നബിചരിത്രത്തിന്റെ ഓരത്ത് -16

//നബിചരിത്രത്തിന്റെ ഓരത്ത് -16
//നബിചരിത്രത്തിന്റെ ഓരത്ത് -16
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -16

Print Now
ചരിത്രാസ്വാദനം

വീടകം

കാലം അലസസാന്ദ്രമൊഴുകി. ആഹ്ളാദം കലപില കൂട്ടിയ മുഹമ്മദിന്റെ വീടകം അതിഥികളുടെ ഇടതടവില്ലാത്ത വരവുപോക്കിൽ തേനീച്ചക്കൂടുപോലെ സജീവമായി. നിരന്തര സ്നേഹത്തിന്റെ പാരിജാത സുഗന്ധം വീട്ടിലും പരിസരത്തും സദാ തങ്ങിനിന്നു. കാലമേതെന്നില്ലാതെ, സമയമേതെന്നില്ലാതെ സ്വന്തബന്ധങ്ങളുടെ പുതിയപുതിയ ഇഴയടുപ്പങ്ങൾ നെയ്ത് ഋതുഭേദങ്ങൾ വന്നുപൊയ്‌ക്കൊണ്ടിരുന്നു.

പ്രവാചകത്വത്തിന്റെ പിൽക്കാല ജീവിതത്തിൽ ബന്ധങ്ങളുടെ പവിത്രത പേർത്തും പേർത്തും പഠിപ്പിച്ച മുഹമ്മദിന്റെ സ്വകാര്യജീവിതം ആ പവിത്രതയെ പുൽകാതെ കവച്ചുവെച്ച് കടന്നുപോകുന്നതെങ്ങനെ? മാതാപിതാക്കൾ, ദമ്പതികൾ, മക്കൾ, അടുത്ത ചാർച്ചക്കാർ, അയൽക്കാർ, കൂട്ടുകാർ, ദരിദ്രർ, അനാഥർ, പ്രായംചെന്നവർ, കുട്ടികൾ, സ്ത്രീകൾ, രോഗികൾ, നിരാലംബർ, വഴിപോക്കർ, ജീവിജാലങ്ങൾ, തരുലതകൾ തുടങ്ങി ജീവിതവഴിയിൽ ഒരാൾ കാണാനിടവരുന്ന സകലതിനുമുള്ള അവകാശങ്ങൾ വകവെച്ചു കൊടുക്കാൻ ആഹ്വാനം ചെയ്ത പ്രവാചകന്റെ നിതാന്ത നിസ്തുല മാതൃകകൾ ലോകം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ.

മുഹമ്മദിന്റെ വീട്ടിലെ പതിവു സന്ദര്‍ശകയാണ് അദ്ദേഹത്തിന്റെ കൊച്ചമ്മായി സഫിയ; അബ്ദുല്‍ മുത്തലിബിന്റെ ഇളയമകള്‍ സഫിയ- ഹംസയുടെ നേര്‍സഹോദരി. ഇപ്പോള്‍ അവര്‍ അസദ് ഗോത്രത്തിലെ മരുമകളാണ്. ആ വഴിക്ക് ഖദീജയുടെ കുടുംബക്കാരിയുമായി. മുഹമ്മദിനെ സന്ദര്‍ശിക്കുമ്പോള്‍ സഫിയയുടെ കൂടെ മകന്‍ സുബെയ്‌റുമുണ്ടാകും. മൂത്ത സഹോദരന്റെ സ്മരണ സ്വന്തം മകനിലൂടെ നിലനിന്നുകാണാന്‍ ആഗ്രഹിച്ചിരുന്നതുകൊണ്ട് അതേ പേരുതന്നെ മകനിട്ടിരിക്കുകയാണവൾ. ഈ പതിവു സന്ദര്‍ശനങ്ങള്‍ കൊണ്ടായിരിക്കാം സുബെയ്ര്‍, മുഹമ്മദിന്റെ നാലു പുത്രിമാരുമായും ചെറുപ്പം മുതല്‍തന്നെ നല്ല ഇണക്കത്തിലായിരുന്നു.

അപൂര്‍വം അവസരങ്ങളില്‍ ഹലീമയും മുഹമ്മദിനെ സന്ദര്‍ച്ചു. ഓർമ്മയുടെ ഓളങ്ങൾ തീർത്ത് പഴയ ബനൂസഅദ് കാലത്തു നിന്നൊരു തേനരുവി അദ്ദേഹത്തിന്റെ മനസ്സിലേക്കൊഴുകിയെത്തി. നിറഞ്ഞ ദയാവായ്പോടെ മുഹമ്മദ് അവരെ ആദരിച്ചു. ഖദീജ മധുരമായി സല്‍ക്കരിക്കുകയും ഉദാരമായി സഹായിക്കുകയും ചെയ്തു. മരുഭൂമിയുടെ നനവെല്ലാം ഊറ്റിക്കളഞ്ഞൊരു കൊടുംവരള്‍ച്ചക്കൊടുവിൽ ഹിജാസിലൂടനീളം ദുരിതങ്ങള്‍ നിലവിളിയുയര്‍ത്തിയ വേളയിലായിരുന്നു ഒരിക്കല്‍ അവര്‍ ആ വീട്ടിലെത്തിയത്. ഹലീമയുടെ മുഴുവന്‍ ആടുകളും ആ വരള്‍ച്ചയില്‍ ചത്തൊടുങ്ങിയിരുന്നു. ഖദീജ അവര്‍ക്ക് നാല്‍പ്പത് ആടുകളെയും ഒരൊട്ടകത്തെയും നല്‍കി വരള്‍ച്ചയുടെ പ്രഹരം അവർക്കേല്‍പ്പിച്ച കേടുപാടുകള്‍ തീര്‍ത്തു. ഇതേ വരള്‍ച്ചക്കാലത്തു തന്നെയാണ് മുഹമ്മദിന്റെ വീട്ടില്‍ പുതിയ ഒരംഗം കടന്നുവരുന്നതും.

ആയാസരഹിതമായി പോറ്റാവുന്നതിലധികം മക്കളുണ്ടായിരുന്നു അബൂതാലിബിന്. ശുഷ്‌കിച്ച കച്ചവടങ്ങളുടെ ഋണധനഗണിതത്തിന്റെ ചുരവക്കിലൂടെ വേണമായിരുന്നു ആ സാത്വികന് തന്റെ വലിയ കുടുംബം പുലര്‍ത്താന്‍. അതിഥികളും വഴിപോക്കരുമായി ആ വീട്ടിൽ വന്നെത്തുന്നവരെക്കൂടി ഊട്ടി അന്തിയുറക്കുന്നതിലൂടെ, പലപ്പോഴും കൂട്ടിക്കിഴിക്കലുകൾ പിഴച്ചു. വർഷാവർഷം മക്കയിലെത്തുന്ന ഹാജിമാരെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്ന രിഫാദയും സികായയും അദ്ദേഹം പിതാവിൽ നിന്ന് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

വരള്‍ച്ചയും അത് വലിച്ചിഴച്ചു കൊണ്ടുവന്ന പട്ടിണിയും മൂലം മക്കയിലൂടെ പോകുന്ന പതിവുപാത ഒഴിവാക്കിയായിരുന്നു വണിക്കുകളുടെ യാത്ര. അതാകട്ടെ, മക്കയുടെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ ഇരുത്തിക്കളയുകയും ചെയ്തു. ഇതെല്ലാം വയോധികനെ വീണ്ടും ഞെരുക്കി. സങ്കട പരിതസ്ഥിതിയിൽ നിന്ന് രക്ഷനേടാന്‍ ആ വ്യാകുലമിഴികളില്‍ വഴിയൊന്നും തെളിഞ്ഞു വന്നതുമില്ല. അടിമുടി മാന്യനായ മൂത്താപ്പയുടെ കീഴ്ചുണ്ടിൽ കടിച്ചൊതുക്കിയ വേദനകൾ മുഹമ്മദിനോളം മനസ്സിലാകുന്ന മറ്റാരുണ്ട്? അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞിരുന്നു.

പിതൃവ്യരില്‍ സമ്പന്നന്‍ അബൂലഹബ് എന്നു പിന്നീട് വിളിക്കപ്പെട്ട അബ്ദുല്‍ ഉസ്സയാണ്. എന്നാൽ, അയാൾ ബന്ധുക്കളില്‍ നിന്നെല്ലാം കണിശമായ അകലം പാലിച്ചു. പൂര്‍ണസഹോദരിയോ സഹോദരനോ ആയി തനിക്ക് അക്കൂട്ടത്തില്‍ ആരുമില്ലെന്നതു കൊണ്ടായിരിക്കാം സ്വയം കല്‍പിച്ച ഈ അകന്നുനില്‍ക്കല്‍. ഉമ്മയുടെ ഏക സന്താനവുമായിരുന്നു അബൂലഹബ്. മദ്യപാനവും ചൂതാട്ടവുമായി അയാൾ ഏകാന്തവിരസതകളെ അകറ്റി നിർത്തി.

മുഹമ്മദ് മറ്റൊരു പിതൃവ്യനായ അബ്ബാസിന്റെ സഹായം തേടാനുറച്ചു. അയാൾക്ക് അതിനുള്ള ആവതുണ്ട്. നല്ല കച്ചവടക്കാരനാണ് അബ്ബാസ്. മുഹമ്മദിനെ വളരെയധികം സ്‌നേഹിക്കുകയും ചെയ്യുന്നു. ഒരേ വെയിലും തണലുമേറ്റാണല്ലൊ ഇരുവരും ബാല്യകൗമാര്യങ്ങൾ പിന്നിട്ടത്. അബ്ബാസിന്റെ ധർമ്മദാരം ഉമ്മുല്‍ ഫദ്‌ലും മുഹമ്മദിനോട് അതേ അളവിൽ അലിവും അടുപ്പവും വെച്ചു പുലർത്തിയിരുന്നു.

മുഹമ്മദ് എളാപ്പയുടെയും എളേമയുടെയും അടുത്തത്തി. അബൂതാലിബിന്റെ ചുറ്റുപാടുകള്‍ ഭദ്രമാകുന്നതുവരെ അദ്ദേഹത്തിന്റെ ഓരോ മക്കളെ ഇരു വീട്ടുകാരും ഏറ്റെടുക്കുന്ന കാര്യത്തെക്കുറിച്ച് അവരോട് സംസാരിച്ചു. അവര്‍ക്കത് സമ്മതമായിരുന്നു. മുഹമ്മദും അബ്ബാസും നേരെ അബൂത്വാലിബിന്റെ മുമ്പിലെത്തി കാര്യമവതരിപ്പിച്ചു.

”നിങ്ങളുടെ ഇഷ്ടം പോലെ.” ആശ്വസ്തനായ അബൂതാലിബ് പറഞ്ഞു. ”പക്ഷേ, അകീലും താലിബും എന്റെ അടുത്തുതന്നെ നിൽക്കട്ടെ.”

ജഅ്ഫറിന് അന്ന് പതിനഞ്ച് വയസ്സ് പ്രായമുണ്ട്. അവനെക്കാള്‍ അഞ്ചു വയസ്സ് ഇളപ്പമാണ് അലിക്ക്. അബ്ബാസ് ജഅ്ഫറിന്റെ സംരക്ഷണച്ചുമതലയേറ്റു, മുഹമ്മദ് അലിയുടെയും.

ഏകദേശം ഇക്കാലത്താണ് ഖദീജ അവരുടെ അവസാനത്തെ കുഞ്ഞിന് ജന്മം നല്‍കുന്നത്. അവന് അബ്ദുല്ല എന്ന് പേരുവെച്ചു. എന്നാല്‍, കാസിം ജീവിച്ചത്ര കാലം പോലും ഭൂമിയിൽ ജീവിച്ചിരിക്കാൻ വിധി അവനെ അനുവദിച്ചില്ല. ഒരുനിലക്ക്, അബ്ദുല്ല വിട്ടേച്ചു പോയ ശൂന്യതയിലേക്കായിരുന്നു അലിയുടെ വരവ്. മുഹമ്മദ് ഖദീജ ദമ്പതികളുടെ നാലു പെണ്‍മക്കള്‍ക്ക് അലി സഹോദരനായി – സെയ്നബിനെക്കാള്‍ പ്രായം കുറവ്, റുകയ്യക്കും ഉമ്മുകുല്‍സൂമിനും സമപ്രായക്കാരന്‍, ഫാത്വിമയെക്കാള്‍ പ്രായം കൂടുതല്‍. ഈ അഞ്ചു പേരും സെയ്ദുമാണ് വീട്ടിലെ സ്ഥിരാംഗങ്ങള്‍. എന്നാല്‍, ആ വീടുമായി ആഴത്തിലുള്ള ബന്ധുത്വം നിലനിര്‍ത്തിയിരുന്ന നിരവധി പേര്‍ ഇനിയുമുണ്ട്. നാം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുഴുനീള ചരിത്ര കഥാകഥനത്തിൽ ഇവർക്കെല്ലാം ചെറുതും വലുതുമായ കർമ്മനിയോഗങ്ങളുണ്ട്. ദൈവമനുഗ്രഹിക്കുകിൽ സമയമെത്തുമ്പോൾ അവരെല്ലാം വന്നുചേരും.

മുഹമ്മദിന്റെ ഏറ്റവും മൂത്ത പിതൃവ്യനാണ് ഹാരിസ്. സംസമിന്റെ വീണ്ടെടുപ്പുവേളയില്‍ അബ്ദുല്‍ മുത്തലിബിന് തുണയായി നിന്ന അതേ ഹാരിസ്. ഇപ്പോൾ ജീവിച്ചിരിപ്പില്ല.അദ്ദേഹത്തിന്റെ മകനാണ് അബ്ദുസുഫ്‌യാന്‍, അബൂസുഫ്‌യാന്‍ ബിന്‍ ഹാരിസ്. പ്രിയപ്പെട്ടവരേ, പ്രവാചകത്വലബ്‌ധിക്കു ശേഷം തിരുനബിക്കെതിരിൽ ആവതനവദിക്കുവോളം നിലകൊണ്ട, സത്യവിശ്വാസത്തിന്റെ പ്രകാശധാവള്യത്തെ ചെറുക്കാനായി നിർണായകമായ മക്കാവിജയംവരെ കുറയ്ഷികള്‍ക്ക് നേതൃത്വം നല്‍കിയ അബൂസുഫ്‌യാന്‍ ബിന്‍ ഹര്‍ബല്ല ഈ അബൂസുഫ്‌യാന്‍ എന്ന് പ്രത്യേകം ഓര്‍ക്കുക.

ബനൂസഅ്ദില്‍ ഹലീമയുടെ മുലപ്പാൽ നുകര്‍ന്നിട്ടുള്ള അബൂസുഫ്‌യാന്‍ ആ നിലക്കും അദ്ദേഹത്തിന്റെ സഹോദരനാണ്. മുഹമ്മദിന്റെ വീടുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന ആളത്രേ അബൂസുഫ്‌യാന്‍. മുഹമ്മദിനും അബൂസുഫ്‌യാനുമിടയില്‍ പൊതുവായുള്ള ഗുണം ഇരുവരുടെയും വാക്‌ചാതുരിയാണ്. എന്നാല്‍, അബൂസുഫ്‌യാന്‍ അനുഗൃഹീതനായ കവി കൂടിയാണ്; ഒരു വേള പിതൃവ്യരായ സുബെയ്‌റിനേക്കാളും അബൂതാലിബിനെക്കാളും വലിയ കവി. അറബിഭാഷയില്‍ ആരെയും അതിശയിപ്പിക്കുന്ന ഭാഷാസ്വാധീനവും വാഗ്‌വിലാസവുമുണ്ടെങ്കില്‍ കൂടി കവിത പാടാനുള്ള ഒരു വാസനയും മുഹമ്മദ് ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ല.

സമപ്രായക്കാരനായിരുന്ന അബൂസുഫ്‌യാനില്‍ മുഹമ്മദ് ഒരു നല്ല കൂട്ടുകാരനെ കണ്ടെത്തി. കൂടാതെ തന്റെ അമ്മായിമാരുടെ മക്കളുമായും മുഹമ്മദിന് ഉറ്റബന്ധമായിരുന്നു. ഉത്തര ദേശക്കാരായ അസദ് ഗോത്രത്തിലെ ജഹ്ശിനെ വിവാഹം ചെയ്ത ഉമയ്മ എന്ന അമ്മായിയുടെ മക്കളും അക്കൂട്ടത്തിലുണ്ട്. അവർക്ക് മക്കയിലുമുണ്ടൊരു വീട്. അവരുടെ മൂത്തമകന്‍ അബ്ദുല്ല, മുഹമ്മദിനെക്കാള്‍ പന്ത്രണ്ട് വയസ്സിന് ഇളയവനെങ്കിലും ഇരുവരും നല്ല ചങ്ങാതിമാർ. അബ്ദുല്ലയുടെ സഹോദരി സുന്ദരിയായ സെയ്‌നബും സഹോദരനോടൊപ്പം ദമ്പതികളുടെ വീട്ടിലെ പതിവു സന്ദര്‍ശകയായിരുന്നു.

അല്‍അമീന്‍ എന്ന മസൃണമായ വിശേഷണം മുഹമ്മദിന് സുഹൃത്തുക്കളെ സൃഷ്ടിച്ചു നല്‍കുന്നതില്‍ നല്ല ഘടകമായിരുന്നു. ഖദീജ ഈ കുടുംബത്തിന്റെ കേന്ദ്രബിന്ദുവായിരുന്നതുകൊണ്ട് അവരുടെ ബന്ധുക്കളും മുഹമ്മദിന്റെ അടുപ്പക്കാരായി. വിശിഷ്യ, അവരുടെ സഹോദരി ഹാലയും മകന്‍ അബുല്‍ ആസും. ഇരുവരും മുഹമ്മദിന്റെ വീട്ടിലെ പതിവു സന്ദര്‍ശകര്‍. ഖദീജ, അല്‍പായുസ്സുക്കളായ തന്റെ ആണ്‍മക്കളെ ഓര്‍മ്മകളിൽ അനുജത്തിയുടെ മകനെ വാത്സല്യപൂര്‍വം പരിഗണിച്ചു. ഹാല കാര്യങ്ങളെല്ലാം സഹോദരി ഖദീജയോടു കൂടിയാലോചിച്ചാണ് ചെയ്തിരുന്നത്. ഇപ്രാവശ്യം അവര്‍ ഖദീജയോടു കൂടിയാലോചിച്ചത് തന്റെ മകന് ഒരു വധുവിനെ കണ്ടെത്തുന്നതിനെക്കുറിച്ചായിരുന്നു. ഖദീജ ഭര്‍ത്താവിനോടു വിവരം പറഞ്ഞു. അദ്ദേഹം പത്‌നീ സഹോദരിയുടെ മകന് വധുവായി നിര്‍ദ്ദേശിച്ചത് യൗവനത്തെ പുണരാൻ പോകുന്ന സ്വന്തം മകള്‍ സെയ്ബിനെ തന്നെയായിരുന്നു. വൈകാതെ വിവാഹം നടക്കുകയും ചെയ്തു. താൻ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മാലതന്നെ മകൾക്ക് ഖദീജ സമ്മാനമായി നൽകി. ഈ മാലക്ക് പിന്നീട് മറ്റൊരു ദൗത്യമുണ്ട് നിർവ്വഹിക്കാൻ.

മുഹമ്മദിന്റെ കഴിവിലും കീർത്തിയിലും ഹാഷിമികള്‍ അതിരറ്റു സന്തോഷിച്ചു. അനുക്രമമായി മങ്ങിക്കൊണ്ടിരിക്കുന്ന തങ്ങളുടെ കുടുംബത്തിന്റെ യശസ്സും തകര്‍ന്നുകൊണ്ടിരിക്കുന്ന പാരമ്പര്യവും പൂര്‍വസ്ഥിതിയിലാക്കാനും ഏറ്റെടുത്ത് നടത്താനും ഒരാളായല്ലോ എന്നവര്‍ സമാശ്വസിച്ചു. പതുക്കെ ക്ഷയിച്ചുവരുന്ന തങ്ങളുടെ പ്രഭാവം തിരിച്ചുകൊണ്ടുവരാന്‍ മുഹമ്മദിന് സാധിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമേതുമില്ല. അല്‍അമീന്‍ എന്ന പ്രശംസാ നാമം എപ്പോഴും മക്കക്കാരുടെ മനസ്സിൽ നിറഞ്ഞു നിന്നു, ചുണ്ടുകളില്‍ തത്തിക്കളിച്ചു, കാതുകളിൽ മുഴങ്ങി.

ഇതുകൊണ്ടായിരിക്കാം, ബന്ധുക്കളില്‍ നിന്നെല്ലാം അകന്നുകഴിഞ്ഞിരുന്ന അബൂലഹബ്, സഹോദരപുത്രനെ സന്ദര്‍ശിക്കാനും, തന്റെ മക്കളായ ഉത്ബക്കും ഉതൈബക്കും ഭാര്യമാരായി റുകയ്യയെയും ഉമ്മുകുല്‍സൂമിനെയും നല്‍കാന്‍ സന്നദ്ധനാണോ എന്നന്വേഷിക്കാനും മനസ്സ് കാണിച്ചത്.

ബന്ധങ്ങൾ ബലിഷ്ഠമാക്കുന്ന കാര്യത്തിൽ തല്പരനായിരുന്ന മുഹമ്മദിനത് സമ്മതമായിരുന്നു. ഖദീജക്ക് അബ്ദുൽ ഉസ്സയുടെയോ മക്കളുടെയോ കാര്യത്തിൽ എതിരഭിപ്രായമൊന്നുമുണ്ടായിരുന്നില്ല, പക്ഷേ, അവരുടെ ഉമ്മയായ ഉമ്മു ജമീലിന്റെ ക്ഷിപ്രകോപത്തെയും ദുഷിച്ച നാവിനെയും അവർ വല്ലാതെ ഭയപ്പെട്ടു. ഭർത്താവിനെയും മക്കളെയും വരച്ച വരയിൽ നിർത്തുന്ന ആ സ്ത്രീ വികാരവിക്ഷുബ്ധയായി തന്റെ പൊന്നോമനകളെ ഉപദ്രവിച്ചേക്കുമോ എന്നവർ ഉള്ളാലെ ഭയന്നു.

ഏതാണ്ടിതേ കാലത്താണ് ഉമ്മുഅയ്മൻ മുഹമ്മദിന്റെ കുടുംബാംഗമായി വീണ്ടുമെത്തുന്നത്. വിധവയായതോ വിവാഹത്തിൽ നിന്ന് ഇറങ്ങിപ്പോന്നതോ ഇറക്കിവിട്ടതോ ആകാം, മരുത്തലത്തിൽ പടർന്ന പനിനീരലരിന്റെ പരിമളം അതിന്റെ ആദ്യനിമിഷം മുതൽ ഹൃദയത്തിലേറ്റിയ ഉമ്മുഅയ്മന് ആരും പറഞ്ഞുകൊടുക്കാതെതന്നെ അറിയാമായിരുന്നു താൻ മടങ്ങിച്ചെല്ലേണ്ടത് എങ്ങോട്ടാണെന്ന്.

ആരബ്‌ധജീവിതത്തിന്റെ ബോധത്തിലേക്ക് കൺതുറന്ന നിമിഷം തൊട്ടുള്ള മുഹമ്മദിന്റെ ഓർമ്മയിൽ ഉമ്മുഅയ്മനുണ്ട്, അവരുടെ പേലവമായ കൈത്തലങ്ങളുണ്ട്, ഉമ്മവെച്ചുറക്കിയ മൃദുലമായ അധരങ്ങളുണ്ട്, ശ്രദ്ധ തെറ്റാത്ത കണ്ണുകളുണ്ട്. ചുറ്റുനിന്നും വളഞ്ഞിട്ടുപിടിച്ച കൂരിരുളിൽ തപ്പിത്തടഞ്ഞ് വീണുപോകാതെ നോക്കാൻ എരിഞ്ഞ ആ കൈവിളക്ക് പ്രജ്ഞയുടെ അരികുമൂലകളിലെല്ലാമുണ്ട്.

അല്ലാഹുവേ, നിർത്താതെ പെയ്യുന്ന മഴയാകുന്നു നിന്റെ കാരുണ്യം. അന്നത്തെ അനാഥയ്ക്കുമേല്‍ ഇന്ന് അകാശത്തു നിന്ന് അനുഗ്രഹം തോരാതെ പെയ്തിറങ്ങുന്നു. അന്തസ്സിന്റെ ആൾരൂപമായ മുഹമ്മദ് പലപ്പോഴും അവരെ ‘ഉമ്മാ’ എന്നു വിളിച്ചു. സ്‌നേഹവും കൃതജ്ഞതയും കരുണയും നിറഞ്ഞ സ്വരത്തില്‍ പിന്നീടൊരിക്കൽ പ്രവാചകൻ പറഞ്ഞു, ”അവര്‍ എന്റെ ബാക്കിയാണ്.” പൂനിലാക്കതിരുകൾ വിളഞ്ഞാടിയ ചേതോഹരമായ ഒരു ബന്ധത്തിന്റെ നിറപൂർണിമ.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത് ചരിത്രരേഖയല്ല.)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.