നബിചരിത്രത്തിന്റെ ഓരത്ത് -4

//നബിചരിത്രത്തിന്റെ ഓരത്ത് -4
//നബിചരിത്രത്തിന്റെ ഓരത്ത് -4
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -4

ചരിത്രാസ്വാദനം

അബ്ദുല്ല

അതീവ സുന്ദരനാണ് അബ്ദുല്ല. ഇപ്പോള്‍ മാത്രമല്ല, അക്കാലം മക്കയില്‍ ജിവിച്ചിരുന്ന പ്രായമേറിയ വൃദ്ധന്മാരും വൃദ്ധകളും മുമ്പെങ്ങും മക്കക്കാര്‍ക്കിടയില്‍ അബ്ദുല്ലയോളം സുന്ദരനായ ഒരാളെയും കണ്ടിട്ടില്ല.

സംസമിന്റെ വീണ്ടെടുപ്പു വേളയിൽ സഹായികളധികമില്ലാത്തതിനാൽ താനനുഭവിച്ച പ്രയാസം കൂടുതൽ മക്കളുണ്ടാകുന്നതോടെ കടങ്കഥയാകുമെന്ന് അബ്ദുൽ മുത്തലിബ് കരുതി. തനിക്ക് അല്ലാഹു പത്ത് ആൺ മക്കളെ നൽകുകിൽ അവരിലൊരാളെ ബലി നൽകുമെന്ന പ്രതിജ്ഞ അദ്ദേഹമെടുത്തിരുന്നു. അബ്ദുല്ല പിറന്നതോടെ ആൺമക്കൾ പത്തായി. ബലിയറുക്കപ്പെടാനുള്ള നറുക്ക് അബ്ദുല്ലക്ക് വീഴുകയും ചെയ്തു.

പ്രതിജ്ഞ നിറവേറ്റാനുള്ള അബ്ദുൽ മുത്തലിബിന്റെ നിശ്ചയദാർഢ്യത്തെ അബ്ദുല്ലയുടെ അമ്മാവന്മാർ തടയുകയും, യഥ്‌രിബിലെ ജ്ഞാനവൃദ്ധയുടെ നിർദ്ദേശമനുസരിച്ച് പകരം നൂറൊട്ടകങ്ങളെ ബലി നൽകുകയും ചെയ്തു. അന്നു മുതൽ അബ്ദുല്ല മക്കക്കാർക്കിടയിൽ കൂടുതൽ ശ്രദ്ധേയനായി.

യുവതികള്‍ക്കിടയില്‍ അബ്ദുല്ല ചര്‍ച്ചാ വിഷയമായി. അയാളെ തന്റെ ഭര്‍ത്താവായി കിട്ടിയെങ്കില്‍ എന്ന് അവരോരുത്തരും ആഗ്രഹിച്ചു. ഖസ്അം ഗോത്രത്തിലെ മുര്‍റിന്റെ മകള്‍ ഫാത്വിമയും അസദ് ഗോത്രത്തിലെ നൗഫലിന്റെ മകള്‍ ക്വുതൈലയും അവരിലുള്‍പ്പെടുന്നു.

തന്റെ നിറഞ്ഞ യൗവനവും തുളുമ്പുന്ന സൗന്ദര്യവും അറ്റമില്ലാത്ത സമ്പത്തും മുന്‍നിര്‍ത്തി ഫാത്വിമ അബ്ദുല്ലയുടെ വധുവാകാന്‍ ആഗ്രഹിച്ചു. വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് തന്റെ സഹോദരന്‍ വറകയുമൊന്നിച്ച് വാതോരാതെ സംസാരിച്ചിരുന്ന ക്വുതൈലയാകട്ടെ, അബ്ദുല്ല പ്രവാചകനോ, പ്രവാചകന്റെ പിതാവോ ആണെന്ന് എന്തുകൊണ്ടോ സംശയിച്ചു. അതുകൊണ്ടുതന്നെ, അബ്ദുല്ല തന്റെ ഭര്‍ത്താവായെങ്കില്‍ എന്നാഗ്രഹിച്ചു.

ആകാര സൗന്ദര്യത്തിന്റെ ലക്ഷണമൊത്ത പ്രതീകമായിരുന്നു ഫാത്വിമ. തേനൂറുന്ന ഭാഷണ ചാതുരിയും അനിതരസാധാരണമായ ബുദ്ധിവൈഭവവും കണക്കില്ലാത്ത സമ്പത്തും അവളെ മക്കയിലെ മറ്റു തരുണികളില്‍ നിന്ന് വേര്‍ത്തിരിച്ചു നിര്‍ത്തി. മക്കയിലെ വണിക്കുകളും ഉന്നത കുലജാതരുമായ ചെറുപ്പക്കാരുടെ ഭാവനാ കാമനകളിലെ നായികയായി അവള്‍ നിറഞ്ഞു നിന്നു. സായന്തനങ്ങളില്‍ അവളൊരുക്കുന്ന ചെലവേറിയ സദസ്സുകളിലെത്തി വീഞ്ഞുമോന്തി അവർ നേരം കളഞ്ഞു. പരിചാരകന്മാരും പരിചാരികകളുമായി അവളുടെ വീട് തേനീച്ചക്കൂടുപോലെ സദാ സജീവമായി. ചഷകങ്ങള്‍ നിലക്കാതെ കലപില കൂട്ടി. ആരും ആഗ്രഹിച്ചുപോകുന്ന സുഭിക്ഷതയുടെ നടുവിലാണ് അവള്‍ കഴിഞ്ഞു പോന്നത്. മണികിലുക്കം പോലെയുള്ള അവളുടെ ചിരിയുടെ മാദകത്വത്തില്‍ ഭ്രമിച്ച് കുസൃതിക്കു മുതിര്‍ന്ന ചെറുപ്പക്കാരെ സുന്ദരിമാരില്‍ സാധാരണ ഉണ്ടാകാറുള്ള അഹന്തയോടെ ജനമധ്യത്തിലിട്ട് ശാസിച്ചു. മോഹിച്ച ചെറുപ്പക്കാര്‍ക്ക് പിടികൊടുക്കാതെ അവള്‍ കുതറിമാറി.

മാസങ്ങളായി ഫാത്വിമ അബ്ദുല്ലയെ ശ്രദ്ധിക്കുകയായിരുന്നു. ബലിയൊഴിവായ ദിവസം മുതല്‍ നൂറു നാക്കോടെയാണ് തോഴിമാരോട് അവള്‍ അബ്ദുല്ലയെക്കുറിച്ച് സംസാരിച്ചത്. പൂവിന് പുലരി മഞ്ഞെന്നപോലെ അബ്ദുല്ല അവള്‍ക്കനുഭവപ്പെട്ടു. “പൂവ് എങ്ങനെയാണ് അടുത്ത പ്രഭാതത്തിലെ മഞ്ഞിനുവേണ്ടി കാത്തിരിക്കുന്നതെന്ന് നിനക്കറിയാമോ?”, തോഴിമാരിലൊരാളോട് അവള്‍ ചോദിച്ചു.”പകലറുതിയിലും പാതിരാവിലും എങ്ങനെയാണോ പുലരി മഞ്ഞിനു വേണ്ടിയുള്ള പൂവിന്റെ അക്ഷമ വര്‍ധിച്ചുവരുന്നത്, അതുപോലെയാണ് ഓരോ നിമിഷം കടന്നു പോകുന്തോറും ആ കുറയ്ഷി യുവാവിനുവേണ്ടിയുള്ള എന്റെ കാത്തിരിപ്പിന്റെ അക്ഷമ വര്‍ധിച്ചുവരുന്നത്.”

അന്നു വൈകുന്നേരം അവൾ സമ്മാനിച്ച മദ്യം നുകര്‍ന്നുകൊണ്ട് ആരോ പറഞ്ഞാണതറിഞ്ഞത്, യതീമായ ആമിനയെ അബ്ദുല്ല വേള്‍ക്കാന്‍ പോകുന്നു. അധികം താമസിയാതെ അവര്‍ തമ്മിലുള്ള വിവാഹം നടക്കും.

ചൂടിന് കടുപ്പം കൂടിയ ഒരു പകലിന്റെ രണ്ടാം പകുതിയിൽ കഅ്ബയില്‍ നിന്ന് അബുല്‍ കുബൈസ് താഴ്‌വരയിലേക്കുള്ള നിദ്രാധീനമായ ശൂന്യവീഥിയിലൂടെ അലസം നടക്കുകയായിരുന്നു അബ്ദുല്ല. ഫാത്വിമയും തോഴിമാരും അയാളെ അവളുടെ വീട്ടില്‍ വിളിച്ചിരുത്തി. തന്റെ മുഖത്തെ ചൂഴ്ന്നു നടന്ന ഫാത്വിമയുടെ കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ലജ്ജാലുവായ അബ്ദുല്ല കണ്ണിമ താഴ്ത്തി. ”അബ്ദുല്ലാ, നിങ്ങളെങ്ങോട്ടു പോകുന്നു?” അവള്‍ ചോദിച്ചു.

”അബുല്‍ കുബൈസിലേക്ക്; അവിടെയാണെന്റെ കുടുംബം താമസിക്കുന്നത്.”

“കുറയ്ഷികളിലെ സുന്ദരനേ, തെല്ലിട ഞങ്ങളോടൊപ്പം ചെലവഴിക്കുക; അബുല്‍ കുബൈസ് എങ്ങോട്ടും പോകുന്നില്ല, നിങ്ങളുടെ കുടുംബവും എങ്ങോട്ടും പോകുന്നില്ല.”ഞാന്‍ കുറെ മാസങ്ങളായി ആഗ്രഹിച്ചു കൊണ്ടിരിക്കുന്നതാണീ നിമിഷങ്ങൾ. നിങ്ങള്‍ പള്ളിയിലേക്ക് പോകുന്നതും അവിടന്ന് മടങ്ങുന്നതും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.”

അബ്ദുല്ല പോകാന്‍ ധൃതികൂട്ടി.

”നില്‍ക്കൂ യുവാവേ,” അവള്‍ പറഞ്ഞു. ”എനിക്ക് ചില കാര്യങ്ങള്‍ നിങ്ങളില്‍ നിന്നറിയേണ്ടതുണ്ട്.”

”എന്താണത്?”

”യതീമായ ആമിന ബിന്‍ത് വഹബിനെ നിങ്ങള്‍ വിവാഹമന്വേഷിക്കുന്നുവെന്ന് കേട്ടു. വാസ്തവത്തില്‍, നിങ്ങളാ ബന്ധം ആഗ്രഹിക്കുന്നുവോ? ആ വിവാഹ ബന്ധത്തില്‍ നിങ്ങള്‍ സന്തുഷ്ടനായിരിക്കുമോ?”

”എന്തുകൊണ്ടല്ല? ആഗ്രഹിക്കുന്നതിനെക്കാള്‍ അവളുടെയടുത്ത് കണ്ടെത്താന്‍ എനിക്കാകും.”

”അവള്‍ക്ക് ധനമുണ്ടോ? അവളുടെയടുത്ത് ജീവിതത്തിന്റെ പൊലിമയുണ്ടോ?”

”അതെല്ലാം ആണുങ്ങള്‍ക്ക് നേടിയെടുക്കാവുന്നതേയുള്ളൂ. മക്കയില്‍ നിന്ന് അടുത്തുതന്നെ പുറപ്പെടാനിരിക്കുന്ന കാഫിലയോടൊപ്പം ഞാന്‍ പോവുകയാണ്.”

”നിങ്ങള്‍ കച്ചവട സംഘത്തോടൊപ്പം പോവുകയാണോ? എങ്ങോട്ട്?” ചെറിയ ഉല്‍ക്കണ്ഠയോടെ അവള്‍ ചോദിച്ചു.

”കുറയ്ഷികള്‍ പോകുന്നിടത്തേക്ക്.”

അവള്‍ പറഞ്ഞു, ”നിങ്ങളെപ്പോലുള്ളവര്‍ ഈ വക കാര്യങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല യുവാവേ; യുവകോമളന്മാരായ മിക്ക കുറയ്ഷി ചെറുപ്പക്കാരുടെയും ശാപമിതാണ്. കച്ചവട സംഘത്തോടൊപ്പം നടന്ന് അവര്‍ തങ്ങളുടെ ഓജസ്സും ഊര്‍ജ്ജസ്വലതയും കളഞ്ഞു കുളിക്കുന്നു. എന്നോടൊപ്പം നില്‍ക്കുക; എന്റെ കയ്യില്‍ ധാരാളം പണമുണ്ട്. അടിത്തട്ടു കാണാത്ത സമ്പത്തുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര എടുക്കാം, അതിലും കൂടുതലെടുക്കാം. നിങ്ങള്‍ക്കറിയാമോ, എന്റെ പിതാവ് ഖസ്അം ഗോത്രക്കാരന്‍ മുര്‍റിന് മക്കയ്ക്കു പുറത്ത് സ്വതന്ത്രമായി മേഞ്ഞുനടക്കുന്ന എണ്ണമറ്റ ഒട്ടകക്കൂട്ടങ്ങളുണ്ട്; കുറയ്ഷികളായ വണിക്കുകളുടെ കണക്കില്‍ ഖസ്അം ഗോത്രക്കാരനായ മുര്‍റിന് സ്വര്‍ണവും വെള്ളിയുമായി, നിക്ഷേപങ്ങളും തിരിച്ചു ലഭിക്കാനുള്ള പണവുമുണ്ട്. മുര്‍റിന്റെ ഏക മകള്‍ ഖസ്അം ഗോത്രക്കാരി ഫാത്വിമയുടെ കൈകള്‍ ഈ സമ്പത്ത് കൈകാകാര്യം ചെയ്യുന്നതില്‍ സര്‍വ്വതന്ത്ര സ്വത്രന്തമാണ്. അത് മുഴുവന്‍ ഞാന്‍ ഭര്‍ത്താവായി സ്വീകരിക്കുന്ന പുരുഷനുള്ളതാണ്. ആ സുഭഗനായ ഭര്‍ത്താവാകാന്‍ നിങ്ങള്‍ ഒരുക്കമുണ്ടോ എന്നാണ് എനിക്കറിയേണ്ടത്.”

ഫാത്വിമയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായങ്ങളന്വേഷിക്കുകയായിരുന്ന അബ്ദുല്ല അവസരം മുതലെടുത്തു.

”ഫാത്വിമ, നിങ്ങളുടെ സൗന്ദര്യവും ബുദ്ധിയും തികവുറ്റ പെരുമാറ്റ മര്യാദകളും എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. നിങ്ങള്‍ പറയുന്നതെല്ലാം എന്റെ ജീവിതവും ഭാവിയുമായി ബന്ധപ്പെട്ട അതീവ പ്രധാനമായ വിഷയമാകയാല്‍ കുറച്ചുകൂടി ചിന്തിച്ച് മറുപടി പറയാന്‍ എന്നെ അനുവദിക്കുക.”

“ശരി, ചിന്തിച്ചോളൂ. ഒരുകാര്യം, ഒടുങ്ങാത്ത കച്ചവട യാത്രയുടെ തണുപ്പും ചൂടുമേറ്റ് നുരുമ്പേണ്ട ജീവിതമല്ല നിങ്ങളുടേത്. നീണ്ട അലച്ചിലിനും അനന്തമായ സുഭിക്ഷതക്കുമിടയില്‍ ബുദ്ധിപൂര്‍വകമായ ഒരു തെരഞ്ഞെടുപ്പ് നിങ്ങള്‍ നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”

അബ്ദുല്ല ഇറങ്ങി, അബുല്‍ കുബൈസിനെ ലക്ഷ്യമാക്കി നടന്നു. താന്‍ പ്രതീക്ഷാപൂര്‍വം മാലയില്‍ കോര്‍ത്ത മലരുകള്‍ വാടിക്കരിയുകയാണോ എന്ന് ഫാത്വിമ സംശയിച്ചു.

നൂറൊട്ടകങ്ങളെ ബലി നല്‍കിയ ദിനം തന്നെ മകന് ഒരു വധുവിനെ കണ്ടെത്തണമെന്ന് അബ്ദുല്‍ മുത്തലിബ് തീരുമാനിച്ചുറച്ചിരുന്നു. ചില കാര്യങ്ങള്‍ പരിഗണിച്ചതിനുശേഷം വയോധികന്റെ ദയാഭരിതമായ മനസ്സ് തെരഞ്ഞെടുത്തത് യതീമായ ആമിനയെയായിരുന്നു. കുസയ്യിന്റെ സഹോദരന്‍ സുഹ്‌റയുടെ പേരക്കിടാവ് വഹബിന്റെ മകള്‍ ആമിനയെ.

സുഹ്‌റാ ഗോത്രത്തിന്റെ തലവനായിരുന്ന വഹബ് ഏതാനും വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. ആമിന ഇപ്പോള്‍ പുതിയ ഗോത്രത്തലവനും സഹോദരനുമായ വുഹൈബിന്റെ സംരക്ഷണയിലാണ്, വുഹൈബിനും വിവാഹപ്രായമെത്തി നില്‍ക്കുന്ന ഒരു മകളുണ്ട് – ഹാല. ആമിനയെ തന്റെ മകന് വിവാഹം ചെയ്തുകൊടുക്കുന്നതോടൊപ്പം ഹാലയെ തനിക്ക് വിവാഹം ചെയ്തു തരണമെന്ന് അബ്ദുല്‍ മുത്തലിബ് വുഹൈബിനോടാവശ്യപ്പെട്ടു. ചുറുചുറുക്കുള്ള, സര്‍വ്വാദരണീയനായ കുറയ്ഷി കാരണവര്‍ക്ക് മകളെ വിവാഹം ചെയ്തുകൊടുക്കുന്നതില്‍ വുഹൈബിന് യാതൊരെതിര്‍പ്പുമുണ്ടായിരുന്നില്ല.

ഒരേ സമയം ഇരട്ട വിവാഹങ്ങള്‍ക്കുള്ള സന്നാഹം ഹാഷിം കുടുംബത്തില്‍ നടന്നു കൊണ്ടിരുന്നു. നിശ്ചയിച്ചുറപ്പിച്ച ദിവസം സമാഗതമായി. അബ്ദുല്‍ മുത്തലിബ് മകന്റെ കൈപ്പിടിച്ച് സുഹ്‌റ ഗോത്രക്കാര്‍ താമസിക്കുന്ന പ്രദേശത്തേക്ക് യാത്രയായി. അസദ് ഗോത്രക്കാര്‍ പാര്‍ക്കുന്ന ഭാഗത്തുകൂടെ വേണമായിരുന്നു അവര്‍ക്ക് കടന്നുപോകാന്‍. സ്വന്തം വീടിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കുകയായിരുന്ന കുതൈല ആ കാഴ്ച കണ്ടത് യാദൃച്ഛികമായിരിക്കില്ല. കുറയ്ഷിത്തറവാട്ടില്‍ നടക്കാന്‍ പോകുന്ന ഇരട്ടക്കല്ല്യാണത്തിന്റെ കഥയറിയാത്തവര്‍ ആ പരിസരത്തൊന്നുമുണ്ടായിരുന്നില്ല. അദമ്യമായ കൗതുകത്തോടെ വീട്ടുവാതില്‍ക്കല്‍ വന്നുനിന്ന പെണ്ണുങ്ങളെപ്പോലെ തന്നെ കുതൈലയും കാഴ്ച കാണാന്‍ തന്റെ വീടിന്റെ വാതില്‍പ്പടിയില്‍ വന്നു നിന്നതാകാം.

എഴുപതിനുമേല്‍ പ്രായമുണ്ട് അബ്ദുല്‍ മുത്തലിബിന്. എന്നാല്‍ പ്രായത്തിന്റെ യാതൊരു പ്രയാസവും നേരിട്ടതുമില്ല. യുവത്വവും ചുറുചുറുക്കും ഉല്ലാസവും ഉത്സാഹവും ഉന്മേഷവും അങ്ങനെ, ഈ ഗണത്തില്‍പെട്ട എല്ലാ വിശേഷണങ്ങളും അവയുടെ പൂര്‍ണാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പ്രസന്ന പ്രകൃതത്തിലും ഉറച്ച ശരീരത്തിലും അനാച്ഛാദിതമായി. ഇരുവരുടെയും നിസ്തന്ദ്രമായ മന്ദഗമനം സന്ദര്‍ഭത്തിന്റെ സ്വാഭാവിക പ്രൗഢിയെയും ഗാംഭീര്യത്തെയും ഇരട്ടിപ്പിച്ചു.

അനുഗൃഹീതമായൊരു പകലിന്റെ ഭ്രമാത്മകമായ തെളിച്ചം തെരുവിലും ഓരത്തെ വീടുകളിലും ചിതറി വീണു. കുതൈല കാത്തുനിന്നു. ഇരുവരും അടുത്തു വരുന്തോറും അവളുടെ കണ്ണുകള്‍ അബ്ദുല്ലയില്‍ മാത്രം കേന്ദ്രീകൃതമായിക്കൊണ്ടിരുന്നു. യുവത്വമാര്‍ന്ന പുരുഷ സൗന്ദര്യത്തിന്റെ തികവുറ്റ രൂപമായിരുന്നുവല്ലോ അന്ന് ഇരുപത്തിയഞ്ചുകാരനായിരുന്ന അബ്ദുല്ല. കുതൈല ശ്രദ്ധിച്ചത് അബ്ദുല്ലയുടെ സൗന്ദര്യമോ കുലീനമായ ചുവടുവെപ്പുകളോ ആയിരുന്നില്ല. അബ്ദുല്ലയെ മുമ്പും അവള്‍ കണ്ടിട്ടുണ്ട്. പക്ഷേ, ആ ചിരസ്മരണീയമായ അപരാഹ്നത്തില്‍ യുവാവിന്റെ മുഖത്ത് പരന്നുകണ്ട അത്ഭുത പ്രഭ ലൗകികമായ അതിരുകള്‍ക്കപ്പുറത്തുനിന്ന് കടന്നുവരുന്നതായി അവള്‍ക്കു തോന്നി. അബ്ദുല്ലയായിരിക്കുമോ പ്രതീക്ഷിക്കപ്പെടുന്ന പ്രവാചകന്‍? അഥവാ അയാളായിരിക്കുമോ ആ പ്രവാചകന്റെ പിതാവ്!

ഇളം കാറ്റിന്റെ നിശ്ശബ്ദ പ്രവാഹത്തോടൊപ്പം ഇരുവരും അവളെ കടന്നുപോയി. പെട്ടെന്നൊരന്തശ്ചോദനയില്‍ അവള്‍ വിളിച്ചു, ”അബ്ദുല്ലാ.” അയാള്‍ തിരിഞ്ഞ് പിതൃവ്യ പുത്രിയോട് സംസാരിക്കാനായി ചെന്നു.

”എങ്ങോട്ട് പോകുന്നു?” അവള്‍ ചോദിച്ചു.

”എന്റെ പിതാവിനോടൊപ്പം” എന്നു മാത്രം അയാള്‍ മറുപടിയായി പറഞ്ഞു.

”എന്നെ നിങ്ങളുടെ ഭാര്യയായി സ്വീകരിക്കാതെന്ത്? നിങ്ങള്‍ക്ക് പകരമായി അറുക്കപ്പെട്ട ഒട്ടകങ്ങളുടെയത്ര ഒട്ടകങ്ങളുടെ ഉടമയാകാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നതെന്ത്?” കുതൈല ആരാഞ്ഞു.

”ഞാനെന്റെ പിതാവിനോടൊപ്പം പോകുന്നു. അദ്ദേഹത്തിന്റെ ഇംഗിതത്തിനെതിരായി ഒന്നും ചെയ്യാന്‍ എനിക്കാവില്ല. അദ്ദേഹത്തെ വിടാനുമാവില്ല.”

നിശ്ചയിച്ച പോലെ വിവാഹം നടന്നു. കുറച്ച് ദിവസങ്ങള്‍ ഇരുവരും വുഹൈബിന്റെ വീട്ടില്‍ കഴിച്ചു കൂട്ടി. ആമിനയും സഹോദര പുത്രി ഹാലയും കുറയ്ഷിത്തറവാട്ടിലെ വധുക്കളായി ഒരേദിവസം അബുല്‍ കുബൈസ് താഴ്‌വരയിലെത്തി.

(ഇത് ചരിത്രരേഖയല്ല, ചരിത്രത്തിന്റെ ആസ്വാദനം മാത്രമാണ്.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.