
ഗോത്രപ്പെരുമ
കുറയ്ഷ് ഒത്തുകൂടുന്ന ദാറുന്നദ്‌വയിലെ ഇയ്യടുത്തായുള്ള കൂടിച്ചേരലുകൾക്കും ചർച്ചകൾക്കും പതിവില്ലാത്ത ഗൗരവമുണ്ട്. പ്രവാചകന്റെ പിതൃവ്യൻ അബൂലഹബും അബൂജഹ്‌ലിന്റെ പിതൃവ്യൻ വലീദ് ബിൻ മുഗീറയുമടങ്ങുന്ന കുറയ്ഷി പ്രമുഖരുടെ സംഘം അടക്കിപ്പിടിച്ച സംസാരത്തിലേർപ്പെട്ടിരിക്കുന്നു. മുഖത്തെ വലിഞ്ഞു മുറുകിയ പേശികൾ പറയും സംഘാംഗങ്ങൾ എന്തുമാത്രം വ്യഥിതരും വ്രണിതരുമാണെന്ന്. ഗാഢമായ ശോകച്ഛവി സദസ്സിനെ ചൂഴ്ന്നു നിന്നു. കൂടിയിരുത്തത്തിന്റെ ഉപസംഹാരമെന്നോണമുള്ള വലീദിന്റെ പതിഞ്ഞ സംസാരം അവർ സാകൂതം ശ്രവിച്ചു.
“കുറയ്ഷികളേ, തീർത്ഥാടന കാലം വന്നണഞ്ഞുവല്ലോ. അറബ് തീർത്ഥാടക സംഘങ്ങൾ നിങ്ങളെ സമീപിക്കും. നമ്മുടെ ചങ്ങാതിയുടെ കാര്യം അവരും കേട്ടിട്ടുണ്ടാകുമല്ലോ. അതിനാൽ അയാളുടെ കാര്യത്തിൽ ഒറ്റ അഭിപ്രായമേ നമ്മുടേതായി ഉണ്ടാകാവൂ, ഭിന്നതയരുത്. ഒരാൾ പറഞ്ഞത് കളവാണെന്ന് മറ്റൊരാളുടെ വാക്കുകളിൽ നിന്ന് വിദൂര ദിക്കുകളിൽ നിന്നുള്ള അപരിചിതരായ തീർത്ഥാടകർ മനസ്സിലാക്കാനിടവരരുത്, ഒരാൾ പറഞ്ഞത് മറ്റൊരാളുടെ വാക്കുകളാൽ റദ്ദായിപ്പോകയുമരുത്.”
“താങ്കൾ തന്നെ ഒരഭിപ്രായം പറയൂ അബൂ അബ്ദ് ശംസ്, നമ്മളെന്തു ചെയ്യും?” അബൂലഹബ് ആവശ്യപ്പെട്ടു.
“നിങ്ങൾ പറയൂ, ഞാൻ കേൾക്കാം.”
“അവൻ ഒരു ഗണികനാണെന്ന് പറഞ്ഞു പരത്തിയാലോ?” അബൂലഹബ് ചോദിച്ചു.
“അല്ല, അയാൾ ഗണികനല്ല, ഗണികരെ നാമെത്രയോ കണ്ടതല്ലേ, താങ്കളുടെ സഹോദരപുത്രൻ ഉരുവിടുന്ന വചനങ്ങളൊന്നും ഗണികന്റെ പ്രലപനങ്ങളല്ല, അബൂ ഉത്ബാ.”
“ഉന്മാദിയാണെന്ന് പറഞ്ഞാലോ?” – വലിയ ഏതോ ആശയമെന്ന പോലെ അബൂലഹ്ബ് പറഞ്ഞു.
“ഉന്മാദിയോ! അയാൾ ഉന്മാദിയൊന്നുമല്ല. ഉന്മാദത്തിന്റെയും വിഭ്രാന്തിയുടെയും വകഭേദങ്ങൾ നാം കുറെ കണ്ടതാണ്, മുഹമ്മദിനെ നമുക്കറിയുകയും ചെയ്യാം. ഉന്മാദത്തിന്റെ യാതൊരു അടയാളവും അയാളിലില്ല.”
“എന്നാൽ കവിയാണെന്ന് പറയാം.”
“അബൂ ഉത്ബാ, കവിതയുടെ ഏത് വിശദാംശങ്ങളാണ് എനിക്കറിയാത്തതായുള്ളത്? അതിലെ വൃത്തങ്ങളും പ്രാസങ്ങളും, ലഘുവും ഗുരുവും എന്നെക്കാൾ അറിയുന്നവരാരുണ്ട്! ഒരു കാര്യം ഉറപ്പിച്ചു പറയാനാകും, അയാൾ കവിയല്ല.” – വലീദ് ശിഷ്ട സന്ദേഹങ്ങളെ വടിച്ചുതുടച്ചു.
“മാരണക്കാരൻ എന്ന് പറഞ്ഞാലോ?”
“മിണ്ടാതിരി, അയാൾ മാരണക്കാരനുമല്ല.”
നിരാശ നുരഞ്ഞുപൊങ്ങിയ ആ നിമിഷത്തെ വേദനയിൽ കുറയ്ഷിത്തലയാൾക്കൂട്ടം ചോദിച്ചു, “പിന്നെ നാമെന്തു പറയും അബൂ അബ്ദ് ശംസ്?”
വലീദ് ഭാരിച്ച തന്റെ ശരീരം ഒന്ന് ഇളക്കി പ്രതിഷ്ഠിച്ചു. തൊണ്ട ശരിപ്പെടുത്തി. വിദൂരതയിൽ നിന്ന് വന്നെത്തുന്നതെന്ന പോലെ ഗഹ്വരമായ ശബ്ദത്തിൽ അയാൾ പറഞ്ഞു, “മുഹമ്മദിന്റെ വാക്കുകൾക്കൊരു മധുരിമയുണ്ട്, നിങ്ങളിപ്പറഞ്ഞ എന്തെങ്കിലും അയാളിൽ ആരോപിക്കുന്ന നിമിഷം കേൾവിക്കാരന് മനസ്സിലാകും പൊളിയാണതെന്ന്.”
“പിന്നെ?” നിരവധി ജോടി കണ്ണുകൾ വികസിച്ചു.
“വേണമെങ്കിൽ… നാം പറയാറുള്ള പോലെ, മകനെ പിതാവിൽ നിന്നും, സഹോദരനെ സഹോദരനിൽ നിന്നും, ഭർത്താവിനെ ഭാര്യയിൽ നിന്നും, വ്യക്തിയെ കുടുംബത്തിൽ നിന്നും അകറ്റിമാറ്റുന്ന ജാലവിദ്യക്കാരനയാൾ എന്ന് പറയുന്നതായിരിക്കും അയാളെക്കുറിച്ച് പറയാവുന്ന ഏറ്റവും വിശ്വസനീയമായ കാര്യം.” – വലീദ് അന്തിമവിധി പുറപ്പെടുവിച്ചു.
ദിനങ്ങൾ പതിവിലും പതുക്കെ കടന്നുപോയി. പുതിയ പ്രഭാതങ്ങൾ പിറവികൊള്ളുകയും അസ്തമയങ്ങളുടെ ചിതയിൽ എരിഞ്ഞമരുകയും ചെയ്തു. പ്രവാചകന് അനുയായികള്‍ വര്‍ധിച്ചു. എന്നാൽ, അവരിലധികപേരും പ്രായേണ ദുര്‍ബലരും സമൂഹത്തിലെ പ്രാന്തസ്ഥാനീയരുമായിരുന്നു. ഓരോ പുതുവിശ്വാസിയെയും വേറെവേറെ എടുത്തു നോക്കൂ. പലപ്പോഴും, ഒരടിമ അല്ലെങ്കില്‍ ഒരു വിമുക്ത അടിമ. അതുമല്ലെങ്കില്‍ മക്കയുടെ അരുകിൽ നിന്നുള്ള ഒരു കുറയ്ഷി. ഇനിയുമൊരു കൂട്ടര്‍ കുറയ്ഷികളായ യുവതീയുവാക്കളാണ്. സ്വാധീനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നുവെങ്കില്‍പ്പോലും സ്വന്തം നിലയില്‍ പറയത്തക്ക സ്വാധീനം ഈ ചെറുപ്പക്കാര്‍ക്കുണ്ടായിരുന്നില്ല. അവരുടെ ഇസ്‌ലാമാശ്ലേഷണം പിതാക്കളെയും കുടുംബക്കാരെയും കൂടുതല്‍ അരിശം കൊള്ളിച്ചതേയുള്ളൂ. മകനെ, അഥവാ മകളെ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയമാക്കിയ ഇസ്‌ലാമിനോടുള്ള അവരുടെ ശത്രുത പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്തു.
ഇപ്പറഞ്ഞതിനെല്ലാം അപവാദങ്ങളുണ്ട്. ഔഫിന്റെ പുത്രന്‍ അബ്ദുറഹ്മാനും അബ്ദുല്‍ മുത്തലിബിന്റെ പുത്രന്‍ ഹംസയും അര്‍കമിന്റെ പുത്രന്‍ അര്‍കമുമെല്ലാം സ്വാധീനവും പണവുമുള്ള ചെറുപ്പക്കാരാണ്. എന്നാല്‍ അവരാരും അറബികളുടെ നേതൃത്വത്തിന്റെ ജലപ്പരപ്പിലേക്ക് ഇതുവരെ ഉയർന്നുവന്നിട്ടില്ല എന്നല്ല, അതിനടുത്തുപോലുമില്ല.
പ്രവാചകന്റെ മനസ്സിൽ തിരതല്ലിയ പ്രതീക്ഷയുടെ നിശ്ശബ്ദ പ്രവാഹം നിലച്ചതേയില്ല. സ്വാധീനവും ശക്തിയുമുള്ള കുറയ്ഷി നേതാക്കള്‍ ആരെങ്കിലും ഉടന്‍ ഇസ്‌ലാമിലേക്കു വരുമെന്നദ്ദേഹം കണക്കുകൂട്ടി, അഥവാ,
വന്നെങ്കിലെന്നാഗ്രഹിച്ചു.
പ്രിയങ്കരനായ പിതൃവ്യന്‍ അബൂതാലിബ് പോലും ഇസ്‌ലാമിനോടു താല്‍പര്യം കാണിച്ചില്ല എന്നത് അദ്ദേഹത്തെ നിരാശപ്പെടുത്തിയതുമില്ല. ഇസ്‌ലാമിനോടുള്ള കുറയ്ഷികളുടെ പരാങ്മുഖത അധികകാലം നിലനില്‍ക്കാന്‍ പോകുന്നില്ലെന്നദ്ദേഹം കരുതി. ശതഭാസ്‌കര ശക്തിയോടെ ഉജ്ജ്വലമായി പ്രകാശിക്കുന്ന ഭാസുര വിശ്വാസത്തെ അധിക കാലം കൈത്തലം കൊണ്ട് തടുത്തു നിര്‍ത്തുവാനവര്‍ക്ക് സാധിക്കില്ലെന്നദ്ദേഹത്തിനറിയാമായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് കുറയ്ഷി സദസ്സിൽ വെച്ച് കുർആൻ വചനങ്ങളുടെ മകരന്ദ മധുരിമ അംഗീകരിച്ച് സംസാരിച്ച വലീദിന്റെ പിന്തുണ മുസ്‌ലിംകൾക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് നബി ആഗ്രഹിച്ചു. മക്കയിലെ പൗരപ്രമുഖനും എണ്ണം പറഞ്ഞ ധനാഢ്യനും സഹൃദയനുമായിരുന്നു മുഗീറയുടെ മകൻ വലീദ്. അദ്ദേഹം പുതുവിശ്വാസം സ്വീകരിച്ചിരുന്നുവെങ്കിൽ ആലംബം തേടുന്ന മുസ്‌ലിങ്ങള്‍ക്കത് ശക്തമായ താങ്ങും കരുത്തുമാകുമായിരുന്നുവല്ലോ.
മഖ്‌സൂം വംശത്തിന്റെ നേതാവെന്ന നിലയില്‍ മാത്രമല്ല വലീദ് ശ്രദ്ധേയനാകുന്നത്. ഒരുകണക്കിന് കുറയ്ഷികളുടെ അനൗദ്യോഗിക തലയാൾ കൂടിയാണയാൾ. സര്‍വ്വോപരി മറ്റുള്ളവരെക്കാള്‍ തുറന്ന മനസ്സാണയാളുടേത്.
ഒരു ദിവസം, നബിക്ക്, അദ്ദേഹം ദീര്‍ഘനാളായി കാത്തിരുന്ന അവസരം വീണുകിട്ടി. ഒഴിഞ്ഞ ഒരിടത്തിരുന്ന് വലീദുമായി അദ്ദേഹം സംസാരിക്കുന്നു. പുറത്തേക്കെന്തൊക്കെ നാട്യങ്ങളുണ്ടെങ്കിലും പ്രജ്ഞയുടെ വാതിലുകള്‍ കൊട്ടിയടച്ചിരുന്ന വലീദ് പക്ഷേ, താന്‍ എല്ലാം ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ത്തു.
നിരുന്മേഷത്തിന്റെ മൂടല്‍മഞ്ഞ് അയാളെ ചൂഴ്ന്നുനിന്നു. അന്നേരമാണ് അന്ധനായ അബ്ദുല്ല, ഉമ്മു മക്തൂമിന്റെ പുത്രന്‍ അബ്ദുല്ല, അവിടെയെത്തുന്നത്. അടുത്തിട മുസ്‌ലിമായതാണയാള്‍. പ്രവാചകന്റെ ശബ്ദം തിരിച്ചറിഞ്ഞ അബ്ദുല്ല അദ്ദേഹമിരിക്കുന്ന ഭാഗത്തെത്തി. കുര്‍ആനില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ തന്നെ ഓതിക്കേള്‍പ്പിക്കണമെന്നദ്ദേഹം നബിയോടാവശ്യപ്പെട്ടു.
സാഹചര്യത്തിന്റെ അസ്വാഭാവികതയെക്കുറിച്ച് അബ്ദുല്ലക്ക് നല്ല തിട്ടമുണ്ടായിരുന്നില്ലെന്നു തോന്നുന്നു, അല്‍പനേരത്തിനുശേഷം ഓതിക്കേള്‍പ്പിക്കാമെന്നും കുറച്ചിട കാത്തു നില്‍ക്കണമെന്നും നബി അദ്ദേഹത്തോടാവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആന്ധ്യം സാഹചര്യങ്ങള്‍ നേരാംവണ്ണം മനസ്സിലാക്കുന്നതിന് അബ്ദുല്ലയുടെ മുമ്പിൽ വിലങ്ങുതടിയായി. അദ്ദേഹം ഇടക്കിടെ, ശല്യമെന്ന് തോന്നുംവിധം, ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പ്രവാചകന്റെ നെറ്റിയില്‍ നീരസത്തിന്റെ ചുളിവുകള്‍ തെളിഞ്ഞു. വലീദുമായുള്ള സംഭാഷണത്തിന്റെ അനുസ്യൂതത മുറിഞ്ഞു.
വാസ്തവത്തില്‍ അബ്ദുല്ലയുടെ ഇടപെടല്‍ സംഭാഷണത്തിന് കാര്യമായ ക്ഷതിയൊന്നുമേല്‍പ്പിച്ചിട്ടുണ്ടായിരുന്നില്ല. പ്രവാചകന്‍ കരുതിയിരുന്നതുപോലെ മറ്റു കുറയ്ഷികളെക്കാള്‍ തുറന്ന മനസ്സുള്ള ആളുമായിരുന്നില്ല വലീദ്.
മിക്കവാറും, അതേ ക്ഷണത്തില്‍തന്നെ പ്രവാചകന് ദിവ്യവെളിപാട് വന്നണഞ്ഞു. ”അദ്ദേഹം നെറ്റിചുളിച്ച് തിരിഞ്ഞുകളഞ്ഞു; ആ കാഴ്ചയില്ലാത്തയാൾ അദ്ദേഹത്തിനടുത്തെത്തിയതു കാരണം” വെളിപാട് തുടര്‍ന്നു: ”താങ്കള്‍ക്കെന്തറിയാം, അയാള്‍ ഒരുവേള പരിശുദ്ധി പ്രാപിച്ചെങ്കിലോ? അതല്ലെങ്കില്‍ അയാൾ ഉപദേശമുള്‍ക്കൊള്ളുകയും അനന്തരം ആ ഉപദേശം അയാൾക്ക് പ്രയോജനപ്പെടുകയും ചെയ്‌തെങ്കിലോ? താൻപോരിമ കാട്ടിയവനാകട്ടെ, താങ്കള്‍ അയാളുടെ നേരെ ശ്രദ്ധ തിരിക്കുന്നു. അയാള്‍ സംസ്കരണം നേടിയില്ലെങ്കില്‍ താങ്കള്‍ക്കെന്ത്? എന്നാല്‍, താങ്കളുടെ അടുക്കല്‍ ധ്യതിപ്പെട്ട് വന്നയാളാകട്ടെ -അയാളാണെങ്കിൽ ഭയപ്പെടുന്നുമുണ്ട്. അയാളുടെ കാര്യത്തില്‍ താങ്കള്‍ അശ്രദ്ധ കാണിക്കുന്നു.”
കൃപാനിധിയായ നാഥന്‍ തന്നെ ശ്രദ്ധിച്ചുവല്ലോ എന്ന അറിവില്‍ അബ്ദുല്ലയുടെ കാഴ്ചയറ്റ നേത്രങ്ങളില്‍ ലവണബാഷ്പമൂറി. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്. കാട്ടിക്കൂട്ടലുകളും ആത്മാര്‍ഥതയും തമ്മിലുള്ള ഒരു വേര്‍തിരിവും അവന്റെ അറിവില്‍ അവ്യക്തമാകുന്നില്ല. അതാണ് തുടര്‍ന്നുവന്ന ദിനങ്ങള്‍ നല്‍കിയ സാക്ഷിമൊഴി.
ദിവസങ്ങളധികം കഴിഞ്ഞില്ല. വലീദ് സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ച് കുലധര്‍മം നിലനിര്‍ത്തി. ധിക്കാരത്തിന്റെ ഉടയാടകള്‍ സര്‍വതും വാരിച്ചുറ്റി അയാള്‍ പുലമ്പി, ”എനിക്കല്ലാതെ മുഹമ്മദിന്നാണോ വെളിപാടിറങ്ങുന്നത്? ഞാനല്ലേ കുറയ്ഷികളുടെ വരിഷ്ഠ നേതാവ്? എന്റേതല്ലേ അവരുടെ കൂട്ടത്തിലെ വിശിഷ്ട വ്യക്തിത്വം? എനിക്കോ ബനൂസകീഫ് ഗോത്രത്തിന്റെ നേതാവ് അബൂമസ്ഊദിനോ ആയിരുന്നില്ലേ അത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്? ഞങ്ങളല്ലേ ഈ നഗര ജോടിയുടെ രണ്ട് നേതാക്കള്‍?” ഔദ്ധത്യത്തിന്റെ മാനം മുട്ടിയ പ്രഖ്യാപനം.
എന്നാല്‍ അബൂജഹ്‌ലിന്റെ പ്രതികരണം അനുതാപാര്‍ഹമായ നിരാശയില്‍ നിന്നു കിളിര്‍ത്തതായിരുന്നു. അസൂയ നിരാശക്കു ഞൊറി നെയ്തു. അയാള്‍ പറഞ്ഞു, ”ഞങ്ങളും അബ്ദുമനാഫ് സന്തതികളും പരസ്പരം പന്തയത്തിലേര്‍പ്പെട്ടതായിരുന്നുവല്ലോ. അവര്‍ വിശക്കുന്നവനെ ഊട്ടി, ഞങ്ങളും വിശക്കുന്നവനെ ഊട്ടി. അവര്‍ ക്ലേശമനുഭവിക്കുന്നവന്റെ ഭാരം ഇറക്കിവെച്ചു. ഞങ്ങളും ക്ലേശമനുഭവിക്കുന്നവന്റെ ഭാരം ഇറക്കിവെച്ചു. അവര്‍ ദാനം ചെയ്തു, ഞങ്ങളും ദാനം ചെയ്തു. ഞങ്ങളിരുകൂട്ടരും ഒപ്പത്തിനൊപ്പം ഓടുകയായിരുന്നുവല്ലോ. പന്തയത്തിലേര്‍പ്പെട്ട രണ്ടു കുതിരകളെപ്പോലെ മുട്ടോട് മുട്ട് ഞങ്ങളിരുകൂട്ടരും ഒരുമിച്ചായിരുന്നു. എന്നിട്ടിപ്പോള്‍ അവരിലൊരാള്‍ പ്രവാചകനോ! അംഗീകരിക്കാനാവില്ല.
ഇതിനോടുള്ള അബ്ദു മനാഫ് വംശജനായ ഉത്ബയുടെ പ്രതികരണവും ആശാവഹമായിരുന്നില്ല. ഇസ്‌ലാം കുഴിച്ചുമൂടാനാഗ്രഹിച്ച, പഴമയുടെ ക്ലാവു പിടിച്ച ഗോത്ര ബോധത്തിന്റെ നാലുകെട്ടില്‍ നിന്നുകൊണ്ടാണ് അയാളും സംസാരിച്ചത്.
പ്രവാചക സന്ദേശത്തിന്റെ മധുരിമയെക്കാള്‍ അയാളെ അഭിമാനം കൊള്ളിച്ചത് വംശീയമായ താല്‍പര്യങ്ങളായിരുന്നു. മുഹമ്മദ് പ്രവാചകനാണെങ്കില്‍ അദ്ദേഹത്തെ അംഗീകരിക്കേണ്ടത് അനിവാര്യമാണ് എന്ന വഴിക്കായിരുന്നില്ല അയാളുടെ ചിന്ത. മറിച്ച് മുഹമ്മദിന്റെ പ്രവാചകത്വം അബ്ദുമനാഫ് സന്തതികള്‍ക്ക് കൂടുതല്‍ മഹത്വം കൊണ്ടുവരുമെന്നായിരുന്നു അയാളുടെ വിചാരം. ജാഹിലിയ്യത്തു നിറഞ്ഞ ഭൂതകാലത്തിന്റെ നിധി കാക്കാനേല്‍പ്പിക്കപ്പെട്ട ഭൂതത്തിന്റെ മട്ടില്‍ അയാള്‍ മുഹമ്മദിന്റെ പ്രവാചകത്വ ലബ്ധിയില്‍ ദുരഭിമാനം നടിച്ചു.
ഒരു ദിവസം അബൂജഹ്ൽ, നബിയെ ചൂണ്ടി പരിഹാസം എഴുന്നുനില്‍ക്കുന്ന വിലക്ഷണ പ്രകടനങ്ങളിലൂടെ മുഖം കോക്രിച്ചു കാട്ടി, കീഴ്ച്ചുണ്ട് പ്രത്യേക രൂപത്തില്‍ ചലിപ്പിച്ച് ഉത്ബ കേള്‍ക്കും വിധം പറഞ്ഞു, ”അബ്ദുമനാഫ് സന്തതികളേ, അതാ പോകുന്നു നിങ്ങളുടെ പ്രവാചകന്‍.”
ഉത്ബയുടെ ഗോത്രബോധം ഉണര്‍ന്നു. എടുത്തടിച്ചതുപോലെ അതാ വരുന്നു അയാളുടെ മറുപടി, ”ഞങ്ങള്‍ക്കൊരു പ്രവാചകനോ രാജാവോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കെന്തു ചേതം? രാജാവ് എന്നതുകൊണ്ട് ഉത്ബ ഉദ്ദേശിച്ചത് മഹാനായ കുസയ്യിനെയാണ്. കുസയ്യാണ് മക്കയില്‍ തിരിച്ചെത്തി കുറയ്ഷികള്‍ക്ക് നിലയും വിലയുമുണ്ടാക്കിക്കൊടുത്തത്. മുഹമ്മദിന്റെ പ്രപിതാമഹന്‍ ഹാഷിമും ഉത്ബയുടെ പ്രപിതാമഹന്‍ അബ്ദു ശംസും കുസയ്യിന്റെ പുത്രന്‍ അബ്ദുമനാഫിന്റെ സന്തതികളായിരുന്നു. അബൂജഹ്ൽ ഉള്‍ക്കൊള്ളുന്ന മഖ്‌സൂം ഗോത്രമാകട്ടെ, കുസയ്യിന്റെ പിതൃവ്യപുത്രന്മാര്‍ മാത്രമേ ആകുന്നുള്ളൂ.
ഉത്ബയുടെയും അബൂജഹ്‌ലിന്റെയും ഇടയിലുള്ള വാക്കുതര്‍ക്കം വ്യക്തമായി കേള്‍ക്കാവുന്ന അകലത്തിലാണ് മുഹമ്മദിപ്പോള്‍. അദ്ദേഹം നേരെ ഉത്ബയുടെ അടുത്തെത്തി. ഗുണകാംക്ഷാഭരിതമായ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു,”ഉത്ബാ, അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയല്ല താങ്കളെ അലട്ടുന്നത്, അവന്റെ ദൂതനെക്കുറിച്ചുള്ളതുമല്ല. മറിച്ച്, താങ്കളുടേത് മാത്രമായ ചില സ്വകാര്യ താല്‍പര്യങ്ങളാണ്. അനന്തരം, അബുജഹ്‌ലിനെ നോക്കി നബി പറഞ്ഞു, “അംറ്, ഒരു ദുരന്തം നിങ്ങളെ കാത്തിരിക്കുന്നു. വളരെക്കുറച്ചേ നിങ്ങള്‍ ചിരിക്കൂ. ഒരുപാട് കരയുകയും ചെയ്യും.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.