നബിചരിത്രത്തിന്റെ ഓരത്ത് -21

//നബിചരിത്രത്തിന്റെ ഓരത്ത് -21
//നബിചരിത്രത്തിന്റെ ഓരത്ത് -21
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -21

ചരിത്രാസ്വാദനം

ദൈവനിന്ദ

തങ്ങളുടെ പ്രിയങ്കരനായിരുന്ന മുഹമ്മദിനിതെന്തു പറ്റി? കുറയ്ഷ് അത്ഭുതപ്പെട്ടു. മക്കക്കാരുടെ ജീവിതത്തിലെ അരണ്ട വെളിച്ചത്തിനുമേല്‍ അവനൊരു മധ്യാഹ്ന ജ്വാലയായിരുന്നുവല്ലോ. അവന്റെ യൗവനം തങ്ങള്‍ക്ക് കാണാനായി കിനാക്കള്‍ നല്‍കിയിരുന്നുവല്ലോ. അവന് തങ്ങള്‍ അര്‍ഹമായ സ്ഥാനവും ആവശ്യമായ അംഗീകാരവും നല്‍കിയിരുന്നുവല്ലോ. എന്നിട്ടുമെന്തേ അവനിങ്ങനെ ദൈവനിന്ദാപരമായ വൃത്തികളിലേര്‍പ്പെടാന്‍! അവര്‍ തങ്ങളില്‍ തങ്ങളില്‍ സംശയമുന്നയിച്ചു.

അബൂതാലിബുമായുള്ള സംസാരം അനുകൂലമായ ഒരു ഫലവും കൊയ്തുകൊണ്ടുവന്നില്ലെന്ന് കണ്ടപ്പോഴും നേര്‍ക്കുനേർ അദ്ദേഹത്തിന്റെ സഹോദര പുത്രനെതിരില്‍ എന്തെങ്കിലും നടപടി എടുക്കാന്‍ കുറയ്ഷ് മടിച്ചു. ഗോത്രത്തിന്റെ തലയാളെന്ന നിലയില്‍ തന്റെ ഗോത്രക്കാരന്‍ തന്നെയായ മുഹമ്മദിന് സംരക്ഷണം നല്‍കേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. വീണ്ടും വീണ്ടും കയറിച്ചെന്ന് അദ്ദേഹത്തെ നിര്‍ബ്ബന്ധിച്ചാല്‍ കുറയ്ഷികള്‍ക്കെതിരില്‍ വെട്ടിത്തുറന്ന ഒരു നിലപാട് അദ്ദേഹം സ്വീകരിക്കുകയാണെങ്കില്‍ തങ്ങളുടെ നില കഷ്ടത്തിലാകും.

അബൂതാലിബിനെതിരെ ഏതെങ്കിലും തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ ഇനിയുമുണ്ട് തടസ്സങ്ങൾ. അത് മറ്റു ഗോത്രത്തലവന്മാരുടെ ഭാഗത്തുനിന്നുള്ളതാണ്. മക്കയിലെ പേരുകേട്ട ഗോത്രത്തിന്റെ നേതാവായ അബൂതാലിബിനെതിരെ നടപടികള്‍ക്ക് സമ്മതം മൂളിയാല്‍ അത് പിന്നീട് തങ്ങള്‍ക്കെതിരിലും തിരിഞ്ഞെന്നിരിക്കും. ഗോത്രാധിപന്റെ അന്തസ്സും അഭിമാനവും നിലനിന്നു കാണേണ്ടത് അവരുടെകൂടി താല്‍പര്യമാണ്. അതുകൊണ്ട്, അബൂതാലിബിനെതിരില്‍ തല്‍ക്കാലം നടപടിയൊന്നുമില്ല. അബൂതാലിബിന്റെ സഹോദരപുത്രനെതിരെയും നടപടിയില്ല. പകരം, സംരക്ഷിക്കാനാരുമില്ലാത്ത, ദുര്‍ബലരായ മുസ്‌ലിംകളെ വ്യാപകമായി പീഡിപ്പിക്കുക.

മുഹമ്മദിന്റെ സന്ദേശ വഴിയിൽ പീഡിതർക്കുള്ള സുവാർത്തയുടെ പരാഗങ്ങൾ വീണുകിടക്കുന്നുണ്ടല്ലോ. വരാനിരിക്കുന്ന വേറൊരു ലോകത്തിന്റെ മഴവില്ല് സ്വപ്നം കാണുന്ന ദീനരും നിസ്വരുമായ ആ മനുഷ്യരെ ശാരീരികമായി പീഡിപ്പിച്ചാല്‍ അവര്‍ മുഹമ്മദിന്റെ പാത ഉപേക്ഷിച്ചെങ്കിലൊ. അങ്ങനെ പുതുമതത്തെ പിഞ്ചിലേ നുള്ളിക്കളയാം. അന്നാണ് സഫാ പര്‍വതത്തില്‍ കയറി നിന്നുള്ള അൽഅമീന്റെ വിളിയാളം അവര്‍ കേട്ടത്.

“ക്വുറയ്ഷികളേ” – വിളി കേട്ട കുറയ്ഷ് മുഖത്തോടു മുഖം നോക്കി.

”മുഹമ്മദ് സഫാപര്‍വതത്തില്‍ നിന്ന് വിളിക്കുന്നു.” അദ്ദേഹത്തിനെന്തോ ആപത്ത് പിണഞ്ഞുവെന്ന് കരുതി അവര്‍ ഓടിയെത്തി. അന്നേരം അദ്ദേഹം പറഞ്ഞു,

”നോക്കു, ഈ പര്‍വതത്തിന്റെ മറുഭാഗത്ത് ഒരു കുതിരപ്പട നിങ്ങളെ ആക്രമിക്കാനായി സജ്ജമായിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങൾ വിശ്വസിക്കുമോ?”

”തീര്‍ച്ചയായും”- അവര്‍ പറഞ്ഞു, ”താങ്കളെ ഞങ്ങളെന്തിനവിശ്വസിക്കണം? ഇന്നോളം താങ്കളൊരു പൊളിവാക്ക് പറഞ്ഞിട്ടില്ലല്ലോ.”

തിരുദൂതർ പറഞ്ഞു, ”എന്നാല്‍ കഠിനമായ ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകാരനാണ് ഞാന്‍.

അബ്ദുല്‍ മുത്തലിബ് വംശമേ, അബ്ദുമനാഫ് വംശമേ, സുഹ്‌റ വംശമേ, തെയ്മ് വംശമേ, മഖ്സൂം വംശമേ, അസദ് വംശമേ എന്റെ അടുത്ത ചാര്‍ച്ചക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അല്ലാഹു എന്നോട് കല്പിച്ചിരിക്കുന്നു. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് നിങ്ങള്‍ പ്രഖ്യാപിക്കുന്നില്ലെങ്കില്‍ ഈ ലോകത്ത് എന്തെങ്കിലും ഗുണമോ പരലോകത്ത് എന്തെങ്കിലും നേട്ടമോ നിങ്ങള്‍ക്കുറപ്പാക്കാന്‍ എനിക്കാവില്ല.”

അപ്പോഴേക്കും അബൂലഹബിന്റെ സ്ഥൂല ശരീരം വിറച്ചു. ഉള്ളിലെ കോപം മുഴുവൻ വാക്കുകളായി ഛര്‍ദ്ദിച്ചു. കേട്ടുനില്‍ക്കുന്നവര്‍ക്കെല്ലാം പരിഹാസം തോന്നുന്ന മട്ടില്‍ അലറി, ”നാശം! ഇതു പറയാനാണോ നീ ഞങ്ങളെയെല്ലാം ഇവിടെ വിളിച്ചുവരുത്തിയത്?

പിതൃവ്യന്റെ അപ്രതീക്ഷിതമയ ക്രോധ പ്രകടനവും അപമാനിക്കലുമനുഭവിച്ച് എന്തുവേണ്ടൂ എന്നറിയാതെ അമ്പരന്നു നിന്ന നിമിഷത്തില്‍ മുഹമ്മദിന് വെളിപാടുണ്ടായി, ”അബൂലഹബിന്റെ കൈകൾ രണ്ടും തുലയട്ടെ; അയാൾ തന്നെയും തുലയട്ടെ. തന്റെ സമ്പത്തോ, താൻ സംഭരിച്ചതോ അയാള്‍ക്കുപകരിച്ചില്ല. നാളങ്ങളുള്ള അഗ്നിയില്‍ അയാൾ പ്രവേശിക്കും; വിറക് ചുമട്ടുകാരിയായ അയാളുടെ ഭാര്യയും.”

അകം തിളച്ച ഒരഗ്നിപര്‍വതം പൊട്ടാൻ പാകത്തില്‍ കാത്തുനിന്ന വേള. മുഹമ്മദിന് അല്ലാഹു തുണയുണ്ട്. തങ്ങള്‍ വല്ലാത്ത ഒരു വിഷമവൃത്തത്തിലാണകപ്പെട്ടിരിക്കുന്നതെന്ന് കുറയ്ഷികൾക്ക് തോന്നി. പ്രശ്‌നം അതീവ ഗുരുതരമാണ്. തീര്‍ത്ഥാടനകാലം വന്നെത്തുന്നു. അറേബ്യയുടെ നാനാദിക്കുകളില്‍ നിന്നും മക്കയിലേക്കുള്ള വഴികളിലൂടെ പരശ്ശതം തീര്‍ത്ഥാടകർ മക്കയിലെത്തും. അറബികള്‍ ഇന്നോളം കുറയ്ഷികളെ കണക്കറ്റ് ആദരിച്ചിട്ടേയുള്ളു. വെറുതെ നേടിയെടുത്തതല്ല ഈ ആദരം. അവരുടെ ദൈവങ്ങള്‍ ശക്തരാണ്. അവര്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടുംവിധം ആതിഥ്യമരുളുന്നു. എന്നാൽ പ്രതാപത്തിന്റെയും മഹിമയുടെയും ആ കോട്ടകളെല്ലാം ഇക്കൊല്ലം തകര്‍ന്നുപോവുകയാണല്ലോ. പ്രതാപത്തിന്റെ തേജസ്ഫുലിംഗങ്ങളിൽ നിന്ന് കുറയ്ഷ് അടിതെറ്റി വീഴാൻ പോകുന്നു.

മുഹമ്മദ് തീർത്ഥാടകരെ കാത്തിരിക്കുകയാണ്. കുറയ്ഷികളുടെ ദൈവങ്ങളെ നിന്ദിക്കുന്ന വാക്കുകള്‍ അവരുടെ തന്നെ കൂട്ടത്തിൽ നിന്നുള്ള ഒരു മാന്യന്റെ തൊണ്ടയില്‍ വിമോചനം കാത്തുകഴിയുന്നു. തങ്ങളുടെ പൂര്‍വ്വ മതത്തെ കയ്യൊഴിയാനും പുതിയ മതത്തെ സ്വീകരിക്കാനും മുഹമ്മദും അനുയായികളും തീര്‍ത്ഥാടകരോടാവശ്യപ്പെടും. അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും, സംശയമില്ല.

അവരില്‍ പലരും പിന്നീടൊരിക്കലും മക്കയിലേക്ക് തീര്‍ത്ഥാടനത്തിനായി വന്നെത്തുകയില്ല. ഓര്‍ക്കുന്തോറും മനസ്സിൽ ഇരുള്‍ നിറഞ്ഞുവന്നു. തീര്‍ത്ഥാടകരൊഴിഞ്ഞ മക്കയെ എന്തിനുകൊള്ളാം? മക്കയിലെ ജീവിതത്തിന്റെ പിടലി ഞരമ്പായ തീർത്ഥാടനവും കച്ചവടവും ഇല്ലാതാകാന്‍ പോകുന്നു.

തീര്‍ന്നില്ല, ഇപ്പോള്‍ കഅ്ബ പരിപാലിക്കുന്നവരുടെ നേരെയുള്ള അറബികളുടെ ആദരം ഉടഞ്ഞുതകരും. അതുകൊണ്ടവസാനിച്ചുവോ, ഹിജാസിലെയും നജ്ദിലെയും യമനിലെയും അറബികള്‍ തങ്ങള്‍ക്കെതിരില്‍ സംഘടിക്കുകയും, ദൈവങ്ങളുടെ മഹത്വത്തിന് കാവലേര്‍പ്പെടുത്താന്‍ കഴിയാത്തവരെന്നാക്ഷേപിച്ച് കുറയ്ഷികളെ മക്കയില്‍ നിന്നുതന്നെ കുടിയിറക്കാനുമിടയുണ്ട്. ഖുസാഅ ഗോത്രക്കാരെ ഇവ്വിധം കുടിയിറക്കിയാണല്ലോ പണ്ട് കുറയ്ഷ് മക്കയുടെ നേതൃത്വമേറ്റെടുത്തത്. ജുര്‍ഹൂം ഗോത്രത്തെ തുരത്തിയായിരുന്നു ഖുസാഅക്കാരുടെ രംഗപ്രവേശം. ഇരുളിന്റെ തിരമാലകളാണ് പ്രശ്‌നങ്ങളുടെ പാരാവാരം അവര്‍ക്കു സമ്മാനിച്ചത്.

ആലോചിച്ചു നിൽക്കാൻ നേരമില്ല. അതുകൊണ്ട്, മക്കക്കാരേ, ഇക്കൊല്ലം തീര്‍ത്ഥാടകരായി ഇവിടെ എത്തുന്നവരോട് പറയേണ്ടത് ഇതാണ്, ”മുഹമ്മദ് ഒരുനിലക്കും കുറയ്ഷികളെ പ്രതിനിധാനം ചെയ്യുന്നില്ല.”

“മുഹമ്മദ് ആഭിചാരവൃത്തിക്കാരനാണ്”- അവര്‍ പ്രചരിപ്പിച്ചു. മുഗീറയുടെ പുത്രന്‍ വലീദാണ് അങ്ങനെയവര്‍ക്ക് പറഞ്ഞുകൊടുത്തത്. കുര്‍ആനിന്റെ വചനധാര, തുടക്കത്തിൽ, സഹൃദയനായ അയാളുടെ ഹൃദയത്തിൽ അലിവുകള്‍ തീർത്തു തുടങ്ങിയിരുന്നു. പിന്നീടയാള്‍ ആ വചനങ്ങളുടെ വശ്യവലയത്തില്‍ നിന്ന് വിചിത്ര വാദങ്ങൾ അവതരിപ്പിച്ച് കുതറിമാറി. ആഭിചാരക്കാരനല്ല മുഹമ്മദ് എന്ന് നന്നായി ബോധ്യമുണ്ടായിരുന്ന അയാള്‍ അവസാനം പറഞ്ഞു, ”ഏതായാലും മുഹമ്മദിനും ആഭിചാര വൃത്തിക്കാര്‍ക്കുമിടയില്‍ ഒരു സമാനതയുണ്ട്. ഇരുകൂട്ടര്‍ക്കും, പിതാവിനെ പുത്രനില്‍ നിന്നും, ഭാര്യയെ ഭര്‍ത്താവില്‍ നിന്നും, സഹോദരനെ സഹോദരനില്‍ നിന്നും, ബാലനെ കുടുംബത്തില്‍ നിന്നും അകറ്റി മാറ്റുവാനുള്ള കഴിവുണ്ട്.”

അതുകൊണ്ട്?

അതുകൊണ്ട്, അയാളെ ഒറ്റപ്പെടുത്തണം. അയാളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കരുത്.

മക്കയിലേക്കുള്ള കവാടങ്ങളിലെല്ലാം അവര്‍ സ്വന്തം ആളുകളെ നിര്‍ത്തി. എന്നിട്ട്, മുഹമ്മദിന്റെ വലയില്‍ വീഴാതിരിക്കുന്നതിനായി സ്വയം കവചം തീര്‍ത്തുകൊള്ളാന്‍ തീര്‍ത്ഥാടകരെ ഉപദേശിച്ചു. തങ്ങളുടെ സ്വന്തം അനുഭവം വെച്ച് അവര്‍ക്കറിയാമായിരുന്നുവല്ലോ, മുഹമ്മദിന്റെ വാക്കുകള്‍ എത്രമാത്രം ‘അപകടകാരി’യാണെന്ന്.

പുതുമതത്തിന്റെ പ്രചാരകനാകുന്നതിനു മുമ്പ് മക്കാ നിവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നല്ലോ അൽഅമീൻ. അദ്ദേഹത്തിന്റെ വാഗ്‌വിലാസവും പട്ടുപോലത്തെ നാവും നഷ്‌പ്പെട്ടിട്ടുമില്ല. അദ്ദേഹത്തിന്റെ വാക്കുകളാകട്ടെ, മാനവതക്കുള്ള മഹിതസന്ദേശവും. അതിനാൽ, ഒരിക്കലും മുഹമ്മദിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തീര്‍ത്ഥാടകരെ അനുവദിച്ചുകൂടാ.

നാഴികകൾ കൊഴിയുകയും വിരിയുകയും ചെയ്തു. കുറയ്ഷ് സാവേശം തങ്ങളുടെ പദ്ധതി നടപ്പിലാക്കാനാരംഭിച്ചു. തുടക്കത്തില്‍തന്നെ, ചുരുങ്ങിയത് ഒരു സംഭവത്തിലെങ്കിലും അവര്‍ പരാജയത്തിന്റെ കൈപ്പു കുടിച്ചു.

ഗിഫാര്‍ ഗോത്രക്കാരനായ, അബൂദര്‍ എന്നു പേരുള്ള ഒരാള്‍ പ്രവാചകനെക്കുറിച്ചും അദ്ദേഹത്തിന്റെ സന്ദേശത്തെക്കുറിച്ചും ഈയിട മക്ക സന്ദര്‍ശിച്ച തന്റെ സഹോദരനിലൂടെ കേട്ടറിഞ്ഞിരുന്നു. മക്കയുടെ വടക്കു പടിഞ്ഞാറ് ചെങ്കടലിന് അധികം അകലെയല്ലാതെയായിരുന്നു ഗിഫാര്‍ ഗോത്രത്തിന്റെ വാസം. ഗിഫാര്‍ ഗോത്രം പരമ്പരാഗതമായിത്തന്നെ കുപ്രസിദ്ധരായ കൊള്ളക്കാരാണ്. ഗോത്രക്കാരിലധിക പേരെയും പോലെ അബൂദര്‍റും കൊള്ളക്കാരനാണ്. എന്നാല്‍, ഗോത്രത്തിലെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി ശക്തനായ ഏക ദൈവ വിശ്വാസിയാണയാള്‍. വിഗ്രഹാരാധനയോട് തന്നത്താൻ നുരഞ്ഞു പൊങ്ങിയ അനിഷ്ടവും വിമ്മിട്ടവും ചെറുപ്പം മുതല്‍ തന്നെ അയാളുടെ മനസ്സില്‍ കുരുത്തിരുന്നു.

പിറ്റേന്ന്, അബൂദര്‍ മക്കയെ ലക്ഷ്യമാക്കി യാത്രതിരിച്ചു. ഒരു ദീര്‍ഘയാത്രയുടെ ഞെരുക്കത്തിനും കുളിരിനും ശേഷം അദ്ദേഹം പ്രവാചകന്റെ വീടെത്തി. മുറ്റത്തിട്ട ഒരു പടിയിൽ തുണികൊണ്ട് മുഖം മറച്ച് കിടന്നുറങ്ങുകയായിരുന്നു പ്രവാചകര്‍, അബൂദര്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്തി ‘സുപ്രഭാതം’ ആശംസിച്ചു.

”നിങ്ങള്‍ക്ക് സമാധാനം” – പ്രവാചകന്‍ പറഞ്ഞു.

”താങ്കളുടെ കവിത കുറച്ച് എന്നെയും കേള്‍പ്പിക്കൂ” ബദവി ആവശ്യപ്പെട്ടു.

”അതിന് ഞാനൊരു കവിയല്ലല്ലൊ” – നബി പറഞ്ഞു. “ഞാന്‍ ഉരുവിടുന്നത് കുര്‍ആൻ ആകുന്നു. അത് എന്റെ വാക്കുകളല്ല. അല്ലാഹുവിന്റേതാണ്.”

”എനിക്ക് ചൊല്ലിത്തരൂ” – അബൂദര്‍ ആവശ്യപ്പെട്ടു.

പ്രവാചകന്‍ കുര്‍ആനില്‍ നിന്നുള്ള ഒരധ്യായം ഓതിക്കൊടുത്തു. നൂറു സൂര്യന്റെ വെളിച്ചമേറ്റുവാങ്ങിയ ആകാശം പോലെ അദ്ദേഹത്തിന്റെ മനസ്സു തെളിഞ്ഞു. അബൂദര്‍റ് ഇസ്‌ലാമിന്റെ അടയാളവാക്യം ചൊല്ലി, ”അല്ലാഹു അല്ലാതെ ഒരാരാധ്യനില്ലെന്നും, മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷിമൊഴി നല്‍കുന്നു.”

”താങ്കൾ ഏതു ഗോത്രത്തിലേയാ?” – നബി ചോദിച്ചു. ആഗതന്റെ മറുപടി കേട്ട് പ്രവാചകന്‍ അയാളെ അടിമുടി കണ്ണുകൊണ്ടുഴിഞ്ഞു. എന്നിട്ട് പറഞ്ഞു, ”അല്ലാഹു, തീര്‍ച്ചയായും, അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു.”

പ്രവാചകന്‍ അബൂദര്‍റിന് ഇസ്‌ലാമിനെക്കുറിച്ച് വേണ്ടതൊക്കെ പഠിപ്പിച്ചു കൊടുത്തതിന് ശേഷം പറഞ്ഞു, ”അബൂദർ, താങ്കൾ സ്വന്തം ഗോത്രത്തിലേക്ക് തിരിച്ചു ചെല്ലുക.”

വിതച്ചവന്‍ മാത്രം കൊയ്യുന്ന മഹാദിനത്തെക്കുറിച്ചുള്ള ചിന്തയില്‍ അബൂദര്‍ തന്റെ ഗോത്രക്കാരുടെ അടുത്തേക്ക് തിരിച്ചുപോയി. ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒരു നിമിഷമായിരുന്നു അത് എന്ന് പിന്നീട് തെളിയും.

കാലഗതിയുടെ ഒരു പ്രത്യേക ബിന്ദുവിൽ വെച്ച് ഒരു മനുഷ്യ മഹാനദിയുടെ ഒഴുക്കിന്റെ കുളിരറിഞ്ഞാണ് മദീനാ നഗരം വരാനിരിക്കുന്ന ആ പ്രഭാതത്തെ വരവേൽക്കുക. ആണും പെണ്ണുമടങ്ങുന്ന, ഗിഫാര്‍ ഗോത്ര സംഘത്തിന്റെ ഇസ്‌ലാമാശ്ലേഷം നടക്കുകയാണന്ന്. അബൂദർ വഴി മുസ്‌ലിംകളായവരായിരുന്നു അവർ.

കാലനദി പിന്നെയും ഒഴുകി. ഒരു പ്രത്യേക ബിന്ദുവിൽ വെച്ച് സമൂഹത്തിലെ സാമ്പത്തിക സമത്വത്തിനു വേണ്ടി വാദിച്ചും അഴിമതിക്കെതിരെ പൊരുതിയും റബ്ദയുടെ ഏകാന്ത വിജനതയിൽ ജീവിതാന്ത്യം ചെലവിട്ട അബൂദർ, തിരുദൂതർ അദ്ദേഹത്തെക്കുറിച്ച് സൂചിപ്പിച്ച പോലെതന്നെ, “ഏകാകിയായി സഞ്ചരിക്കുകയും, ഏകാകിയായി മരണമടയുകയും ചെയ്ത്, ഏകാകിയായി ഉയർത്തെഴുന്നേൽക്കപ്പെടുന്നതിനായി നാഥന്റെ നിതാന്തമായ അനുഗ്രഹത്തണലിലേക്ക് മാറിനിന്നു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.