നബിചരിത്രത്തിന്റെ ഓരത്ത് -47

//നബിചരിത്രത്തിന്റെ ഓരത്ത് -47
//നബിചരിത്രത്തിന്റെ ഓരത്ത് -47
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -47

Print Now
ചരിത്രാസ്വാദനം

ഹിജ്‌റ

രണ്ടൊട്ടകങ്ങളെയുമായി അബൂബക്ർ നബിയെ കാത്തുനിന്നു. ഒന്നാമത്തേതിന്റെ പുറത്ത് പ്രവാചകന്‍ കയറി, രണ്ടാമത്തേതിന്റെ പുറത്ത് അബൂബക്റും. പുത്രന്‍ അബ്ദുല്ല പിതാവിന്റെ പിന്നിലിരുന്നു. നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നതുപോലെ, മക്കയില്‍ നിന്ന് അഞ്ചു നാഴിക തെക്കുമാറിയുള്ള സൗര്‍ കുന്നിലെ ഒരു ഗുഹ ലക്ഷ്യമാക്കി അവര്‍ യാത്രയാരംഭിച്ചു.

മുഹമ്മദ് രക്ഷപ്പെട്ടുവെന്ന വിവരം ലഭിച്ചാലുടന്‍ മക്കയില്‍ നിന്ന് യസ്‌രിബിലേക്കുള്ള ചിരപരിചിതമായ പ്രധാനപാതയിലെ മലകളിലും കുന്നുകളിലുമായിരിക്കും കുറയ്ഷ് അവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുക. നേരെ എതിര്‍ദിശയിലേക്കു പോകുന്ന യമന്‍ പാതവക്കത്തുള്ള സൗറില്‍ അദ്ദേഹം അഭയം തേടുമെന്ന് അവര്‍ കരുതാനിടയില്ല.

മക്കയുടെ അതിരുകള്‍ അവസാനിക്കുകയാണ്. പിന്നിട്ട ആയുസ്സത്രയും ചെലവഴിച്ച പ്രിയപ്പെട്ട ജന്മനാട് നബിയെ പിൻവിളിച്ചു. ബാല്യവും യൗവനവും പിന്നിട്ട് ഇക്കാലമത്രയും താന്‍ ചെലവഴിച്ച പ്രിയപ്പെട്ട മക്ക നിറമിഴികള്‍ കൊണ്ട് അരുതെന്നോതുന്നതായി അദ്ദേഹത്തിനു തോന്നി. ഈ നാടിന്റെ കരുണരൗദ്രങ്ങള്‍ താന്‍ വേണ്ടുവോളമേറ്റുവാങ്ങിയിട്ടുണ്ട്. ചവിട്ടും തലോടലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇതുപോലൊരു നിമിഷം മുമ്പനുഭവിച്ചിട്ടില്ല. പക്ഷേ, ദുര്‍ബലനായിക്കൂടാ. അല്ലെങ്കിലും, ഓരോ സമാഗമവും അവസാനിക്കുന്നത് വേര്‍പാടിലായിരിക്കുമല്ലോ. അദ്ദേഹം ഒട്ടകത്തെ നിര്‍ത്തി, മക്കയുടെ ആകാശരേഖയിലേക്ക് കണ്ണ് പായിച്ചു, പിന്നെ ആത്മഗത സ്വരത്തില്‍ പറഞ്ഞു,
”പ്രിയനാടേ, അല്ലാഹുവിന്റെ ഭൂമിയില്‍ നീയാണെനിക്കേറ്റവും പ്രിയപ്പെട്ട ഇടം. എന്റെ ആള്‍ക്കാര്‍ ആട്ടിപ്പായിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ വിട്ടുപോകുമായിരുന്നില്ല.”

അബൂബക്‌റിന്റെ അടിമയായിരുന്ന ആമിര്‍ – ഫുഹൈറയുടെ പുത്രന്‍ ആമിര്‍ – ആണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആടുകളെ നോക്കുന്നത്. ആമിര്‍ തന്റെ ആടുകളെ തെളിച്ച് ഒട്ടകങ്ങളുടെ കാല്പാടുകളെ മായിച്ചുകളഞ്ഞു. അവര്‍ ഗുഹയിലെത്തി. അബൂബക്ര്‍ പുത്രന്‍ അബ്ദുല്ലയെ ഒട്ടകങ്ങള്‍ക്കൊപ്പം വീട്ടിലേക്കു തന്നെ തിരിച്ചയച്ചു. കൂട്ടത്തില്‍ ഒരു കാര്യംകൂടി ഏല്പിച്ചു; മക്കക്കാര്‍ക്കിടയിലൂടെ നടന്ന് പ്രവാചകന്റെ പലായനത്തെക്കുറിച്ച് അവര്‍ എന്തു പറയുന്നുവെന്നറിഞ്ഞ് രാത്രി തിരിച്ചെത്തണം. ആമിര്‍ പതിവുപോലെ, ആടുകളെ മേക്കാന്‍ പോകണം. തിരിച്ചുപോകുമ്പോള്‍ അബ്ദുല്ലയുടെ കാല്പാടുകളെ മായിച്ചുകളയാനായി ആ വഴിക്ക് അവയെ തെളിക്കുകയും വേണം.

പിറ്റേന്ന് രാത്രി, അബ്ദുല്ല ഇരുവര്‍ക്കുമുള്ള ഭക്ഷണവുമായി ഗുഹയിലെത്തി. കൂടെ സഹോദരി അസ്മയുമുണ്ട്. അവര്‍ വിശേഷപ്പെട്ട ഒരു വാര്‍ത്തയുമായാണ് വന്നിരിക്കുന്നത്. മുഹമ്മദിനെ കണ്ടെത്തുകയും തിരിച്ച് മക്കയിലെത്തിക്കുകയും ചെയ്യുന്നവര്‍ക്കായി നൂറൊട്ടകം ഇനാം പ്രഖ്യാപിച്ചിരിക്കുകയാണത്രെ കുറയ്ഷ്. ജാള്യവും ക്രോധവും കൊണ്ട് പാതി ഉന്മത്തമായിത്തീര്‍ന്നിരിക്കുന്ന കുറയ്ഷിക്കൂട്ടങ്ങള്‍ മക്കയ്ക്കും യസ്‌രിബിനുമിടയിലെ സാധ്യമായ വഴികളിലൂടെയൊക്കെ കുതിരകളെ പായിക്കുകയാണത്രെ.

അബൂബക്‌റായിരിക്കും മുഹമ്മദിന്റെ സഹയാത്രികന്‍, അയാളെ ഇവിടെങ്ങും കാണുന്നില്ലല്ലോ. നേതാക്കൾ നിരൂപിച്ചെടുത്തിരിക്കുകയാണത്രെ. എന്നാൽ മറ്റു ചിലര്‍, അവരെ അബ്ദുല്ലയ്ക്ക് വേണ്ടവണ്ണം അറിഞ്ഞുകൂടാ, പറയുന്നത് ഇങ്ങനെയാണത്രെ, മുഹമ്മദും കൂട്ടുകാരനും ഇതുവരെ മക്ക വിട്ടിട്ടില്ല. അവര്‍ മക്കയിലും പ്രാന്തത്തിലുമുള്ള എണ്ണമറ്റ കുന്നുകളിലെ പരശ്ശതം ഗുഹകളിലേതെങ്കിലുമൊന്നില്‍ ഒളിച്ചിരിപ്പുണ്ടാവണം. മകനിൽ നിന്ന് കേട്ട വാര്‍ത്ത അബൂബക്‌റിന്റെ ശരീരത്തില്‍ അടിമുതല്‍ മുടിവരെ ഭയപ്പാടിന്റെ മിന്നൽ പായിച്ചു.

ബദുക്കളുടെ കാഴ്ച നിശിതമാണ്. മരുഭൂമി തങ്ങളെ ചതിക്കുകയില്ലെന്നവര്‍ കരുതുന്നു. മരുപ്പരപ്പിന്റെ മടുപ്പിക്കുന്ന നിശബ്ദതയെ കീറിമുറിച്ച് കടന്നെത്തുന്ന മരുക്കാറ്റ് ബദവിയുടെ കാതുകളിൽ സ്വകാര്യമോതുന്നത് മരുഭൂമി ഒളിപ്പിച്ചുവച്ച ഖനിജങ്ങളെക്കുറിച്ചുമാകാം. രണ്ടുമൂന്നൊട്ടകങ്ങള്‍ പോയ വഴിയെ എത്ര വലിയ കൂട്ടം ആടുകള്‍ കടന്നുപോയാലും ഏതാനും വാര മുമ്പോട്ടു നടക്കുന്ന ഇടത്തരക്കാരനായൊരു ബദവിക്ക് ഒട്ടകങ്ങളുടെ വലിയ കുളമ്പടയാളങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസപ്പെടേണ്ടിവരില്ല. യസ്‌രിബ് സ്ഥിതിചെയ്യുന്നത് മക്കക്കു വടക്കാണെന്ന് നന്നായറിയാവുന്ന മുഹമ്മദ് എന്തിനു തെക്കോട്ടു പോകണം? അതുകൊണ്ടാണാവഴി തെരച്ചില്‍കാര്‍ ഒഴിവാക്കുന്നത്. വടക്കോട്ടു പോയ ആർത്തിക്കൂട്ടം നിരാശരായി തിരിച്ചുവന്ന സ്ഥിതിക്ക് തെക്കോട്ടു കൂടി എന്തുകൊണ്ടു പോയിനോക്കിക്കൂടാ? അങ്ങനെയല്ല, പോയി നോക്കുകതന്നെ വേണം. പ്രതിഫലം നൂറൊട്ടകമാണ്.

അങ്ങനെയാണ് വിശന്നു വലഞ്ഞ ചെന്നായ്ക്കളെപ്പോലെ മക്കയിലെ ചെറുപ്പക്കാരും മധ്യവയസ്‌കരും, അവിർക്കിടയിലെ തടിമിടുക്കുള്ളവരും ആവതില്ലാത്തവരും ഒരുപോലെ മക്കയില്‍ നിന്ന് ദക്ഷിണ ദിക്കിലേക്കു പോകുന്ന സാധ്യമായ വഴികളിലൂടെ ഊരുതെണ്ടുന്നത്. ആടുകളുടെ പാദപതനങ്ങളുടെ അടയാളങ്ങൾക്കിടയിലും ഒട്ടകങ്ങളുടെ കുളമ്പുകളുടെ ‘കൊത്തുവേല’ അവര്‍ കണ്ടെത്തി. അതാണവരെ സൗറിന്റെ ഭാഗത്തെത്തിച്ചതും.

നബിയും കൂട്ടുകാരനും ഗുഹയിലഭയം തേടിയതിന്റെ മൂന്നാം പക്കം സൗറിനെ ചൂഴ്ന്നു നിന്നിരുന്ന കനത്ത നിശബ്ദതക്ക് വിള്ളലേല്പിച്ചു കൊണ്ട് കടന്നുവന്ന പക്ഷികളുടെ ചിറകടി ശബ്ദം ഇപ്പോള്‍ ഇരുവര്‍ക്കും വ്യക്തമായി കേള്‍ക്കാം. അസ്വാഭാവികമായതെന്തോ കണ്ടതുകൊണ്ടോ കേട്ടതുകൊണ്ടോ ആയിരിക്കാം അവ ചിറകടിച്ചും ചിലച്ചും ശബ്ദമുണ്ടാക്കുന്നത്. പക്ഷികളുടെ കലമ്പലുകളെ കടന്നുവരുന്നത് മനുഷ്യശബ്ദമാണ്! തമ്പുരാനേ!! ഗുഹയുടെ താഴെ നിന്നാണ്… അവർ ചെവി വട്ടംപിടിച്ചു. അല്ലല്ലൊ, ഒന്ന് ശ്രദ്ധിച്ച് കേട്ടുനോക്കൂ, ഒരു കൂട്ടം പുരുഷന്മാരുടെ പരുത്ത ശബ്ദം ഉയര്‍ന്നുയര്‍ന്നു വരുന്നില്ലേ! അവര്‍ കുന്നു കയറി വരുന്നു!! യാ ഇലാഹീ!!!

രാത്രി വന്നെത്തുന്നതിന് മുമ്പ് അബ്ദുല്ലയെ അവിടെ പ്രതീക്ഷിക്കുന്നില്ല. സൂര്യനസ്തമിക്കാൻ ഇനിയുമെത്ര നാഴികകള്‍ ബാക്കിയുണ്ട്! അഞ്ചാറു പേരുള്‍ക്കൊള്ളുന്ന ആ ചെറു സംഘത്തിന്റെ ശബ്ദം ഇപ്പോള്‍ അധികം ദൂരെയല്ല, കൂടുതല്‍ അടുത്തടുത്ത് വരികയുമാണ്.

പ്രവാചകന്‍ അബൂബക്‌റിനെ നോക്കി, വിളറി വിയര്‍ത്തിരിക്കുന്നു. തന്റെ സുരക്ഷയോര്‍ത്താണയാളുടെ വേവലാതിയെന്ന് നബിക്ക് നന്നായറിയാം, അദ്ദേഹം കൂട്ടുകാരനെ സമാശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, ”വ്യാകുലപ്പെടാതിരിക്കൂ, അല്ലാഹു, തീര്‍ച്ചയായും, നമ്മോടൊപ്പമുണ്ട്.” നബി തുടര്‍ന്ന് ചോദിച്ചു, ”അല്ലാഹു മൂന്നാമനായുള്ള രണ്ടുപേരെക്കുറിച്ച് താങ്കളെന്തു കരുതുന്നു?”

സമയം നിശ്ചലം നിന്ന കാലബിന്ദുവിൽ തിരച്ചില്‍ക്കാരുടെ പാദപതനത്തിന്റെ പതിഞ്ഞ സ്വരം വ്യക്തമായി അവർക്കു കേള്‍ക്കാം. ആഗതരുടെ ഹൃദയത്തിലുരുണ്ടുകൂടിയ ആര്‍ത്തിയുടെയും ക്രോധത്തിന്റെയും ഇരമ്പങ്ങളിപ്പോൾ ഗുഹക്കകത്തിരിക്കുന്നവര്‍ക്ക് കേൾക്കാം. തിരച്ചിൽക്കാർ ഗുഹക്കു മുമ്പില്‍തന്നെ വന്നുനിന്നു. ചുറ്റിലും കഴുകക്കണ്ണുകൾ കൊണ്ടുഴിഞ്ഞ്, എന്നാൽ, ഒരല്പം സന്ദിഗ്ധതയോടെ അനങ്ങാതെ നിൽക്കുന്ന അവരുടെ പാദം മുതൽ കണങ്കാലുവരെയുള്ള ഭാഗങ്ങൾ അവർക്കു കാണാം. അബൂബക്‌റിന്റെ ഹൃദയം തൊണ്ടയില്‍ വന്നുനിന്നു. ഒന്നു കുനിഞ്ഞുനോക്കുകയേ വേണ്ടൂ, നബിയെ അവര്‍ കാണും, പിടികൂടും. അധികം താമസിയാതെ, തിരച്ചിൽക്കാർ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു. അത് ഏകകണ്ഠവുമായിരുന്നു. ഈ ഗുഹക്കകത്തേക്ക് കടക്കേണ്ട കാര്യമില്ല. ഇതിനകത്ത് അവര്‍ ഉണ്ടാകാനുള്ള സാധ്യതയില്ല. അവിടെ നിന്ന് ചുറ്റുപാടുകള്‍ ഒന്നുകൂടി നിരീക്ഷിച്ച് അവര്‍ തിരിച്ച് കുന്നിറങ്ങാൻ തുടങ്ങി. അപകടത്തിന്റെ അകന്നുപോകുന്ന പദനിസ്വനങ്ങളിൽ ഇരുവരും ആശ്വസ്തരായി. അല്ലാഹുവിന് നന്ദി.

ഗുഹയുടെ ഉൾവശം പരിശോധിക്കാൻ മെനക്കെടാതെ കുന്നിറങ്ങുന്ന കൂട്ടുകാരോട് താഴെ കാത്തുനിന്ന ചെറുപ്പക്കാരിലൊരാൾ വിളിച്ചു ചോദിച്ചു, “നിങ്ങൾ ഗുഹയുടെ ഉൾവശം പരിശോധിക്കാത്തതെന്ത്?” മറുപടിയായി അവരിലൊരാൾ പറഞ്ഞത് അബൂബക്‌ർ കേട്ടു, “അതിന്നുള്ളിൽ എങ്ങനെയുണ്ടാവാൻ! മുഹമ്മദിനെക്കാൾ പ്രായമുള്ള ചിലന്തിവലയുണ്ടാ ഗുഹാമുഖത്ത്, പോരാത്തതിന് രണ്ട് കാട്ടുപ്രാവുകൾ അവിടെ കൂടുകൂട്ടിയിട്ടുമുണ്ട്.”

അബൂബക്‌റും നബിയും ഗുഹയുടെ പുറത്തു കടന്ന് ഗുഹാമുഖം വീക്ഷിച്ചു. സമീപത്തുള്ള ഒരു വൃക്ഷം അതിന്റെ ചില്ലകള്‍ കൊണ്ട് ഗുഹാമുഖം മറച്ചിരിക്കുന്നു. അപ്പുറത്ത് ഒരു ചിലന്തി സ്വന്തം വല നെയ്യാനുള്ള ഇടമായി അന്ന് തെരഞ്ഞെടുത്തത് അതേ ഗുഹാമുഖമായിരുന്നു. കൂടാതെ, അവിടെ ഒരു പ്രാവ് അടയിരിക്കുന്നു. ഇണ അടുത്ത് കൂട്ടിനുണ്ട്. എട്ടുകാലി കൂടുകൂട്ടിയ ഗുഹയിലേക്ക് മരച്ചില്ല മാറ്റാതെ ആരും പ്രവേശിക്കില്ലെന്ന് ബദവിയുടെ സഹജമായ തീവ്രയുക്തി ഉപയോഗിച്ച് അവര്‍ തീരുമാനിച്ചതാണ്. വൃക്ഷത്തലപ്പിനും ചിലന്തിവലക്കും കാട്ടുപ്രാവുകള്‍ക്കും നന്ദി.

മരുഭൂമിയില്‍ അന്തിക്കറുപ്പ് പരന്നു. പ്രതീക്ഷിച്ച നേരത്ത് അബ്ദുല്ലയും സഹോദരി അസ്മയും ഇടയച്ചെറുക്കന്‍ ആമിറും വന്നെത്തി, ആടുകള്‍ കൂടെയുണ്ടായിരുന്നില്ല. അവക്കു പകരം അവന്റെ കൂടെ ഒരു ബദവിയുണ്ട്. അബൂബക്ര്‍ തന്റെ ഹിജ്‌റക്കായുള്ള രണ്ടൊട്ടകങ്ങളെ പോറ്റാന്‍ ഏല്‍പ്പിച്ചിരുന്നത് അയാളെയായിരുന്നു. അയാള്‍ വിശ്വാസിയല്ല. എന്നാൽ, തങ്ങളുടെ രഹസ്യങ്ങള്‍ തരിമ്പും ചോരാതെ സൂക്ഷിക്കാനും, യസ്‌രിബിലേക്കുള്ള സാധാരണ പാതയില്‍ നിന്ന് തെന്നിത്തെന്നി സഞ്ചരിച്ച് യാത്രികരിരുവരെയും യസ്‌രിബിലെത്തിക്കാനും അയാളെ വിശ്വസിക്കാമെന്ന് അബൂബക്ര്‍ പരീക്ഷിച്ചറിഞ്ഞതാണ്.

മൂന്നൊട്ടകങ്ങള്‍ യാത്ര പുറപ്പെടാന്‍ കാത്തുനില്‍ക്കുന്നു. നബി ഒന്നാമത്തേതിനും അബൂബക്ര്‍ രണ്ടാമത്തേതിനും ബദവി മൂന്നാമത്തേതിനും പുറത്തു കയറി. ആമിര്‍ അബൂബക്‌റിന്റെ പിന്നില്‍ കയറി. അവരുടെ ആവശ്യങ്ങള്‍ നിവർത്തിച്ചു കൊടുക്കുകയാണയാളുടെ ജോലി. അസ്മ, ഭക്ഷണസാധനങ്ങൾ നിറച്ച ഒരു സഞ്ചിയുമായാണ് വന്നെത്തിയിരിക്കുന്നത്. പക്ഷേ, സഞ്ചിയുടെ വായ്ഭാഗം കെട്ടാനുള്ള കയര്‍ കൊണ്ടുവന്നിട്ടില്ല. അനിവാര്യതകളിൽ സജീവമാകുന്ന പെണ്‍ബുദ്ധി അബൂബക്‌റിന്റെ പുത്രിയുടെ സഹായത്തിനെത്തി. അവള്‍ തന്റെ അരപ്പട്ട വലിച്ചഴിച്ച് നീളത്തില്‍ കീറി രണ്ടു കയറുകള്‍ തീര്‍ത്തു. ഒന്നുകൊണ്ടവൾ സഞ്ചിയിടെ വായ്ഭാഗം കെട്ടി, മറ്റേത് സ്വന്തം അരയിലും. അങ്ങനെയാണവള്‍ ആ പേരു സമ്പാദിച്ചത്, ‘ഇരട്ടപ്പട്ടക്കാരി’.

രണ്ടൊട്ടകങ്ങളില്‍ നല്ലതിനെ ചൂണ്ടി അതിനു പുറത്തുകയറാന്‍ അബൂബക്ര്‍ നബിയോടാവശ്യപ്പെട്ടു. ”എന്റേതല്ലാത്ത ഒരൊട്ടകപ്പുറത്ത് ഞാന്‍ സഞ്ചരിക്കില്ല, അബൂബക്‌ർ.” നബി പറഞ്ഞു. ”പ്രവാചകരേ, അതങ്ങയുടേതാണ്.”
”അല്ല.” നബി ഇടപെട്ടു, ”താങ്കള്‍ അതിനെന്തു വില നല്‍കി?” അബൂബക്ര്‍ താൻ കൊടുത്ത വില പറഞ്ഞു. നബി അത് കൂട്ടുകാരന് നല്‍കി. ഒരൊട്ടകത്തെ ഉപഹാരമായി സ്വീകരിക്കണമെന്ന തന്റെ ആവശ്യം പിന്നെ അബൂബക്ര്‍ ആവര്‍ത്തിച്ചില്ല. മുമ്പ് താന്‍ ഉപഹാരങ്ങള്‍ നല്‍കിയപ്പോഴൊന്നും തിരുമേനി നിരസിച്ചിട്ടില്ലല്ലോ. ഇപ്പോള്‍ വെളിപാടിലൂടെയുള്ള ഏതെങ്കിലും വിവരം കാണും. ‘കസ്‌വാ’ എന്നായിരുന്നു നബിയുടെ ഒട്ടകത്തിന്റെ പേര്. പിന്നീട് വളരെക്കാലം കസ്‌വാ നബിയുടെ വാഹനമായി നിലകൊണ്ടു.

അങ്ങനെ, കുറയ്ഷികളുടെ ഉദ്ധൃതമായ അഹന്തയുടെയും ശക്തരെന്ന മിഥ്യാബോധത്തിന്റെയും പളുങ്കുഗോപുരം സര്‍വതന്ത്രജ്ഞനായ അല്ലാഹുവിന്റെ നേരിട്ടുള്ള ഇടപെടലില്‍ തകര്‍ന്നുടഞ്ഞു.

ഇതാണ് നബിയുടെ പലായനം. പതിവു പലായനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ലക്ഷ്യബോധമുള്ള ഒരു പലായനം. ജന്മഗേഹത്തോടും ജന്മനാടിനോടുമുള്ള ഇഴബന്ധങ്ങളെയെല്ലാം, അല്ലാഹുവിന് വേണ്ടി അറുത്ത് മാറ്റി തന്റേതു മാത്രമായ ഒട്ടകപ്പുറത്തേറി സഹയാത്രികരോടൊപ്പം യാത്ര ചെയ്യുകയാണ് നബി. മരുഭൂമടക്കുകളിലൂടെ കയറിയും ഇറങ്ങിയും, ചാഞ്ഞും ചരിഞ്ഞും, നിലാവിന്റെ പരിരംഭണത്തിൽ, തെന്നലുകളുടെ അകമ്പടിയില്‍ അവര്‍ യാത്രതുടര്‍ന്നു; ആകാശം പോലെ അനന്തമായ മരുഭൂമിയുടെ വിശാലതയിലൂടെ നാലുപേര്‍ മൂന്നൊട്ടകങ്ങള്‍ക്ക് പുറത്തായി നീണ്ട ഒരു യാത്ര. വഴികാട്ടിയ നക്ഷത്രങ്ങള്‍ക്ക് ചുവടെ മൂന്ന് കറുത്ത പൊട്ടുകളായി ചരിത്രത്തിലെ നാഴികക്കല്ലായ മഹാസംഭവത്തിന്റെ രചനയിലേർപ്പെട്ടിക്കുകയാണവര്‍, പുരോഗതിയിലേക്കുള്ളൊരു കുതിപ്പ്; ഹിജ്‌റ.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • Good writing

    Jamsheer p 24.09.2023

Leave a comment

Your email address will not be published.