നബിചരിത്രത്തിന്റെ ഓരത്ത് -18

//നബിചരിത്രത്തിന്റെ ഓരത്ത് -18
//നബിചരിത്രത്തിന്റെ ഓരത്ത് -18
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -18

Print Now
ചരിത്രാസ്വാദനം

വെളിപാട്

തീരുമാനങ്ങളെടുക്കാനുള്ള അസാമാന്യമായ ഉള്‍ക്കരുത്താണ് മുഹമ്മദ് കഅ്ബയുടെ പുനര്‍നിര്‍മ്മാണ വേളയില്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്. അസാധാരണമായ നേതൃപാടവമുള്ള നേതാവിന്റെ പ്രശംസനീയമായ ബഹിര്‍മുഖത പ്രകടമായ സംഭവമായിരുന്നു അത്.

എന്നാൽ, ഈ അംഗീകാരത്തിനു ശേഷം, മക്കയിലെ ചെറുപ്പക്കാരില്‍ നിന്നു ഭിന്നമായി ഒരു പ്രത്യേകതരം ഉള്‍വലിയലിന്റെയും അന്തര്‍മുഖത്വത്തിന്റെയും ലക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ ദൃശ്യമായി. ആയുസ്സ് ധൂര്‍ത്തടിക്കുന്ന മക്കയിലെ പുരുഷജീവിതങ്ങൾക്കിടയിൽ ഒരക്ഷരത്തെറ്റുപോലെ, മുഹമ്മദ് ജീവിതത്തിന്റെ ഉള്ളകങ്ങളിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ തേടി. ഉണര്‍വിലും ഉറക്കിലും വിശിഷ്ടമായൊരുതരം ബോധ്യം അദ്ദേഹത്തെ ചൂഴ്ന്നു നിന്നു; അത്യുത്തമമായ ഉള്‍ക്കാഴ്ചകള്‍ അദ്ദേഹത്തെ നയിക്കുന്നുവെന്ന് ആ ചലന നിശ്ചലതകള്‍ വ്യക്തമാക്കി.

ഈ അന്തച്ചോദനകളും ഉള്‍ക്കാഴ്ചകളും മുഹമ്മദിനു നല്‍കിയത് ഏകാന്തശാന്തതയുടെ നനുത്ത നിലാനിലങ്ങളാണ്; ഏകാകിത സന്തതസഹചാരിയായി. ലോകവും അതിന്റെ ദുരാശകളും ശാശ്വതമായതിനെ വാഗ്‌ദാനം ചെയ്യുന്നില്ലല്ലോ എന്നദ്ദേഹം ചിന്തിച്ചു. പലപ്പോഴും മക്കയുടെ പ്രാന്തത്തില്‍ നിന്നധികമകലെയല്ലാത്ത ജബൽനൂറിലെ ഹിറാഗുഹയില്‍ ചെന്നിരുന്ന് പ്രാര്‍ത്ഥനാഭരിതമായ മനസ്സോടെ ധ്യാനനിരതനായി; മഥിക്കുന്ന സമസ്യയുടെ സമാധാനത്തിനായുള്ള കാത്തിരിപ്പു പോലെ. അതിനിടെ, പുലരിപോലെ തെളിഞ്ഞതും പതിരില്ലാത്തതുമായ സ്വപ്നങ്ങൾ മുഹമ്മദിന് സദാ മുന്നറിവുകൾ നൽകിക്കൊണ്ടിരുന്നു.

ഹിറായിലേക്കുള്ള മുഹമ്മദിന്റെ ഈ പിന്‍വാങ്ങല്‍ കുറയ്ഷികളില്‍ വലിയ കൗതുകമൊന്നും ജനിപ്പിച്ചില്ല. ഇസ്മാഈലീ പരമ്പരയിൽ സാധാരണ കണ്ടുവരുന്ന പതിവാണ് ധ്യാനത്തിനായുള്ള ഏകാന്തവാസം. ഓരോ തലമുറയിലും ഒന്നോ രണ്ടോ പേര്‍ അങ്ങനെ ചെയ്യാറുണ്ട്; സാത്വികർക്കും സാത്വികനായ തങ്ങളുടെ അല്‍അമീന്‍ ഏകാന്തവാസം ആചരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരിക്കൽപോലും ലാത്തിനെയോ ഉസ്സയെയോ അദ്ദേഹം വണങ്ങിയിരുന്നില്ലെന്ന് അവരിൽ ചിലരെങ്കിലും ശ്രദ്ധിച്ചിരുന്നുതാനും.

ഖദീജ ഒരുക്കിക്കൊടുക്കുന്ന തീൻപണ്ടങ്ങളുമായി അല്‍അമീന്‍ ഹിറായിലേക്ക് പോകും. പ്രാര്‍ത്ഥനാനിരതനും ധ്യാനനിമഗ്നനുമായി ഏതാനും രാത്രികള്‍ അവിടെ തങ്ങി തിരിച്ച് കുന്നിറങ്ങി വീട്ടിലെത്തും. ധ്യാനം നീണ്ടുപോയാൽ മൈസറയുടെയോ മറ്റു ഭൃത്യരുടെയോ കയ്യിൽ ഭക്ഷണം കൊടുത്തുവിടും.

റമദാന്‍ മാസമാണ് പരമ്പരാഗതമായി അറബികള്‍ ധ്യാനത്തിനായി തെരഞ്ഞെടുക്കാറുള്ളത്. അക്കൊല്ലം റമദാന്‍ അന്ത്യത്തോടടുക്കുകയാണ്. അന്ന് മുഹമ്മദിന് നാല്പത് വയസ്സ് പ്രായമുണ്ട്. പ്രാര്‍ത്ഥനയില്‍ മുഴുകി ഹിറായില്‍ ഇരിക്കവെ, ഗംഭീരമായ സ്വരം കേട്ട് ചകിതനായി നോക്കി; അലൗകികമായ വെണ്മയോടെ ഒരു രൂപം.

”വായിക്കൂ!” രൂപം നിർദ്ദേശിച്ചു.

”എനിക്ക് വായിക്കാനറിഞ്ഞുകൂടാ.”, അഭൂതപൂർവ്വമായ അനുഭത്തിൽ വിറച്ച് മുഹമ്മദ് പറഞ്ഞൊപ്പിച്ചു. അടുത്ത നിമിഷം അതീവ മനോഹരമായ ആ രൂപം അദ്ദേഹത്തെ ചിറകിലൊതുക്കി, നിസ്സഹായനായ മുഹമ്മദ് അവിടെ ഞെരിഞ്ഞു. പിടിവിട്ടുകൊണ്ട് വീണ്ടും രൂപം പറഞ്ഞു, “വായിക്കൂ!” അടിമുടി ഭയം ഗ്രസിച്ചുകഴിഞ്ഞിരുന്ന മുഹമ്മദ് പഴയ പടിതന്നെ പ്രതിവചിച്ചു. വീണ്ടും ഗാഢമായ ആലിംഗനം. ഇത്തവണ സഹിക്കാവുന്നതിലപ്പുറം ഞെരിഞ്ഞുപോയി. പിടിത്തമയഞ്ഞപ്പോള്‍ വീണ്ടും നിർദ്ദേശം, “വായിക്കൂ!” പഴയതുപോലെ, “എനിക്ക് വായിക്കാനറിഞ്ഞുകൂടാ”, എന്ന് മറുപടി പറഞ്ഞതും വീണ്ടുമൊരിക്കൽ കൂടി ആ ആലിംഗനത്തില്‍ ആബദ്ധനായി. പിടിത്തമയച്ചുകൊണ്ട്, ദിക്കുകളെ പിളർക്കുന്ന മുഴക്കത്തോടെ രൂപം ഇങ്ങനെ അരുളി,

”സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കൂ. അള്ളിപ്പിടിച്ചതിൽ നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
വായിക്കൂ, നിന്റെ നാഥന്‍ അത്യുദാരനുമാണ്. പേനകൊണ്ട് പഠിപ്പിച്ചവനവന്‍. മനുഷ്യനെ അവനറിയാത്തതവൻ പഠിപ്പിച്ചു.”

മുഹമ്മദ് അതേറ്റു ചൊല്ലി. അപ്പോഴേക്കും രൂപവും കാഴ്ചയെ ഭ്രമിപ്പിച്ച വെൺമയും രംഗമൊഴിഞ്ഞിരുന്നു; സ്വപ്നസദൃശമായ ആ സമയത്തിന് തിരശ്ശീല വീണു. മുഹമ്മദ് തന്നെ പിന്നീട് പറഞ്ഞതുപോലെ, ആ വചനങ്ങള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എഴുതിവെച്ചതു പോലെ പതിഞ്ഞുകിടന്നു. അത്രക്ക് കണിശമായിരുന്നു മുഴക്കമുള്ള വചനങ്ങളുടെ ആദേശവൈശദ്യം.

എന്നാല്‍, അദ്ദേഹത്തിന്റെ സംഭ്രമം അകന്നുപോയില്ലെന്നു മാത്രമല്ല വര്‍ധിക്കുകയും ചെയ്തു. താന്‍ ജിന്ന് ബാധിച്ച കവിയോ, അതോ പിശാച് ബാധിച്ച മനുഷ്യനോ! വല്ലാത്ത സന്ദിഗ്ധാവസ്ഥയുടെ നടുക്കായി. വദനാഗ്രങ്ങള്‍ വേദനകൊണ്ടെന്നപോലെ വലിഞ്ഞു നിന്നു. ഇടവും വലവും നോക്കി, ഒന്നും കാണാനായില്ല.

അടിമുടി ഭയം കീഴടക്കിയിരുന്നതിനാൽ ഏറെനേരം എന്തു ചെയ്യണമെന്നറിയാതെ നിന്നനില്പില്‍ നിന്നു. ധിറുതിയിൽ ഹിറാഗുഹ വിട്ട് കുന്നിറങ്ങി. ആരായിരിക്കാം തന്നെ വായിക്കാൻ നിർബന്ധിച്ചത് എന്ന ചിന്തയിൽ ജബൽനൂറിന്റെ ചെരുവിറങ്ങവെ പാതി വഴിയിൽ മുകളിൽ നിന്നൊരു ശബ്ദം,”മുഹമ്മദ്, താങ്കൾ അല്ലാഹുവിന്റെ ദൂതനാണ്, ഞാൻ ജിബ്രാഈൽ മാലാഖയും.” അമ്പരപ്പോടെ ആകാശത്തേക്ക് നോക്കിയപ്പോള്‍, ജബൽനൂറിനെ പരിരംഭണം ചെയ്തുകൊണ്ട് ഒരാലക്തിക പ്രഭ തിളങ്ങി നിൽക്കുന്നു. മനുഷ്യരൂപം പൂണ്ട മാലാഖ ചക്രവാളങ്ങളിലേക്ക് നിറഞ്ഞുനിൽക്കുന്നു. ഭാരിച്ച കാല്‍വെപ്പുകളോടെ മുഹമ്മദ് വീട്ടിലേക്ക് നടന്നു. സംഭീതനും ആശങ്കാകുലനുമായിരുന്ന പ്രിയതമനെ കണ്ടപാടെ ഖദീജ ചോദിച്ചു, “എവിടെയായിരുന്നു അൽഅമീൻ, ഇന്ന് ഭക്ഷണവുമായി വന്ന ഭൃത്യർ താങ്കളെ ഹിറായിൽ കണ്ടില്ലെന്നു പറഞ്ഞു!”

“എന്നെ പുതപ്പിക്കൂ!”, കഠിനമായ പനിയിലെന്നവണ്ണം വിറച്ചുകൊണ്ട് മുഹമ്മദ് പറഞ്ഞു, “എന്നെ പുതപ്പിക്കൂ!!”

ഖദീജ പരിഭ്രമിച്ചു; മറുത്തൊന്നും ചോദിക്കാന്‍ ധൈര്യം വരാതെ പെട്ടെന്ന് ഒരു പുതപ്പെടുത്തുകൊണ്ടുവന്നു പ്രിയതമനെ മൂടി. വ്യാധി ഒട്ടൊന്നടങ്ങിയപ്പോള്‍ വള്ളിപുള്ളി വിടാതെ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ മുഹമ്മദ് ഖദീജയോട് പറഞ്ഞു.

”ഭയപ്പെടാതിരിക്കൂ,”
ഖദീജയുടെ സാന്ത്വനം,
“അല്ലാഹു താങ്കളെ ഒരിക്കലും
അപമാനിക്കുകയില്ല. താങ്കള്‍ സ്വന്തപ്പെട്ടവരോടുള്ള കടമ പൂര്‍ത്തീകരിക്കുന്നു; സത്യമേ പറയുന്നുള്ളു, നിരാലംബരെ ചേർത്തുപിടിക്കുന്നു, അതിഥിയെ സല്‍ക്കരിക്കുന്നു, സത്യത്തിന്റെ വിജയത്തിനു വേണ്ടി യത്‌നിക്കുന്നു.”

മുഹമ്മദിന് ആശ്വാസമായി, കാതരഭാവം അകന്നുപോയി. അധികം താമസിയാതെ പരിക്ഷീണമായ ഇമകളില്‍ ഉറക്കംപിടിച്ചു.

ശാം ദേശത്തേക്കുള്ള യാത്രക്കിടെ നെസ്തോറിയൻ സന്യാസി നടത്തിയ പ്രവചനങ്ങളെക്കുറിച്ചുള്ള മൈസറയുടെ കഥാകഥനങ്ങൾ കേട്ടതുമുതൽ, ഒരു പ്രവാചകൻ വരുന്നുവെങ്കിൽ അൽഅമീനെക്കാൾ യോഗ്യനായി മക്കയിൽ ആരുമില്ലെന്ന് ഖദീജ ഉറപ്പിച്ചു. അവർ പിന്നെ കാത്തുനിന്നില്ല.

മഹാഅറിവാളിയായിരുന്ന പിതൃവ്യപുത്രൻ, വറക ബിന്‍ നൗഫലിനടുത്തെത്തി. കാര്യങ്ങള്‍ അദ്ദേഹത്തോട് വിശദീകരിച്ചു. വാര്‍ധക്യവും അത് വഹിപ്പിച്ച ആന്ധ്യവും വയോധികനെ തളര്‍ത്തിയിരുന്നു. ക്ഷീണസ്വരത്തില്‍ അദ്ദേഹം പറഞ്ഞു, ”പരിശുദ്ധാത്മാവ്’, പരിശുദ്ധാത്മാവ് !” ആയാസപ്പെട്ട് വാചകം പൂര്‍ത്തീകരിച്ചു, ”വറകയുടെ ദേഹി ആരുടെ കയ്യിലാണോ അവന്‍ തന്നെ! മുഹമ്മദിന്റെ അടുത്തുവന്നത് മഹാനായ നാമൂസ് ആണ്; മോശെയുടെ അടുത്തുവന്ന നാമൂസ്, മുഹമ്മദ് തീര്‍ച്ചയായും ഈ ജനതയുടെ പ്രവാചകനാണ്. അദ്ദേഹത്തിന് ഉറപ്പു കൊടുത്തേക്കുക.”

ഖദീജ വീട്ടിലെത്തി. ഗാഢനിദ്രയിലായിരുന്ന പ്രിയതമന്‍ ഉണര്‍ന്നതിനുശേഷം വറകയുമായുണ്ടായ കൂടിക്കാഴ്ചയും സംഭാഷണവും വിശദീകരിച്ചു. മുഹമ്മദിന്റെ മനസ്സ് പ്രദീപ്തമായി, വിഭ്രാന്തി കാറ്റുപോലെ നേർത്ത് കടന്നുപോയി. മനഃശാന്തി വീണ്ടെടുത്ത്, മുടങ്ങിയ ധ്യാനത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഹിറാഗുഹയിലേക്കുതന്നെ തിരിച്ചുപോയി. രണ്ടുനാള്‍ക്കകം പാരണവീട്ടി പതിവുപോലെ കഅ്ബയിലെത്തി തവാഫ് ചെയ്തു. അതുകഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം വിശുദ്ധഗേഹത്തിന്റെ തണലില്‍ വിശ്രമിക്കുകയായിരുന്ന വറകയെ നേരില്‍ കണ്ട് അഭിവാദ്യം ചെയ്തു.

രോഗജരാനരപീഡകളിൽ പരിക്ഷീണനെങ്കിലും കഅ്ബയില്‍ വരുന്ന പതിവ് വറക മുടക്കിയിരുന്നില്ല. വെളിച്ചമണഞ്ഞ ആ കണ്ണുകള്‍ക്ക് മുമ്പില്‍ വന്നു നില്‍ക്കുന്ന ആളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞ് അദ്ദേഹം ചോദിച്ചു, “സഹോദരപുത്രാ, പറയൂ, എന്താണ് താങ്കള്‍ കണ്ടത്? എന്താണ് കേട്ടത്?”

മുഹമ്മദ് സംഭവങ്ങള്‍ ഒന്നൊഴിയാതെ വിശദീകരിച്ചു. ഖദീജയോട് പറഞ്ഞതെല്ലാം മുഹമ്മദിനോടും വറക ആവര്‍ത്തിച്ചു! അല്പനേരത്തെ മൗനത്തിനുശേഷം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ”ഇനി, താങ്കള്‍ ഒരു നുണയനെന്ന് വിളിക്കപ്പെടും, പീഡിപ്പിക്കപ്പെടും, അവര്‍ താങ്കളെ ഭ്രഷ്ടനാക്കും, താങ്കള്‍ക്കെതിരില്‍ യുദ്ധം ചെയ്യും, ആ ദിനങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഞാന്‍ ജീവിക്കുമെങ്കില്‍, ദൈവത്തിനറിയാം, ഞാന്‍ താങ്കൾക്കു വേണ്ട സഹായങ്ങള്‍ ചെയ്യും.” പിന്നീടദ്ദേഹം മുമ്പോട്ടാഞ്ഞ് പ്രവാചകന്റെ നെറ്റിയില്‍ ചുംബിച്ചു. മുഹമ്മദ് വീട്ടിലേക്ക് തിരിച്ചു.

ഖദീജയുടേയും വറകയുടേയും ഉറപ്പുകള്‍ക്ക് പിറകെ രണ്ടാം വെളിപാടായി ആകാശത്തിരിക്കുന്നവന്റെയും ഉറപ്പ് വന്നണഞ്ഞു, ”നൂന്‍. പേനയാണ് സത്യം. അവർ രേഖപ്പെടുത്തുന്നതുമാണ് സത്യം. നാഥന്റെ അനുഗ്രഹത്താല്‍ താങ്കള്‍ ഒരുന്മാദിയല്ല. താങ്കള്‍ക്ക് ഇടമുറിയാത്ത പ്രതിഫലമുണ്ട്. മഹത്തായ സ്വഭാവനിഷ്ഠയിലാണു താങ്കള്‍, തീർച്ച.”

പ്രവാചകന്റെ മനസ്സില്‍ ഉരുണ്ടുകൂടിയ ഉദ്വേഗം പറന്നകന്നു. എന്നാല്‍, തുടക്കത്തിലെ ഈ വെളിപാടുകള്‍ക്കു ശേഷം പിന്നീടൊരു ഇടവേളയായിരുന്നു, ആകാശങ്ങളിലിരിക്കുന്നവന് അപ്രീതിയുണ്ടാക്കി താനെന്തെങ്കിലും ചെയ്തുവോ എന്നദ്ദേഹം ഭയപ്പെട്ടു. ഇടവേള നീണ്ടുനീണ്ടു പോകുന്നതുപോലെ.

ഖദീജയാകട്ടെ, അങ്ങനെയുണ്ടാവില്ലെന്ന് നിരന്തരം ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ മുഹമ്മദിന്റെ മനസ്സില്‍ ആധിയുടെ പെരുക്കം തീര്‍ത്ത ഇടവേളക്കറുതിയായി. ജിബ്രാഈല്‍ വന്ന് ഓതിക്കൊടുത്തു,

”പൂർവ്വാഹ്ന ശോഭയാണു സത്യം, രാവുമാണു സത്യം; അത് ശാന്തമാവുമ്പോള്‍. താങ്കളുടെ നാഥന്‍ താങ്കളെ കൈവെടിയുകയോ വെറുക്കുകയോ ചെയ്തിട്ടില്ല. മറുലോകമാണ് ആദ്യത്തേതിനെക്കാള്‍ താങ്കള്‍ക്കുത്തമം. നാഥന്‍ താങ്കള്‍ക്കു നല്‍കുക തന്നെ ചെയ്യും; അപ്പോൾ താങ്കള്‍ സംപ്രീതനാകും. ഒരനാഥനായല്ലേ താങ്കളെയവന്‍ കണ്ടെടുത്തത്, എന്നിട്ടവന്‍ അഭയവും നല്‍കിയില്ലേ? വഴി തെറ്റിയല്ലേ താങ്കളെയവന്‍ കണ്ടെടുത്തത്, എന്നിട്ടവന്‍ നേര്‍മാര്‍ഗത്തിലുമാക്കിയില്ലേ? ആവശ്യക്കാരനായല്ലേ താങ്കളെ അവന്‍ കണ്ടെടുത്തത്, എന്നിട്ടവന്‍ ധന്യനുമാക്കിയില്ലേ? അതിനാല്‍, അനാഥയെ താങ്കള്‍ അടിച്ചമര്‍ത്തരുത്. ചോദിച്ചു വരുന്നവനെ ആട്ടിയകറ്റരുത്. എന്നാല്‍, താങ്കളുടെ നാഥന്റെ അനുഗ്രഹങ്ങള്‍… അവ പ്രഖ്യാപിച്ചേക്കുക.”

ഉഷസ്സന്ധ്യ മനോഹര ചിത്രം വരച്ച ഗഗനവിശാലതയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ധ്രുവനക്ഷത്രത്തിന്റെ പുഞ്ചിരിപ്പാടില്‍ ലോകം പ്രതീക്ഷയര്‍പ്പിച്ചു നില്‍ക്കുമ്പോള്‍ മക്കയില്‍ ഒരു വെടിമരുന്നുകൂന തീപ്പൊരി കാത്തുകിടന്നു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.