
ഗൂഢാലോചന
മക്കയിലെ തെരുവുകളെയും പരപ്പുകളെയും വിജനമാക്കി യസ്‌രിബിലേക്ക് പോകുന്നവരെ തടയാൻ തരാതരം മാർഗമവലംബിച്ച കുറയ്ഷ് പലപ്പോഴും വിശ്വാസികളുടെ മനോനിശ്ചയത്തിനു മുമ്പിൽ സ്തബ്ധരായി. സുഹയ്ബ് അൽറൂമിയുടെ നടപടി തൂക്കിക്കണക്കാക്കാൻ അവരുടെ ലൗകികഭോഗതാല്പര്യങ്ങളുടെ തുലാസ് മതിയാകുമായിരുന്നില്ല.
സുഹയ്ബ്, പേരു സൂചിപ്പിക്കുന്നതു പോലെ, റോമാക്കാരനൊന്നുമല്ല, എന്നാൽ, തീർച്ചയായും, റോമാ ദേശവുമായി ബന്ധമുണ്ട്. ഇറാഖിലെ ഉബ്കയിലെ നാടുവാഴിയായിരുന്ന സിനാൻ നമരിയുടെ പുത്രനായിരുന്നു അയാൾ. കിസ്‌റായുടെ സാമന്തനായിയിരുന്നു സിനാൻ. പേർഷ്യയും റോമായും തമ്മിലുള്ള ശാത്രവത്തിന്റെ കെടാക്കനലിലേക്കെണ്ണയൊഴിച്ച് തീർത്തും അപ്രതീക്ഷിതമായ ഒരാക്രമണം ഉബ്കക്കു നേരെ നടക്കുന്നു. നാടുവാഴിയുടെ മകനായിരുന്ന കുഞ്ഞു സുഹയ്ബ് ബന്ദിയായി പിടിക്കപ്പെട്ട് റോമാക്കാരുടെ ചന്തയിൽ അടിമയായി വിൽക്കപ്പെടുന്നു. സുഹയ്ബ് റോമാക്കാരുടെ ഭാഷയും സംസ്കാരവും സ്വായത്തമാക്കുന്നു. വീണ്ടും ചരക്കായി ചന്തയിലെത്തുന്ന സുഹയ്ബിനെ മക്കയിലെ ധർമ്മിഷ്ഠനായ വ്യാപാരി അബ്ദുല്ലാഹ് ബിൻ ജുദ്ആൻ വിലക്കുവാങ്ങി അധികമാകുന്നതിനു മുമ്പ് മോചിതനാക്കുന്നു. യാസിർ മകൻ അമ്മാറും സുഹയ്ബ് റൂമിയും ഒരേ ദിവസമാണ് ഇസ്‌ലാം സ്വീകരിക്കുന്നത്.
സുഹയ്ബ് മുഹാജിറായി മക്ക വിടാനൊരുങ്ങവെ, കുറയ്ഷ് തടസവാദമുന്നയിച്ചു. “സുഹയ്ബ്, നിങ്ങൾക്കോർമ്മയുണ്ടോ, കൊടിയ ദാരിദ്ര്യം ചവച്ചുതുപ്പിയ നിലയിലാണ് നിങ്ങളിവിടെ വന്നിറങ്ങിയത്, ഞങ്ങൾക്ക് നടുവിലാണ് നിങ്ങളീ സമ്പത്തൊക്കെ നേടിയത്. എന്നിട്ടിപ്പോൾ നിങ്ങളും നിങ്ങളുടെ സമ്പത്തും ഞങ്ങളെ വിട്ടു പോവുകയാണോ?”
സുഹയ്ബ് പേശികൾ വലിഞ്ഞു മുറുകിയ വദനങ്ങളിൽ നോക്കി അക്ഷോഭ്യനായി ചോദിച്ചു, “എന്റെ സമ്പത്ത് അപ്പടി നിങ്ങൾക്ക് നൽകുകയാണെങ്കിൽ നിങ്ങളെന്നെ എന്റെ പാട്ടിനു വിടുമോ?” അവർ പറഞ്ഞു, “തീർച്ചയായും.” മുഴുവൻ സ്വത്തുക്കളും അവർക്ക് നൽകി സുഹയ്ബ് യസ്‌രിബിലേക്ക് പോയി.
പിന്നീടുള്ള പ്രഭാതങ്ങളില്‍ കൂടുതല്‍ കൂടുതല്‍ പലായക സംഘങ്ങളുടെ നീണ്ട നിര യസ്‌രിബിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന ഹൃദയഭേദകമായ കാഴ്ച കണികണ്ടാണവരുണര്‍ന്നത്; അത് തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്കാകുമായിരുന്നില്ല. മക്കയിലെ വലിയ വലിയ വീടുകളിൽ പലതിലും ഇപ്പോള്‍ താമസക്കാരില്ല. നിറയെ ആളുകളുണ്ടായിരുന്ന മറ്റു ചില വീടുകള്‍ ഇന്ന് ഒഴിഞ്ഞു കിടപ്പാണ്. അവിടവിടെ ചില വൃദ്ധജനങ്ങള്‍ മാത്രം അവശേഷിക്കുന്ന വീടുകളും വിരളമല്ല. വെറും പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഖാഡംബരങ്ങള്‍ ഉടയാടയഴിച്ചുവെച്ച് നൃത്തമാടിയിരുന്ന ഈ പുരാതന നഗരത്തിന്റെ പ്രാചീന വീഥികളില്‍ ഇന്ന് നിശബ്ദത കൂടുകൂട്ടിയിരിക്കുന്നു. നിശ്ചലതയും മൂകതയും ചേർന്ന് നഗരത്തിന് പുതിയ മുഖമുദ്ര തീര്‍ത്തിരിക്കുന്നു.
പ്രതിസന്ധിയുടെ ഉറവിടം തേടി ദൂരെയെങ്ങും പോകേണ്ടതില്ല; ഒരേയൊരാള്‍ മാത്രം. വ്യാകുലതയുടെയും വിഷണ്ണതയുടെയും ഭാവാലമാലകള്‍ മക്കയെ ഇടക്കിടെ മുട്ടിയും പിന്‍വാങ്ങിയും നിന്നപ്പോഴും ആ പട്ടണത്തിന്റെ ഉത്തര ഭാഗത്തു നിന്നുയര്‍ന്നുവന്ന അപകടത്തെക്കുറിച്ചുള്ള വിട്ടുമാറാത്ത ഭയപ്പാടുകള്‍ മക്കയുടെ തിരക്കൊഴിഞ്ഞ തെരുവുകളിലും വശങ്ങളിലെ ആളൊഴിഞ്ഞ വീടുകളുടെ ചുമരുകളിലും തങ്ങിനിന്നു.
ഇബ്റാഹീം പിതാമഹൻ പണിത കഅ്ബാലയമല്ലാതെ ജനങ്ങളെ ആകർഷിക്കുന്നതൊന്നും വന്ധ്യവുമയ മക്കാ സൈകതഭൂവിലില്ല. വാണിജ്യം മാത്രമാണവരുടെ ധനസ്രോതസ്സ്. മക്കയിൽ നിന്നുള്ള വണിക്കുകൾ ശാമിലേക്കും യമനിലേക്കും ഋതുഭേദാനുസാരിയായി നടത്തിയിരുന്ന കച്ചവട യാത്രകളിലൂടെ എത്തിച്ച നിത്യോപയോഗ സാധനങ്ങൾ മുതൽ ആഡംബര വസ്തുക്കൾ വരെ വിൽക്കുന്നവരും വാങ്ങുന്നവരും സജീവമാക്കി നിർത്തിയിരുന്ന മക്കയിലെ കമ്പോളങ്ങളിപ്പോൾ അപ്രതീക്ഷിതമായ പലായനങ്ങളുടെ അനന്തര ഫലമെന്നോണം നിശ്ശൂന്യവും നിശ്ചേഷ്ടവുമായി കിടക്കുന്നു. തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങൾ മുഴുക്കെ നീർപ്പോളകൾപോലെ പൊട്ടി വായുവിലലിയുന്ന കാഴ്ച കുറയ്ഷികളെ ആശങ്കപ്പെടുത്തി.
വടക്കു ദിക്കിലേക്ക് പലായനം ചെയ്ത് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നേക്കാവുന്ന പുതിയ മതവും കുടുംബ-ഗോത്ര സ്വന്തബന്ധങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന അതിന്റെ അനുയായികളും തങ്ങള്‍ക്കെന്തുതരം പുകിലാണുണ്ടാക്കുകയെന്ന് ആർക്കറിയാം! പ്രവാചകനെന്നു പറയുന്ന അവരുടെ നേതാവ് പറഞ്ഞതു കേട്ടില്ലേ, ഞാന്‍ നിങ്ങള്‍ക്കായി ആരാച്ചാരെ കൊണ്ടുവരുമെന്ന്. അത് വെറും വീണ്‍വാക്കല്ല. വെറുതെ എന്തെങ്കിലും പറയുന്ന ആളല്ല മുഹമ്മദ്, ഇപ്പോള്‍ ഭയപ്പെടാനൊന്നുമില്ലെങ്കിലും ഇനി അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ആധിയുടെ തടുക്കാനാവാത്ത തിരമാലകൾ ഉറക്കത്തിലും ജാഗ്രത്തിലും കലപില തീർത്തു. മുഹമ്മദിന്റെ യസ്‌രിബ് യാത്ര ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ തങ്ങൾക്കുതന്നെ വിനയായേക്കാവുന്ന ഒരു കരിനാഗത്തെ അവസരം ഒത്തുകിട്ടിയിട്ടും തല്ലിക്കൊല്ലാതിരിക്കുന്നതിന് സമമായിരിക്കുമതെന്ന് അവരുടെ കൂട്ടത്തിലെ വിവേകമതികള്‍ പോലും കരുതി.
പ്രവാചകന്റെ സംരക്ഷകന്‍ മുത്ഇമിന്റെ മരണം കുറയ്ഷികളുടെ മാര്‍ഗത്തിലെ പ്രതിബന്ധങ്ങളെ തൂത്തൊഴിവാക്കി. കുറയ്ഷികളുടെ കൂടിയിരിക്കലുകളില്‍ നിന്നെല്ലാം അബൂലഹബ് ബോധപൂര്‍വം ഒഴിഞ്ഞുനിന്നു. ഹാഷിം വംശത്തിന്റെ തലയാള്‍ എന്ന നിലയില്‍ മുഹമ്മദിനെതിരെ വരുന്ന ഏതു നീക്കത്തെയും എതിര്‍ത്തു തോല്‍പ്പിക്കേണ്ട ബാധ്യത അയാള്‍ക്കുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാനുള്ള സമര്‍ത്ഥമായ കരുനീക്കമാണത്.
ചര്‍ച്ച നീളുകയാണ്. അതിനിടെ അഭിപ്രായങ്ങള്‍ പലതും ഉയരുകയും അതുപോലെ അമരുകയും ചെയ്തു. ഓരോ നിര്‍ദേശത്തിനും ഒന്നല്ലെങ്കില്‍ മറ്റൊരു ദോഷമുണ്ട്. എന്തു ചെയ്യാം, അവസാനം ഹിഷാമിന്റെ പുത്രന്‍ അംറ് എന്ന അബൂജഹ്ൽ മുമ്പോട്ടുവെച്ച നിര്‍ദേശം അവര്‍ സ്വീകരിച്ചു.
ചിലരുടെയെങ്കിലും നെറ്റിത്തടങ്ങളില്‍ നീരസത്തിന്റെ ചെറുചുളിവുകള്‍ തെളിഞ്ഞുവന്നത് ആരും അത്ര ഗൗനിച്ചില്ല. അല്ലെങ്കില്‍ ഒരു പരിഹാരം അവര്‍ നിര്‍ദേശിക്കട്ടെ. പതിഞ്ഞ സ്വരത്തില്‍ അബൂജഹ്ൽ തന്റെ പദ്ധതിയുടെ വാഗ്‌രൂപം സദസ്യരുടെ മനസ്സുകളിലേക്ക് പകര്‍ന്നു. ”ഓരോ വംശവും ശക്തരും വിശ്വസ്തരുമായ ഓരോ യുവാവിനെ തെരഞ്ഞെടുക്കുക, ഓരോരുത്തരുടെയും കയ്യില്‍ ഓരോ ഖഡ്‌ഗം നല്‍കുക. എന്നിട്ട് അവരെല്ലാം ചേര്‍ന്ന് ഒരേ ക്ഷണം ഒറ്റവെട്ട്! എല്ലാവരുടെയും വാളുകള്‍ ഒരേ സമയമായിരിക്കണം മുഹമ്മദിന്റെ ശരീരത്തില്‍ പതിയേണ്ടത്. അപ്പോള്‍ അതിന്റെ ഉത്തരവാദിത്വം എല്ലാ ഗോത്രങ്ങള്‍ക്കും തുല്യമായിരിക്കും. എല്ലാ ഗോത്രങ്ങളോടും ഒരുമിച്ചു യുദ്ധം ചെയ്യാന്‍ ബനൂഹാഷിമിനാവില്ല. അവര്‍ പ്രായശ്ചിത്തം അംഗീകരിച്ചുകൊള്ളും. അങ്ങനെ, ജീവിച്ചിരിക്കുന്നേടത്തോളം കുറയ്ഷികളുടെ സ്വാസ്ഥ്യം കെടുത്താന്‍ കെല്‍പ്പുള്ള ഈ മനുഷ്യനില്‍ നിന്ന് നമുക്ക് എന്നെന്നേക്കുമായി മോചനം നേടാം”
സൃഷ്ടികൾ ഒന്ന് കണക്ക് കൂട്ടുന്നു. അല്ലാഹു മറ്റൊന്ന് തീരുമാനിക്കുന്നു. അല്ലാഹുവിന്റെ ദൂതനെ എങ്ങനെ യസ്‌രിബിലെത്തിക്കാമെന്ന് അവന് നന്നായറിയാം.
കാലത്രയങ്ങള്‍ക്കതീതനായ സര്‍വജ്ഞന്റെ സന്ദേശവും വഹിച്ച് ജിബ്‌രീല്‍ ആഗതനായി. ഭയാനകമായ മൂകത കൂടാരമുറപ്പിച്ചിരുന്ന മക്കയിലെ മരുഭൂമിയെ തിളപ്പിച്ച് സൂര്യതാപം ഉരുകിയൊഴുകിയ മധ്യാഹ്നമായിരുന്നു അത്. കാത്തിരിക്കാന്‍ സമയമില്ല. പ്രവാചകന്‍ നേരെ കൂട്ടുകാരൻ അബൂബക്‌റിന്റ വീട്ടിലെത്തി. നബിയുടെ വരവും അതിന്റെ സമയവും തമ്മില്‍ ഒത്തുചേരായ്കയാല്‍ അബൂബക്ര്‍ നിനച്ചു, എന്തോ പ്രധാനപ്പെട്ട കാര്യമുണ്ട്. അരനൂറ്റാണ്ട് പ്രായമുള്ള ബലിഷ്ഠ സൗഹൃദത്തിന്റെ മിനുത്ത കണ്ണാടിയില്‍ ഉറ്റ തോഴന്റെ ആഗമനത്തിലെ ഗൗരവം അബൂബക്‌റിന് തെളിഞ്ഞുകാണാം. ആയിഷയും അവരുടെ സഹോദരിയും അന്നേരം അവിടെയുണ്ട്.
”മക്ക വിട്ട് പലായനം ചെയ്യാന്‍ അല്ലാഹു എനിക്ക് അനുമതി നല്‍കിയിരിക്കുന്നു.”
മുഖവുരയില്ലാതെ നബി പറഞ്ഞു. ”എന്നോടൊപ്പമോ?” സന്ദിഗ്ധത മറച്ചുവക്കാതെ അബൂബക്ര്‍ ചോദിച്ചു. ”നിങ്ങളോടൊപ്പം.” കൂട്ടുകാരന്റെ മനസ്സിലെ സംശയത്തിന്റെ പായലുകളെ ഞൊടിയിടയില്‍ വകഞ്ഞുമാറ്റി നബി അറിയിച്ചു. അന്ന് ആയിഷ ഏഴു വയസ്സ് പൂര്‍ത്തിയാക്കിയിരുന്നു. ഗൃഹാതുരത നിറഞ്ഞ പില്‍ക്കാല കഥാകഥനങ്ങളില്‍ അവര്‍ പറയുമായിരുന്നു, ”അബൂബക്‌റിന്റെ കണ്ണുകള്‍ അന്ന് കവിഞ്ഞൊഴുകിയതു പോലെ, ആഹ്ലാദാതിരേകത്താല്‍ ഒരാളുടെ കണ്ണു നിറഞ്ഞൊഴുകുന്നത് വേറെ ഞാന്‍ കണ്ടിട്ടില്ല.”
ഇരുവരും ചേര്‍ന്ന് തങ്ങളുടെ വിശദമായ യാത്രാപദ്ധതി തയ്യാറാക്കി. പ്രവാചകന്‍ വീട്ടില്‍ തിരിച്ചെത്തി. താന്‍ യസ്‌രിബിലേക്ക് പുറപ്പെടുകയാണെന്ന് അദ്ദേഹം അലിയെ അറിയിച്ചു. അലി കുറച്ചുകാലം കൂടി മക്കയില്‍ നില്‍ക്കേണ്ടതുണ്ട്. പലായനം ശൂന്യമാക്കിയ ഭവനങ്ങളിലവശേഷിച്ച വസ്തുക്കളധികവും സൂക്ഷിച്ചിരിക്കുന്നത് നബിയുടെ വീട്ടിലാണ്. അവ തിരിച്ചുനല്‍കുന്നതുവരെ സൂക്ഷിക്കുക തന്നെവേണം. അതിനായി അലി മക്കയില്‍ തങ്ങുകയും വേണം. കുറയ്ഷ് തന്നെ അപായപ്പെടുത്താൻ നടത്തിയിരിക്കുന്ന ഗൂഢാലോചനയെക്കുറിച്ച് ജിബ്‌രീല്‍ തനിക്ക് വിവരം നല്‍കിയ കാര്യവും നബി അലിയെ അറിയിച്ചു.
രാവ് കറുക്കുന്നതോടെ മുഹമ്മദിന്റെ വീട്ടിന്റെ കവാടത്തില്‍ സമാഗമിക്കാമെന്ന് കുറയ്ഷ് തെരഞ്ഞെടുത്ത ഖഡ്‌ഗധാരികളായ യുവാക്കള്‍ നിശ്ചയിച്ചുറപ്പിച്ചു. സംഘാംഗങ്ങള്‍ മുഴുവന്‍ എത്തിച്ചേരാനുള്ള കാത്തിരിപ്പിന്റെ ഇടവേളയില്‍ അവര്‍ മുഹമ്മദിന്റെ വീട്ടിനകത്തു നിന്ന് സ്ത്രീകള്‍ വര്‍ത്തമാനം പറയുന്ന ശബ്ദം കേട്ടു. സൗദ, ഉമ്മുകുല്‍സൂം, ഫാത്വിമ, ഉമ്മുഅയ്മന്‍ എന്നിവരാണതിനകത്തുള്ളത്. മറ്റാരെങ്കിലുമുണ്ടോ? മുഹമ്മദ് എവിടെയായിരിക്കും? വാതില്‍ പൊളിയുടെ ഇടുങ്ങിയ വിടവുകളിലൂടെയോ ചുമരുകള്‍ക്ക് മുകളില്‍ കയറിയോ എത്തി നോക്കിയാലോ?
”ഛെ! നാം ആരാണെന്നോർക്കണം, കുറയ്ഷികളാണ്. മറ്റൊരാളുടെ വീടിന്റെ സ്വകാര്യതകളിലേക്കെത്തി നോക്കിയ ബാല്യക്കാരാണ് നാം എന്നോര്‍ത്ത് നാളെ നമ്മുടെ കാരണവന്മാരുടെ ശിരസ്സ് കുനിഞ്ഞുപോകരുത്”- കൂട്ടത്തിലെ വിവേകി പറഞ്ഞു. അവിവേകികളും വിവേകിയുടെ ആ അഭിപ്രായത്തെ പിന്താങ്ങി. വിവേകം തൊട്ടു തീണ്ടിയിട്ടില്ലാത്ത അഭിപ്രായം പറഞ്ഞവനും ഇപ്പോള്‍ വിവേകിയെ പിന്തുണക്കുന്നു. അങ്ങനെ അവര്‍ കാത്തിരിപ്പ് തുടര്‍ന്നു. ‘ഉരു’ പുറത്തുവരുമല്ലോ, അപ്പോള്‍ വെട്ടാം. അതുവരെ കാത്തിരിക്കുക തന്നെ.
കുറയ്ഷി യുവാക്കളുടെ സാന്നിധ്യം പ്രവാചകനും അലിയും അറിഞ്ഞുകഴിഞ്ഞു. നബി തന്റെ നിദ്രാവേളയില്‍ പുതക്കാറുള്ള പുതപ്പെടുത്ത് അലിക്കു നല്‍കി. ”നീ എന്റെ വിരിപ്പില്‍ കിടക്കുക, എന്നിട്ട് എന്റെയീ ഹദ്‌റമി പുതപ്പ് പുതക്കുക. അങ്ങനെ ഉറങ്ങിക്കൊള്ളൂ. നിനക്കൊരു ക്ലേശവും വരാൻ പോകുന്നില്ല. അദ്ദേഹം വീട്ടിനു പുറത്തിറങ്ങി. അല്ലാഹു അക്രമികളുടെ ദൃഷ്ടികളെ റാഞ്ചിക്കഴിഞ്ഞിരുന്നു.
നബിയുടെ സഞ്ചാരത്തിന്റെ എതിര്‍ദിശയില്‍ നിന്നു വന്ന ഒരാള്‍ അദ്ദേഹത്തെ കാണുകയും തിരിച്ചറിയുകയും ചെയ്തു. അയാള്‍ മുമ്പോട്ട് നടന്നു. മുഹമ്മദിന്റെ വീടെത്തി. ഖഡ്‌ഗധാരികളായ ചെറുപ്പക്കാരെക്കണ്ട് വിവരം തിരക്കി. അവര്‍ക്കിനിയൊന്നും മറച്ചുവെക്കാനില്ല, ആരില്‍നിന്നും. അവര്‍ കാര്യം പറഞ്ഞു, ”ഇന്നത്തോടെ മുഹമ്മദിന്റെ അന്ത്യമായി.” ആഗതനും മറച്ചു വെക്കാനില്ല, ഒന്നും, ആരില്‍ നിന്നും, ”മുഹമ്മദിനെ നോക്കി ഇനി ഇവിടെ നില്‍ക്കേണ്ടതില്ല, അയാള്‍ അതാ ആ ദിക്കിലേക്ക് പോകുന്നത് ഞാന്‍ കണ്ടു. അയാള്‍ തിരിഞ്ഞുനിന്ന് എതിര്‍ദിശയിലേക്ക് കൈചൂണ്ടി. ”അതെങ്ങനെ?” അവര്‍ ഞെട്ടി. മുഹമ്മദ് അയാളുടെ വീട്ടിനകത്തേക്ക് കയറിപ്പോകുന്നത് ചെറുപ്പക്കാരില്‍ ഒന്നിലധികം പേര്‍ കണ്ടതാണ്. പിന്നീട് അയാള്‍ പുറത്തു വന്നിട്ടുമില്ല. തങ്ങള്‍ ഇവിടെ കാവല്‍ കാത്തുനില്‍ക്കുന്നുമുണ്ട്. സംശയം തീര്‍ക്കുക തന്നെ. നബി ഉറങ്ങുന്ന സ്ഥലം നന്നായറിയാവുന്ന ഒരുത്തന്‍ ആ മുറിയിലേക്കെത്തി നോക്കി. ഹൃദയത്തിന്റെ ദ്രുത താളം വീണ്ടും മാറി സാധാരണ നിലയിലായി. ആശ്വസ്ത നിമിഷം നുണഞ്ഞു കൊണ്ടയാൾ പറഞ്ഞു, ”ഇല്ല കൂട്ടരേ, മുഹമ്മദ് അവിടെത്തന്നെയുണ്ട്. തന്റെ പച്ചപ്പുതപ്പ് ചുറ്റി അങ്ങനെ… ”
മക്കയിലെ തടിമിടുക്കുള്ള ചെറുപ്പക്കാര്‍ക്ക് ജാള്യം സമ്മാനിച്ച രാത്രി പിടഞ്ഞു തീര്‍ന്നു. പുലരിയുടെ ആദ്യാടയാളങ്ങള്‍ കിഴക്കെ ചക്രവാളത്തില്‍ തെളിഞ്ഞ വേളയില്‍ അലി ഉണര്‍ന്നു. ഉഷഃസന്ധ്യയുടെ പാതി ഇരുട്ടിലും തങ്ങള്‍ക്ക് ചിരപരിചിതമായ അലിയുടെ നിഴൽരൂപം അവര്‍ തിരിച്ചറിഞ്ഞു. സഫര്‍ മാസത്തിന്റെ അവസാനത്തില്‍ ക്ഷയിച്ചു കൊണ്ടിരുന്ന ചന്ദ്രന്‍ കിഴക്കന്‍ മലകളിലൂടെ തലകാട്ടി അവരെ പരിഹസിച്ചു. വെണ്‍മയാര്‍ന്ന അരുണകിരണങ്ങള്‍ക്കു വേണ്ടി ചന്ദ്രക്കല വിളറി വിറച്ചു പിന്‍വാങ്ങി.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല)
No comments yet.