
പ്രബോധനം
ഒട്ടും പ്രതീക്ഷിക്കാത്ത ഒരതിഥിക്കു വേണ്ടിയാണ് അബൂബക്‌ർ ആ പുലർക്കാലത്ത് സ്വന്തം വീട്ടു വാതിൽ തുറന്നത്. ഏതോ ഭയാനകാനുഭവത്തിന്റെ ശേഷിപ്പുകള്‍ അപ്പോഴും ആഗതന്റെ യുവവദനത്തില്‍ തെളിഞ്ഞുകാണാം. ഉപചാരവാക്കുകള്‍ക്കായി തെല്ലും സമയം കളയാതെ അയാൾ നേരെ വിഷയത്തിലേക്ക് കടന്നു.
തലേരാത്രി കണ്ട ബീഭത്സമായൊരു സ്വപ്നത്തിന്റെ വിട്ടുപോകാത്ത അനന്തരപ്രഭാവത്തിൽ നിന്ന് കുതറിമാറാൻ ശ്രമിക്കുകയാണ് സഈദ് ബിൻ ആസിന്റെ പുത്രൻ ഖാലിദ്.
“ഇപ്പോഴും അതൊരു സ്വപ്നമായിരുന്നോ എന്നെനിക്കുറപ്പില്ല, അബൂബക്ർ.” ചകിതനായി മുമ്പിലിരിക്കുന്ന കൂട്ടുകാരനെ അബൂബക്ർ ആശ്വസിപ്പിച്ചു, “ബേജാറാകാതെ പറയൂ ഖാലിദ്, എന്തായിരുന്നു അനുഭവം?
“പ്രിയ കൂട്ടുകാരാ,” ഖാലിദ് പറഞ്ഞു തുടങ്ങി, “അടിത്തട്ടില്ലാത്ത ഒരു ഗര്‍ത്തത്തിന്റെ വിളുമ്പില്‍ നില്‍ക്കുകയാണ് ഞാൻ. താഴെ ആളിക്കത്തുന്ന തീ. നോക്കെത്താ ദൂരത്തോളം ചീറിയുയരുന്ന നാളങ്ങളോടെയുള്ള തീക്കടല്‍. അന്നേരം, എന്റെ ഉപ്പ എവിടെനിന്നെന്നില്ലാതെ കടന്നുവന്ന് എന്നെ തീയ്യിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്നു.
ഗര്‍ത്തത്തിന്റെ വക്കില്‍ നിന്നുകൊണ്ട് എന്റെ ജീവിതത്തിനും മരണത്തിനും വേണ്ടി ഞങ്ങൾ പിതാവും പുത്രനും മല്‍പിടുത്തത്തിലേര്‍പ്പെടുന്നു. കൊടുംഭീതിയുടെ നിശ്ചലനിമിഷത്തില്‍ ബലിഷ്ഠമായ ഒരു ജോടി കൈകളുടെ പിടിത്തം എന്റെ അരക്കെട്ടില്‍ മുറുകുന്നു.
പിതാവിന്റെ കഠിന ശ്രമത്തിനിടയിലും ഭീകര നാളത്തിന്റെ കൂര്‍ത്ത ദംഷ്ട്രകളില്‍ നിന്ന് എന്നെ തിരിച്ച് ജീവിതത്തിന്റെ കരുണധാരയിലേക്ക് കൊണ്ടുവരുന്നു. ആദ്യത്തെ അമ്പരപ്പ് വിട്ടുമാറുന്നതിന് മുമ്പ് ചുറ്റും നോക്കി. ആരാണെന്റെ നഷ്ടപ്പെട്ടെന്നു കരുതിയ ജീവന്‍ തിരികെ തന്നത്?”
തെല്ലിട നിർത്തി ഖാലിദ് തുടർന്നു, “അബൂബക്‌ർ, പ്രിയ ചങ്ങാതീ, അറിയാമോ, അതാരായിരുന്നുവെന്ന്?” ചുണ്ടിൽ പുഞ്ചിരി തത്തുന്ന അബൂബക്ർ പ്രതീക്ഷിച്ചതുപോലെ തന്നെ അയാൾ വാക്കുകൾക്ക് വിരാമമിട്ടു. “അല്‍അമീനായിരുന്നു അത്; മുഹമ്മദ് ബിന്‍ അബ്ദുല്ലയില്ലേ, അദ്ദേഹം. കരുണാമയമായ ആ നിമിഷം ഞാനുണര്‍ന്നു.” ഖാലിദ് കഥനം പൂർത്തിയാക്കി.
സ്വപ്നത്തില്‍ അസാധാരണമായതെന്തോ ഒളിഞ്ഞു കിടപ്പുണ്ടെന്ന് അയാള്‍ക്കുറപ്പാണ്. അതെന്ത്, അതുമാത്രം അറിഞ്ഞുകൂടാ. കടന്നുപോന്ന സ്വപ്നത്തിന്റെ പൊരുള്‍ പറഞ്ഞുകൊടുക്കാന്‍ അബൂബക്റിനാകുമോ, അതന്വേഷിച്ചാണ് നേരം വെളുക്കുന്നതിനു മുമ്പ് അയാളവിടെ എത്തിയത്.
”സന്തോഷിക്കുക.”, അബൂബക്ര്‍ പറഞ്ഞു, ”നിങ്ങളെ രക്ഷപ്പെടുത്തിയതായി നിങ്ങള്‍ കണ്ട നമ്മുടെ അൽഅമീൻ ഇപ്പോൾ അല്ലാഹുവിന്റെ ദൂതനാണ്. അദ്ദേഹത്തെ അനുധാവനം ചെയ്യുക. അത് നിങ്ങളെ ഇസ്‌ലാമിലെത്തിക്കും. ആര്‍ത്തിയോടെ കത്തിപ്പടരുന്ന തീ നാളങ്ങളില്‍ വീഴാതെ ഇസ്‌ലാം താങ്കളെ കാത്തുകൊള്ളും.” എന്താണ് ഇസ്‌ലാം എന്ന് അദ്ദേഹം തുടർന്ന് വിശദീകരിച്ചു.
പ്രവാചകന്റെ അധ്യാപനങ്ങളുടെ ആദ്യ പ്രതികരണങ്ങളില്‍ മിക്കതും മാനുഷിക ശ്രമങ്ങള്‍ക്കതീതമായ ചോദനയില്‍ നിന്നുയിര്‍ക്കൊണ്ടതായിരുന്നു. അലൗകികമായ ഏതോ പ്രേരകത്തില്‍ പ്രചോദിതരായിട്ടായിരുന്നു പലരുടേയും കടന്നുവരവ്.
ആദ്യവെളിപാടു ദൃശ്യങ്ങളുടെ അന്ധാളിപ്പും അമ്പരപ്പും മനോമണ്ഡലത്തിൽ നിന്നു മഞ്ഞുപോലെ നീങ്ങവെ, ജിബ്രായീൽ മാലാഖയെക്കുറിച്ചും വെളിപാടിനെക്കുറിച്ചും തന്റെ അടുപ്പക്കാരോടും സ്വന്തക്കാരോടും മുഹമ്മദ് സംസാരിച്ചു തുടങ്ങി. എന്നാൽ, പരസ്യഘോഷണം നടത്തി നാട്ടിലുള്ളവരെ മുഴുവന്‍ തല്‍ക്കാലം അറിയിക്കേണ്ടെന്ന് വിരലിലെണ്ണാവുന്ന പുതുവിശ്വാസികളോട് നിബന്ധന വെക്കുകയും ചെയ്തു. മതം അതിന്റെ പ്രയാണമാരംഭിച്ചു. ഇതിനിടെ ജിബ്രീൽ വന്ന് അംഗശുദ്ധി വരുത്താനും രാവിലെയും വൈകുന്നേരവുമായി രണ്ട് റകഅത്തുകൾ വീതമുള്ള നമസ്കാരം നിർവ്വഹിക്കാനും പഠിപ്പിച്ചിരുന്നു.
നബിയും ഖദീജയും വീടിനുള്ളിൽ വെച്ച് നമസ്കരിക്കുന്നത് കണ്ട അലി ബാലസഹജമായ കൗതുകത്തോടെ എന്താണെന്നന്വേഷിക്കുകയും മറുപടി കേട്ട മാത്രയിൽ വിശ്വാസം ഉദ്ഘോഷിക്കുകയും അവർ ചെയ്യുന്നപോലെ ചെയ്യാനും തുടങ്ങി.
ഖദീജക്കുശേഷം മുസ്‌ലിമായത് അലിയും സെയ്ദും അബൂബക്റും ബിലാലുമായിരുന്നു. പുകഴ്‌പെറ്റ തെയ്മ് ഗോത്രക്കാരനായ അബൂബക്റൊഴിച്ചുളളവരെല്ലാം താരതമ്യേന ദുര്‍ബ്ബലര്‍. അലിക്ക് പത്തു വയസ്സ് പ്രായം, വീണടിഞ്ഞ ഗോത്രീയ പ്രതാപങ്ങളുടെ അവശേഷങ്ങള്‍ക്കുമേല്‍ പറ്റിപ്പിടിച്ചു പടർന്ന മക്കയിലെ ഉച്ചനീചത്വങ്ങൾക്കിടയിൽ സെയ്ദിനും ബിലാലിനും പറയത്തക്ക സ്വാധീനമോ സൗഹൃദമോ ഇല്ല. എന്നാല്‍ അബൂബക്റിന്റെ സ്ഥിതി അതല്ല, അല്‍അമീനിനെപ്പോലെ അദ്ദേഹവും മഹാകാരുണ്യത്തിന്റെ മനുഷ്യരൂപമായിരുന്നു, മെലിഞ്ഞ് സുന്ദരനായ അബൂബക്‌ർ, മഹിത സ്വഭാവത്തിലൂടെ ജനങ്ങളുടെ സ്‌നേഹപാത്രമായി, ആദരണീയനായി. ഉദാരനായൊരു വ്യാപാരി, അറിവുകളുടെ അക്ഷയനിധി, സരളചിത്തൻ ലളിതരീതിക്കാരൻ, തെളിഞ്ഞ പ്രകൃതക്കാരൻ; ഇങ്ങനെയെല്ലാം അബൂബക്‌ർ വരുംകാലത്ത് ഓർത്തെടുക്കപ്പെടും.
എന്തിനും ഏതിനും ജനം അബൂബക്റിനോട് അഭിപ്രായമാരാഞ്ഞു. വിശ്വസിക്കാന്‍ പറ്റുന്നവരായി ആരൊക്കെ തന്റെ അടുത്തുവന്നുവോ, അവരോടെല്ലാം അദ്ദേഹം പ്രവാചകനെ അനുധാവനം ചെയ്യാനാവശ്യപ്പെട്ടു. പ്രതികരണങ്ങളുണ്ടായി, കൂടുതല്‍ക്കൂടുതല്‍ പേര്‍ പുതുമതത്തെക്കുറിച്ചറിയുകയും, മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന മാന്ത്രിക ജലത്തിന്റെ ഉറവ നുകരാൻ ഒറ്റയും തെറ്റയുമായി മുഹമ്മദിനടുത്തെത്തുകയും, എത്തുന്ന മുറയില്‍ വിശ്വാസികളാവുകയും ചെയ്തു.
ഖാലിദ് അവരിലൊരാളായിരുന്നു. അയാൾ അബൂബക്റിന്റെ വീട്ടിൽ നിന്നിറങ്ങി നേരെ പ്രവാചകനടുത്തെത്തി. അദ്ദേഹത്തിന്റെ സന്ദേശമെന്താണെന്നും മുസ്‌ലിമാകാൻ താനെന്താണ് ചെയ്യേണ്ടതെന്നും ആരാഞ്ഞു. പ്രവാചകന്റെ വിസ്തരിച്ചുള്ള മറുപടിയില്‍ ഖാലിദ് മുസ്‌ലിമായി, എന്നാൽ, കുടുംബാംഗങ്ങളെ വിവരമറിയിച്ചില്ല.
ഖാലിദിനും മുമ്പെ നിരവധി പേർ പുതുവിശ്വാസത്തെ ആശ്ലേഷിച്ചിരുന്നു. സുഹ്‌റ ഗോത്രക്കാരനും, ഉമ്മവഴി പ്രവാചകന്റെ അകന്ന ബന്ധുവുമായ ഔഫിന്റെ പുത്രന്‍ അബ്ദു അംറ്, ബനൂഹാരിസ ഗോത്രത്തിലെ ജര്‍റാഹിന്റെ പുത്രന്‍ അബൂ ഉബൈദ എന്നിവര്‍ ആദ്യം പ്രതികരിച്ചവരിലുള്‍പ്പെടുന്നു. അബ്ദു അംറ് എന്ന പേര് പ്രവാചകന്‍ പിന്നീട് മാറ്റി, അബ്ദുര്‍റഹ്മാന്‍ എന്ന് പുനഃനാമകരണം ചെയ്തു; ഇപ്പോള്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്.
ഇക്കാലത്തുതന്നെയാണ് അബ്ദു ശംസിലെ മറ്റൊരാള്‍ തന്റെ സിറിയയിലേക്കുള്ള പതിവ് കച്ചവട യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപാടെ ഇസ്‌ലാം സ്വീകരിക്കുന്നത്; അഫ്ഫാന്റെ പുത്രന്‍ ഉസ്മാന്‍. അബ്ദുല്‍ മുത്തലിബിന്റെ പുത്രിയും പ്രവാചകന്റെ അമ്മായിയുമായ ഉമ്മു ഹകീം ബൈദായുടെ പേരക്കിടാവാണദ്ദേഹം. യാത്ര കഴിഞ്ഞ് മക്കയിലെത്തുന്നതിനു മുമ്പ് അബൂക്റിന്റെ മച്ചുനന്‍ തെയ്മു ഗോത്രക്കാരൻ തന്നെയായ തല്‍ഹ അദ്ദേഹത്തെ കണ്ടുമുട്ടി. തല്‍ഹയും ശാമില്‍ നിന്നാണ് വരുന്നത്. പക്ഷേ ബുസ്‌റ വഴിയാണന്നു മാത്രം. ഉസ്മാന്‍ മറ്റൊരു വഴിക്കായിരുന്നു വന്നത്. കൂട്ടുകാരായിരുന്ന അവര്‍ വഴിയിലെ കൂടിക്കാഴ്ചയുടെ ആകസ്മികതയില്‍ സംസാരമാരംഭിച്ചു. തല്‍ഹക്കു പറയാനുണ്ടായിരുന്നത് ഒരു പ്രത്യേക വിശേഷമായിരുന്നു.
“എന്തുണ്ടായി ചങ്ങാതീ?”-ഉസ്മാന്‍ ചോദിച്ചു.
“പറയാം,” തല്‍ഹ പറഞ്ഞു തുടങ്ങി. ”ഞാന്‍ ബുസ്‌റ വഴിയാണല്ലോ വരുന്നത്. അവിടെ ഒരു ക്രൈസ്തവ പുരോഹിതനെ കണ്ടുമുട്ടി. അയാള്‍ ചോദിക്കുകയാണ്, മക്കക്കാര്‍ക്കിടയില്‍ അഹ്മദ് വെളിപെട്ടുവോ എന്ന്, ഞാന്‍ ചോദിച്ചു, ആരാണീ അഹ്മദ്, അയാള്‍ പറഞ്ഞു, അബ്ദുല്‍ മുത്തലിബിന്റെ പുത്രനായ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദ്.”
മക്കയിലെത്തിയ ഉടനെ ഉസ്മാനും തല്‍ഹയും കൂടി അബൂബക്റിനെ കണ്ടു. അദ്ദേഹം ഇരുവരെയും പ്രവാചകന്റെ അടുത്തേക്ക് കൂട്ടി. ഇരുവരും മുസ്‌ലിങ്ങളായി. സഅദ് ബിന്‍ അബീവകാസ്, അബ്ദുല്ലാഹിബിന്‍ മസ്ഊദ് എന്നിവരും ഇതിനിടെ മുസ്‌ലിങ്ങളായിക്കഴിഞ്ഞിരുന്നു.
ആകാശത്തു നിന്നുള്ള സന്ദേശം ഇപ്പോൾ മുറിയാതെ ലഭിച്ചുകൊണ്ടിരിക്കുന്നു. എന്നാലും ഒന്നാം വെളിപാടിന്റെ ദൃശ്യങ്ങളും അനുഭവങ്ങളും അദ്ദേഹത്തിന്റെ മനസ്സില്‍ പച്ചപിടിച്ചു നിന്നു. ‘പുതപ്പിക്കൂ, പുതപ്പിക്കൂ’ എന്ന സ്വന്തം വാക്കുകള്‍ മനസ്സിന്റെ ഭിത്തികളില്‍ തട്ടി പ്രതിധ്വനിച്ചു കൊണ്ടിരുന്നു.
പകലുകൾ വിരിഞ്ഞു വാടി, രാവുകൾ ഉതിര്‍ന്നുതീര്‍ന്നു. ഗാഢമായ സുഷുപ്തി അനുഗ്രഹിച്ച ആ രാത്രിയില്‍ പുതച്ചു കിടക്കുകയായിരുന്നു പ്രവാചകന്‍. അപ്പോഴാണ് ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ഗംഭീര സ്വരത്തില്‍ ദൈവിക നിര്‍ദേശം വന്നണയുന്നത്. ഇന്നുവരെ സ്വീകരിച്ചതില്‍ വെച്ചേറ്റവും ശക്തമായ നിര്‍ദേശം. കീടകോടികള്‍ക്കൊപ്പം ചത്തൊടുങ്ങേണ്ടവനല്ല മനുഷ്യന്‍ എന്നോർമിപ്പിച്ചുകൊണ്ട് വിധിനാളിനെക്കുറിച്ച് ജനങ്ങളെ താക്കീത് ചെയ്യുവാന്‍ ആ സൂക്തങ്ങള്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു.
”മൂടിപ്പുതച്ചവനേ, എഴുന്നേറ്റ് താക്കീത് നല്‍കൂ. താങ്കളുടെ നാഥനെ പ്രകീര്‍ത്തിക്കൂ, വസ്ത്രങ്ങള്‍ ശുദ്ധമാക്കൂ, മാലിന്യത്തെ വിട്ടകന്നുനില്‍ക്കൂ. കൂടുതൽ നേടാനായി ഔദാര്യം ചെയ്യല്ലെ, നാഥനുവേണ്ടി ക്ഷമിക്കൂ. എന്നാല്‍, കാഹളത്തില്‍ ഊതിക്കഴിഞ്ഞാല്‍, അന്നതൊരു പ്രയാസമേറിയ ദിവസമായിരിക്കും; നിഷേധികള്‍ക്ക് ലഘുവല്ലാത്ത ഒരു ദിവസം.”
അധികം കഴിഞ്ഞില്ല, പുതിയൊരു രാവിന്റെ വരവായി, ആ നിറപ്പാതിരയിൽ പ്രവാചകൻ പരുഷമായി ഉണര്‍ത്തപ്പെട്ടു. എന്നിട്ട് അദ്ദേഹത്തിൽ നിന്നും അനുചരരില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ആരാധനയുടെ ശക്തിയും തീവ്രതയും ഉണര്‍ത്തി. തന്നിലര്‍പ്പിതമായ ഉത്തരദായിത്വത്തിന്റെ മഹത്വവും ഗൗരവവും പ്രവാചകന് ബോധ്യമായി.
”മൂടിപ്പുതച്ചവനേ, സ്വല്പ സമയമൊഴിച്ച്, പാതിരരാവിൽ എഴുന്നേറ്റു നിന്ന് പ്രാര്‍ത്ഥിക്കൂ. രാവിന്റെ പാതി, അല്ലെങ്കിൽ, ചെറുതായൊന്ന് കുറച്ചോളൂ. അഥവാ, കുറച്ച് കൂട്ടിക്കൊള്ളൂ, കുര്‍ആന്‍ അവധാനതയോടെ പാരായണം ചെയ്തുകൊള്ളൂ. തീര്‍ച്ചയായും ഭാരിച്ച ഒരു വചനം താങ്കള്‍ക്കുമേൽ ചാർത്താൻ പോവുകയാണ്.”
അതേ ഭാഗത്തുതന്നെ ഇങ്ങനെയും കല്പന വന്നു:
“താങ്കളുടെ നാഥന്റെ നാമമോർക്കൂ. അവനില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. പ്രാചിയുടെയും പ്രതീചിയുടെയും നാഥന്‍, അവനല്ലാതെ ആരാധ്യനില്ല. ഭരമേല്‍പിക്കേണ്ടവനായി അവനെ സ്വീകരിക്കൂ.” പിന്നീടങ്ങോട്ട് ദിവ്യബോധനത്താല്‍ പ്രദീപ്തമായ പകലിരവുകളുടെ നിരങ്കുശമായ പ്രവാഹമായി. മുമ്പത്തേതിനെക്കാള്‍ മയത്തില്‍; അവയാകട്ടെ മുമ്പേതന്നെ പ്രവാചകന് നല്‍കപ്പെട്ട ഉറപ്പുകളെ കൂടുതല്‍ ബലവത്താക്കി.
ദുഷിച്ച സമൂഹഘടനയില്‍ സമുദായത്തിന്റെ പുറമ്പോക്കിൽ കുടിപാര്‍ക്കുന്ന കുറെ മനുഷ്യരായിരുന്നു പുതിയ മതത്തിന്റെ അനുയായികളിലധികവും; താരതമ്യേന ദുര്‍ബലരായ ഒരനുയായി വൃന്ദം. പ്രവാചകനെ സംബോധന ചെയ്തുകൊണ്ടുള്ള വചനങ്ങളിലടങ്ങിയ കല്പനകളുടെ വളവുതിരിവുകള്‍ ശ്രദ്ധാപൂര്‍വം അവര്‍ പിന്‍പറ്റി. മരുഭൂവില്‍ പെയ്ത വചനധാരയുടെ തെളിനീർ നുകരുന്നതില്‍ അവര്‍ ജാഗരൂകരായി. ഇന്നിപ്പോള്‍ നിത്യപ്രാര്‍ത്ഥനയ്ക്കു വേണ്ടി സജ്ജരാവാന്‍ അംഗശുദ്ധി വരുത്തുന്നതിന് പുറമെ അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ മലിന മുക്തമാക്കുകകൂടി ചെയ്തു. തരാതരം മാലിന്യങ്ങളില്‍ നിന്നും മുക്തരാണവര്‍. അല്ലാഹു പ്രവാചകനിറക്കിക്കൊടുത്ത മുറക്ക് ‘ടപ്പ്’ എന്ന് അവര്‍ ദിവ്യസൂക്തങ്ങള്‍ ഹൃദിസ്ഥമാക്കി. അതവര്‍ പ്രാര്‍ത്ഥനകളില്‍ ഓതി. അങ്ങനെ, ഒരു സൂക്തം അവതരിച്ച് നിമിഷങ്ങള്‍ക്കകം തങ്ങളില്‍തങ്ങളിൽ സംസാരിച്ച് അവ ഹൃദയങ്ങളില്‍ പകര്‍ന്നുവാങ്ങി, ഏറ്റുചൊല്ലി. അതിനിടെ, തമ്മിൽ കണ്ടുമുട്ടുമ്പോൾ മൊഴിയേണ്ട അഭിവാദന വാക്യം പ്രവാചകൻ അവരെ പഠിപ്പിച്ചു, ‘അസ്സലാമു അലൈകും’ – താങ്കൾക്കു മേൽ ശാന്തി ഭവിക്കട്ടെ.
ഈ ജീവിതത്തിന്റെയും അതിലെ വിഭവങ്ങളുടെയും ക്ഷണികതയെക്കുറിച്ചുള്ള തീവ്രബോധം അവരുടെ നിമിഷങ്ങളെ മഹോത്സവങ്ങളാക്കുന്നു.
ജീവിതത്തെക്കുറിച്ച്, മരണത്തെയും ഉയിര്‍ത്തെഴുന്നേല്പിനെയും കുറിച്ച്, സൃഷ്ടിച്ച് പരിപാലിക്കുന്ന ആദിപരാശക്തിയുടെ ഏകത്വത്തെക്കുറിച്ച്, സമൂഹത്തെയും യുക്തിയെയും കുറിച്ച്, അവസാന വിധിതീര്‍പ്പിനെക്കുറിച്ച്, സ്വര്‍ഗത്തെയും നരകത്തെയും കുറിച്ച്, പ്രതിഫലങ്ങളെക്കുറിച്ച്, നന്മയെയും കരുണയെയും കുറിച്ച്, അനുഗ്രഹങ്ങളെക്കുറിച്ച്, സ്വർഗത്തെയും നരകത്തെയും കുറിച്ച്, ക്വുര്‍ആന്‍ ഉദ്‌ഘോഷിച്ച മറ്റെല്ലാ മൂല്യങ്ങളെയും സത്യങ്ങളെയും കുറിച്ച്… എല്ലാം അവര്‍ സദാ ബോധവാന്മാരായിരുന്നു. അതുകൊണ്ടുതന്നെ, മനുഷ്യൻ പരദേശിയായി പാർക്കുന്ന ലോകവും അതിലെ വിഭവങ്ങളും അവരുടെ മുമ്പില്‍ പുൽത്തുരുമ്പു പോലെ നിസ്സാരമായി. നീരറ്റ സൈകതസ്ഥലിയിൽ വിശ്വാസത്തിന്റെ മരുപ്പച്ച പതുക്കെ രൂപപ്പെടുകയാണ്.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.