
ചരിത്രാസ്വാദനം
ഹംസ
സമത ഉദ്‌ഘോഷിച്ച ക്വുർആനിന്റെ വചനമാധുരിയില്‍ മക്ക മുങ്ങിയുണര്‍ന്നു. വിശ്വാസികളുടെ എണ്ണം ലംബമായ നേര്‍രേഖയിൽ മേലോട്ടു കുതിച്ചു. അതോടൊപ്പം അവിശ്വാസികളുടെ മനസ്സില്‍ അവരോടുള്ള എതിര്‍പ്പിന്റെയും ശത്രുതയുടെയും രസനിരപ്പ് ഉയര്‍ന്നുയര്‍ന്നു വന്നു.
ഒരു ദിവസം കഅ്ബാ പരിസരത്തെ ഹിജ്‌റ് ഇസ്മാഈലിലിരിക്കുകയാണ് ഒരു സംഘം കുറയ്ഷികള്‍. അന്നേരമാണ് തിരുമേനി വിശുദ്ധ ഗേഹത്തിലേക്ക് കയറിച്ചെല്ലുന്നത്. കഅ്ബയുടെ കിഴക്കുവശത്തേക്ക് നീങ്ങി ഹജറുല്‍ അസ്‌വദില്‍ മുത്തമിട്ടു. ഇതെല്ലാം കാണാനിടയായ കുറയ്ഷിക്കൂട്ടത്തിന്റെ സംഘമനസ്സ് പ്രവാചകനോടുള്ള പകയും വിദ്വേഷവും മൂലം കടന്നൽക്കൂടുപോലെ ഇളകിയാര്‍ക്കുകയാണ്.
തുടര്‍ന്ന്, നബി കഅ്ബയെ പ്രദക്ഷിണം ചെയ്യാനാരംഭിച്ചു. ഹിജ്‌റിലൂടെ കടന്നുപോയപ്പോൾ അവര്‍ അദ്ദേഹത്തെ നിന്ദ്യമായ ഭാഷയില്‍ അപഹസിക്കുകയും പരിഹസിക്കുകയും ചെയ്തു. അവര്‍ പറയുന്നതെല്ലാം താൻ കേള്‍ക്കുന്നുണ്ടെന്ന് ആ മുഖത്തു നിന്ന് വായിച്ചെടുക്കാനാകും. മൂന്നാംവട്ടം ഹിജ്‌റിനെ കടന്നു പോയപ്പോഴും അവര്‍ നിന്ദിച്ചു സംസാരിച്ചു.
മുഹമ്മദ് എന്തോ കരുതിയുറപ്പിച്ചതുപോലെ അവിടെ നിന്നു. പിന്നെ സാവധാനം പറഞ്ഞു, ”കുറയ്ഷികളേ, നിങ്ങളെന്നെ കേള്‍ക്കുമോ? തീര്‍ച്ചയായും എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണു സത്യം. നിങ്ങള്‍ക്ക് സര്‍വനാശമായിരിക്കും. പ്രവാചകന്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദത്തിലെ മുഴക്കവും മുഖത്തെ ഗാംഭീര്യവും അവരുടെ ശരീരത്തിലൂടെ ഒരു വിറ പായിച്ചു. ആരെങ്കിലും ഒന്നനങ്ങുക പോലുമുണ്ടായില്ല, ഒരക്ഷരം ഉരിയാടിയില്ല. അഗാധമായ നിശബ്ദത ഏറെനേരം അന്തരീക്ഷത്തില്‍ തങ്ങിനിന്നു.
ഇപ്പറഞ്ഞത് മുഹമ്മദ് തന്നെയോ? അവര്‍ സംശയിച്ചു. വിദൂരസ്ഥമായ ഒരമാനുഷിക ശബ്ദം പോലെ അതവര്‍ക്കു തോന്നി. മൗനത്തിന്റെ ഭയാനകത ക്രമാതീതമായി വര്‍ധിച്ചു വരികയാണെന്നു കണ്ടപ്പോള്‍ കൂട്ടത്തിലെ ഏറ്റവും ധീരന്‍ ആ മൗനത്തെ കീറിപ്പിളര്‍ത്തി, ”അബുല്‍കാസിം, നിങ്ങള്‍ നിങ്ങളുടെ വഴിക്ക് പോവുക, ദൈവമാണ! നിങ്ങള്‍ വിവരമില്ലാത്ത വിഡ്ഢിയല്ലല്ലോ.” പ്രവാചകന്‍ തവാഫ് പൂര്‍ത്തിയാക്കി.
ഈ സംഭവത്തിന്റെ ഭയപ്പാടു സമ്മാനിച്ച ശാന്തത അധികം നീണ്ടു നിന്നില്ല. മുഹമ്മദിനോട് മറുത്തൊന്നുരിയാടാനാകാതെ നിമിഷാർധ നേരത്തേക്കെങ്കിലും അധീരരും ഭീരുക്കളുമായിപ്പോയതിന് അവര്‍ തങ്ങളെത്തന്നെ പഴിച്ചു. നൈമിഷികമായ ഈ ബലഹീനതക്കുള്ള പ്രായശ്ചിത്തമായി അവര്‍ പ്രതിജ്ഞയെടുത്തു. മറ്റൊന്നുമല്ല, ഇനി മുതല്‍ മുഹമ്മദിനും കൂട്ടുകാര്‍ക്കും കടുത്ത ദേഹോപദ്രവമേല്‍പ്പിക്കുക.
തന്റെയും പത്നിയുടെയും വിഷയത്തിൽ ക്വുർആൻ സൂക്തങ്ങളിറങ്ങിയതോടെ ശഠനും മുൻകോപിയുമായ അബൂലഹബിന്റെയും പരദൂഷണവ്യാപാരിയായ ഉമ്മുജമീലിന്റെയും മനസ്സിൽ അട്ടിലട്ടിയിൽ അടിഞ്ഞുകൂടിയ പ്രതികാരവാഞ്ഛയുടെ ആദ്യ പ്രതികരണമെന്നോണം ഉമ്മുജമീൽ തന്റെ മക്കളായ ഉത്ബയെയും ഉതൈബയെയും വിളിച്ച്, ഇരുവരുടെയും പത്നിമാരും തിരുദൂതരുടെ പുത്രിമാരുമായ റുകയ്യയെയും ഉമ്മുകുൽസൂമിനെയും നിർബന്ധപൂർവ്വം വിവാഹമോചനം ചെയ്യിച്ച് തിരിച്ചയച്ചു.
ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊരാളായിരുന്നു മഖ്‌സും വംശജനായ അംറ്; ഹിഷാമിന്റെ പുത്രന്‍ അംറ്. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അബുല്‍ഹകം ആയ അയാൾ മുസ്‌ലിംകള്‍ക്ക് അബൂജഹ്ൽ ആകാന്‍ അധികം സമയമെടുത്തില്ല. അവരോടുള്ള അയാളുടെ ശാത്രവവും ദ്വേഷവും തന്നെ കാരണം. മുഗീറയുടെ പൗത്രനും മഖ്‌സൂം ഗോത്രത്തിന്റെ വൃദ്ധനായ തലയാള്‍ വലീദിന്റെ സഹോദരപുത്രനുമാണയാള്‍.
പിതൃവ്യനെ കരണപ്രതികരണം താന്‍ പിന്തുടരുന്നുണ്ടെന്നയാള്‍ ഉറപ്പുവരുത്തി. അളവില്ലാത്ത സമ്പത്തിലൂടെയും പൊലിമയേറിയ അതിഥി സല്‍ക്കാരങ്ങളിലൂടെയും മക്കക്കാര്‍ക്കിടയില്‍ ചെറുതല്ലാത്ത സ്ഥാനം നേടിയെടുത്തിട്ടുണ്ടയാൾ. തന്നെ എതിര്‍ക്കുന്നവരോടെല്ലാം ആവര്‍ത്തനങ്ങളിലൂടെ ശീലമായിത്തീര്‍ന്ന പൊങ്ങച്ചത്തില്‍ ഹീനമായി പ്രതികാരം ചെയ്തു. കയ്യൂക്ക് കാര്യം നോക്കിയിരുന്ന വ്യവസ്ഥിതിയില്‍ അബൂജഹ്‌ലിന്റെ ചെയ്തികൾ ജനങ്ങളുടെ ഭയാദരവുകള്‍ പിടിച്ചെടുത്തു.
മക്കയിലെത്തുന്ന തീര്‍ത്ഥാടകരെ മുഹമ്മദിനെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടയാന്‍ കുറയ്ഷികള്‍ നിയമിച്ച തളരാത്ത കാവല്‍ക്കാരനാണയാള്‍. പ്രവാചകനെ അപകടകാരിയായ ആഭിചാരവൃത്തിക്കാരന്‍ എന്ന് ഏറ്റവും കൂടുതല്‍ ഒച്ചവെച്ച് അധിക്ഷേപിച്ചത് അബൂജഹ്ൽ ആണ്. സ്വന്തം ആഢ്യത്വത്തിന്റെ ധാര്‍ഷ്ട്യത്തിൽ അയാള്‍ കാട്ടിക്കൂട്ടിയ വേണ്ടാതീനങ്ങള്‍ കുറച്ചൊന്നുമായിരുന്നില്ല.
എന്നാല്‍, ഒരു ദിവസം, നേര്‍ക്കുനേരെയല്ലെങ്കിലും, പുതിയ മതത്തിന് അബൂജഹ്ൽ വിലമതിക്കാനാവാത്ത സേവനം ചെയ്തു.
കഅ്ബക്കു പുറത്ത്, സഫാ കവാടത്തിനടുത്തായി ഏകാകിയായി ഇരിക്കുകയാണ് പ്രവാചകന്‍. മുഹമ്മദിനെ സംബന്ധിച്ചിടത്തോളം വിസ്‌മൃതി ഏറ്റുവാങ്ങാൻ കൂട്ടാക്കാത്ത ഒരു ദിവസമാണത്. ദൂരെനിന്ന് തിരുദൂതരെ കണ്ട അബുജഹ്ൽ ധൃതിപ്പെട്ട് അദ്ദേഹത്തിനടുത്തെത്തി. മുഹമ്മദിനു മുമ്പില്‍ തന്റെ ശൗര്യം അവതരിപ്പിക്കാന്‍ ഏറ്റവും നല്ല ഒരവസരമാണിതെന്ന് അഹന്ത അയാളോട് മന്ത്രിച്ചു.
പ്രവാചകന്റെ അടുത്തുവന്ന് നിന്നു കൊണ്ടയാള്‍ അതിനീചമായി അദ്ദേഹത്തെ ചീത്തവിളിച്ചു. അയാളുടെ നാവിൻ തുമ്പത്തു നിന്ന് അടർന്നുവീണ ഹീനമായ പരുഷോക്തികൾ അൽഅമീന്റെ ആത്മാഭിമാനത്തിനു മേൽ മാലിന്യങ്ങൾ വിസർജ്ജിച്ചു. അതുകൊണ്ടരിശം തീരാഞ്ഞയാള്‍ അദ്ദേഹത്തെ ദേഹോപദ്രവമേല്‍പ്പിച്ചു. നബി വെറുതെ അയാളെ നോക്കി നിന്നതേയുള്ളൂ. ഒരക്ഷരം മറുപടിയായിപ്പറഞ്ഞില്ല.
കോപം കൊണ്ട് വിറക്കുന്ന തന്റെ മനസ്സ് ഈ ഛര്‍ദ്ദിയിലൂടെ ശാന്തമായി എന്ന് തോന്നിയപ്പോള്‍ അബൂജഹ്ൽ, ഹിജ്‌റിലിരിക്കുന്ന കുറയ്ഷിക്കൂട്ടത്തിലേക്ക് പോയി. കദനത്താല്‍ കനം തൂങ്ങിയ ഹൃദയവുമായി, അല്ലാഹുവിന്റെ തോരാതെ പെയ്യുന്ന കരുണകളില്‍ പ്രതീക്ഷയര്‍പ്പിച്ച്, ഭാരിച്ച കാല്‍വെപ്പുകളോടെ, നിറഞ്ഞു നനഞ്ഞ മിഴികളുമായി അപമാനത്തിൽ തലതാഴ്ന്ന് പ്രവാചകന്‍ വീട്ടിലേക്ക് നടന്നു.
അനുതാപാര്‍ഹമായ മാനസികസ്ഥിതിയില്‍ നബി വിശുദ്ധഗേഹത്തിന്റെ പരിസരം വിട്ട് അല്‍പ്പം കഴിഞ്ഞപ്പോഴാണ്, പിതൃവ്യനും ആത്മമിത്രവുമായ ഹംസ പതിവു വേട്ട കഴിഞ്ഞ് ആ വഴി വന്നത്. വേട്ട കഴിഞ്ഞുള്ള മടക്കയാത്രയില്‍ വിശുദ്ധഗേഹത്തെ ആദരിച്ചു കടന്നുപോവുക അയാളുടെ ശീലമാണ്.
ഹംസ വരുന്നത് വളരെ ദൂരെ നിന്നുതന്നെ കാണാനിടയായ ഒരു സ്ത്രീ തന്റെ വീട്ടില്‍ നിന്നു പുറത്തുകടന്ന് അയാളെ തടുത്തുനിര്‍ത്തി എന്തോ പറയുന്നു. ഒരായുസ്സിന്റെ മുഴുവന്‍ സംയമനമറിഞ്ഞ, മഹാനായ സമാധാന ദൂതന്‍ അബ്ദുല്ലാഹിബ്ന്‍ ജുദ്ആന്റെ അടിമയായിരുന്നു ഒരിക്കലവൾ. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം സ്വതന്ത്രയായി ജീവിക്കുന്നു. മുഹമ്മദിനെയും അദ്ദേഹത്തിന്റെ സന്ദേശത്തെയും നന്നായി പരിചയപ്പെട്ടിട്ടുണ്ട്. അബൂജഹ്ൽ പ്രവാചകനെ ദ്രോഹിക്കുന്നതും തെറിപറയുന്നതും അവൾ മറഞ്ഞുനിന്ന് കാണുന്നുണ്ടായിരുന്നു.
മനസ്സിലൂറിയ വേദന അപ്പടി ഹംസയുടെ മുമ്പിലവതരിപ്പിച്ചു, ”അബൂഉമാറാ,” അവര്‍ ഹംസയെ സംബോധന ചെയ്തു, ”നിങ്ങളുടെ സഹോദരപുത്രന്‍ മുഹമ്മദിനോട്, ഹിഷാമിന്റെ പുത്രന്‍ അബുല്‍ഹകം അല്‍പംമുമ്പ് കാണിച്ച നെറികേടുകള്‍ മുഴുവന്‍ നിങ്ങള്‍ കണ്ടിരുന്നുവെങ്കില്‍..!” സഫാ കവാടത്തിന്റെ ഭാഗത്തേക്ക് വിരൽചൂണ്ടി അവൾ തുടർന്നു, “മുഹമ്മദ് അതാ അവിടെ ഇരിക്കുന്നത് കണ്ട അബുല്‍ഹകം എത്ര ഹീനമായിട്ടാണെന്നോ അൽഅമീനെ ചീത്തപറഞ്ഞത്! ശാരീരികോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. പിന്നീടയാള്‍ അങ്ങോട്ടുപോയി,” അവൾ കഅ്ബയുടെ ഭാഗത്തേക്ക് വിരൽചൂണ്ടി, ”എന്നാല്‍ മുഹമ്മദ് ഒരക്ഷരം മറുത്തു പറഞ്ഞതുമില്ല.”
സുഹൃദ്ഭാവത്തിന്റെ നേര്‍രൂപമായിരുന്നു ഹംസ; ധീരരില്‍ ധീരനും. കുറയ്ഷികളിലെ അതികായൻ. തന്റെ സഹോദരപുത്രന്‍ അപമാനിക്കപ്പെട്ടതറിഞ്ഞ് ഹംസയുടെ ബലിഷ്ഠമായ ശരീരം വിറച്ചു. ഇന്നുവരെ അനുഭവിക്കാത്ത തരം രോഷാഗ്നി അയാളുടെ സിരകളെ പൊള്ളിച്ചു. രക്തബന്ധത്തിന്റെയും സ്‌നേഹബന്ധത്തിന്റെയും ജനിതകധാര അണപൊട്ടിയൊഴുകി.
ഹംസ നേരെ വിശുദ്ധഭവനത്തിൽ കടന്ന് അബൂജഹ്ൽ ഇരിക്കുന്ന ഭാഗത്തേക്കു ചെന്നു. അയാളുടെ മുമ്പിലെത്തി, കാലുകള്‍ ഉറക്കെ നിലത്തു ചവിട്ടി ശബ്ദമുണ്ടാക്കി നിലയുറപ്പിച്ചു. വില്ല് തോളില്‍ നിന്ന് ഊരിയെടുത്ത് അതുകൊണ്ടയാളുടെ തലക്കടിച്ചു. അയാളുടെ തല മുറിഞ്ഞ് രക്തം കിനിഞ്ഞു.
”നീ അവനെ അപമാനിക്കുമോ?” ഹംസ ചോദിച്ചു. ”ഞാനിതാ ഇവിടെ, എന്നെ പുലഭ്യം പറഞ്ഞു നോക്ക്, അപമാനിച്ചു നോക്ക്. ഞാനിപ്പോള്‍ അവന്റെ മതത്തിലാണ്. ഇപ്പോള്‍, ഇതാ അവന്‍ പ്രഖ്യാപിക്കുന്നത് ഞാനും ഉറക്കെ പ്രഖ്യാപിക്കുന്നു.” രോഷമടങ്ങാതെ ഹംസ നടന്നുനീങ്ങി.
ഓർക്കാപ്പുറത്തു കിട്ടിയ തിരിച്ചടിയിൽ നിശ്ചലനും നിശ്ചിന്തനുമായി അബൂജഹ്ൽ നിന്നു. ചിലന്തിവലയിൽ കുരുങ്ങിയ പ്രാണികണക്കെ, അയാളുടെ മനസ്സ് പിടഞ്ഞു. വീരത്വത്തിലും ശൂരത്വത്തിലും ആരുടെയും പിന്നിലല്ല, പക്ഷേ, അപ്പോഴേക്കും യാഥാർത്ഥ്യബോധം അയാളിലേക്ക് തിരിച്ചെത്തി; ഈ അധ്യായം ഇവിടെവെച്ചുതന്നെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് അബൂജഹ്‌ലിനു തോന്നി. മഖ്‌സൂം ഗോത്രക്കാരായ ചിലര്‍ അയാളുടെ സംരക്ഷണത്തിനു വേണ്ടി എഴുന്നേറ്റു നിന്നെങ്കിലും അയാള്‍ അവരെ വിലക്കി,
”അബൂ ഉമാറയെ വിട്ടേക്കുക, അയാളുടെ സഹോദരപുത്രനെ അല്‍പ്പം മുമ്പ് ഞാന്‍ മാന്യമല്ലാത്ത ഭാഷയില്‍ ചിലത് പറഞ്ഞിരുന്നു.”
വരാനിരിക്കുന്ന ശൈഥില്യത്തിന്റെ ആദ്യ സ്പര്‍ശങ്ങള്‍ ഹംസയും അബൂജഹ്‌ലും തൊട്ടറിഞ്ഞിരിക്കുന്നു.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.