുകയാണവർ. മനോഹരമായ ശബ്ദത്തില്‍ ഉറക്കെ കുര്‍ആന്‍ ഓതുന്ന ഇമാമിനെ അവരുടെ കുട്ടത്തില്‍ ഒരാള്‍ ശ്രദ്ധിച്ചു. ആ കാഴ്ചയില്‍ അയാളുടെ കണ്ണുകള്‍ തള്ളി. എന്തൊക്കെയാണീ കാണുന്നത്! അയാള്‍ കൂട്ടുകാരനെ കുലുക്കിവിളിച്ചു. ”നോക്ക്, മുസ്‌ലിംകളിലെ പ്രമുഖരടങ്ങിയ സംഘത്തിന് ഇമാമായി നില്‍ക്കുന്ന പൊടിമീശക്കാരന്‍ പയ്യനെ നോക്ക്.”

അയാള്‍ നോക്കി. വിശ്വാസം വരാതെ ചോദിച്ചു,
”സാലിം?”
”അതെ, അവന്‍ തന്നെ.”
“ആര്?…” – മറ്റൊരാൾ ചോദിച്ചു.
”ഓര്‍ക്കുന്നില്ലേ, സാലിമിനെ? ഏതാനും വര്‍ഷം മുമ്പ് യസ്‌രിബ് ചന്തയില്‍ സല്ലാം ബിന്‍ ജുബൈര്‍ എന്ന ദുരമൂത്ത ജൂതന്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിശേഷണങ്ങൾ വിളിച്ചുപറഞ്ഞ് വിറ്റ സാലിമിനെ?”
“ഓര്‍ക്കുന്നു, നല്ലവണ്ണം ഓര്‍ക്കുന്നു.” ജൂതന്റെ വാക്കുകള്‍ അവരുടെ മനസ്സിന്റെ ഭിത്തികളില്‍ തെളിഞ്ഞു വന്നു, ”…മാന്യമായൊരു പാര്‍സി കുടുംബത്തിലെ അരുമയായ സന്തതി. ഇസ്തഖ്‌റില്‍ നിന്ന് വന്ന്, ഉബുല്ലയില്‍ താമസമാക്കിയ കുടുംബം…” എന്നിട്ടവനെ സുബൈത്ത വിലക്കുവാങ്ങി. അവളെ അബൂഹുദൈഫ കല്യാണം കഴിച്ചു. അയാൾ അവനെ സ്വതന്ത്രനാക്കി…

ഇക്കഥയൊക്കെ അവര്‍ക്കറിയാം. പക്ഷേ, മക്കയിലെ പ്രഗത്ഭരായ സ്വതന്ത്രരുള്‍ക്കൊള്ളുന്ന മുസ്‌ലിം സംഘത്തിന് അന്ന് ഒറ്റയക്ഷരം അറബിയറിഞ്ഞുകൂടാതിരുന്ന അനാഗതശ്മശ്രു ഇമാമായി നിന്ന് നമസ്‌കരിക്കുന്നു. ഇതില്‍ കവിഞ്ഞ അത്ഭുതമെന്തുണ്ട്! ഇന്നലെവരെ അടിമയായവന്‍ ഇന്ന് ഇമാമായിരിക്കുന്നു!! പാവം കുറയ്ഷികൾ, മുഹമ്മദിന്റെ കൈക്ക് ഇനിയുമവർ എന്തൊക്കെ കാണേണ്ടിവരില്ല!!! അവര്‍ തമ്മിൽതമ്മിൽ പറഞ്ഞു. ഇങ്ങനെയോരോന്ന് നമുക്കിടയിലും കാണുന്നതിനു മുമ്പ് മണ്ണോടു ചേരുകയാണ് നല്ലത്.

ഇല്ല, അവരിലൊരാള്‍ക്കും അതിനു മുമ്പ് മണ്ണോടു ചേരേണ്ടിവന്നില്ല. തങ്ങളറിയാതെയവര്‍ മുസ്‌ലിംകളായിക്കഴിഞ്ഞിരുന്നു. മനസ്സ് അതംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍കൂടി.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.