
അബിസീനിയ
രണ്ട് തവണയായി മക്കയില്‍ നിന്നെത്തിയ പ്രവാസികളെ അബിസീനിയക്കാര്‍ ഊഷ്മളമായി സ്വീകരിച്ചു. ആദ്യസംഘത്തിലുണ്ടായിരുന്നത് പതിനെട്ട് പേർ; പന്ത്രണ്ട് പുരുഷന്മാരും നാല് സ്ത്രീകളും. ജന്മനാട്ടില്‍നിന്ന് വളരെ വളരെ വിദൂരസ്ഥമായ ദേശത്തുവെച്ച് തങ്ങളുടെ ജീവിതത്തില്‍ വെള്ളിരേഖകള്‍ തെളിഞ്ഞുവരുന്നതായി മുസ്‌ലിംകള്‍ക്ക് തോന്നി. അവർ മാറോടടക്കിപ്പിടിച്ചുവന്ന സ്വന്തം മതം ആചരിക്കാനും ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാനും മഹാനുഭാവനായ നേഗസ് ചക്രവര്‍ത്തി അനുമതി നല്‍കി. മക്കയിലെ എതിര്‍പ്പുകളുടെ മഞ്ഞലിയുന്ന കാലം കാത്ത് ഇനി അല്പകാലം അവരിവിടെയുണ്ടാകും.
അതിനിടെ, വിശ്വാസികളോടുള്ള കുറയ്ഷികളുടെ എതിർപ്പ് കുറഞ്ഞിട്ടുണ്ടെന്ന വിവരം ലഭിച്ച് തിരിച്ചുചെന്ന പലായകർ ആ വാർത്തയിൽ കഴമ്പൊട്ടുമില്ലെന്നും മറിച്ച്, ശത്രുതയും പീഡനവും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണെന്നും നേരിട്ടറിഞ്ഞ് വീണ്ടും അബിസീനിയയിലേക്കുതന്നെ തിരിച്ചു. ഇത്തവണ പഴയ പലായകരിൽ ചിലർ മക്കയിൽ തങ്ങിയെങ്കിലും പുതിയ ധാരാളം പേർ കടൽകടന്നു.
കൊച്ചു കുട്ടികളെക്കൂടാതെ എണ്‍പത്തി മൂന്ന് പേരാണവര്‍. ഒരുമിച്ചല്ല മക്ക വിട്ടതും അബിസീനിയയിലെത്തിയതും. രാവിന്റെ അനുകൂലാവസ്ഥയിൽ വളരെ രഹസ്യമായാണവര്‍ കൊച്ചു കൊച്ചു സംഘങ്ങളായി നാടുവിട്ടത്. കുടുംബക്കാര്‍ അറിയാനിടവന്നാല്‍ അവര്‍ തടഞ്ഞുനിര്‍ത്തും.
കുറയ്ഷികളെ സംബന്ധിച്ചേടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു മുസ്‌ലിം യുവാക്കളുടെ ഹിജ്‌റ. അവർ ലക്ഷ്യസ്ഥാനത്തെത്തിയതിനു ശേഷമാണ് കുറയ്ഷ് വിവരമറിയുന്നതുതന്നെ. ആ വാര്‍ത്ത അവര്‍ക്കു സമ്മാനിച്ചത് നിദ്രയൊഴിഞ്ഞ രാവുകളും അവിശ്രമമായ പകലുകളുമാണ്. അക്ഷമയുടെ നീണ്ട നിമിഷങ്ങളില്‍ മനസ്സിലെ പക നുരയിട്ടുപൊങ്ങി. കുറയ്ഷികള്‍ മുസ്‌ലിംകളെ അങ്ങനെയങ്ങു വിട്ടുകളയാന്‍ തയ്യാറല്ല. തങ്ങളുടെ സ്വാധീനത്തിന്റെ കൈപ്പിടി ചെന്നെത്താത്ത ദൂരദിക്കിലൊരു ദേശത്ത് ഒരു സമൂഹമായി മുസ്‌ലിംകള്‍ വളര്‍ന്നുവരികയും ക്രമേണ സ്വാധീനം നേടുകയും ചെയ്താലുണ്ടാകുന്ന അത്യന്തം ആപല്‍ക്കരമായ അവസ്ഥ അവര്‍ക്ക് സങ്കല്‍പിക്കാന്‍ പോലുമാകുന്നില്ല. പുതിയ വിശ്വാസത്തിന്റെ വക്താക്കള്‍ എവിടെയെത്തിയാലും വിത്തൊന്നിന് പത്തെന്നവണ്ണം കതിരുപോരുമെന്നവരെ പഠിപ്പിച്ചത് സ്വന്തം അനുഭവംതന്നെയാണ്.
എത്ര പെട്ടെന്നായിരുന്നു കുറയ്ഷികളുടെ തീരുമാനം പുറത്തുവന്നത്! അബിസീനിയക്കാര്‍ മറ്റെന്തിനേക്കാളും ഇഷ്ടപ്പെടുന്ന വസ്തുക്കളെന്താണെന്ന് മനസ്സിലാക്കി അവര്‍ അവ ശേഖരിക്കാന്‍ തുടങ്ങി. തുകല്‍ കൊണ്ട് നിര്‍മിച്ച വസ്തുക്കളാണ് അവര്‍ക്കേറെ പ്രിയം. അവര്‍ ശേഖരിച്ചത് ദേശത്ത് കിട്ടാവുന്ന ഏറ്റവും മുന്തിയ തുകലുല്പന്നങ്ങളായിരുന്നു. അബിസീനിയയില്‍ ചെന്ന് നേഗസ് ചക്രവര്‍ത്തിക്കും അദ്ദേഹത്തിന്റെ ഉദ്യോഗ്സ്ഥ പ്രമാണിമാർക്ക് അവ കാഴ്ചയായര്‍പ്പിക്കണം.
പിന്നീടവര്‍, രണ്ട് പ്രതിനിധികളെ തെരഞ്ഞെടുത്തു. വളരെ ശ്രദ്ധയോടെയുള്ള തെരഞ്ഞെടുപ്പായിരുന്നു അത്. സഹ്മ് ഗോത്രത്തിലെ അതീവ തന്ത്രജ്ഞനും സമാലോചകനുമായ ആസ്വിന്റെ പുത്രന്‍ അംറായിരുന്നു ഒരാള്‍, മറ്റെയാൾ അബ്ദുല്ലാഹ് ബിൻ അബൂറബീഅയും.
സമ്മാനങ്ങളുമായി അബിസീനിയയിലെത്തിയതിനുശേഷം എന്തു ചെയ്യണമെന്ന് കൃത്യമായി കുറയ്ഷ് കുശാഗ്രബുദ്ധികളായ തങ്ങളുടെ പ്രതിനിധികള്‍ക്ക് വിവരിച്ചുകൊടുത്തു. നേഗസ് ചക്രവര്‍ത്തിയുടെ ഭരണകേന്ദ്രത്തെ നിയന്ത്രിക്കുന്ന ഓരോ ഉദ്യോഗസ്ഥനെയും അവര്‍ ചെന്നുകാണണം. സമ്മാനങ്ങള്‍ നല്‍കിയതിനുശേഷം അവരോടിങ്ങനെ പറയണം, ”ഞങ്ങളുടെ കൂട്ടത്തിലെ വിവരദോഷികളായ ചില യുവതി യുവാക്കള്‍ നിങ്ങളുടെ നാട്ടിലെത്തിയിരിക്കുന്നു. അവര്‍ ഞങ്ങളുടെ മതത്തെ പുഛിച്ചു വലിച്ചെറിഞ്ഞവരാണ്. എന്നാലോ, അവര്‍ നിങ്ങളുടെ മതം സ്വീകരിച്ചിരിക്കുകയുമല്ല. അവര്‍ തന്നെ കണ്ടുപിടിച്ച ഒരു പുതിയ മതത്തിലാണവര്‍ എത്തിപ്പെട്ടിരിക്കുന്നത്. ആ മതമാകട്ടെ, നിങ്ങള്‍ക്കോ ഞങ്ങള്‍ക്കോ അറിയാവുന്ന തരത്തിലുള്ള ഒന്നല്ലതാനും.
അതിനാല്‍, ഞങ്ങള്‍ക്കിടയിലെ കുലീനരായ നേതാക്കള്‍ ചേര്‍ന്ന് ഞങ്ങളെ നിങ്ങളുടെ ചക്രവര്‍ത്തിയുടെ അടുത്തേക്ക് പറഞ്ഞയച്ചിരിക്കുകയാണ്. ഞങ്ങള്‍ക്കിതേ ആവശ്യമായുള്ളു, തിരുമനസ്സ് അവരെ ഞങ്ങളുടെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കണം. ചക്രവര്‍ത്തിയുമായി ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അവരെ ഞങ്ങള്‍ക്ക് വിട്ടുതരാന്‍ തിരുമനസ്സ് സമക്ഷം നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യണം.”
അധികാരത്തിന്റെ നീണ്ടിരുണ്ട ഇടനാഴികകളിലൂടെ ഇഴഞ്ഞും പുളഞ്ഞും ഉദ്യോഗസ്ഥര്‍ സ്വാംശീകരിച്ചിരുന്ന ദുര അവരെക്കൊണ്ടെന്തും ചെയ്യിക്കാനുള്ള പരുവത്തിലെത്തിച്ചിരുന്നു. കുറയ്ഷി പ്രതിനിധി സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് എന്നേ സമ്മതമായിരുന്നു.
പുരാതന നഗരമായ മക്കാ ദേശത്തുനിന്ന് അവിടത്തെ നേതാക്കള്‍ തങ്ങളുടെ രണ്ട് പ്രതിനിധികള്‍ വശം കൊടുത്തയച്ച വിലപിടിച്ച ഉപഹാരങ്ങള്‍ അവരുടെ മനം കുളിര്‍പ്പിച്ചു. സാന്ദ്രമായ സംതൃപ്തിയോടെ അംറും കൂട്ടുകാരനും ചക്രവര്‍ത്തിക്കുള്ള പ്രത്യേക ഉപഹാരങ്ങളുമായി അദ്ദേഹത്തെ മുഖം കാണിക്കാന്‍ പുറപ്പെട്ടു. അദ്ദേഹത്തോടും അവര്‍ക്ക് പറയാനുള്ളത് ഇതുതന്നെ.
മക്കയില്‍ നിന്നെത്തിയ ശരണാർത്ഥികളെ അങ്ങോട്ടുതന്നെ തിരിച്ചയക്കണം. ഉദ്യോഗസ്ഥരോടു പറഞ്ഞ വാചകങ്ങള്‍ ആവര്‍ത്തിച്ചശേഷം വാചാലനായ അംറ് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ”ഈ വന്നവരുടെ പിതാക്കളും പിതൃവ്യരും ചാര്‍ച്ചക്കാരുമായ കുലീനരായ മാന്യന്മാര്‍ ചക്രവര്‍ത്തി
തിരുമനസ്സിനോട് ഉണർത്തുന്നതെന്തെന്നാൽ, അവരെ ഞങ്ങള്‍ക്കു തിരിച്ചേല്‍പ്പിക്കണമെന്നു മാത്രം.”
സമ്മാനോപഹാരങ്ങളില്‍ സുഖിച്ച ഉദ്യോഗസ്ഥ പ്രമാണിമാര്‍ കേള്‍വിക്കാരായി സദസ്സിലുണ്ട്. പ്രവാസികളെ മക്കയിലേക്ക് തന്നെ തിരിച്ചയക്കുന്നതായിരിക്കും ഉചിതമെന്ന് ഏകസ്വരത്തില്‍ അവര്‍ ചക്രവര്‍ത്തിക്ക് ഉപദേശം നല്‍കി. ബന്ധുക്കളെക്കുറിച്ച് നന്നായറിയുന്നവര്‍ ബന്ധുക്കള്‍ തന്നെയാണല്ലോ. അവര്‍ തന്നെയാണ് ഇവരുടെ കാര്യത്തില്‍ ഏറ്റവും നല്ല വിധികര്‍ത്താക്കള്‍.
അപ്രതീക്ഷിതമായി, ഉദ്യോഗസ്ഥരെയും കുറയ്ഷി പ്രതിനിധി സംഘത്തേയും അമ്പരപ്പിച്ചുകൊണ്ട് നേഗസ് പറഞ്ഞു, ”ഇല്ല, ദൈവമാണ! അവര്‍ ഒറ്റപ്പെടുകയില്ല. ശാന്തിസ്ഥലി തേടി മറ്റൊരു നാട്ടിലേക്കും പോകാതെ നമ്മുടെ നാട്ടിൽ അഭയംതേടിയ ഒരു കൂട്ടമാളുകളെ നാം കയ്യൊഴിയുകയോ? ഈ മാന്യന്മാര്‍ അവരെക്കുറിച്ച് പറയുന്നതിനെപ്പറ്റിയെല്ലാം അവരോടുതന്നെ നേരിട്ട് ചോദിച്ചറിയാതെ നാം അവരെ കൈവെടിയുകയില്ല. കാര്യങ്ങള്‍ ഇവര്‍ പറയുന്നതുപോലെയാണെങ്കില്‍, തീര്‍ച്ചയായും അവരെ നാം ഇവര്‍ക്ക് കൈമാറും. സ്വന്തം ജനങ്ങളെ ഇവര്‍ക്ക് തിരിച്ചുകിട്ടുകയും ചെയ്യും. അതല്ല, ഇവര്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമാണ് അവരുടെ വിശദീകരണമെങ്കില്‍, അവര്‍ ആഗ്രഹിക്കുന്നത്രയും കാലം സംരക്ഷണം നമ്മുടെ ഭാഗത്തുനിന്ന് അവര്‍ക്ക് ലഭിക്കുകയും ചെയ്യും.”
പ്രവാചകന്റെ അനുചരന്മാരെ ഉടന്‍ രാജധാനിയിലെത്തിക്കാന്‍ ചക്രവര്‍ത്തി ഉത്തരവായി. അതോടൊപ്പം, അദ്ദേഹം തന്റെ മെത്രാന്മാരെ വിളിച്ചുവരുത്തി. വേദവുമായി എത്തിയ മതമേലധ്യക്ഷന്മാര്‍ അത് സിംഹാസനത്തിനടുത്തായി തുറന്നുവെച്ചു. അംറും സഹചാരിയും സ്വാഭാവികമായും കരുതിയത്, രാജാവും മെത്രാനും തമ്മിലുള്ള കൂടിക്കാഴ്ച തങ്ങളുടെ നല്ല കാലത്തിനായിരിക്കുമെന്നാണ്. തങ്ങളുടെ മതത്തിനും ആചാരങ്ങള്‍ക്കും ഭീഷണിയായി വളരാന്‍ സാധ്യതയുള്ള ഒരു പുതിയ മതത്തിന്റെ ചെറുപ്പക്കാരായ അനുയായികളെ സംരക്ഷിക്കാന്‍ മെത്രാന്മാര്‍ അനുമതി നല്‍കുന്നതെങ്ങനെ?
എന്നാല്‍, അവര്‍ക്കറിഞ്ഞുകൂടാത്ത മറ്റൊന്നുണ്ടായിരുന്നു. അംറിനെയും കൂട്ടുകാരനെയും അവര്‍ സ്വീകരിച്ചിരിക്കുന്നത് വെറും രാഷ്ട്രീയ കാരണങ്ങളാലാണ്. തങ്ങളുടെ മതത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു അസംസ്കൃത മതത്തിന്റെ അനുയായികളാണിരുവരുമെന്നും തങ്ങള്‍ക്കിടയില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും ഭേദിക്കാനാവാത്ത ഒരു വന്‍മതില്‍ക്കെട്ട് നിലനില്‍ക്കുന്നുവെന്നും മറ്റാരെക്കാളും മെത്രാന്മാര്‍ക്കറിയാം. ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളാണവര്‍, ഒരേയൊരു ദൈവത്തെ ആരാധിക്കുന്നവരാണവര്‍, കൂദാശ വസ്ത്രം ധരിച്ചവരാണവർ. ഈ സ്ഥിതിക്ക് പവിത്ര വിശ്വാസം ഹൃദയത്തിലേറ്റിയവരും അവിശ്വാസികളും തമ്മില്‍ ഏതു കള്ളിയിലാണ് ഒരുമിച്ചു ചേരുക?
ഈ ബോധം മെത്രാന്മാരിലെല്ലാം ഉണ്ടായിരുന്നു. അംറിനെപ്പോലെ, കെടുവിശ്വാസത്തിന്റെ മലീമസമായ മനസ്സു പേറുന്ന ഒരാളെ മുഖവിലക്കെടുക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്കൊട്ടും ബോധ്യമായതുമില്ല. മക്കയില്‍ അരങ്ങേറുന്ന വിചിത്രമായ ഉപജാപങ്ങളുടെ ഒരേകദേശ രൂപം ആ ജ്ഞാനവൃദ്ധര്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
മുസ്‌ലിംകള്‍, വിശാലമായ ദര്‍ബാറിലേക്ക് കടന്നുവന്നു. സ്വപ്ന ദൃശ്യത്തിലെന്നപോലെ അണിയണിയായി ദര്‍ബാറില്‍ പ്രവേശിച്ച ചെറുപ്പക്കാരെക്കണ്ട് മെത്രാന്മാര്‍ അത്ഭുതസ്മിതം തൂകി. ഈ നില്‍ക്കുന്ന കഴുകക്കണ്ണുകളുള്ള അംറും കൂട്ടുകാരനുമെവിടെ, നിറവു വറ്റാത്ത വിശ്വാസത്തിന്റെ ദീപ്തി പൊഴിക്കുന്ന ഈ ചെറുപ്പക്കാരെവിടെ? അവര്‍ അടക്കം പറഞ്ഞു. രാജധാനിയൊന്നാകെ പ്രകൃതിദത്തമായ സൗന്ദര്യവും സൗരഭ്യവും പരക്കുന്നതായി അവര്‍ക്കനുഭവപ്പെട്ടു ചുറുചുറുക്കുള്ള സുന്ദരന്മാരും സുന്ദരികളുമായിരുന്നു അവര്‍.
ദര്‍ബാറില്‍ സന്നിഹിതരായിരുന്നവരുടെയെല്ലാം കണ്ണുകള്‍ പിടിച്ചെടുത്തുകഴിഞ്ഞിരുന്ന ഈ ചെറുപ്പക്കാരില്‍ പലര്‍ക്കും പലായനം ഒരനിവാര്യമായിരുന്നില്ല. അഫ്ഫാന്റെ പുത്രന്‍ ഉസ്മാനെ തിരിച്ച് തങ്ങളുടെ മതത്തില്‍ ചേര്‍ക്കാനാകുമെന്ന മോഹം ബന്ധുക്കള്‍ കൈവെടിഞ്ഞിരിക്കുന്നു. എന്നാല്‍, പത്‌നി റുകയ്യയെയും കൂട്ടി പലായക സംഘത്തില്‍ ചേരാന്‍ നിര്‍ദേശിച്ചത് പ്രവാചകന്‍ തന്നെയായിരുന്നു. ധനസ്ഥിതി മോശപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങള്‍ കൂടിയുള്‍പ്പെടുന്ന സംഘത്തിന് അവരുടെ സാന്നിധ്യം വീര്യം പകരും. നേഗസിന്റെ വിദ്വല്‍ സദസ്സിന്റെ കാഴ്ചയെ പ്രസാദിപ്പിച്ച ദമ്പതിമാരുടെ അടുത്ത ജോഡി തീര്‍ത്തത് ജഅ്ഫറും പത്‌നി അസ്മയുമായിരുന്നു. സ്‌നേഹനിധിയായ അബൂതാലിബിന്റെ മകന് കുടുംബത്തില്‍ നിന്നുള്ള പീഡനം ഭയന്ന് നാടുവിടേണ്ട ഒരാവശ്യവുമില്ല. പക്ഷേ, പ്രവാസികള്‍ക്കൊരു വക്താവു വേണം. ജഅ്ഫറിന്റെ വാചാടോപം മക്കയിലുടനീളം സുവിദിതമാണ്. ജഅ്ഫറിനേക്കാള്‍ നല്ല ഒരു വക്താവ് പ്രവാസികള്‍ക്ക് ലഭിക്കാനില്ല.
പ്രവാസികളുടെ സമൂഹത്തിന്റെ നായകത്വം ബുദ്ധിമാനായ ജഅ്ഫറിനായിരുന്നു. അദ്ദേഹത്തെ സഹായിക്കാന്‍ അബ്ദുദ്ദാര്‍ വംശജനായ മുസ്അബുമുണ്ട്. പില്‍ക്കാലത്ത് വളരെ പ്രാധാന്യമേറിയ ഒരു ദൗത്യത്തിനുവേണ്ടി പ്രവാചകന്‍ മുസ്അബിനെ തെരഞ്ഞെടുക്കുന്നുണ്ട്. മഖ്‌സൂമിയായ സുന്ദരന്‍ ശമ്മാസുമുണ്ട് സംഘത്തില്‍, ഉത്ബയുടെ സഹോദരിയാണ് ശമ്മാസിന്റെ മാതാവ്.
നബിയുടെ പിതൃസഹോദരി സഫിയ്യയുടെ പുത്രന്‍ സുബൈറിനു പുറമെ സംഘത്തിലുണ്ടായിരുന്ന നബിയുടെ പിതൃവ്യപുത്രന്മാരും മച്ചുനന്മാരും ഇവരായിരുന്നു: അര്‍വയുടെ പുത്രന്‍ തുലയ്ബ്, ഉമയ്മയുടെ രണ്ടു പുത്രന്മാര്‍, ജഹ്ശിന്റെ മക്കൾ അബ്ദുല്ല, ഉബൈദുല്ല, പത്‌നിയും അബൂസുഫ്‌യാന്റെ പുത്രിയുമായ ഉമ്മുഹബീബ, ബര്‍റയുടെ രണ്ട് പുതന്മാരായ അബൂസലമയും അബൂസബ്‌റയും. ഇരുവരുടെ ഭാര്യമാരും.
അബൂസലമയുടെ സുന്ദരിയായ ഭാര്യ ഉമ്മുസലമ എന്ന ഹിന്ദിലൂടെയാണ് വിശ്വാസികളുടെ ഒന്നാം പ്രവാസ ജീവിതത്തിലെ കഥകളുടെ ചുരുള്‍ നിവരുന്നത്.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.