നബിചരിത്രത്തിന്റെ ഓരത്ത് -32

//നബിചരിത്രത്തിന്റെ ഓരത്ത് -32
//നബിചരിത്രത്തിന്റെ ഓരത്ത് -32
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -32

ചരിത്രാസ്വാദനം

സഹനം

വിശ്വാസത്തിന്റെ പച്ചപ്പ് മക്കയിലെ മരുഭൂ മനസ്സുകളെ മെല്ലെ മെല്ലെ കീഴടക്കിക്കൊണ്ടിരുന്നു. പ്രവാചകന്റെ അനുയായിവൃന്ദം തിടംവെച്ചുവരുന്തോറും കുറയ്ഷ് കൂടുതല്‍ കൂടുതല്‍ അസ്വസ്ഥരായി. തങ്ങളുടെ സമുദായവും സമ്പ്രദായവും ആചാരശീലങ്ങളും ജീവിതരീതിയും ഭീഷണമായ ഭാവിയെയാണ് നേരിടേണ്ടതെന്ന അറിവില്‍ ക്രൗര്യഭാവമണിഞ്ഞവർ നാടുനിറഞ്ഞു നിന്നു. കഴിയുന്നിടത്തോളം മുസ്‌ലിംകളെ അവര്‍ കഠിനമായി പീഡിപ്പിച്ചു.

തിരിച്ചാക്രമിക്കാന്‍ ആവതില്ലാത്ത ആലംബഹീനരുടെ നേരെയായിരുന്നു ഏറ്റവും ക്രൂരമായ ദണ്ഡന മുറകള്‍ പ്രയോഗിക്കപ്പെട്ടത്. കുടുംബക്കാരോ പേശീബലവും സ്വാധീനവുമുള്ള കൂട്ടുകാരോ സഹായികളോ ഇല്ലാത്ത മുസ്‌ലിംകളെ എത്ര പെട്ടെന്നാണവര്‍ കണ്ടെത്തിയത്! കുറയ്ഷികളിലെ ഓരോ ഉപഗോത്രവും വംശവും ഉപവംശവും കുടുംബവും തങ്ങള്‍ക്കിടയിലെ മുസ്‌ലിംകളെ കൈകാര്യം ചെയ്യാന്‍ എന്തൊരാവേശമാണു കാണിച്ചത്! അവരെ കൂരിരുൾ അടയിരുന്ന മുറികളിലടച്ചു, മനസ്സിലെ ചളിക്കുണ്ടിൽ നുരഞ്ഞ ക്രൂരതകളെല്ലാം എടുത്ത് പ്രയോഗിച്ചു, അടിച്ചും പട്ടിണിക്കിട്ടും കുടിനീർ നിഷേധിച്ചും യാതനയേറ്റി.

ജുമഹ് വംശത്തിന്റെ നേതാവ് ഉമയ്യ ബിൻ ഖലഫിന് ഒരു അബിസീനിയൻ അടിമയുണ്ട്, പേര് ബിലാല്‍; റബാഹിന്റെ പുത്രൻ ബിലാൽ. ചാഞ്ചല്യമേശാത്ത വിശ്വാസത്തിനുടമയാണ് ബിലാല്‍. മധ്യാഹ്നം വീണുരുകിയ മക്കാ മരുഭൂമിയുടെ തുറന്ന നിര്‍ദ്ദാക്ഷിണ്യത്തിലേക്ക് ഉമയ്യ ബിലാലിനെ കൂട്ടിക്കൊണ്ടുപോകും. പിന്നെ, മരങ്ങളൊഴിഞ്ഞ, സൂര്യതാപത്തിൽ ചുവന്നുപോയ മണല്‍പ്പരപ്പിലേക്ക് അയാളെ തള്ളിയിടുകയായി. അടുത്ത നിമിഷം ഒരു പാറക്കല്ലെടുത്ത് ആ സാധുവിന്റെ നെഞ്ചത്ത് കയറ്റിവെക്കുന്നു. വിശ്വാസത്തില്‍ കിളിര്‍ത്ത നിശ്ചയദാര്‍ഢ്യം കൂടാരമുറപ്പിച്ചിരിക്കുകയാണ് ബിലാലിന്റെ മുഖത്ത്.

ഈ ‘ധിക്കാരം’ കണ്ട് ഉമയ്യയുടെ വദനാഗ്രം കോപത്താൽ വലിഞ്ഞുമുറുകി. ”ഇപ്പോഴെന്തു പറയുന്നു ബിലാൽ, മരിക്കുന്നതുവരെ ഈ കിടത്തം കിടക്കുക, അതല്ലെങ്കില്‍ മുഹമ്മദിന്റെ മതത്തെ തള്ളിക്കളയുക. എന്നിട്ട് ലാത്തിനെയും ഉസ്സയെയും ആരാധിക്കണം”, അയാള്‍ അലറി വിളിച്ചു.

സാദൃശ്യമില്ലാത്ത ആ കാലബിന്ദുവിലാണ് ബിലാല്‍ വരാനിരിക്കുന്ന തലമുറകളെ ആവേശം കൊള്ളിച്ച തന്റെ വിഖ്യാതമായ പ്രഖ്യാപനം നടത്തുന്നത്. ‘അഹദ്… അഹദ്’. ചോദ്യം വാക്കുകളും സ്വരവും മാറ്റി മാറ്റി ഉമയ്യ ചോദ്യം ആവർത്തിച്ചപ്പോഴും ‘അഹദ്… അഹദ്’ എന്ന് ബിലാൽ പറഞ്ഞുകൊണ്ടിരുന്നു. ക്ഷീണിച്ചതെങ്കിലും അസന്ദിഗ്ധമായ വിശ്വാസ ദാർഢ്യത്തോടെയുള്ള ‘ഒരുവന്‍… ഒരുവന്‍’ എന്ന പ്രഖ്യാപനം ഒരേ പദത്തിന്റെ ആവര്‍ത്തനം എന്ന നിലക്കല്ല ചരിത്രത്തിൽ സാന്നിധ്യമറീക്കുന്നത്, ആയിരം ശബ്ദമില്ലാ വാക്കുകളെ ഗര്‍ഭം ധരിച്ച അനുപമ മന്ത്രമായാണ്.

ഉമയ്യയുടെ പകല്‍ക്കാല വിക്രിയകള്‍ ഇതായിരുന്നുവെങ്കില്‍ രാത്രിയില്‍ അയാള്‍ തന്റെ അടിമയുടെ ശരീരത്തില്‍ ഒരു കയര്‍ കെട്ടും. കയറിന്റെ സ്വതന്ത്രമായ അറ്റം വികൃതിപ്പിള്ളേരുടെ കയ്യിലേല്‍പ്പിക്കും. അവര്‍ ഒരു കളിപ്പാട്ടം കയ്യിൽകിട്ടിയാലെന്ന പോലെ, ബിലാലിനെ കെട്ടിവലിച്ച് ആർത്തട്ടഹസിച്ച് തെരുവുകള്‍ ചുറ്റി. മനുഷ്യന് നിറത്തിന്റെയും കുലത്തിന്റെയും അടിസ്ഥാനത്തിൽ വരേണ്യത നിശ്ചയിച്ചിരുന്ന സമൂഹത്തിലെ ഇളമുറക്കാരുടെ കണ്ണിൽ കറുത്ത് ചടച്ച കാപ്പിരിയായ ബിലാൽ കുലത്തിൽ കുറഞ്ഞ കീടമായിരുന്നതിൽ അവിശ്വസനീയമായി ഒന്നുമില്ല; വർണവിവേചനം അവിടത്തെ സാമൂഹ്യാവസ്ഥയുടെ സ്വാഭാവികതയായിരുന്നല്ലോ.

വേദനയിൽ പുളഞ്ഞ ബിലാലിനെ നോക്കി ആശ്വാസത്തിന്റെ വരുംകാലങ്ങളില്‍ നിന്നെന്നപോല്‍ ആകാശത്തിന്റെ അതിരറ്റ വിശാലതയില്‍ ഒരു നക്ഷത്ര ജോടി മിന്നിത്തെളിഞ്ഞു. മുമ്പോട്ടുള്ള ഗതിയിൽ കാലം അപൂർവ്വമായി മാത്രം തീർക്കാറുള്ള കാവ്യനീതി പുലരുന്നുണ്ട്. ബദ്റിലെ അവിസ്മരണീയമായ ആ മഹാദിനത്തിൽ ഉമയ്യ വധിക്കപ്പെടുന്നത് ബിലാലിന്റെ കൈക്കാണെന്ന് ചരിത്രകാരൻ പിന്നീട് പറഞ്ഞുതരുന്നു.

ബനൂജുമഹ് കുടിപാര്‍ക്കുന്നിടത്താണ് അബൂബക്ര്‍ വീടുവെച്ച് താമസിക്കുന്നത്. പ്രവാചകനെ മറ്റെല്ലാ ഗോത്രക്കാരെക്കാളും കൂടുതല്‍ തവണ കാണേണ്ടത് ബനൂജുമഹ് ആണെന്നാണതിനർത്ഥം. തന്റെ ആത്മമിത്രവും വിശുദ്ധമതത്തിന്റെ അനുയായികളില്‍ മുമ്പനുമായ അബൂബക്‌റിനെ കാണാന്‍ നബി എല്ലാ സായാഹ്നങ്ങളിലും അവര്‍ക്കിടയിലെത്താറുണ്ടെന്നതു തന്നെ കാരണം. ഓരോ തവണ നബി അബൂബക്‌റിനെ സന്ദര്‍ശിച്ചപ്പോഴും അവര്‍ ശ്രദ്ധിച്ചതാണ്, മുഹമ്മദിന്റെ മുഖത്ത് തനിക്കു പറയാനുള്ളതെല്ലാം കൃത്യമായും എഴുതി വെച്ചതുപോലെയുണ്ട്. അബൂബക്‌റിന്റെ മുഖത്തുനിന്നും അവര്‍ ഇത്തരം സന്ദേശങ്ങള്‍ വായിച്ചെടുത്തു.

തങ്ങൾക്കിടയിലെ അബൂബക്‌റിന്റെ സാന്നിധ്യം ഒരു സമ്മാനവും ബഹുമതിയുമായിട്ടാണ് ഇതുവരെ തോന്നിയിരുന്നതെങ്കിൽ ഇന്നതൊരസ്വസ്ഥയായി പടരുന്നുണ്ട്. അദ്ദേഹത്തിന്റെ ഓരോ നീക്കവും ജുമഹ് വംശത്തിന്റെ നേതാക്കള്‍ക്ക് വല്ലാത്ത ഉല്‍കണ്ഠകളുടെയും ഭയപ്പാടുകളുടെയും സന്ദേശങ്ങൾ നൽകുന്നു. ഇമ്പമാര്‍ന്ന സ്വരത്തിലുള്ള അദ്ദേഹത്തിന്റെ കുര്‍ആന്‍ പാരായണത്തിന് വല്ലാത്ത ആകര്‍ഷകത്വമുണ്ട്. ആ ആകര്‍ഷകത്വം തന്നെയാണവര്‍ തങ്ങള്‍ക്ക് വിനയായി കണ്ടതും.

അബൂബക്‌റിലൂടെയാണ് ബിലാല്‍ ഇസ്‌ലാമിലെത്തിയത്. ഉമയ്യ ബിലാലിനെ അതിക്രൂരമായി പീഡിപ്പിക്കുന്നതു കണ്ടുകൊണ്ടാണ് ഒരു ദിവസം അബൂബക്ര്‍ ആ വഴി കടന്നുപോകുന്നത്. വേദനയിൽ പ്രജ്ഞയറ്റു പോകാറായിരിക്കുന്ന ബിലാലിന്റെ ദൈന്യമുഖം അബൂബക്റിന്റെ ആർദ്രമനസ്സിൽ സങ്കടത്തിന്റെ പെരുക്കം തീര്‍ത്തു. വിശ്വാസത്തിന്റെ അഗാധമായ ആഴം കണ്ട ആ മനുഷ്യന് ബിലാലിന്റെ വിശ്വാസത്തിന്റെ നിശ്ചഞ്ചലത മനസ്സിലാക്കാന്‍ പ്രയാസമില്ല. അബൂബക്ര്‍ നേരെ ഉമയ്യയുടെ അടുത്തെത്തി.

”ഉമയ്യാ…,” അദ്ദേഹം വിളിച്ചു,
”നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ, ഈ സാധു മനുഷ്യനെ ഇത്രമേല്‍ ദേഹോപദ്രവമേല്‍പ്പിക്കാന്‍?”

ഉമയ്യ ഇത്തരമൊരു സന്ദര്‍ഭത്തിനുവേണ്ടി കാത്തുനില്‍ക്കുകയായിരുന്നു. വൈകിയെങ്കിലും വീണുകിട്ടിയ അവസരം അയാളും പാഴാക്കിയില്ല,
”അബൂബക്ര്‍, നിങ്ങളാണ് ഇവനെ ദുഷിപ്പിച്ചത്, അതുകൊണ്ട് ഇപ്പോള്‍ കണ്ട അവസ്ഥയില്‍ നിന്ന് ഇവനെ മോചിപ്പിക്കാനാവുക നിങ്ങള്‍ക്കു തന്നെയാണ്.”
”അതു ഞാന്‍ ചെയ്യും.”അബൂബക്‌റും വിട്ടുകൊടുത്തില്ല. ”എന്റെ ഉടമസ്ഥതയില്‍ ഒരു കാപ്പിരി യുവാവുണ്ട്, അയാള്‍ ഈ ബിലാലിനെക്കാള്‍ പേശീബലമുള്ളവനും ബലിഷ്ഠകായനുമാണ്. പോരാത്തതിന് നിങ്ങളുടെ അതേ മതക്കാരനുമാണ്. ബിലാലിനു പകരം അയാളെ ഞാന്‍ നിങ്ങള്‍ക്കു നല്‍കും.” അദ്ദേഹം പറഞ്ഞു.

ഉമയ്യക്കു നൂറുവട്ടം സമ്മതമായിരുന്നു. അയാള്‍ എന്തിനു സമ്മതിക്കാതിരിക്കണം? പൂര്‍വ്വീകരുടെ സമ്പ്രദായങ്ങളെയും ആചാരങ്ങളെയും മുഴുവന്‍ വലിയ ഗമയില്‍ തള്ളിപ്പറയുന്ന ഒരടിമയെ തനിക്കെന്തിന്? കച്ചവടത്തില്‍ ഇരുവരും ലാഭം കൊയ്തു. അബൂബക്ര്‍ ബിലാലിനെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് സ്വതന്ത്രനാക്കി.

ബിലാലിനെക്കൂടാതെ അബൂബക്ര്‍ ഇതുവരെ ആറ് അടിമകളെ മോചിപ്പിച്ചുകഴിഞ്ഞു. ഫുഹൈറയുടെ പുത്രന്‍ ആമിര്‍ ആയിരുന്നു ഒന്നാമത്തെയാള്‍. അളക്കാനാവാത്ത
ആത്മീയോർജ്ജമുണ്ടായിരുന്ന ആമിര്‍ തൊഴിൽ കൊണ്ട് ആട്ടിടയനായിരുന്നു. മോചിതനായ ശേഷം ഒരു ജോലി എന്ന നിലയില്‍ അജപാലനം തുടര്‍ന്നു, അബൂബകറിന്റെ ആടുകള്‍ക്ക് അയാള്‍ നല്ല ഇടയനായി.

ഒരടിയാത്തിപ്പെണ്‍കൊടിയായിരുന്നു അബൂബകറിന്റെ കരുണാവാത്സല്യങ്ങളുടെ തൂവല്‍സ്പര്‍ശമേറ്റ മറ്റൊരാള്‍. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ യജമാനന്‍ അവളെ തല്ലുന്നത് അബൂബക്ര്‍ കാണാനിടയായി. അയാള്‍ക്ക് വേണ്ട വില നല്‍കി പെണ്‍കുട്ടിയെ സ്വതന്ത്രയാക്കി.

വിശ്രമമില്ലാത്ത പീഡകനാണ് അബൂജഹ്ൽ. കാണുന്നേടത്തൊക്കെ വെച്ച് ശാരീരികമായോ മാനസികമായോ മുസ്‌ലിംകളെ പീഡിപ്പിച്ച് തന്നിലവശേഷിച്ച അവസാനത്തെ നന്മയുടെ പാടുകൾ പോലും അയാൾ ഉരച്ചുകഴുകി. ഒരു പുതുവിശ്വാസിക്ക് സംരക്ഷിക്കാനായി സ്വന്തം ആളുകളുണ്ടെങ്കില്‍, അഥവാ സ്വാധീനമുണ്ടെങ്കില്‍പ്പിന്നെ അബൂജഹ്ൽ ഉറപ്പു വരുത്തുക അയാളുടെ സല്‍കീര്‍ത്തിയുടെ തകര്‍ച്ചയായിരിക്കും. പരിഹസിച്ചും അപഹാസവാക്യങ്ങളുതിര്‍ത്തും അയാള്‍ മക്കയുടെ യുവമനസ്സുകളിലെ വിശ്വാസത്തിന്റെ തളിര്‍ച്ചില്ലകളെ വെട്ടിമാറ്റാന്‍ നോക്കി. ഭാസുരമായ വിശ്വാസത്തോട് അവർക്കു തോന്നിയ അലിവും ആദരവും തുടച്ചുനീക്കാന്‍ ആവുന്നതെല്ലാം അയാള്‍ ചെയ്തുകൂട്ടി. പലപ്പോഴും പരിഹാസ്യനായി. തന്റെ ഹീനതന്ത്രങ്ങളുടെ ഫലപ്രാപ്തി ഒട്ടും തൃപ്തികരമല്ലെന്നറിഞ്ഞിട്ടും ഇഷ്ടവിനോദം അയാള്‍ നിര്‍ത്തിയില്ല. വിശ്വാസി ഒരു കച്ചവടക്കാരനാണെന്നു കരുതുക. അബൂജഹ്ൽ അയാളുടെ അടുത്തെത്തി ഭീഷണിമുഴക്കും, ”പുതിയ മതത്തില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ നിങ്ങൾ കൊണ്ടുവരുന്ന കച്ചവടച്ചരക്കുകള്‍ക്ക് ഞങ്ങള്‍ കൂട്ട ബഹിഷ്‌ക്കരണമേര്‍പ്പെടുത്തും.”

അയാള്‍ക്ക് മറ്റു വംശങ്ങളിലും ശക്തരായ സഖ്യകക്ഷികളുണ്ടായിരുന്നു. ആ സഖ്യകക്ഷികളോടെല്ലാം അയാള്‍ അവര്‍ക്കിടയിലെ പുതുവിശ്വാസികളെ തന്റെ മാര്‍ഗങ്ങളുപയോഗിച്ച് ഇസ്‌ലാമില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ടു. അബൂജഹ്‌ലിന്റെ പ്രേരണയിലാണ് അയാളുടെ ബന്ധുക്കള്‍ സാധുക്കളായ മൂന്നു വിശ്വാസികളെ അതിനിഷ്ഠുരമായി പീഡിപ്പിച്ചത്.

ഇസ്‌ലാമിന്റെ തികവുറ്റ മനോഹാരിത കണ്ടെത്തിയ യാസിറും സുമയ്യയും അവരുടെ പുത്രന്‍ അമ്മാറും കഠിനമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരായി. അവര്‍ ചെയ്ത കുറ്റമോ, ഇസ്‌ലാമിനെ തള്ളിപ്പറയാന്‍ കൂട്ടാക്കിയില്ല എന്നതും. അബൂജഹ്‌ലിന്റെയും കൂട്ടരുടെയും കരുണയുണങ്ങിപ്പോയ മനസ്സില്‍ ഉറവയെടുത്ത ക്രൗര്യങ്ങളുടെ അഴുക്കുചാലില്‍ മുങ്ങി സുമയ്യ രക്തസാക്ഷിയായി – ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷി.

ഈയിടെ അവതീര്‍ണമായ ദിവ്യസൂക്തങ്ങളില്‍ എടുത്തുപറഞ്ഞ ചെറുപ്പക്കാരുടെ കഥയില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിങ്ങള്‍ക്കെല്ലാം മാതൃകയുണ്ട്; പ്രതീക്ഷയുണ്ട്. തങ്ങളുടെ വിശ്വാസത്തിന്റെ സംരക്ഷണത്തിനായി വേലിയൊരുക്കാനായി സ്വന്തം വീടും നാടും വിട്ടിറങ്ങി ഗുഹയിലഭയം തേടി നിദ്രകൊണ്ട ചെറുപ്പക്കാര്‍ മക്കയിലെ മുസ്‌ലിംകള്‍ക്കും മാതൃകകളായി. വിശ്വാസികള്‍ ക്രൂരമായ പീഡനത്തിനു വിധേയനാകുന്നത് നബി കാണുന്നുണ്ട്. താന്‍ പലപ്പോഴും അവയില്‍ നിന്നെല്ലാം രക്ഷപ്പെടുന്നുണ്ടെങ്കിലും കൂടെയുള്ള ദുര്‍ബലരായ വിശ്വാസികളില്‍ പലരും അവയില്‍ നിന്നു രക്ഷനേടിയില്ല. ഒരു ദിവസം നബി അവരെ വിളിച്ചുവരുത്തി പറഞ്ഞു, “നിങ്ങള്‍ അബിസീനിയ ദേശത്തേക്കു പോവുക, അവിടെ ഒരു രാജാവുണ്ട്. അദ്ദേഹത്തിന്റെ അടുക്കൽ ആരും ദ്രോഹിക്കപ്പെടുന്നില്ല. സത്യം പുലരുന്ന നാടത്രെയത്. നിങ്ങളകപ്പെട്ടിരിക്കുന്നതിൽ നിന്ന് അല്ലാഹു ആശ്വാസം നല്‍കുന്നതുവരെ അവിടെ ജീവിക്കുക. അങ്ങനെയാണ് ചില വിശ്വാസികള്‍ അബിസീനിയയിലേക്ക് പലായനം ചെയ്യുന്നത് – ഇസ്‌ലാമിലെ ആദ്യത്തെ ഹിജ്‌റ.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.