
ശോകവർഷം
ക്രിസ്തു വര്‍ഷം അറുനൂറ്റിപ്പത്തൊമ്പതാമാണ്ട്. കുറയ്ഷികളുടെ ബഹിഷ്കരണക്കരാര്‍ ദുര്‍ബലമായി അധികം കഴിഞ്ഞിട്ടില്ല. പ്രവാചകന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ചൂടുനിലങ്ങളെ മുറിച്ചുകടക്കേണ്ടിവന്ന വർഷമാണത്; ക്ലേശദുഃഖങ്ങളുടെ ഇരട്ടഭാരം ഏല്‍ക്കേണ്ടിവന്ന വർഷം. ചരിത്രകാരൻ അതിനെ ശോകത്തിന്റെ വർഷം എന്ന് വിളിച്ചു.
തന്റെ സാമൂഹ്യജീവിതത്തില്‍ പിതൃവ്യന്‍ അബൂതാലിബിന്റെ മരണം തീര്‍ത്ത ആഘാതം ദൂരദൂരം ചെന്ന് ശൂന്യതയുടെ കടുത്ത ഭിത്തിയില്‍ തട്ടി കടുപ്പമേറിയ അലയൊലികളായി പുനർജനി നേടി. ഇരട്ട നഷ്ടം തീര്‍ത്ത ശോകത്തിന്റെ ഭാരം നബി താങ്ങിയത് അല്ലാഹുവിന്റെ ഗ്രഹണാതീതമായ അനുഗ്രഹത്തിലുള്ള പ്രതീക്ഷ ഒന്നുകൊണ്ടു മാത്രമാണ്.
അബൂതാലിബ് മുഹമ്മദിന് ആരായിരുന്നു? വെറും ഒരു പിതൃവ്യനോ? ഇരട്ട അനാഥത്വത്തിന്റെ ഭയാനകമായ വിജനതയിൽ ലോകം അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത തന്നെ കരക്കെത്തിച്ച രക്ഷിതാവ്, കാല്‍ തെന്നി മുഖമടച്ച് വീഴാന്‍പോയ അവസരങ്ങളില്‍ സ്വന്തം തോളുകാട്ടി പിന്തുണയേകിയ അവലംബദായകന്‍, പാരമ്പര്യത്തെ തകര്‍ത്തെറിയാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് കുറയ്ഷ് സഹിപ്പിച്ച ദുഃഖശതത്തിന് ചുവടെ വന്‍മരമായി നിന്ന് പ്രവാചകന് തണലേകിയ ആലംബസ്ഥാനി…
ജീവിതപ്പാതയിലെ മരവും ചെടിയും നീര്‍പ്പാടയുമില്ലാത്ത ഭീതിദമായ വിജനതയില്‍ ആശ്വാസത്തിന്റെ കുളിർപ്പന്തല്‍ തീര്‍ത്ത പിതൃവ്യന്റെ ജീവന്റെ ശരറാന്തല്‍ത്തിരി മൃതിയിലേക്ക് മുനിയുകയാണ്. തങ്ങളുടെ സാത്വികനായ കാരണവര്‍ മരണത്തിന്റെ തീരത്തേക്ക് അനുക്രമമായി നടന്നടുക്കുകയാണെന്ന് മക്കക്കാര്‍ക്ക് ബോധ്യമായ ദിവസം ഒരു സംഘമായി അവര്‍ അബൂതാലിബിനെ സന്ദര്‍ശിച്ചു. സംഘത്തില്‍ റബീഅയുടെ മക്കളായ ഉത്ബയും ഷെയ്ബയുമുണ്ട്, അബൂജഹ്‌ലുണ്ട്, ഖലഫിന്റെ പുത്രന്‍ ഉമയ്യയുണ്ട്, ഹര്‍ബിന്റെ പുത്രന്‍ അബൂസുഫ്‌യാനുണ്ട്. ആകെ ഇരുപത്തി അഞ്ചു പേരാണവര്‍.
അവര്‍ പറഞ്ഞു, “കാരണവരേ, ഞങ്ങള്‍ക്ക് താങ്കളോടുള്ള ആദരം എത്രയുണ്ടെന്ന് താങ്കള്‍ക്കറിയാവുന്നതാണല്ലോ. താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ താങ്കള്‍ക്കുതന്നെ കാണാവുന്നതുമാണ്. ഞങ്ങള്‍ക്കും താങ്കളുടെ സഹോദര പുത്രനുമിടയിലുള്ള പ്രശ്‌നങ്ങള്‍ താങ്കളറിഞ്ഞു കഴിഞ്ഞതാണല്ലോ. അദ്ദേഹത്തെ താങ്കള്‍ വിളിച്ചു വരുത്തണം, അദ്ദേഹത്തിനു വേണ്ടി ഞങ്ങളില്‍നിന്ന് ഒരു സമ്മാനം സ്വീകരിക്കണം. ഞങ്ങള്‍ക്കു വേണ്ടി അദ്ദേഹത്തില്‍ നിന്നും സമ്മാനം സ്വീകരിക്കണം; അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ മതത്തേയും വെറുതെ വിടട്ടെ, ഞങ്ങള്‍ അദ്ദേഹത്തെയും വെറുതെ വിടാം.”
സഹോദര പുത്രനെ വിളിച്ചുകൊണ്ടുവരാനായി അബൂതാലിബ് ആളെവിട്ടു. താമസിയാതെ തിരുദൂതർ അവിടെ വന്നുകയറി.
”മകനേ,” മൃതിയുടെ പ്രാന്തത്തിൽ നിന്നെന്നവണ്ണമുള്ള പരിക്ഷീണമായ സ്വരത്തിൽ വയോധികന്‍ പറഞ്ഞുതുടങ്ങി, ”നിന്റെ സമുദായത്തിലെ ഈ മാന്യന്മാര്‍ നീയുമായി ചില ആദാനപ്രദാനങ്ങള്‍ക്ക് സന്നദ്ധരാണെന്നറിയിച്ചിരിക്കുകയാണ്.” പിന്നീടദ്ദേഹം അവര്‍ പറഞ്ഞത് നബിക്ക് വിവരിച്ചുകൊടുത്തു. അന്നേരം നബി അവരോടു പറഞ്ഞു, ”ഞാന്‍ നിങ്ങള്‍ക്കൊരു വാക്യം പറഞ്ഞുതരികയാണെന്നിരിക്കട്ടെ, നിങ്ങളത് ഉരിയാടി, അതിലൂടെ അറബികളും അനറബികളും നിങ്ങള്‍ക്കധീനരാവുകയാണ്, എങ്കില്‍, ആ വാക്യത്തെക്കുറിച്ച് നിങ്ങള്‍ക്കെന്ത് പറയാനുണ്ട്?”
നബി ഇതു പറഞ്ഞതും അവശ്വസനീമായ കൺചലനങ്ങളോടെ അവര്‍ അദ്ദേഹത്തെ നേരിട്ടു. ഇത്രമേൽ പ്രയോജനമേകുന്ന ഒറ്റ വാക്യം എങ്ങനെയാണ് തള്ളിക്കളയുക എന്നവർക്കറിഞ്ഞു കൂടാ. അല്പനേരം അന്തരീക്ഷത്തില്‍ പ്ലവിച്ചുനിന്ന മൗനത്തിന്റെ മഞ്ഞുകട്ടയെ തല്ലിയുടച്ചത് അബൂജഹ്‌ലായിരുന്നു.
”തീര്‍ച്ചയായും, നിങ്ങളുടെ താതനാണ് സത്യം, ഞങ്ങളതിന്റെ പത്ത് മടങ്ങ് നൽകാം.”
”അല്ലാഹുവല്ലാതെ ആരാധ്യാനില്ലെന്ന് നിങ്ങൾ പറയണം അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കുന്ന സകലതിനെയും വെടിയുകയും വേണം.” നബി പറഞ്ഞു. ഇതുകേട്ടതും അനിഛാപ്രേരണയെന്നവണ്ണം കൈകള്‍ കൂട്ടിയടിച്ചു കൊണ്ടവർ ചോദിച്ചു, ”മുഹമ്മദ്, നിങ്ങൾ ദൈവങ്ങളെയെല്ലാം ഒന്നിൽ പരിമിതപ്പെടുത്തുകയാണോ? നിങ്ങളുടെ കാര്യം അതിശയം തന്നെ.”
പിന്നെ നബി പിതൃവ്യന്റെ പ്രായംചെന്നതും അനുതാപാർഹവുമായ ശോഷിച്ച കൈകളിലേക്കു നോക്കി. ഉള്ളിൽ കിളിർത്തുനിൽക്കുന്ന സ്വവിശ്വാസത്തെ വംശശ്രേയസ്സിനുവേണ്ടി പിതൃവ്യൻ ബലിനൽകിക്കൂടാ. പെരുകിയ സങ്കടത്തിനിടയിൽ അദ്ദേഹം പറഞ്ഞു, “മൂത്താപ്പാ, ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ അല്ലാഹുവിങ്കല്‍ താങ്കള്‍ക്കുവേണ്ടി ഒരു വാക്കു പറയാന്‍ എനിക്കവസരം നല്‍കാനായി നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നുരിയാടണം.”
അപകടമുഖത്ത് പെട്ടവന്റെ ജാഗ്രതയോടെ ആ നിമിഷം അബൂജഹ്‌ലും ഉമയ്യയും പുത്രന്‍ അബ്ദുല്ലയും ഇടപെട്ടു, ”അബൂതാലിബ്, താങ്കള്‍ അബ്ദുല്‍ മുത്തലിബിന്റെ മതത്തെ വെറുക്കുകയോ?”
അവസാന നിമിഷത്തില്‍ പാരമ്പര്യമതത്തെ പുറംകാലുകൊണ്ട് തിരസ്‌കരിച്ചവന്‍ എന്ന ‘ദുഷ്‌പേര്’ ലഭിക്കാതിരിക്കാനായി അബൂത്വാലിബ് തൗഹീദിന്റെ സാക്ഷ്യവാക്യം ഉരുവിടാതെ തന്നെ ദുനിയാവിനുനേരെ അവസാനമായി കണ്ണുകളടച്ചു.
ചൂടുപെരുത്ത ജീവിതവഴിയിലുടനീളം തലക്കുമുകളില്‍ തണല്‍ തീര്‍ത്തുനിന്ന മനുഷ്യനിതാ നിശ്ചേഷ്ടനായി ഇവിടെ കിടക്കുന്നു. പ്രവാചകന് ഇനിയും അദ്ദേഹത്തിന്റെ സംരക്ഷണം ആവശ്യമുള്ള അനിവാര്യഘട്ടമാണിത്. പക്ഷേ, ആദിപരാശക്തിയുടെ അലംഘനീയ വിധിക്കുമുമ്പില്‍ കീഴൊതുങ്ങുകയല്ലാതെ മനുഷ്യന് വഴിയില്ല. തന്റെ ദുരിതങ്ങളെ തണുപ്പിച്ച് പെയ്ത പെരുമഴയായിരുന്ന ആ മനുഷ്യന്റെ ഭൗതിക ജഡത്തിനരികില്‍ അശ്രു പെരുകിയ കണ്ണുകളോടെ നബി നിന്നു. കണ്ണീർമറയുടെ അപ്പുറത്ത് നിന്നുള്ള പൊട്ടിപ്പൊളിഞ്ഞ കാഴ്ച ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി.
അബൂതാലിബിന്റെ മരണത്തോടെ വ്യക്തിപരമായി താൻ ഒറ്റപ്പെട്ടതായി നബിക്ക് തോന്നി. കുറയ്ഷ് തന്റെ അനുയായികളെ ദേഹോപദ്രവമേല്പിച്ചിരുന്നെങ്കിലും തന്നെ വെറുതെ വിട്ടിരുന്നു. വയോധികനും ദുർബ്ബലഗാത്രനും മിതഭാഷിയുമായിരുന്നു പിതൃവ്യനെങ്കിലും കുറയ്ഷ് അദ്ദേഹത്തെ ആദരിച്ചിരുന്നു. ആ ആദരത്തിന്റെ അദൃശ്യകരങ്ങൾ നബിയെ സംരക്ഷിച്ച് നിർത്തിയിരുന്നു ഇതുവരെ. ഇനി കണ്ടറിയണം.
അബൂതാലിബ് മരിച്ച് മണിക്കൂറുകൾക്കകം ആശങ്ക കടുത്ത യാഥാർത്ഥ്യമായി പരിണമിച്ചു. നിയന്ത്രണമറ്റ കണ്ണുനീർ തുടരെത്തുടരെ വിരലുകൾകൊണ്ട് തുടച്ചുകൊണ്ടാണ് ബിലാൽ അന്ന് നബിയുടെ വീട്ടിലേക്ക് കയറിച്ചെന്നത്.
“വല്ലാത്ത ക്രൂരത തന്നെ, കേട്ടത് ശരിയാണോ? സഹിക്കാൻ പറ്റുന്നില്ല, നബി ഇങ്ങോട്ടെത്തിയോ?” വീട്ടിലെ പരിചാരികയോടെന്നവണ്ണം ഒറ്റ ശ്വാസത്തിൽ ബിലാൽ ചോദിച്ചു.
“ഇല്ല, അദ്ദേഹം ഇതുവരെ എത്തിയില്ല. പുതുതായെന്തുണ്ടായി ബിലാൽ?” പരിചാരിക ചോദിച്ചു.
“അവർ തിരുമേനിയെ വഴിയിൽ തടഞ്ഞുനിർത്തി തലയിൽ മണ്ണ് വാരിപ്പൊത്തിയത്രെ.” ഇതു പറഞ്ഞുകൊണ്ടയാൾ ഉറക്കെ കരയാൻ തുടങ്ങി.
“പതുക്കെ… യജമാനത്തിക്ക് തീരെ സുഖമില്ല. ബുദ്ധിമുട്ടിക്കരുത്.” അവൾ പറഞ്ഞു.
“ഖദീജ?”
“അതെ.”
ഫാത്വിമയുടെ സാന്നിധ്യമറിഞ്ഞ് ബിലാൽ ശബ്ദമടക്കി. അപ്പോഴേക്കും തലയിൽ നിറയെ മണ്ണും ചെളിയുമായി നബി എത്തിച്ചേർന്നു. അഗാധ സങ്കടങ്ങളൊളിപ്പിച്ച ആർദ്രമിഴികൾ പറയേണ്ടതെല്ലാം പറഞ്ഞു.
“റസൂലേ…” കദനം മുറ്റിയ സ്വരത്തിൽ ബിലാൽ പതുക്കെ വിളിച്ചു. അപ്പോഴേക്കും ഫാത്വിമ ഓടി വന്നു. അവൾ വാവിട്ട് കരഞ്ഞു, “ഉപ്പാ, ആരാണിത് ചെയ്തത്?”
“സാരമില്ല മകളേ.” ക്ഷീണിച്ച സ്വരത്തിൽ തിരുദൂതർ മകളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവൾ ഒരുപാത്രം വെള്ളവുമായെത്തി പിതാവിന്റെ ശരീരത്തിലെ ചെളി മുഴുവൻ സമയമെടുത്ത് കഴുക്കിക്കളഞ്ഞു. അന്നേരമൊക്കെയും, താരുണ്യത്തിലേക്ക് കടന്നിരുന്ന അവളുടെ കവിളുകൾ കണ്ണുനീരൊഴുക്കിൽ ഈറനായി. തന്റെ ഉമ്മ ആരോഗ്യവതിയായി ഉപ്പയെ പരിചരിക്കാനുണ്ടായിരുന്നെങ്കിലെന്നവൾ വൃഥാ ആഗ്രഹിച്ചു കാണണം. ഉപ്പയുടെ നിസ്സഹായാവസ്ഥയും ഉമ്മയുടെ രോഗാവസ്ഥയും അവളുടെ ശോകത്തെ ഗാഢമാക്കിയിരിക്കണം.
ഫാത്വിമയുടെ കണ്ണുകളില്‍ നിന്നടര്‍ന്നുവീണ ഓരോ തുള്ളി കണ്ണീരും നബിയുടെ ഹൃദയത്തില്‍ കടുത്ത നീറ്റലുകള്‍ സൃഷ്ടിച്ചു. “കരയാതെ മകളേ, ഉപ്പയെ അല്ലാഹു സംരക്ഷിച്ചു കൊള്ളും,” ശബ്ദം ഇടറി, ബാക്കി പുറത്തുവന്നില്ല. വാത്സല്യം വഴിയുന്ന മിഴികൾ ബാഷ്പ സങ്കുലമായി. ഒരുപക്ഷേ, അദ്ദേഹവും അന്നേരം ഖദീജയെക്കുറിച്ചോർത്തിരിക്കണം. വാത്സല്യധാമമായ മകളുടെ കണ്ണീരും തേങ്ങലും അദ്ദേഹത്തിന് അനുഭവപ്പെട്ടിരിക്കണം. പെണ്മക്കളുടെ കണ്ണീരോളം പിതാക്കളെ പൊള്ളിക്കുന്ന മറ്റൊന്നില്ലല്ലോ.
അബൂതാലിബിന്റെ വേര്‍പാടിനു ശേഷം അധികം കഴിഞ്ഞില്ല. ആഘാതത്തിന്റെ ഒരു പുതിയ തിരവന്ന് നബിയെ മൂടി; പ്രിയതമ ഖദീജയുടെ വിയോഗത്തിന്റെ രൂപത്തിൽ. ശോകത്തിന്റെ വർഷം തന്നെയായിരുന്നല്ലോ അത്.
വല്ലാത്തൊരാഘാതമാണാ സംഭവം അദ്ദേഹത്തിലേല്പിച്ചത്. ഖദീജ നബിയുടെ ജീവിതത്തില്‍ എന്തെല്ലാമായിരുന്നില്ല! ചുഴികളും കയങ്ങളും നിറഞ്ഞ പാരാവാരത്തിലൂടെ സഞ്ചരിച്ച തിരുനബിയുടെ ജീവിത നൗകക്ക് ഖദീജ തന്റെ പരിപൂര്‍ണമായ സ്‌നേഹം കൊണ്ടും കരുത്തുകൊണ്ടും പായും പങ്കായവുമായി വര്‍ത്തിച്ചു. മരണമടയുമ്പോള്‍ അവര്‍ക്ക് അറുപത്തിയഞ്ച് വയസ്സിനോടടുത്ത് പ്രായമുണ്ട്, നബിയപ്പോള്‍ അമ്പതിനോടടുക്കുകയായിരുന്നു.
മധുര ദാമ്പത്യത്തിന്റെ നീണ്ട ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍. ഈ വര്‍ഷങ്ങളില്‍ ഖദീജ നബിക്ക് ആരായാണനുഭവപ്പെട്ടത്? പ്രവാചക ജീവിതത്തിലെ നീരറ്റ മണ്ണിന്റെ നിത്യദാഹത്തിനുമേല്‍ തോരാതെ പെയ്ത വര്‍ഷമായിരുന്നു അവര്‍. പ്രവാചകത്വ ലബ്ധി മുതൽ ഖദീജയുടെ മരണംവരെ ദുരിതഭരിതമായിരുന്നല്ലോ ആ ജീവിതം.
പ്രതിസന്ധികളുടെ കൊടുങ്കാറ്റില്‍ ഉലഞ്ഞു പോകുമായിരുന്ന പ്രിയതമന് താങ്ങും തണലുമായി നല്ലൊരു പെണ്‍തുണ തീര്‍ത്തു ഖദീജ. ഇബ്‌റാഹീമൊഴികെ, മുഹമ്മദിന്റെ മുഴുവന്‍ മക്കള്‍ക്കും മാതാവായിരുന്നു അവര്‍; നബിയുടെ വീട്ടില്‍ വളര്‍ന്ന അലിക്കും സെയ്ദിനും സ്‌നേഹമയിയായ ഉമ്മയായി. പ്രവാചകനെ പിന്തുടര്‍ന്ന മുഴുവന്‍ വിശ്വാസികള്‍ക്കും കൃപാമയിയായ പോറ്റമ്മയായി; പ്രവാചകന് കരുത്തായിനിന്ന സുഹൃത്തും സ്‌നേഹം ചൊരിഞ്ഞ ധര്‍മദാരവുമായി.
അസദ് ഗോത്രത്തിലെ ഖുവൈലിദിന്റെ പുത്രി നാല്പതുകാരി ഖദീജയെ ഹാഷിം വംശജനായ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദ് വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം ഇരുപത്തി അഞ്ചോടടുത്ത്. നിറയൗവനത്തിന്റെ പൂക്കാലമണഞ്ഞ, ചുറുചുറുക്കും പൗരുഷവും കരുത്തും തിളച്ചു നില്‍ക്കുന്ന പ്രായം. അമ്പതു കഴിയുന്നതുവരെ സുദീര്‍ഘമായ ഇരുപത്തിയഞ്ചുവര്‍ഷം ഖദീജ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ധര്‍മപത്‌നി. അറബികള്‍ക്കിടയില്‍ വ്യാപകമായി ബഹുഭാര്യത്വം നിലനിന്നിരുന്ന കാലം കൂടിയാണത്.
ജീവിച്ചിരുന്നപ്പോഴും മരണമടഞ്ഞതിനുശേഷവും ഖദീജയെ നബി ഗാഢമായി സ്‌നേഹിച്ചു. അവരെക്കുറിച്ച് എന്തെങ്കിലും കറുത്ത വാക്ക് ആര് പറയുന്നതും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. നബിയുടെ മനസ്സിലേക്ക് ഇടക്കിടെ തികട്ടിവന്ന ഖദീജാ സ്മൃതികള്‍ അദ്ദേഹത്തിന്റെ നാവിലൂടെ പുറത്തുവന്നത്, പ്രായക്കുറവിന്റെ അറിവില്ലായ്മകൊണ്ടാകാം ആയിശക്ക് അത്ര പിടിച്ചില്ല. ഖദീജയുടെ കരുണാവാത്സല്യങ്ങള്‍ നേരിട്ടനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ആയിശ തന്റെ നീരസം ഒരിക്കല്‍ തുറന്നറിയിച്ചു. നബിയുടെ പ്രതികരണം അവര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ആയിരം മടങ്ങ് കഠിനമായിരുന്നു. പിന്നീടൊരിക്കലും ഖദീജയെക്കുറിച്ച് മോശമായ ഒരു പരാമര്‍ശവും ആയിശ നടത്തിയിട്ടില്ലെന്ന് മറ്റൊരവസരത്തില്‍ നമുക്ക് പറഞ്ഞുതരുന്നത് ആയിശ തന്നെയാണ്.
ഖദീജയുമൊത്ത് ജീവിച്ച വര്‍ഷങ്ങളിലെ ഓര്‍മകളുടെ നിബിഡതയില്‍ പ്രവാചകന്റെ കണ്ണുകളില്‍ ലവണമൂറി. തന്റെ ഇന്നലെകളിലെ നടപ്പാതകളില്ലാത്ത മണല്‍പ്പരപ്പ് താണ്ടുന്നതിനുവേണ്ടി സഹായമൊരുക്കാന്‍ അനസൂയ വിശുദ്ധയായ വിശ്വാസികളുടെ ആ മാതാവ് അനുഭവിച്ച ക്ലേശങ്ങള്‍ നബി ആ നിമിഷം ഓര്‍ത്തുകാണണം.
അവര്‍ ജന്മം നല്‍കിയ നാലു പെണ്‍മക്കള്‍ക്ക് ആ വേര്‍പാട് നികത്താനാവാത്ത നഷ്ടം തന്നെ. ഒരു പുരുഷായുസ്സിന്റെ മുഴുവന്‍ സഹനമറിഞ്ഞ അവരുടെ സ്‌നേഹനിധിയായ പിതാവിന്റെ ബലിഷ്ഠമായ തോളുകളില്‍ മക്കൾ ആ വേദന ഇറക്കിവച്ചു.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.