നബിചരിത്രത്തിന്റെ ഓരത്ത് -34

//നബിചരിത്രത്തിന്റെ ഓരത്ത് -34
//നബിചരിത്രത്തിന്റെ ഓരത്ത് -34
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -34

ചരിത്രാസ്വാദനം

നേഗസ്

മക്കയിൽ നിന്ന് പലായകരായെത്തിവർ ഓരോരുത്തരായി ദര്‍ബാറിൽ പ്രവേശിച്ചുകഴിഞ്ഞു. ഓരോരുത്തരുടെയും ഹൃദയമിടിപ്പ് തെളിഞ്ഞു കേൾക്കാവുന്ന നിശ്ശബ്ദത സദസ്സിനെ ചൂഴ്ന്നുനിന്നു. സംഘനേതാവ് ജഅ്ഫർ ബിൻ അബൂതാലിബിന്റെ നിരീക്ഷണാർത്ഥം ഉഴറിനടന്ന കണ്ണുകൾ കുറയ്ഷി പ്രതിനിധി ആസ്വ് മകൻ അംറിന്റേതുമായി ഉടക്കി. കൂടെവന്ന അബ്ദുല്ലയെയും കണ്ടു. ജഅ്ഫർ തൊട്ടടുത്ത് നിന്ന ഉസ്മാൻ ബിൻ മദ്ഊന്റെ ചെവിയിൽ അടക്കം പറഞ്ഞു,
“നമ്മുടെ ആൾക്കാർ നമ്മെക്കുറിച്ച് രാജാവിനോട് ദുഷിച്ച് സംസാരിച്ചു എന്ന് തോന്നുന്നു.”

“തീർച്ചയായും, അവർ ദുർമന്ത്രണം നടത്തിയിട്ടുണ്ട്, ഇനിയിപ്പോൾ നാം രാജാവിനോടെടെന്തു പറയും?” – ഉസ്മാൻ സംശയമുന്നയിച്ചു.

“എന്താണോ പ്രവാചകൻ നമ്മെ പഠിപ്പിച്ചത്, അതുതന്നെ പറയും, വരുന്നത് വരട്ടെ.” – ജഅ്ഫറിന്റെ ശബ്ദം വളരെ താഴ്ന്നതാണെങ്കിലും അതിൽ വിപദ്ഭയം ഒട്ടുമില്ല എന്ന് ഉസ്മാൻ അറിഞ്ഞു. അയാൾ എന്തോ പറയാനാഞ്ഞെങ്കിലും രാജാവിന്റെ ഊഷ്മളമായ സ്വാഗതവാക്യം ആ സംഭാഷണം മുറിച്ചു,
“മുഹമ്മദിന്റെ സഹചരേ, മുന്നോട്ട് വരൂ.”
അവർ മുമ്പോട്ട് കേറിനിന്നു.

വിഷാദത്തിന്റെ തണുപ്പും സ്നേഹത്തിന്റെ ശോഭയുമുള്ള ചെറുചിരിയാൽ അവരെ നോക്കി നേഗസ് സംസാരിച്ചുതുടങ്ങി, ”നിങ്ങളുടെ സ്വന്തം മതം പരിത്യജിക്കാനും നമ്മുടെ മതമോ മറ്റേതെങ്കിലും മതമോ സ്വീകരിക്കാതിരിക്കാനും നിങ്ങളെ പ്രേരിപ്പിച്ച മതമേത്?”

“പറയാം, അതിനു മുൻപ് അങ്ങയുടെ ദർബാറിൽ ഉപസ്ഥിതരായിട്ടുള്ള ഞങ്ങളുടെ നാട്ടുകാരായ രണ്ട് പേരോട് ചിലത് ചോദിക്കാമോ രാജൻ?”- ആമുഖമെന്നോണം ജഅ്ഫർ നേഗസിനോട് ചോദിച്ചു.

“തീർച്ചയായും.” ജഅ്ഫറിന്റെ ആത്മവിശ്വാസം കനക്കുന്ന ശബ്ദത്തിൽ മതിപ്പുണ്ടായപോലെ രാജാവ് അനുവാദം നൽകി.

“ഉടമയിൽനിന്ന് ഓടിപ്പോന്ന അടിമകളാണോ ഞങ്ങൾ?” അംറിനെ നോക്കി ജഅ്ഫർ ചോദിച്ചു.

“അല്ല, ഇവർ ആരുടെയും അടിമകളല്ല. സ്വതന്ത്രരും മാന്യരുമാണ്.” – അംറ് നേഗസിനെ നോക്കി പറഞ്ഞു.

“ഞങ്ങൾ ആരെയെങ്കിലും അന്യായമായി കൊന്നിട്ടുണ്ടോ? എങ്കിൽ രാജാവിന് ഞങ്ങളെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കൈമാറാം.”- ജഅ്ഫർ.

“ഇല്ല, ഇവർ ഒരു തുള്ളി രക്തംപോലും ചിന്തിയിട്ടില്ല.” – അംറ്.

“ഞങ്ങൾ ആരുടെയെങ്കിലും ധനം കവർന്ന് ഓടിപ്പോന്നതാണോ? എങ്കിൽ അത് തിരിച്ചടക്കാൻ ഞങ്ങളൊരുക്കമാണ്.” – ജഅ്ഫർ.

“അല്ല. അവർക്ക് ബാധ്യതയായി ഒരാളുടെയും ഒരുമണി ധാന്യം പോലുമില്ല.”

മുസ്‌ലിംകൾ ആരാണെന്നും അവരുടെ ധാർമ്മിക നിലവാരം എന്താണെന്നും രാജസദസ്സിലുള്ളവരെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ അന്യോന്യത്തിന്റെ ലക്ഷ്യം. തുടർന്ന് ജഅ്ഫർ രാജാവിന്റെ ചോദ്യത്തിനുള്ള മറുപടിയിലേക്ക് പ്രവേശിച്ചു. മരുഭൂമിയിലൂടെ പരക്കുന്ന നറുനിലാവായും കാനനത്തിലൂടെ ഒഴുകുന്ന തെളിനീരരുവിയായും മാറിമാറി രാജസദസ്സിനനുഭവപ്പെട്ട ആ വാഗ്പ്രവാഹത്തിലേക്ക്:

”മഹാരാജാവേ, വിഗ്രഹങ്ങളെ ആരാധിച്ചും ശവം തിന്നും അരുതായ്മകളില്‍ മുഴുകിയും കുടുംബബന്ധങ്ങളറുത്തും അയൽക്കാരനെ ദ്രോഹിച്ചും ബലവാന്‍ ബലമില്ലാത്തവനെ ചൂഷണം ചെയ്തും കാലംകഴിച്ച അജ്ഞതയുടെ സ്വന്തം ആളുകളായിരുന്നു ഞങ്ങൾ. അല്ലാഹു ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ ഞങ്ങളില്‍നിയോഗിക്കുന്നതുവരെ അങ്ങനെതന്നെയായിരുന്നു. അദ്ദേഹത്തിന്റെ കുലീനതയെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും വിശുദ്ധിയെക്കുറിച്ചും ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അദ്ദേഹം ഞങ്ങളെ അല്ലാഹുവിലേക്ക് വിളിച്ചു. ഞങ്ങളവന്റെ ഏകത്വത്തിന് സാക്ഷികളാകണമെന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നും അവനെക്കൂടാതെ ഞങ്ങളുടെ പിതൃക്കൾ ആരാധിച്ചിരുന്ന ശിലാബിംബങ്ങളെ പരിത്യജിക്കണമെന്നും ഞങ്ങളോടാവശ്യപ്പെട്ടു. സത്യംപറയുക, വാക്കുപാലിക്കുക, സ്വന്തബന്ധങ്ങളെ ചേർത്തുനിർത്തുക, അയലത്ത് നന്മചെയ്യുക, രക്തംചിന്താതിരിക്കുക, നീചവേലകളിൽ നിന്നകന്നുനിൽക്കുക, ചതിവാക്യങ്ങളരുത്, അനാഥയുടെ മുതൽ അകത്താക്കരുത്, പതിവ്രതകൾക്കെതിരെ അപവാദങ്ങളരുത്. ഇങ്ങനെയെല്ലാം ഞങ്ങളോടദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ, ഞങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവനിലൊന്നിനെയും പങ്കുചേർക്കാതിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നമസ്കാരവും ദാനവും നോമ്പും അനുഷ്ഠിക്കാൻ കല്പിച്ചു.

“ഞങ്ങളദ്ദേഹത്തെ സത്യവാനായി അംഗീകരിച്ചു, അദ്ദേഹത്തിൽ വിശ്വസിച്ചു, അല്ലാഹുവിന്റെ ദീനായി അദ്ദേഹം കൊണ്ടുവന്നത് ഞങ്ങൾ പിൻപറ്റി. അല്ലാഹുവിനെ മാത്രം ആരാധിച്ചു, ഒന്നിനെയും പങ്കുചേർത്തില്ല. അദ്ദേഹം വിലക്കിയതിനെ ഞങ്ങളും വിലക്കി, അദ്ദേഹം അനുവദനീയമാക്കിയതിനെ ഞങ്ങളും അനുവദനീയമാക്കി.” ഇസ്‌ലാമിന്റെ പഠിപ്പിക്കലുകൾ ഇവ്വിധം ഒരോന്നോരോന്നായി എണ്ണിയ ശേഷം ജഅ്ഫർ തുടർന്നു,

“അതോടെ ഞങ്ങളുടെയാളുകള്‍ ഞങ്ങളുടെ ശത്രുക്കളായി, ഞങ്ങളെ ദ്രോഹിച്ചു, പവിത്രധര്‍മത്തെ വലിച്ചെറിയണമെന്നും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതില്‍നിന്നുള്ള തിരിഞ്ഞുനടത്തത്തിലൂടെ വിഗ്രഹങ്ങളെ ആരാധിക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ ഞങ്ങളെ ഇടതടവില്ലാതെ പീഡിപ്പിച്ചു. ഞങ്ങളൊഴിവാക്കിയ നീചവൃത്തികൾ വീണ്ടും ചെയ്യണമെന്നാവശ്യപ്പെട്ടു. അവർ ഞങ്ങളെ കീഴൊതുക്കുകയും അക്രമിക്കുകയും എടങ്ങേറാക്കുകയും ചെയ്ത്, ഞങ്ങൾക്കും ഞങ്ങളുടെ മതത്തിനുമിടയിൽ വിലങ്ങുനിന്നപ്പോഴാണ് ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്ക് പോന്നത്. മറ്റാരെക്കാളും ഞങ്ങള്‍ തെരഞ്ഞെടുത്തത് അങ്ങയെയാണ്. ഞങ്ങളങ്ങയുടെ ചാരെ ഒരിടം കൊതിക്കുന്നു. തിരുമനസ്സേ, അങ്ങയുടെയടുക്കല്‍ ഞങ്ങള്‍ അത്യാചാരങ്ങള്‍ക്ക് വിധേയരാവുകയില്ലെന്നാഗ്രഹിക്കട്ടെ.”

നിര്‍ഗളമൊഴുകിയ ജഅ്ഫറിന്റെ വാക്കുകൾ കൊട്ടാരപരിഭാഷകന്‍ അതേപടി ചക്രവര്‍ത്തിക്ക് ഭാഷാന്തരം ചെയ്തുകൊടുത്തു. തുടര്‍ന്ന് നേഗസ്, അല്ലാഹുവിന്റെ അടുക്കല്‍നിന്ന് അവരുടെ പ്രവാചകന് ലഭിച്ച വെളിപാടുകളിലേതെങ്കിലും തന്നെ ചൊല്ലിക്കേള്‍പ്പിക്കുമോ എന്നാരാഞ്ഞു. മുസ്‌ലിം സംഘം അബിസീനിയയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പവതരിച്ച സൂറ: മര്‍യമിലെ പതിനാറു മുതല്‍ ഇരുപതുവരെ സൂക്തങ്ങള്‍ ജഅ്ഫര്‍ ഈണത്തിലോതി.

”വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ളവ പറഞ്ഞുകൊടുക്കുക. വീട്ടുകാരില്‍ നിന്നകന്ന് കിഴക്കുഭാഗത്തൊരിടത്തേക്ക് അവള്‍ മാറിത്താമസിച്ചു. എന്നാല്‍, അവര്‍ കാണാതിരിക്കാനായി അവള്‍ മറയുണ്ടാക്കി. അപ്പോള്‍ നാം നമ്മുടെ ആത്മാവിനെ -ജിബ്രാഈലിനെ- അവളുടെ അടുത്തേക്കയച്ചു. അദ്ദേഹം അവളുടെ മുമ്പില്‍ ലക്ഷണമൊത്ത മനുഷ്യനായി പ്രത്യക്ഷപ്പെട്ടു. ‘വിശുദ്ധനായ ഒരാണ്‍കുഞ്ഞിനെ നിങ്ങള്‍ക്ക് ദാനം നല്‍കുന്നതിനായി നിങ്ങളുടെ രക്ഷിതാവയച്ച ദൂതന്‍മാത്രം ഞാന്‍’ എന്ന് ജിബ്രാഈല്‍ അവളോട് പറഞ്ഞു. ‘എനിക്കെങ്ങനെ ഒരു കുഞ്ഞുണ്ടാകും? പുരുഷനൊരുത്തനും എന്നെ സ്പര്‍ശിച്ചില്ലല്ലോ?’ അവള്‍ ചോദിച്ചു. ‘ഞാനൊരു ദുര്‍വൃത്തയുമല്ല.’ അദ്ദേഹം പറഞ്ഞു, ‘അതങ്ങനെയാണ്. അത് തനിക്ക് വളരെ നിസ്സാരമാണെന്ന് നിങ്ങളുടെ നാഥന്‍ അരുളിയിരിക്കുന്നു. അവനെ മനുഷ്യര്‍ക്കൊരടയാളവും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവുമാക്കാന്‍ വേണ്ടി, അതാകട്ടെ തീരുമാനിക്കപ്പെട്ട കാര്യവുമാകുന്നു.”

പരിഭാഷകന്റെ ശബ്ദം നിലച്ചതും നേഗസ് വിതുമ്പി. നിമിഷാർധനേരത്തേക്ക് നിമീലിതങ്ങളായ മിഴികളിൽ നിന്ന് അശ്രുവടർന്നു. രാജസന്നിധിയിലുണ്ടായിരുന്ന മെത്രാന്മാരും വിതുമ്പി. നേഗസ് പറഞ്ഞു, ”യേശുവിന്റെ വചനങ്ങളുടെ അതേ വിളക്കിൽ നിന്നുള്ള കിരണങ്ങളാണ് ഈ വചനങ്ങളും.” പിന്നീടദ്ദേഹം രണ്ട് കുറയ്ഷി പ്രതിനിധികളോടു പറഞ്ഞു, ”നിങ്ങളിരുവരും പൊയ്‌ക്കൊള്ളുക. അവരെ നാം നിങ്ങള്‍ക്ക് വിട്ടുതരുന്നില്ല.”

കുറയ്ഷി പ്രതിനിധികള്‍ രാജസന്നിധിയില്‍ നിന്നിറങ്ങി പതുക്കെ നടന്നു, നിശ്ചലതയോളം പതുക്കെ. മലപോലെ കുമിഞ്ഞ തങ്ങളുടെ പ്രതീക്ഷകൾ കാണക്കാണെ അലിഞ്ഞില്ലാതാകുന്നതിലുള്ള വ്യാകുലത അംറിന്റെ കൂട്ടുകാരന്‍ അബ്ദുല്ലാഹ് ബിന്‍
അബൂറബീഅയുടെ വിഷാദം കൂടുകൂട്ടിയ മുഖത്തുനിന്ന് ഇപ്പോള്‍ വായിച്ചെടുക്കാം.

അംറാണ് കൂട്ടുകാരന്റെ വ്യാകുലതയകറ്റിയത്, ”നാം നാളെ വീണ്ടും രാജാവിനെ മുഖം കാണിക്കും, എന്നിട്ട് ഞാന്‍ അദ്ദേഹത്തെ ഒരുകാര്യമറീക്കും. അത്, പടര്‍ന്നുകൊണ്ടിരിക്കുന്ന ഇവരുടെ സൗഹൃദത്തിന്റെ പച്ചപ്പിനെ പിഴുതുകളയാന്‍ പോന്നതാണ്.”

കൂട്ടുകാരന്റെ കരുണയറ്റ വാക്കുകളിൽ അബ്ദുല്ല ഞെട്ടി, “പാടില്ല അംറ്, എന്തൊക്കെയായാലും അവസാനം അവർ നമ്മുടെ ബന്ധുക്കളാണ്.” – അയാൾ പറഞ്ഞു.

“മിണ്ടാതിരി അബ്ദുല്ലാഹ്. ഇവരുടെ കാലുകളെ വിറപ്പിക്കുംവിധം ഞാൻ നാളെ സംസാരിക്കും. മര്‍യമിന്റെ പുത്രന്‍ ഈസ ഒരടിമയാണ് എന്നാണ് ഇവര്‍ പറയുന്നതെന്ന് ഞാന്‍ രാജാവിനോട് പറയും.” കൂട്ടുകാരന്റെ ശാഠ്യത്തിനു മുന്നിൽ റബീഅയുടെ പുത്രൻ അബ്ദുല്ല നിശ്ശബ്ദനായി.

പിറ്റേന്ന് വെളുപ്പിന് അംറ് നേഗസിന്റെ സന്നിധിയിലെത്തി ഇങ്ങനെ പറഞ്ഞു, “തിരുമനസ്സേ, അവര്‍ മര്‍യമിന്റെ പുത്രന്‍ ഈസയെക്കുറിച്ച് ഒരു പെരുംനുണ പ്രചരിപ്പിക്കുന്നു. ഉടനെ അവരെ വിളിച്ചുവരുത്തി അന്വേഷിച്ചാലും. അവര്‍ അദ്ദേഹത്തെക്കുറിച്ച് എന്തു പറയുന്നുണ്ടെന്ന് ആരാഞ്ഞാലും.”

യേശുവിനെക്കുറിച്ച് മുസ്‌ലിങ്ങളെന്താണ് പറയുന്നതെന്നറിയാനായി ചക്രവര്‍ത്തി അവരെ വിളിക്കുന്നുണ്ടെന്ന് കൊട്ടാരത്തില്‍ നിന്ന് അവര്‍ക്ക് അറീപ്പ് കിട്ടി. അംറിന്റെ കൗശലം ഏറ്റുകഴിഞ്ഞുവെന്ന് തോന്നുന്നു. അബിസീനിയയിലെത്തിയ ശേഷം ഇത്തരമൊരവസ്ഥ അവര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. അവര്‍ കൂടിയാലോചന നടത്തി. ഈസബ്‌നു മര്‍യമിനെക്കുറിച്ച് അല്ലാഹു പറഞ്ഞത് നിസ്സങ്കോചം രാജാവിനോടു തുറന്നുപറയുകയല്ലാതെ അവരുടെ മുമ്പില്‍ മാര്‍ഗമില്ല. സത്യത്തിനും അസത്യത്തിനുമിടയിലുള്ള നിതാന്തമായ സംഘട്ടനങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. മുസ്‌ലിങ്ങള്‍ പറയുന്നതു മുഴുവന്‍ സത്യമായിരിക്കണം. അസത്യത്തിന്റെയും പുകമറയുടെയും അടിത്തറയില്‍ എന്തൊക്കെ പണിതുയര്‍ത്തിയാലും ഒരു ചെറുചലനത്തില്‍, ഭൂകമ്പത്തിൽ അംബരചുംബികളെന്നപോലെ, അവ തകര്‍ന്ന് ധൂളികളായി ഭൂമിയോടു ചേരും.

അവര്‍ വീണ്ടും രാജസന്നിധിയില്‍ പ്രവേശിച്ചു. മനോഹരമായ പുരികക്കൊടികള്‍ക്കിടയിലൂടെ രാജാവ് അവരെ നോക്കി.

”മര്‍യമിന്റെ പുത്രന്‍ യേശുവിനെക്കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളതെന്ത്?” പ്രതീക്ഷിച്ചപോലെ രാജാവിന്റെ ചോദ്യംവന്നു.

ജഅ്ഫര്‍ ബിന്‍ അബൂതാലിബിന്റെ പട്ടുനാവ് ചലിച്ചുതുടങ്ങി. അദ്ദേഹം പറഞ്ഞു, ”ഞങ്ങളുടെ പ്രവാചകന്‍ കൊണ്ടുവന്ന കാര്യങ്ങളാണ് ഞങ്ങള്‍ ഈസായെക്കുറിച്ച് പറയുന്നത്. അദ്ദേഹം അല്ലാഹുവിന്റെ ദാസനാണെന്നും അല്ലാഹുവിന്റെ ദൂതനാണെന്നും കന്യാമര്‍യമില്‍ സന്നിവേശിപ്പിക്കപ്പെട്ട ദൈവചൈതന്യവും വചനവുമാണെന്നുമാണ് ഞങ്ങളുടെ വേദം പറയുന്നത്.” ജഅ്ഫര്‍ പറഞ്ഞവസാനിപ്പിച്ചതും നേഗസ് ഒരു ചെറിയ വടി കയ്യിലെടുത്തു. എന്നിട്ട് കവിഞ്ഞ ആഹ്ളാദത്തോടെ പറഞ്ഞു, ”മര്‍യമിന്റെ പുത്രന്‍ യേശു നിങ്ങള്‍ പറഞ്ഞതിൽനിന്ന് ഈ വടിയുടെ മാത്രപോലും മാറ്റമില്ല .”

ചുറ്റും കൂടിയിരുന്ന അബിസീനിയക്കാര്‍ സ്തബ്ധരായി. രാജാവിന്റെ വാക്കുകളുടെ പ്രസരാഘാതം അവരുടെ അസ്ഥികള്‍വരെ തുളച്ചുകയറി. തുടര്‍ന്ന് ജഅ്‌ഫറിനും കൂട്ടുകാര്‍ക്കും നേരെ തിരിഞ്ഞ് ചക്രവര്‍ത്തി പറഞ്ഞു, ”നിങ്ങള്‍ നിങ്ങളുടെ മാര്‍ഗേനപോവുക. നമ്മുടെ നാട്ടില്‍ നിങ്ങൾ സുരക്ഷിതരാണ്. മലകളോളം സ്വര്‍ണത്തിനു പകരമായിപ്പോലും നിങ്ങളിലൊരാള്‍ക്ക് നാം ഉപദ്രവമേല്‍പ്പിക്കുകയില്ല.” കുറയ്ശി പ്രതിനിധികളുടെ നേരെ കരംചലിപ്പിച്ചു കൊണ്ട് അദ്ദേഹം കൊട്ടാര പരിചാരകരോടു പറഞ്ഞു, ”ഈ രണ്ടുപേര്‍ നല്‍കിയ സമ്മാനങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചേല്‍പ്പിച്ചേക്കൂ, നമുക്ക് അതുകൊണ്ട് ഒരുപയോഗവുമില്ല.”

താങ്ങാനാവാത്ത മാനക്കേടും പേറി അംറും കൂട്ടുകാരനും മക്കയിലേക്കുമടങ്ങി. മുസ്‌ലിങ്ങള്‍, സാത്വികനായ നേഗസ് രാജാവ് അവര്‍ക്കുമേല്‍ തീര്‍ത്ത കുളിരണിപ്പന്തലിന്റെ ശീതളഛായ തുടര്‍ന്നും ആസ്വദിച്ചു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.