നബിചരിത്രത്തിന്റെ ഓരത്ത് -20

//നബിചരിത്രത്തിന്റെ ഓരത്ത് -20
//നബിചരിത്രത്തിന്റെ ഓരത്ത് -20
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -20

ചരിത്രാസ്വാദനം

പ്രസ്ഥാനം

മഹാകാരുണ്യത്തിന്റെ പ്രസന്നമായ ശുദ്ധധൂളികള്‍ മഞ്ഞുകണക്കെ നീരൂർന്ന മരുപ്പരപ്പില്‍ പെയ്തിറങ്ങുകയായി. പറവകള്‍ ചിറകടിച്ചും ഉല്ലാസവീചികള്‍ ഉതിര്‍ത്തും വസന്തത്തിന്റെ വരവറീച്ചു. പ്രാചീനമായ ഉദാസീനതയിൽ നിന്നുണർന്ന മക്ക ഉറവു വറ്റാത്ത അനുഗ്രത്തിന്റെ പദനിസ്വനത്തിന് കാതോർത്ത് ജാഗ്രത്തായി.

ഏകദൈവത്തെ മാത്രം ആരാധിക്കുകയെന്ന മഹിത മന്ത്രത്തിന്റെ ഈടുറ്റ ചരടില്‍ മനുഷ്യരെയൊന്നടങ്കം കോര്‍ത്തിണക്കുന്ന തത്ത്വശാസ്ത്രം ഇനി ഇവിടെ നിന്നാണ് നാടിന്റ നാനാദിക്കുകളിലേക്ക് വൻനദിയായി ഒഴുകിപ്പരക്കേണ്ടത്.

ഇസ്‌ലാമിലേക്കുള്ള നിമന്ത്രണം പരസ്യമാക്കാനുള്ള സമയം അടുത്തുവരുന്നു. വിശ്വാസികളുടെ കൊച്ചുസംഘം നാള്‍ക്കുനാള്‍ വലുതായിക്കൊണ്ടിരുന്നു. ഒരു വിശ്വാസിയെങ്കിലും പുതുതായുണ്ടാകാതെ ഒറ്റ ദിവസവും കടന്നുപോയില്ല. വന്നവരിലധികവും യുവാക്കളായിരുന്നു.

സ്ത്രീയും പുരുഷനുമടങ്ങുന്ന ആ സംഘത്തില്‍ പ്രവാചകന്റെ പിതൃവ്യപുത്രന്മാരായ ജഅ്ഫര്‍, സുബെയ്ര്‍, അമ്മായി ഉമൈമയുടെ മക്കളായ അബ്ദുല്ലാ ബിന്‍ ജഹ്ഷ്, സഹോദരന്‍ ഉബയ്ദുല്ല, മറ്റൊരമ്മായി ബർറയുടെ മകൻ അബൂസലമ തുടങ്ങിയവര്‍ അണിചേരാന്‍ അധികം സമയമെടുത്തില്ല. ഉമ്മ വഴി മച്ചുനനായ സഅദ് ബിൻ അബീവകാസ് സഹോദരൻ ഉമൈറിനൊപ്പം സംഘത്തിലെത്തിക്കഴിഞ്ഞു.

എന്നാല്‍, നബിയുടെ പിതൃവ്യന്മാരുടെ സ്ഥിതി ഇതായിരുന്നില്ല. അവര്‍ ഇസ്‌ലാമിനോട് കാര്യമായ താല്‍പര്യം പ്രകടിപ്പിച്ചില്ല. അബൂതാലിബ്, മക്കളായ ജഅ്ഫറിന്റെയോ അലിയുടെയോ ഇസ്‌ലാമാശ്ലേഷത്തില്‍ തരിമ്പും എതിർപ്പ് പ്രകടിപ്പിച്ചില്ല എന്നതു നേര്. എന്നാൽ, കുറയ്ഷി പിതൃപരമ്പരയുടെ മതം ഉപേക്ഷിക്കാന്‍ അദ്ദേഹം ഒരുക്കമല്ല. അബ്ബാസ് പിടികൊടുക്കാതെ തെന്നിമാറി.

ഹംസയാണെങ്കില്‍ ഇതിലൊന്നും വലിയ താല്‍പര്യമില്ലാതെ സ്വന്തം ചുറ്റുപാടുകളിലേക്ക് പിന്‍വാങ്ങി. എന്നാൽ, സഹോദരപുത്രനെ ഒരിക്കലും കൈവിടുകയില്ലെന്നു മാത്രമല്ല, ഏതു നിലക്കുള്ള സഹായവും അവന് നല്‍കുകയും ചെയ്യും. വൈകാതെ സമൂഹഭ്രഷ്ടിന് വിധേയനാകാനിരിക്കുന്ന ഒരാൾക്ക് തന്റെ ആത്മമിത്രമായ കളിക്കുട്ടുകാരനില്‍ നിന്ന് ഇതില്‍ കൂടുതലെന്തു വേണ്ടൂ!

എന്നാല്‍, അബൂലഹബ് ഈ മൂന്നു പേരെപ്പോലെയും ആയിരുന്നില്ല. ആഢ്യതയുടെയും സമ്പന്നതയുടേയും വ്യര്‍ത്ഥബോധത്താൽ ഉടലെടുത്ത അഹന്തയും ശാഠ്യവും വാരിപ്പുതച്ച, ചെറിയ പ്രകോപനത്തിൽ പോലും നൊടിനേരം കൊണ്ട് ജ്വാലകണക്കെ കത്തിക്കയറുന്ന ആ സ്ഥൂലശരീരി പരുഷമായാണ് പ്രവാചകനോട് പ്രതികരിച്ചത്.

സഹോദരപുത്രന്‍ ഒരു കുലവഞ്ചകനല്ലെങ്കില്‍, അവനെയാരോ പറഞ്ഞു പറ്റിച്ചിരിക്കുകയാണെന്നയാൾ ഉറച്ചുവിശ്വസിച്ചു; ഒട്ടൊക്കെ ആത്മാര്‍ത്ഥമായിത്തന്നെ. കുടിലയും ദ്വേഷബുദ്ധിയുമായിരുന്ന അയാളുടെ ഭാര്യ ഉമ്മു ജമീൽ, നുണകളുടെയും അപവാദങ്ങളുടെയും വിറക് കെട്ടുകൾ നിക്ഷേപിച്ച് അയാളുടെ കോപത്തീക്ക് ഇന്ധനമേകി ആളിക്കത്തിച്ചു. വെണ്മഞ്ഞോളം വിശുദ്ധയായ ഖദീജയെ അബ്ദുൽ മുത്തലിബ് കുടുംബം ‘താഹിറ’ എന്നാണ് വിളിക്കുന്നത്. തന്റെ രണ്ടാൺമക്കളുടെ ഭാര്യമാരുടെ ഉമ്മയായിരുന്നിട്ടും ഖദീജയെ ‘പവിത്ര’ എന്ന് വിളിക്കുന്നത് ഉമ്മുജമീലിനെ അസൂയയാൽ അരിശം കൊള്ളിച്ചു.

പക്ഷേ, നിയതിയുടെ നിശ്ചഞ്ചലമായ തീരുമാനം മറ്റൊന്നാണല്ലോ. കാലത്തിന്റെ ഗതി നിർണയിച്ചു കൊണ്ട് ആകാശത്തു നിന്നുള്ള നിർദ്ദേശം ലഭിക്കുകയായി, ”താങ്കളുടെ അടുത്ത ചാര്‍ച്ചക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കൂ. താങ്കളെ പിന്തുടര്‍ന്ന വിശ്വാസികള്‍ക്ക് ചിറക് നിവർത്തിക്കൊടുക്കൂ. അവര്‍ നിരാകരിക്കുന്നുവെങ്കില്‍, നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് യാതൊരു ഉത്തരവാദിത്തവുവുമില്ലെന്നവരോട് പറഞ്ഞേക്കുക.”

പുതുവിശ്വാസത്തിന്റെ പ്രഖ്യാപനം കടമയാവുകയാണ്. പ്രവാചകന്‍ അലിയെ വിളിച്ചുവരുത്തി, “സ്വന്തബന്ധങ്ങളെ താക്കീത് ചെയ്യാന്‍ മുകളില്‍ നിന്ന് കല്പന വന്നിരിക്കുന്നു. മനുഷ്യരെ ഒന്നാക്കുന്ന ഈ മഹാസന്ദേശം അവര്‍ക്കെത്തിച്ചുകൊടുക്കാനായി നമുക്ക് ബന്ധുക്കളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്താം. ഒരു സദ്യ ഒരുക്കാനുള്ള ചിട്ടവട്ടങ്ങള്‍ നടത്തിക്കൊള്ളൂ.”

വിരുന്നൊരുങ്ങി. പങ്കുകൊള്ളാന്‍ വന്നവർക്ക് ഇസ്‌ലാമിന്റെ സന്ദേശം കൈമാറാനായി പ്രവാചകന്‍ ഒരു ശ്രമം നടത്തി. എന്നാൽ, ശഠനും ക്ഷിപ്രകോപിയുമായിരുന്ന എളാപ്പ അബൂലഹബ് പരുഷോക്തികൾ ഉരുവിട്ടുകൊണ്ട് അത് കലക്കി. പതഞ്ഞു പൊങ്ങിയ ക്രോധത്തിൽ, അതിഥികളായെത്തിയവരോട് എഴുന്നേറ്റുപോകാന്‍ അയാള്‍ ആക്രോശിച്ചു.

സത്യപ്രബോധനത്തിനായി നിയുക്തനായ ഒരു പ്രവാചകന് നിരാശ ഉണ്ടായിക്കൂടാ. പുതിയ പ്രവാചകൻ ഒട്ടും നിരാശനല്ല. അടുത്ത ദിവസവും സദ്യയൊരുങ്ങി ബന്ധുജനങ്ങളെ ക്ഷണിച്ചു. സദ്യക്കുശേഷം മുഹമ്മദ് അവരോടു പറഞ്ഞു,

”അബ്ദുല്‍ മുത്തലിബ് സന്തതികളേ, എനിക്കറിയാം, ഞാന്‍ കൊണ്ടുവന്നതുപോലൊരു മഹദ് സന്ദേശവുമായി ആരുമിതുവരെ അറബ് ജനതയിലേക്ക് വന്നിട്ടില്ല. ഈ ലോകത്തെയും വരാനിരിക്കുന്ന ലോകത്തെയും ജീവിതവിജയമാണ് ഞാന്‍ നിങ്ങള്‍ക്കായി കൊണ്ടുവന്നിട്ടുള്ളത്. നിങ്ങളെ അതിലേക്ക് ക്ഷണിക്കാന്‍ എന്റെ നാഥന്‍ കല്‍പ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ എനിക്കു പിന്തുണയേകാനാരുണ്ട്?”

ആരും ചോദ്യം കേട്ടതായി ഭാവിച്ചില്ല. അവർ പലവഴിക്കും നോട്ടമയച്ചു കൊണ്ടിരുന്നു. അൽഅമീനോട് സ്നേഹവും ഇഷ്ടവുമുള്ളവർ കൂട്ടത്തിലുണ്ട്, എന്നാൽ, അദ്ദേഹത്തെ പിന്തുണക്കുന്നതിലൂടെ വന്നുചേരുന്ന കാരണവന്മാരുടെ അപ്രീതിയെ അവരും ഭയന്നു. സമ്പൂർണ നിശ്ശബ്ദതയുടെ നിമിഷങ്ങൾ പതുക്കെ അടർന്നു വീണുടഞ്ഞു. ആരെങ്കിലുമൊരാൾ എന്തെങ്കിലുമുരിയാടി ചുരുണ്ടുകൂടിക്കിടക്കുന്ന മൂകതയെ ആട്ടിപ്പായിച്ചെങ്കിലെന്ന് സദസ്സ് അതിയായാഗ്രഹിച്ചു.

സാഹചര്യത്തിന്റെ താല്പര്യമെന്നോണം മുറിയുടെ കോണിൽ നിന്ന് ഒരു ബാലന്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു, ”അല്ലാഹുവിന്റെ ദൂതരേ, ഞാനുണ്ട് അങ്ങയെ സഹായിക്കാന്‍. ആരോടൊക്കെ അങ്ങ് സമരം ചെയ്യുന്നുവോ, അവരോടൊക്കെ ഞാനും സമരം ചെയ്യും.”

സദസ്യർ തിരിഞ്ഞു നോക്കി, അലി! അബൂതാലിബിന്റെ മകൻ അലി. കുരുത്തുവരുന്ന ബാല്യത്തിനു പാകമാകാത്ത നിശ്ചയദാര്‍ഢ്യം അവന്റെ വാക്കുകളിൽ തുടിച്ചുനിന്നു. സദസ്സ് ആദ്യമൊന്നു പരുങ്ങിയെങ്കിലും അടുത്ത ക്ഷണം, പടക്കം പൊട്ടുന്നതു പോലുള്ള പരിഹാസച്ചിരി കൊണ്ടവർ പരുങ്ങലിനു മറയിട്ടു.

മക്കക്കാര്‍ക്ക് മുഴുവന്‍ മാതൃകയായിരുന്ന നല്ലവനായ ഒരു മനുഷ്യന്റെ മഹിതജീവിതം ഒരു ഷഡ്പദത്തിന്റെ നിന്ദ്യാവസ്ഥയിലേക്ക് തകര്‍ന്നു നീങ്ങുന്നതില്‍ അവര്‍ നെടുവീര്‍പ്പിട്ടു.

പ്രവാചകന്റെ അമ്മായിമാരുടെ കൂട്ടത്തില്‍, സഫിയ്യക്ക് യാതൊരു തടസ്സവും ഇസ്‌ലാം സ്വീകരിക്കുന്നതിനുണ്ടായിരുന്നില്ല. മകന്‍ സുബെയ്‌റിന്റെ വഴിയെ അവരും മുസ്‌ലിമായി. അര്‍വയുടെ നിലപാട് സവിശേഷവും പ്രാതിനിധ്യ സ്വഭാവമുള്ളതുമായിരുന്നു. ”എന്റെ
സഹോദരിമാര്‍ എന്തു ചെയ്യുന്നുവെന്നു നോക്കട്ടെ, എന്നിട്ടാവാം.”, അവര്‍ പറഞ്ഞു.

അതേസമയം, മടിച്ചുനിന്ന പിതൃവ്യന്‍ അബ്ബാസിന്റെ പത്‌നി ഉമ്മുല്‍ ഫദ്ല്‍ ആണ് ഖദീജക്കുശേഷം ഇസ്‌ലാം സ്വീകരിച്ച ആദ്യത്തെ മഹിള. താമസിയാതെ അവരുടെ മൂന്നു സഹോദരിമാരും പ്രവാചകന്റെ അനുയായികളായി. മൈമൂനയും സല്‍മയും അസ്മയും.

ഉമ്മുല്‍ഫദ്‌ലിന്റെ വീട്ടിലാണ് അബൂതാലിബിന്റെ പുത്രന്‍ ജഅ്ഫര്‍ വളര്‍ന്നത്. അവിടെ വെച്ചാണ് ജഅ്ഫര്‍ ഇളയമ്മയുടെ സഹോദരി അസ്മയെ കാണുന്നതും പരിചയപ്പെടുന്നതും ഇരുവർക്കിടയിൽ സ്നേഹം വളരുന്നതും. അടുത്തിട അവര്‍ തമ്മില്‍ വിവാഹിതരായി. സല്‍മയെ വിവാഹം ചെയ്തിരിക്കുന്നതാകട്ടെ, ഹംസയും.

തുടക്കകാലത്തു തന്നെ ഇസ്‌ലാം സ്വീകരിച്ച സ്ത്രീരത്‌നങ്ങളില്‍ ഒരാള്‍ കൂടിയുണ്ടായിരുന്നു, ബറക. ഓര്‍മയില്ലേ, ഉമ്മു അയ്മനെ? അവരെക്കുറിച്ചാണ് തിരുദൂതർ പറഞ്ഞത്, ”സ്വര്‍ഗക്കാരിയായ ഒരു പെണ്ണിന്റെ മണവാളനാകാനാഗ്രഹിക്കുന്നവര്‍ ഉമ്മു അയ്മനെ വിവാഹം ചെയ്യട്ടെ.”

പ്രവാചകന്റെ ഈ പരാമര്‍ശം സെയ്ദ് കേള്‍ക്കാനിടയായി. അയാളുടെ മനസ്സില്‍ വിത്തായി വീണ വാക്കുകള്‍ കിളിര്‍ക്കാന്‍ അധികസമയമെടുത്തില്ല. സെയ്ദിനെക്കാള്‍ ഒരുപാട് പ്രായമുണ്ടായിരുന്നു ഉമ്മു അയ്മന്; പോരാത്തതിന് വിധവയും. സെയ്ദ് അതു കാര്യമാക്കിയില്ല. അദ്ദേഹം പ്രവാചകനോട് നേരിട്ട് സംസാരിച്ചു. ഉമ്മു അയ്മനെ വിവാഹത്തിന് സമ്മതിപ്പിക്കാന്‍ നബിക്ക് ഒട്ടും പാടുപെടേണ്ടിവന്നില്ല. വിവാഹം കഴിഞ്ഞ് അധികമാകുന്നതിന് മുമ്പ് ഉമ്മു അയ്മന്‍ തന്റെ ഉദരത്തില്‍ പുതുജീവന്റെ തുടിപ്പറിഞ്ഞു. അവര്‍ക്ക് ഉസാമ എന്ന കുഞ്ഞു പിറന്നു. പ്രവാചകന്‍ ഉസാമയെ വാത്സല്യത്തിന്റെ വെണ്‍നിലാതേരിലേറ്റി നടത്തി.

പതുക്കെ ഒഴുകിത്തുടങ്ങിയ ‘ലാ ഇലാഹ ഇല്ലല്ലാ’യുടെ നീരുറവ തിടംവെച്ച് സാവധാനം പ്രവാഹമാവുകയാണ്.

പ്രവാചക നിയോഗത്തിന്റെ പ്രാരംഭ ദശയില്‍ മുസ്‌ലിംകള്‍ മക്കയുടെ പ്രാന്തത്തിലുള്ള കുന്നിന്‍ചെരുവില്‍ കൂട്ടമായെത്തി പ്രാര്‍ത്ഥനകള്‍ നിര്‍വഹിച്ചു. ആരും അവരെ കാണാതിരിക്കാനായിരുന്നു ഈ ഒഴിഞ്ഞുപോക്ക്. ഒരു ദിവസം, വിഗ്രഹാരാധകരുടെ സംഘം അവരെ കാണുക തന്നെ ചെയ്തു. പ്രാര്‍ത്ഥനാനിരതരായിരുന്ന മുസ്‌ലിംകളെ ഉപദ്രവിക്കുകയും അവര്‍ക്കു നേരെ പരിഹാസ വാക്കുകളുതിര്‍ക്കുകയും ചെയ്തു സംഘം. സഹികെട്ട് അബൂവകാസിന്റെ പുത്രന്‍ സഅദ്, അടുത്തുകിടന്ന വലിയൊരെല്ലിന്‍ കഷ്ണമെടുത്ത് അവരിലൊരുത്തന്റെ തലക്കൊരടി! അയാളുടെ ശരീരം മുറിഞ്ഞു.

ഇതിനുശേഷം, അല്ലാഹുവിന്റെ കല്പന വരുന്നതുവരെ, ഈദൃശമായ ഏറ്റുമുട്ടലുകളിൽ നിന്ന് അകന്നുനില്‍ക്കാന്‍ പ്രവാചകന്‍ മുസ്‌ലിംകൾക്ക് നിർദ്ദേശം നൽകി. കുര്‍ആന്‍ അതിനായിരുന്നുവല്ലോ അവരെ ഉപദേശിച്ചിരുന്നത്, ”അവര്‍ പറയുന്നത് ക്ഷമിക്കുകയും സുന്ദരമായി അവരില്‍ നിന്നൊഴിഞ്ഞുമാറുകയും ചെയ്യുക.”

ഈ അനുഭവം ഇരുവിഭാഗത്തിനും പുതിയതായിരുന്നു. മുഹമ്മദ് അവരുടെ വിശ്വാസാചാരങ്ങളെ തള്ളിക്കളയുകയും പിതൃമതത്തെ കൊച്ചാക്കുകയും ചെയ്യുന്നു. അസഹനീയമാണവർക്കത്. പക്ഷേ, അവര്‍ മുഹമ്മദിനെയും അനുയായികളെയും കാണുന്നിടത്തു വെച്ച് പരിഹസിക്കുക, കുത്തുവാക്കുകള്‍ പറയുക എന്നതിനപ്പുറം ശാരീരികമായ കയ്യേറ്റത്തിന് ഇതുവരെ ധൃഷ്ടരായിട്ടില്ല. ഇനിയിപ്പോള്‍ കയ്യാങ്കളിയും യുദ്ധവും വരെ ഉണ്ടാകുമെന്ന് കുറയ്ഷ് കണക്കുകൂട്ടി. പുകഴ്പെറ്റ കുറയ്ഷികള്‍ ചേരിതിരിഞ്ഞ് തമ്മില്‍ യുദ്ധമുണ്ടായിക്കൂടാ. അവര്‍ പോംവഴികളാരാഞ്ഞു. അങ്ങനെയാണവര്‍ അബൂതാലിബിനെ ചെന്നു കാണാന്‍ തീരുമാനമെടുക്കുന്നത്. സഹോദരപുത്രനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കണമെന്നതായിരുന്നു അവരുടെ നിര്‍ദേശം. പക്ഷേ, അദ്ദേഹം കാര്യമായി ഒന്നും മുഹമ്മദിനോട് പറഞ്ഞില്ല എന്ന് തുടര്‍ന്നും പ്രവാചകനും അനുയായികളും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലായി. അവര്‍ വീണ്ടും വയോധികനടുത്തെത്തി.

”കാരണവരേ, അങ്ങയുടേത് ഞങ്ങള്‍ക്കിടയിലെ ഏറ്റവും ആദരണീയ സ്ഥാനമാണ്. സ്വന്തം സഹോദരപുത്രനെ നല്ലതു പറഞ്ഞ് അടക്കിയിരുത്തണമെന്നാണ് ഇന്നാളൊരു ദിവസം ഞങ്ങളങ്ങയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അങ്ങയുടെ ഭാഗത്തുനിന്ന് ആ നിലക്കുള്ള യാതൊരു നീക്കവുമുണ്ടായിട്ടില്ല. മുഹമ്മദ് ഇപ്പോഴും പഴയപടി നമ്മുടെ പവിത്രമായ പൂര്‍വ്വാചാരങ്ങളെ തള്ളിപ്പറയുന്നു. ദൈവമാണ! നമ്മുടെ പിതാക്കളെ ഇനിയുമപമാനിച്ചാല്‍ ഞങ്ങള്‍ അടങ്ങിയിരിക്കിയില്ല. ഞങ്ങളുടെ മാര്‍ഗം പുച്ഛിക്കപ്പെടുന്നു, ഞങ്ങളുടെ ദൈവങ്ങളുടെ നേരെ ശകാരം ചൊരിയപ്പെടുന്നു, അയാളെ ഈ ഹീനവൃത്തിയില്‍ നിന്ന് തടയുക; അതല്ലെങ്കില്‍, നിങ്ങളിരുവരോടും ഞങ്ങള്‍ക്ക് യുദ്ധം ചെയ്യേണ്ടിവരും.

നരവാര്‍ധക്യത്തിന്റെ നിശ്ശബ്ദ സങ്കടം ഏറ്റുവാങ്ങി അബൂതാലിബ് ഇരുന്നു. മകനെ വിളിച്ചുവരുത്തി കുറയ്ഷി ദൗത്യസംഘത്തിന്റെ ആവശ്യമറിയിച്ചു.

പിതൃവ്യനു പറയാനുള്ളതെല്ലാം കേട്ടശേഷം മിഴിപൂട്ടി ആത്മാവിന്റെ നിശബ്ദതകളില്‍ പ്രാര്‍ത്ഥനയോടെ ചുമർ ചാരി നബി ഇരുന്നു. ഇന്ദ്രിയ ചോദനകളഖിലവും സ്തംഭിക്കുന്നതു പോലെ. മിഴിയിണ ബാഷ്പസങ്കുലമായി. തൊണ്ടയിലെ ഞരമ്പുകള്‍ വികസിച്ചു.

കുറയ്ഷികളുടെ ആവശ്യം നിരാകരിച്ചു കൊണ്ട് പിതൃവ്യഭവനം വിടാനായി എഴുന്നേറ്റു നടന്നു. ഓര്‍ക്കാപ്പുറത്താണ് പിതൃവ്യന്റെ പിൻവിളി:
“മുഹമ്മദ്, എന്താണിത്, നീ കരയുകയാണോ?”

പ്രവാചകർ തിരിഞ്ഞു നോക്കി. കാലം കോറിയിട്ട മുഖത്തെ ജരകളെ വകഞ്ഞു മാറ്റിക്കൊണ്ട് പിതൃവ്യന്റെ ശബ്ദം:
”മകനേ, പോവുക, നിനക്കിഷ്ടമുള്ളത് പറയുക, വരുന്നതെന്താകിലും ഞാന്‍ നിന്നെ കൈവിടുന്നില്ല.”

യാതനാധീനമായ കടുംകാലത്തിന്റെ ഭയാനകമായ ഇരമ്പം ആകാശനിശബ്ദതയെ കീറിമുറിച്ചുകൊണ്ട് കടന്നുവരുന്നത് മുഹമ്മദിന് കേൾക്കാം.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു, വളരെ നല്ല അവതരണ ശൈലിയാണ്. വായിക്കുന്തോറും അടുത്തത് അറിയുവാനുള്ള ആകാംക്ഷ നിലനിർത്താൻ കഴിയുന്നുണ്ട്. എഴുത്തുകാരന് അഭിനന്ദനങ്ങൾ!

    ABDUN NAZEER 28.11.2022

Leave a comment

Your email address will not be published.