
പലായനങ്ങൾ
പുതിയൊരു പലായനത്തിന്റെ പെരുമ്പറ അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. സൗഹൃദത്തിന്റെ ഒലീവുചില്ല നീട്ടിക്കാട്ടിയ യസ്‌രിബിലേക്ക് പലായനം ചെയ്യാന്‍ നബി മക്കയിലെ തന്റെ അനുയായികളെ ധൈര്യപ്പെടുത്തി. എന്നാല്‍, ഒരാള്‍ നേരത്തെ തന്നെ അത് ചെയ്തുകഴിഞ്ഞിരുന്നു, അബൂസലമ. അബൂതാലിബിന്റെ ഭാഗിനേയന്‍ അബ്ദുല്ല ബിൻ അബ്ദുൽ അസദ് എന്ന അബൂസലമക്ക് താങ്ങും തണലും കുറയ്ഷിലെ സര്‍വാദരണീയനായ കാരണവർ അബൂതാലിബ് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സഹോദരി ബർറയുടെ മകനാണ് അബൂസലമ; മുഹമ്മദിനയാൾ നേരെ മച്ചുനനും. എന്നാല്‍, അബൂതാലിബിന്റെ മരണത്തോടെ സ്വന്തം ഗോത്രത്തില്‍ നിന്നു തന്നെയുള്ള ഭീഷണികളുടെ പ്രവാഹത്തില്‍ നില നഷ്ടപ്പെടുമെന്ന അവസ്ഥയിലായി അബൂസലമ.
അങ്ങനെയാണയാൾ ഭാര്യ ഹിന്ദ് എന്ന ഉമ്മുസലമയോടും മകന്‍ സലമയോടുമൊപ്പം യസ്‌രിബ് ലക്ഷ്യമാക്കി ഉത്തരദിക്കിലേക്ക് പ്രസ്ഥാനമാരംഭിക്കുന്നത്. അബൂസലമ ഒട്ടകത്തെ നയിച്ചു. ഒട്ടകപ്പുറത്ത് പത്നി. അവളുടെ കൈയില്‍ മകന്‍ സലമയിരിക്കുന്നു. മഖ്‌സൂം ഗോത്രത്തിന്റെ മറ്റൊരു ശാഖയായ ബനൂമുഗീറ വംശജയാണ് ഉമ്മുസലമ; അബൂജഹ്‌ലിന്റെ പിതൃവ്യപുത്രി. തങ്ങളുടെ വംശക്കാരിയായൊരു പെണ്ണാൾ മുഹമ്മദിന്റെ വാക്കുകേട്ട് സ്വദേശം വിട്ടുപോകുന്നതില്‍ മാനക്കേട് ബനൂമുഗീറക്കാണ്. അവളെ അങ്ങനെ വിട്ടുകൂടാ.
വല്ലാത്തൊരു യാത്രയായിരുന്നു അത്; വിശിഷ്ടമായ തന്റെ ഭാവിജീവിതത്തിന് ഇഴപാകിയ വിശ്വാസത്തിനു വേണ്ടിയുള്ള ആ യാത്ര പിൽക്കാല കഥാകഥനങ്ങളിൽ ഉമ്മുസലമ ആ കടുംകാലത്തെ ഓർത്തെടുക്കുന്നുണ്ട്. ബനൂമുഗീറയിലെ തടിമിടുക്കുള്ള ചെറുപ്പക്കാര്‍ ഉമ്മുസലമയുടെ മാര്‍ഗം പിടിച്ചു. അബൂസലമയില്‍ നിന്ന് ഒട്ടകത്തിന്റെ മൂക്കുകയര്‍ അവർ പിടിച്ചുവാങ്ങി. എന്തിനും തയ്യാറായി വന്നിരിക്കുന്ന ചെറുപ്പക്കാരടങ്ങുന്ന സംഘത്തോട് ഒറ്റക്ക് പൊരുതുന്നത് ധീരതയായിരിക്കാം, പക്ഷേ, അത് മണ്ടത്തരമാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനാൽ പത്നിയുടെ അനുയാത്രയുമായി ബന്ധപ്പെട്ട് അയാൾ താൽക്കാലികമായ ഒത്തുതീർപ്പിനു തയ്യാറായി. ബന്ധുക്കളോടൊപ്പം മകനേയുമായി തിരിച്ചുപോകാന്‍ അബൂസലമ ഉമ്മുസലമയോടാവശ്യപ്പെട്ടു. വീണ്ടും തമ്മില്‍ കണ്ടുമുട്ടാനുള്ള വഴി അബൂസലമയ്ക്കറിയാം, നിറമിഴികളോടെ ദമ്പതിമാർ പരസ്പരം യാത്രയാക്കി.
എന്നാല്‍, കാര്യങ്ങൾ അവിടംകൊണ്ടവസാനിച്ചില്ല. അബൂസലമയുടെ കുടുംബക്കാർ വിവരമറിഞ്ഞതോടെ സംഗതിയാകെ കുഴഞ്ഞു. അവര്‍ക്ക് അവരുടെ പുത്രിയെ തടഞ്ഞുവെക്കാമെങ്കില്‍ അവളുടെ മടിയിലിരിക്കുന്ന കുട്ടി ഞങ്ങളുടെ ഗോത്രപരമ്പരയിലെ പുതിയ കണ്ണിയാണ്. അവനെ അവള്‍ക്കൊപ്പമയക്കാമെന്ന ബനൂമുഗീറയുടെ വിചാരം മനസ്സിലിരിക്കട്ടെ. അതോടെ സലമയ്ക്കു വേണ്ടി പിടിവലിയായി. പൈതലിന്റെ ഒരു കൈ ശരീരത്തില്‍ നിന്ന് വേര്‍പെട്ടു. ഗോത്രങ്ങള്‍ തമ്മിലുള്ള താന്‍പോരിമാ മാത്സര്യങ്ങളുടെ നിഷ്കളങ്കനായ ബലിയാടായി സലമ മുസ്‌ലിംകളുടെ മനസ്സിന്റെ ഭിത്തികളില്‍ കൊത്തിവെക്കപ്പെട്ടു. സലമയെ അവന്റെ പിതാവിന്റെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയി. വേടന്റെ കൈപ്പിടിയിലമർന്ന കുരുവിയുടെ കരച്ചിൽ പോലെ അവന്റെ രോദനം മരുഭൂമിയുടെ ശൂന്യതയിൽ ചിതറിയില്ലാതായി.
അങ്ങനെ, ഉമ്മുസലമ മകനിൽ നിന്നും പ്രിയതമനിൽ നിന്നും ബലമായി പിഴുതു മാറ്റപ്പെട്ടു. ആഴമറ്റ വ്യഥയാൽ അവൾ തേങ്ങി. ഉമ്മുസലമ താൻ കുടിച്ചു തീർത്ത വേദന വാക്കുകളിൽ പകർത്തുന്നുണ്ട്. “ദിവസവും രാവിലെ ഞാൻ പുറത്തിറങ്ങി വെളിമ്പ്രദേശത്ത് ചെന്ന് വിദൂരതയിൽ കണ്ണും നട്ട് കരഞ്ഞു കരഞ്ഞങ്ങനെ ഇരുന്ന് വൈകുന്നേരമാക്കും. ഒരു വർഷത്തോടടുത്ത് ആ നില തുടർന്നു.”
ബനൂമുഗീറയിൽ നിന്നുള്ള ഒരു ചാർച്ചക്കാരൻ ഒരിക്കൽ അവളുടെ ആ ഇരിപ്പ് കണ്ടു. ദയാരഹിതമായ വേനലിലും കരിഞ്ഞുണങ്ങിയിട്ടില്ലാത്ത മാനുഷിക പ്രേരണയുടെ കരുണാർദ്രതയിൽ അയാൾ ബനൂമുഗീറയുടെ നേതാക്കളോട് വിളിച്ചു ചോദിച്ചു, “ഭർത്താവിൽ നിന്നും പിഞ്ചോമനയായ മകനിൽ നിന്നും നിങ്ങൾ അറുത്തു മാറ്റിയ ഈ സാധു സ്ത്രീയിൽ നിന്ന് നിങ്ങൾ പുറത്തുവരുന്നില്ലേ?”
പകലിരവുകളിലെ ഇടതടവില്ലാ പ്രാർത്ഥനകൾ ഫലിക്കുകയാണ്. ബന്ധുക്കൾ കനിഞ്ഞു. മകനെ അവള്‍ക്കു തിരിച്ചു നല്‍കാന്‍ ഭര്‍ത്താവിന്റെ ആളുകള്‍ സമ്മതിച്ചു. അതോടെ അവരുടെ ബന്ധുക്കള്‍ക്കും മനസ്സലിവുണ്ടായി. ഹൃദയം നിര്‍മിച്ചിരിക്കുന്നത് കല്ലും കട്ടയുമുപയോഗിച്ചല്ലല്ലോ, യസ്‌രിബിലുള്ള ഭര്‍ത്താവുമായി സന്ധിക്കുവാന്‍ ബന്ധുക്കള്‍ അവളെ അനുവദിച്ചു.
മകനെയുമെടുത്ത് ഏകാകിയായി ഉമ്മുസലമ യാത്രയായി. യസ്‌രിബ് മരുപ്പച്ച ഇനിയുമെത്ര അകലെയാണ് തമ്പുരാനേ, താനെങ്ങനെ ഒറ്റക്കീ മണല്‍ക്കാട് താണ്ടും എന്നെല്ലാമുള്ള ഉത്കണ്ഠ അവളെ പിടിച്ചുലച്ചു. അപ്പോഴാണ് ത്വല്‍ഹയുടെ പുത്രന്‍ ഉസ്മാന്‍ ആപൽബാന്ധവനായി അവരുടെ മുമ്പിലെത്തുന്നത്. അക്കാലം ഉസ്മാന്‍ വിശ്വാസിയായിക്കഴിഞ്ഞിരുന്നില്ല. യാത്രയുടെ ഒടുക്കംവരെ അവരുടെ സംരക്ഷണം അദ്ദേഹം ഉറപ്പുനല്‍കി. യസ്‌രിബിനു തെക്കു തെക്ക്, കുബാ എന്ന ഗ്രാമത്തിലാണ് അബൂസലമയുള്ളതെന്നവര്‍ക്ക് വിവരം ലഭിച്ചിരുന്നു. യസ്‌രിബിന്റെ നരച്ച ഈന്തപ്പനത്തലപ്പുകള്‍ ദൂരെനിന്ന് ദൃശ്യമായി. ഉസ്മാന്‍ അവരോട് പറഞ്ഞു, ”നിങ്ങളുടെ പുരുഷന്‍ ആ ഗ്രാമത്തിലുണ്ട്, ദൈവാനുഗ്രഹത്താല്‍ അങ്ങോട്ട് ചെല്ലുക.” അയാൾ തിരിച്ച് മക്കയെ ലക്ഷ്യമാക്കി യാത്രയായി. ഉസ്മാന്റെ അനുകമ്പാർദ്രമായ മനസ്സിനെ അവൾ ജീവിതത്തിൽ വിസ്മരിച്ചില്ല. അദ്ദേഹത്തിന്റെ അത്യന്തം മാന്യവും ആഢ്യവുമായ പെരുമാറ്റത്തെ എന്നും പ്രശംസിച്ചു. അങ്ങനെ, ദുരിതപൂര്‍ണമായ ഒരിടവേളക്കുശേഷം യാതനാഭരിതമായ ഒരു യാത്രക്കൊടുവില്‍ ഉമ്മുസലമ കുബായില്‍ വെച്ച് ഭര്‍ത്താവിനെ സന്ധിച്ചു. നിലീമിത മിഴികളിൽ നിന്ന് വൃഷ്ടിപോലെ പുനസ്സമാഗമത്തിന്റെ നീർതുള്ളികൾ ഉതിർന്നു വീണു. രണ്ടായിപ്പിരിഞ്ഞ ജീവിതത്തിന്റെ ഈരിഴകൾ വീണ്ടും ഒന്നായിപ്പിണഞ്ഞു.
രണ്ടാം അകബ ഉടമ്പടിക്കു ശേഷം വലിയ തോതില്‍, കുറയ്ഷീ മുസ്‌ലിംകൾ യസ്‌രിബിലേക്കുള്ള പലായനം തുടങ്ങി. പ്രവാചകന്റെ പിതൃവ്യ പുത്രന്മാര്‍ ആദ്യ പലായകരായി. സുബൈറും തുലൈബുമുണ്ട് അക്കൂട്ടത്തില്‍. ജഹ്ശിന്റെ പുതന്മാരും പുത്രിമാരുമുണ്ട്. അബ്ദുല്ല, അദ്ദേഹത്തിന്റെ അന്ധനായ സഹോദരന്‍ അബൂ അഹ്മദ്, അവരുടെ സഹോദരിമാരായ സെയ്‌നബ്, ഹംന… പുറമെ ബനൂഅസദിലെ നിരവധി പേര്‍. അബ്ദുശംസിന്റെ വളരെക്കാലത്തെ സഖ്യകക്ഷിയാണവര്‍. ഹംസയും സെയ്ദും ഭാര്യമാരെ കൂടെ കൂട്ടിയില്ല. എന്നാല്‍ ഉസ്മാന്‍ പത്നീ സമേതനായാണ് പലായനം ചെയ്തത്. ഉമറിന്റെ കൂടെ പത്നി സെയ്‌നബ്, പുത്രി ഹഫ്‌സ, പുത്രന്‍ അബ്ദുല്ല എന്നിവരുണ്ട്. ഹഫ്‌സയുടെ ഭര്‍ത്താവ് ശംസ് ഗോത്രജനായ ഖുനയ്‌സും അവര്‍ക്കൊപ്പമുണ്ട്. അബൂസലമയുടെ അര്‍ധസഹോദരന്‍ അബൂസബ്‌റയെ പത്നി, സുഹൈലിന്റെ പുത്രി ഉമ്മുകുല്‍സൂം അനുഗമിക്കുന്നു.
ഇന്നിപ്പോള്‍, പ്രവാചകന്റെ അടുത്ത സഹചരരില്‍ മക്കയില്‍ അവശേഷിക്കുന്നത് അബൂബക്‌റും അലിയും മാത്രം. അബൂബക്ര്‍ പ്രവാചകനോട് പലതവണ പലായനത്തിനുള്ള അനുമതി ചോദിച്ചതാണ്, അപ്പോഴൊക്കെ നബി പറഞ്ഞു, ”ധൃതിപ്പെടാതിരിക്കൂ, അല്ലാഹു നിങ്ങള്‍ക്ക് ഒരു സഹയാത്രികനെ നല്‍കില്ലെന്നുണ്ടോ?” താന്‍ പ്രവാചകനെ കാത്തിരിക്കേണ്ടതുണ്ടെന്ന് അബൂബക്‌റിനു മനസ്സിലായി. വരാനിരിക്കുന്ന യാത്രയ്ക്കായി രണ്ടൊട്ടകങ്ങളെ ഒരുക്കിനിര്‍ത്താന്‍ അദ്ദേഹം പരിചാരകന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
മുസ്‌ലിംകളുടെ പലായനം തടയാന്‍ കഴിയുന്നതെല്ലാം കുറയ്ഷ് ചെയ്തു. സുഹൈലിന്റെ മറ്റൊരു പുത്രി, ഭര്‍ത്താവ് ഹുദൈഫ യസ്‌രിബിലെത്തിക്കഴിഞ്ഞു. അവര്‍ക്കിത് പുതുമയല്ല. മുമ്പ് പ്രവാചകന്റെ നിര്‍ദ്ദേശപ്രകാരം അബിസീനിയായിലേക്ക് പലായനം ചെയ്ത കൂട്ടത്തിലും ഇവരുണ്ടായിരുന്നു. പക്ഷേ, സുഹൈല്‍ ഒന്നുറച്ചു, ഇത്തവണ പുത്രന്‍ അബ്ദുല്ല തന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുന്നത് ഒന്നു കാണുകതന്നെ വേണം.
ശംസികളുടെ തലയാള്‍ ആസിന്റെ പുത്രന്‍ ഹിഷാമിന്നു നേരിടേണ്ടി വന്നത് ഇതേ വിധിതന്നെ. ഹിഷാമും അബിസീനിയന്‍ പലായകരിലുണ്ടായിരുന്നു. അയാളുടെ അര്‍ധ സഹോദരന്‍ അംറിനെയായിരുന്നു അന്ന് കുറയ്ഷ് നേഗസ് രാജാവിന്നടുത്തേക്കയച്ചിരുന്നത്. തന്ത്രശാലികള്‍ക്കും തന്ത്രശാലിയായ അംറ് ഇളിഭ്യനായി അന്ന് തിരിച്ചുപോന്നത് ഇന്നും ഹിഷാം തെളിമയോടെ ഓര്‍ക്കുന്നു. ഉമറിന്റെ ഉമ്മയുടെ സഹോദരിയുടെ പുത്രനാണ് ഹിഷാം, യസ്‌രിബിലേക്ക് പോകുമ്പോള്‍ ഒരുമിച്ചു പോകാമെന്ന് ഉമര്‍ ഹിഷാമിനോട് പറഞ്ഞു. വേറെ വേറെ സമയത്ത് മക്ക വിടുകയും പട്ടണത്തില്‍ നിന്ന് പത്ത് മൈല്‍ ദൂരെ അദാത്തില്‍ വെച്ചു സന്ധിക്കുകയും ചെയ്യാമെന്നവര്‍ ചട്ടംകെട്ടി. മഖ്‌സൂമിയായ അയ്യാഷും അവരോടൊപ്പമാണ് യാത്ര ചെയ്തിരുന്നത്. എന്നാൽ, പറഞ്ഞുറച്ച നേരത്തും സ്ഥലത്തും ഹിഷാമിന്റെ പൊടിപോലുമില്ല. ആരും ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുകയില്ലെന്ന് മുമ്പേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഉമറും കുടുംബവും അയ്യാഷിനോടൊപ്പം യാത്രതിരിച്ചത്.
സംഭവിച്ചതിതാണ്, ഉമറിനോടൊപ്പം ഹാഷിമും യസ്‌രിബിലേക്ക് പോകുന്ന വിവരം പിതാവും സഹോദരനും അറിഞ്ഞിരിക്കുന്നു. ബലം പ്രയോഗിച്ച് അയാളെ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണവര്‍. അയ്യാഷ് യസ്‌രിബിലെത്തി എന്നതു നേര്. എന്നാല്‍, അയാളുടെ സഹോദരങ്ങള്‍, അബൂജഹ്‌ലും ഹാരിസും അയാളെ പിന്തുടര്‍ന്ന് യസ്‌രിബിലെത്തിയിരിക്കുന്നു. അവരുടെ ഉമ്മയെടുത്തിരിക്കുന്ന വിചിത്രമായ പ്രതിജ്ഞയെക്കുറിച്ച് അവര്‍ അയാളോട് പറഞ്ഞു. വീണ്ടും അയ്യാഷിനെ കാണുന്നതുവരെ താന്‍ മുടി ചീകുകയോ തണല്‍ കായുകയോ ഇല്ലെന്ന് ആണയിട്ടു പറഞ്ഞിരിക്കുകയാണത്രെ ആ സ്ത്രീ.
അയ്യാഷ് ധര്‍മസങ്കടത്തിലായി. സഹോദരീപുത്രന്‍ കൂടിയായ ഉമറിനോട് വിവരം പറഞ്ഞു. ”അയ്യാഷ്,” ഉമര്‍ പറഞ്ഞു, ”നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ തെറ്റിച്ചുകളയുകയാണ് ഇവരുടെ ലക്ഷ്യം. പേന്‍ ശല്യം ചെയ്യുമ്പോള്‍ ഉമ്മ മുടിചീകിക്കൊള്ളും, മക്കയില്‍ ചൂടു കൂടാന്‍ കാത്തിരിക്കുകയേ വേണ്ടൂ അവര്‍ തണലിലേക്ക് മാറി നിന്നോളും.”
അയ്യാഷിന്റെ അസ്വസ്ഥത വിട്ടുമാറിയില്ല. പ്രതിജ്ഞയില്‍ നിന്ന് ഉമ്മയെ മുക്തയാക്കാന്‍ അയാള്‍ തിരിച്ചുപോവുകയാണത്രെ. അയ്യാഷ് സഹോദരങ്ങളോടൊപ്പം യാത്ര തിരിച്ചു. യസ്‌രിബ് നഗരത്തിന്റെ പരിധിക്കു പുറത്തെത്തിയപ്പോള്‍ സഹോദരങ്ങളിരുവരും അയാള്‍ക്ക് മേല്‍ ചാടിവീണു. കൈകാലുകള്‍ ശക്തമായി ബന്ധിച്ചു. കുറ്റവാളിയെ എന്ന പോലെ അവര്‍ അയാളെ തൂക്കിയെടുത്ത് മക്കയിലെത്തിച്ചു. എന്നിട്ട് ഉറക്കെ വിളിച്ചുപറഞ്ഞു, ”മക്കക്കാരേ, ഞങ്ങളുടെ കൂട്ടത്തിലെ വിവരംകെട്ടവനെ ഞങ്ങള്‍ ചെയ്തപോലെ നിങ്ങളുടെ കൂട്ടത്തിലെ വിവരം കെട്ടവരെ നിങ്ങളും ചെയ്യുക.”
ഹിഷാമെന്ന പോലെ അയ്യാഷും ഇസ്‌ലാമിനെ തള്ളിപ്പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടിരുന്നു. കടുത്ത വേനലിൽ മേൽക്കൂരയില്ലാത്ത നാല് ചുവരുകൾക്കുള്ളിൽ അടച്ചതടക്കമുള്ള പീഡനതാഡനങ്ങളുടെ ഒരു ബിന്ദുവിലും അവര്‍ വഴങ്ങിയുമില്ല. പിന്നെയും വളരെക്കഴിഞ്ഞാണ്, നിര്‍ബന്ധങ്ങളും പീഡനങ്ങളും സഹിക്കാനാവാതെ സ്വന്തം വിശ്വാസത്തെ തള്ളിപ്പറയേണ്ടി വന്ന ഹതഭാഗ്യരെ സമാശ്വസിപ്പിച്ചുകൊണ്ട് കുര്‍ആന്‍ അവതരിക്കുന്നത്. പറഞ്ഞേക്കൂ, ”സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ച എന്റെ ദാസന്മാരേ, നിങ്ങള്‍ ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാകരുത്. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്ത് തരും. അവന്‍ അങ്ങേയറ്റം പൊറുക്കുന്ന വനാണ്, പരമകാരുണികനാണ്.”
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.