ചരിത്രാസ്വാദനം
സെയ്‌ദ്
വിവാഹ ദിവസം മുഹമ്മദ് തന്റെ വിശ്വസ്തയായ അടിയാത്തിപ്പെണ്ണ്, ബറകയെ സ്വതന്ത്രയാക്കി. പിതൃസ്വത്തായി അദ്ദേഹത്തിനു ലഭിച്ചതായിരുന്നു ബറകയെ. അതേദിവസം ഖദീജ, മുഹമ്മദിന് ഒരു സമ്മാനം നല്‍കി; പതിനഞ്ചു വയസ്സുള്ള അവരുടെ അടിമ സെയ്‌ദിനെ.
ബറകയെ പിന്നീടവര്‍ യഥ്‌രിബുകാരനായ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തു. ആ വിവാഹത്തിലാണ് അവർക്ക് അയ്‌മൻ പിറന്നത്. ഇപ്പോള്‍ അവര്‍ അയ്‌മന്റെ ഉമ്മയാണ്; ഉമ്മുഅയ്‌മൻ.
ഖദീജയുടെ സഹോദരന്‍ ഹുസാമിന്റെ പുത്രന്‍ ഹകീം ഉക്കാദ് ചന്തയില്‍ നിന്നു വാങ്ങിയ അടിമകളിലൊരാളാണ് സെയ്‌ദ്. ആയിട ഹകീം അമ്മായിയെ സന്ദര്‍ശിച്ചപ്പോള്‍ താന്‍ വാങ്ങിയ അടിമകളുടെ ഗുണഗണങ്ങളെക്കുറിച്ച് വാചാലനായി, ”അതുകൊണ്ട്, എന്റെ കൂടെ വീട്ടില്‍ വന്ന് അടിമകളിലൊന്നിനെ അമ്മായി സ്വീകരിക്കണം.”, അയാള്‍ നിര്‍ബന്ധം പിടിച്ചു. ഖദീജ തെരഞ്ഞെടുത്തത് സെയ്‌ദിനെയായിരുന്നു; സെയ്‌ദ് ബിന്‍ ഹാരിസയെ.
സെയ്‌ദിന് തന്റെ പിതൃപരമ്പരയില്‍ അതിരറ്റ അഭിമാനമുണ്ട്. പിതാവ് ഹാരിസ, ശാം ദേശം മുതല്‍ ഇറാക് വരെ പരന്നുകിടക്കുന്ന സമതലത്തിന്റെ ആധിപത്യം വാണ കെല്‍ബ് ഗോത്രത്തിലെ പ്രമുഖാംഗമാണ്. ഉത്തര ദേശത്തെ ഒട്ടും ചെറുതല്ലാത്ത ത്വയ്യ് ഗോത്രക്കാരിയാണ് മാതാവ്. അനിതരസാധാരണമായ ധീരതയും അതിരറ്റ ഉദാരതയും കൊണ്ട് അറേബ്യയിലുടനീളം ഇതിഹാസം രചിച്ച പടയാളിയും കവിയുമായ ഹാത്തിമിന്റെ ഗോത്രമാണ് ത്വയ്യ്. ഹാതിം ത്വാഇയുടെ ഉദാരത പിന്നീട് ഉദാരതകൾക്കുദാഹരണമായി ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക് നാടോടിക്കഥകളായി പ്രചരിച്ചുകൊണ്ടിരുന്നു. ‘ഹാതിം ത്വാഇയെപ്പോലെ ഉദാരൻ’ എന്ന് വലിയ ദാനശീലരെ അവർ വിശേഷിപ്പിക്കുമായിരുന്നു.
ഒരിക്കല്‍, ബന്ധുക്കളെ സന്ദര്‍ശിക്കാനായി പുറപ്പെട്ടതായിരുന്നു ബാലനായ സെയ്ദും മാതാവും. ഇടക്ക് അവര്‍ താമസിച്ച ഗ്രാമത്തില്‍ അന്ന് രാത്രി കയ്ന്‍ ഗോത്രക്കാരായ ചിലര്‍ മിന്നലാക്രമണം നടത്തുകയും മകനെ പിടിച്ചെടുക്കുകയും ചന്തയില്‍ കൊണ്ടുപോയി അടിമയായി വില്‍പ്പന നടത്തുകയും ചെയ്തു. മകനെ നഷ്ടമായ പിതാവ് ഹാരിസ, കദനം കിനിയുന്ന കവിതകളിലൂടെ നിത്യവ്യഥയുടെ കനലൂതി ജ്വലിപ്പിച്ച് തന്റെ ഓമനക്കായി തിരച്ചില്‍ നടത്താത്ത ഇടങ്ങളില്ല.
“സെയ്‌ദിനെയോർത്ത് കരയുന്നു ഞാൻ
അവനെവിടെപ്പോയെന്നറിവില്ലല്ലോ,
ജീവനോടെയുണ്ടോ, മരണം പിടികൂടിയോ,
എനിക്കറിവില്ലെന്റെ കുട്ടീ, നിന്നെ
സമതലം വിഴുങ്ങിയോ, അതോ മലനിരയോ?
ഇനിയൊരു മടക്കമുണ്ടോ കാലമേ,
ഉണ്ടെങ്കിലെൻ മകനേ, നിന്റെ മടക്കം മാത്രം മതിയാനന്ദലബ്‌ധിക്കായെനിക്ക്.”
അവസാനിക്കാത്ത അലച്ചിലുകൾ, വിഫലമായ തിരച്ചിലുകൾ… സെയ്‌ദിനാകട്ടെ കെല്‍ബ് ഗോത്രക്കാരനായ ഒരു വഴിപോക്കനെപ്പോലും അതിനിടെ കണ്ടു കിട്ടിയതുമില്ല, തന്റെ വിവരങ്ങള്‍ പിതാവിനെ അറിയിക്കാനുമായില്ല. അതേസമയം, വരാനിരിക്കുന്ന ഏതോ നല്ല കാലത്തിന്റെ വരവറിയിച്ചുകൊണ്ട് സന്ധ്യാകാശക്കോണിലൊരു നക്ഷത്രം അവനു നേരെ കണ്ണിറുക്കിക്കാണിച്ചു.
കഅ്ബ അറേബ്യയുടെ ദൂരദിക്കുകളില്‍ നിന്ന് തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു. തീര്‍ത്ഥാടനകാലം മക്കയിലെ തെരുവിന്റെ ഇടുക്കവും ജനങ്ങളുടെ പെരുക്കവും വര്‍ധിപ്പിച്ചു. അക്കൊല്ലത്തെ തീര്‍ത്ഥാടന കാലവും വന്നെത്തി. മുഹമ്മദിന്റെ ഉടസ്ഥതയിലായിട്ട് മാസങ്ങളായിക്കാണും, ആണും പെണ്ണുമായി നിരവധി കെല്‍ബു ഗോത്രക്കാരായ തീര്‍ത്ഥാടകരെ മക്കയിലെ തെരുവുകളില്‍ സെയ്‌ദ് കണ്ടുമുട്ടി.
“സെയ്‌ദ്…” പിന്നിൽ നിന്ന് വിളികേട്ട് സെയ്‌ദ് തിരിഞ്ഞു നോക്കി.
“കുട്ടീ, അവിടെ നിൽക്കൂ. നീ സെയ്‌ദ് അല്ലേ; ഹാരിസയുടെ മകൻ സെയ്‌ദ്?” – അവനെ തിരിച്ചറിഞ്ഞ ഒരു കെൽബി ചോദിച്ചു.
“അതെ.” – അവൻ മറച്ചുവെച്ചില്ല.
“കുട്ടീ, നിനക്കറിയുമോ, നിന്റെ പിതാവ് പുത്രനെ നഷ്ടമായ വേദനയിൽ മനമുരുകി മരുഭൂമി ചുറ്റുകയാണ്. നീ ഞങ്ങളോടൊപ്പം വരൂ.”
കണ്ടുകിട്ടാതെ കടന്നുപോകുമെന്ന് കരുതിയിരുന്ന പുനസ്സമാഗമത്തില്‍ അവര്‍ ആഹ്ളാദം പങ്കുവെച്ചു. തലേ വര്‍ഷമായിരുന്നു സെയ്‌ദ് അവരെ കണ്ടുമുട്ടിയിരുന്നതെങ്കില്‍ അവന്റെ വികാരങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാകുമായിരുന്നു. ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് അവനെത്ര കൊതിച്ചതാണ്! കൊതിച്ച പോലെ കൂടിക്കാഴ്ചക്ക് അവസരമുണ്ടായപ്പോഴോ, അതവനെ വല്ലാത്ത വിഷമവൃത്തത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്തു.
തന്റെ ഇപ്പോഴത്തെ സാമൂഹ്യസ്ഥിതിയെക്കുറിച്ച് ബന്ധുക്കളെ അജ്ഞരാക്കി നിര്‍ത്തുന്നതില്‍ ഒരു യുക്തിയും അവനു കാണാന്‍ കഴിഞ്ഞില്ല. പക്ഷേ, എന്തു സന്ദേശമാണവന് ബന്ധുക്കള്‍ക്ക് കൈമാറുവാനുള്ളത്!
സാരമെന്തായിരുന്നാലും മരുഭൂമിയുടെ സന്തതിയെന്ന നിലയില്‍ ഒരു കവിതയില്‍ കുറഞ്ഞ ഒന്നും ആ സന്ദര്‍ഭത്തിന് പാകമാവുകയില്ലെന്നവനറിയാം. തന്റെ മനസ്സ് മലര്‍ക്കെ തുറന്നുകൊണ്ട് അവര്‍ക്കു മുമ്പില്‍ അവൻ പാടി. പറഞ്ഞതിനേക്കാള്‍ പറയാത്തവയായിരുന്നു ആ വാക്കുകളുടെ ഗര്‍ഭത്തിലിരുന്നത്. അടിമയായുള്ള തന്റെ ജീവിതത്തെക്കുറിച്ച് യാതൊരു വേവലാതിയും സെയ്‌ദിനുണ്ടാകാതിരുന്നത് അവരില്‍ ചിലരെങ്കിലും ശ്രദ്ധിച്ചു. വിസ്മയത്തള്ളിച്ചയിൽ വിടര്‍ന്ന ബന്ധുക്കളുടെ കണ്ണുകളിലേക്ക് നോക്കി സെയ്‌ദ് പറഞ്ഞു, ”ഈ വരികള്‍ എന്റെ വീട്ടുകാരെ കേള്‍പ്പിക്കുക; അവരെനിക്കുവേണ്ടി തോരാതെ കണ്ണീര്‍ പൊഴിക്കുന്നുണ്ടെന്നെനിക്കറിയാം”,
പിന്നെയവന്‍ നീട്ടിപ്പാടി,
”ദൂരെ ദൂരെയാണിപ്പോൾ ഞാനെങ്കിലു-
മെന്‍ വാക്കുകള്‍ക്ക് ചെവിതരിക പ്രിയരേ.
പവിത്രമാം കഅ്ബാലയത്തിനു
ചാരെ വസിപ്പൂ ഞാന്‍,
ദുഃഖം കളയുക, കണ്ണീര്‍ തുടക്കുക.
എന്നെത്തേടി നാടു ചുറ്റുന്ന ഒട്ടകങ്ങളെ വെറുതെ വിടുക.
നാഥനവനു സ്തുതി, ഞാനിപ്പോള്‍
ഉത്തമമൊരു കുടുംബത്തിന്‍
ഇഷ്ടപാത്രം”
സെയ്‌ദിനെ കണ്ടുമുട്ടിയ സന്തോഷവാര്‍ത്തയുമായി ബന്ധുക്കള്‍ തിരിച്ചുപോയി. വിവരമറിഞ്ഞതും ഹാരിസ സഹോദരന്‍ കഅ്ബുമൊത്ത് മക്കയിലേക്ക് പുറപ്പെട്ടു. മുഹമ്മദ് അവരെ ആദരപൂര്‍വം സ്വീകരിച്ചു. കരുണ പെയ്യുന്ന അദ്ദേഹത്തിന്റെ മിഴികളില്‍ അവര്‍ പ്രതീക്ഷയുടെ കൊച്ചോളങ്ങള്‍ കണ്ടു. സെയ്‌ദിനെ തങ്ങളോടൊപ്പമയക്കണമെന്നവര്‍ അദ്ദേഹത്തോടപേക്ഷിച്ചു. മോചനദ്രവ്യമായി അദ്ദേഹം ആവശ്യപ്പെടുന്നത് അവര്‍ നല്‍കും.
സെയ്‌ദിന്റെ ഹൃദയാലുവായ യജമാനന് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല.
”അവന് വേണ്ടത് തെരഞ്ഞെടുക്കാം.”,
മുഹമ്മദ് തുറന്ന സമ്മതം നല്‍കി. ”അവന് നിങ്ങളുടെ കൂടെ പോരാനാണ് താല്‍പര്യമെങ്കില്‍ ഒരു മോചനദ്രവ്യത്തിന്റെയും ആവശ്യമില്ല, നിങ്ങള്‍ക്കവനെ കൊണ്ടുപോകാം. ഇനി, എന്റെ കൂടെ നില്‍ക്കാനാണവൻ താല്‍പര്യപ്പെടുന്നതെങ്കില്‍ അവന്റെ ഇഷ്ടത്തിനു മീതെ എന്തെങ്കിലും സ്ഥാപിക്കാന്‍ ഞാനാളല്ല”. പിന്നീടദ്ദേഹം സെയ്‌ദിനെ വിളിച്ചുവരുത്തി.
“മോനേ സെയ്‌ദ്, നിനക്കിവരെ അറിയാമോ?”
നിശ്ശബ്ദം കടന്നുപോയ ഏതാനും നിമിഷങ്ങൾ… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും കണ്ണിൽ പടർന്ന നനവുമായി ഓടിച്ചെന്ന് സെയ്‌ദ് പിതാവിനെ ആലിംഗനം ചെയ്തു.
“ഇതെന്റെ ഉപ്പ”, അസന്ദിഗ്‌ധ സ്വരത്തില്‍ യുവാവ് പറഞ്ഞു, “ഇതെന്റെ എളാപ്പ.”
മനസ്സ് കുളിർത്ത ആലിംഗനത്തിന്റെ മറ്റൊരു തിരകൂടി.
മുഹമ്മദ് പുഞ്ചിരിച്ചു. എന്നെ നിനക്കറിയാമല്ലോ, ഞങ്ങള്‍ക്കിരുകൂട്ടര്‍ക്കുമിടയില്‍ ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം നിനക്കുണ്ട്. അവരുടെ കൂടെ പോകുന്നെങ്കില്‍ അങ്ങനെ, അതല്ല, എന്റെ കൂടെ നില്‍ക്കാനാണെങ്കില്‍ അങ്ങനെ. രണ്ടിൽ നിന്ന് വേണ്ടത് തെരഞ്ഞെടുക്കാം.
അരങ്ങേറാനിരിക്കുന്ന ഈ രംഗം സെയ്‌ദ് എന്നോ മനസ്സില്‍ സംവിധാനിച്ചു വെച്ചിരുന്നു. തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ നിമിഷങ്ങള്‍ക്കായി കരുതിവെച്ചിരുന്ന വാക്കുകള്‍ സമയംകളയാതെ അവന്‍ പുറത്തെടുത്തു,
”അങ്ങയെ വിട്ട് ഞാനെങ്ങോട്ടും പോകുന്നില്ല, അൽഅമീൻ. അങ്ങെനിക്ക് പിതൃതുല്യനും മാതൃതുല്യനുമാണ്.”
ദാർഢ്യം കൂടാരമുറപ്പിച്ച സെയ്‌ദിന്റെ മുഖത്ത് അവിശ്വാസത്തിന്റെ ദൃഷ്ടിയൂന്നി ഹാരിസ ചോദിച്ചു, ”എന്താണീ പറയുന്നത് സെയ്‌ദ്? സ്വാതന്ത്യത്തിനും സ്വന്തം പിതാവിനും പിതൃവ്യനും കൂട്ടുകുടുംബങ്ങള്‍ക്കും പകരം നീ അടിമത്തം തെരഞ്ഞെടുക്കുന്നോ?”
സ്വഭാവ വൈശിഷ്ട്യത്തിലൂടെ മുഹമ്മദ് തീര്‍ത്ത സ്‌നേഹത്തിന്റെ തെളിനീര്‍ തടാകം വിട്ട് മരുഭൂ ജീവിതത്തിന്റെ വിരസാവര്‍ത്തനങ്ങളിലേക്ക് മടങ്ങിപ്പോവുന്നില്ലെന്ന് അവന്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നുവല്ലോ.
സെയ്‌ദ് പറഞ്ഞു, ”അങ്ങനെയുമാവാം. കാരണം, ഈ മനുഷ്യനില്‍ നിന്ന് ഞാന്‍ തൊട്ടറിഞ്ഞത് കിടയറ്റ സ്വഭാവ മഹിമയാണ്, വിശുദ്ധിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒഴിവാക്കി മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ എനിക്കാവില്ല”.
ഉദ്ദിഷ്ട ലക്ഷ്യം കൈവരിക്കാനാവാതെ ഹാരിസയും സഹോദരനും തിരിച്ചു പോയി. എന്നാല്‍, അവര്‍ക്ക് തങ്ങളുടെ ഗോത്രക്കാരോട് പറയാനുണ്ടായിരുന്നത് മുമ്പെങ്ങും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിധം ഒരടിമയ്ക്കും അവന്റെ ഉടമയ്ക്കുമിടയില്‍ സ്വച്ഛന്ദമൊഴുകിയ സ്‌നേഹധാരയെക്കുറിച്ചായിരുന്നു. ആ ബന്ധത്തിന്റെ അന്യാദൃശമായ മരന്ദമധുരിമയെക്കുറിച്ചായിരുന്നു.
സെയ്‌ദ്, മുഹമ്മദിന്റെ ‘ദത്തുപുത്ര’നായി. അവന്‍ ഇപ്പോള്‍ ഒരടിമയല്ലെന്നും സ്വതന്ത്രനാണെന്നും വൈകാതെ തന്നെ ഹാരിസ മനസ്സിലാക്കി. ഈ പുതിയ ‘ഹാഷിമി’യുടെ ബലത്തില്‍ തനിക്ക് പലതും നേടാനുണ്ടെന്നയാള്‍ കണക്കുകൂട്ടി. അതില്‍ അതിശയത്തിനു വകയുമില്ല. മുഹമ്മദിന്റെ മകന്‍ എന്നാണല്ലോ മക്കക്കാര്‍ അവനെ വിളിച്ചിരുന്നത്. അതെ, സെയ്‌ദ് ബിന്‍ മുഹമ്മദ്.
(ഇത് ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണ്, ചരിത്രരേഖയല്ല.)
🤲