നബിചരിത്രത്തിന്റെ ഓരത്ത് -25

//നബിചരിത്രത്തിന്റെ ഓരത്ത് -25
//നബിചരിത്രത്തിന്റെ ഓരത്ത് -25
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -25

ചരിത്രാസ്വാദനം

പ്രലോഭനം

ധന-സാമൂഹ്യ സുസ്ഥിതിയാൽ നുരഞ്ഞു പൊങ്ങിയ അബൂജഹ്‌ലിന്റെ അഹങ്കാരത്തെ നിഷ്കരുണം ശകലീകരിച്ച് ഹംസ വീട്ടിലേക്കു നടന്നു. ആത്മമിത്രമായ സഹോദരപുത്രന്റെ മുറിവേറ്റ അഭിമാനത്തെ പ്രതിയുള്ള രോഷാകുലതയും അവനോടുള്ള സഹതാപാർദ്രതയും മാത്രമായിരുന്നില്ലേ തന്റെ പുതുവിശ്വാസ പ്രഖ്യാപനത്തിനുള്ള ഹേതു എന്ന് വഴിയിലും വീട്ടിലും വെച്ച് അയാൾ ചിന്തിച്ചു.

വിഗ്രഹങ്ങളുമായോ അവയുമായി ബന്ധപ്പെട്ട ആചാരങ്ങളുമായോ തനിക്ക് കൊള്ളക്കൊടുക്കകളൊന്നുമില്ലെങ്കിലും പൂർവ്വപിതാക്കളുടെ മതം വിടുക എന്നത് ധിറുതിയിലുള്ള തീരുമാനമായില്ലേ എന്ന് തിരിഞ്ഞും മറിഞ്ഞും ചിന്തിച്ച് അയാൾ പൊറുതി കെട്ടു. അസ്വാസ്ഥ്യത്തിന്റെ വിയർപ്പുകണങ്ങളെ ആറ്റുവാനായി വിശുദ്ധമാമൊരു കുളിർക്കാറ്റിന്റെ പ്രതീക്ഷയിൽ അയാൾ കഅ്ബാലയത്തിലെത്തി. ‘സത്യമുൾക്കൊള്ളാൻ തന്റെ നെഞ്ചകം വിശാലമാക്കേണമേ’ എന്ന് കരളിൽ ചോര കിനിയുവോളം വിശുദ്ധഗേഹത്തിന്റെ സർവ്വാധിപതിയായ നാഥനോട് പ്രാർത്ഥിച്ചു. അതോടെ വിശ്വാസത്തിൽ ഹൃദയമുറച്ചു.

ഇസ്‌ലാമിന്റെ വിധിവിലക്കുകളുടെ വളവുതിരിവുകളെ സസൂക്ഷ്മം പിന്തുടരുന്ന വിശ്വാസിയായി മാറിയിരിക്കുന്നു ഇപ്പോൾ ഹംസ. പ്രവാചകന്റെ ആദേശങ്ങളും അനുശാസനകളും ചിട്ടതെറ്റാതെ അയാൾ ജീവിതത്തില്‍ പാലിച്ചു.

ഹംസയുടെ ഇസ്‌ലാമാശ്ലേഷം കുറയ്ഷികള്‍ക്കിടയിലും വലിയ അലയൊലികള്‍ സൃഷ്ടിച്ചു. എന്തെന്നില്ലാത്ത ദുരന്തഭീതികള്‍ അവരെ അലട്ടാന്‍ തുടങ്ങി. ഇന്നിപ്പോള്‍ അവര്‍ക്ക് പ്രവാചകനെ നേര്‍ക്കുനേരെ ഉപദ്രവിക്കാനുള്ള ധൈര്യമില്ലാതായി. അവര്‍ക്കറിയാം, ഹംസ അദ്ദേഹത്തെയും അനുയായികളെയും ഏതുവിധേനയും സംരക്ഷിക്കും. മറുവശത്ത്, പുതുവിശ്വാസത്തിന്റെ തികച്ചും അപ്രതീക്ഷിതമായ ഗതിവേഗത്തില്‍ അവര്‍ അസ്വസ്ഥരുമായി.

കുറയ്ഷികളുടെ ഉഗ്രശാസന ഭയന്ന് വിശ്വാസം പുറത്തെടുക്കാതെ കെട്ടിപ്പൂട്ടി വെച്ചിരുന്ന ദുർബ്ബലരും നിരാലംബരുമായിരുന്ന സമൂഹത്തിലെ പ്രാന്തവൽകൃതർ ഭയപ്പാടുകളില്ലാതെ വിശ്വാസം പ്രഖ്യാപിച്ചേക്കാം. കഴിയുംവേഗം പുതിയ പ്രസ്ഥാനത്തിന് തടയിടണം. പ്രശ്‌നങ്ങള്‍ക്കെല്ലാം ഉടനടി പരിഹാരം കണ്ടെത്തണം. അതേസമയം, ജന്മാന്തരബന്ധങ്ങളുടെ നൂലിഴ പൊട്ടാതെ നോക്കുകയും വേണം. ശ്രദ്ധയോടെ നീങ്ങിയില്ലെങ്കില്‍, അറബികള്‍ക്കിടയിലെ തങ്ങളുടെ അഭിമാനകരമായ അസ്തിത്വത്തിനുതന്നെ അത് ക്ഷതമേല്‍പ്പിക്കാനിടയുണ്ട്. അറേബ്യയിലെ മുഴുവൻ ജനപദങ്ങൾക്കുമിടയിൽ പര്‍വ്വതസമാനം ഉയർന്നു നിൽക്കുന്ന തങ്ങളുടെ സ്ഥാനം പുതിയ വിശ്വാസത്തിന്റെ അപ്രതിഹതമായ മുന്നേറ്റത്തില്‍ ഉടഞ്ഞു തകർന്നടിഞ്ഞു കൂടല്ലോ.

മുഹമ്മദിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളാവിഷ്‌കരിക്കേണ്ടതുണ്ട്. അതിനായി കുറയ്ഷി പ്രമുഖര്‍ സമ്മേളിച്ചു. അബ്ദുഷംസ് വംശത്തിന്റെ നേതാവ് ഉത്ബ, റബീഅയുടെ പുത്രന്‍ ഉത്ബ, ഒരു നിര്‍ദ്ദേശം മുമ്പോട്ടുവെച്ചു, ”എനിക്കെന്തുകൊണ്ട് മുഹമ്മദിനെ നേരിട്ടു സമീപിച്ചു കൂടാ?” അദ്ദേഹം പറഞ്ഞു, ”എന്നിട്ട്, ചിലതൊക്കെ ഞാനദ്ദേഹത്തിനു വെച്ചുനീട്ടും, അവയില്‍ ചിലതെല്ലാം അദ്ദേഹം അംഗീകരിച്ചേക്കും, അംഗീകരിക്കുന്നത് നാം അദ്ദേഹത്തിന് നല്‍കും; നമ്മെ ശാന്തമായി ജീവിക്കാനനുവദിക്കണമെന്ന നിബന്ധനയില്‍ മാത്രം.”

മുഹമ്മദ് കൂടെയാരുമില്ലാതെ ഒറ്റക്ക് കഅ്ബക്കരികില്‍ ഇരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതും ഉത്ബ യോഗസ്ഥലത്തു നിന്നിറങ്ങി കഅ്ബയെ ലക്ഷ്യമാക്കി നടന്നു. അയാൾ സ്വയം ഈ ഉത്തരവാദിത്തം ഏറ്റെടുത്തതിന് ഒരു കാരണം കൂടിയുണ്ട്. മുഹമ്മദിന്റെ പ്രപിതാമഹന്‍ ഹാഷിമിന്റെ സഹോദരന്‍ അബ്ദുഷംസിന്റെ പൗത്രനാണ് ഉത്ബ. മഹാനായ ക്വുസയ്യിന്റെ പുത്രന്‍ അബ്ദുമനാഫിന്റെ സന്തതികളായിരുന്നുവല്ലോ ഹാഷിമും അബ്ദുഷംസും. ഇരുവരുടെയും പേരുകളില്‍ കുറയ്ഷികള്‍ക്കിടയില്‍ നിന്ന് ഓരോ വംശം പിറകൊള്ളുകയും ചെയ്തു. കുറയ്ഷികളായിരുന്നുവെങ്കിലും ധ്രുവങ്ങളോളം അകല്‍ച്ചയിലായിരുന്നു ഇരുവിഭാഗവും.

ഉത്ബയുടെ നിര്‍ദേശങ്ങള്‍ മുഹമ്മദ് അംഗീകരിച്ചാല്‍ ചിരന്തനമായ ഈ അകല്‍ച്ചയും ശത്രുതയും എന്നെന്നേക്കുമായി അവസാനിച്ചു കിട്ടും. ഉത്ബ ബുദ്ധിമാനാണ്, മറ്റെല്ലാ കുറയ്ഷി നേതാക്കളെക്കാളും പക്വമതിയും സമാധാന പ്രിയനുമാണദ്ദേഹം. പ്രാജ്ഞനും തത്ത്വജ്ഞാനിയുമാണ്. സമവായത്തിന്റെ ഭാഷയാണെപ്പോഴും പഥ്യം. കുടുംബബന്ധങ്ങളിലെ വിശദാംശങ്ങള്‍ ഇഴപിരിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സഹകരിക്കുകയല്ലാതെ മുഹമ്മദിന്റെ മുമ്പിൽ മാര്‍ഗമുണ്ടാവില്ലെന്ന് ഉത്ബ കണക്കുകൂട്ടി.

”സഹോദരപുത്രാ,” അബ്ദുമനാഫിന്റെ പുത്രന്‍, അബ്ദുഷംസിന്റെ പുത്രന്‍, റബീഅയുടെ പുത്രന്‍ ഉത്ബ, അബ്ദുമനാഫിന്റെ പുത്രന്‍, ഹാഷിമിന്റെ പുത്രന്‍, അബ്ദുല്‍മുത്തലിബിന്റെ പുത്രന്‍, അബ്ദുല്ലയുടെ പുത്രന്‍ എന്നിങ്ങനെ മുഹമ്മദിനെ സംബോധന ചെയ്തു.

“നമ്മുടെ ഗോത്രത്തിലെ ഏറ്റവും കുലീനനായ വ്യക്തിയാണ് താങ്കൾ. മഹിതവും ആഭിജാതവുമായ സ്വന്തം വംശം സര്‍വ്വശ്രേഷ്ഠമായ സ്ഥാനം നാളിതുവരെ താങ്കള്‍ക്ക് നല്‍കിയിട്ടുമുണ്ട്. എന്നാല്‍, താങ്കൾക്കറിയാമല്ലോ, ഇപ്പോള്‍ സ്വന്തം ഗോത്രജര്‍ക്കു തന്നെ കടുത്ത ഉല്‍ക്കണ്ഠയാണ് താങ്കള്‍ സമ്മാനിച്ചിരിക്കുന്നത്. പുതിയൊരു മതവുമായി വന്ന് അവരുടെ സമുദായത്തെ താങ്കള്‍ ഭിന്നിപ്പിച്ചിരിക്കുകയാണ്, അവരുടെ ജീവിതരീതിയെ നിരര്‍ത്ഥകമെന്ന് കളിയാക്കിയിരിക്കുകയാണ്. അവരുടെ മതത്തെയും ദേവഗണത്തെയും കുറിച്ച് ലജ്ജാകരമായ രീതിയില്‍ സംസാരിച്ചിരിക്കുകയാണ്. അവരുടെ പൂര്‍വ്വപിതാക്കള്‍ വഴികേടിലാണെന്ന് പറഞ്ഞിരിക്കുകയാണ്. അതുകൊണ്ട്, ഞാന്‍ മുമ്പോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കൂ, അവയിലേതെങ്കിലും താങ്കള്‍ക്ക് സ്വീകാര്യമാണോ എന്നു നോക്കൂ.”

എന്നിട്ടയാൾ തന്റെ സുചിന്തിതമായ നിർദ്ദേശങ്ങളുടെ കെട്ടഴിച്ചു കുടഞ്ഞു, “താങ്കള്‍ ആഗ്രഹിക്കുന്നത് ധനമാണെങ്കില്‍ ഞങ്ങളെല്ലാം ചേര്‍ന്ന് ഞങ്ങളുടെ സ്വത്തുക്കള്‍ നല്‍കി താങ്കളെ കൂട്ടത്തിലെ കുബേരനാക്കാം. ആദരവാണ് ആഗ്രഹിക്കുന്നതെങ്കില്‍, താങ്കളെ ഞങ്ങളുടെ പ്രഭുവാക്കാം; താങ്കളുടെ സമ്മതം കൂടാതെ ഞങ്ങളൊരു തീരുമാനവും കൈക്കൊള്ളുകയില്ല. ഇനി, താങ്കള്‍ക്ക് ഞങ്ങളുടെ രാജാവകണമെന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ. അതല്ല, സ്വയം ഈ ദുര്‍ഭൂതത്തിന്റെ പിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനാവുന്നില്ലെങ്കില്‍, നല്ല ഒരാഭിചാരകനെ വിളിച്ചു വരുത്തി താങ്കളുടെ അസുഖം ഭേദമാകുന്നതുവരെ ചികിത്സിക്കാനും ഞങ്ങള്‍ തയ്യാറാണ്. അസുഖം പൂര്‍ണമാകുന്നതുവരെയുള്ള എല്ലാ ചെലവുകളും ഞങ്ങള്‍ വഹിച്ചുകൊള്ളാം.”

നീരൊഴുക്കുപോലെ തോന്നിച്ച തന്റെ സംസാരം അവസാനിപ്പിച്ച് ഉത്ബ മുഹമ്മദിന് പറയാനുള്ളത് കേള്‍ക്കാന്‍ കാത്തുനിന്നു. നിമിഷാര്‍ധം പോലും ശങ്കിക്കാതെ അക്ഷോഭ്യനായി മുഹമ്മദ് പറഞ്ഞു, ”അബുല്‍ വലീദ്, ഇനി താങ്കള്‍ എനിക്കു ചെവിതരിക.”

”ശരി, അങ്ങനെയാകട്ടെ, ഞാന്‍ കേള്‍ക്കാം.”

അന്നേരം പ്രവാചകന്‍ ക്വുർആനില്‍ നിന്നൊരു സൂക്തമുദ്ധരിച്ചു; അടുത്തിട അവതീര്‍ണമായ ഒരു സൂക്തം.

തിരുദൂതർ ഓതുന്ന വചനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് വരുത്തുക മാത്രമായിരുന്നു ഉത്ബയുടെ ലക്ഷ്യം. പ്രവാചകനാണെന്നു പറഞ്ഞ് ദൈവത്തിന്റെ അരുളപ്പാടുകളാണെന്നവകാശപ്പെട്ട് മുഹമ്മദ് ഓതുന്നതു മുഴുവന്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ടന്ന് വരുത്തണം; അതിലൂടെ ഈ മനുഷ്യന്റെ മനസ്സു നേടണം. നാട്ടില്‍ കുഴപ്പമൊഴിവാക്കാനുള്ള ബാധ്യത ഏറ്റെടുത്തുവന്നിരിക്കുകയാണല്ലോ ഉത്ബ. പ്രവാചകന്‍ താന്‍ സ്വീകരിച്ച വെളിപാടിന്റെ ആകാശവാതായനങ്ങള്‍ അയാളുടെ മുമ്പില്‍ മലര്‍ക്കെത്തുറന്നിട്ടു.

“പരമകാരുണികനും കരുണാനിധിയുമായവനിൽ നിന്നവതീർണ്ണം. വചനങ്ങൾ വ്യക്തമാക്കപ്പെട്ട ഒരു ഗ്രന്ഥം. മനസ്സിലാകുന്ന ജനതയ്ക്കുവേണ്ടി അറബിഭാഷയിൽ പാരായണം ചെയ്യുന്നത്. സുവാർത്ത അറീക്കുന്നതിനും താക്കീത് നൽകുന്നതുമായിട്ടുള്ളത്. എന്നാൽ അവരിലധിക പേരും തിരിഞ്ഞുകളഞ്ഞു. അവരാകട്ടെ, കേട്ട് മനസ്സിലാക്കുന്നുമില്ല.” തുടർന്ന് ഫുസ്സിലത്ത് അധ്യായത്തിലെ മുഴുവൻ സൂക്തങ്ങളും അദ്ദേഹം സാകൂതം ശ്രവിക്കുന്ന ഉത്ബക്ക് മുമ്പിൽ ഓതിപ്പൂർത്തിയാക്കി.

നബിയുടെ ക്വുർആന്‍ പാരായണം പുരോഗമിക്കുമ്പോള്‍ ഉത്ബയുടെ ശ്രദ്ധ മുഴുവന്‍ നീരരുവിപോലെ നിര്‍മ്മലമായ ആ വാക്കുകളിലുടക്കി. താനറിയാതെ, ഒഴുക്കും ശക്തിയുമുള്ള ആ വാക്പ്രയോഗങ്ങളുടെ സൗന്ദര്യത്തിലേക്കദ്ദേഹം ആകര്‍ഷിക്കപ്പെട്ടു. കൈമുട്ടുകള്‍ പിന്നിലെ തറയിലൂന്നി അവയില്‍ ചാരി അദ്ദേഹം ആ വാക്കുകളിലെ ചമത്കാരമാസ്വദിച്ചു. അന്തരംഗങ്ങളെ അമ്പരപ്പിക്കുന്ന അറിവുകളുണ്ടാക്കി നിരങ്കുശമൊഴുകിയ ഭാഷയുടെ സൗന്ദര്യത്തില്‍ അദ്ദേഹം തരിച്ചിരുന്നു. മുമ്പ് മുഗീറയുടെ പുത്രൻ വലീദിന്റെ മനമഞ്ചിപ്പിച്ച ആ വചനങ്ങള്‍ വെളിപാടിനെക്കുറിച്ചു പറഞ്ഞു.

ഭൂമിയെക്കുറിച്ചും അതിന്റെ ദാര്‍ഢ്യത്തെക്കുറിച്ചും പറഞ്ഞു. പിന്നീടത് പ്രവാചകന്മാരെക്കുറിച്ചും പറഞ്ഞു. അവരെ തിരസ്കരിച്ച ജനതകളെക്കുറിച്ചും അവര്‍ക്കുണ്ടായ നാശത്തെക്കുറിച്ചും നഷ്ടത്തെക്കുറിച്ചും പറഞ്ഞു. പിന്നീടോതിയ സൂക്തങ്ങള്‍ വിശ്വാസികളെക്കുറിച്ചുള്ളവയായിരുന്നു. ഈ ലോകത്ത് അവര്‍ക്ക് മാലാഖമാരുടെ സംരക്ഷണമുണ്ടെന്നും പരലോകത്ത് അവരുടെ ആഗ്രഹങ്ങള്‍ ഒന്നൊഴിയാതെ പൂര്‍ത്തീകരിക്കപ്പെടുമെന്നും അവ മുന്നറിവ് നല്‍കുകയും സുവിശേഷമായറിയിക്കുകയും ചെയ്തു.

”ഇരവും പകലും, സൂര്യനും ചന്ദ്രനും അവന്റെ അടയാളങ്ങളിലുള്‍പ്പെടുന്നു. സൂര്യനും ചന്ദ്രനും നിങ്ങള്‍ പ്രണാമങ്ങളര്‍പ്പിക്കരുത്. അവയെ സൃഷ്ടിച്ച അല്ലാഹുവിന് പ്രണാമമര്‍പ്പിക്കുക; അവനെയാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍.” തുടര്‍ന്ന് പ്രവാചകന്‍ തന്റെ നെറ്റിത്തടം നിലത്തുവെച്ച് സാംഷ്ടാംഗം ചെയ്തു. എന്നിട്ട് ഉത്ബയോടായി പറഞ്ഞു,

”അബുല്‍ വലീദ്, താങ്കളിക്കേട്ടതൊക്കെയാണ് എനിക്ക് പറയുവാനുള്ളത്. ഇനി ഈ സന്ദേശത്തിനും നിങ്ങള്‍ക്കുമിടയില്‍ തടസ്സമായി യാതൊന്നും അവശേഷിക്കുന്നില്ല.

മുഹമ്മദ് ഓതിയ വചനങ്ങള്‍ അവ്യാഖ്യേയമായ ആനന്ദത്തോടെ ഉത്ബ ഉള്‍ക്കൊണ്ടു. ദിവ്യവചസ്സിന്റെ ശക്തിസൗന്ദര്യങ്ങള്‍ അദ്ദേഹത്തിന്റെ തലക്കു പിടിച്ചുകഴിഞ്ഞു. സാഹിത്യത്തിന്റെ മര്‍മമറിഞ്ഞിരുന്ന സഹൃദയനായ ഉത്ബ ക്വുർആനിന്റെ മാസ്മരിക പ്രഭയില്‍ കണ്ണഞ്ചിനിന്നു. അവ അദ്ദേഹത്തിന്റെ ബോധമണ്ഡലത്തെ പ്രദീപ്തമാക്കി. അതോടൊപ്പം പുരാതന ഗോത്ര മഹിമയെക്കുറിച്ചുള്ള വിചാരങ്ങള്‍ തീര്‍ത്ത അന്തഃസംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിനെ അസ്വസ്ഥമാക്കുകയും ചെയ്തു. അതാണയാളുടെ മനസ്സ് മാറാന്‍
കാരണമായതും.

ഉത്ബ കുറയ്ഷി പ്രമുഖരുടെ കൂട്ടത്തെ ലക്ഷ്യമാക്കി തിരിച്ചുനടന്നു. അദ്ദേഹത്തിന്റെ വരവു കണ്ട കൂട്ടത്തിലൊരാൾ വിളിച്ചുപറഞ്ഞു, “കുറയ്ഷി പ്രമുഖരേ, മുഹമ്മദുമായി ചർച്ചക്കു പോയ ഉത്ബ തിരിച്ചുവരുന്നുണ്ട്, പോയപോലൊന്നുമല്ല തിരിച്ചുവരവ്.”

കുറയ്ഷി പ്രമുഖർ തിരിഞ്ഞുനോക്കി. ശരിയാണ്, തിരിച്ചുവരുമ്പോൾ തങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രാജ്ഞനും നയതന്ത്രജ്ഞനുമായ ഉത്ബയുടെ ശരീരഭാഷ ആകെ മാറിയിട്ടുണ്ട്, മുഹമ്മദ് വിരിച്ച വലയിൽ ഇയാളും വീണുപോയോ, അവരുടെ നെറ്റി ചുളിഞ്ഞു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.