നബിചരിത്രത്തിന്റെ ഓരത്ത് -23

//നബിചരിത്രത്തിന്റെ ഓരത്ത് -23
//നബിചരിത്രത്തിന്റെ ഓരത്ത് -23
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -23

ചരിത്രാസ്വാദനം

സാലിം

“യസ്‌രിബ് നിവാസികളേ, വരൂ, നല്ല ഒന്നാംതരം അടിമപ്പയ്യന്‍, സുശീലന്‍, ബുദ്ധിമാന്‍, ഉന്നതകുലജാതന്‍, കൈത്തൊഴിലുകളറിയാവുന്നവന്‍…”

യസ്‌രിബിലെ ചന്തയുടെ മൂലയില്‍ നിന്നുകൊണ്ട്, ജൂതന്‍ സല്ലാം ബിന്‍ ജുബൈര്‍ ഏറെ നേരമായി തുടരുന്ന തന്റെ അട്ടഹാസം അല്‍പമൊന്ന് നിര്‍ത്തി. പിന്നിലേക്ക് തൂങ്ങിക്കിടക്കുന്ന തലപ്പാവിന്റെ അറ്റം കൊണ്ട് കഴുത്തിലും നെറ്റിയിലും പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ തുടച്ചുകളഞ്ഞതിനുശേഷം അയാള്‍ തുടര്‍ന്നു,

”യസ്‌രിബുകാരേ, നിങ്ങള്‍ക്കു നല്ലതു മാത്രം ഭവിക്കണമെന്നല്ലാതെ ഞാന്‍ ആഗ്രഹിക്കുമോ, വരൂ, നിങ്ങളുടെ വീട്ടില്‍ ഇവനോടൊപ്പം ഐശ്വര്യവും കടന്നുവരും. സുശീലന്‍, ബുദ്ധിമാന്‍, ഉന്നതകുലജാതന്‍, കൈത്തൊഴിലുകളറിയാവുന്നവന്‍…”

ഓരോ വര്‍ഷത്തെയും തന്റെ പതിവനുസരിച്ച് ഗ്രീഷ്മത്തില്‍ ശാം ദേശത്തേക്ക് നടത്തിയ കച്ചവടയാത്രയില്‍ അനേകം ചരക്കുകളോടൊപ്പം അയാള്‍ വാങ്ങിയതാണീ അടിമപ്പയ്യനെ. ബുസറ് യില്‍ വെച്ച് ഏതോ ‘കല്‍ബു’ ഗോത്രക്കാരനില്‍ നിന്ന് തുച്ഛമായ വിലക്ക് വാങ്ങിയതാണ്. എന്നാല്‍, കൊണ്ടുവന്ന ‘ചരക്കു’കളില്‍ ഇനി ഇവന്‍ മാത്രം ബാക്കി.

കൂടിനിന്നവരുടെ കണ്ണുകള്‍ ജൂതന്റെ അടുത്തുനില്‍ക്കുന്ന കുട്ടിയില്‍ പതിഞ്ഞു. കുഴിഞ്ഞ കണ്ണുകള്‍, ഒട്ടിയ വയര്‍, തെളിഞ്ഞുകാണുന്ന വാരിയെല്ലുകള്‍, മുഖത്ത് ദൈന്യഭാവം, ശൂന്യമെങ്കിലും എന്തോ അന്വേഷിക്കുന്ന പോലെ ഉഴറുന്ന ദൃഷ്ടികള്‍. വല്ലതും ഉരിയാടിയാല്‍ അതൊട്ടു മനസ്സിലാകുന്നുമില്ല. പാര്‍സി ഭാഷയിലാണ്. കുട്ടിയുടെ ശോഷിച്ച കൈ പിടിച്ച് മേല്‍പ്പോട്ടുയര്‍ത്തി സല്ലാം പറഞ്ഞു,

”ഇവന്‍ ആരോഗ്യവാനാണ്. ഭക്ഷണം അകത്ത് ചെന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞതുകൊണ്ടാണ് മുഖത്ത് ഈ ഉന്മേഷക്കുറവ്. എനിക്കിവനെ നല്‍കിയ കല്‍ബു ഗോത്രക്കാരന്‍ എന്നോട് പറഞ്ഞത്, ഇവന്‍ പേര്‍സ്യയിലെ ഉന്നത കുടുംബത്തില്‍ പിറന്നവനാണ്, ‘ഇസ്തഖ്‌റി’ല്‍ നിന്ന് വന്ന് ഉബുല്ലയില്‍ താമസമാക്കിയ, ഒരുപാട് ഭൂമി അധീനപ്പെടുത്തി കൃഷി ചെയ്ത് ജീവിക്കുന്ന കുലീന കുടുംബത്തിലെ അംഗമാണ് എന്നൊക്കെയാണ്.”

കൂടുതല്‍ ചോദിച്ചാല്‍, ജൂതന്‍ പറഞ്ഞൊപ്പിക്കും, ”റോമക്കാര്‍ ഏറ്റവുമവസാനം പേര്‍സ്യ ആക്രമിച്ച തഞ്ചത്തില്‍ ചില അറബികള്‍ തട്ടിയെടുത്തതാണിവനെ. അവര്‍ കല്‍ബുകാരനു വിറ്റു. കല്‍ബുകാരന്‍ എനിക്കു വിറ്റു.

കൂട്ടത്തില്‍ നിന്നാരോ ചോദിച്ചു,

”എന്നാപ്പിന്നെ…….”

എനിക്കു തന്നെ അങ്ങെടുത്തു കൂടേ… അല്ലേ?

”ങ്ഹാ”

”അതൊ? പറയാം. ഇവനേക്കാള്‍ എനിക്കു താല്‍പര്യം ഇവനുവേണ്ടി ഞാന്‍ ചെലവഴിച്ച പണത്തിലാണ്. അതാണെനിക്ക് വലുത്. പിന്നെ, എനിക്കൊരു കുടുംബം പോലുമില്ല, ഇവനെ ഏല്‍പ്പിച്ചുകൊടുക്കാന്‍”.

ജൂതന്റെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല; അയാൾ പറഞ്ഞതിൽ പലതും സത്യമായിരുന്നിട്ടുകൂടി. അവര്‍ പറഞ്ഞു, ”സല്ലാം സ്വന്തം ആവശ്യത്തിനുവേണ്ടി വാങ്ങിയ അടിമയായിരിക്കണമിത്. ഏതോ വൈകല്യം കാരണം ഇപ്പോള്‍ കൈയൊഴിയാനുള്ള ശ്രമമാണ്. അതല്ലെങ്കില്‍ അയാളുടെ മറ്റു കച്ചവടച്ചരക്കുകള്‍ വിറ്റ കൂട്ടത്തില്‍ ഇവനെയും വില്‍ക്കുമായിരുന്നില്ലേ?

ജൂതന്‍ തൊണ്ട ശരിപ്പെടുത്തി വീണ്ടും വിളിച്ചുപറഞ്ഞു,

“യസ്‌രിബുകാരേ, നിങ്ങള്‍ക്കു വേണ്ടി… നല്ല അടിമ, സുശീലന്‍, ബുദ്ധിമാന്‍,
ഉന്നത… ഭക്ഷണം അകത്തുചെന്നാല്‍ ഇവന്റെ പഴയ ആരോഗ്യം തിരിച്ചുവരും…”

ജനം ചിരിച്ചു. ഓരോരുത്തരായി പിരിഞ്ഞുപോയി. ജൂതന്റെ മുഖത്ത് നിരാശ പ്രകടമായി. ഇരട്ടിയോ അതിലധികമോ ലാഭം പ്രതീക്ഷിച്ച് താന്‍ കൊണ്ടുവന്ന ‘ചരക്കി’ന് ആവശ്യക്കാരായി ആരുമില്ലെന്നോ! അല്‍പ്പം അകലെ നിന്ന് രംഗം വീക്ഷിക്കുകയായിരുന്നു യആറിന്റെ പുത്രി സുബയ്ത്ത. ജനങ്ങള്‍ പിരിഞ്ഞപ്പോള്‍ സുബയ്ത്ത അടുത്തുചെന്നു.

”നിങ്ങളുടെ ഈ പയ്യന്റെ പേരെന്താണെന്നാ പറഞ്ഞത് സല്ലാം?” അങ്ങാടിയിലെ ബഹളങ്ങൾക്കു മേലെ ശബ്ദമുയർത്തി സുബൈത്ത ചോദിച്ചു.

”സാലിം… എന്നാണ് എനിക്കവനെ തന്നവര്‍ അവന്റെ പേരായിപ്പറഞ്ഞത്.”

”സാലിം ബിന്‍..?”

”അറിഞ്ഞുകൂടാ. ഞാനിവനെ വാങ്ങിയത് ഒരു കല്‍ബു ഗോത്രക്കാരനില്‍ നിന്നാണ്.
എന്നോടവര്‍ പറഞ്ഞത്, ഇവന്റെ കുടുംബം…”

”… ഇതഖ്‌റില്‍ നിന്ന് വന്ന് ഉബുല്ലയില്‍ താമസമാക്കി, ഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു ജീവിക്കുന്ന ഉന്നത കുടുംബത്തിലെ അംഗം. അല്ലേ?” ചെറുചിരിയോടെ സുബയ്ത്ത പൂരിപ്പിച്ചു.

”നിങ്ങളെന്തു വില ചോദിക്കുന്നു?” അവൾ ചോദിച്ചു. ചോദ്യം സല്ലാമിന്റെ ഹൃദയത്തില്‍ പ്രതീക്ഷയുടെ കുളിരു നിറച്ചു. അയാള്‍ ഉള്ളാലെ ചിരിച്ചു. എന്നാല്‍ അത് പുറത്തുകാട്ടിയില്ല.

”ഞാന്‍ ഇവനു നല്‍കിയവില എനിക്കു കിട്ടണം. അതില്‍ കൂടുതല്‍ എനിക്ക് ഒന്നും വേണ്ട.”

കച്ചവടത്തില്‍ സല്ലാം നല്ല ലാഭം നേടിക്കഴിഞ്ഞിരുന്നു. സുബയ്ത്ത അതിലുമധികം ലാഭം കൊയ്തിരുന്നു. ഓമനത്തം തുളുമ്പുന്ന മുഖത്തോടെ ജൂതന്റെ വലതുവശത്തായി ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ തന്നെ കുട്ടിയുടെ നേരെ സുബയ്ത്തയുടെ മനസ്സില്‍ അലിവ് തോന്നിയിരുന്നു. തൊഴിലെടുപ്പിക്കാനായിരുന്നില്ല അവൾ അവനെ വിലക്കു വാങ്ങിയത്. നന്മ വിചാരിച്ചു മാത്രം. കല്ലും കട്ടയും ഉപയോഗിച്ചായിരുന്നില്ലല്ലോ അവരുടെ ഹൃദയം നിര്‍മിച്ചിരുന്നത്.

കുട്ടിയെയുമായി സുബയ്ത്ത തന്റെ ഭവനത്തിലേക്ക് മടങ്ങി. വഴിയിലുടനീളം അവര്‍ ചിന്തിക്കുകയായിരുന്നു, എന്തൊരു ലോകം! ദീനരോട് അലിവു തോന്നാത്ത ഹൃദയങ്ങള്‍, അന്യന്റെ വേദനയില്‍ ദുഃഖിക്കാത്ത വരണ്ട മനസ്സുകള്‍. പെട്ടെന്നവര്‍ കുട്ടിയുടെ മാതാവിനെക്കുറിച്ചോര്‍ത്തു. താന്‍ വിവാഹിതയാവുകയും, തനിക്കൊരു കുഞ്ഞു ജനിക്കുകയും, ആ കുഞ്ഞിനെ ദുഷ്ടന്മാര്‍ തട്ടിയെടുക്കുകയും, അത്യാർത്തനും അറുപിശുക്കനുമായ ഏതെങ്കിലും ജൂതന് വിറ്റ്, അയാളവനെ ചന്തയില്‍ വെച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുകയുമാണെങ്കിലോ… ദൈവമേ, ചിന്തിക്കാന്‍ പോലുമാകുന്നില്ല. ഇല്ല, ഞാനൊരിക്കലും വിവാഹിതയാവുകയില്ല; ഒരിക്കലും.

ഗ്രീഷ്മത്തില്‍ നടത്താറുള്ള ശാമിലേക്കുള്ള യാത്രകഴിഞ്ഞ് കച്ചവടച്ചരക്കുകളുമായി തന്റെ നാടായ മക്കയിലേക്കുള്ള മടക്കയാത്രയിലായിരുന്നു അബുഹുദൈഫ. നീണ്ട യാത്രക്കല്‍പ്പം ആശ്വാസം നല്‍കാനായി, യസ്‌രിബിൽ ഏതാനും ദിവസം തങ്ങാന്‍ അയാൾ തീര്‍ച്ചയാക്കിയിരുന്നു. പഴയ കൂട്ടുകാരെ കണ്ട് പരിചയം പുതുക്കിയും വര്‍ത്തമാനം പറഞ്ഞും രസിച്ചും യസ്‌രിബിൽ കഴിയവേ, സുഹൃത്തുക്കളാരോ പറഞ്ഞാണ് അബുഹുദൈഫ സുബൈത്തയെപ്പറ്റി കേള്‍ക്കുന്നത്. അവളുടെ ശാലീനത, തന്റേടം, അലിവ്, കാരുണ്യം തുടങ്ങി അനേകം വിശേഷണങ്ങളെക്കുറിച്ച് അദ്ദേഹം കേട്ടു കഴിഞ്ഞു. സാലിം എന്ന അവളുടെ പുതിയ അടിമയെപ്പറ്റിയും കല്ല്യാണം കഴിക്കില്ലെന്ന അവളുടെ തീരുമാനത്തെക്കുറിച്ചും ധാരാളം കേട്ടു.

അബൂഹുദൈഫ, സുബയ്ത്തയുടെ രക്ഷിതാക്കള്‍ മുഖേന അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തി. അവൾക്ക് ആലോചിക്കേണ്ടി വന്നില്ല; തയ്യാറല്ല എന്നറിയിച്ചു. എന്നാല്‍, അബൂഹുദൈഫയ്ക്ക് മക്കയിലുള്ള പിടിപാടും അദ്ദേഹത്തിന്റെ ഗോത്രത്തിന് ഇതര ഗോത്രങ്ങള്‍ക്കിടയിലുള്ള സ്ഥാനവും ഒരു നിമിഷം അവളെ മാറ്റി ചിന്തിപ്പിച്ചു. ഏറെ നേരത്തെ ചിന്തക്കൊടുവില്‍, വിശുദ്ധ ഗേഹത്തിന്റെ സംരക്ഷണച്ചുമതലയുള്ള ഗോത്രത്തിലേക്ക് മരുമകളായി കയറിച്ചെല്ലുന്നത് ഒരന്തസ്സു തന്നെയാണെന്നവള്‍ ഉറപ്പിച്ചു. വിശുദ്ധഗേഹം പൊളിക്കാനായി പുറപ്പെട്ട അബ്രയെയും ആനപ്പടയെയും അല്ലാഹു ചളിപ്പിച്ചു വിട്ടത് ഈ ഗോത്രത്തിനു വേണ്ടിയായിരുന്നുവല്ലോ.

നവവധുവുമൊത്ത് അബൂഹുദൈഫ മക്കയിലെത്തി. പിറ്റേന്ന് പ്രഭാതത്തില്‍ കഅ്ബയുടെ പരിസരത്തെത്തി. അവിടെ എല്ലാ ഖുറയ്ഷി പ്രമാണിമാരുമുണ്ടാകും. വട്ടത്തിലിരുന്ന് മദ്യത്തിന്റെ കൂജ കൈമാറി ഒഴിഞ്ഞ ചഷകങ്ങള്‍ വീണ്ടും നിറച്ച്, അത് മോന്തിയും കഥകള്‍ പറഞ്ഞ് രസിച്ചും, ഓരോരുത്തരും ഏറ്റവും അവസാനം നടത്തിയ യാത്രയുടെ അനുഭവങ്ങള്‍ കൈമാറിയും അവര്‍ നേരം കൊല്ലുക വിശുദ്ധഗേഹം വിരിച്ച തണലിലിരുന്നാണ്.

അബൂഹുദൈഫ തന്റെ കൂട്ടുകാരില്‍ പലരെയും അവിടെ തിരക്കി. ആരുമില്ല, അസ്വസ്ഥനായി തിരികെപ്പോന്നു. വൈകുന്നേരം വീണ്ടും അവിടെയെത്തി. അപ്പോഴേക്കും കഅ്ബയുടെ പരിസരം കൂടുതല്‍ തിരക്കുള്ളതായിത്തീര്‍ന്നിരുന്നു. പലരും അയാളെ ക്ഷണിച്ചു,

”അബുഹുദൈഫാ, വരൂ. ഒരു കോപ്പക്കു മേല്‍ നമുക്ക് സൗഹൃദം പങ്കിടാം.”

ക്ഷണം നന്ദിപൂര്‍വം നിരസിച്ച് ഓരോ കൂട്ടത്തിലും ചെന്ന് തന്റെ കൂട്ടുകാരെ അന്വേഷിച്ചു – ഉസ്മാന്‍ എവിടെ? എവിടെ ത്വല്‍ഹ? എവിടെ..?!

അബൂഹുദൈഫയുടെ മനസ്സില്‍ വേണ്ടാത്ത സംശയങ്ങള്‍ തലപൊക്കി. അവര്‍ മക്ക വിട്ടു പോയിക്കാണുമോ, അല്ലെങ്കില്‍ വല്ലരോഗവും..? ഇല്ല, തന്റെ കൂട്ടുകാര്‍ മാത്രം കൂട്ടത്തോടെ രോഗികളാകുമോ? കൂട്ടുകാരുടെ അസാന്നിദ്ധ്യം യുവാവിന്റെ സ്വാസ്ഥ്യം കെടുത്തി. ഏറെനേരം ഒറ്റക്ക് അവിടെ ചെലവഴിച്ച് രാത്രി വീട്ടിലേക്ക് തിരിച്ചു.

പിറ്റേന്ന് പ്രഭാതത്തില്‍ അബു ഹുദൈഫ കൂട്ടുകാരൻ അഫാന്റെ മകൻ ഉസ്മാന്റെ വീട്ടിലെത്തി. ഉസ്മാന്‍ തന്റെ നാല്പതുകളിലേക്ക് കാലൂന്നിയിരുന്നു. അബുഹുദൈഫയാകട്ടെ, മുപ്പതുകളുടെ ആദ്യപകുതിയിലും. വയസ്സിലുള്ള അന്തരം അവര്‍ തമ്മിലുള്ള സൗഹൃദത്തിനും സ്‌നേഹബന്ധത്തിനും തടസ്സമായിരുന്നില്ല. അവര്‍ തമ്മിലുള്ള സ്‌നേഹബന്ധം വളരെ പഴയതാണ്, ദൃഢമാണ്. ഇരുവര്‍ക്കുമിടയില്‍ രഹസ്യങ്ങളൊന്നുമില്ല. തന്റെ നവവധുവിനെക്കുറിച്ച് പറയാനായിരിക്കണം അബുഹുദൈഫക്ക് ഉസ്മാന്റെ മുമ്പിലെത്താന്‍ ഇത്ര തിടുക്കം. തെളിഞ്ഞ മുഖവുമായി ഉസ്മാന്‍ കൂട്ടുകാരനെ എതിരേറ്റു.

”അബൂഅംറ്, മടങ്ങിവന്നതു മുതല്‍ നിങ്ങളെ അന്വേഷിക്കുകയായിരുന്നു ഞാന്‍. കഅ്ബക്കു ചുറ്റുമുള്ള ഖുറയ്ഷി കൂട്ടങ്ങളിലൊക്കെ ഞാന്‍ നിങ്ങളെ തിരഞ്ഞു.”

”ചങ്ങാതീ, ഞാനിപ്പോള്‍ അവിടെ പോകാറില്ല. അവരുടെ വര്‍ത്തമാനങ്ങളിലൊന്നും എനിക്കൊരു താല്‍പര്യവുമില്ല.”

”എന്തേ അങ്ങനെ?”

മൗനം.

ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുമ്പിലും ഉസ്മാന്‍ മൗനിയായതേ ഉള്ളു.

”ലാത്തയാണ! ഉസ്സയാണ! നിങ്ങളെ ഏതോ വലിയ പ്രശ്‌നം അലട്ടുന്നുണ്ട്, അബൂഅംറ്”.

ഉസ്മാന്റെ മുഖം വിവര്‍ണമാകുന്നത് അബുഹുദൈഫ ശ്രദ്ധിച്ചു.
”എന്തുപറ്റി അബൂഅംറ്? നാം തമ്മിലുള്ള സൗഹൃദത്തെപ്പറ്റി നിങ്ങള്‍ക്ക് ഞാന്‍ വിശദീകരിച്ചു തരേണ്ടതില്ലല്ലോ. നിങ്ങള്‍ക്കെന്നെ വിശ്വസിക്കാം. എന്തുണ്ടെങ്കിലും നിങ്ങള്‍ക്കെന്നോട് തുറന്നു പറയാം.

”നാം തമ്മിലുള്ള സ്‌നേഹബന്ധത്തെക്കുറിച്ചായിരുന്നുല്ലോ, നീയിതുവരെ പറഞ്ഞുകൊണ്ടിരുന്നത്. ആ പഴയ സൗഹൃദം നിലനില്‍ക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, മേലില്‍ ലാത്തയെയോ ഉസ്സയെയോ പിടിച്ച് സത്യം ചെയ്യരുത്.”

”സഹോദരാ… അപ്പൊ…” അബൂഹുദൈഫയുടെ വാക്കുകൾ മുറിഞ്ഞു, “നിങ്ങള്‍ പിഴച്ചു?!!”

”ഇല്ല കുട്ടീ, ഞാന്‍ പിഴച്ചിട്ടില്ല. നേര്‍മാര്‍ഗത്തിലായതാണ്. അബൂഹുദൈഫാ, നീ വളരെ ചെറുപ്പമാണല്ലോ, പ്രായമധികമായിട്ടില്ല. ഒരുപാട് സഞ്ചാരങ്ങള്‍ നടത്തിയിട്ടുണ്ട്. നിന്നെപ്പോലൊരാള്‍, ഏതോ ഒരു ശില്‍പ്പിയുടെ കരവിരുതില്‍ രൂപംകൊണ്ട ആരു വിചാരിച്ചാലും തകര്‍ത്തുകളയാവുന്ന ഈ കല്ലിലും മരത്തിലും തീര്‍ത്ത കോലങ്ങള്‍ക്ക് മുമ്പില്‍ ദൈവമാണെന്നു കരുതി ഉപാസനകളർപ്പിക്കുന്നത് ബുദ്ധിയാണോ, ആലോചിച്ചുനോക്കൂ.”

പിന്നീടവര്‍ മുഹമ്മദിനെയും പുതിയ ദൗത്യത്തെയും മക്കയിലെ ഖുറയ്ഷികളെയും കുറിച്ച് ദീര്‍ഘനേരം സംസാരിച്ചു.

”നിങ്ങളൊരു വിവേകി തന്നെ. ഇന്നോളം ഇതേപ്പറ്റി ചിന്തിക്കേണ്ട ആവശ്യം എനിക്ക് വന്നിരുന്നില്ല. ഉപ്പൂപ്പമാര്‍ ചെയ്തുവന്നത് ചെയ്തുകൊണ്ടിരുന്നുവെന്ന് മാത്രം.”

”സത്യം പകല്‍വെളിച്ചം പോലെ തെളിഞ്ഞാലോ?”

”ആട്ടെ അൽഅമീനെ എപ്പോള്‍ കാണാനൊക്കും?”

”നീ ആഗ്രഹിക്കുന്നുവെങ്കില്‍… ഇപ്പോള്‍ തന്നെ.”

അബൂഹുദൈഫ മുസ്‌ലിമായി.
സുബയ്ത്ത മുസ്‌ലിമായി.
സാലിം മുസ്‌ലിമായി.
സുബയ്ത്ത, അടിമപ്പയ്യനായിരുന്ന സാലിമിനെ വിളിച്ചുവരുത്തി പറഞ്ഞു,
”സാലിം, ഇഷ്ടമുള്ളേടത്ത് പൊയ്‌ക്കൊള്ളൂ. ഇന്നു മുതല്‍ നീ സ്വതന്ത്രനാണ്.”

അന്നു മുതല്‍ സാലിം അബൂഹുദൈഫയുടെ വളര്‍ത്തു പുത്രനായി.

പിൽക്കാല ചരിത്രത്തിൽ, തിരുദൂതർ, ‘നാലു പേരിൽ നിന്ന് നിങ്ങൾ കുർആൻ പഠിക്കുക’ എന്ന് അനുയായികളോട് നിർദ്ദേശിച്ച നാലു പേരിൽ ഒരാൾ സാലിമായിരുന്നു.

കാലം പിന്നെയും മുന്നോട്ടു പോയി. തിരുദൂതരുടെ വിയോഗ ശേഷം അബൂഹുദൈഫയോടൊപ്പം യമാമ രണാങ്കണത്തിൽ വെച്ച് സാലിം രക്തസാക്ഷിയായി.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.