ചരിത്രാസ്വാദനം
സമന്വയം
പകയുടെ നെരിപ്പോട് കെടാതെ നോക്കാന്‍ കുറയ്ഷ് പാടുപെട്ട മൂന്ന് വര്‍ഷങ്ങള്‍ മൂന്ന് നൂറ്റാണ്ടിന്റെ ആലസ്യത്തോടെ കടന്നുപോയി. ബഹിഷ്‌കൃതരായ ഹാഷിം മുത്തലിബ് ഗോത്രങ്ങള്‍ക്കു മാത്രമായിരുന്നില്ല മൂന്ന് വര്‍ഷത്തിനിടെ കൊഴിഞ്ഞുവീണ കാലം സങ്കുലതകള്‍ സമ്മാനിച്ചത്. ബഹിഷ്‌കരണം പ്രഖ്യാപിച്ച കുറയ്ഷ് തന്നെയും തങ്ങളുടെ കൂട്ടത്തിലെ അവിവേകികളും ദുര്‍വാശിക്കാരുമായ ചിലരുടെ ചെയ്തികളില്‍ മൗനദുഃഖം ഏറ്റുവാങ്ങി.
ഇത്രകാലത്തെ ബഹിഷ്‌കരണംകൊണ്ട് കുറയ്ഷ് എന്തു നേടി? മുഹമ്മദിനെയും അദ്ദേഹത്തിന്റെ മതത്തെയും കുറിച്ച് അറേബ്യയിലുടനീളം ചര്‍ച്ചകളുണ്ടായതോ? സ്വന്തം പിതൃവ്യപുത്രന്മാരിലെ വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും നല്‍കാത്ത കഠിനഹൃദയരാണ് കുറയ്ഷ് എന്ന ധാരണ വിദൂരദിക്കുകളില്‍ പരന്നതോ?
കുറയ്ഷികള്‍ക്കിടയില്‍ നിന്നുതന്നെ ഇത്തരം ഒരു ചിന്ത ഉണ്ടായിവരാന്‍ ന്യായമായ കാരണങ്ങളുണ്ടായിട്ടുണ്ട്. ഉപരോധം കൊണ്ട് അവര്‍ പ്രതീക്ഷിച്ച തരത്തില്‍ ഒരു ഫലവും ഉണ്ടായില്ലെന്നതവിടെ ഇരിക്കട്ടെ, തങ്ങള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്നതും ഉണ്ടാകാന്‍ ആഗ്രഹിക്കാത്തതുമായ ഫലങ്ങളാണ് അത് സമ്മാനിച്ചത്. പ്രവാചകനും ദൗത്യവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പുതിയ മതത്തെക്കുറിച്ച് അറേബ്യയിലുടനീളം വ്യാപകമായ വിചാരവിമര്‍ശങ്ങള്‍ നടന്നു. ദൂരദിക്കുകളില്‍ വരെ ഇസ്‌ലാം അനുരണനങ്ങള്‍ സൃഷ്ടിച്ചു; ഇതെല്ലാമായിരുന്നു മൂന്ന് വര്‍ഷത്തെ ഉപരോധത്തിന്റെ നീക്കിബാക്കി.
ഹാഷിമികളുമായി അടുത്ത കുടുംബബന്ധമുണ്ടായിരുന്നവര്‍ക്ക് കടുത്ത മനസ്താപമുണ്ടായി. അവരുടെയെല്ലാം മനസ്സില്‍ മാറിച്ചിന്തയുടെ നാമ്പുകള്‍ തലകാട്ടി. ഉപരോധത്തിനെതിരില്‍ ഒറ്റപ്പെട്ടതെങ്കിലും ഉറച്ച കാല്‍വെപ്പുകള്‍ നടത്തിയത് ഹിഷാം തന്നെയായിരുന്നു. ഓര്‍മയില്ലേ, ആമിര്‍ ഗോത്രത്തിലെ അംറിന്റെ പുത്രന്‍ ഹിഷാമിനെ? രാവിന്റെ മറപറ്റി ഒരൊട്ടകത്തിന് വഹിക്കാവുന്നത്ര ഭക്ഷണപദാര്‍ഥങ്ങളും തുണിത്തരങ്ങളും പലവ്യഞ്ജനങ്ങളുമായി അബൂതാലിബ് ചെരുവിലേക്ക് ഒട്ടകത്തെ കയറൂരിവിട്ട് ലോലങ്ങളായ തന്റെ നരഭാവദളങ്ങളെ ലോകത്തിന് കാണിച്ചുകൊടുത്ത ഹിഷാമിനെ? ഹിഷാമിന്നറിയാം, തനിക്ക് ഒറ്റക്ക് ഉപരോധത്തിനെതിരെ ഒന്നും ചെയ്യാനാവില്ലെന്ന്. അങ്ങിനെയാണയാൾ പ്രവാചകന്റെ അമ്മായി ആതിക്കയുടെ രണ്ടു പുത്രന്മാരിലൊരാളായ മഖ്‌സൂം വംശജന്‍ സുഹൈറിനെ സമീപിക്കുന്നത്.
”സ്വന്തം ഉമ്മയുടെ ബന്ധുക്കള്‍ എന്തുമാത്രം വേദനതിന്നാണ് അബൂത്വാലിബ് ചെരുവില്‍ കഴിഞ്ഞുകൂടുന്നതെന്ന് നന്നായറിഞ്ഞുകൊണ്ട് താങ്കള്‍ക്കെങ്ങനെയാണ് സംതൃപ്തിയോടെ ഭക്ഷിക്കാനും ഉടുക്കാനും വിവാഹം നടത്താനുമാകുന്നത്?” ഹിഷാം സുഹൈറിനോടു ചോദിച്ചു, “നോക്കൂ സുഹൃത്തേ, അവര്‍ അവിടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നില്ല, വിവാഹം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുന്നില്ല; ദൈവത്തെപ്പിടിച്ച് സത്യം ചെയ്യട്ടെ, അബുല്‍ ഹകം(അബൂജഹ്ൽ)ന്റെ ഉമ്മയുടെ ബന്ധുക്കളായിരുന്നു ഇവരെന്നിരിക്കട്ടെ, എന്നിട്ട് താങ്കള്‍ അവര്‍ക്കെതിരില്‍ ഒരു ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുകയുമാണ് എന്ന് സങ്കല്‍പ്പിക്കുക. ഫലം എന്താകുമായിരുന്നു? അയാള്‍ താങ്കളെ അനുസരിക്കുമായിരുന്നുവോ?”
ഹിഷാമിന്റെ വാക്കുകള്‍ നിശ്ശബ്ദം കേട്ടുനിന്ന സുഹൈര്‍ പറഞ്ഞു, ”താങ്കൾ ഗുണം പിടിക്കാതിരിക്കട്ടെ ഹിഷാം.” തെല്ലിട നിര്‍ത്തി അയാൾ തുടര്‍ന്നു, ”എനിക്കൊറ്റക്ക് എന്തു ചെയ്യാനാകുമെന്നാണ് താങ്കള്‍ കരുതുന്നത്? ഒരാളെങ്കിലും എന്നെ സഹായിക്കാന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഞാനാ നശിച്ച തിട്ടൂരം കീറിയെറിയുമായിരുന്നു.”
ഹിഷാമിന്റെ മനസ്സില്‍ പ്രതീക്ഷയുടെ മൊട്ട് കണ്‍തുറന്നു. അയാൾ പറഞ്ഞു, ”താങ്കള്‍ക്ക് സഹായിയായി ഞാനൊരാളെ കണ്ടെത്തിയിരിക്കുന്നു.”
”ആരാണത്?” സുഹൈര്‍ ആകാംക്ഷയോടെ ആരാഞ്ഞു.
”ഈ ഞാന്‍ തന്നെ.” – ഹിഷാം.
സുഹൈര്‍ ചിരിച്ചു, ”എങ്കില്‍ മൂന്നാമതൊരാളെ കണ്ടെത്തൂ.”
ഹിഷാം അവിടെ നിന്നിറങ്ങി നടന്നത് അദിയ്യിന്റെ പുത്രന്‍ മുത്ഇമിന്റെ വീട്ടിലേക്കായിരുന്നു. ഹാഷിമിന്റെയും മുത്തലിബിന്റെയും സഹോദരനായിരുന്ന നൗഫലിന്റെ പൗത്രനാണ് മുത്ഇം.
”കുറയ്ശികളുടെ ചെയ്തികളെ അംഗീകരിക്കുന്ന താങ്കളുടെ നിലപാടുകൊണ്ട് അബ്ദുമനാഫ് വംശം തകര്‍ന്നമരുകയാണെന്ന് താങ്കള്‍ക്കറിയാമോ? എന്നു മുതല്‍ക്കാണ് അവരുടെ തകര്‍ച്ച താങ്കള്‍ക്കിത്ര പ്രിയങ്കരമായിത്തീര്‍ന്നത്? ഇനി താങ്കള്‍ അവരുടെ തകര്‍ച്ച ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇപ്പോഴല്ലാതെ എപ്പോഴാണ് താങ്കള്‍ അവരുടെ രക്ഷക്കായി രംഗത്തിറങ്ങുക?”
മനസ്സാക്ഷിയുടെ കുറ്റപ്പെടുത്തലിൽ നീറുകയായിരുന്ന മുത്ഇമിന്റെ മനസ്സ് ശുഭപ്രതീക്ഷയുടെ പുതിയ തളിര്‍ച്ചില്ലകള്‍ കണ്ട് കുളിര്‍ത്തു. നാലാമതൊരാളെ കണ്ടെത്താൻ അയാൾ ആവശ്യപ്പെട്ടു. ഹിഷാം നേരെ അസദ് ഗോത്രജനായ അബുല്‍ ബഖ്തരിയുടെ അടുത്തെത്തി. അദ്ദേഹവും ബന്ധു ഹകീമും ചേര്‍ന്ന് അന്നൊരു ദിവസം അബൂജഹ്‌ലിന് വയറുനിറച്ചുകൊടുത്തത് നാട്ടില്‍ പാട്ടാണ്. നിര്‍ദ്ദേശം അബുല്‍ ബഖ്തരിക്ക് നന്നേ പിടിച്ചു. ഹിഷാമിന്റെ ശ്രമം വിജയം കാണുമെന്നു തോന്നുന്നു. അഞ്ചാമതൊരാള്‍കൂടി ഉപരോധവിരുദ്ധ കൂട്ടുകെട്ടില്‍ ചേര്‍ന്നു, അസദ് ഗോത്രത്തിലെ തന്നെ അസ്‌വദിന്റെ പുത്രന്‍ സംഅഃ. അയാൾ ആറാമതൊരാളെ അന്വേഷിച്ചതുമില്ല. ആ രാത്രി അവര്‍ മക്കയുടെ പ്രാന്തത്തിലുള്ള ഹജൂനില്‍ ഒത്തുകൂടി. അഭിശപ്തമായ ആ ബഹിഷ്‌കരണരേഖയുടെ ഒരംശവും അവശേഷിക്കാത്തവിധം ദുര്‍ബലമാക്കാനുതകുന്ന ഒരു പദ്ധതിക്ക് അവര്‍ രൂപം നല്‍കി.
”ഞാനാണിക്കാര്യത്തില്‍ ഏറ്റവും ബന്ധപ്പെട്ട വ്യക്തി” സുഹൈര്‍ പറഞ്ഞു,
”അതുകൊണ്ട് ഞാന്‍ തന്നെയായിരിക്കും ആദ്യം സംസാരിക്കുക.”
പിറ്റേന്ന് പുലര്‍ച്ച അവര്‍ കഅ്ബയുടെ പരിസരത്തെത്തി. സൊറ പറഞ്ഞിരിക്കുന്ന കുറയ്ഷിക്കൂട്ടത്തിലേക്ക് സാധാരണമട്ടില്‍ അവര്‍ ചേര്‍ന്നു. നീണ്ട വസ്ത്രമണിഞ്ഞെത്തിയ സുഹൈര്‍ ഏഴുപ്രാവശ്യം കഅ്ബയെ പ്രദക്ഷിണം ചെയ്തു. പിന്നീട് അവിടെ കൂടിയവരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു, ”മക്കക്കാരേ, കൊള്ളാനും കൊടുക്കാനുമാകാതെ ഹാഷിമികളായ നമ്മുടെ സഹോദരങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ നാം ഉണ്ണുകയും ഉടുക്കുകയും ചെയ്യുന്നതിലെ അനൗചിത്യമാലോചിച്ചുനോക്കൂ. നിന്ദ്യമാംവിധം അന്യായമായ ആ നശിച്ച രേഖ ദുര്‍ബലപ്പെടുത്തിയല്ലാതെ ഞാന്‍ അടങ്ങിയിരിക്കുകയില്ല.”
”നുണ! ശുദ്ധ നുണ. ആ രേഖ നിങ്ങള്‍ക്ക് പിച്ചിച്ചീന്താനാവില്ല.” ഭ്രാന്തമായ അംഗചലനങ്ങളോടെ അബൂജഹ്ൽ അലറി.
”നീയാണ് നുണയന്‍” സംഅഃയുടെ പ്രതികരണം അബൂ ജഹ്ൽ പ്രതീക്ഷിച്ചതേയില്ല.
”അതെഴുതിയുണ്ടാക്കിയ സന്ദര്‍ഭത്തില്‍ തന്നെ ഞങ്ങളതിന് അനുകൂലമായിരുന്നില്ല.”
അയാൾ പറഞ്ഞുനിര്‍ത്തി.
”സംഅഃ പറഞ്ഞതാണ് ശരി,” അബൂജഹ്ൽ വീണ്ടും ഞെട്ടി, അയാള്‍ തിരിഞ്ഞുനോക്കി, തന്നെ അന്നൊരിക്കല്‍ അടിച്ചു വശംകെടുത്തിയ അബുല്‍ ബഖ്തരിയാണ്, ”അതിലെഴുതിയതിനോട് ഞങ്ങള്‍ക്കാര്‍ക്കും ഒരു യോജിപ്പുമില്ല. അത് നടപ്പിലാക്കേണ്ട ബാധ്യതയും ഞങ്ങള്‍ക്കില്ല” അയാൾ പറഞ്ഞു.
”ഇവര്‍ രണ്ടുപേരും പറഞ്ഞതാണ് ശരി.” മുത്ഇമാണത് പറഞ്ഞത്, ”ശരിയല്ല എന്നു പറഞ്ഞയാള്‍ നുണയനാണ്. ആ രേഖയുമായും അതിലെഴുതിയതുമായും ഞങ്ങള്‍ക്കൊരു ബന്ധവുമില്ലെന്ന് ദൈവം സാക്ഷി.”
ഹിഷാമും അങ്ങനെത്തന്നെ പറഞ്ഞു. ഓർക്കാപ്പുറത്തുണ്ടായ ആഘാതത്തില്‍ നിന്ന് മുക്തിനേടാനായി ഒരിടര്‍ച്ചയോടെ അബൂജഹ്ൽ പറഞ്ഞു, ”രായ്ക്കുരാമാനം നിങ്ങളൊരു ഗൂഢപദ്ധതിയാവിഷ്‌കരിച്ചതാണ്.” അയാളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. ഇത് കേട്ടപ്പോള്‍ മുത്ഇമിന്ന് നില്‍പ്പുറച്ചില്ല. അയാൾ നൊടിയിടയില്‍ കഅബക്കത്തുപോയി ഒരു നുരുമ്പിയ തോല്‍ക്കടലാസുമായി തിരിച്ചെത്തി. ലിഖിത രേഖയെ ചിതല്‍ തിന്നുകഴിഞ്ഞിരുന്നു. ”ദൈവമേ, നിന്റെ പേരില്‍…” എന്ന ഏറ്റവും മുകളിലെ വാചകമല്ലാതെ ഒന്നും കാണാനുണ്ടായിരുന്നില്ല.
കുറയ്ഷ് മനസ്സുകൊണ്ട് ഇത്തരമൊരു തീരുമാനം വളരെ മുമ്പുതന്നെ എടുത്തുകഴിഞ്ഞിരുന്നു. ഇപ്പോള്‍, സന്ദര്‍ഭം ഒത്തുചേര്‍ന്നപ്പോള്‍ അവരൊന്നടങ്കം ബഹിഷ്കരണം നീട്ടിക്കൊണ്ടുപോകുന്നതിനെ തുറന്നെതിര്‍ത്തു. അബൂജഹ്‌ലും നാലേനാലുപേരും മാത്രമേ ഉപരോധത്തെ ഇപ്പോഴും പിന്തുണക്കുന്നുള്ളൂ. എതിര്‍പ്പിന്റെ കൊടുങ്കാറ്റില്‍ പുല്‍ക്കൊടിപോലെ അവരുടെ മനം വിറച്ചു. മഹത്തായ പൗരാണികതയെ തുപ്പിത്തെറിപ്പിക്കുന്ന കാലത്തിന്റെ കാട്ടിക്കൂട്ടലുകളോര്‍ത്ത് അവര്‍ മിണ്ടാതെ നിന്നു. അങ്ങനെ അവസാനം ബഹിഷ്കരണത്തിട്ടൂരം ദുര്‍ബലമായി.
മക്കക്കാരുടെ മനസ്സിലൂടെ ആശ്വാസത്തിന്റെ കുഞ്ഞോളങ്ങള്‍ തുളുമ്പി നീങ്ങി. ബഹിഷ്‌കരണ രേഖ നുരുമ്പി ദുര്‍ബലമായിത്തീര്‍ന്ന നിമിഷം കുറയ്ഷിന്റെ മുസ്‌ലിംകളോടുള്ള ശത്രുതയുടെ കടലിറക്കം തുടങ്ങി. മുസ്‌ലിങ്ങള്‍ സന്തുഷ്ടരായി. വാര്‍ത്ത കാറ്റിലേറി അബിസീനിയയിലെത്തിയപ്പോള്‍ ഇല്ലാക്കഥകളുടെ വായുനിറഞ്ഞ് വീര്‍ത്ത് ചീര്‍ത്ത് കനംവെച്ചിരുന്നു. ഉമര്‍ മുസ്‌ലിമായതും രേഖ പിന്‍വലിക്കാന്‍ കുറയ്ഷ് നിര്‍ബദ്ധരായതുമെല്ലാം ആവശ്യത്തില്‍ക്കവിഞ്ഞ ചേരുവകള്‍ ചേര്‍ത്ത് അവര്‍ കൂട്ടിവായിച്ചു.
”അപ്പോള്‍, നമ്മുടെ പ്രവാസ ജീവിതത്തിന്നറുതിയായി” അവര്‍ ആശ്വാസത്തോടെ തങ്ങളിൽതങ്ങളിൽ പറഞ്ഞു. സന്തോഷം പങ്കുവെച്ചു. ഉറ്റവരെ വിട്ട് കദനം തൂങ്ങുന്ന മനസ്സുമായി ഇനിയും പരദേശത്ത് ജീവിക്കേണ്ടിവരില്ലല്ലോ. ജന്മനാട്ടില്‍ ഉടന്‍ തിരിച്ചെത്താന്‍ തങ്ങളുടെ ഗൃഹാതുരത്വം അവരെ നിര്‍ബ്ബന്ധിച്ചു. ജഅ്ഫറിനും മറ്റുചിലര്‍ക്കും മക്കയിലെ പരിതസ്ഥിതി അത്രമാത്രം അനുകൂലമായിത്തീര്‍ന്നുവെന്ന് എന്തുകൊണ്ടോ വിശ്വസിക്കാനായില്ല. അവര്‍ അവിടെത്തന്നെ കുറച്ചുകാലം കൂടി തങ്ങും.
മക്കയില്‍, ബഹിഷ്‌കരണ രേഖ ദുര്‍ബലപ്പെടുത്താന്‍ അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് കുറയ്ഷ് ഇപ്പോള്‍ തങ്ങളുമായി ഒരു സമന്വയത്തിന്റെ പാത സ്വീകരിക്കാന്‍ നബിയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വലീദ് അടക്കമുള്ള പ്രമുഖര്‍ മുമ്പോട്ടുവെച്ച
നിര്‍ദ്ദേശപ്രകാരം മക്കയിലുള്ളവരെല്ലാം രണ്ടു മതങ്ങളെയും പിന്തുടരണം. അതാണ് നിർദ്ദേശം. പ്രവാചകന്‍ ഇടപെട്ട് എന്തെങ്കിലും പറയുന്നതിനുമുമ്പ് മിന്നല്‍പ്പിണര്‍പോലെ ആകാശം ഭേദിച്ച് വന്നെത്തിയ ദിവ്യവെളിപാട് പ്രശ്‌നത്തില്‍ അന്തിമവും നിര്‍ണായകവുമായ തീരുമാനം പ്രഖ്യാപിച്ചു.
”അവിശ്വാസികളേ, നിങ്ങളാരാധിക്കുന്നത് ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല. നിങ്ങളാരാധിച്ചതിനെ ആരാധിക്കുന്നവനല്ല ഞാന്‍. ഞാനാരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്കെന്റെ മതം.”
മക്കയില്‍ നിലവില്‍ വന്നുവെന്ന് കുറയ്ഷ് കരുതിയ സൗഹൃദം അങ്ങനെ നൈമിഷികമായിത്തീര്‍ന്നു. ആ അന്തരീക്ഷം വന്നതുപോലെ പിന്‍വലിഞ്ഞു. സൗഹൃദത്തിന്റെ ധവള നിലാവ് കുടിച്ച് സുന്ദരിയായ മക്കാ മരുഭൂമിയെ കാണാന്‍ തിടുക്കപ്പെട്ടെത്തിയിരിക്കുകയാണ് അബിസീനിയയിലേക്കു പലായനം ചെയ്ത മുസ്‌ലിങ്ങള്‍.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.