നബിചരിത്രത്തിന്റെ ഓരത്ത് -2

//നബിചരിത്രത്തിന്റെ ഓരത്ത് -2
//നബിചരിത്രത്തിന്റെ ഓരത്ത് -2
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -2

Print Now
ചരിത്രാസ്വാദനം

സംസം

പിതൃവ്യന്‍ മുത്തലിബിന്റെ മരണത്തിനുശേഷം രിഫാദയും സികായയും അബ്ദുല്‍ മുത്തലിബ് ഏറ്റെടുത്തു. അധികാരമാറ്റം പ്രശ്‌നരഹിതമായിരുന്നില്ല. മറ്റൊരു പിതൃവ്യന്‍ നൗഫല്‍ അതിന് അവകാശവാദവുമായി വന്നു. യഥ്‌രിബിലുള്ള അമ്മാവന്മാര്‍ അബ്ദുല്‍ മുത്തലിബിന്റെ സഹായത്തിനെത്തി. ഹജ്ജിനായി മക്കയിലെത്തുന്ന തീര്‍ത്ഥാടകരുടെ ദാഹം തീര്‍ക്കാന്‍ അബ്ദുല്‍ മുത്തലിബ് നന്നെ പാടുപെട്ടു. ദൂരദിക്കുകളില്‍ നിന്ന് വേണ്ടിയിരുന്നു വെള്ളമെത്തിക്കാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഗോത്രകലഹത്തിന്റെ പരിണതിയെന്നോണം മുദാദ് മൂടിയിട്ടിരുന്ന സംസമിനെക്കുറിച്ച് അബ്ദുല്‍ മുത്തലിബ് ചിന്തിച്ചു. തീര്‍ത്ഥാടകന്റെ ദാഹവും സംസമിന്റെ ദാഹശമനവും അദ്ദേഹത്തിന്റെ മനസ്സ് നിറച്ചു. ഇസ്മാഈൽ പിതാമഹന്റെ പാദപതനത്തില്‍ നിര്‍ഗളിച്ച സംസം വീണ്ടും ഉറവയെടുത്തെങ്കില്‍ എന്നാഗ്രഹിച്ചു. അബ്ദുല്‍ മുത്തലിബിന്റെ ഭാവം ദിനം ചെല്ലുന്തോറും മ്ലാനമായി വന്നു. വിശുദ്ധ ഗേഹത്തിന്റെ തണലിലിരുന്നുകൊണ്ട് സൊറ പറയുന്ന വണിക്കുകളായ കുറയ്‌ശികളുടെ നാട്ടുകൂട്ടങ്ങളില്‍ അയാള്‍ താല്‍പര്യമെടുക്കാതായി. ശാമിലേക്കും യമനിലേക്കുമുള്ള ഗ്രീഷ്മ-ശീതകാല വാണിജ്യ യാത്രകള്‍ സമ്മാനിച്ച സുഭിക്ഷത നുകര്‍ന്ന്, ആ യാത്രകള്‍ അവര്‍ക്ക് നല്‍കിയ വിശാലമായ അനുഭവസമ്പത്ത് പരസ്പരം കൈമാറുമ്പോള്‍ അബ്ദുല്‍ മുത്തലിബ് അതില്‍ നിന്ന് വിട്ടു നിൽക്കാറുണ്ടായിരുന്നില്ലല്ലൊ. മക്കക്കാരന്റെ കരുത്തും ശൗര്യവും യഥ്‌രിബുകാരന്റെ പക്വതയും ശാന്തതയും ഒരുപോലെ മേളിച്ചിരുന്ന ചുറുചുറുക്കുള്ള യുവാവിനിതെന്തു പറ്റി, അവര്‍ പരസ്പരമാരാഞ്ഞു. ഹര്‍ബ് ബിന്‍ ഉമയ്യ ചോദിക്കുക തന്നെ ചെയ്തു, “എന്തു പറ്റി നമ്മുടെ ഹാഷിം കുടുംബത്തിന്റെ മൂപ്പന്? അയാള്‍ വല്ലാതെ വിഷാദിയായിട്ടാണല്ലോ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്? മുഖത്ത് ദുഃഖവും വിഷാദവും കൂടാരമുറപ്പിച്ചിരിക്കുന്നു. തന്റെ പിതൃകുലത്തിന്റെ ആഭിജാത്യ പാരമ്പര്യത്തെയോ അമ്മാവന്മാരുടെ മഹിതമായ പൂര്‍വകാലത്തെയോ കുറിച്ച് വാചാലനാകാറുണ്ടായിരുന്ന അയാള്‍ ഇന്ന് ഏതാണ്ട് നിശ്ശബ്ദനാണ്.”

വഴിമരങ്ങളൊഴിഞ്ഞ മക്കയുടെ തെരുവുകളിലൂടെ ദുഃഖം തിടംവെക്കുന്ന മനസ്സുമായി ഭാരിച്ച കാല്‍വെയ്പ്പുകളോടെ അബ്ദുല്‍ മുത്തലിബ് നടന്നു. അബുല്‍ കുബൈസ് പര്‍വതത്തിന്റെ ഘനനീലിമ പഴയപോലെ ഇപ്പോൾ അയാളെ ആകര്‍ഷിക്കുന്നില്ല.

പ്രിയതമന്റെ മനസ്സിനെ മഥിക്കുന്ന പ്രശ്‌നമെന്തെന്ന് ചോദിച്ചറിയാന്‍ തന്നെ പത്‌നി സംറ തീരുമാനിച്ചുറച്ചു. നിദ്രാടനക്കാരനെപ്പോലെ അബ്ദുല്‍ മുത്തലിബ് വീട്ടിലേക്ക് കയറിവന്നൊരു പൂര്‍വാഹ്നത്തില്‍ അവൾ അത് ചോദിക്കുകയും ചെയ്തു. ”നിങ്ങള്‍ക്കെന്തു പറ്റി ശെയ്ബാ? കുറേ ദിവസങ്ങളായി ഞാന്‍ നിങ്ങളെ ശ്രദ്ധിക്കുന്നു. രാത്രികളില്‍ നിങ്ങള്‍ ഉറങ്ങാറില്ല. പകലുകളില്‍ നിങ്ങള്‍ അസ്വസ്ഥനാണ്. വളരെക്കുറച്ചു മാത്രമേ സംസാരിക്കുന്നുള്ളു. ദീര്‍ഘനേരം ചിന്തയില്‍ സ്വയം നഷ്ടപ്പെടുന്നു. എത്രയോ തവണ നിങ്ങളോടു ചോദിക്കണമെന്ന് നിനച്ചതാണ്. പക്ഷേ, നിങ്ങളുടെ പ്രതികരണത്തെ ഞാന്‍ ഭയന്നു. കുറയ്‌ശി പുരുഷന്മാർ സ്ത്രീകളോടുള്ള ആര്‍ദ്ര മനസ്‌കതക്ക് പേരുകേട്ടവരാണ്. അവരോട് നേരമ്പോക്കുകളിലേര്‍പ്പെടുകയും കളിതമാശകള്‍ പറയുകയും ചെയ്യാറുണ്ട്. എന്നാല്‍, താങ്കള്‍ അവരില്‍ നിന്നും തീര്‍ത്തും ഭിന്നനായിക്കഴിഞ്ഞു. ഏതു സമയവും ചിന്താനിമഗ്നനാണ് നിങ്ങളിന്ന്. പറയൂ, നിങ്ങളെ മഥിക്കുന്ന ഈ ആധിയെന്ത്? നിങ്ങള്‍ സ്വയം എടുത്തണിഞ്ഞിരിക്കുന്ന മൂകതയുടെ മേലങ്കിക്കുള്ളില്‍ നിന്ന് പുറത്തുവരിക. എന്നിട്ട് കുറയ്‌ശി പുരുഷനെപ്പോലെ പെരുമാറുക, നിങ്ങളെന്നെ വിവാഹമന്വേഷിക്കുന്ന വിവരം എന്റെ ഉപ്പ എന്നോടു പറഞ്ഞ ദിവസം ഇന്നും എന്റെ മനസ്സിൽ ഹരിതാഭയോടെ കിടക്കുന്നു. ആ വാര്‍ത്തയില്‍ ഞാനെത്ര മാത്രം ആനന്ദതുന്ദിലയായിരുന്നുവെന്നോ! ഗ്രാമത്തിലെ എന്റെ കൂട്ടുകാരികളോട് ഞാനക്കാര്യം പറഞ്ഞു. ഞാന്‍ പേര്‍പെറ്റ കുറയ്‌ശിത്തറവാട്ടിലേക്ക് മരുമകളായി കടന്നു ചെല്ലുന്നു. ബനൂ ആമിറിന്റെ തമ്പുകള്‍ക്കകത്ത് കണ്ടെത്താനാവാത്ത ജീവിതത്തിന്റെ താളവും ലയവും കുറയ്‌ശിത്തറവാട്ടില്‍ ഞാന്‍ കണ്ടെത്തുമെന്ന് മേനി പറഞ്ഞു. ഞാന്‍ കരുതിയിരുന്നതുപോലെതന്നെ സ്‌നേഹപ്രകടനങ്ങളും ദയാവായ്പും വേണ്ടുവോളം അവിടെ ഞാന്‍ അനുഭവിച്ചറിഞ്ഞു. എന്നാല്‍ എന്റെ ഭാവനയിലും പ്രതീക്ഷയിലുമുണ്ടായിരുന്നതു പോലെയുള്ള സ്‌നേഹവും ദയയുമായിരുന്നില്ല അത്. പാല്‍പുഞ്ചിരി പൊഴിക്കുന്ന ദന്തനിരകള്‍ ഞാന്‍ നിങ്ങളില്‍ കണ്ടില്ല. നിലയ്ക്കാത്ത വാചാലതയില്ല. പറയൂ ഷെയ്ബാ, ഇതെന്തു പറ്റി നിങ്ങള്‍ക്ക്?” സംസാരം നിര്‍ത്തി അവര്‍ ഭര്‍ത്താവിന്റെ മറുപടിക്ക് കാത്തു.

പതിഞ്ഞ സ്വരത്തില്‍ അബ്ദുല്‍ മുത്തലിബ് പറഞ്ഞുതുടങ്ങി. ”എന്റെ മനസ്സില്‍ ഞാന്‍ ഒളിപ്പിച്ചുവെക്കാന്‍ പാടുപെടുന്ന ക്ലേശം നീ വായിച്ചെടുത്തതില്‍ എനിക്ക് പ്രയാസമുണ്ട് സംറാ. എന്റെ ഭഗ്ന പ്രതീക്ഷകള്‍ നിന്റെ മുമ്പില്‍ തുറന്നു പറയാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ നിന്നെ അതിരറ്റു സ്‌നേഹിക്കുന്നു. നിരാർദ്രമായ മരുഭൂമിയിലകപ്പെട്ട ദാഹാര്‍ത്തനായ പഥികന് വെള്ളം എന്ന പോലെയാണ് നീയെനിക്ക്, അത്രയ്ക്കു പ്രിയപ്പെട്ടവള്‍. നിന്നോട് സംസാരിക്കണമെന്നും നീ പറയുന്നത് കേള്‍ക്കണമെന്നും ഞാനാഗ്രഹിക്കാറുണ്ട്. എന്നാല്‍ ശ്രവ്യങ്ങളല്ലാത്ത ചില നാദവീചികള്‍ എന്നെ ഇരിപ്പിലും നടപ്പിലും പിന്തുടരുന്നു. അതെന്റെ വസ്ത്രങ്ങളില്‍ മണത്തുകൊണ്ട് സര്‍വത്ര പിന്തുടരുന്നു. ഞാനാഗ്രഹിക്കാത്ത വഴികളിലൂടെ അതെന്നെ നടത്തുന്നു. സംറാ, നിനക്കറിയാമോ, ഉറക്കം എന്റെ കിടപ്പറ വിട്ടിട്ട് ദിവസങ്ങളായി. സ്വാസ്ഥ്യം പടിയിറങ്ങിക്കഴിഞ്ഞിട്ട് നാളുകള്‍ കഴിഞ്ഞു.”

തെല്ലിട തറയിൽ നോട്ടം തറപ്പിച്ചു നിർത്തിയ ശേഷം അബ്ദുൽ മുത്തലിബ് തുടർന്നു. ”ഉറക്കം നന്നായി അനുഗ്രഹിച്ച ഒരു രാത്രിയില്‍ ഒരു നിഴല്‍രൂപം എന്നെ സമീപിച്ചു. വിചിത്രവും പതിഞ്ഞതുമായ സ്വരത്തില്‍ ‘ത്വീബ’ കുഴിക്കാന്‍ ആ രൂപം എന്നോടാവശ്യപ്പെട്ടു. എന്താണ് ‘ത്വീബ’ എന്ന് തിരിച്ചുചോദിച്ചതും രൂപം പറന്നുമറഞ്ഞു. തുടര്‍ന്നുള്ള രാത്രികളിലും ആയാസത്തോടെ വിളിച്ചുവരുത്തിയ മയക്കത്തെ തടസ്സപ്പെടുത്തി രൂപം പ്രത്യക്ഷപ്പെട്ടു. ‘ബര്‍റ’ കുഴിക്കാനും ‘മദ്‌നൂന’ കുഴിക്കാനുമാണ് അപ്പോള്‍ ആവശ്യപ്പെട്ടത്. എന്താണ് ബര്‍റ? എന്താണ് മദ്‌ന എന്ന് ചോദിച്ചപ്പോള്‍ രൂപം അപ്രത്യക്ഷമായി. ഇതെല്ലാം നാട്ടുകൂട്ടത്തിൽ തുറന്നുപറഞ്ഞു പ്രശ്‌നത്തിന് പരിഹാരം തേടാന്‍ ഞാന്‍ ആഗ്രഹിച്ചതാണ്. ജനങ്ങള്‍ ഭ്രാന്തനെന്നോ ഭൂതാവിഷ്ടനെന്നോ വിളിച്ച് അപഹസിക്കുമെന്ന് കരുതി മിണ്ടാതിരുന്നുവെന്നേ ഉള്ളൂ. സംറാ, നിനക്കെന്തെങ്കിലും പറയാനുണ്ടോ? കനംതൂങ്ങിയ എന്റെ ഹൃദയത്തെ സാന്ത്വനം നല്‍കി സഹായിക്കാന്‍ നിനക്കാവുമോ?”

”വേവലാതിപ്പെടാതിരിക്കൂ ഷെയ്ബാ, ദേവന്മാര്‍ നമ്മെ കൈവിടില്ല”, സംറ സമാധാനിപ്പിച്ചു. ദേവന്മാര്‍ക്ക് ബലിയറുത്ത് പാവങ്ങളെ ഊട്ടിയ ദിവസം ഇനി നിഴല്‍ രൂപം ശല്യം ചെയ്യില്ലെന്ന് ജ്യോത്സ്യന്മാര്‍ അബ്ദുല്‍ മുത്വലിബിന് ഉറപ്പ് നല്‍കി. ഭയരഹിതമായ ജിജ്ഞാസയില്‍ അബ്ദുല്‍ മുത്തലിബ് വീട്ടിലെത്തി. താരനിബിഡമായ ആകാശം നോക്കി മന്ദഹസിച്ചു. ദേവന്മാര്‍ സംതൃപ്തരായതായി സ്വയം തീരുമാനിച്ചു. രാത്രി വൈകുന്നതിനു മുമ്പ് കണ്ണുകള്‍ ഉറക്കത്തെ വരവേറ്റു. സംതൃപ്തമായ സുഖനിദ്രയുടെ ആലസ്യത്തില്‍ നിഴല്‍രൂപം വീണ്ടും അബ്ദുല്‍ മുത്തലിബിനെ സമീപിച്ചു. അതിന്റെ തണുത്ത വിരല്‍ത്തുമ്പുകള്‍ അയാളുടെ നെറ്റിയില്‍ തലോടി. പതിഞ്ഞതും മൃദുലവും, വിചിത്രവും തെളിഞ്ഞതുമായ സ്വരത്തില്‍ രൂപം പറഞ്ഞു.’സംസം കുഴിക്കുക’ യുവാവിന്റെ മനസ്സ് വീണ്ടും അസ്വസ്ഥമായി. തന്റെ ബലി ഒരു ഫലവും ചെയ്തില്ല. വീണ്ടും ഉറക്കം കണ്ണുകളുമായി പിണങ്ങിപ്പിരിയാന്‍ പോകുന്നു. എന്താണ് ‘സംസം?’ ഇമ്പമാര്‍ന്ന പതിഞ്ഞ സ്വരത്തില്‍ രൂപം മറുപടി പറഞ്ഞു. ”ചോരയും ചാണകവുമുള്ള സ്ഥലമന്വേഷിക്കുക. കാക്ക കൊത്തിപ്പെറുക്കുന്നിടം. തെളിഞ്ഞ് നിറഞ്ഞ നീരുറവ. തീര്‍ത്ഥാടന കാലത്തുടനീളം ദൈവത്തിന്റെ അതിഥികളുടെ ദാഹമത് തീര്‍ക്കും’.

മക്കയിലെ പറവകള്‍ അവയുടെ പുലരിക്കുവേണ്ടി തയ്യാറെടുത്തു. അബ്ദുല്‍ മുത്തലിബ് പ്രസന്നവദനനായി. മകന്‍ ഹാരിസിനെ വിളിച്ചുണര്‍ത്തി. മണ്‍വെട്ടിയും കുട്ടയുമായി ഇരുവരും കഅ്ബയെ ലക്ഷ്യം വെച്ച് പുറപ്പെട്ടു.

രൂപം പറഞ്ഞ അടയാളങ്ങള്‍ തേടിപ്പിടിച്ച് ഇസാഫ്, നാഇല വിഗ്രഹങ്ങള്‍ക്കിടയില്‍ കുഴിവെട്ടാനാരംഭിച്ചു. മക്കക്കാര്‍ ആശ്ചര്യംകൊണ്ട് മൂക്കത്ത് വിരല്‍ വെച്ചു. എന്ത് പ്രത്യേകതയാണീ വിഗ്രഹങ്ങള്‍ക്കുള്ളത്? ദേവാലയത്തിനകം അശുദ്ധമാക്കിയതിനുള്ള ശിക്ഷയായി കല്ലായി മാറിയ പുരുഷനും സ്ത്രീയുമാണ് ഇസാഫും നാഇലയും എന്നവര്‍ പരിഹസിച്ചു ചിരിച്ചു. തന്റെയും മകന്റെയും ഉദ്യമത്തില്‍ പങ്കാളികളാകാന്‍ അബ്ദുല്‍ മുത്തലിബ് ആരെയും അനുവദിച്ചില്ല. കുഴിയില്‍ നിന്നും കോരി ഒഴിവാക്കിയ മണ്ണ് നിറച്ച കുട്ടയുടെ പിടിയില്‍ ഹാരിസിന്റെ കുഞ്ഞുവിരലുകള്‍ അമര്‍ന്നുചുറ്റി. ഭൃത്യന്റെ കയ്യില്‍ ഉമ്മ കൊടുത്തുവിട്ട ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ബാലന്റെ കണ്ണുകള്‍ ഇടക്കിടെ ഉടക്കി. ഉറക്കെ പാട്ടുപാടി ആഹ്ളാദഭരിതനായി ആവേശത്തോടെ കിളക്കുന്ന പിതാവില്‍ നിന്ന് അത് കഴിക്കാനുള്ള സമ്മതം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അദ്ദേഹം അങ്ങനെയൊരു വസ്തുവിന്റെ സാന്നിധ്യം അറിഞ്ഞില്ല. വെയിലേറ്റ് അരുണിമയാര്‍ന്ന മകന്റെ കവിളിലുടെ മണ്ണിന്റെയും വിയര്‍പ്പിന്റെയും മിശ്രിതം ഒഴുകിയതും അവൻ വിരല്‍ത്തുമ്പു കൊണ്ട് ചെന്നി ചൊറിഞ്ഞതും അയാൾ ശ്രദ്ധിച്ചതേയില്ല. ഒരു നിമിഷം! അബ്ദുല്‍ മുത്തലിബിന്റെ ഉയര്‍ന്നുതാഴ്ന്ന മണ്‍വെട്ടി ഗാഢമായ ഏതോ വസ്തുവിൽ തട്ടി കലഹിച്ചു. മാനിന്റെ രൂപത്തിലുള്ള ഒരു സ്വര്‍ണക്കട്ടിയും ഏതാനും ഖഡ്ഗങ്ങളുമായിരുന്നു അവ. അബ്ദുല്‍ മുത്തലിബ് പക്ഷേ, തുടർന്നും കുഴിച്ചുകൊണ്ടിരുന്നു. താന്‍ കുഴിച്ചു തുടങ്ങിയത് ഇതിനുവേണ്ടിയല്ല, വെള്ളത്തിനു വേണ്ടിയായിരുന്നു. അങ്ങനെ ഒരു ദിവസം അവസാനിച്ചു. നിരാശക്കു പിടികൊടുക്കാതെ അടുത്ത ദിവസവും യുവാവും മകനും കഅ്ബക്കടുത്തെത്തി. കുഴിവെട്ടു തുടര്‍ന്നു. ഒരു നിമഷം! അബ്ദുല്‍ മുത്തലിബിന്റെ ശബ്ദം തക്ബീര്‍ ധ്വനിയായി ഉയര്‍ന്നുപൊങ്ങി. സംസം നിര്‍ഗളിക്കുന്നു. ഹൃദ്യമായ ജലത്തിന്റെ നിലക്കാത്ത പ്രവാഹം. മുദാദ് കുഴിച്ചുമൂടിയ സംസമിന്റെ രണ്ടാം വരവ്. മക്കയിലെത്തുന്ന തീര്‍ത്ഥാടക പുരുഷാരത്തിന് ദാഹശമനത്തിന്റെ അക്ഷയ സ്രോതസ്സായി ഇസ്മായിലിന്റെ നീരുറവയ്ക്ക് പുനര്‍ജ്ജനി.
സംസം. ആനന്ദാതിരേകത്തിന്റെ ആലിംഗനത്തില്‍ അബ്ദുല്‍ മുത്തലിബ് വീര്‍പ്പുമുട്ടി.

(ഇത് ചരിത്രരേഖയല്ല, ചരിത്രത്തിന്റെ ആസ്വാദനം മാത്രമാണ്.)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • ഇതു വരെ കേൾക്കാത്തദ് കൊണ്ടു ചോദിക്കുവാ. അബ്ദുല്‍ മുത്തലിബിന്റെ ഉറക്കം കെടുത്തിയ ആ വിചിത്ര രൂപവും, സംസമിന്റെ പുനർജൻമാവും ചരിത്രപരമായ വസ്തുതയാണോ?

    Fuad 20.09.2022

Leave a comment

Your email address will not be published.