
കാലുഷ്യങ്ങൾ
മുഹമ്മദ് ആഭിചാരക്കാരനോ, കവിയോ, ഗണികനോ, ചിത്തരോഗിയോ അല്ലെന്ന് വലീദിന്റെ തുറന്ന് പറച്ചിലോടെ മക്കക്കാർക്ക് നിസ്സന്ദേഹം ബോധ്യമായിക്കഴിഞ്ഞിരുന്നു. അധികാരമടക്കം മുഹമ്മദിന് ഭൗതികമായ മറ്റു ലക്ഷ്യങ്ങളൊന്നുമില്ലെന്ന് ഉത്ബ ബിൻ റബീഅയുടെ പരാജയപ്പെട്ട ദൗത്യത്തിനു പിന്നാലെതന്നെ അവർക്ക് ബോധ്യമായതാണ്. കുർആൻ വചനങ്ങളുടെ മാസ്മരികതയാകട്ടെ, മക്കാദേശത്തിന്റെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുമുണ്ട്. പുതിയ പുതിയ ഹൃദയങ്ങളിലേക്ക് ചാലിട്ടൊഴുകി അവിടം വിശ്വാസത്തിന്റെ മരുപ്പച്ചയാക്കുകയാണ് ദിവ്യവാക്യങ്ങൾ.
“മറ്റൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു.” കുറയ്ഷീ പ്രമാണി സംഘത്തിലെ പ്രമുഖാംഗം നദ്ർ ബിൻ അൽഹാരിസ് ഗാഢമായി ചിന്തിച്ചു. വലീദിന്റെ വെളിപ്പെടുത്തലിൽ അയാൾക്കും സംശയമൊന്നുമില്ല. സമൂഹം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ട ഉത്തരവാദിത്തം സ്വയമേറ്റെടുത്തിരുന്ന അയാളുടെ മനസ്സിൽ പുതിയൊരു വഴി ചുരുൾനിവരുന്നുണ്ട്.
നദ്ർ ഇറാക്കിലെ ഹീറയിലേക്ക് യാത്രയായി. അവിടെ അയാൾ പേർഷ്യയിലെ രാജക്കന്മാരുടെയും രാജകുമാരന്മാരുടെയും വിശേഷങ്ങൾ കേട്ടു. റുസ്തമിന്റെയും അസ്ഫന്ദിയാറുടെയും കഥകൾ ഹൃദിസ്ഥമാക്കി. അവരുടെ പൂർവ്വപിതാക്കളുടെ നിരർത്ഥകമായ രാക്കഥകൾ ആസ്വദിച്ചു. അയാൾ യാത്ര തുടർന്നു. ശാം ദേശത്തെത്തി. യഹൂദ റബ്ബിമാരുമായും ക്രൈസ്തവ പുരോഹിതന്മാരുമായും വേദപണ്ഡിതരുമായും കൂടിക്കാഴ്ചകൾ നടത്തി. തോറയിൽ നിന്നും ഇഞ്ജീലിൽ നിന്നുമുള്ള പാഠങ്ങൾക്ക് ചെവിയോർത്തു. പലപല സദസ്സുകളിൽ ചെന്ന് ഗീതകങ്ങൾ ചൊല്ലിപ്പഠിച്ചു, കഥാ സരസ്സിൽ നിന്ന് ആവോളം അകത്താക്കി.
കഥകളുടെയും ഗീതകങ്ങളുടെയും വിശേഷങ്ങളുടെയും നിറഞ്ഞ ആവനാഴിയുമായയാൾ തിരികെ മക്കയിലെത്തി. ദാറുന്നദ്‌വയിലും കുറയ്ഷികളുടെ സൊറക്കൂട്ടത്തിലും കഅ്ബയുടെ ചാരെയുള്ള വിശേഷപ്പെട്ടവരുടെ സദസ്സിലും ചെന്ന് പ്രത്യേക അംഗവിക്ഷേപങ്ങളോടെ തന്റെ കഥകളുടെയും ഗീതകങ്ങളുടെയും ചെപ്പുകൾ തുറന്നു. കേൾവിക്കാരുടെ കണ്ണുകൾ അത്ഭുതത്തിൽ വിടരുന്നത് കണ്ട് പതഞ്ഞുപൊങ്ങിയ അഹന്തയിൽ നദ്ർ ബിൻ അൽഹാരിസ് മണ്ടത്തരം വിളമ്പി, “എന്നെക്കാൾ നല്ല കാഥികനൊന്നുമല്ല മുഹമ്മദ്.”
നദ്റിന്റെ പരിഹാസ്യമായ പാഴ് വേലയെ കുർആൻ ഇങ്ങനെ പരാമർശിച്ചു, “അറിവേതുമില്ലാതെ, ദൈവമാർഗത്തിൽ നിന്ന് തെറ്റിച്ചുകളയാനും അതിനെ പരിഹാസ്യമാക്കാനുമായി കളിയായ വർത്തമാനങ്ങൾ വില കൊടുത്ത് വാങ്ങുന്നവരുണ്ട് മനുഷ്യരിൽ. നിന്ദ്യമായ ശിക്ഷയാണവർക്കുള്ളത്.” ഒരു കൗതുകത്തിനപ്പുറം മക്കക്കാരിൽ അയാളുടെ കഥാകഥനങ്ങളോ, ഗീതകങ്ങളോ സ്വാധീനമൊന്നും ഉളവാക്കുകയുണ്ടായില്ല.
വിള്ളൽവീണ മൺചിറപോലെ, ഒരു ഭാഗം കൈത്തലം കൊണ്ട് പൊത്തിപ്പിടിച്ച് ചോർച്ച തടയാൻ ശ്രമിക്കുമ്പോൾ ഒന്നിനു പത്തെന്ന തോതിൽ പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട് ജലം ചോർന്നുപോകുന്നതു പോലെ സ്വധർമ്മത്തെയും ജനതയെയും വിട്ട് മുഹമ്മദിന്റെ പക്ഷം ചേരുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു.
വായനക്കാരാ, നിങ്ങളോർക്കുന്നോ, അതിനിടയിൽ ഇങ്ങനെയൊരു ചരിത്ര സന്ദർഭം കടന്നുപോയിട്ടുണ്ട്.
പ്രവാചകന്റെ പുത്രിമാരായ റുകയ്യയെയും ഉമ്മുകുല്‍സൂമിനെയും വിവാഹം ചെയ്തിരുന്നത് അബൂലഹബിന്റെയും ഉമ്മുജമീലിന്റെയും മക്കളായ ഉത്ബയും ഉതൈബയുമായിരുന്നു. മുഹമ്മദ് തങ്ങളുടെ സാമ്പ്രദായിക മതത്തെ ഭര്‍ത്സിക്കുകയും അതില്‍നിന്ന് സ്വയം തെറിച്ചു പോയി പൂര്‍വ്വപിതാക്കള്‍ക്ക് കളങ്കം വരുത്തിവെക്കുകയും ചെയ്ത സാഹചര്യത്തില്‍ കുലധര്‍മത്തിന്റെ കാവല്‍ നായായി സ്വയം തോന്നുന്ന അബൂലഹബിന്റെയും അയാളുടെ ഭാര്യ ഉമ്മുജമീലിന്റെയും ശഠബുദ്ധിയിൽ പ്രതികാരമായി തെളിഞ്ഞത് ഉത്ബയും ഉതൈബയും താന്താങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്ത് മുഹമ്മദിന്റെ വീട്ടിലേക്ക് തിരിച്ചയക്കുക എന്നതായിരുന്നു. തങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനും ഞെരിച്ചുടക്കാനും പുഴക്കിയെറിയാനും ശ്രമിക്കുന്ന മുഹമ്മദിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് അവരുടെ വീട്ടില്‍ സ്ഥാനമില്ല. ഉത്ബ-ഉതൈബമാർ പൂച്ചക്കുട്ടികളെപ്പോലെ മാതാപിതാക്കളുടെ ഇംഗിതം നിറവേറ്റുകയും ചെയ്തു. പ്രവാചകനും പത്‌നിയും മനസ്സു വിഷമിച്ചു. ഖദീജയുടെ മനസ്സിലെ അറ്റമില്ലാത്ത ദുഃഖതടങ്ങളില്‍ അഗാധമായ നിശ്ശബ്ദത വാഴ്ച കൊണ്ടു. അവര്‍ അല്ലാഹുവിന്റെ അപരിമേയമായ കാരുണ്യങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചു.
ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച് സ്വന്തം പെണ്‍മക്കള്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മുഹമ്മദും പത്നിയും അനുഭവിക്കുന്ന വേദനക്കും ഉതിര്‍ക്കുന്ന രോദനത്തിനും വേണ്ടി കാതു വട്ടം പിടിച്ചിരുന്ന ഉമ്മുജമീലിന് സ്വസ്ഥത നഷ്ടപ്പെട്ടു. ഏറ്റവും പുതുതായി പുറത്തുവരുന്ന വാര്‍ത്തയില്‍ ആ സ്ത്രീയുടെ ഉള്ളം പിടഞ്ഞു. കേട്ടത് ശരിയാകരുതേ എന്ന് ആഗ്രഹിച്ചു പോകുന്ന സന്ദർഭം. ധനാഢ്യനായ തന്റെ പിതൃവ്യപുത്രന്‍ ഉസ്മാന്‍; ഉമയ്യാ വംശത്തിലെ അഫ്ഫാന്റെ പുത്രന്‍ ഉസ്മാന്‍ റുകയ്യയെ വിവാഹമന്വേഷിക്കുന്നുവത്രെ! ജീവിതത്തിന്റെ ആഴമേറിയ ഖനികളില്‍ നിന്ന് മഹത്വം കുഴിച്ചെടുത്തോര്‍ തുലോം പരിമിതമാണ്. ഉസ്മാന്‍ അക്കൂട്ടത്തിലുള്‍പ്പെടുന്നു. ധനാഢ്യന്‍ മാത്രമല്ല ഉസ്മാന്‍, ചുറുചുറുക്കുള്ള യുവാവും ചാഞ്ചല്യമേശാത്ത വിശ്വാസിയുമാണ്.
പ്രവാചകനും പത്‌നി ഖദീജക്കും ഈ വിവാഹം എത്രമാത്രം ആനന്ദദായിയായിരുന്നെന്നോ! വെല്ലുവിളികള്‍ നിറഞ്ഞുനിന്ന അവരുടെ ജീവിതത്തിലേക്ക് പരുക്കന്‍ കാല്‍വെപ്പുകളുമായി കടന്നുവന്ന പ്രതിസന്ധി തെന്നൽപോലെ കടന്നുപോയി. വിവാഹം നടന്നു. റുകയ്യ സന്തുഷ്ടയായിരുന്നു, മുഹമ്മദും ഖദീജയും സന്തുഷ്ടരായിരുന്നു. തങ്ങളുടെ പുതിയ മരുമകന്‍ മുസ്‌ലിമാണ്. ബാക്കി അദ്ദേഹത്തിന്റേതായി എന്തു ഗുണങ്ങളുണ്ടെങ്കിലും അവയെല്ലാം അധിക യോഗ്യതകളാണ്. ഇനിയുമൊരു കാര്യം, റുകയ്യ മക്കയിലെ തന്റെ സമപ്രായക്കാര്‍ക്കിടയില്‍ ഏറ്റവും സുന്ദരിയായിരുന്നു, ഉസ്മാന്‍ സുന്ദരനും. ആകാശത്തിലിരിക്കുന്നവന്റെ ആശിസ്സുകളില്‍ ഇരുവരും ഒരുമിച്ചതില്‍ അടുത്തവര്‍ക്കൊക്കെ സന്തോഷം.
അബൂതാലിബിന്റെ മൂത്ത മക്കളായ താലിബും അകീലും തങ്ങളുടെ സഹോദരങ്ങളായ അലിയുടെയും ജഅ്ഫറിന്റേയും പാത പിന്തുടരുകയോ മുസ്‌ലിംകളാവുകയോ ചെയ്തില്ല. അവര്‍ പിന്തുടര്‍ന്നത് പിതാവ് അബൂതാലിബിനെയായിരുന്നു; ഇസ്‌ലാം സ്വീകരിച്ചില്ല, അതേസമയം, പ്രവാചകനെ വെറുക്കുകയോ കൈയൊഴിയുകയോ ചെയ്തതുമില്ല.
ഇവരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നല്ലോ അവരുടെ പിതൃവ്യന്‍ അബൂലഹബിന്റെ നിലപാട്. ഗോത്ര സജാതീയത്വത്തിന്റെ പേരിലെങ്കിലും അയാള്‍ പ്രവാചകനെ തുണച്ചില്ലെന്നു മാത്രമല്ല പാരമ്പര്യത്തിന്റെ അള്‍ത്താരയില്‍ ജനിതക ബന്ധങ്ങളുടെ പവിത്രമായ സ്‌നേഹവാത്സല്യങ്ങളെ അയാള്‍ ബലി കൊടുക്കുകയും ചെയ്തു. അടുത്തിട കുറയ്ഷ് നേതാക്കളുമായി നബി നടത്തിയ അന്യോന്യത്തിനു ശേഷം അയാള്‍ പ്രവാചകനോടുള്ള തന്റെ ശത്രുത ഇരട്ടിയാക്കിയിട്ടുണ്ട്. അയാളുടെ ഭാര്യ, അബൂസുഫ്‌യാന്റെ സഹോദരി, ഉമ്മുജമീൽ അവർക്കിടയിലെ ശത്രുതയെ തന്റേതായ വഴിയിൽ പെരുപ്പിച്ചു.
പ്രവാചകന്റെ അമ്മായി അര്‍വ ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഉചിതമായ സമയം കാത്തിരിക്കുകയാണവര്‍. പതിനഞ്ചുകാരനായ അവരുടെ മകന്‍ തുലയ്ബ് പക്ഷേ അവരുടെ ഇസ്‌ലാമിക പ്രവേശം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിച്ചില്ല. ഇയ്യിട അര്‍കമിന്റെ വീട്ടില്‍ച്ചെന്ന് തന്റെ വിശ്വാസ ഘോഷണം നടത്തിയ ആവേശത്തിലാണ് തുലയ്ബ്.
മുസ്‌ലിങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും തുലയ്ബ് ഉമ്മയോടു സംസാരിച്ചു. അവരുടെ മനം നൊന്തു. ”പുരുഷന്മാര്‍ക്കുള്ളതുപോലെ ശക്തിയും കരുത്തുമുണ്ടായിരുന്നുവെങ്കില്‍ സഹോദര പുത്രനെ ഇതില്‍ നിന്നെല്ലാം ഞാൻ സംരക്ഷിച്ചു നിര്‍ത്തിയേനെ.” ഉമ്മയുടെ അഴകൊഴമ്പന്‍ മറുപടിയില്‍ തുലയ്ബ് സംതൃപ്തനാകുന്നില്ല. ”ഇസ്‌ലാം സ്വീകരിച്ച് നിങ്ങളുടെ സഹോദരപുത്രന്റെ പാത പിന്തുടരുന്നതില്‍ നിന്ന് നിങ്ങളെ തടഞ്ഞുനിര്‍ത്തുന്നതെന്ത്? നിങ്ങളുടെ സഹോദരന്‍ ഹംസയും അങ്ങനെ ചെയ്തിട്ടുണ്ടല്ലോ”- അവൻ ചോദിച്ചു. സഹോദരിമാരുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് താന്‍ എന്ന അവരുടെ സ്ഥിരം ഒഴികഴിവ് അപ്പോഴും അവതരിപ്പിച്ചു. മകന്‍ വിട്ടില്ല, ”അല്ലാഹുവിന്റെ പേരില്‍ ഞാന്‍ നിങ്ങളോടപേക്ഷിക്കുകയാണ്. നിങ്ങള്‍ നബിയുടെ അടുത്തെത്തി അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്ന സത്യവാക്യം ഉരുവിടണം.”
ശരിയാണ്, എത്രകാലം ഇങ്ങനെ നീട്ടിക്കൊണ്ടു പോകും? അര്‍വ മകന്റെ വാക്കുകള്‍ ചെവിക്കൊണ്ടു. നേരെ പ്രവാചകന്റെ അടുത്തെത്തി വിശ്വാസ പ്രഖ്യാപനം നടത്തി. പ്രവാചകനെ ഉപദ്രവിക്കുന്നതു പതിവാക്കിയ സ്വന്തം സഹോദരന്‍ അബൂലഹബിനെ വഴിയില്‍ കണ്ടപ്പോള്‍ അയാളെ പിടിച്ചുനിര്‍ത്തി വേണ്ടുവോളം ശകാരിക്കുകയും ശാസിക്കുകയും ചെയ്തു.
ഖദീജയുടെ അര്‍ധ സഹോദരന്‍ നൗഫല്‍ ഇസ്‌ലാമിനെക്കുറിച്ച് കേട്ടറിഞ്ഞതും ആ മതത്തിന്റെ, മാന്യതയൊട്ടുമില്ലാത്ത വിമര്‍ശകനും അതിന്റെ കടുത്ത എതിരാളിയുമായി. എന്നാല്‍, അയാളുടെ പുത്രന്‍ അസ്‌വദിന് ഇസ്‌ലാമിലേക്കുള്ള തന്റെ പാതയില്‍ പിതാവിന്റെ നിലപാട് ഒരു തടസ്സമായില്ല. സഹോദരന്‍ വെച്ചുപുലര്‍ത്തുന്ന ശത്രുത തന്റെ മനസ്സിലുളവാക്കിയ ഖേദദുഃഖങ്ങള്‍ സഹോദരപുത്രന്റെ ഇസ്‌ലാമാശ്ലേഷം നികത്തിയതായി അവര്‍ക്കു തോന്നി.
അവര്‍ക്ക് കടുത്ത വേദന സമ്മാനിച്ചത് ഭാഗിനേയനും മകള്‍ സെയ്‌നബിന്റെ ഭര്‍ത്താവുമായ അബുല്‍ ആസ്വിന്റെ നിലപാടാണ്. സെയ്‌നബ് മുസ്‌ലിമായിക്കഴിഞ്ഞിരുന്നുവെങ്കിലും അബുല്‍ ആസ്വ് വിശ്വാസിയാകാന്‍ സന്നദ്ധനായിരുന്നില്ല. ഇപ്പോള്‍ അബുല്‍ ആസ്വിന്റെ വംശമായ അബ്ദ് ശംസുകാരെല്ലാം ചേര്‍ന്ന് സെയന്ബിനെ ഒഴിവാക്കാന്‍ അയാളെ നിര്‍ബ്ബന്ധിക്കുകയാണ്. അബൂലഹബിന്റെ മക്കള്‍ ഉത്ബയും ഉതൈബയുമാണ് അവരുടെ യോഗ്യരായ മാതൃകകള്‍, മക്കയിലെ ഏറ്റവും ധനികയും സുന്ദരിയുമായ ഒരുത്തിയെ പകരമായി അവര്‍ അദ്ദേഹത്തിനു നല്‍കുകയും ചെയ്യും. പക്ഷേ, അബുല്‍ ആസ്വിന്റെ ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്നത് സെയ്‌നബിനോടുള്ള സ്‌നേഹത്തിന്റെ ബലിഷ്ഠ കവചമാണ്. ആ കവചം ഭേദിച്ച് അവരെത്തമ്മില്‍ വേര്‍പ്പെടുത്താന്‍ കുടുംബക്കാര്‍ക്ക് സാധിക്കില്ല. പ്രിയതമനും തന്നോടൊപ്പം വന്നെങ്കില്‍ എന്ന് സെയ്‌നബ് അതിയായി ആഗ്രഹിച്ചു അതിന്നായി പ്രാര്‍ത്ഥിച്ചു. വ്യാകുലമായ കാത്തിരിപ്പ് തുടരുകയും ചെയ്തു. സെയ്‌നബിനെ ഒഴിവാക്കാനായി വീണ്ടും വീണ്ടും അബുല്‍ ആസ്വിനെ കുടുംബക്കാര്‍ ശല്യം ചെയ്തു. നിനക്ക് നല്ലൊരു കുടുംബത്തില്‍ നിന്നുള്ള ഒരു സുന്ദരിയെ വിവാഹം ചെയ്തുകൂടേ എന്ന അവരുടെ സംസാരത്തിന്റെ മുഖവുരയില്‍ തന്നെ കേറിപ്പിടിച്ച് അബുല്‍ ആസ്വ് തുറന്നടിച്ചു, ”എനിക്ക് മനസ്സിനിണങ്ങിയ ഒരു ഭാര്യ ഇപ്പോള്‍ത്തന്നെ ഉണ്ടല്ലോ, പിന്നെന്തിനാണ് മറ്റൊരുത്തി?”
ഖദീജയുടെ മറ്റൊരു സഹോദരപുത്രന്‍, ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ക്ക് സെയ്ദിനെ സമ്മാനിച്ച ഹിസാമിന്റെ പുത്രന്‍ ഹകീം, അബുല്‍ ആസ്വിനെപ്പോലെ തന്നെ അമ്മായിയോടുള്ള സ്‌നേഹാദരങ്ങള്‍ നിലനിര്‍ത്തി. അതേസമയം കുറയ്ശികളുടെ ദൈവങ്ങളെ തള്ളിപ്പറഞ്ഞതുമില്ല. എന്നാല്‍ ഹകീമിന്റെ സഹോദരന്‍ ഖാലിദ് വിശ്വാസിയാവുകയും ചെയ്തു.
തളിരിടുന്ന വിശ്വാസത്തിന്റെ പുതു മുകുളങ്ങളോട് കാലം എന്തു ചെയ്തുവെന്ന് ഇനിയും കാണാനിരിക്കുന്നേയുള്ളൂ
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.