
പ്രതീക്ഷ
വിഗ്രഹങ്ങള്‍ക്കും വിഗ്രഹമായ മഹാവിഗ്രഹമാണ് കുറയ്ഷിന് ഹുബല്‍. കഅ്ബക്കുള്ളില്‍ ദേവനായി ഹുബലിന് തുല്യം ഹുബൽ മാത്രം. മനുഷ്യരൂപത്തില്‍ മാണിക്യം കൊണ്ട് നിര്‍മിതമായ സവിശേഷ സ്ഥാനിയായിരുന്നു ഹുബല്‍. ഒരിക്കൽ ദേവന്റെ ഒരു കൈ പൊട്ടിപ്പോയി. അന്നേരം കുറയ്ഷ് സ്വര്‍ണം കൊണ്ടൊരു കയ്യുണ്ടാക്കി വെച്ചു പിടിപ്പിച്ചു. ദൂരദിക്കുകളില്‍ നിന്ന് ഹുബലിന്റെ സന്നിധാനത്തിലേക്ക് അറബികള്‍ തീര്‍ത്ഥാടകരായെത്തി.
അബ്ദുല്‍ മുത്തലിബ് ഒരിക്കല്‍ പോലും ഹുബലിനുമുമ്പില്‍ ഉപാസനകളര്‍പ്പിച്ചില്ല. അതിനു മുമ്പില്‍ മുട്ടുകുത്തിയില്ല. അതിനോട് പ്രാര്‍ത്ഥിച്ചില്ല. അതിനുമേല്‍ പുഷ്പാര്‍ച്ചന നടത്തിയില്ല. സർവ്വാധിനാഥനായ അല്ലാഹുവോടല്ലാതെ ഒരിക്കല്‍പോലും വയോധികന്‍ പ്രാര്‍ത്ഥിച്ചില്ല. കുറയ്ഷിന്റെ കണക്കില്‍, ഹുബല്‍, അനുഗ്രഹത്തിന്റെ തൊട്ടറിയാവുന്ന രൂപവും അഭയത്തിന്റെ അവസാനത്തെ സ്ഥാനവുമായിരുന്നു. എന്നിട്ടും അബ്ദുല്‍ മുത്തലിബ് ഹുബലിനെ പ്രസാദിപ്പിക്കാന്‍ മെനക്കെട്ടില്ല.
കഅ്ബയും അതിലെ മുഖ്യ പ്രതിഷ്ഠ ഹുബലുമല്ലാതെ അറേബ്യയില്‍ പവിത്രസ്ഥാനങ്ങള്‍ ഇനിയും ഏറെയുണ്ട്. ചില ‘ദൈവ’ങ്ങള്‍ ഹുബലിനോടൊപ്പം നിന്നപ്പോള്‍ മറ്റു ചിലവ ഹുബലിന്റെ ഏറെ താഴെ നിലകൊണ്ടു. ഹിജാസില്‍ ‘ദൈവത്തിന്റെ മൂന്നു മക്കള്‍’ എന്ന പേരിലറിയപ്പെടുന്ന മൂന്ന് ക്ഷേത്രങ്ങളും മൂന്ന് പ്രതിഷ്ഠകളും കഅ്ബക്കു പുറമെ പേരെടുത്തിരുന്നു. ‘ലാത്ത്-ഉസ്സാ-മനാത്ത്’ ത്രിമൂര്‍ത്തികളെ കുടിയിരുത്തിയ ദേവാലയങ്ങള്‍ അറബികളെ ആകര്‍ഷിച്ചു.
യഥ്‌രിബില്‍ ജനിച്ചുവളര്‍ന്ന മറ്റു അറബികളെപ്പോലെ അബ്ദുല്‍ മുത്തലിബും മനാത്തിനെ ആദരിച്ചു. യഥ്‌രിബ് മരുപ്പച്ചയുടെ പടിഞ്ഞാറ് ചെങ്കടല്‍ തീരത്താണ് മനാത്തിനെ പ്രതിഷ്ഠിച്ച ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്.
എന്നാല്‍ ത്രിമൂര്‍ത്തികളില്‍ കുറൈഷിന് താല്‍പര്യം നഖ്‌ല താഴ്‌വരയിലെ ഉസ്സയോടായിരുന്നു. മക്കയില്‍ നിന്ന് ഒരു ഒട്ടകദിനം തെക്കുമാറിയാണ് നഖ്‌ല താഴ്‌വര ഇനിയും ഒരു ദിവസത്തെ തെക്കോട്ടുള്ള യാത്ര, ഭക്തനെ കൊണ്ടെത്തിക്കുക താഇഫ് എന്ന ഹൃദയഹാരിയായ ഹരിത പീഠഭൂമിയിലാണ്. പേര്‍പ്പെറ്റ ഹവാസിന്‍ ഗോത്രത്തിന്റെ ഉപശാഖയായ ബനൂ സകീഫിന്റെ വാസസ്ഥാനമാണത്. അവിടെയാണ് ലാത്തിനെ പ്രതിഷ്ഠിച്ച ദേവാലയം.
മക്കയിലെ കുറയ്ഷികള്‍ക്ക് സമശീര്‍ഷരാണ് തങ്ങളെന്ന് ബനൂ സകീഫിന്നു തോന്നിയിരുന്നുവെങ്കിലും കുറയ്ഷികള്‍ക്കോ മറ്റ് അറബികള്‍ക്കോ അങ്ങിനെ തോന്നിയിരുന്നില്ല. എങ്കിലും കുറയ്ഷ് അവരെ തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമായിതന്നെ പരിഗണിച്ചാദരിച്ചു. അങ്ങനെ മക്കയും താഇഫും ഒരു നഗരജോടി തീര്‍ത്തുവെങ്കിലും വര്‍ഷത്തിലധികവും മഞ്ഞു വീഴുന്ന കോമളവും ഉര്‍വ്വരവുമായ താഇഫ് ഹിമശൃംഗങ്ങള്‍, പാറക്കല്ലുകള്‍ എഴുന്നുനില്‍ക്കുന്ന വന്ധ്യവും ഊഷരവുമായ മക്കാ മരുഭൂമിയോട് ഒരു തരം അസൂയ പുലര്‍ത്തിയിരുന്നു. കാരണം വ്യക്തം; മക്കയില്‍ ഹുബലിനെ പ്രതിഷ്ഠിച്ച കഅ്ബയോളം തങ്ങളുടെ ലാത്തിനെ പ്രതിഷ്ഠിച്ച ദേവാലയത്തിന് ശ്രദ്ധ കിട്ടുന്നില്ല.
കുറയ്ഷിന് ആരോടും അസൂയ പുലര്‍ത്തേണ്ടതുണ്ടായിരുന്നില്ല. അവര്‍ക്കുറപ്പായിരുന്നു, തങ്ങള്‍ ഭൂമിയുടെ ഒത്ത നടുവിലാണ് ജീവിക്കുന്നതെന്ന്. ലോകത്തെമ്പാടുമുള്ള ഭക്ത ഹൃദയങ്ങളെ ആകര്‍ഷിക്കാന്‍ കെല്‍പ്പുള്ള കാന്തവും അവരെ വിട്ടെങ്ങോട്ടും പോകുന്നില്ല. കഅ്ബ തങ്ങളുടെ സ്വന്തം മണ്ണിലുള്ളപ്പോള്‍ അവര്‍ ആരോട്, എന്തിന്റെ പേരില്‍ അസൂയപ്പെടണം! സമീപസ്ഥരായ അറബി ഗോത്രങ്ങളോട് കുറയ്ഷികള്‍ക്ക് വല്ലാതെ കലഹിക്കേണ്ടിയും വന്നില്ല. അബ്ദുല്‍ മുത്തലിബാണെങ്കില്‍ നല്ല നായകനായി ഗോപുരസമാനം അവര്‍ക്കിടയില്‍ നിലകൊള്ളുകയും ചെയ്തു.
മക്കയിലെത്തുന്ന തീര്‍ത്ഥാടകരുടെ ആതിഥേയന്‍ എന്ന നിലയില്‍ അബ്ദുല്‍ മുത്തലിബ് തന്റെ ഉത്തരവാദിത്തത്തിന്റെ മര്‍മമറിഞ്ഞു. മക്ക തങ്ങളുടെ സ്വന്തം വീടാണെന്ന് തീര്‍ത്ഥാടകര്‍ക്ക് അനുഭവവേദ്യമാകണം. അവര്‍ കൂടെ കരുതിയ സ്വന്തം ദേവന്മാരെ തീര്‍ത്ഥാടനത്തിനിടെ മക്കയില്‍വെച്ച് ആരാധിക്കുന്നതില്‍ ഒരു തരത്തിലുള്ള അസ്‌ക്യതയും കുറയ്ഷ് പ്രകടിപ്പിച്ചതുമില്ല.
വിഗ്രഹാരാധനക്കും അറബികള്‍ക്കിടയിലുണ്ടായിരുന്ന മറ്റാചാരമര്യാദകള്‍ക്കും ഒരേയൊരു ന്യായീകരണമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്; പാരമ്പര്യം എന്ന അതീവ ലളിതമായ ആദിയുക്തി. പ്രപിതാക്കളുടെ മഹിതമെന്നും നിസ്തുലമെന്നും അവര്‍ കരുതിയ പൂര്‍വ്വവാചാരങ്ങള്‍. തലമുറകളില്‍ നിന്നു തലമുറകളിലേക്കൊഴുതിയ പാരമ്പര്യത്തിന്റെ മഹാനദിയുടെ ഒഴുക്കിൽ യുക്തിയുടെ അണക്കെട്ടുകള്‍ തകര്‍ന്ന് തരിപ്പണമായി.
അബ്ദുല്‍ മുത്തലിബിന് ദൈവം എന്നാല്‍ ആ പരമമായ സത്യമായിരുന്നു. സംശയമെന്ത്, അല്ലാഹു! കുറയ്ഷികളാരാധിച്ച, ഖുസാഅയും ഹവാസിനും ആരാധിച്ച ദേവന്മാരെക്കാള്‍ വയോധികന്‍ ഇബ്‌റാഹിമീ മതവുമായാണ് താദാത്മ്യം പ്രാപിച്ചതും വിശ്വാസാചാരങ്ങളില്‍ അടുത്തു നിന്നതും.
അറബികളുടെ ആദിപിതാവ് ഇബ്‌റാഹീമിന്റെ അതിലളിതവും വളച്ചു കെട്ടുകളില്ലാത്തതുമായ മതത്തിന് എന്നും അറബികൾക്കിടയിൽ അനുയായികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. എണ്ണത്തില്‍ പരിമിതമായിരുന്നുവെങ്കിലും അവരുടെ സാന്നിധ്യം മക്കക്കാര്‍ക്കറിയാത്ത ഒന്നായിരുന്നില്ല. ആ മതത്തിന്റെ അനുയായികളധികവും സാത്വികരും സമാധാനപ്രിയരുമായിരുന്നതുകൊണ്ടാകാം അറബികള്‍ അവരുമായി കലഹിച്ചില്ല.
ഹുനഫാക്കള്‍ -അങ്ങനെയാണവരറിയപ്പെടുക- വിശ്വസിച്ചാചരിക്കുന്ന മതത്തെ ഒരു അപകടമായി അറബികള്‍ കണ്ടില്ലായിരിക്കാം. എന്നാല്‍ തിരിച്ച് ഹുനഫാക്കൾ അറബികളുടെ ആചാര രീതികളില്‍ ഉല്‍ക്കണ്ഠാകുലരും അസ്വസ്ഥരുമായി. ഇസ്‌റയേല്‍ മക്കളുടെ സുവര്‍ണ പശുക്കുട്ടിയെക്കാള്‍ ഒട്ടും അപകടം കുറവല്ല അറബികളുടെ വിഗ്രഹാരാധനയെന്നെ അന്ത:ചോദന അവരിലുണ്ടായിരുന്നു.
വിഗ്രഹാരാധനയുമായി എന്തെങ്കിലും തരത്തിലുള്ള ആദാനപ്രദാനങ്ങള്‍ക്ക് ഹുനഫാക്കള്‍ നിന്നു കൊടുത്തില്ല; നിന്നുകൊടുക്കേണ്ടതുമില്ല. വിഗ്രഹങ്ങളുടെ സാന്നിധ്യം മക്കയുടെ അന്തരീക്ഷത്തെ ദുഷിപ്പിച്ചുവെന്നവര്‍ കരുതി. ചിലരെല്ലാം കൃപാര്‍ദ്രമായ ഉപദേശങ്ങള്‍ കൊണ്ട് ദുഷിപ്പിച്ച ആരാധാനാരീതികളില്‍ നിന്ന് അവരെ വിലക്കാന്‍ ശ്രമിച്ചു. ഫലം, മക്കക്കാരുടെ കോപതാപങ്ങളേറ്റുവാങ്ങുക എന്നതായിരുന്നു. അതുകൊണ്ട് ബാക്കിയുള്ളവര്‍, വിഗ്രഹാരാധനയുമായി ഒരു നീക്കുപോക്കിന് സന്നദ്ധമായില്ലെങ്കിലും തുറന്നെതിര്‍ക്കാന്‍ പോയില്ല. ചകിതരും ഏകാകികളുമായി അവര്‍ ജീവിതത്തിന്റെ വിരസാവര്‍ത്തനങ്ങള്‍ ഏറ്റുവാങ്ങി.
ഹുനഫാക്കളുടെ ഗോത്രം നോക്കിയും അവര്‍ക്ക് ആദരമോ, അനാദരവോ, സ്വീകാരമോ, തിരസ്കാരമോ ലഭിച്ചുകൊണ്ടിരുന്നു. അബ്ദുല്‍ മുത്തലിബിന് പരിചയക്കാരായി നാലു ഹുനഫാക്കള്‍ മക്കയിലുണ്ടായിരുന്നു. അവരിലേറ്റവും ആദരീണയന്‍ വറകയായിരുന്നു; അസദ് ഗോത്രക്കാരനും തന്റെ പിതൃവ്യന്‍ നൗഫലിന്റെ മകനുമായ വറക. പൂര്‍വവേദങ്ങളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന വറക കൃസ്തുമത വിശ്വാസിയായിരുന്നു. ഒരു പ്രവാചകന്റെ ആഗമനം ആസന്നമായിരിക്കുന്നുവെന്ന് അന്നാട്ടിലെ കൃസ്ത്യാനികള്‍ മുഴുക്കെ വിശ്വസിച്ചു. ഈ വിശ്വാസം ലോകത്തെമ്പാടുമുള്ള കൃസ്ത്യാനികളില്‍ വ്യാപകമായിരുന്നില്ലെങ്കിലും, അതിനെക്കുറിച്ച് കിഴക്കന്‍ കനീസയുടെ പ്രധാനികള്‍ക്ക് നല്ല ധാരണയുണ്ടായിരുന്നു. അതേസമയം, മിശിഹായോടൊപ്പമേ പ്രവാചക പരമ്പര അവസാനിക്കൂ എന്ന് വിശ്വസിച്ചിരുന്ന യഹൂദര്‍ക്കായിരുന്നു ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ചുള്ള കൂടുതല്‍ പ്രതീക്ഷ. അവര്‍ ഏറക്കുറെ അതുറച്ചു വിശ്വസിക്കുകയും ചെയ്തു.
‘ഒരു പ്രവാചകന്‍ കയ്യെത്തും ദൂരത്തുണ്ട്’- അവരുടെ റബ്ബിമാര്‍ തറപ്പിച്ചു പറഞ്ഞു. അവരിലെ വിവേകികള്‍ അതംഗീകരിച്ചു. വേദങ്ങളില്‍ പ്രവചിക്കപ്പെട്ട അടയാളങ്ങളെല്ലാം വന്നെത്തി. എന്നിട്ടുമെന്തേ ഒരു പ്രവാചകന്‍ വരാത്തൂ! വന്നെത്തും, വരാതിരിക്കില്ല. ഒരു പ്രവാചകന്‍ ഈ തലമുറയുടെ കാഴ്ചവട്ടത്തില്‍ തന്നെയുണ്ട്. കണ്ണുള്ളവര്‍ക്ക് കാണാം. എന്നാല്‍, വാഗ്ദത്ത പ്രവാചകൻ, അവര്‍ ഉറച്ചുവിശ്വസിച്ചു, യഹൂദരില്‍ നിന്നു മാത്രമേ വരൂ. കാരണം, അവരാണ് തെരഞ്ഞെടുക്കപ്പെട്ട ജനത.
കൃസ്ത്യാനികള്‍, വറകയടക്കം, ഇതില്‍ സന്ദേഹികളാണ്. പ്രതീക്ഷിക്കപ്പെടുന്ന പ്രവാചകന്‍ എന്തുകൊണ്ട് അറബിയായിക്കൂടാ? അതിനെ എതിര്‍ക്കാൻ നിലനില്‍ക്കുന്നതായ ഒരു കാരണവുമില്ല. യഹൂദരെക്കാള്‍ ഒരു പ്രവാചകനെ ആവശ്യം ഇപ്പോള്‍ അറബികള്‍ക്കാണ്. ഒന്നുമില്ലെങ്കില്‍, യഹൂദർ ഇബ്‌റാഹീമീ മതം പിന്തുടരുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ. ഒരൊറ്റ ദൈവത്തെ ആരാധിക്കുന്നു. വിഗ്രഹാരാധനയൊട്ടില്ലതാനും. അവര്‍ യുക്തി ചികഞ്ഞെടുത്തു.
വ്യാജ ദൈവങ്ങളെ ആരാധിക്കുന്ന അറബികളെ അതില്‍ നിന്ന് മുക്തരാക്കാന്‍ ഒരു പ്രവാചകനല്ലാതെ ആര്‍ക്കാണാവുക! കഅ്ബക്കു ചുറ്റുമുള്ള വൃത്തത്തിനുള്ളില്‍ കുടിയിരിക്കുന്ന ദൈവങ്ങളുടെ എണ്ണം മുന്നൂറ്റി അറുപതാണ്. പുറമെ മക്കയിലെ ഓരോ വീട്ടിലും ഓരോ വിഗ്രഹം എന്ന കണക്കില്‍ വേറെയുമുണ്ട്.
അറബി ഒരു കാര്യത്തിന്നിറങ്ങിപ്പുറപ്പെടുമ്പോള്‍, വിശിഷ്യ, യാത്രക്കൊരുങ്ങുമ്പോള്‍ വീട്ടില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹത്തിന്നടുത്തെത്തി ആശിസ്സുകള്‍ തേടും. വീട്ടില്‍ തിരിച്ചെത്തിയാല്‍ ആദ്യം ചെയ്യുക ഈ ‘ദൈവത്തിന്’ നന്ദിയര്‍പ്പിക്കുകയാണ്. അറേബ്യ ഒന്നടങ്കം നിലകൊണ്ട ഈ പൊതുധാരയില്‍ നിന്ന് മക്കക്കാരാരും ഒഴിഞ്ഞു നിന്നിരുന്നില്ല.
നേരാണ്. മക്കയ്ക്കു തെക്ക് നജ്‌റാനിലും യമനിലും വടക്ക് സിറിയയുടെ അതിരുകളിലും അറബികളായ കൃസ്ത്യാനികള്‍ വസിച്ചിരുന്നു. എന്നാല്‍, മക്കക്കാര്‍ ക്രിസ്തുവിന്റെ ജനനത്തിന്റെ അഞ്ചു നൂറ്റാണ്ടുകള്‍ക്ക് ശേഷവും സുവിശേഷത്തെ തങ്ങളുടെ വിശ്വാസമായി സ്വീകരിച്ചില്ല, ക്രിസ്തുമതത്തോട് ശത്രുത പുലര്‍ത്തിയതുമില്ല. ക്രിസ്ത്യാനികള്‍ പലപ്പോഴും മക്കയില്‍ അബ്രഹാം പിതാവ് പണിത ആദി ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തി. മറ്റു തീര്‍ത്ഥാടകരെപ്പോലെ അവരും കുറയ്ഷികളുടെ അന്യാദൃശമായ ആതിഥ്യമര്യാദകളുടെ കുളിരറിഞ്ഞു. ഒരിക്കല്‍ ഒരു നസ്രാണിക്ക് കഅ്ബക്കുള്ളില്‍ പ്രവേശിക്കാനും അതിന്റെ ഉള്‍ചുമരുകളില്‍ കന്യാമറിയമിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രമെഴുതാനും അവര്‍ അവസരം നല്‍കി. കുറയ്ഷികളെ സംബന്ധിച്ചിടത്തോളം, കഅ്ബയുടെ വൈവിധ്യമാർന്ന വിഗ്രഹശേഖരത്തിലേക്ക് പുതിയ സംഭാവന എന്നതില്‍ കവിഞ്ഞ് ക്രിസ്തുമതവുമായി അതിന് എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നില്ല.
സാദാ അറബിയില്‍ നിന്ന് വ്യത്യസ്തനായി, വറക സാക്ഷരനായിരുന്നു. വേദങ്ങള്‍ വായിക്കുകയും അവ ആഴത്തില്‍ മനസ്സിലാക്കുകയും മതതത്ത്വങ്ങളില്‍ പാണ്ഡിത്യം നേടുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ, ”സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിനും വഴി നടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കുകയും വരുവാനുള്ളത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യും.” എന്ന ക്രിസ്തുവിന്റെ വാഗ്ദാനം ഇനിയും പുലരേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു.
വറക, സഹോദരി കുതൈലയോട് ഇക്കാര്യം സംസാരിച്ചു. സഹോദരന്റെ വാക്കുകള്‍ അവരില്‍ വല്ലാത്ത സ്വാധീനമാണുണ്ടാക്കിയത്. പ്രതീക്ഷിക്കപ്പെടുന്ന പ്രവാചകനെക്കുറിച്ച് അവര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ആ പ്രവാചകൻ അവര്‍ക്കിടയില്‍ ജനിച്ചു കഴിഞ്ഞിരിക്കുമോ?
(ഇത് ചരിത്രരേഖയല്ല, ചരിത്രത്തിന്റെ ആസ്വാദനം മാത്രമാണ്.)
looks like an exaggerated tales, without authentic sources